വിരൽത്തുമ്പിലാരോ : ഭാഗം 11

viralthumbil aro

രചന: ശിവാ എസ് നായർ

അടഞ്ഞുകിടന്ന ഗേറ്റിന്റെ ഓടാമ്പൽ നീക്കി ഒരു പാളി തുറന്ന് അകത്തേക്ക് കാലെടുത്തുവച്ച അർച്ചന, വീട്ടുമുറ്റത്ത് അമ്മയെ കണ്ടതും ഞെട്ടിത്തരിച്ചു. മുറ്റത്തെ ചെടികൾക്ക് വെള്ളം നനച്ചുകൊണ്ടിരിക്കുകയായിരുന്നു അനിത. ഉള്ളിലെ ഭയം മറച്ചുപിടിച്ചുക്കൊണ്ട് അർച്ചന അവരുടെയടുത്തേക്ക് നടന്നു. "അമ്മ ഇന്ന് നേരത്തെ വന്നോ.?" " ആഹ് ഇന്ന് കുറച്ചു നേരത്തെ വന്നു. നീയെന്താ ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്.? സ്വല്പം ഗൗരവത്തിൽ അനിത ചോദിച്ചു. "അമ്മ വിളിച്ച സമയം ഞാൻ ക്ലാസ്സിലായിരുന്നു. തിരിച്ചു വിളിച്ചപ്പോൾ സ്വിച്ച് ഓഫ് എന്നാ പറഞ്ഞത്. സമീറിക്കയുടെ കാളും കണ്ടിരുന്നു. ഇക്കാനെ തിരിച്ചു വിളിച്ചിട്ട് എടുത്തതുമില്ല. അമ്മ എന്തിനായിരുന്നു വിളിച്ചത്?" ഉള്ളിലെ പരിഭ്രമം മുഖത്ത് വരാതിരിക്കാൻ ശ്രമിച്ചുകൊണ്ടാണ് അർച്ചന അമ്മയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത്. "നിന്നോട് പ്രധാനപ്പെട്ടൊരു കാര്യം പറയാനാ സമീറിക്ക വിളിച്ചത്." "എന്ത് കാര്യം?" ആകാംക്ഷയോടെ അവൾ ചോദിച്ചു. "ഇക്കാടെ ഭാര്യയുടെ പെങ്ങൾ സുഹറയെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയെന്ന് പറഞ്ഞ് ഉച്ചയ്ക്ക് ഫോൺ വന്നു. എട്ടര മാസം ഗർഭിണിയായിരുന്നു.

കുളിക്കാൻ പോയപ്പോൾ കുളിമുറിയിൽ കാല് വഴുതി വീണു, വയറിടിച്ചാ വീണത്. ഉടനെ തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. വിവരം അറിഞ്ഞ ഉടനെ സമീറിക്ക എല്ലാരേം കൂട്ടി കോട്ടയത്തേക്ക് തിരിച്ചു. സമീറിക്ക സ്ഥലത്ത് ഇല്ലാത്തോണ്ട് ട്യൂഷൻ ക്ലാസ്സിലെ കാര്യം അവതാളത്തിൽ ആകാൻ പാടില്ലല്ലോ. കുട്ടികൾക്ക് എക്സാം വരികയല്ലേ.. അതോണ്ട് ഇക്ക വരും വരെ നിനക്ക് രാവിലെ നേരത്തെ ചെന്ന് ട്യൂഷൻ ക്ലാസ്സ്‌ തുറക്കാൻ പറ്റുമോന്ന് ചോദിക്കാനാ ഇക്ക വിളിച്ചത്. നീ ചെന്ന് തുറക്കുമെന്ന് ഇക്കയോട് ഞാൻ പറഞ്ഞു. ട്യൂഷൻ ക്ലാസ്സിന്റെ താക്കോൽ നിന്നെ ഏൽപ്പിക്കാൻ എന്റെ കൈയിൽ തന്നിട്ടാ ഇക്ക പോയത്. രാവിലെ നീ പോയി തുറന്നാൽ മതി. ഒൻപത് മണി ആകുമ്പോൾ ഓഫീസ് സ്റ്റാഫ് വരുമല്ലോ. വൈകിട്ട്, നിനക്ക് കോളേജ് വിടുമ്പോൾ ട്യൂഷൻ ക്ലാസ്സിൽ ചെന്ന് വൈകുന്നേരത്തെ ക്ലാസ്സ്‌ കഴിഞ്ഞ് കുട്ടികൾ പോയശേഷം ട്യൂഷൻ ക്ലാസ്സ്‌ പൂട്ടി ഇങ്ങ് പോന്നാ മതിയല്ലോ." "ഇത് പറയാനായിരുന്നോ ഇക്ക വിളിച്ചത്." അർച്ചന നിസ്സാരമട്ടിൽ ചോദിച്ചു. "അതേ... എന്താ നിനക്ക് പറ്റില്ലേ.? ആദ്യമായിട്ടാ ഇക്ക ഇങ്ങോട്ടൊരു കാര്യം ആവശ്യപ്പെടുന്നത്. അനിത അവളെ ദേഷ്യത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു. "എന്റെ അമ്മേ ഞാനതിന് പറ്റില്ല എന്നൊന്നും പറഞ്ഞില്ലല്ലോ. ഞാൻ പോയി തുറന്നുകൊള്ളാം. എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല."

