വിരൽത്തുമ്പിലാരോ : ഭാഗം 28

viralthumbil aro

രചന: ശിവാ എസ് നായർ

"ശ്രീഹരിയെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടാണോ പാർവ്വതി അവനെ വിവാഹം കഴിക്കാൻ പോകുന്നത്?" സുധീഷ് ചോദിച്ചു. അവളുടെ കണ്ണുകളൊന്ന് കുറുകി. "സുധി ചേട്ടൻ പറഞ്ഞുവരുന്നത് അർച്ചന ടീച്ചറുടെ കാര്യമാണോ?" പാർവ്വതിയുടെ ചോദ്യം അവനെ അമ്പരപ്പിച്ചു. "അർച്ചനയുടെ കാര്യം ശ്രീ തന്നോട് പറഞ്ഞിട്ടുണ്ടോ?" "ഉവ്വ്... ഹരിയേട്ടൻ എന്നോടെല്ലാം പറഞ്ഞിട്ടുണ്ട്. പണ്ട് അവര് തമ്മിൽ സമീർ സാറിന്റെ ട്യൂഷൻ സെന്ററിൽ വച്ച് കണ്ടുമുട്ടിയതും ഇഷ്ടത്തിലായതും കുറച്ചുനാൾ അവർ തമ്മിലുണ്ടായിരുന്ന അടുപ്പവുമൊക്കെ എനിക്കറിയാം. ഞാനും അവിടെ ട്യൂഷൻ പഠിക്കുന്നുണ്ടായിരുന്നു. എന്നോട് തിരിച്ചും ഇഷ്ടമാണെന്ന് ഹരിയേട്ടൻ പറയുമ്പോൾ അർച്ചന ടീച്ചറുമായിട്ടുണ്ടായിരുന്ന കാര്യങ്ങളൊക്കെ തുറന്നുപറഞ്ഞിരുന്നു." പാർവ്വതിയുടെ വെളിപ്പെടുത്തലുകൾ സുധീഷിനെ ഞെട്ടിച്ചു. "നിങ്ങൾ തമ്മിൽ ഇഷ്ടത്തിലായിട്ട് എത്ര നാളായി?" അൽപ്പം മടിച്ചാണ് അവനാ ചോദ്യം അവളോട് ചോദിച്ചത്. "മൂന്നുവർഷമായി ഞങ്ങൾ ഇഷ്ടത്തിലായിട്ട്. അതിനുമുൻപേ തന്നെ ഹരിയേട്ടനെ എനിക്കിഷ്ടമായിരുന്നു. അർച്ചന ടീച്ചർ കാണുന്നതിന് മുൻപേ ഹരിയേട്ടനെ ആദ്യമായി കണ്ടതും ഇഷ്ടപ്പെട്ടതുമൊക്കെ ഞാനാണ്. ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ മനസ്സിൽ പതിഞ്ഞ മുഖമാണ് ഹരിയേട്ടന്റെ.

അതുകൊണ്ടാണ് ഹരിയേട്ടനെ കാണാൻ വേണ്ടി ഹരിയേട്ടൻ പഠിപ്പിച്ചിരുന്ന ട്യൂഷൻ സെന്ററിൽ പഠിക്കാൻ പോയതും. മാസ്റ്റേഴ്സ് ട്യൂഷൻ സെന്ററിൽ ഞാൻ പ്ലസ്‌ വണ്ണിന് ട്യൂഷൻ ചേർന്ന സമയം എന്നെയും ഹരിയേട്ടനെയും ചുറ്റിപ്പറ്റി കുറച്ചു റൂമേഴ്സ് ഉണ്ടായപ്പോൾ ഹരിയേട്ടൻ അവിടുത്തെ ക്ലാസ്സ്‌ മതിയാക്കി പോന്നു. അതോടെ ഞാനും ആ ട്യൂഷൻ സെന്റർ ഉപേക്ഷിച്ച് ഹരിയേട്ടൻ പഠിപ്പിച്ചിരുന്ന സമീർ സാറിന്റെ ട്യൂഷൻ സെന്ററിൽ വന്ന് ചേർന്നിരുന്നു. അവിടെ ചേർന്ന ശേഷമാണ് ഹരിയേട്ടന് അർച്ചന ടീച്ചറുമായി എന്തോ അടുപ്പുമുള്ളതുപോലെ എനിക്ക് തോന്നിയത്. അതെന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടായിരുന്നു. എങ്കിലും പ്ലസ്‌ ടു കഴിഞ്ഞു കോളേജിൽ ചേർന്നപ്പോൾ ഹരിയേട്ടനെ കണ്ട് ഞാനെന്റെ ഇഷ്ടം അറിയിക്കുക തന്നെ ചെയ്തു. മനസ്സിൽ തോന്നിയ ഇഷ്ടം തുറന്നുപറയാതിരിക്കാൻ എനിക്കാവുമായിരുന്നില്ല. അർച്ചന ടീച്ചറെയും ഹരിയേട്ടനെയും പിരിക്കണമെന്നൊന്നും എനിക്കില്ലായിരുന്നു. ഞാനെന്റെ ഇഷ്ടം അറിയിച്ചപ്പോൾ എന്നെ പറഞ്ഞു മനസ്സിലാക്കുകയാണ് ഹരിയേട്ടൻ ചെയ്തത്. അതിനുശേഷം ഇടയ്ക്കൊക്കെ കോൺടാക്ട് ഉണ്ടായിരുന്നു.

