വിരൽത്തുമ്പിലാരോ : ഭാഗം 23

viralthumbil aro

രചന: ശിവാ എസ് നായർ

"നിത്യ അന്വേഷിക്കുന്നെന്ന് ഞാൻ കള്ളം പറഞ്ഞതാ സുധിയേട്ടാ. നിങ്ങൾ തമ്മിൽ സംസാരിക്കുന്നതൊക്കെ ഞാൻ കേട്ടു. ശ്രീയേട്ടനെ പറഞ്ഞുവിട്ടേക്ക്. എന്റെ വയറ്റിൽ വളരുന്ന കുഞ്ഞുങ്ങളുടെ കാര്യം അയാളറിയണ്ട. പിടിച്ചുവാങ്ങിക്കാനുള്ളതല്ല സ്നേഹം. സുധിയേട്ടൻ അയാളോടിനി ഒന്നും പറയരുത്. അർച്ചനയുടെ ജീവിതത്തിലിനി ശ്രീഹരി എന്നൊരാൾ ഉണ്ടാവില്ല... ഇതെന്റെ അമ്മയാണെ സത്യം." അർച്ചനയുടെ ശബ്ദം പാറ പോലെ ഉറച്ചതായിരുന്നു. "അർച്ചനാ... ഞാൻ..." പറയാൻ വന്ന കാര്യം സുധീഷ് പകുതിക്ക് നിർത്തി. ഫോണിൽ സംസാരിച്ചുകൊണ്ട് ശ്രീഹരി അകത്തേക്ക് വരുന്നത് കണ്ടതും അർച്ചന, വെട്ടിത്തിരിഞ്ഞ് മുറിയിലേക്ക് പോയി. "വീട്ടിൽ നിന്ന് അമ്മയാ വിളിച്ചത്, സമയമിത്രയുമായില്ലേ എന്താ വരാത്തതെന്ന് ചോദിച്ചു വിളിച്ചതാ." ശ്രീഹരി അവന്റെയടുത്തേക്ക് വന്നു. "നിനക്ക് തിരക്കുണ്ടെങ്കിൽ നീ ഇറങ്ങിക്കോ, അനികുട്ടൻ വന്നാ ഞാനും അവനും ഇറങ്ങും. ഇവിടെ നിത്യയുണ്ടല്ലോ, ഇനി നമ്മുടെ ആവശ്യമില്ല."

"നീ നേരത്തെയെന്തോ എന്നോട് പറഞ്ഞല്ലോ." സുധീഷ് അവസാനം പറഞ്ഞ വാചകങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് ശ്രീഹരി അവനെ നോക്കി. "നമ്മൾ അർച്ചനയുടെ കാര്യമാ പറഞ്ഞുകൊണ്ടിരുന്നത്. നീ അവളോട്‌ കാണിച്ചത് ഏറ്റവും വലിയ ചതിയാണെന്നേ ഞാൻ പറയു. ആദ്യമേ ഒഴിവാക്കി പോയപ്പോൾ നിനക്ക് യഥാർത്ഥ കാരണം തന്നെ അവളെ ബോധിപ്പിക്കാമായിരുന്നു. എങ്കിൽ അവൾ വീണ്ടും നിന്റെ പിന്നാലെ വരില്ലായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല, നീ നിന്റെ ഇഷ്ടംപോലെ ചെയ്യ്." "എനിക്ക് എന്റേതായ തീരുമാനങ്ങൾ ഇല്ലേ സുധി. നീ ഇതൊരുമാതിരി ശത്രുക്കളോട് ബിഹേവ് ചെയ്യുന്നത് പോലെയാ എന്നോട് സംസാരിക്കുന്നത്. നീയായത് കൊണ്ട് എന്നെ തല്ലിയത് ഞാൻ ക്ഷമിക്കുന്നു." ഇടത് കവിൾത്തടം തടവികൊണ്ട് അവൻ സുധീഷിനെ രൂക്ഷമായി നോക്കി. "കർമ്മഫലം എന്നായാലും നിന്നെ തേടിയെത്തും ശ്രീ. ഞാനായി ഇനി ഒന്നും പറയുന്നില്ല..." സുധീഷ് ശ്രീഹരിയെ അവജ്ഞയോടെ നോക്കി. ശ്രീഹരി അത് കാണാത്ത മട്ടിൽ മറ്റെങ്ങോ നോട്ടം മാറ്റി. "എങ്കിൽ പിന്നെ ഞാനിറങ്ങുവാ, അർച്ചനയോടൊന്ന് പറഞ്ഞിട്ട് വരാം." ശ്രീഹരി അർച്ചനയുടെ മുറിയിലേക്ക് നടന്നു.

