വിരൽത്തുമ്പിലാരോ : ഭാഗം 26

viralthumbil aro

രചന: ശിവാ എസ് നായർ

അർച്ചനയുടെ അതിജീവനം അവിടെ തുടങ്ങുകയാണ്, ചെന്നൈ ജീവിതം തനിക്കായി കരുതിവച്ചിരിക്കുന്നത് എന്തെന്നറിയാതെ... തിങ്കളാഴ്ച അനീഷിനൊപ്പമാണ് അർച്ചന ജോലിക്ക് ജോയിൻ ചെയ്യാനായി പോയത്. ആദ്യകാഴ്ചയിൽത്തന്നെ ഓഫീസും ചുറ്റുപാടുമൊക്കെ അവൾക്ക് ഇഷ്ടമായി. കൂടെ ജോലി ചെയ്യുന്നവരെയൊക്കെ പരിചയപ്പെട്ടു. ആരോടും ആവശ്യത്തിൽ കവിഞ്ഞൊരു അടുപ്പം ഉണ്ടാകാതിരിക്കാൻ അർച്ചന ശ്രദ്ധിച്ചു. ചെന്നൈയിൽ വർക്ക്‌ ചെയ്യുന്ന തന്റെ സുഹൃത്തിന്റെ സഹായത്തോടെ റെയിൽവേ സ്റ്റേഷന് കുറച്ച് അടുത്തായിട്ടായിരുന്നു അനീഷ് അവൾക്ക് താമസം ശരിയാക്കി കൊടുത്തത്. അർച്ചനയ്ക്ക് കൂട്ടിനായി മല്ലിയെന്ന് പേരുള്ള മധ്യവയസ്ക്കയായ ഒരു തമിഴ് സ്ത്രീയെയും അവൻ സുഹൃത്ത് വഴി ഏർപ്പാടാക്കിയിരുന്നു. താമസസ്ഥലത്ത് നിന്നും ഒരു ഇരുപത് മിനിറ്റ് നടക്കാനുള്ള ദൂരം മാത്രമേ സ്റ്റേഷനിലേക്ക് ഉണ്ടായിരുന്നുള്ളു. അത് അർച്ചനയ്ക്കൊരാശ്വാസമായി തോന്നി. സഹായത്തിനായി മല്ലിയുള്ളതുകൊണ്ട് അവൾക്ക് കാര്യമായ ബുദ്ധിമുട്ട് ഒന്നുംതന്നെ ഇല്ലായിരുന്നു.

ഭക്ഷണമുണ്ടാക്കലും വീട് വൃത്തിയാക്കലുമെല്ലാം മല്ലി വളരെ വൃത്തിയായി തന്നെ ചെയ്യുമായിരുന്നു. അർച്ചനയുടെ കാര്യങ്ങളെല്ലാം അവർ സന്തോഷത്തോടെ തന്നെ ചെയ്തുകൊടുത്തിരുന്നു. പുതിയ ജീവിത സാഹചര്യങ്ങളുമായി പതിയെ അവൾ പൊരുത്തപ്പെട്ട് തുടങ്ങി. അർച്ചനയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുത്ത ശേഷമാണ് അനീഷ് നാട്ടിലേക്ക് മടങ്ങിപ്പോയത്. ദിവസവും, അനീഷും നിത്യയും അവളെ വിളിച്ച് വിശേഷങ്ങൾ തിരക്കുമായിരുന്നു. അനീഷ് വിളിക്കുമ്പോൾ സുധീഷും അവളോട്‌ സംസാരിച്ചിരുന്നു. അവർക്ക് മൂന്നുപേർക്കും തന്നോടുള്ള സ്നേഹവും കരുതലും അർച്ചനയെ സന്തോഷപ്പെടുത്തിയിരുന്നു. അമ്മയുടെ മരണത്തോടെ ജീവിതത്തിൽ താൻ ഒറ്റയ്ക്കായിപ്പോയി എന്നൊരു ചിന്ത അവൾക്ക് തോന്നിയില്ല. ദിവസങ്ങളും മാസങ്ങളും കടന്നുപോയി... നീണ്ട നാളത്തെ ഹോസ്പിറ്റൽ വാസം കഴിഞ്ഞ് ശ്രീഹരി വീട്ടിൽ തിരിച്ചെത്തി. പിന്നെയുള്ള വിശ്രമം വീട്ടിൽ തന്നെയായിരുന്നു.