നിറഞ്ഞ മനസ്സോടെ അർച്ചന പറഞ്ഞു. "ഇനി സമീറിക്കയും കുടുംബവും തിരിച്ചു വരുമ്പോൾ പോയാമതി എനിക്ക്. അവിടെ കാര്യമായ പ്രശ്നമൊന്നും ഇല്ലെങ്കിൽ വേഗം വരാമെന്ന് പറഞ്ഞാ പോയത്." "ഞാൻ കുറച്ചുകഴിഞ്ഞ് ഇക്കാനെ ഒന്നുകൂടി വിളിച്ചു നോക്കാം." "ആ കുറച്ചുകഴിഞ്ഞ് നീ ഒന്നുകൂടി വിളിച്ചു നോക്ക്. വന്ന കാലിൽ തന്നെ നിൽക്കാതെ പോയി മേല് കഴുകി ഡ്രസ്സ്‌ മാറ്റി വാ. ഞാൻ അപ്പോഴേക്കും ചായ ഇട്ട് വയ്ക്കാം." അനിത അവളോട്‌ പറഞ്ഞിട്ട് ചെടിക്ക് വെള്ളം നനച്ചുകൊണ്ടിരുന്നത് മതിയാക്കി അടുക്കളയിലേക്ക് പോയി. അനിതയുടെ പെരുമാറ്റത്തിൽ നിന്നും താൻ പേടിച്ചത് പോലെ അമ്മ ഒന്നും അറിഞ്ഞിട്ടില്ലെന്ന് അർച്ചനയ്ക്ക് മനസിലായി. ആശ്വാസത്തോടെ അവൾ തന്റെ മുറിയിലേക്ക് നടന്നു. ആ നിമിഷം ശ്രീഹരിയെ മുന്നിൽ കണ്ടാൽ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നി അർച്ചനയ്ക്ക്. നല്ലൊരു ദിവസമായിട്ട് ടെൻഷൻ അടിച്ച് അന്നത്തെ ദിവസത്തെ ശ്രീഹരിയുമൊത്തുള്ള നിമിഷങ്ങൾ മനസ്സ് നിറഞ്ഞ് ആസ്വദിക്കാൻ കഴിയാതെ പോയതിൽ അവൾക്ക് നിരാശ തോന്നി. മുറിയിലെത്തി കതകടച്ച് ബോൾട്ടിട്ട ശേഷം അർച്ചന ഫോൺ എടുത്ത് ശ്രീഹരിയുടെ നമ്പറിലേക്ക് വിളിച്ചു.

അവളുടെ കാളിനായി കാത്തിരുന്നത് പോലെ ശ്രീഹരി ഒറ്റ റിങ്ങിൽ തന്നെ കാൾ അറ്റൻഡ് ചെയ്തു. "ഹലോ ശ്രീയേട്ടാ.." "അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടോ അച്ചു?" ടെൻഷനോടെ ശ്രീഹരി ചോദിച്ചു. "ഇല്ല ശ്രീയേട്ടാ... ഇവിടെ കുഴപ്പമൊന്നുമില്ല. അമ്മ ഒന്നും അറിഞ്ഞിട്ടില്ല." "ഓഹ്... താങ്ക് ഗോഡ്.." ശ്രീഹരി ആശ്വാസത്തോടെ പറഞ്ഞു. "ശ്രീയേട്ടനും എന്നെപോലെ പേടിയുണ്ടായിരുന്നല്ലേ?" തെല്ലൊരു കുസൃതിയോടെ അർച്ചന ചോദിച്ചു. "നീ അങ്ങനെയൊക്കെ വിളിച്ചു ഓരോന്ന് പറഞ്ഞിട്ട് ഫോണും വച്ച് പോയതല്ലെ. ചെറിയൊരു ഉൾഭയം തോന്നിയിരുന്നു. ആട്ടെ സമീറിക്ക എന്തിനാ വിളിച്ചത്. അമ്മ എന്തെങ്കിലും പറഞ്ഞോ.?" ആകാംക്ഷയോടെ ശ്രീഹരി അവളോട്‌ ആരാഞ്ഞു. "സമീറിക്ക കുറച്ചു ദിവസത്തേക്ക് സ്ഥലത്ത് ഉണ്ടാവില്ല. ഇക്കാടെ പെങ്ങളെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കിയേക്കുവാ. ഇക്കയും ഫാമിലിയും കോട്ടയത്തേക്ക് പോയി." അർച്ചന അമ്മയിൽ നിന്നറിഞ്ഞ കാര്യങ്ങൾ അവനോട് പറഞ്ഞു. "ഹോ ഈ കാര്യം പറയാനായിരുന്നോ നിന്നെ അവര് വിളിച്ചത്. വെറുതെ മനുഷ്യനെ ഓരോന്ന് പറഞ്ഞു ടെൻഷനാക്കി. ഞാനപ്പോഴേ പറഞ്ഞതല്ലേ വേറെന്തെങ്കിലും കാര്യത്തിനാകും അമ്മയും ഇക്കയും വിളിച്ചിട്ടുണ്ടാവുക എന്ന്." "ശ്രീയേട്ടന് അങ്ങനെ പറയാം. വീടെത്തി കാര്യം അറിയുംവരെ ഞാൻ അനുഭവിച്ച പേടി എനിക്ക് മാത്രേ അറിയൂ."

