വിരൽത്തുമ്പിലാരോ : ഭാഗം 27

viralthumbil aro

രചന: ശിവാ എസ് നായർ

അർച്ചനയും സുധാമണിയും തമ്മിലുള്ള സംഭാഷണമെല്ലാം കിഷോർ പുറത്തുനിന്ന് കേൾക്കുന്നുണ്ടായിരുന്നു. താൻ വിചാരിച്ചിരുന്നതിലുമപ്പുറമാണ് അവളുടെ പ്രശ്നങ്ങളെന്ന് അവന് മനസ്സിലായി. പതിയെ പതിയെ അർച്ചനയുമായി ഒരു സൗഹൃദമുണ്ടാക്കിയെടുത്ത ശേഷം അവളെപ്പറ്റി കൂടുതൽ ചോദിച്ചറിയണമെന്ന് കിഷോർ തീരുമാനിച്ചു. അർച്ചനയുടെ നിർബന്ധത്തിന് വഴങ്ങി സുധാമണി അവളുടെ കൂടെ വരാമെന്ന് സമ്മതിച്ചു. അവരുടെ സംസാരം മറ്റ് വിഷയങ്ങളിലേക്ക് കടന്നതും ചെറുചിരിയോടെ കിഷോർ റൂമിലേക്ക് കയറിച്ചെന്നു. "അർച്ചനയുടെ തലകറക്കവും ക്ഷീണവുമൊക്കെ മാറിയോ?" അവൾക്കടുത്തുള്ള ചെയറിലേക്ക് ഇരുന്നുകൊണ്ട് കിഷോർ ചോദിച്ചു. "ഇപ്പൊ നല്ല ആശ്വാസം തോന്നുന്നുണ്ട്.." അവൾ മെല്ലെ പറഞ്ഞു. "മരുന്നൊക്കെ സമയത്തിന് കഴിക്കണം, മാത്രമല്ല ജോലിക്ക് വരുമ്പോൾ ഇനിയിങ്ങനെ ഒറ്റയ്ക്ക് നടന്നുവരാൻ നിൽക്കരുത്, ഒരു ഓട്ടോ പിടിച്ച് വരണം. വഴിയിൽ വച്ച് ഇതുപോലെ ഇനിയും തലകറങ്ങി വീണാലോ." "തീരെ വയ്യെന്ന് തോന്നിയാൽ ഞാൻ ഓട്ടോ വിളിച്ചാ വീട്ടിലേക്ക് പോകാറുള്ളത്. ഇന്ന് പെട്ടന്നെന്താ പറ്റിയതെന്നറിയില്ല." അർച്ചന അവനെ നോക്കി വിളറിയ ഒരു പുഞ്ചിരി സമ്മാനിച്ചു. **************

ഹോസ്പിറ്റലിൽ നിന്നും തിരികെയുള്ള യാത്രയിലായിരുന്നു അവർ മൂവരും. വീട്ടിലേക്കുള്ള വഴി പറഞ്ഞ് കൊടുക്കാനുള്ള എളുപ്പത്തിന് അർച്ചന, കിഷോറിനൊപ്പം മുൻസീറ്റിലാണ് ഇരുന്നത്. ഹോസ്പിറ്റലിൽ നിന്നും അർച്ചനയുടെ താമസസ്ഥലത്തേക്ക് അരമണിക്കൂർ സഞ്ചരിക്കാനുള്ള ദൂരമുണ്ട്. ട്രാഫിക് നല്ലപോലെ ഉണ്ടായിരുന്നതുകൊണ്ട് വളരെ മെല്ലെയാണ് അവരുടെ യാത്ര. പോകുന്ന വഴിക്ക് അവർക്കിടയിലെ മൗനം ഇല്ലാതാക്കികൊണ്ട് സുധാമണി വാതോരാതെ സംസാരിച്ചിരുന്നു. അവരുടെ കഥകൾ കിഷോറിനോടും കൂടി പറയുകയാണ്. അർച്ചനയോട് അവരുടെ കഥകൾ പറയുന്നത് കിഷോർ നേരത്തെ കേട്ടതാണെങ്കിലും അവൻ അതൊന്നും അറിഞ്ഞതായി ഭാവിച്ചില്ല. എല്ലാം മൂളിക്കേട്ടുകൊണ്ടിരുന്നു. ആരും തുണയില്ലാതിരിക്കുന്ന ഈ അവസരത്തിൽ സുധാമണിയുടെ സാമീപ്യം അർച്ചനയ്ക്ക് ആശ്വാസമേകുമെന്ന് അവനുറപ്പായിരുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും കിഷോർ എന്തുകൊണ്ടാണ് തന്നോടൊന്നും ചോദിക്കാത്തതെന്ന് അർച്ചന മനസ്സിൽ ചിന്തിക്കുകയായിരുന്നു. പൂർണ്ണഗർഭിണിയായൊരു സ്ത്രീ.