അവനിപ്പോൾ പരസഹായം കൂടാതെ നടക്കാനാകും. വൈകാതെത്തന്നെ ശ്രീഹരിയെ തേടി ആ സന്തോഷവാർത്തയുമെത്തി. സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് തസ്തികയിൽ നിയമനം ലഭിച്ചുകൊണ്ടുള്ള ഓർഡർ കൈയ്യിൽ കിട്ടിയതും ശ്രീഹരിക്ക് എന്തെന്നില്ലാത്ത ആനന്ദം തോന്നി. ജോലിക്ക് ജോയിൻ ചെയ്യുന്നതിന് മുൻപുതന്നെ ശ്രീഹരിയുടെയും പാർവ്വതിയുടെയും വീട്ടുകാർ ഒത്തുകൂടി അവരുടെ നിശ്ചയം നടത്തിവച്ചു. പാർവ്വതിയുടെ വീട്ടിൽ വച്ചുതന്നെ വീട്ടുകാരുടെ സാമീപ്യത്തിൽ ഇരുവരും മോതിര കൈമാറ്റം നടത്തി. ശ്രീഹരി ജോലിക്ക് ജോയിൻ ചെയ്തശേഷം നല്ലൊരു മുഹൂർത്തം നോക്കി വിവാഹത്തിനുള്ള ദിവസം കുറിക്കാമെന്നും തീരുമാനമായി. ************** പ്രെഗ്നൻസിയുടെ അഞ്ചാംമാസം വരെ അർച്ചനയ്ക്ക് ആരോഗ്യകാര്യങ്ങൾ വല്യ കുഴപ്പമില്ലാതെ പോയിരുന്നെങ്കിലും ആറാംമാസത്തിലേക്ക് കടന്നതും, അവൾക്ക് ശർദ്ധിയും നടുവേദനയും ഇടയ്ക്കിടെ വരാൻ തുടങ്ങി.

എങ്കിലും ക്ഷീണം മാറ്റിവച്ച് അവൾ ജോലിക്ക് പോക്ക് മുടക്കിയിരുന്നില്ല. ഒട്ടും വയ്യെന്ന് തോന്നുന്ന ദിവസങ്ങളിൽ മാത്രമേ അർച്ചന ലീവ് എടുത്തിരുന്നുള്ളു. കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകർ പലരും വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും ചോദിച്ച് അവളോട്‌ അടുക്കാൻ ശ്രമിച്ചെങ്കിലും അർച്ചന അവരിൽ നിന്നെല്ലാം ഒരകലം എപ്പോഴും സൂക്ഷിച്ചിരുന്നു. അവരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമെല്ലാമുള്ള മറുപടി അവൾ ഒരു പുഞ്ചിരിയിൽ ഒതുക്കി. അതുകൊണ്ട് തന്നെ അർച്ചനയെ ചുറ്റിപ്പറ്റി പല അഭ്യൂഹങ്ങളും ഓഫീസിൽ പരന്നു. ഭർത്താവ് മരിച്ചുപോയതായിരിക്കാം അല്ലെങ്കിൽ ഉപേക്ഷിച്ചതായിരിക്കാം എന്നൊക്കെ അവർ സ്വയം അനുമാനിച്ചു. അതുകൊണ്ടാവും തങ്ങളോട് ഒന്നും പറയാൻ അവൾ ആഗ്രഹിക്കാത്തതെന്ന് അവർ ചിന്തിച്ചു. സഹപ്രവർത്തകരിൽ പലരും പല നാട്ടിൽ നിന്നുള്ളവരായിരുന്നു. അതിൽ മലയാളിയായ ഒരു യുവാവുമുണ്ടായിരുന്നു, കിഷോർ. സദാസമയവും അവന്റെ ശ്രദ്ധ അർച്ചനയിൽ മാത്രമായിരുന്നു.