"ഇനി അതൊന്നും ഓർത്ത് ടെൻഷൻ ആവണ്ട. ആരും ഒന്നും അറിഞ്ഞില്ലല്ലോ. അതുതന്നെ ഭാഗ്യം." ശ്രീഹരി ആശ്വാസത്തോടെ പറഞ്ഞു. "ഇപ്പോ എനിക്ക് കുറച്ചു ധൈര്യമൊക്കെ തോന്നുന്നുണ്ട്. ആവശ്യമില്ലാതെ ടെൻഷനടിച്ച് വെറുതെ നല്ലൊരു ദിവസം കുളമാക്കി." അർച്ചനയുടെ സ്വരത്തിൽ നിരാശ കലർന്നിരിന്നു. "ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. കഴിഞ്ഞത് കഴിഞ്ഞു." "ശ്രീയേട്ടൻ നാളെ നേരത്തെ വരോ ട്യൂഷൻ ക്ലാസ്സിൽ. എന്നും വരുന്നതിനേക്കാൾ കുറച്ചു നേരത്തെ വരാൻ പറ്റില്ലേ.?" "നേരത്തെ വന്നിട്ടെന്തിനാ? നിനക്കെന്നെ പേടിയല്ലേ.?" കുറ്റപ്പെടുത്തൽ പോലെ ശ്രീഹരി അവളോട്‌ പറഞ്ഞു. "ആരുപറഞ്ഞ് പേടിയാണെന്ന്?" അർച്ചന തെല്ലൊരു പരിഭവത്തോടെ ചോദിച്ചു. "ഇന്ന് ഞാൻ കണ്ടതാണല്ലോ.?" "അതുപിന്നെ ഞാൻ അമ്മയുടെയും സമീറിക്കയുടെയും കാൾ കണ്ട ടെൻഷനിൽ ആയോണ്ടല്ലേ. ശ്രീയേട്ടൻ നാളെ നേരത്തെ വന്നാൽ നമുക്ക് കുറച്ചു സമയം സംസാരിച്ചിരിക്കാം. സമീറിക്ക ഇല്ലാത്തോണ്ട് പേടിക്കേണ്ട ആവശ്യം ഇല്ലല്ലോ. വേറെ ആരെങ്കിലും വരുന്നത് വരെ മിണ്ടിയും പറഞ്ഞും ഇരിക്കാലോ." അർച്ചന പറഞ്ഞു. "ഞാൻ വരാം." ശ്രീഹരി നേരത്തെ വരാമെന്ന് സമ്മതിച്ചു. "എന്നാൽ ഞാൻ പോയി കുളിച്ച് എന്തെങ്കിലും കഴിക്കട്ടെ. അമ്മ ചായ ഇട്ട് വച്ചിട്ടുണ്ടാകും." "എങ്കിൽ ശരി നീ പോയി ഫ്രഷ് ആയി എന്തെങ്കിലും കഴിക്ക്." ശ്രീഹരി കാൾ കട്ട്‌ ചെയ്തു.