ഒരിക്കൽ അർച്ചന ടീച്ചർക്ക് സുഖമാണോ കല്യാണം എന്നുണ്ടാകും എന്നൊക്കെ ചോദിച്ചപ്പോഴാണ് അവർ തമ്മിൽ പിരിഞ്ഞുവെന്ന് ഞാനറിഞ്ഞത്." "അവർ പിരിയാനുണ്ടായ യഥാർത്ഥ കാരണം പാർവ്വതിക്കറിയുമോ?" "അറിയാം... അർച്ചന ടീച്ചറുടെ അമ്മ, പണ്ട് ഹരിയേട്ടന്റെ അമ്മയുടെ തറവാട്ടിൽ വീട്ടുജോലിക്ക് പോയിരുന്നതല്ലേ. സ്വന്തം തറവാട്ടിൽ വീടുപണി ചെയ്തിരുന്ന സ്ത്രീയുടെ മകളെ വിവാഹം കഴിച്ചുകൊണ്ടുവരാൻ ഏത് അമ്മയാ സമ്മതിക്കുക? അമ്മയെ ധിക്കരിച്ച് ഒന്നും ചെയ്യില്ലെന്ന് ഹരിയേട്ടൻ എന്നോടും പറഞ്ഞിട്ടുണ്ട്. ഇരുവീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോടെയുള്ള ഒരു വിവാഹത്തിനാണ് ഹരിയേട്ടന് താല്പര്യമുണ്ടായിരുന്നത്. അർച്ചന ടീച്ചറുടെ കാര്യത്തിൽ അത് നടക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് അവർക്ക് പിരിയേണ്ടി വന്നു. ഹരിയേട്ടനെ വിധിച്ചിട്ടുള്ളത് എനിക്കാണ്. അതുകൊണ്ടാ എന്റെ പ്രണയം എന്നിലേക്ക് തന്നെ എത്തിച്ചേർന്നത്. പുറകെ നടന്ന് ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഹരിയേട്ടന്റെ മനസ്സിൽ എനിക്കായി ഒരിടം നേടിയെടുക്കാൻ കഴിഞ്ഞത്. പതിനഞ്ചുവയസ്സ് പ്രായമുള്ളപ്പോൾ മനസ്സിൽ പ്രതിഷ്ഠിച്ച പ്രണയമാണ് എനിക്കെന്റെ ഹരിയേട്ടൻ.

