വിരൽത്തുമ്പിലാരോ : ഭാഗം 25

viralthumbil aro

രചന: ശിവാ എസ് നായർ

ശ്രീഹരിയെ റൂമിലേക്ക് മാറ്റിയ ശേഷം ദിവസവും സുധീഷ് അവനെ കാണാനായി ഹോസ്പിറ്റലിൽ പോകുമായിരുന്നു. അന്നും പതിവുപോലെ ശ്രീഹരിയെ കാണാനായി വന്നതായിരുന്നു സുധീഷ്. പക്ഷേ റൂമിലെത്തിയ സുധീഷ് അവിടെ ശ്രീഹരിക്കരികിലായി ഇരിക്കുന്നയാളെ കണ്ട് ഞെട്ടിപ്പോയി. "പാർവ്വതി..." അവന്റെ അധരങ്ങൾ അവളുടെ പേര് മന്ത്രിച്ചു. സുധീഷിന്റെ വീടിന്റെ കുറച്ച് അടുത്തായിട്ടാണ് പാർവ്വതിയുടെ വീട്. അവളെന്താ ശ്രീഹരിക്ക് അരികിലെന്ന് ചിന്തിക്കുകയായിരുന്നു സുധീഷ്. റൂമിലേക്ക് കയറി വന്ന സുധീഷിനെ കണ്ടതും ശ്രീഹരിക്കരികിലിരുന്ന പാർവ്വതി പെട്ടന്ന് എഴുന്നേറ്റ് മാറിനിന്നു. അവളുടെ കണ്ണുകൾ കരഞ്ഞുകലങ്ങിയിരുന്നു. "താനെന്താ ഇവിടെ...?" മനസ്സിൽ നുരഞ്ഞുപൊന്തിയ സംശയത്തോടെ സുധീഷ് ഇരുവരെയും നോക്കി. പാർവ്വതിയുടെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റം ഒന്നുമില്ലായിരുന്നെങ്കിലും ശ്രീഹരിയുടെ മുഖത്ത് തന്റെ കള്ളത്തരം വെളിവാക്കപ്പെട്ടത് പോലെയുണ്ടായിരുന്നു.

"ഹരിയേട്ടൻ സുധിയേട്ടനോടൊന്നും പറഞ്ഞിട്ടില്ലേ?" അവന്റെ ചോദ്യത്തിന് മറുചോദ്യമായിരുന്നു അവളുടെ മറുപടി. "എന്ത് പറഞ്ഞിട്ടില്ലേന്നാ??" സുധീഷ് അവളോട്‌ ചോദിച്ചു. "ഞാൻ വിചാരിച്ചു ഹരിയേട്ടൻ എല്ലാം പറഞ്ഞിട്ടുണ്ടാകുമെന്ന്. ഞങ്ങളുടെ വിവാഹം വീട്ടുകാർ പറഞ്ഞുറപ്പിച്ചതാ." "എപ്പോൾ ?... എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ... ഇവനും ഒരു വാക്ക് പോലും പറഞ്ഞില്ല." ശ്രീഹരിയെ കടുപ്പിച്ചൊന്ന് നോക്കികൊണ്ട് സുധീഷ് പറഞ്ഞു. "ഒരു മാസമാകും... ഹരിയേട്ടൻ ജോലിക്ക് കയറിയ ശേഷം നിശ്ചയവും വിവാഹവും നടത്താമെന്ന് വീട്ടുകാർ തമ്മിൽ വാക്കുറപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ആരോടും ഇക്കാര്യം പറഞ്ഞിട്ടില്ല. സുധിയേട്ടൻ ഹരിയേട്ടന്റെ ഫ്രണ്ടല്ലേ, അതുകൊണ്ട് ചേട്ടനോട് പറഞ്ഞിട്ടുണ്ടാകുമെന്ന് ഞാൻ കരുതി." "സാവകാശം നിന്നോട് കാര്യങ്ങൾ പറയാമെന്ന് വിചാരിച്ചിരിക്കയായിരുന്നു ഞാൻ." തെല്ലൊരു ഉൾഭയത്തോടെ ശ്രീഹരി സുധീഷിനെ നോക്കി. അർച്ചനയുടെ കാര്യമെന്തെങ്കിലും അവൻ പറഞ്ഞേക്കുമോ എന്നുള്ള ഭയമായിരുന്നു ശ്രീഹരിക്ക്. "കുറച്ചുസമയം താനൊന്ന് പുറത്ത് നിൽക്കുമോ. എനിക്കിവനോട് അൽപ്പം സംസാരിക്കാനുണ്ടായിരുന്നു."