ചുണ്ടിലൂറിയ ചിരിയോടെ കുറച്ചു നിമിഷങ്ങൾ ഫോണിൽ തന്നെ നോക്കിനിന്ന ശേഷം അർച്ചന കുളിക്കാനായി ബാത്‌റൂമിലേക്ക് നടന്നു. ഷവറിൽ നിന്നും തണുത്ത ജലം ശരീരത്തിലൂടെ ഒലിച്ചിറങ്ങുമ്പോൾ അവളുടെ മനസ്സിൽ നിറഞ്ഞുനിന്നത് ശ്രീഹരി നൽകിയ നനുത്ത ചുംബനങ്ങളായിരുന്നു. അവളുടെ അധരങ്ങൾ അവന്റെ ചുംബനത്തിനായി ദാഹിച്ചു. അർച്ചനയുടെ മനസ്സ് ശ്രീഹരിയെ കാണാനായി തുടിച്ചുകൊണ്ടിരുന്നു. കുളി കഴിഞ്ഞ് വന്ന് അമ്മയെടുത്ത് വച്ച ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അർച്ചനയ്ക്ക് സമീറിക്കയുടെ കാൾ വന്നത്. അമ്മ പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് സമീറിക്കയും അവളോട്‌ പറഞ്ഞത്. അർച്ചന എല്ലാം തലകുലുക്കി സമ്മതിച്ചു. സമീറിക്ക വരുന്നത് വരെ ട്യൂഷൻ ക്ലാസിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ തനിക്കൊരു ബുദ്ധിമുട്ടും ഇല്ലെന്ന് അവൾ അറിയിച്ചു. ************* പിറ്റേന്ന് മുതൽ സ്ഥിരം പോകുന്ന സമയത്തിന് മുൻപ് അവൾ ട്യൂഷൻ ക്ലാസ്സിലേക്ക് തിരിച്ചു. ട്യൂഷൻ ക്ലാസ്സിൽ എത്തി ഓഫീസും ക്ലാസ്സ്‌ റൂമും ഒക്കെ തുറന്നിട്ട ശേഷം അവൾ ഓഫീസ് റൂമിൽ പോയി ഇരുന്നു. രാവിലെ വീട്ടിൽ നിന്നിറങ്ങിയപ്പോൾ അർച്ചന, ശ്രീഹരിയെ ഫോൺ വിളിച്ചു നോക്കിയെങ്കിലും അവൻ കാൾ എടുത്തിരുന്നില്ല.

ഓഫീസിൽ വന്നിരുന്ന ശേഷം അവൾ ഒന്നുകൂടി അവന്റെ നമ്പരിൽ വിളിച്ചു നോക്കിയെങ്കിലും ശ്രീഹരി കാൾ എടുത്തില്ല. അർച്ചനയ്ക്ക് തെല്ലൊരു നിരാശ തോന്നി. ശ്രീഹരി നേരത്തെ വരില്ലെന്ന് വിചാരിച്ച് വിഷമിച്ചിരിക്കുമ്പോഴാണ് താഴെ അവന്റെ ബൈക്ക് വന്ന് നിൽക്കുന്ന ശബ്ദം അർച്ചന കേട്ടത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ സ്റ്റെപ്പ് കയറി അവൾക്ക് നേരെ പുഞ്ചിരിച്ചുകൊണ്ട് നടന്നുവരുന്ന ശ്രീഹരിയെ, അർച്ചന മിഴികളെടുക്കാതെ നോക്കിനിന്നു. "ഞാൻ നേരത്തെ വരില്ലെന്ന് വിചാരിച്ചോ?" തെല്ലൊരു കുസൃതിയോടെ അവൻ ചോദിച്ചു. "വിളിച്ചിട്ട് ഫോൺ എടുക്കാത്തോണ്ട് ഞാൻ വിചാരിച്ചു നേരത്തെ വരില്ലെന്ന്." അവളുടെ സ്വരത്തിൽ പരിഭവം കലർന്നിരുന്നു. "നീ വിളിച്ചാൽ വരാതിരിക്കാൻ എനിക്ക് പറ്റോ. ഇങ്ങനെയൊക്കെയല്ലേ നിന്നെ തനിച്ച് കാണാനും സംസാരിക്കാനും പറ്റുള്ളൂ." "ഇന്നലെ കണ്ട് പിരിഞ്ഞ ശേഷം എനിക്ക് ശ്രീയേട്ടനെ കാണാതെയും സംസാരിക്കാതെയുമിരിക്കുമ്പോൾ ശ്വാസം മുട്ടുന്ന പോലെ തോന്നുവാ. എത്ര കണ്ടിട്ടും കൊതി തീരുന്നില്ല. ഈ നെഞ്ചിൽ പറ്റിച്ചേർന്ന് കിടക്കാൻ തോന്നും. ഇന്നലെ രാത്രി ഒരുപോള കണ്ണടയ്ക്കാൻ പറ്റിയില്ല." കൊച്ചുകുട്ടികളെ പോലെ കൊഞ്ചിക്കൊണ്ട് അർച്ചന പറഞ്ഞു.