സുധി ചേട്ടനായിട്ട് ഞങ്ങളെ പിരിക്കാനിടവരുത്തരുത്. ഇത്രയും കാര്യങ്ങൾ ഞാൻ ചേട്ടനോട് തുറന്നുപറഞ്ഞതുതന്നെ എന്റെ മനസ്സ് മനസ്സിലാക്കുമെന്ന ഉദ്ദേശത്തോടെയാണ്. സുധി ചേട്ടന് എന്റെ അച്ഛനോടുള്ള അടുപ്പം വച്ച് ഹരിയേട്ടനെപ്പറ്റി മോശമായൊന്നും പറഞ്ഞുകൊടുത്ത് ഞങ്ങളുടെ വിവാഹം മുടക്കരുത്. ഹരിയേട്ടന്റെ മനസ്സിലിപ്പോ ഞാൻ മാത്രമേയുള്ളു. അർച്ചന ടീച്ചറെ ഹരിയേട്ടൻ ഓർക്കാറുപോലുമില്ല. നിശ്ചയം കഴിയുംവരെ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് ആരുമറിയണ്ട എന്നത് ഹരിയേട്ടന്റെ തീരുമാനമായിരുന്നു. അതുകൊണ്ടാ സുധി ചേട്ടനോട് എന്നെപ്പറ്റി ഒരു സൂചനപോലും ഹരിയേട്ടൻ തരാതിരുന്നത്. അതിന്റെ പേരിൽ ഹരിയേട്ടനോട് പിണക്കം കാണിക്കരുത്." "നിങ്ങൾ തമ്മിൽ ഇത്രയേറെ ആത്മബന്ധമുണ്ടെന്ന് ഞാനറിഞ്ഞില്ലടോ. ശ്രീയെയും അർച്ചനയെയും പറ്റി അറിഞ്ഞിട്ട് തന്നെയാണോ എല്ലാം തീരുമാനിച്ചതെന്ന് അറിയാനൊരു ആഗ്രഹമുണ്ടായിരുന്നു.

അവനോട് ചോദിച്ചാൽ ഒന്നും പറയില്ലെന്ന് തോന്നിയിട്ടാ തന്നെ കണ്ടപ്പോൾ ചോദിച്ചത്. ഏതായാലും ആഗ്രഹിച്ച പോലൊരു ജീവിതം കിട്ടാൻ പോകുവല്ലേ... എല്ലാം നന്നായി നടക്കട്ടെ." "ഇന്നത്തെ കാലത്ത് ഒരു പ്രണയബന്ധം ഉണ്ടായിപോകുന്നത് തെറ്റല്ലല്ലോ. ഹരിയേട്ടനും അങ്ങനെയൊന്ന് ഉണ്ടായിപ്പോയി. അത് നടക്കില്ലെന്ന് തോന്നിയതുകൊണ്ട് മാന്യമായി പറഞ്ഞൊഴിഞ്ഞു. ഹരിയേട്ടന് ജോലി കിട്ടിയ ശേഷം വീട്ടിൽ എന്റെ കാര്യം പറഞ്ഞപ്പോൾ ഹരിയേട്ടന്റെ അമ്മ എതിർപ്പൊന്നും പറഞ്ഞില്ല. അങ്ങനെ എന്റെ അച്ഛൻ അവിടെ പോയി എല്ലാവരെയും കണ്ട് സംസാരിച്ച് കാര്യങ്ങൾ ഉറപ്പിച്ചു." ശ്രീഹരിയെ കുറിച്ച് പറയുമ്പോൾ അവളുടെ മിഴികളിൽ തെളിയുന്ന പ്രണയഭാവം സുധീഷ് വേദനയോടെ കാണുന്നുണ്ടായിരുന്നു. "ഞാനിതൊക്കെ ചോദിച്ചെന്ന് അവനറിയണ്ട... ചിലപ്പോൾ ഇഷ്ടപ്പെടില്ല. എന്നാ ശരി... പിന്നെ കാണാം." പാർവ്വതിയോട് യാത്ര പറഞ്ഞ് അവൻ ബൈക്കോടിച്ചുപോയി. പാർവ്വതിക്ക് ശ്രീഹരിയോടുള്ളത് അസ്ഥിക്ക് പിടിച്ച പ്രണയമാണെന്ന് സുധീഷിന് ബോധ്യമായി. അവളോട്‌ താനിനി എന്തൊക്കെ പറഞ്ഞാലും പാർവ്വതിക്ക് അവനോടുള്ള ഇഷ്ടം കുറയാൻ പോകുന്നില്ല.