സുധീഷ് അവളോട്‌ പറഞ്ഞു. ശ്രീഹരിയെ ഒന്ന് നോക്കിയ ശേഷം പാർവ്വതി പുറത്തേക്കിറങ്ങി നിന്നു. "ഇവളെ കെട്ടാൻ വേണ്ടി മനഃപൂർവ്വം നീയാ പാവത്തിനെ ഒഴിവാക്കിയതാണല്ലേ... ചതിയൻ." സുധീഷ് ദേഷ്യത്തോടെ ശ്രീഹരിയുടെ അടുത്തേക്ക് ചെന്ന് അവന്റെ ഇരുകവിളുകളും അമർത്തിപ്പിടിച്ചു. "എടാ നീ വിചാരിക്കുന്നത് പോലെയൊന്നുമല്ല കാര്യങ്ങൾ. ആദ്യം നീ ഞാൻ പറയുന്നതൊന്ന് കേൾക്ക്." ശ്രീഹരി അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. "കള്ളം പറയാനാണെങ്കിൽ നീ വായ തുറക്കാതിരിക്കുന്നതാണ് നല്ലത്." സുധീഷ് അവന്റെ മുഖത്ത് നിന്നും കൈയ്യെടുത്തു. "പണ്ട് ഞാൻ പഠിപ്പിച്ചിരുന്ന ട്യൂഷൻ ക്ലാസ്സിൽ ഉണ്ടായിരുന്ന കുട്ടിയാണ് പാർവ്വതി. അന്നുമുതൽക്കേ അവൾക്കെന്നോട് ഭയങ്കര പ്രേമമായിരുന്നു. പ്രായത്തിന്റെ തമാശയായിട്ടേ ഞാൻ അതിനെ കണ്ടിരുന്നുള്ളൂ. പക്ഷേ കുറച്ചുനാളുകൾക്ക് മുൻപാണ് പാർവ്വതിയുടെ അച്ഛൻ എന്റെ വീട്ടിലേക്ക് ഈ പ്രൊപ്പോസലുമായി വരുന്നത്. അമ്മയ്ക്കും അച്ഛനുമൊക്കെ ഇഷ്ടപ്പെട്ടു,

എനിക്ക് ജോലിയായ ശേഷം നിശ്ചയം നടത്തിയാൽ മതിയെന്ന് ഞാൻ പറഞ്ഞു. അല്ലാതെ നീ വിചാരിക്കും പോലെ ഇവൾക്ക് വേണ്ടി അർച്ചനയെ ഒഴിവാക്കിയതൊന്നുമല്ല ഞാൻ. അർച്ചനയോട് ബ്രേക്കപ്പ് പറയാനുള്ള കാരണം ഞാൻ അന്ന് പറഞ്ഞത് തന്നെയാ. പാർവ്വതിക്ക് അർച്ചനയുമായി എനിക്കുണ്ടായിരുന്ന റിലേഷനൊക്കെ അറിയാം. നീയായിട്ട് അന്ന് നടന്നതൊക്കെ പറഞ്ഞ് അവളെ എന്നിൽ നിന്നകറ്റി എന്റെ വീട്ടുകാരെ വിഷമിപ്പിക്കരുത്. എന്റെ അമ്മയ്ക്ക് അവളെ നല്ല ഇഷ്ടമാവുകയും ചെയ്തു." "പാർവ്വതിയുടെ അച്ഛൻ സർക്കാർ ഉദ്യോഗസ്ഥൻ, ചേട്ടൻ പോലീസിൽ. വേറെന്ത് വേണം ഇഷ്ടപ്പെടാൻ... അല്ലേ..?" സുധീഷ് പുച്ഛത്തോടെ അവനെ നോക്കി. "എടാ അങ്ങനെയല്ല...." "നീ കൂടുതൽ ന്യായീകരിക്കാൻ നിൽക്കണ്ട. ഇവളെ കല്യാണം കഴിക്കാനായിരുന്നു നിനക്ക് താല്പര്യമെങ്കിൽ അർച്ചനയോട് അത്തരത്തിൽ അടുത്തിടപഴകാൻ നീ നിൽക്കരുതായിരുന്നു ശ്രീ." "എടാ സുധി... അന്ന് അവിചാരിതമായി അങ്ങനെ സംഭവിച്ചുപോയതാണ്. അവളും അതൊക്കെ ആഗ്രഹിച്ചത് കൊണ്ടല്ലേ അങ്ങനെയൊക്കെ ഉണ്ടായത്. അർച്ചനയത് ആഗ്രഹിച്ചില്ലായിരുന്നെങ്കിൽ എതിർത്ത് പിന്മാറില്ലായിരുന്നോ?