അതും സഹപ്രവർത്തക, ഭർത്താവിന്റെയോ അമ്മയുടെയോ അടുത്ത ബന്ധുക്കളുടെയോ മറ്റാരുടെയും തുണയില്ലാതെ ഒറ്റയ്ക്ക് കഴിയുന്നതിന്റെ കാരണമെന്തെന്ന് അവൻ അന്വേഷിക്കാത്തതിൽ അർച്ചനയ്ക്ക് അത്ഭുതം തോന്നി. ഒരുകണക്കിന് കിഷോർ ഒന്നും ചോദിക്കാതിരുന്നതിൽ അവൾക്ക് ആശ്വാസമാണ് തോന്നിയത്. അവനെന്തെങ്കിലും ചോദിച്ചാൽ പെട്ടന്ന് പറയാൻ തന്റെ കൈയ്യിലൊരു ഉത്തരമില്ല. ഓഫീസിലും പലരും പലതും ചോദിക്കുന്നുണ്ട്. ആർക്കും ഇതുവരെ മറുപടിയൊന്നും കൊടുക്കാതെ ഒഴിഞ്ഞുമാറിയിട്ടേയുള്ളൂ. അല്ലെങ്കിൽ തന്നെ എല്ലാവരോടും എന്താ പറയുക? വിവാഹം കഴിക്കാതെ പഴയ കാമുകന്റെ കുഞ്ഞിനെ ഉദരത്തിൽ പേറി നടക്കുകയാണെന്നോ? അമ്മയെപ്പറ്റി ചോദിച്ചപ്പോൾ മാത്രം മരിച്ചുപോയെന്ന് മറുപടി പറഞ്ഞു. അർച്ചനയുടെ ചിന്തകൾ കാടുകയറി. ഉത്തരം കിട്ടാത്തൊരു പ്രഹേളികയാണ് തന്റെ മുന്നോട്ടുള്ള ജീവിതമെന്ന് അവൾക്ക് തോന്നി. "ഇവിടുന്ന് എങ്ങോട്ടാടോ?" കിഷോറിന്റെ ശബ്ദമാണ് അവളെ ബോധമണ്ഡലത്തിലേക്ക് തിരികെകൊണ്ടുവന്നത്. "എന്താ ചോദിച്ചേ?? ഞാൻ ശരിക്കും കേട്ടില്ല." അർച്ചന അവനെ പകച്ചുനോക്കി. "ലെഫ്റ്റ് ആണോ റൈറ്റ് ആണോ നമുക്ക് പോവേണ്ടത്?" ഡ്രൈവിംഗിൽ തന്നെ ശ്രദ്ധിച്ചുകൊണ്ട് അവൻ ചോദ്യം ആവർത്തിച്ചു. "ഇവിടുന്ന് റൈറ്റിലേക്ക്..."