മറിച്ച് താൻ അവരെ തമ്മിൽ പിരിക്കാൻ വേണ്ടി നുണക്കഥകൾ പറഞ്ഞുണ്ടാക്കിയതാണെന്നേ അവൾ വിചാരിക്കു. ശ്രീഹരിയുടെ പിന്നാലെ നടന്ന് നേടിയെടുത്ത ഇഷ്ടമല്ലേ... അത് അത്ര പെട്ടെന്നൊന്നും മായ്ച്ചുകളയാൻ കഴിയുന്നതുമല്ല. അവർ തമ്മിൽ ഇഷ്ടത്തിലായിട്ട് മൂന്നുവർഷമായെന്ന് പാർവ്വതി പറഞ്ഞത് സത്യമാണെങ്കിൽ അർച്ചനയെ ശ്രീഹരി മനഃപൂർവ്വം ഒഴിവാക്കിയതാണ്. അർച്ചനയേക്കാൾ ഒരുപാട് മുകളിലാണ് പാർവ്വതിയെന്ന തിരിച്ചറിവ് അവളുമായുള്ള ബന്ധമുപേക്ഷിക്കാൻ കാരണമായി. പാർവ്വതിക്ക് അവൾ ആഗ്രഹിച്ചത് പോലെത്തന്നെ ശ്രീഹരിയെ കിട്ടാനും പോകുന്നു. ഇവിടെ വിഡ്ഢിയായത് അർച്ചന മാത്രമാണ്. ശ്രീഹരി ആദ്യമേ മനസ്സിൽ എല്ലാം പ്ലാൻ ചെയ്തുവച്ചാണ് ഓരോന്നും ചെയ്തത്. അർച്ചനയുമായുണ്ടായിരുന്ന ബന്ധത്തിന്റെ ആഴം തനിക്കറിയാവുന്നതുകൊണ്ടാണ് പാർവ്വതിയുമായി ഇഷ്ടത്തിലായ കാര്യം ശ്രീഹരി തന്നിൽ നിന്ന് മറച്ചുവച്ചത്. ഇപ്പോഴും താൻ മനസ്സുവച്ചാൽ അവരുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങും. ഏതായാലും അതുവേണ്ട... ശ്രീഹരിയുടെ പുറകേ നടന്ന് പാർവ്വതി നേടിയെടുത്തതല്ലേ അവന്റെ സ്നേഹം.

അവനെ അവൾ തന്നെ സ്വന്തമാക്കട്ടെ. അർച്ചനയ്ക്ക് എന്തായാലും ഇനി ശ്രീഹരിയെ വേണ്ടല്ലോ. പിന്നെ താനായിട്ട് എന്തിന് ശ്രീഹരിയുടെയും പാർവ്വതിയുടെയും കാര്യത്തിൽ ഇടപെടണം. പാർവ്വതിയെ സ്നേഹിക്കുന്ന സമയത്താണ് ശ്രീഹരി അർച്ചനയുമായി എല്ലാ രീതിയിലും ഒന്നായത്. അത് പാർവ്വതിയോട് കാണിച്ച അനീതിയാണ്. ഒരു പ്രണയ ബന്ധത്തിൽ ഏർപ്പെട്ടാൽ ആണും പെണ്ണും ഒരുപോലെ സത്യസന്ധത പുലർത്തിയിരിക്കണം. അത് ശ്രീഹരി ചെയ്തിട്ടില്ല. അതുമാത്രമല്ല അർച്ചനയോട് ശ്രീഹരി ബ്രേക്കപ്പ് പറയാൻ പാർവ്വതിയുടെ ഇടപെടൽ ഒരു കാരണമായിട്ടുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കാലം അവർക്കുള്ള ശിക്ഷ നൽകിയിരിക്കും. സംഘർഷഭരിതമായിരുന്നു സുധീഷിന്റെ മനസ്സ്. പാർവ്വതിയിൽ നിന്നറിഞ്ഞ കാര്യങ്ങളൊക്കെ അവൻ അനീഷിനോടും പറഞ്ഞിരുന്നു. അർച്ചന വിഡ്ഢിയാക്കപ്പെട്ടതിൽ മാത്രം ഇരുവർക്കും കടുത്ത മാനസിക സംഘർഷം തോന്നി. പിന്നെ ഈ വിധി അർച്ചന ചോദിച്ചു വാങ്ങിയതാണ്.