അതുകൊണ്ട് അക്കാര്യത്തിൽ നീ എന്നെ മാത്രം കുറ്റക്കാരനാക്കാൻ നോക്കണ്ട." ശ്രീഹരി സ്വയം പ്രതിരോധം തീർത്തു. "പാർവ്വതിയോട് ഇതും പറഞ്ഞിരുന്നോ നീ?" സുധീഷിന്റെ സ്വരത്തിൽ പരിഹാസം കലർന്നിരുന്നു. "ഇതൊക്കെ അവളോട്‌ പറയാൻ പറ്റിയ കാര്യമാണോ? ഏത് പെണ്ണിനാ ഇതൊക്കെ കേട്ടാൽ സഹിക്കാൻ പറ്റുക? നീയിനി അവളോട്‌ ഇതൊന്നും പോയി പറഞ്ഞേക്കരുത്." ശ്രീഹരി ദയനീയ ഭാവത്തിൽ അവനെയൊന്ന് നോക്കി. "നിന്റെ ആഗ്രഹം പോലെ പണവും, കുടുംബമഹിമയുമുള്ള വീട്ടിൽ നിന്നും തന്നെ ബന്ധം കിട്ടിയല്ലോ. ഏതായാലും ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നുറപ്പാ. അത് അവൾക്ക് നിന്നോടുള്ള സമീപനം കണ്ടാൽ തന്നെ അറിയാം. എന്നാലും അർച്ചനയെ ഒഴിവാക്കാൻ നീ കണ്ടെത്തിയ കാരണങ്ങൾ കൊള്ളാം. അവളിതൊന്നും അറിയാത്തത് നന്നായി." "എടാ നീ എന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ, പക്ഷേ നീ സപ്പോർട്ട് ചെയ്യുന്നത് മുഴുവൻ അർച്ചനയെ ആണല്ലോ. അവളോട്‌ ഞാൻ തെറ്റ് ചെയ്തതായി എനിക്ക് തോന്നുന്നില്ല സുധി.