പത്തൊൻപത് വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയുടെ പക്വതയില്ലാത്ത മനസ്സിൽ തോന്നുന്ന ചാപല്യങ്ങളാണ് അർച്ചനയിലും കണ്ടത്. ശ്രീഹരി അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തണച്ച് മൂർദ്ധാവിൽ ചുംബിച്ചു. "നിന്നെയിങ്ങനെ ചേർത്തുനിർത്താൻ ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് അച്ചു." അർച്ചന, തന്റെ ഇരുകൈകൾ കൊണ്ടും അവനെ ഇറുക്കെ പുണർന്നു. ശ്രീഹരിയുടെ കരങ്ങൾ അവളെ ചുറ്റിവരിഞ്ഞു. അവന്റെ അധരങ്ങൾ അവളുടെ മൂർദ്ധാവിൽ നിന്നും പതിയെ താഴേക്ക് സഞ്ചരിച്ചു. ഇരുമിഴികളും അടച്ച് അർച്ചന അവന്റെ ചുംബനങ്ങൾ ഏറ്റു വാങ്ങി. അവളുടെ അടഞ്ഞ മിഴികൾക്ക് മുകളിൽ ശ്രീഹരി അമർത്തി ചുംബിച്ചു. പിന്നെ ഇരുകവിളിൽ നിന്നും അവളുടെ അധരങ്ങളിലേക്ക് തന്റെ അധരങ്ങൾ സ്പർശിക്കുമ്പോൾ അവന്റെ മിഴികളും പാതിയടഞ്ഞു. ഒടുവിൽ തളർന്നവശയായി അവനിൽ നിന്നും ചുണ്ടുകൾ അടർത്തി മാറ്റി അർച്ചന ശ്രീഹരിയുടെ നെഞ്ചിലേക്ക് കൂടുതൽ പറ്റിച്ചേർന്നു. നാണത്താൽ കൂമ്പിയടഞ്ഞ അവളുടെ മിഴികളിൽ അവൻ ചുണ്ടുകൾ ചേർത്തു. ഇടതുകൈ കൊണ്ട് അർച്ചനയെ തന്നിലേക്ക് അണച്ച് പിടിച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് പാറിവീണ മുടിയിഴകളെ പിന്നിലേക്ക് ഒതുക്കിവച്ചുകൊണ്ട് ശ്രീഹരി അവളുടെ കാതോരം ചുണ്ടുകൾ ചേർത്തു. അവന്റെ ചൂട് നിശ്വാസം കാതിൽ പതിഞ്ഞപ്പോൾ അവൾക്ക് തന്റെ ശരീരം കുളിരുന്നതായി തോന്നി.

തലേ ദിവസം തനിക്ക് തോന്നിയ ഭയം ഇപ്പോൾ തീരെയില്ലെന്ന് അവളോർത്തു. പകരം തന്റെ മനസ്സ് മറ്റെന്തൊക്കെയോ ആഗ്രഹിക്കുന്ന പോലെ അർച്ചനയ്ക്ക് തോന്നി. പെരുവിരലിൽ ഊന്നി നിന്നുകൊണ്ട് ശ്രീഹരിയുടെ മുഖം കൈകുമ്പിളിൽ എടുത്ത്, അർച്ചന മതിവരുവോളം അവന്റെ മുഖമാകെ ചുംബനം കൊണ്ട് മൂടി. അവന്റെ വലതുകരം അവളുടെ മുഖമാകെ തഴുകി കഴുത്തിലൂടെ മെല്ലെ മെല്ലെ അവളുടെ മാറിടത്തിൽ സ്പർശിക്കുമ്പോൾ ശ്വാസം നിന്നുപോകുന്ന പോലെ അർച്ചനയ്ക്ക് തോന്നി. അവളിൽ നിന്നും യാതൊരു എതിർപ്പും ഉണ്ടാകാതിരുന്നത് കൊണ്ട് ശ്രീഹരിയുടെ വലതുകൈപ്പത്തി അവളുടെ മാറിടത്തിൽ കൂടുതൽ മുറുകി. നാണത്താൽ അവന്റെ മുഖത്തേക്ക് നോക്കാൻ കഴിയാതെ അർച്ചന ശ്രീഹരിയുടെ നെഞ്ചിൽ മുഖമൊളിപ്പിച്ചു. അവന്റെ കൈകളുടെ തലോടൽ തന്നിൽ സൃഷ്ടിക്കുന്ന പുതുവികാരം അവളെ അവനിൽ നിന്നും വേർപ്പെടാൻ അനുവദിച്ചില്ല. ഇരുവരും പരസ്പരം കെട്ടിപ്പുണർന്ന് മുഖത്തോട് മുഖം നോക്കി നിന്നു. പെട്ടെന്നാണ് മേശപ്പുറത്ത് വച്ചിരുന്ന അർച്ചനയുടെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങിയത്. ഇരുവരും ഒരുനിമിഷം ഞെട്ടലോടെ ഫോണിലേക്ക് നോക്കി.