അതുകൊണ്ട് അതവൾ ഒറ്റയ്ക്ക് തന്നെ അനുഭവിക്കുകയും വേണം. ************** നല്ല ക്ഷീണവും തളർച്ചയും തോന്നിയതിനാൽ രണ്ടുദിവസത്തേക്ക് അർച്ചന ജോലിയിൽ നിന്നും ലീവെടുത്തു. തനിക്കൊരു അമ്മയെ കിട്ടിയ വിവരം അവൾ നിത്യയെയും അനീഷിനെയും സുധീഷിനെയും വിളിച്ചറിയിച്ചിരുന്നു. അനിതയുടെ മരണത്തോടെ ഒറ്റയ്ക്കായിപ്പോയ അർച്ചനയ്ക്ക് കൂട്ടായി മറ്റൊരമ്മയെ കിട്ടിയല്ലോ എന്ന ആശ്വാസമായിരുന്നു മൂവർക്കും. ചെന്നൈ നഗരത്തിൽതന്നെ ഒരു ജോലി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു നിത്യയും. അർച്ചനയ്ക്ക് സഹായത്തിനായി വന്നുകൊണ്ടിരുന്ന മല്ലിയോട് അടുത്തമാസം മുതൽ വരേണ്ടതില്ലെന്നും അർച്ചനയുടെ കാര്യങ്ങൾ നോക്കാൻ ഇനിമുതൽ താനിവിടെ ഉണ്ടാകുമെന്നും സുധാമണി അവരെ അറിയിച്ചു. മകൾക്ക് അസുഖം കുറവില്ലാത്തതിനാൽ മല്ലിക്കും ജോലി മതിയാക്കേണ്ടി വരുന്നതിൽ വിഷമമൊന്നും തോന്നിയില്ല. അടുത്തമാസം വരെ നിൽക്കാതെ ഒരാഴ്ച കൂടെ ജോലി ചെയ്ത് ആ മാസത്തെ ശമ്പളം വാങ്ങി ജോലി മതിയാക്കാമെന്ന് മല്ലി തന്നെ അർച്ചനയോടും സുധാമണിയോടും പറഞ്ഞു. അങ്ങനെ ആ കാര്യത്തിലും ഒരു തീരുമാനമായി. **************

പാർവ്വതിയുടെ അച്ഛൻ തന്റെ സ്വാധീനമുപയോഗിച്ച് ശ്രീഹരിക്ക് തിരുവനന്തപുരത്ത് തന്നെ നിയമനം ശരിയാക്കികൊടുത്തു. അത് ശ്രീഹരിയുടെ അമ്മ ഗീതയ്ക്കും വളരെയധികം സന്തോഷം നൽകുന്ന കാര്യമായിരുന്നു. തന്റെ വാത്സല്യപുത്രൻ അരികിൽതന്നെ ഉണ്ടാകുമല്ലോ എന്നോർത്ത് അവർക്ക് സമാധാനമായി. അതിന് കാരണക്കാരനായ പാർവ്വതിയുടെ അച്ഛനോടും പാർവ്വതിയോടും അവർക്ക് ഇഷ്ടം കൂടിയതേയുള്ളു. മാത്രമല്ല തനിക്കും കൂടി ഇഷ്ടമായാൽ മാത്രമേ പാർവ്വതിയെ വിവാഹം ചെയ്യൂ ചേട്ടനെപ്പോലെ സ്വന്തം ഇഷ്ടം മാത്രം നോക്കി വിവാഹം ചെയ്യില്ലെന്ന് കൂടി ശ്രീഹരി പറഞ്ഞത് ഗീതയ്ക്ക് അവനോടുള്ള ഇഷ്ടം കൂടാൻ കാരണമായിരുന്നു. അധികം വൈകിപ്പിക്കാതെ തന്നെ ശ്രീഹരിയുടെയും പാർവ്വതിയുടെയും വിവാഹത്തിനുള്ള തിയ്യതി നിശ്ചയിക്കപ്പെട്ടു. അർച്ചനയോട് പ്രസവത്തിനായി ഹോസ്പിറ്റലിൽ അഡ്മിറ്റാകാൻ ഡോക്ടർ പറഞ്ഞ അതേ ദിവസമാണ് ശ്രീഹരിയുടെയും പാർവ്വതിയുടെയും വിവാഹത്തിനായുള്ള മുഹൂർത്തം കുറിക്കപ്പെട്ടതും. സുധീഷിനെയും കുടുംബത്തെയും ശ്രീഹരി പ്രത്യേകമായി വിവാഹത്തിന് ക്ഷണിച്ചിരുന്നു.