ഞാനൊരിക്കലും വിവാഹം കഴിക്കാമെന്നൊരു വാഗ്ദാനം അവൾക്ക് നൽകിയിട്ടില്ലായിരുന്നു." "ആ പെണ്ണ് നിന്നെ സ്നേഹിച്ചത് പോലെ വേറെയാരും നിന്നെ സ്നേഹിക്കില്ല ശ്രീ. അർച്ചനയുടെ പ്രണയം ഒരിക്കൽ നീ തിരിച്ചറിയും. അന്ന് പക്ഷേ അവൾ നിന്റെ കൂടെയുണ്ടാവണമെന്നില്ല. എന്തായാലും നിന്റെ പുതിയ ജീവിതത്തിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു." അവനോട് യാത്ര പോലും പറയാതെ സുധീഷ് എഴുന്നേറ്റ് പുറത്തേക്ക് നടന്നു. "സുധിയേട്ടൻ ഇത്ര പെട്ടന്ന് പോവാണോ?" പുറത്തേക്കിറങ്ങി വന്ന സുധീഷിനെ കണ്ടതും പാർവ്വതി ചോദിച്ചു. "ഞാൻ ജസ്റ്റ്‌ അവനെയൊന്ന് കാണാൻ വന്നതാ. നിങ്ങൾ സംസാരിച്ചിക്ക്, അവനെ കാണാനായി വന്നതല്ലേ താൻ. നിങ്ങൾക്കിടയിൽ ഞാനൊരു തടസ്സമാകുന്നില്ല." അത് പറഞ്ഞശേഷം അവളുടെ മറുപടിക്കായി കാത്തുനിൽക്കാതെ അവൻ അവിടെനിന്നും നടന്നുമറഞ്ഞു. കുറച്ചുസമയം സുധീഷ് പോയ വഴിയേ തന്നെ നോക്കിനിന്ന ശേഷം പാർവതി, ശ്രീഹരിക്കരികിലേക്ക് പോയി. ശ്രീഹരിയെ കാണാനായി പാർവ്വതി വന്നപ്പോൾ അവളെ അവന്റെയരികിൽ നിർത്തി കാന്റീനിലേക്ക് പോയിരിക്കുകയായിരുന്നു ശ്രീഹരിയുടെ അമ്മ ഗീത.

അതുകൊണ്ട് തന്നെ റൂമിൽ ശ്രീഹരിയും പാർവ്വതി തനിച്ചായിരുന്നു. "സുധിയേട്ടൻ എന്താ വന്നിട്ട് വേഗം പോയത്?" പാർവ്വതി ശ്രീഹരിയോട് ചോദിച്ചു. "നീയിവിടെ ഉള്ളതുകൊണ്ടാ അവൻ വേഗം പോയത്. പിന്നെ നമ്മുടെ കാര്യം അവനെ അറിയിക്കാതിരുന്നതിന്റെ പേരിൽ ചെറിയൊരു നീരസവും ഉണ്ടായിട്ടുണ്ട്." "പിണങ്ങിയാണോ പോയത്?" "ഏയ്‌ പിണങ്ങിയിട്ടൊന്നുമില്ല... ചെറിയൊരു പരിഭവം. അത് കുറച്ചുകഴിയുമ്പോൾ മാറും." "എനിക്ക് തോന്നി സുധിയേട്ടൻ ദേഷ്യത്തോടെയാണ് ഇവിടെനിന്ന് ഇറങ്ങിപ്പോയതെന്ന്." "അതൊന്നും സാരമില്ല, നിന്റെ ക്ലാസ്സൊക്കെ എങ്ങനെ പോകുന്നു..." അവൻ വിഷയം മാറ്റാൻ ശ്രമിച്ചു. ഡിഗ്രി അവസാനവർഷം പഠിക്കുകയാണ് പാർവ്വതി. ശ്രീഹരിയും പാർവ്വതി തമ്മിൽ ഏഴര വയസ്സോളം വ്യത്യാസമുണ്ടായിരുന്നു. "ഞാൻ കോളേജിൽ പോയിട്ട് തന്നെ ഒരാഴ്ചയാകുന്നു. ഹരിയേട്ടൻ ഇവിടിങ്ങനെ വയ്യാതെ കിടക്കുമ്പോൾ ക്ലാസ്സിൽ പോയിരുന്ന് പഠിക്കാൻ എനിക്കാവില്ല. ഹരിയേട്ടന് ആക്‌സി ഡന്റ് പറ്റിയെന്ന് അച്ഛൻ വന്ന് പറയുമ്പോൾ എന്റെ ശ്വാസം നിലച്ചുപോയത് പോലെയാ എനിക്ക് തോന്നിയത്.