അവൾക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതായി അവന് തോന്നിയിരുന്നു. തരം കിട്ടുമ്പോഴൊക്കെ അർച്ചനയോട് അടുക്കാൻ അവൻ ശ്രമിച്ചുനോക്കിയെങ്കിലും അവളവനെ പാടെ അവഗണിച്ചു. ************* അർച്ചനയ്ക്കിപ്പോൾ എട്ടാം മാസമാണ്. ഇരട്ടക്കുട്ടികൾ ആയതുകൊണ്ട് തന്നെ അവൾക്ക് നല്ല വയറും ഉണ്ടായിരുന്നു, അതോടൊപ്പം തന്നെ ശാരീരിക അസ്വസ്ഥതകളും ഏറി വരുന്നുണ്ടായിരുന്നു. അന്നൊരു വ്യാഴാഴ്ച ദിവസമാണ്. പതിവുപോലെ ജോലി കഴിഞ്ഞ് ഇറങ്ങിയതായിരുന്നു അർച്ചന. നടക്കാൻ തീരെ വയ്യാത്ത ദിവസം മാത്രം അവൾ ഒരു ഓട്ടോ പിടിച്ച് താമസസ്ഥലത്തേക്ക് പോകും. അല്ലെങ്കിൽ എന്നും നടന്നു തന്നെയാണ് പോകുന്നത്. പതിവിന് വിപരീതമായി അന്ന് നല്ല മഴക്കാറുള്ള ദിവസമായിരുന്നു. വിജനമായ റോഡിൽ കൂടി മെല്ലെ നടക്കുകയാണ് അർച്ചന. ഒരു കൈകൊണ്ട് അവൾ വയറ് താങ്ങിയിട്ടുണ്ട്. കുറച്ചുദൂരം മുന്നോട്ട് നടന്നപ്പോഴാണ് അർച്ചനയ്ക്ക് തല ചുറ്റുന്നതായി തോന്നിയത്.

എവിടെയെങ്കിലും ഇരുന്നില്ലെങ്കിൽ താനിപ്പോ വീണുപോകുമെന്ന് അവൾക്ക് തോന്നി. തൊട്ടടുത്ത് കണ്ട ആളൊഴിഞ്ഞ ബസ് സ്റ്റോപ്പിലേക്ക് കയറി, അർച്ചന നിലത്തേക്കിരുന്നു. അപ്പോഴേക്കും അവളുടെ കണ്ണുകൾ അടഞ്ഞുപോയിരുന്നു. അതേസമയത്താണ് അതുവഴി മധ്യവയസ്ക്കയായ ഒരു സ്ത്രീ നടന്നുവന്നത്. ബസ് സ്റ്റോപ്പിൽ വീണുകിടക്കുന്ന അർച്ചനയെ കണ്ടതും അവർ അവൾക്കരിലേക്ക് ധൃതിയിൽ വന്നു. നിറവയറോടെ ഒരു പെൺകുട്ടി ആളൊഴിഞ്ഞ ബസ്സ്റ്റോപ്പിൽ ബോധമില്ലാതെ കിടക്കുന്നത് കണ്ടതും ആ മാതൃഹൃദയം നൊന്തു. അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ഒരു വണ്ടി കിട്ടുമോന്നറിയാനായി അവരുടെ കണ്ണുകൾ ചുറ്റിനും പരതി. അപ്പോഴാണ് ഒരു കാർ അതുവഴി വന്നത്. അതുകണ്ടതും അവർ റോഡിലേക്കിറങ്ങി അവന്റെ വണ്ടിക്ക് കൈകാണിച്ചു. അത് കിഷോറിന്റെ കാറായിരുന്നു. അവർക്കരികിലായി അവൻ വണ്ടി നിർത്തി. "എന്തുപറ്റി ആന്റി.." ഡോർ തുറന്ന് പുറത്തേക്കിറങ്ങിക്കൊണ്ട് അവൻ ചോദിച്ചു.