അന്നേദിവസം കല്യാണത്തിന് വരാനാകില്ലെന്നും അനീഷിനൊപ്പം ഒരു ജോബ് ഇന്റർവ്യൂനായി ചെന്നൈയ്ക്ക് പോകാനുണ്ടെന്നും സുധീഷ് ശ്രീഹരിയോട് മുൻകൂട്ടി തന്നെ പറഞ്ഞു. ശ്രീഹരിയിൽ അത് വിഷമമുണ്ടാക്കിയെങ്കിലും സുധീഷ് അത് കാര്യമാക്കിയില്ല. ************** ദിവസങ്ങൾ കടന്നുപോയി... അർച്ചനയുടെ ജീവിതചര്യകളും മാറ്റമില്ലാതെ തുടർന്നു. ഡെലിവറി അടുപ്പിച്ച് ലീവെടുക്കാമെന്ന ഉദ്ദേശത്തോടെ അവൾ ദിവസേന ജോലിക്ക് പോയി വന്നു. അന്ന് തലച്ചുറ്റി വീണ ശേഷം അർച്ചന ഓട്ടോയിലാണ് ഓഫീസിൽ പോയി വന്നിരുന്നത്. ചില ദിവസത്തെ വൈകുന്നേരങ്ങളിൽ നേരം വൈകി ഇറങ്ങുമ്പോൾ കിഷോർ തന്റെ കാറിൽ അവളെ വീട്ടിൽ കൊണ്ട് വിട്ടിരുന്നു. ആദ്യമൊക്കെ അർച്ചന ഒഴിഞ്ഞുമാറാൻ ശ്രമിച്ചിരുന്നെങ്കിലും ഒടുവിൽ അവന്റെ നിർബന്ധത്തിന് വഴങ്ങി അവൾക്ക് സമ്മതിക്കേണ്ടതായി വന്നു. ആ യാത്രകൾ അവർക്കിടയിൽ നല്ലൊരു സൗഹൃദം ഉടലെടുക്കാൻ കാരണമായി. ഒരുമിച്ചുള്ള യാത്രകളിൽ ഒരിക്കൽ പോലും കിഷോർ അർച്ചനയോട് വ്യക്തിപരമായ ചോദ്യങ്ങളൊന്നും ചോദിച്ചിരുന്നില്ല. അവളായി എപ്പോഴെങ്കിലും മനസ്സ് തുറക്കട്ടെയെന്ന് അവൻ കരുതി.

അനാവശ്യ ചോദ്യങ്ങൾ ചോദിച്ച് അർച്ചനയെ പോലൊരു നല്ല സുഹൃത്തിനെ നഷ്ടപ്പെടുത്താൻ അവനാഗ്രഹിച്ചിരുന്നില്ല. കിഷോറിനോട് അവളും ഒരിക്കൽ പോലും വീട്ടിലെ കാര്യങ്ങളൊന്നും ചോദിച്ചിട്ടില്ല. അങ്ങനെയൊരു സംഭാഷണം തങ്ങൾക്കിടയിലുണ്ടായാൽ സ്വാഭാവികമായും തിരിച്ചും ചോദ്യങ്ങൾ വന്നേക്കാം. അതുകൊണ്ടാണ് അർച്ചന അത്തരം സംസാരങ്ങൾ വേണ്ടെന്ന് വച്ചതും. സുധാമണിയോടൊപ്പമുള്ള അർച്ചനയുടെ ജീവിതം നന്നായി തന്നെ മുന്നോട്ട് പോയി. ഡെലിവറി ഡേറ്റ് അടുക്കുമ്പോൾ സുധീഷും അനീഷും എത്താമെന്ന് പറഞ്ഞിട്ടുണ്ട്. അവളുടെ പ്രസവത്തിനു കൂടെവന്ന് നിൽക്കാൻ പറ്റാത്തതിൽ നിത്യയ്ക്ക് നല്ല സങ്കടമുണ്ട്. വിചാരിച്ച പോലെ ചെന്നൈയിൽ ഒരു ജോലി തരപ്പെടുത്തുന്നത് അത്ര എളുപ്പമല്ലായിരുന്നു. അതുകൊണ്ട് നിത്യയ്ക്ക് അർച്ചനയുടെ അടുത്തേക്ക് വരാനും സാധിച്ചില്ല. ഒടുവിൽ മടുത്തപ്പോൾ നിത്യ നാട്ടിൽ തന്നെ അനീഷിന്റെ സഹായത്തോടെ ടെക്നോപാർക്കിൽ ജോലിക്ക് കയറി. ************** ഓഫീസിൽ പതിവുപോലെ തന്റെ ജോലികളിൽ മുഴുകിയിരിക്കുകയായിരുന്നു അർച്ചന. സമയം ഉച്ച തിരിഞ്ഞ് രണ്ടുമണി കഴിഞ്ഞിരുന്നു.

