വിരൽത്തുമ്പിലാരോ : ഭാഗം 29

viralthumbil aro

രചന: ശിവാ എസ് നായർ

ശ്രീഹരിക്കരികിലായി കതിർമണ്ഡപത്തിൽ സർവ്വാഭരണ വിഭൂഷിതയായി പാർവ്വതി വന്നിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീഹരി പാർവ്വതിയുടെ കഴുത്തിൽ താലിചാർത്തി. താലികെട്ട് നടന്ന അതേ മുഹൂർത്തത്തിലാണ് ഹോസ്പിറ്റലിൽ ആ സംഭവം അരങ്ങേറുന്നത്. "ഡോക്ടർ... അർച്ചനയ്ക്ക് പെട്ടന്ന് ഫിറ്റ്സ് വന്നു. പേഷ്യന്റിപ്പോ അൺകോൺഷ്യസാണ്." മറ്റൊരു പേഷ്യന്റിന്റെ അരികിലായിരുന്ന ഡോക്ടറോട് അർച്ചനയെ പരിചരിച്ചുകൊണ്ടിരുന്ന നേഴ്സ് ഓടിവന്നു പറഞ്ഞു. "വരൂ..." ഡോക്ടർ വേഗംതന്നെ നഴ്സിനൊപ്പം അർച്ചനയ്‌ക്കരികിലേക്ക് നടന്നു. മലയാളിയായ ഡോക്ടറും നേഴ്സുമായിരുന്നു അവർ. അതുകൊണ്ട് കൂടിയാണ് അർച്ചന ആ ഹോസ്പിറ്റലിൽതന്നെ ചെക്കപ്പൊക്കെ നടത്തിയതും ഡെലിവറിക്കായി തിരഞ്ഞെടുത്തതും. "അർച്ചനാ... അർച്ചനാ..." ഡോക്ടർ അവളുടെ കവിളിൽ തട്ടിവിളിച്ചു. ചെറിയൊരു ഞരക്കത്തോടെ അർച്ചന മിഴികൾ തുറക്കാനൊരു ശ്രമം നടത്തിയെങ്കിലും അവൾ വീണ്ടും അബോധാവസ്ഥയിലേക്ക് പോയി.

"പേഷ്യന്റിന് സിസേറിയൻ വേണ്ടിവരും. ഇനിയും വൈകിയാൽ കുഞ്ഞുങ്ങൾ ചിലപ്പോൾ മഷിയിറക്കിയെന്ന് വരും." "അർച്ചനയെ ഓപ്പറേഷൻ തിയ്യറ്ററിലേക്ക് ഷിഫ്റ്റ്‌ ചെയ്യട്ടെ ഡോക്ടർ?" "വരട്ടെ... കുറച്ചുസമയം കൂടി നോക്കാം. അർച്ചനയ്ക്ക് ബോധം തെളിഞ്ഞാൽ നോർമൽ ഡെലിവറി തന്നെ നടക്കും. അല്ലെങ്കിൽ സിസേറിയൻ വേണ്ടിവരും. എങ്കിലും റിസ്ക് എടുക്കണ്ട, പേഷ്യന്റിന്റെ ഹസ്ബൻഡിനെക്കൊണ്ട് ഓപ്പറേഷനുള്ള കൺസന്റ് സൈൻ ചെയ്ത് വാങ്ങിച്ചോളൂ." "ഓക്കേ ഡോക്ടർ..." നേഴ്സ് വേഗംതന്നെ ഓപ്പറേഷനുള്ള സമ്മതപത്രം ഒപ്പിട്ട് വാങ്ങാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ലേബർ റൂമിന് വെളിയിൽ ആധിയോടെ ഇരിക്കുകയായിരുന്നു അവർ നാലുപേരും. കിഷോറിനെയും സുധാമണിയെയും അർച്ചനയുടെ കൂടെ കണ്ടിട്ടുള്ള പരിചയമുള്ളതിനാൽ നേഴ്സ് അവർക്കരികിലേക്കാണ് ചെന്നത്. "അർച്ചനയ്ക്ക് കുറച്ച് സീരിയസാണ്. ഓപ്പറേഷൻ വേണ്ടിവരും. അർച്ചനയുടെ ഹസ്ബൻഡ് ഈ സമ്മതപത്രത്തിലൊന്ന് ഒപ്പിട്ട് തരണം." കിഷോർ അവളുടെ ഹസ്ബൻഡാണെന്ന ധാരണയിൽ നേഴ്സ് തന്റെ കൈയ്യിലിരുന്ന സമ്മതപത്രം അവന് നേരെ നീട്ടി. "ഓക്കേ സിസ്റ്റർ..."

സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്തുകൊണ്ട് മറ്റൊന്നും ആലോചിക്കാതെത്തന്നെ കിഷോർ അതിൽ സൈൻ ചെയ്തുനൽകി. അവന്റെയാ പ്രവൃത്തി കണ്ട് മറ്റുള്ളവർ ഒന്ന് അമ്പരന്നു പോയി. കിഷോറിനോടുള്ള നന്ദി മൂവരുടെയും മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു. പരസ്പരം ഒന്നും ചോദിക്കാനോ പറയാനോ ഉള്ള മാനസികാവസ്ഥയിലല്ലായിരുന്നതുകൊണ്ട് ആരുമൊന്നും മിണ്ടിയില്ല. എല്ലാവരുടെയും നോട്ടം ലേബർ റൂമിന്റെ വാതിൽക്കലേക്ക് തന്നെയായിരുന്നു. ഭിത്തിയിലേക്ക് ചാരി കണ്ണുകൾ അടച്ചിരിക്കുകയാണ് കിഷോർ. അർച്ചനയെ കുറിച്ചോർത്തുള്ള ആശങ്കയിൽ അവന്റെ മനസ്സിലൂടെ നല്ലതല്ലാത്ത പലചിന്തകളും കടന്നുപോയി. കണ്ണടച്ചിരുന്നപ്പോൾ, വെള്ളപുതപ്പിച്ച് സ്‌ട്രെച്ചറിൽ കിടത്തി കൊണ്ടുവരുന്ന അർച്ചനയുടെ മുഖമാണ് കിഷോറിന്റെ മനസ്സിൽ തെളിഞ്ഞുവന്നത്. അസ്വസ്ഥതയോടെ അവൻ ഇരുന്നിടത്ത് നിന്നെഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി. മറ്റുള്ളവരുടെ മനസ്സും കലുഷിതമായിരുന്നു. സമയം ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു. പ്രതീക്ഷിച്ച പോലെ അർച്ചനയ്ക്ക് ഓപ്പറേഷൻ വേണ്ടിവന്നില്ല. കുറച്ചുസമയം കഴിഞ്ഞപ്പോൾ അവൾക്ക് ഓർമ്മ തെളിഞ്ഞു. കോംപ്ലിക്കേഷൻസ് ഉണ്ടായിരുന്നെങ്കിലും അവസാനനിമിഷം അർച്ചനയ്ക്ക് നോർമൽ ഡെലിവറി തന്നെ നടന്നു.