ഡിസ്പ്ലേയിൽ സമീറിക്കയുടെ നമ്പർ കണ്ടതും അർച്ചന വേഗം ശ്രീഹരിയിൽ നിന്നും വിട്ടുമാറി ഫോൺ എടുത്ത് കാൾ അറ്റൻഡ് ചെയ്തു. "ഹലോ ഇക്കാ.." അർച്ചന ഫോൺ ചെവിയോട് ചേർത്തു. "ഹലോ അർച്ചന... മോളെ അവിടുത്തെ കാര്യങ്ങൾ ഓക്കേ അല്ലെ. മോൾക്ക്‌ ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ അല്ലെ." "ഇല്ല ഇക്കാ... എനിക്കൊരു ബുദ്ധിമുട്ടും ഇല്ല. ഞാൻ വന്ന് ഓഫീസും ക്ലാസ്സ്‌റൂമും ഒക്കെ തുറന്നിട്ടുണ്ട്. കുട്ടികളും ടീച്ചേഴ്‌സും വന്നുതുടങ്ങാൻ സമയം ആകുന്നല്ലേയുള്ളു. ഇക്ക ഇപ്പോൾ അവിടുത്തെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ഇവിടെ ഞാൻ കോളേജ് പോയാൽ പിന്നെ ഓഫീസ് സ്റ്റാഫ്‌ ഉണ്ടാകുമല്ലോ. വൈകുന്നേരം ഞാൻ വന്ന് ട്യൂഷൻ ക്ലാസ്സ്‌ പൂട്ടിക്കൊള്ളാം." "എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഇക്കയെ വിളിക്കാൻ മടിക്കണ്ട കേട്ടോ. എക്സാം വരാറായത് കൊണ്ട് കുട്ടികൾക്ക് ലീവ് കൊടുത്ത് ട്യൂഷൻ ക്ലാസ്സ്‌ അടച്ചിട്ടാൽ ശരിയാകില്ലല്ലോ. അതാ പിന്നെ മോളോട് വന്ന് തുറക്കാൻ പറഞ്ഞത്." "അതൊന്നും സാരമില്ല ഇക്കാ. ഇക്കാടെ പെങ്ങൾക്ക് ഇപ്പോൾ എങ്ങനെയുണ്ട്." "മിക്കവാറും ഇന്ന് ഓപ്പറേഷൻ ഉണ്ടാകുമെന്ന് ഡോക്ടർ പറഞ്ഞു. അമ്മയെയും കുഞ്ഞിനെയും സുഖമായി കിട്ടിയാൽ മതിയെന്നെ ഉള്ളു. എന്തായാലും ഞങ്ങൾ വരാൻ രണ്ടാഴ്ചയെങ്കിലും കഴിയും." "അവിടുത്തെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞ് സമാധാനത്തോടെ വന്നാമതി ഇക്ക." "എന്നാ ശരി മോളെ... എന്തെങ്കിലും ആവശ്യം വന്നാൽ വിളിച്ചാൽ മതി." "ഓക്കേ ഇക്ക." സംഭാഷണം അവസാനിപ്പിച്ച് അവൾ കാൾ കട്ട്‌ ചെയ്ത് ശ്രീഹരിയെ ഒന്ന് നോക്കി. "ഇക്ക എന്ത് പറഞ്ഞു.?" ശ്രീഹരി ചോദിച്ചു.

"രണ്ടാഴ്ച കഴിയും ഇക്ക വരാൻ. അതുവരെ ഞാൻ വന്ന് തുറക്കേണ്ടി വരും." ഒരു കള്ളച്ചിരിയോടെ അർച്ചന അവനെ നോക്കി സമീറിക്ക ഇരിക്കാറുള്ള കസേരയിലേക്ക് ഇരുന്നു. കുട്ടികളും മറ്റ് അദ്ധ്യാപകരും വരാനുള്ള സമയായത് കൊണ്ട് ശ്രീഹരി മറ്റൊരു കസേരയിൽ ചെന്നിരുന്നു. എഴ് മണിയായപ്പോൾ ബെൽ അടിച്ചു. കുട്ടികൾ എല്ലാവരും ക്ലാസ്സിൽ കയറി അവരവരുടെ സീറ്റുകളിൽ ഇരിപ്പുറപ്പിച്ചു. അദ്ധ്യാപകർ ടെക്സ്റ്റ്‌ബുക്കും എടുത്തുകൊണ്ട് ക്ലാസുകളിലേക്ക് പോയി. അർച്ചനയെ ഒന്ന് നോക്കി കണ്ണുചിമ്മി കാണിച്ചുകൊണ്ട് ശ്രീഹരി പ്ലസ്‌ ടു ക്ലാസ്സിലേക്ക് നടന്നു. അർച്ചന എട്ടാം ക്ലാസ്സിലേക്കും പോയി. *************** കോളേജിൽ ചെല്ലുമ്പോൾ അർച്ചനയെയും കാത്ത് ക്ലാസിന് മുന്നിൽ തന്നെ നിത്യയുണ്ടായിരുന്നു. നിത്യയുടെ വീട്ടിൽ പ്രശ്നമായ ശേഷം കോളേജിൽ വച്ചോ പുറത്തുവച്ചോ നിത്യയും അനീഷും കണ്ടുമുട്ടുന്നതും സംസാരിക്കുന്നതും പരമാവധി ഒഴിവാക്കിയിരുന്നു. ദൂരെ മാറിനിന്ന് ഒരുനോക്ക് കണ്ടിട്ട് ഇരുവരും ക്ലാസ്സിലേക്ക് പോകും. ഇന്റർവെൽ സമയത്ത് അർച്ചനയുടെ ഫോണിൽ നിന്നും നിത്യ അനീഷിനെ വിളിച്ചു സംസാരിക്കും. അർച്ചന നടന്നുവരുന്നത് കണ്ടതും വിശേഷങ്ങളറിയാനായി നിത്യ അവളുടെ അടുത്തേക്ക് ഓടിച്ചെന്നു. "ഇന്നലെ സിനിമയ്ക്ക് പോയിട്ട് എന്തായി അച്ചു." ആകാംക്ഷയോടെ അവൾ ചോദിച്ചു. "പേടിച്ചപോലെ ഒന്നും സംഭവിച്ചില്ലടി. പോയി, സിനിമ കണ്ടു തിരിച്ചു വന്നു.