അപ്പോഴാണ് കിഷോർ വീണുകിടക്കുന്ന അർച്ചനയെ കാണുന്നത്. "മോനെ ഈ കുട്ടിയെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ സഹായിക്കോ. ഞാൻ ഇതുവഴി വരുമ്പോൾ ഇവിടെ ബോധമില്ലാതെ കിടക്കുകയായിരുന്നു." "ഈ കുട്ടി എന്റെ കൂടെ വർക്ക്‌ ചെയ്യുന്നതാ ആന്റി." കിഷോർ പറഞ്ഞു. അതുകേട്ടപ്പോൾ അവർക്ക് തെല്ലൊരു ആശ്വാസം തോന്നി. പിന്നെ സമയമൊട്ടും പാഴാക്കാതെത്തന്നെ കിഷോർ അവളെ തന്റെ കൈകളിൽ കോരിയെടുത്ത് കാറിന്റെ ബാക്ക് സീറ്റിലേക്ക് കിടത്തി. ആ സ്ത്രീയും കിഷോറിനൊപ്പം കാറിലേക്ക് കയറി. അവൻ ഹോസ്പിറ്റൽ ലക്ഷ്യമാക്കി കാർ പായിച്ചു. ************** അർച്ചന തന്റെ കണ്ണുകൾ മെല്ലെ തുറന്നു. തലചുറ്റൽ വന്നതും താൻ അടുത്തുകണ്ട ബസ്സ്റ്റോപ്പിലേക്ക് ഇരുന്നതും അവളുടെ ഓർമ്മയിൽ തെളിഞ്ഞുവന്നു. ഒരുനിമിഷം താനെവിടെയാണ് കിടക്കുന്നതെന്നറിയാതെ അർച്ചന ചുറ്റുമൊന്ന് പകച്ചുനോക്കി. ഹോസ്പിറ്റലിലാണെന്ന് അറിഞ്ഞതും അവൾക്കുള്ളിൽ നേരിയ ആശ്വാസം പടർന്നു.

"മോളുണർന്നോ... ഇപ്പൊ എങ്ങനെയുണ്ട്.?" അരികിൽ അപരിചിതമായൊരു സ്ത്രീ സ്വരം കേട്ടതും അർച്ചന തലചരിച്ച് നോക്കി. അവളെ നോക്കി ചുണ്ടിൽ ചെറുചിരിയോടെ ഇരിക്കുന്ന ആ സ്ത്രീയെ അപരിചിതഭാവത്തിൽ അർച്ചന നോക്കിക്കിടന്നു. "എന്റെ പേര് സുധാമണിയെന്നാ... ഞാൻ കാണുമ്പോൾ മോള് ആ ബസ് സ്റ്റോപ്പിൽ ഓർമ്മയില്ലാതെ കിടക്കുകയായിരുന്നു. മോളെ കൂടെ ജോലി ചെയ്യുന്ന ഒരു മോൻ അതുവഴി വന്നതുകൊണ്ട് പെട്ടന്ന് തന്നെ ഇവിടെയെത്തിക്കാൻ പറ്റി." അവർ നല്ല ശുദ്ധമായ മലയാളം പറയുന്നത് കേട്ടപ്പോൾ ആ സ്ത്രീ മലയാളിയാണെന്ന് അർച്ചനയ്ക്ക് മനസ്സിലായി. "ആന്റി മലയാളിയാണോ?" അവൾ മെല്ലെ ചോദിച്ചു. "അതേ... എന്റെ മകന്റെ കൂടെ ഇവിടെ അടുത്ത് തന്നെയാ താമസം. മോളിവിടെ റെയിൽവേയിലാണല്ലേ ജോലി ചെയ്യുന്നത്." "അതേ... എന്നെ ആരാ ഇവിടെ കൊണ്ടുവന്നേ?" "ഞാനാ അർച്ചനയെ ഇവിടെ കൊണ്ടുവന്നത്." അവളുടെ ചോദ്യം കേട്ടുകൊണ്ട് അങ്ങോട്ട്‌ വന്ന കിഷോർ പറഞ്ഞു.