അർച്ചന പറഞ്ഞുകൊടുത്ത വഴിയേ കിഷോർ കാർ ഓടിച്ചു. "ദേ ആ കാണുന്ന വീടിന് മുന്നിൽ നിർത്തിയാൽ മതി." മുന്നിലേക്ക് വിരൽ ചൂണ്ടി അർച്ചന പറഞ്ഞു. അവൾ ചൂണ്ടിക്കാണിച്ച വീടിന് മുന്നിലായി കിഷോർ വണ്ടി നിർത്തി. മൂവരും ഡോർ തുറന്ന് പുറത്തേക്കിറങ്ങി. ബാഗിൽ നിന്നും താക്കോലെടുത്ത് അർച്ചന മുൻവാതിൽ തുറന്നു. കാറിനടുത്തുതന്നെ മടിച്ചുനിൽക്കുകയായിരുന്ന കിഷോറിനെ അകത്തേക്ക് ക്ഷണിക്കാൻ അവൾ മറന്നില്ല. അർച്ചനയ്ക്കും സുധാമണിക്കുമൊപ്പം കിഷോർ ഹാളിലേക്ക് പ്രവേശിച്ചു. "കിഷോർ ഇരിക്കൂ... ചായ കുടിച്ചിട്ട് പോകാം." സോഫയിലേക്ക് വിരൽചൂണ്ടി അവൾ പറഞ്ഞു. "ഏയ്‌ എനിക്കൊന്നും വേണ്ടടോ..." "ആദ്യമായിട്ട് വീട്ടിൽ വന്നിട്ട് ഒരു ചായയെങ്കിലും തരാതെ വിടുന്നത് മോശമാണ്." "മോളിപ്പോ ഹോസ്പിറ്റലിൽ നിന്നും വന്നതല്ലേയുള്ളൂ, ക്ഷീണം ഉണ്ടാവും. നിങ്ങളിവിടെ സംസാരിച്ചിരിക്ക്. കിച്ചൺ എവിടെയാണെന്ന് പറഞ്ഞുതന്നാൽ മതി, ഞാൻ ചായയിട്ട് കൊണ്ടുവരാം." ചായയിടനായി പോകാൻ തുനിഞ്ഞ അർച്ചനയെ തടഞ്ഞുകൊണ്ട് സുധാമണി പറഞ്ഞു. "സുധാന്റിക്ക് തേയിലയും പഞ്ചസാരയൊന്നും എവിടെയാ ഇരിക്കുന്നതെന്ന് അറിയില്ലല്ലോ. ഞാൻ വന്ന് എടുത്തുതരാം."

"അതൊക്കെ ഞാൻ നോക്കിയെടുത്തോളാം, മോളിവിടെ അടങ്ങിയിരിക്ക്." എന്നുപറഞ്ഞു കൊണ്ട് സുധാമണി അർച്ചനയെ കിഷോറിന്റെ അരികിൽ പിടിച്ചിരുത്തി. ആദ്യമൊന്നും അവൾ സമ്മതിച്ചില്ലെങ്കിലും അവരുടെ സ്നേഹത്തോടെയുള്ള നിർബന്ധത്തിന് വഴങ്ങി അവൾ അവിടെ ഇരുന്നു. സുധാമണി കിച്ചണിലേക്ക് പോയി. കിഷോറിന്റെ കണ്ണുകൾ ചുറ്റും പരതി നടക്കുകയായിരുന്നു. ഹാളും രണ്ട് ബെഡ്‌റൂം ഒരു കിച്ചണും വർക്ക് ഏരിയയുമുള്ള, അത്യാവശ്യം സൗകര്യമുള്ള വീടായിരുന്നു അത്. ഹാളിലെ ഷോകേസിൽ അമ്മയ്‌ക്കൊപ്പമുള്ള അർച്ചനയുടെ ഫോട്ടോ കണ്ടതും കിഷോർ ഇരുന്നയിടത്തുനിന്ന് എഴുന്നേറ്റ് ഫോട്ടോയ്‌ക്കരികിലേക്ക് നടന്നു. "ഇത് അർച്ചനയുടെ അമ്മയാണോ?" അവനത് കൈയ്യിലെടുത്ത് നോക്കിക്കൊണ്ട് അവളോട് ചോദിച്ചു. "അതെ... അമ്മയാണ്." "അമ്മയ്ക്ക് എന്തുപറ്റിയതാ..." "ഹാർട്ടറ്റാക്കായിരുന്നു..." അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറി. "ഓഹ് സോറി അർച്ചന..!" അവൻ ക്ഷമാപണത്തോടെ അവളെ നോക്കി. "സാരമില്ല..." ദുപ്പട്ടയുടെ അരികുകൊണ്ട് അവൾ മിഴികളൊപ്പി. "ഇത് ആരാടോ..?"