ആരും ഒന്നും അറിഞ്ഞില്ല." "ബർത്ത്ഡേ ഗിഫ്റ്റ് ആയിട്ട് നിന്റെ ശ്രീയേട്ടൻ എന്താ തന്നത്." നിത്യ അത് ചോദിക്കുമ്പോൾ അർച്ചനയുടെ കവിളുകൾ തുടുക്കുന്നതും മുഖത്ത് നാണം വരുന്നതും നിത്യ ശ്രദ്ധിച്ചു. "ഗിഫ്റ്റ് ഒന്നും വേണ്ടെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. ഗിഫ്റ്റ് ഒക്കെ തന്നിട്ട് അതെങ്ങാനും അമ്മ കണ്ടാൽ പിന്നെ അതുമതി ഓരോ സംശയം ഉണ്ടാകാൻ. പിന്നെ സിനിമ കാണിച്ചത് തന്നെ വലിയൊരു ഗിഫ്റ്റ് അല്ലെ. വേറെന്ത് വേണം." "ഉം... എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്." നിത്യ അവളുടെ കൈയിലൊരു നുള്ള് വച്ചുകൊടുത്തു. "എന്ത് മനസ്സിലായെന്ന്... ഒന്ന് പോടീ..." "എന്റെ അച്ചു എന്റെ മുന്നിൽ കണ്ണടച്ച് പാല് കുടിക്കാമെന്ന് നീ വിചാരിക്കണ്ട. നിന്റെ ഈ സ്റ്റേജ് ഒക്കെ കഴിഞ്ഞു വന്നതാ ഞാൻ." "നീ വിചാരിക്കുന്ന പോലൊന്നും ഇല്ലെടി." തിയേറ്ററിൽ വച്ച് ശ്രീഹരി കിസ്സ് ചെയ്തത് മാത്രം അർച്ചന അവളോട്‌ പറഞ്ഞു. രാവിലെ ട്യൂഷൻ ക്ലാസ്സിൽ വച്ച് നടന്നതൊന്നും നിത്യയോട്‌ പറയാൻ അവൾക്ക് തോന്നിയില്ല. തന്നെപ്പറ്റി നിത്യ മോശമായി ചിന്തിച്ചാലോ എന്നുകരുതി അർച്ചന അവളോട്‌ മറ്റൊന്നും പറഞ്ഞില്ല. "പ്രേമിക്കുന്നതും സിനിമയ്ക്ക് പോകുന്നതും അൽപ്പം സ്വല്പം റൊമാൻസും ഒക്കെ നമ്മുടെ ഈ പ്രായത്തിൽ തോന്നും.

പക്ഷേ എല്ലാ വികാരങ്ങൾക്കും ഒരു അതിർവരമ്പ് വേണം. നിനക്ക് ഒരു ജോലി ആകുന്നത് വരെ അമ്മ അറിയാതെ നോക്കണം. എനിക്ക് പറ്റിയത് പോലെ അബദ്ധം പറ്റാൻ ഇട വരരുത്. സൂക്ഷിച്ചും കണ്ടുമൊക്കെ പ്രേമിച്ചോ. നിങ്ങൾ ഒരുമിച്ച് ജീവിക്കുന്നത് കണ്ടാൽ മതി എനിക്ക്. പിന്നെ ഇതിന്റെ പേരിൽ ദിവാസ്വപ്നവും കണ്ടിരുന്ന് പഠിത്തത്തിൽ ഉഴപ്പരുത്." നിത്യ അവളെ ഉപദേശിച്ച് കൊണ്ടിരുന്നു. അർച്ചന എല്ലാം തലകുലുക്കി സമ്മതിച്ചു. അന്നത്തെ ദിവസം സെമിനാർ പ്രസന്റേഷനും മറ്റുമായി നല്ല തിരക്കായിരുന്നത് കൊണ്ട് അർച്ചനയ്ക്ക് മറ്റൊന്നിനെ പറ്റിയും ആലോചിക്കാനുള്ള സമയം കിട്ടിയിരുന്നില്ല. സെമിനാർ പ്രസന്റേഷനായിരുന്നത് കൊണ്ട് അന്നത്തെ ദിവസം മൂന്നു മണിയായപ്പോൾത്തന്നെ കോളേജ് വിട്ടു. നിത്യയോട്‌ യാത്ര പറഞ്ഞ ശേഷം അർച്ചന നേരെ ട്യൂഷൻ സെന്ററിലേക്ക് നടന്നു. ട്യൂഷൻ ക്ലാസ്സിലെത്തി ഓഫീസ് റൂമിൽ വന്നിരുന്നപ്പോഴാണ് രാവിലെ നടന്ന കാര്യങ്ങൾ അവളുടെ സ്മൃതിപഥത്തിലേക്ക് വന്നത്. ചുണ്ടിലൂറിയ ചെറുചിരിയോടെ അർച്ചന മേശപ്പുറത്തേക്ക് മുഖമമർത്തി മിഴികൾ അടച്ചിരുന്നു. ശ്രീഹരിയുടെ മുഖം കൂടുതൽ മിഴിവോടെ അവളുടെ മനസ്സിൽ നിറഞ്ഞുനിന്നു.