പെട്ടെന്നാണ് അവൾക്ക് അടിവയറ്റിൽ ശക്തമായ വേദന അനുഭവപ്പെട്ടത്. മുൻപും ഇതുപോലെ ഉണ്ടായിട്ടുണ്ടെങ്കിലും ഇത് തനിക്ക് സഹിക്കാനാവുന്നതിനും അപ്പുറമാണെന്ന് അർച്ചനയ്ക്ക് തോന്നി. കൈനീട്ടി മേശപ്പുറത്തിരുന്ന ബോട്ടിലെടുത്ത് തുറന്ന് അവൾ മതിവരുവോളം വെള്ളം കുടിച്ചുനോക്കി. പക്ഷേ വേദന കൂടുന്നതല്ലാതെ കുറയുന്നില്ല. വേദന കടിച്ചമർത്തി അവൾ കിഷോറിന്റെ സീറ്റിലേക്ക് നോക്കി. അവിടെ അവനുണ്ടായിരുന്നില്ല. കിഷോർ ലഞ്ച് കഴിക്കാൻ പോയിരിക്കുകയിരുന്നു. അർച്ചന വേഗം ഫോണെടുത്ത് കിഷോറിനെ വിളിച്ചു കാര്യം പറഞ്ഞു. അവൻ പെട്ടന്ന് തന്നെ ഊണ് കഴിക്കുന്നത് മതിയാക്കി അവൾക്കടുത്തേക്ക് ഓടിവന്നു. വേദനകൊണ്ട് ഞെളിപിരി കൊള്ളുന്ന അർച്ചനയെ കണ്ടപ്പോൾ കിഷോറൊന്ന് ഞെട്ടി. മേലധികാരിയോട് വിവരം ധരിപ്പിച്ചശേഷം അവൻ അവളെയും കൊണ്ട് വേഗം തന്നെ ഹോസ്പിറ്റലിലേക്ക് തിരിച്ചു. പോകുന്ന വഴിക്ക് സുധാമണിയെ വിളിച്ചു കാര്യം പറയുകയും നേരെ ഹോസ്പിറ്റലിലേക്ക് വരാൻ നിർദ്ദേശം കൊടുത്ത ശേഷം കിഷോർ കാറിന്റെ വേഗത വർധിപ്പിച്ചു.

ഹോസ്പിറ്റലിലെത്തിയ ഉടനെതന്നെ കിഷോർ, അർച്ചനയെ സ്ഥിരമായി നോക്കുന്ന ഡോക്ടറുടെ അടുത്തേക്ക് അവളെ കൊണ്ടുപോയി. എമർജൻസിയായി കൊണ്ടുവന്നതിനാൽ അപ്പോൾതന്നെ ഡോക്ടറെ കാണാൻ അവർക്ക് കഴിഞ്ഞു. അർച്ചനയെ ഡോക്ടർ വിശദമായിത്തന്നെ പരിശോധിച്ചു. അർച്ചനയ്ക്ക് പ്രസവത്തിനായി പറഞ്ഞിരുന്ന തിയതിയാകാൻ ഇനിയും നാല് ദിവസം കൂടിയുണ്ട്. കുറച്ചു കോംപ്ലിക്കേഷൻ ഉള്ളതിനാൽ അവളെ അപ്പോൾതന്നെ അവിടെ അഡ്മിറ്റ്‌ ചെയ്തു. നാലുദിവസത്തിനുള്ളിൽ തന്നെ പ്രസവമുണ്ടാകുമെന്ന് ഡോക്ടർ കിഷോറിനെ അറിയിച്ചു. കിഷോർ അർച്ചനയുടെ ഭർത്താവായിരിക്കുമെന്ന് കരുതി ഡോക്ടർ അവനോട് കാര്യങ്ങൾ വിശദമായി പറഞ്ഞു കൊടുത്തു. അവസാനനിമിഷം എന്തെങ്കിലും കാരണത്താൽ നോർമൽ ഡെലിവറി നടന്നില്ലെങ്കിൽ ഓപ്പറേഷൻ ചെയ്യേണ്ടി വരുമെന്നും ഡോക്ടർ പറഞ്ഞു. കിഷോർ എല്ലാം തലകുലുക്കി സമ്മതിച്ചു. സുധാമണി വരുന്നത് വരെ അർച്ചനയ്ക്കൊപ്പം കിഷോർ കൂട്ടിരുന്നു. അവർ വന്നപ്പോൾ അർച്ചനയെ സുധാമണിയെ നോക്കാനേൽപ്പിച്ച ശേഷം ഡെലിവറിക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങിവരാമെന്ന് പറഞ്ഞ് കിഷോർ പുറത്തേക്ക് പോയി.