അവൻ വിഷയം മാറ്റാനെന്നോണം മറ്റൊരു ഫോട്ടോ കൈയ്യിലെടുത്തുകൊണ്ട് ചോദിച്ചു. അർച്ചന ആ ഫോട്ടോയിലേക്ക് നോക്കി. അവളും നിത്യയും ഒരുമിച്ചുള്ളൊരു ഫോട്ടോയായിരുന്നു അത്. "ഇതെന്റെ ബെസ്റ്റ് ഫ്രണ്ടാണ്... നിത്യ." "ഞാൻ വിചാരിച്ചു സിസ്റ്ററായിരിക്കുമെന്ന്." "എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ ഒറ്റ മോളാ... എനിക്ക് വേറെ സഹോദരങ്ങളൊന്നുമില്ല. അച്ഛൻ എന്റെ ചെറുപ്പത്തിലേ മരിച്ചുപോയി... കുറച്ചുനാൾ മുൻപ് അമ്മയും..." സംസാരം പകുതിയിൽ നിർത്തി അർച്ചന അവനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു. "തന്റെ ഹസ്ബൻഡ് ഒപ്പമില്ലേ ..?" തെല്ലൊന്ന് അറച്ചാണ് കിഷോർ ആ ചോദ്യം അവളോട്‌ ചോദിച്ചത്. അവന്റെ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്നറിയാതെ അർച്ചന അവനെ പകച്ചൊന്ന് നോക്കി. താൻ ഭയപ്പെട്ടിരുന്നൊരു ചോദ്യമാണ് കിഷോർ ചോദിച്ചിരിക്കുന്നത്. എന്താ ഇപ്പൊ പറയുക? വിവാഹിതയല്ലെന്നോ? അങ്ങനെ പറയുമ്പോൾ അവന് മുന്നിൽ താൻ അപഹാസ്യയാക്കപ്പെട്ടത് പോലെയാവില്ലേ. വിവാഹം കഴിക്കാതെ താനെങ്ങനെ പ്രെഗ്നന്റായി...? ആരെങ്കിലും ചതിച്ചതാണോ..? അതോ റേപ്പ് ചെയ്തതോ? അങ്ങനെ നൂറുചോദ്യങ്ങൾ ഒന്നിന് പുറകെ ഒന്നായി വരും. അവളുടെ മനസ്സ് ചരട് പൊട്ടിയ പട്ടം കണക്കെ പലവിധ ചിന്തകളിലൂടെ പാറിനടന്നു "എന്തുപറ്റി അർച്ചന?? ആർ യു ഓക്കേ?" അർച്ചന നിന്ന് വിയർക്കുന്നത് കണ്ട് തെല്ലൊരു പരിഭ്രമത്തോടെ കിഷോർ ചോദിച്ചു. "ഏഹ്..."

അവന്റെ ചോദ്യം കേൾക്കാത്തത് പോലെ അവളവനെ ഉറ്റുനോക്കി. "ഇതാ മക്കളേ... ചായ കുടിക്ക്." ഒരു ട്രേയിൽ മൂന്നുകപ്പ് ചായയുമായി സുധാമണി അങ്ങോട്ടേക്ക് വന്നു. അർച്ചനയിൽ നിന്നുമൊരു ദീർഘനിശ്വാസമുണ്ടായി. കൃത്യസമയത്താണ് ആന്റി അവർക്കിടയിലേക്ക് വന്നതെന്ന് അവൾ ആശ്വാസത്തോടെ ഓർത്തു. "കിഷോർ ചായ കുടിക്ക്..." ട്രേയിൽ നിന്നും ഒരുകപ്പ് ചായ എടുത്ത് അവന് നേരെ നീട്ടികൊണ്ട് അർച്ചന പറഞ്ഞു. "താങ്ക്സ്..." അവൾ നീട്ടിയ ചായക്കപ്പ് വാങ്ങിക്കൊണ്ട് കിഷോർ സോഫയിലേക്കിരുന്നു. സുധാമണിയും അവർക്കൊപ്പമിരുന്ന് ചായ കുടിച്ചു. ഭർത്താവിനെകുറിച്ച് അർച്ചനയോട് ചോദിച്ചപ്പോൾ അവൾക്കുണ്ടായ ഭാവമാറ്റം കിഷോർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആ ചോദ്യം അർച്ചനയെ മാനസികസമ്മർദ്ദത്തിലാക്കിയിട്ടുണ്ടെന്ന് അവന് തോന്നി. മെന്റലി ആൻഡ് ഫിസിക്കലി റസ്റ്റ്‌ വേണ്ട സമയമാണ്. അതുകൊണ്ട് അവളെ അസ്വസ്ഥമാക്കുന്ന ചോദ്യങ്ങൾ ചോദിക്കാതിരിക്കുന്നതാണ് നിലവിൽ അഭികാമ്യമെന്ന് കിഷോർ മനസ്സിലുറപ്പിച്ചു. വരട്ടെ... സമയമുണ്ടല്ലോ... ആദ്യം, അർച്ചനയുമായി നല്ലൊരു സുഹൃദ്ബന്ധം ഉണ്ടാക്കിയെടുക്കണമെന്ന് അവൻ തീരുമാനിച്ചു.