അന്നുതന്നെ ഹരിയേട്ടനെ കാണണമെന്ന് നിർബന്ധം പിടിച്ചെങ്കിലും അച്ഛൻ ഒരുവിധത്തിലും സമ്മതിക്കുന്നുണ്ടായിരുന്നില്ല. റൂമിലേക്ക് മാറ്റിയിട്ട് എന്നോട് വന്ന് കണ്ടാമതിയെന്ന് പറഞ്ഞു. അതുകൂടി കേട്ടപ്പോൾ ഞാനാകെ തളർന്നുപോയി. ഹരിയേട്ടന്റെ ഈ കിടപ്പ് കാണുമ്പോൾ എനിക്ക് കരച്ചിൽ വരാ. സഹിക്കാൻ പറ്റണില്ല.." കൈയ്യിലിരുന്ന തൂവാല കൊണ്ട് മിഴികളൊപ്പി ഏങ്ങലോടെ അവൾ അവന്റെ വലതുകരം കവർന്നു. "കരയല്ലേ പാറു... ഇത്രയല്ലേ പറ്റിയുള്ളൂ എന്നുകരുതി ആശ്വസിക്കുകയാ ഞാൻ. എന്തോ ഭാഗ്യത്തിനാ ഞാനാ ലോറിക്കടിയിൽ പോകാതെ രക്ഷപ്പെട്ടത്. അന്ന് ലോറിക്കടിയിൽ തെറിച്ചുവീണ പയ്യൻ ഇന്നലെ മരിച്ചു. അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലോ..." "അങ്ങനെയൊന്നും പറയല്ലേ ഹരിയേട്ടാ.." പാർവ്വതി അവനെ പറഞ്ഞുമുഴുവനാക്കാൻ സമ്മതിക്കാതെ വായ പൊത്തി. പ്രണയത്തോടെ ശ്രീഹരി അവളുടെ കൈയിൽ ചുണ്ടുകൾ ചേർത്തു. പാർവ്വതിയുടെ മിഴികളൊന്ന് പിടഞ്ഞു. കാന്റീനിൽ പോയിരുന്ന ഗീത ഫ്ലാസ്കിൽ ചായയുമായി മടങ്ങിവന്നു. അവരോടും കുറച്ചുസമയം സംസാരിച്ചിരുന്ന ശേഷമാണ് പാർവ്വതി അവിടെ നിന്നും മടങ്ങിയത്. **************

തിരുവനന്തപുരം റെയിൽവേസ്റ്റേഷൻ. പ്ലാറ്റ്ഫോം മൂന്നിലേക്ക് ചെന്നൈയിലേക്കുള്ള ട്രെയിൻ വരുന്നതിന്റെ അനൗൺസ്‌മെന്റ് മുഴങ്ങികേൾക്കാൻ തുടങ്ങി. അർച്ചനയ്ക്കൊപ്പം ചെന്നൈയിലേക്കുള്ള യാത്രയിൽ അനീഷും കൂടെയുണ്ട്. സുധീഷും നിത്യയും അവരെ യാത്രയാക്കാൻ റെയിൽവേസ്റ്റേഷനിൽ വന്നിരുന്നു. അൽപ്പസമയത്തിനകം തന്നെ ചെന്നൈയിലേക്കുള്ള ട്രെയിൻ പ്ലാറ്റ്ഫോം നമ്പർ മൂന്നിലേക്ക് എത്തിച്ചേർന്നു. അനീഷും സുധീഷും കൂടി ലഗ്ഗേജൊക്കെ എടുത്ത് സീറ്റിനടിയിൽ കൊണ്ടുവച്ചു. "പോയിട്ട് വരാടി ഞാൻ..." നിത്യയെ കെട്ടിപ്പിടിച്ച് അർച്ചന യാത്ര ചോദിച്ചു. "എന്റെ അമ്മയ്ക്ക് സുഖമായാൽ നിന്റെ അടുത്തേക്ക് ഞാനും വരും. ഈ സമയത്ത് അന്യനാട്ടിൽ നിന്നെ ഒറ്റയ്ക്ക് വിടാൻ മനസ്സനുവദിക്കുന്നില്ല. എന്തെങ്കിലും വയ്യായ്ക വന്നാൽ കൂട്ടിന് ആരുമില്ലാതെ നീ കഷ്ടപ്പെടില്ലേ. പക്ഷേ നല്ലൊരു കാര്യത്തിനല്ലേ നീ പോകുന്നത്.. എത്രയും പെട്ടന്ന് തന്നെ ചെന്നൈയിൽ ഒരു ജോലി ശരിയാക്കിയിട്ട് ഞാനും വരും നിന്റെ അടുത്തേക്ക്.