കുട്ടികളുടെ കലപില സംസാരമാണ് അവളെ ചിന്തകളിൽ നിന്നുണർത്തിയത്. ഈവെനിംഗ് ക്ലാസ്സ്‌ നാലുമണിക്ക് തുടങ്ങും. കുട്ടികൾ സ്കൂൾ വിട്ട് വന്നുതുടങ്ങിയിരുന്നു. ക്ലാസ്സ്‌ തുടങ്ങാൻ സമയമായപ്പോൾ അർച്ചന ടെക്സ്റ്റ്‌ ബുക്കുമെടുത്ത് ക്ലാസ്സിലേക്ക് നടന്നു. ************** രണ്ടാഴ്ച എന്ന് പറഞ്ഞിരുന്നെങ്കിലും സമീറിക്കയും കുടുംബവും കോട്ടയത്ത്‌ നിന്നും മടങ്ങിയെത്തിയപ്പോൾ മൂന്നാഴ്ചയോളം കഴിഞ്ഞിരുന്നു. മാസം തികയാതെയുള്ള പ്രസവമായത് കൊണ്ട് സമീറിന്റെ സഹോദരിയെയും കുഞ്ഞിനെയും രണ്ടാഴ്ച ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കിയ ശേഷമാണ് ഡിസ്ചാർജ് ചെയ്തത്. അമ്മയും കുഞ്ഞും സുഖമായി വീട്ടിലെത്തി അവരോടൊപ്പം ഒരാഴ്ച നിന്ന ശേഷമാണ് സമീർ തിരുവനന്തപുരത്തേക്ക് തിരിച്ചു വന്നത്. സമീറിക്ക തിരിച്ചുവരുന്നത് വരെ ട്യൂഷൻ സെന്റർ തുറക്കുന്നത് അടയ്ക്കുന്നതും അർച്ചന തന്നെയായിരുന്നു. ആ മൂന്നാഴ്ച്ചക്കാലം രാവിലെ നേരത്തെയുള്ള കണ്ടുമുട്ടൽ അർച്ചനയും ശ്രീഹരിയും തമ്മിലുള്ള ബന്ധം കൂടുതൽ അടുക്കാൻ കാരണമായി. ശ്രീഹരിയിൽ നിന്നുമൊരു മോചനം തനിക്കുണ്ടാവില്ലെന്ന് അർച്ചനയുടെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.

അവന്റെ സാമീപ്യം അവളുടെ മനസ്സ് ആഗ്രഹിച്ചുകൊണ്ടിരുന്നു. തിരിച്ചും അങ്ങനെ തന്നെയായിരുന്നു. അർച്ചനയെ കാണാനും അടുത്തിടപഴകാനും ശ്രീഹരിയും ആഗ്രഹിച്ചു. അതുകൊണ്ട് തന്നെ സമീറിക്ക തിരിച്ചെത്തുന്നത് വരെ ട്യൂഷൻ ക്ലാസ്സിൽ രാവിലെ നേരത്തെ വരുമായിരുന്നു ഇരുവരും. ആർക്കും സംശയത്തിനിട നൽകാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആദ്യകാലങ്ങളിൽ അർച്ചനയ്ക്ക് തോന്നിയിരുന്ന ഭയം പതിയെ ഇല്ലാതായിരുന്നു. നിത്യയോട്‌ അവൾ ഒന്നും തന്നെ പറഞ്ഞിരുന്നില്ല. പറയാൻ അവൾക്ക് തോന്നിയില്ല എന്നതായിരുന്നു വാസ്തവം. നിത്യയോട്‌ പോലും മനസ്സ് തുറന്ന് ഒന്നും സംസാരിക്കാൻ പാടില്ലെന്ന് അർച്ചന തീരുമാനിച്ചു. തങ്ങളുടെ ബന്ധത്തിൽ അൽപ്പം സ്വകാര്യതയാവാം എന്നവൾ ഉറപ്പിച്ചു. പതിയെ പതിയെ അർച്ചനയുടെയും ശ്രീഹരിയുടെയും ബന്ധം സെക്സ് ചാറ്റിലേക്കും വീഡിയോ കാളിലേക്കും വഴി മാറി......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story