ചായകുടി കഴിഞ്ഞ് കിഷോർ പോകാനായി എഴുന്നേറ്റു. "അർച്ചനാ... ഞാൻ ഇറങ്ങുവാണ്. എന്റെ ചോദ്യം തന്നെ വിഷമിപ്പിച്ചുവെന്ന് തോന്നുന്നു. അയാം റിയലി സോറി." കാറിനടുത്തേക്ക് നടക്കുമ്പോൾ അവൻ അർച്ചനയോട് പറഞ്ഞു. "അതൊന്നും സാരമില്ല കിഷോർ. ഇത്രയും സമയം എനിക്കായി മാറ്റിവച്ചതിന് ഒത്തിരി നന്ദിയുണ്ട്." ചിരിയോടെ അവൾ കിഷോറിനെ നോക്കി. അർച്ചനയോടും സുധാമണിയോടും യാത്ര പറഞ്ഞ് അവൻ കാറിൽ കയറി ഓടിച്ചുപോയി. കിഷോറിന്റെ വണ്ടി കാഴ്ചയിൽ നിന്നും മറയുന്നതുവരെ അവൾ നോക്കിനിന്നു. പിന്നെ ഇടത് കൈപ്പത്തികൊണ്ട് വയറ് താങ്ങി മെല്ലെയവൾ അകത്തേക്ക് നടന്നു. രാത്രി ഏറെ വൈകുംവരെ അർച്ചനയും സുധാമണിയും തങ്ങളുടെ വിശേഷങ്ങൾ പരസ്പരം പങ്കുവച്ചു. അത്രനാളും ദുഃഖങ്ങളെല്ലാം മനസ്സിൽ അടക്കിപ്പിടിച്ച് കഴിയുകയായിരുന്നു സുധാമണി. തന്റെ വിഷമങ്ങളും, മോന്റെ കൂടെ ജീവിക്കുമ്പോൾ അനുഭവിച്ച അവഗണനകളുടെ കഥകളുമെല്ലാം അർച്ചനയോട് പറഞ്ഞ് കഴിഞ്ഞപ്പോൾ അവരുടെ മനസ്സിന് വല്ലാത്തൊരാശ്വാസം തോന്നി. തന്റെ ജീവിതത്തിൽ അരങ്ങേറിയ ദുരന്തം ഒരു പൊട്ടിക്കരച്ചിലോടെയാണ് അർച്ചന,

സുധാമണിയോട് പറഞ്ഞത്. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവരവളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. "ഒരബദ്ധം ജീവിതത്തിൽ ആർക്കും എപ്പോ വേണോ സംഭവിക്കാം. മോൾക്കൊരു തെറ്റുപറ്റിപ്പോയി, ഇനി അതോർത്ത് സങ്കടപ്പെട്ടിട്ടും കാര്യമില്ല. ഇനി തളരാതെ ജീവിക്കണം മോളെ. ആരുടെയും മുന്നിൽ കൈനീട്ടാതെ ജീവിക്കാനുള്ള വരുമാനം മോൾക്കിപ്പോ ഉണ്ട്. എന്തിനും ഏതിനും മോൾക്കൊപ്പം ഞാനുണ്ടാകും, മോൾടെ അമ്മയ്ക്ക് പകരമായി. ആരുമില്ലെന്നുള്ള തോന്നലൊന്നും ഇനി വേണ്ട കേട്ടോ." നിറഞ്ഞു തൂവിയ അവളുടെ മിഴികൾ സുധാമണി നേരിയതിന്റെ തുമ്പാലെ തുടച്ചു. മരിച്ചുപോയ തന്റെ അമ്മയ്ക്ക് പകരമായിട്ട് ദൈവം കൊണ്ടുതന്നതാണ് അവരെയെന്ന് അർച്ചനയ്ക്ക് തോന്നി. ഒരമ്മയുടെ സ്നേഹവാത്സല്യങ്ങളോടെ സുധാമണി അവളുടെ നെറുകയിൽ അരുമയായി തഴുകി. അവരുടെ മടിയിൽ തലവെച്ചാണ് അർച്ചന അന്ന് രാത്രി ഉറങ്ങിയത്. **************