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അവൾ രണ്ട് കുട്ടികൾക്ക് ജന്മം നൽകി. ഒരു ആൺകുട്ടിയും, ഒരു പെൺകുട്ടിയും. ലേബർ റൂമിന്റെ വാതിലുകൾ തുറക്കപ്പെട്ടു. ആകാംക്ഷയോടെ കാത്തിരുന്ന നാലുജോഡി കണ്ണുകൾ ലേബർ റൂമിൽ നിന്നും പുറത്തേക്ക് വന്ന നേഴ്സുമാരുടെ കൈയ്യിലിരുന്ന കുഞ്ഞുങ്ങളിലേക്ക് നീണ്ടു. വെള്ളത്തുണിയിൽ പൊതിഞ്ഞെടുത്ത രണ്ട് കുഞ്ഞുങ്ങളെയുംകൊണ്ട് നേഴ്സുമാർ അവർക്കരികിലേക്ക് വന്നു. "അർച്ചന പ്രസവിച്ചു... മോനും മോളും ആണ്." ഒരു നേഴ്സ് അവരോട് പറഞ്ഞു. നേഴ്സിന്റെ വാക്കുകൾ കേട്ട് നാലുപേരും അതിയായി സന്തോഷിച്ചു. അത്രനേരം അവരനുഭവിച്ച ടെൻഷൻ ആ നിമിഷം അവസാനിച്ചു. സുധാമണിയും അനീഷുമാണ് ആദ്യം കുഞ്ഞുങ്ങളെ വാങ്ങിയത്. കിഷോറും സുധീഷും അവരുടെ കൈകളിൽ നിന്നും കുഞ്ഞുങ്ങളെ വാങ്ങി കണ്ണുനിറച്ചുകണ്ടു. എല്ലാവരും മാറി മാറി എടുത്തശേഷം നേഴ്സുമാർ കുട്ടികളെ അവരുടെ കൈയ്യിൽ നിന്നും തിരികെ വാങ്ങി.

കുറച്ചു കഴിഞ്ഞാൽ അർച്ചനയെ റൂമിലേക്ക് മാറ്റുമെന്ന് അവരെ അറിയിച്ച ശേഷം നേഴ്സുമാർ കുട്ടികളെയും കൊണ്ട് ലേബർ റൂമിലേക്ക് പോയി. സന്തോഷം കാരണം അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അനീഷ് ഉടനെത്തന്നെ നിത്യയെ വിളിച്ച് അർച്ചന പ്രസവിച്ച വിവരം പറഞ്ഞു. കുഴപ്പങ്ങളൊന്നും കൂടാതെ അർച്ചനയുടെ ഡെലിവറി കഴിഞ്ഞെന്ന് കേട്ടപ്പോൾ നിത്യയ്ക്കും ഭയങ്കര സന്തോഷമായി. ആ സമയം അവളോടൊപ്പം നിൽക്കാൻ പറ്റാത്തതിലുള്ള വിഷമം നിത്യയ്ക്കുണ്ടായിരുന്നു. ************** താലികെട്ട് കഴിഞ്ഞ് ശ്രീഹരിയുടെ കൈപിടിച്ച് പാർവ്വതിയുടെ കൈയ്യിലേക്ക് ചേർത്തുവച്ച് അവളുടെ അച്ഛൻ മഹേഷ്‌ കന്യാദാനം നടത്തി. ആ സമയത്തൊക്കെ പാർവ്വതിയുടെ കണ്ണുകൾ ഓഡിറ്റോറിയമാകെ ആരെയോ തിരയുകയായിരുന്നു. "നീയിത് ആരെയാ നോക്കുന്നത്?" ചുറ്റിലും കണ്ണുകൾ കൊണ്ട് പരതുന്ന അവളെ ശ്രീഹരിയും കുറച്ചുനേരമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. "അർച്ചന ടീച്ചർ വന്നില്ലേ നമ്മുടെ കല്യാണത്തിന്. അവരെ ഈ ആൾക്കൂട്ടത്തിലൊന്നും കാണുന്നില്ലല്ലോ.?" "ഞാൻ അവളെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ലായിരുന്നു. പിന്നെങ്ങനെ വരാനാണ്?"