അവൻ ചെല്ലുമ്പോൾ തലയിണയിൽ മുഖം പൂഴ്ത്തി കട്ടിലിൽ കമഴ്ന്നുകിടക്കുകയായിരുന്നു അർച്ചന. നിത്യയും അരികിലുണ്ടായിരുന്നു. സുധീഷും ശ്രീഹരിയും തമ്മിലുള്ള സംസാരം അവളും കേട്ടിരുന്നു. പക്ഷേ അവനെ കണ്ടപ്പോൾ മുഖത്ത് ഭാവവ്യത്യാസമൊന്നും വരാതെതന്നെ നിത്യ അവനെ നോക്കി ചെറുതായൊന്ന് ചിരിച്ചു. "അർച്ചനാ..." ശ്രീഹരി മെല്ലെ വിളിച്ചു. കിട്ടുന്നകിടപ്പിൽ അവൾ മുഖമുയർത്തി അവനെയൊന്ന് നോക്കി. "സമയമൊത്തിരിയായില്ലേ ഞാൻ ഇറങ്ങുവാണ്, എന്തെങ്കിലും സഹായം വേണ്ടി വന്നാൽ വിളിക്കാൻ മടിക്കണ്ട." അവൻ അർച്ചനയോടും നിത്യയോടുമായി പറഞ്ഞു. "ശ്രീയേട്ടൻ പൊയ്ക്കോളൂ..." നേർത്തതെങ്കിലും ഉറച്ചതായിരുന്നു അവളുടെ സ്വരം. കുറച്ചുസമയം അവളെത്തന്നെ നോക്കിനിന്ന ശേഷം ശ്രീഹരി പിന്തിരിഞ്ഞു നടന്നു. സുധീഷിനോട് യാത്രപറഞ്ഞവൻ ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തുപോയി. ശ്രീഹരി പോയി കുറച്ചുകഴിഞ്ഞപ്പോൾ സാധനങ്ങളുമായി അനീഷ് എത്തിച്ചേർന്നു. "ശ്രീഹരി പോയോ.?" സാധനങ്ങൾ എടുത്ത് അകത്തേക്ക് വയ്ക്കുന്നതിനിടയിൽ അനീഷ് സുധീഷിനോട്‌ ചോദിച്ചു. "നീ വരുന്നതിന് കുറച്ചുമുൻപാണ് അവനിറങ്ങിയത്."

"ചേട്ടൻ അയാളോട് അർച്ചനയുടെ കാര്യം പറഞ്ഞോ?" "ഇല്ല... പക്ഷേ അവന്റെ മനസ്സിലെന്താണെന്ന് അറിയാൻ പറ്റി." സുധീഷ് നടന്ന കാര്യങ്ങളൊക്കെ അനീഷിനോട് പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അനീഷിന് തന്റെ ദേഷ്യം നിയന്ത്രിക്കാനായില്ല. "ഇത്രയൊക്കെ ചെയ്തുവച്ച ആ നാറിക്ക് ഒരടി മാത്രമേ കൊടുത്തുള്ളോ? അർച്ചനയ്ക്ക് അവനെ വേണ്ടെന്ന് പറഞ്ഞെങ്കിൽ നന്നായി. പക്ഷേ ഇവിടുന്ന് ഇറങ്ങിപോകും മുൻപ് അവനറിയണമായിരുന്നു അർച്ചനയുടെ അമ്മയുടെ മരണത്തിന്റെ പകുതി ഉത്തരവാദി അവനും കൂടിയാണെന്ന്. അവൾ പ്രെഗ്നന്റ് ആണെന്നും പറയണമായിരുന്നു. ഇനിയുള്ള ജീവിതത്തിൽ ഇതൊക്കെ ഓർത്ത് സമാധാനം കിട്ടാതെ ജീവിക്കണമായിരുന്നു ശ്രീഹരി. ചേട്ടനെന്താ ഒന്നും പറയാതിരുന്നത്." അനീഷ് കുറ്റപ്പെടുത്തുന്ന പോലെ സുധീഷിനെ നോക്കി. "ഞാനാ അനീഷേട്ടാ ഒന്നും അറിയിക്കേണ്ടെന്ന് പറഞ്ഞത്." അർച്ചനയുടെ ശബ്ദം കേട്ട് ഇരുവരും തിരിഞ്ഞുനോക്കി. അവൾ അവർക്കടുത്തായി വന്നിരുന്നു, കൂടെ നിത്യയും. "എന്റെ കൂടെ തെറ്റ് കൊണ്ടല്ലേ എല്ലാം സംഭവിച്ചത്.