ശ്രീഹരിയുടെയും പാർവ്വതിയുടെയും നിശ്ചയം കഴിഞ്ഞ കാര്യം കുറെ ദിവസങ്ങൾ കഴിഞ്ഞിട്ടാണ് ശ്രീഹരി സുധീഷിനോട് പറയുന്നത്. മുൻപേ അറിഞ്ഞിരുന്നെങ്കിൽ താനെന്തെങ്കിലും പറഞ്ഞ് നിശ്ചയം മുടക്കിയാലോ എന്ന് ഭയന്നിരുന്നത് കൊണ്ടാണ് നേരത്തെ വിളിച്ചുപറയാത്തതെന്ന് ശ്രീഹരി പറഞ്ഞ് കേട്ടപ്പോൾ സുധീഷിന് അവനോട് കടുത്ത പുച്ഛമാണ് തോന്നിയത്. എങ്കിലും അവൻ എതിരായി ഒന്നും പറഞ്ഞില്ല. വഴിയിൽ വച്ച് ആകസ്മികമായി കണ്ടതുകൊണ്ടാണ് ശ്രീഹരി സുധീഷിനോട് അപ്പോഴെങ്കിലും അക്കാര്യം പറഞ്ഞത്. ശ്രീഹരിയോട് സംസാരിച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് സുധീഷ് റോഡരികിലൂടെ ബസ്സിറങ്ങി നടന്നുപോകുന്ന പാർവ്വതിയെ കണ്ടത്. അവൻ അവൾക്കരികിലായി ബൈക്ക് നിർത്തി. സുധീഷിനെ കണ്ടതും പരിചിതഭാവത്തിൽ അവൾ ചിരിച്ചു. "ക്ലാസ്സ്‌ കഴിഞ്ഞ് വരുന്ന വഴിയാണോ?" സുധീഷ് ചോദിച്ചു. "ക്ലാസ്സൊക്കെ കഴിഞ്ഞു ചേട്ടാ... ഇന്ന് യൂണിവേഴ്സിറ്റി എക്സാം ഉണ്ടായിരുന്നു. അതുകൊണ്ട് പതിവിലും വൈകി." "നിശ്ചയം കഴിഞ്ഞെന്ന് ശ്രീ പറഞ്ഞിരുന്നു. കല്യാണം ഉടനെ ഉണ്ടാകോ?" "എക്സാം കഴിഞ്ഞാൽ ഉടനെ കാണും ചേട്ടാ." തെല്ലൊരു നാണത്തോടെയാണ് പാർവ്വതി അത് പറഞ്ഞത്.

"നന്നായിട്ട് ആലോചിച്ചിട്ട് തന്നെയാണോ താനീ തീരുമാനമെടുത്തത്." സുധീഷ് അവളെയൊന്ന് നോക്കി. "ചേട്ടനെന്താ അങ്ങനെ ചോദിച്ചത്..?" പാർവ്വതിയുടെ മിഴികളിൽ അത്ഭുതമായിരുന്നു. "ഇപ്പൊ എടുത്ത തീരുമാനം മണ്ടത്തരമായെന്ന് പിന്നീട് തോന്നാൻ പാടില്ല." "ചേട്ടനിതുവരെ കാര്യമെന്താന്ന് പറഞ്ഞില്ല." "ശ്രീഹരിയെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടാണോ പാർവ്വതി അവനെ വിവാഹം കഴിക്കാൻ പോകുന്നത്?" തുടരും ശിവ എസ് നായർ (ഇവിടെ കഥ വായിക്കുന്ന പലർക്കും അറിയില്ലെന്ന് തോന്നുന്നു. ഞാൻ ഏഴര മാസം പ്രെഗ്നന്റ് ആണ് ഇപ്പോൾ. പ്രെഗ്നൻസിയുടേതായ ചില ബുദ്ധിമുട്ടുകൾ ഉള്ളത് കൊണ്ടാണ് രണ്ടുദിവസം സ്റ്റോറി ലേറ്റ് ആയത്. ഇനിയധികം ഭാഗങ്ങൾ ഇല്ല. കുറച്ചൂടെ സ്റ്റോറി ഉണ്ടാവു. ഡെയിലി ഇടാൻ പറ്റാത്തത് കൊണ്ടാണ് കുറച്ചു ദിവസായിട്ട് ഒന്നിടവിട്ട് പോസ്റ്റ്‌ ചെയ്യുന്നത്. ഫുൾ ടൈം ഫോണിൽ നോക്കി ഇരുന്ന് റിപ്ലൈ തരാൻ പറ്റാത്തത് കൊണ്ടാണ് കമന്റ്സ് ന് റിപ്ലൈ തരാത്തത്. ആർക്കും പരാതിയോ പരിഭവമോ ഒന്നും തോന്നരുത് ട്ടോ 😘.....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story