"അവരുംകൂടി വേണമായിരുന്നു നമ്മുടെ കല്യാണം കാണാൻ." പാർവ്വതിയുടെ സ്വരത്തിൽ നിരാശ കലർന്നിരുന്നു. "എന്തിന്?" അവൻ ചോദ്യഭാവത്തിൽ അവളെ നോക്കി. "എന്റെ ഹരിയേട്ടനെ കുറേനാൾ അവരും മനസ്സിലിട്ട് കൊണ്ടുനടന്നതല്ലേ. നിങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നെന്ന് അറിഞ്ഞപ്പോൾതന്നെ എനിക്ക് സഹിക്കാൻ പറ്റിയില്ല. ഹരിയേട്ടൻ എന്റെയാ... എന്റെ മാത്രം. അവരെന്നല്ല ഒരുപെണ്ണും ഹരിയേട്ടനെ സ്നേഹിക്കുന്നതോ ഓർക്കുന്നതോ എനിക്കിഷ്ടമല്ല. ഞാൻ സ്നേഹിക്കുന്നപോലെ ഹരിയേട്ടനെ സ്നേഹിക്കാൻ ആർക്കുമാവില്ല. എന്റെ സ്നേഹം സത്യമായത് കൊണ്ടാ ഹരിയേട്ടനെ എനിക്ക് സ്വന്തമാക്കാൻ കഴിഞ്ഞത്. ഹരിയേട്ടന്റെ സ്ഥാനത്ത് മറ്റൊരാളെ ചിന്തിക്കാൻ എനിക്കാവില്ല. വർഷങ്ങൾക്ക് മുൻപേ മനസ്സിൽ പതിഞ്ഞുപോയൊരു മുഖമാണിത്. എനിക്കിപ്പോഴും നമ്മുടെ കല്യാണം കഴിഞ്ഞുവെന്ന് വിശ്വസിക്കാനാകുന്നില്ല. സ്വപ്നം പോലെ തോന്നുവാ. നമ്മുടെ ഈ സന്തോഷ നിമിഷങ്ങൾ കാണാൻ അർച്ചന ടീച്ചറും വേണമായിരുന്നു. ഹരിയേട്ടനെ ആഗ്രഹിക്കാൻ എന്ത് യോഗ്യതയുണ്ടായിരുന്നു അവർക്ക്. ഇവിടെയിപ്പോ അവരുണ്ടായിരുന്നെങ്കിൽ എന്തെങ്കിലും പറഞ്ഞേനെ ഞാൻ. നല്ലൊരു ചാൻസാണ് മിസ്സായത്.

ഹരിയേട്ടനെന്തായാലും അർച്ചന ടീച്ചറെയും കല്യാണത്തിന് വിളിക്കുമെന്ന് ഞാൻ വിചാരിച്ചു. സമീർ സാറിന്റെ ട്യൂഷൻ സെന്ററിൽ പഠിപ്പിച്ചിരുന്നവരെല്ലാവരും ഉണ്ടായിരുന്നല്ലോ. അവരുടെ കൂട്ടത്തിൽ അർച്ചന ടീച്ചറെയും ഞാൻ പ്രതീക്ഷിച്ചതായിരുന്നു." പാർവ്വതിയുടെ സംസാരം ശ്രീഹരിയെ അസ്വസ്ഥനാക്കി. "ഞാൻ മനഃപൂർവ്വം അറിയിക്കാതിരുന്നതാണ്. അവളുടെ അമ്മ മരിച്ചിട്ട് അധികനാളൊന്നുമായിട്ടില്ല. ഞാൻ അവസാനമായി അർച്ചനയെ കാണുന്നതുതന്നെ അവളുടെ അമ്മ മരിച്ച ദിവസമാണ്. അന്ന് അവിടെ പോയിട്ട് തിരിച്ചുവരുമ്പോഴാണ് ആക്‌സിഡന്റ് ഉണ്ടായത്. അതൊക്കെ നിനക്കറിയാലോ. അതിനുശേഷം അർച്ചനയെ കാണുകയോ വിളിക്കുകയോ ചെയ്തിട്ടില്ല ഞാൻ. അവളുമായി ഒരു കോൺടാക്ട് വേണ്ടെന്ന് വച്ചതാ ഞാൻ. പഴയതൊക്കെ മനസ്സിലിട്ട് നടക്കുകയാണ് അവളെങ്കിൽ ചിലപ്പോൾ എന്റെ തലയിൽ തൂങ്ങാൻ ഒരവസരം കിട്ടിയാൽ അർച്ചനയതിന് മുതിരുകയും ചെയ്യും. അവൾക്കാകെയുണ്ടായിരുന്ന അമ്മയും മരിച്ചുപോയില്ലേ.