എന്റെ അമ്മയുടെ മരണത്തിന് കാരണക്കാരിയായ എനിക്ക് ദൈവം തന്നതാണ് ഈ ശിക്ഷ. ഒന്നും ശ്രീയേട്ടനോട് പറയണ്ടെന്ന് വിലക്കിയത് ഞാനാണ്. എല്ലാം അറിഞ്ഞുകഴിയുമ്പോൾ സഹതാപം കൊണ്ടോ ഗതികേട് കൊണ്ടോ ഒരുപക്ഷേ എന്നെ വിവാഹം ചെയ്യാൻ ശ്രീയേട്ടൻ ഒരുക്കമായെന്ന് വരും. അങ്ങനെ ആരുടേയും സഹതാപം എനിക്കിനി വേണ്ട. ഞാൻ സ്നേഹിച്ചത് പോലെ ശ്രീയേട്ടൻ എന്നെയും സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ വിചാരിച്ചു. ആദ്യമേ എല്ലാം പറഞ്ഞവസാനിപ്പിച്ചു പോയപ്പോൾ ശ്രീയേട്ടനെ മനസ്സിൽ നിന്നും എല്ലാം പറിച്ചെറിഞ്ഞിരുന്നെങ്കിൽ എനിക്കിന്ന് എന്റെ അമ്മയെ നഷ്ടപ്പെടില്ലായിരുന്നു. അയാളെന്നെ വേണ്ടെന്ന് വച്ചതിനുള്ള യഥാർത്ഥ കാരണം ഇതായിരുന്നെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ പിന്നെയും നാണംകെട്ട് പിന്നാലെ പോകില്ലായിരുന്നു ഞാൻ." കിതപ്പടക്കി അർച്ചന പറഞ്ഞു. "കഴിഞ്ഞത് കഴിഞ്ഞു. ഇനി പഴയ കാര്യങ്ങളോർത്ത് സങ്കടപ്പെട്ടിരിക്കരുത്. അർച്ചനയുടെ ഏത് ആവശ്യത്തിനും ഞങ്ങളുണ്ട് കൂടെ.

എനിക്കും ഇവനും നീ സ്വന്തം സഹോദരിയെപ്പോലെ തന്നെയാ. നിന്നെ ഞങ്ങൾ തനിച്ചാക്കില്ല." സുധീഷാണ് അത് പറഞ്ഞത്. "അതേ അർച്ചന... നിന്റെ കൂടെ എന്തിനും ഏതിനും ഞങ്ങളുണ്ട്. പ്രായത്തിന്റെ എടുത്തുചാട്ടം കൊണ്ട് നിനക്ക് പറ്റിപ്പോയ ഒരു തെറ്റ്, അത് സാരമില്ല." അനീഷും സുധീഷിന്റെ വാക്കുകളെ ശരിവച്ചു. "എന്റെ മക്കളെ ആരുടെയും മുൻപിൽ കൈനീട്ടാതെ തന്നെ അന്തസ്സായി വളർത്താനുള്ള മാർഗം തെളിഞ്ഞിട്ടുണ്ട്. എനിക്ക് റെയിൽവേയിൽ ജോലി കിട്ടി. അടുത്ത ആഴ്ച ജോയിൻ ചെയ്യണം, ചെന്നൈയിലാണ്." "സത്യമാണോ...!" സുധീഷും അനീഷും ഒരേ സ്വരത്തിൽ ചോദിച്ചു. "അതേ... സംഗതി ശരിയാണ്. ഇന്നലെ ഹോസ്പിറ്റലിൽ വച്ചാണ് അർച്ചന എന്നോടിക്കാര്യം പറഞ്ഞത്. ഈ തിരക്കിനിടയിൽ ഞാൻ പറയാൻ വിട്ടുപോയതാ." നിറഞ്ഞ പുഞ്ചിരിയോടെ അർച്ചനയുടെ തന്നിലേക്ക് ചേർത്തുപിടിച്ച് നിത്യ പറഞ്ഞു. "നിനക്കിനി നല്ലത് മാത്രമേ വരൂ കുട്ടി, നിന്നെ നഷ്ടപ്പെടുത്തിയതോർത്ത് എന്നെങ്കിലും ശ്രീഹരിക്ക് കുറ്റബോധം തോന്നും."