"താങ്ക്സ്..." അവൾ ഒരു വരണ്ട പുഞ്ചിരി അവന് സമ്മാനിച്ചു. "പേടിക്കാനൊന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞു, പ്രഷർ കുറഞ്ഞതാ. ഡ്രിപ് തീർന്നാൽ വീട്ടിൽ പോകാം." കിഷോർ ചിരിയോടെ അവളോട്‌ പറഞ്ഞു. "ബുദ്ധിമുട്ടായി അല്ലേ..?" അർച്ചന ചോദിച്ചു. "ഏയ്‌ അതൊന്നും സാരമില്ല... താൻ റസ്റ്റ്‌ എടുക്ക്. അധികം സ്‌ട്രെയിൻ ചെയ്യണ്ട." "കിഷോർ പൊയ്ക്കോളൂ... ഞാനൊരു ഓട്ടോ പിടിച്ചു പൊയ്ക്കോളാം." "അതേതായാലും വേണ്ട... ഇവിടെ കൊണ്ടുവരാൻ അറിയാമെങ്കിൽ ഞാൻ തന്നെ കൊണ്ടുവിട്ടോളം." അത് പറയുമ്പോഴാണ് പാന്റ്സിന്റെ പോക്കറ്റിൽ കിടന്ന അവന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങിയത്. അർച്ചനയെ നോക്കി ഇപ്പൊ വരാമെന്ന് പറഞ്ഞുകൊണ്ട് കിഷോർ പുറത്തേക്ക് നടന്നു. "നേരമൊത്തിരി വൈകിയില്ലേ... ആന്റിയെ വീട്ടിൽ തിരക്കില്ലേ?" അർച്ചന അവരെ നോക്കി ചോദിച്ചു. "അതോർത്ത് മോള് പേടിക്കണ്ട... എന്നെ തിരക്കി വരാനിപ്പോ ആരുമില്ല. മോളെ വീട്ടിൽ കൊണ്ട് വിട്ടശേഷം എന്നെ റെയിൽവേ സ്റ്റേഷനിൽ ഇറക്കിയാൽ മതിയെന്ന് ഞാൻ ആ മോനോട് പറഞ്ഞിട്ടുണ്ട്." അത്‌ പറയുമ്പോൾ സുധാമണിയുടെ കണ്ണുകൾ നിറഞ്ഞു. "എന്തുപറ്റി ആന്റി? വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?"

"മക്കളുപേക്ഷിച്ച് തെരുവിൽ ഒറ്റയ്ക്കായി പോയൊരു ഹതഭാഗ്യയാണ് മോളെ ഞാൻ. മോനും മരുമോൾക്കും ഞാനൊരു ഭാരമായി തുടങ്ങിയപ്പോൾ ഏതെങ്കിലും അമ്പലത്തിന് മുന്നിൽ കൊണ്ടുതള്ളാനായിരുന്നു അവരുടെ തീരുമാനം. നാട്ടിലുള്ള എന്റെ വീടും സ്ഥലവും മോന്റെ പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവനെന്നെ ഇങ്ങോട്ട് കൊണ്ടുവന്നു. ആ വീടും സ്ഥലവും മറ്റാർക്കോ അവൻ വിൽക്കുകയും ചെയ്തു. വയസ്സാംകാലത്ത് കയറിക്കിടക്കാൻ സ്വന്തമായി ഒരു വീടുപോലും ഇല്ലാതായി മോളെ. ഇനിയും അവിടെ നിന്നാൽ അവരെന്നെ ഏതെങ്കിലും അമ്പലത്തിന് മുന്നിൽ നടതള്ളും. പട്ടിണി കിടന്ന് ഭിക്ഷയെടുത്ത് മരിക്കുന്നതിലും ഭേദം നാട്ടിലേക്ക് വണ്ടി കയറുന്നതാണെന്ന് തോന്നി. അവിടെ സർക്കാരിന്റെ കീഴിൽ തന്നെ എന്നെപോലുള്ളവർക്ക് കഴിയാനുള്ള അഗതിമന്ദിരങ്ങളുണ്ടല്ലോ." സാരിത്തുമ്പ് കൊണ്ട് മിഴികളൊപ്പി അവർ തന്റെ കഥകൾ അർച്ചനയോട് പറഞ്ഞു. "ആന്റി വിഷമിക്കണ്ട..." അവൾ സുധാമണിയുടെ കരങ്ങൾ കവർന്നു. "മോളെ... സമയമൊരുപാട് ആയില്ലേ... ഇത്രയും നേരമായിട്ടും മോളെ കാണാതിരിക്കുമ്പോൾ വീട്ടുകാർ പേടിക്കില്ലേ." "വീട്ടിൽ എനിക്ക് കൂട്ടായി ഒരു തമിഴ് അക്ക മാത്രേയുള്ളു ആന്റി.