അതൊക്കെക്കൊണ്ടാ ഞാൻ അന്വേഷിക്കാൻ പോകാത്തത്. എനിക്ക് ആക്‌സിഡന്റ് ഉണ്ടായതൊന്നും അവൾ അറിഞ്ഞുകാണാൻ വഴിയില്ല. അല്ലെങ്കിൽ എന്നെക്കാണാൻ അന്നേതന്നെ ഹോസ്പിറ്റലിൽ വന്നേനെ. എങ്കിൽ പിന്നെ തലയിൽ നിന്ന് ന്ന് ഒഴിവാക്കാൻ ബുദ്ധിമുട്ടിയേനെ ഞാൻ. ഇപ്പോ എവിടെയാണെന്നോ എങ്ങനെ ജീവിക്കുന്നുണ്ടെന്നോ അറിയില്ല. ഒരുകണക്കിന് അതൊന്നും അന്വേഷിക്കാത്തതും നല്ലതല്ലേ. അവസാനം കാണുമ്പോഴും എന്നെ മറക്കാനാവുന്നില്ല എന്നാണ് അർച്ചന പറഞ്ഞത്." പാർവ്വതിയെ ഒന്ന് ചൊടിപ്പിക്കാൻ വേണ്ടിയാണ് ശ്രീഹരി അവസാനം അങ്ങനെ പറഞ്ഞത്. അത് ഏൽക്കുകയും ചെയ്തു. "ഛേ... നാണമില്ലാത്തവൾ. പരസ്പരം പറഞ്ഞൊഴിവായിട്ടും എന്റെ ഹരിയേട്ടനെ മനസ്സിലിട്ട് നടക്കാൻ അവൾക്ക് നാണമില്ലല്ലോ. ഏതായാലും അവളെ കല്യാണത്തിന് വിളിക്കാത്തത് നന്നായി. എങ്ങാനും വക്രബുദ്ധി തോന്നി നമ്മുടെ വിവാഹം മുടക്കിയിരുന്നെങ്കിലോ. ഇത്രയും വർഷമായിട്ടും ഹരിയേട്ടനെ മറക്കാതെ മനസ്സിൽ കൊണ്ടുനടക്കുന്നവൾ ചിലപ്പോൾ അതിനും മടിക്കില്ല." അർച്ചനയോടുള്ള അവളുടെ വെറുപ്പ് വാക്കുകളിൽ പ്രകടമായിരുന്നു.

"നമ്മൾ ഒത്തിരി കാത്തിരുന്ന ദിവസമാണിത്. ഈ ദിവസത്തിന്റെ സന്തോഷവും മനോഹാരിതയും അർച്ചനയുടെ കാര്യമാലോചിച്ച് ഇല്ലാതാക്കണ്ട നീ. അവൾ അവളുടെ കാര്യം നോക്കി പോയില്ലേ. ഇനി നമുക്കിടയിലേക്ക് ആരും വരില്ല. നീ ആഗ്രഹിച്ചപോലെ എല്ലാം നടന്നില്ലേ പാറു." "എല്ലാം ശരിയാണ്... പക്ഷേ ഹരിയേട്ടനെ അവൾ മനസ്സുകൊണ്ട് പോലും ആഗ്രഹിക്കുന്നത് എനിക്കിഷ്ടമല്ല. ഹരിയേട്ടൻ എന്റെ മാത്രം സ്വന്തമാണ്. ഇന്നുതന്നെ ഫേസ്ബുക്കിൽ നമ്മുടെ വിവാഹ ഫോട്ടോ പ്രൊഫൈൽ പിക്ചറായിട്ട് അപ്ഡേറ്റ് ചെയ്യണം. അവൾ കാണട്ടെ... ഹരിയേട്ടനിപ്പോ മറ്റൊരു പെണ്ണിന്റെ സ്വന്തമാണെന്ന് അറിഞ്ഞിട്ടെങ്കിലും അവൾ ഏട്ടനെ മറക്കട്ടെ..." "അതൊക്കെ വീട്ടിൽ പോയിട്ട് ചെയ്യാം നമുക്ക്. നീ വാ ഫോട്ടോഗ്രാഫർ ഔട്ട്ഡോർ ഫോട്ടോയെടുക്കാൻ വിളിക്കുന്നുണ്ട്." പാർവ്വതിയുടെ കൈപിടിച്ച് ശ്രീഹരി ഓഡിറ്റോറിയത്തിന് വെളിയിലേക്ക് നടന്നു. ശ്രീഹരിയുടെ അമ്മ ഗീത, തന്റെ മൂത്ത മരുമകളുടെ വീട്ടുകാരുടെ മുൻപിൽ പാർവ്വതിയെയും അവളുടെ ബന്ധുക്കളെപ്പറ്റിയുമുള്ള ഗുണഗണങ്ങൾ വാ തോരാതെ സംസാരിക്കുകയും, അവരെയൊക്കെ ഓടിനടന്ന് പരസ്പരം പരിചയപ്പെടുത്തുന്ന തിരക്കിലുമായിരുന്നു.