സുധീഷ് അവളുടെ ശിരസ്സിൽ തലോടി. "ഇപ്പൊ തോന്നുന്നു ശ്രീഹരി ഒന്നുമറിയാത്തത് നന്നായി. അർച്ചനയുടെ തീരുമാനം തന്നെയാ ശരി. അവൻ പോയി ജീവിക്കട്ടെ. സത്യം എത്ര മൂടിവച്ചാലും എന്നെങ്കിലും അവനുമുന്നിൽ എല്ലാം തെളിയിക്കപ്പെടുന്ന ഒരു സമയം വരും. അന്നും ഈ തീരുമാനത്തിൽ തന്നെ അർച്ചന ഉറച്ചുനിൽക്കണം. നിനക്കിപ്പോ ഒരു ജോലിയായി, ആരെയും ആശ്രയിക്കാതെ മുന്നോട്ട് ജീവിക്കാൻ അതുമതി. എന്നും നിനക്ക് തുണയായി ഞങ്ങൾ മൂന്നുപേരുണ്ടാകും. ശ്രീഹരി തിരികെ വന്നാൽ എല്ലാം മറന്ന് സ്വീകരിക്കാൻ നിൽക്കരുത്. അത് മാത്രമേ എനിക്ക് പറയാനുള്ളു." അനീഷ് അവളോട്‌ പറഞ്ഞു. "ഇല്ല അനീഷേട്ടാ, എന്റെ തീരുമാനം ഇനിയൊരിക്കലും മാറില്ല." നിറഞ്ഞ മിഴികൾ തുടച്ചുകൊണ്ട് അർച്ചന അവനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു. "ഞങ്ങളെന്നാ മുറ്റത്ത്‌ കിടക്കുന്ന കസേരയൊക്കെ അടുക്കിവയ്ക്കട്ടെ." സുധീഷ് അനീഷിനെയും കൂട്ടി പുറത്തേക്ക് നടന്നു. ഹാളിൽ അർച്ചനയും നിത്യയും മാത്രമായി.

"നീയെന്നാ ചെന്നൈയ്ക്ക് പോകുന്നത്?" " എത്രയും നേരത്തെ പോകാൻ പറ്റുമോ അത്രയും നേരത്തെ ഞാൻ പോകും നിത്യ. ഇവിടുന്ന് ഒരു മാറ്റം എനിക്ക് അത്യാവശ്യമാണ്." "നിന്റെ മുഖം കണ്ടാലറിയാം ഉള്ളിൽ എത്രമാത്രം സങ്കടങ്ങൾ നീ അടക്കിപ്പിടിക്കുന്നുണ്ടെന്ന്." അലിവോടെ നിത്യ അവളെ നോക്കി. "വിഷമമില്ലാതിരിക്കോ നിത്യ... ഒക്കെ ആദ്യമേ അറിഞ്ഞിരുന്നെങ്കിൽ വെറുതെ കോമാളി വേഷം കെട്ടേണ്ടി വരില്ലായിരുന്നല്ലോ. എനിക്കൊരു ജോലി കിട്ടിയാലും ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാലോ എന്നാണ് ഞാൻ ചിന്തിച്ചത്. എനിക്ക് ജോലി കിട്ടിയെന്ന് അറിഞ്ഞാൽ ശ്രീയേട്ടന്റെ തീരുമാനം മാറുമെന്ന വിശ്വാസത്തിലായിരുന്നു ഞാൻ. ആ ഒരു വിശ്വാസത്തിലാണ് ഞാൻ ശ്രീയേട്ടനൊപ്പം അങ്ങനെയൊക്കെ... പക്ഷേ ശ്രീയേട്ടൻ എന്നെ ഒഴിവാക്കാനുള്ള കാരണമിതാണെന്ന് അറിഞ്ഞപ്പോൾ ഞാൻ തകർന്നുപോയി നിത്യ. അന്നേ എന്നെ ഒഴിവാക്കി വിട്ടപ്പോൾ എല്ലാം മനസ്സിൽ നിന്ന് എടുത്തുകളഞ്ഞിരുന്നെങ്കിൽ എനിക്കെന്റെ അമ്മയെ നഷ്ടപ്പെടില്ലായിരുന്നു.

ഇനിയതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം." കുറ്റബോധത്താൽ നീറിപ്പുകയുകയായിരുന്നു അർച്ചനയുടെ മനസ്സ്. "ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്ന് പറയുന്നത് ഇതുകൊണ്ടാ. എനിക്കും അനീഷേട്ടനും ആദ്യമേ തോന്നിയതാ ജോലി കിട്ടാത്തതൊന്നുമല്ല നിന്നെ ഒഴിവാക്കാൻ കാരണമെന്ന്, ഇപ്പൊ അത് സത്യമാണെന്ന് ബോധ്യപ്പെട്ടില്ലേ." "വിവേകപൂർവ്വം ചിന്തിക്കാതെ എടുത്തുചാടിയുള്ള എന്റെ പ്രവർത്തി തന്നെയാണ് എല്ലാത്തിനും കാരണം. സാരമില്ല നിത്യ... ഇതൊക്കെ എനിക്കിനി മുന്നോട്ട് ജീവിക്കാനുള്ള മനക്കരുത്ത് വർദ്ധിപ്പിക്കുകയേയുള്ളൂ." അർച്ചന എഴുന്നേറ്റ് തന്റെ മുറിയിലേക്ക് നടന്നു. ************** അർച്ചനയോടും നിത്യയോടും യാത്ര പറഞ്ഞ് സുധീഷും അനീഷും യാത്രയായി. ഇരുവരും ബൈക്കിൽ പോകുമ്പോഴാണ് ഒരു ആംബു-ലൻസ് സൈറൺ മുഴക്കികൊണ്ട് അവർക്കെതിരെ ചീറിപ്പാഞ്ഞു പോയത്. ഇരുവരും അത് ശ്രദ്ധിക്കുകയും ചെയ്തു.

കുറച്ചു മുന്നോട്ട് പോയപ്പോഴാണ് വഴിയിൽ ആളുകൾ കൂടി നിൽക്കുന്നത് അവർ കണ്ടത്. സുധീഷ് ബൈക്ക് സൈഡാക്കി നിർത്തി. കുറച്ചുമുൻപ് അവിടെയൊരു ആക്‌-സിഡന്റ് നടന്നതിന്റെ എല്ലാ ലക്ഷണവുമുണ്ടായിരുന്നു. റോഡിൽ തളം കെട്ടിയ ര-ക്തം... വഴിയുടെ ഒരരികിൽ തകർന്ന ബൈക്ക് ഒതുക്കി വച്ചിരിക്കുന്നത് സുധീഷ് കണ്ടു. "എടാ ഇത് ശ്രീഹരിയുടെ ബൈക്കാണ്.." അതുപറയുമ്പോൾ അവന്റെ സ്വരം വിറച്ചിരുന്നു. "ശരിയാ ചേട്ടാ... ഇത്... ഇത് ശ്രീഹരിയുടെ ബൈക്ക് തന്നെയാ." അനീഷ് ഒരു നടുക്കത്തോടെ പറഞ്ഞു. "സ്പോട്ടിൽ തന്നെ ആള് തീർ-ന്നൂന്നാ കണ്ടുനിന്നവരൊക്കെ പറയുന്നത്." ആരോ ബൈക്ക് കിടക്കുന്നയിടവും ആക്‌-സിഡന്റ് നടന്ന ഭാഗവും ചൂണ്ടികാണിച്ച് മറ്റാരോടോ പറയുന്നത് ഇരുവരും കേട്ടു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story