ഇന്നലെയും ഇന്നും അവരെ മോൾക്ക് സുഖമില്ലാത്തോണ്ട് രണ്ടുദിവസമായി വൈകുന്നേരമാകുമ്പോൾ അവർ സ്വന്തം വീട്ടിലേക്ക് പോകും. അതുകൊണ്ട് വിളിച്ചറിയിക്കാൻ ആരുമില്ല." "ഈ അവസ്ഥയിൽ മോളിങ്ങനെ തനിച്ചുനിൽക്കാൻ പാടുണ്ടോ? നാട്ടീന്ന് അമ്മയെ കൊണ്ടുവന്ന് നിർത്തായിരുന്നില്ലേ. രാത്രി എന്തെങ്കിലും വയ്യായ്ക വന്നാൽ ആരുണ്ട് കൂടെ?" "എന്റെ അമ്മ മരിച്ചുപോയി ആന്റി." അമ്മയുടെ ഓർമ്മകൾ മനസ്സിലേക്ക് വന്നതും അർച്ചനയുടെ മിഴികൾ നിറഞ്ഞു. "മോളെ ഭർത്താവ് കൂടെയില്ലേ?" അലിവോടെ അവളെ നോക്കി സുധാമണി ചോദിച്ചു. "അതൊക്കെ വല്യ കഥയാ ആന്റി... പറയാനാണെങ്കിൽ ഒത്തിരിയുണ്ട്. എന്തിനും ഏതിനും ഒരു വിളിപ്പുറത്ത്, കൂടെപ്പിറന്നതല്ലെങ്കിലും രണ്ടുചേട്ടന്മാരും ഒരു കൂട്ടുകാരിയുമുണ്ട് ആന്റി. അവരാണ് എനിക്ക് സ്വന്തമെന്ന് പറയാൻ ആകെയുള്ളത്." "എന്നാ അവരെ വിളിക്കായിരുന്നില്ലേ..." "ആവശ്യം വന്നാൽ വിളിക്കാമല്ലോന്ന് കരുതി... ഇപ്പോ എനിക്ക് കുഴപ്പമൊന്നുമില്ലല്ലോ ആന്റി.

പ്രസവസമയമാകുമ്പോൾ അവരൊക്കെ ഇവിടെ വരും. അതിനുമുൻപ് വിളിച്ച് അവരെ ബുദ്ധിമുട്ടിക്കണ്ടല്ലോ..." നേർത്ത ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു. "ഈ അവസ്ഥയിൽ മോളെ തനിച്ചാക്കി പോകാൻ മനസ്സ് വരുന്നില്ല. വീട്ടിലും ആരുമില്ലല്ലോ.." ആകുലതയോടെ സുധാമണി അവളെ നോക്കി. "വിരോധമില്ലെങ്കിൽ ആന്റിക്ക് എന്റെ കൂടെ വന്നൂടെ. എന്റെ അമ്മയുടെ പ്രായം തന്നെയാ ആന്റിക്കും." പ്രതീക്ഷയോടെ അർച്ചന അവരുടെ മുഖത്തേക്ക് മിഴികൾ നാട്ടു. "ഞാനെന്താ പറയ്യാ മോളെ..." സങ്കടം കൊണ്ട് അവരുടെ അധരങ്ങൾ വിറപൂണ്ടു. "നാട്ടിൽ പോയിട്ട് ഏതെങ്കിലും അഗതിമന്ദിരത്തിൽ പോയി താമസിക്കുന്നതിനേക്കാൾ നല്ലത് ആന്റിക്ക് എന്റെ കൂടെ ഇവിടെ താമസിക്കുന്നതല്ലേ." "ഇപ്പോ ഞാൻ മോളുടെ കൂടെ വന്നാലും പിന്നീട് മോൾക്ക് ഞാനൊരു ഭാരമായി മാറും. മോൾടെ ഭർത്താവിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊന്നും എനിക്കറിയില്ല. അവരൊക്കെ വരുമ്പോൾ ഞാൻ ആരാന്ന് ചോദിച്ചാൽ മോളവരോട് എന്ത് മറുപടി പറയും." "അങ്ങനെ എന്നെത്തേടി വരാൻ ആരുമില്ല ആന്റി. അതോർത്ത് ആന്റി വിഷമിക്കണ്ട." അർച്ചനയും സുധാമണിയും തമ്മിലുള്ള സംഭാഷണമെല്ലാം കിഷോർ പുറത്തുനിന്ന് കേൾക്കുന്നുണ്ടായിരുന്നു......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story