നിന്നെ തനിച്ചാവാൻ ഞാൻ സമ്മതിക്കില്ല അച്ചു." "വരണം... ഞാൻ കാത്തിരിക്കും നിത്യ." നിറഞ്ഞ മിഴികൾ തുടച്ചുകൊണ്ട് അർച്ചന പറഞ്ഞു. "പോയിട്ട് വരാം സുധിയേട്ടാ..." സുധീഷിനെ നോക്കി അവൾ യാത്ര ചോദിച്ചു. "സന്തോഷത്തോടെ പോയിട്ട് വാ. ഇടയ്ക്കിടെ ഞങ്ങളങ്ങോട്ട് വരുന്നുണ്ട്. ആരുമില്ലെന്നുള്ള തോന്നലൊന്നും വേണ്ട കേട്ടോ." സുധീഷ് അവളുടെ നെറുകയിൽ വാത്സല്യത്തോടെ തലോടി. രണ്ടാളെയും നോക്കി നിറഞ്ഞ മിഴികളോടെ അർച്ചന ട്രെയിനുള്ളിലേക്ക് കയറി. നിത്യയോടും സുധീഷിനോടും യാത്ര പറഞ്ഞ് അനീഷും ട്രെയിനിൽ കയറി. ട്രെയിൻ പ്ലാറ്റ്ഫോമിൽ നിന്നും മെല്ലെ മെല്ലെ നീങ്ങിതുടങ്ങി. ************** മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിൽ ട്രെയിൻ, ചെന്നൈ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. അർച്ചനെയും കൂട്ടി അനീഷ് ട്രെയിനിൽ നിന്നിറങ്ങി. പ്ലാറ്റ്ഫോം ജനനിബിഡമായിരുന്നു. ആളുകൾക്കിടയിലൂടെ തിക്കിലും തിരക്കിലും പെട്ട് ഒരുവിധം അവർ പുറത്തെത്തി.

ഒരു ടാക്സി വിളിച്ച് അടുത്തുള്ള ഏതെങ്കിലും ഹോട്ടലിലേക്ക് പോകാൻ അനീഷ് നിർദ്ദേശം കൊടുത്തു. റെയിൽവേ സ്റ്റേഷനിൽ നിന്നും കുറച്ചുമാറി നല്ല വൃത്തിയുള്ള ഒരു ഹോട്ടലിലേക്കാണ് ടാക്സി ഡ്രൈവർ അവരെ കൊണ്ടുപോയത്. ഹോട്ടലിലേക്കുള്ള യാത്രയിലുടനീളം പുറം കാഴ്ചകളിൽ മുഴുകിയിരിക്കുകയാണ് അർച്ചന. വേദനിപ്പിക്കുന്ന ഓർമ്മകളെ മറവിക്ക് വിടാൻ അവൾ മനഃപൂർവം ശ്രമിച്ചുനോക്കി. ഉള്ളിലൊരു കനലായി ആളികത്തുന്ന അവയെ ഊതികെടുത്തുക അത്ര എളുപ്പമല്ലെന്ന് അവൾക്കറിയാമായിരുന്നു. എങ്കിലും ഈ ചെന്നൈ ജീവിതം തനിക്കൊരു ആശ്വാസം പകരുമെന്ന് അവൾക്കുറപ്പുണ്ടായിരുന്നു. അർച്ചനയുടെ അതിജീവനം അവിടെ തുടങ്ങുകയാണ്, ചെന്നൈ ജീവിതം തനിക്കായി കരുതിവച്ചിരിക്കുന്നത് എന്തെന്നറിയാതെ.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story