അർച്ചനയെ അഡ്മിറ്റാക്കിയ വിവരം സുധാമണി അനീഷിനെ വിളിച്ചറിയിച്ചു. അന്ന് രാത്രി തന്നെ അനീഷും സുധീഷും തിരുവനന്തപുരത്ത് നിന്നും പുറപ്പെടാൻ തീരുമാനിച്ചു. ************** നാലുദിവസമായി അർച്ചനയ്ക്ക് ഇടയ്ക്കിടെ വേദന വന്ന് പോകുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ ഡോക്ടർ വന്ന് അവളെ നോക്കി പോയി. അന്ന് രാവിലെ എട്ടുമണിയൊക്കെ കഴിഞ്ഞപ്പോൾ അവൾക്ക് വീണ്ടും വേദന തുടങ്ങി. അർച്ചനയെ ലേബർറൂമിലേക്ക് മാറ്റി. പ്രസവം ഉടനെ കാണുമെന്ന് നേഴ്സ് എല്ലാവരോടുമായി പറഞ്ഞു. കുഴപ്പങ്ങളൊന്നും കൂടാതെ പ്രസവം നടക്കാനായി എല്ലാവരും പ്രാർത്ഥിച്ചുകൊണ്ടിരുന്നു. കിഷോറും സുധാമണിയും അനീഷും സുധീഷുമെല്ലാം നല്ല വാർത്ത മാത്രം കേൾക്കാനായി ആഗ്രഹിച്ച് പ്രാർത്ഥനയോടെ നിമിഷങ്ങൾ തള്ളിനീക്കി. നേരത്തെതന്നെ കുറച്ചു കോംപ്ലിക്കേഷൻസ് ഉണ്ടെന്ന് ഡോക്ടർ പറഞ്ഞിരുന്നതുകൊണ്ട് കിഷോറിന്റെയുള്ളിൽ അകാരണമായൊരു ഭീതി ഉടലെടുത്തിരുന്നു.

അർച്ചനയുടെ കാര്യമാലോചിച്ച് എല്ലാവർക്കും നല്ല ടെൻഷനുണ്ട്. പുറമെ സൗമ്യഭാവമാണെങ്കിലും എല്ലാവരുടെയും ഉള്ളിൽ ഒരു കടലിരമ്പുന്നുണ്ടായിരുന്നു. അശുഭകരമായ എന്തോ നടക്കാൻ പോവുകയാണെന്ന് കിഷോറിന് തോന്നാൻ തുടങ്ങി. മനസ്സിന്റെ പിറുമുറുക്കം താങ്ങാൻ അവന് കഴിയുന്നുണ്ടായിരുന്നില്ല. മറ്റുള്ളവരുടെ അവസ്ഥയും അതുതന്നെയായിരുന്നു. വർധിച്ച ചിന്താഭാരത്തോടെ നാലുപേരും മൂകരായി നിലകൊണ്ടു. സമയം ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു. അതേസമയം തിരുവനന്തപുരത്തെ അനന്തപുരി ഓഡിറ്റോറിയത്തിൽ കല്യാണ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ശ്രീഹരിക്കരികിലായി കതിർമണ്ഡപത്തിൽ സർവ്വാഭരണ വിഭൂഷിതയായി പാർവ്വതി വന്നിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീഹരി പാർവ്വതിയുടെ കഴുത്തിൽ താലിചാർത്തി. താലികെട്ട് നടന്ന അതേ മുഹൂർത്തത്തിലാണ് ഹോസ്പിറ്റലിൽ ആ സംഭവം അരങ്ങേറിയത്......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story