വാക്കിലും നോക്കിലും ആവശ്യത്തിൽ കൂടുതൽ പൊങ്ങച്ചം വാരിവിതറാൻ ഗീത മറന്നിരുന്നില്ല. ഗീതയുടെ മൂത്ത മരുമകൾ ലക്ഷ്മിക്ക് തന്നെയും തന്റെ വീട്ടുകാരെയും കാണിക്കാനാണ് അവരിതൊക്കെ കാട്ടികൂട്ടുന്നതെന്ന് മനസ്സിലാകുന്നുണ്ടായിരുന്നു. അവൾ അതൊന്നും അത്ര കാര്യമാക്കാൻ പോയില്ല. അല്ലെങ്കിലും ഗീതയുടെ പൊങ്ങച്ചം നിറഞ്ഞ സംസാരവും ധാർഷ്ട്യം നിറഞ്ഞ സ്വഭാവവും അവൾക്ക് തീരെ ഇഷ്ടമല്ല. അതുകൊണ്ടുതന്നെ അവർ തമ്മിൽ മാനസികമായി അധികം അടുപ്പവുമില്ലായിരുന്നു. ശ്രീഹരിയുടെയും പാർവ്വതിയുടെയും ആഗ്രഹം പോലെ അവരുടെ വിവാഹം മംഗളമായിത്തന്നെ നടന്നു. ഫോട്ടോഷൂട്ടും സദ്യ കഴിക്കലുമൊക്കെ കഴിഞ്ഞ് വരനും വധുവും കയറിയ കാർ ശ്രീഹരിയുടെ വീട്ടിലേക്ക് യാത്രയായി. ആളുകൾ പലവഴി പിരിഞ്ഞുപോയി. ആളും ആരവവും ഒഴിഞ്ഞ് ഓഡിറ്റോറിയം ശാന്തമായി. പാർവ്വതിയുടെ അച്ഛൻ വിവാഹസമ്മാനമായി നൽകിയ പുതിയ കാറിലായിരുന്നു ഇരുവരുടെയും യാത്ര.

റോസാപ്പൂക്കൾ കൊണ്ട് അലങ്കരിച്ച കാറിൽ വരനും വധുവും വന്നിറങ്ങി. എഴ് തിരിയിട്ട് കത്തിച്ച നിലവിളക്കുമായി പാർവ്വതിയെ സ്വീകരിക്കാൻ ഗീത മുന്നിൽ തന്നെയുണ്ടായിരുന്നു. അവരുടെ കൈയ്യിൽനിന്നും നിലവിളക്ക് വാങ്ങി, പ്രാർത്ഥനയോടെ വലതുകാൽ വച്ച് പാർവ്വതി ഗൃഹപ്രവേശം നടത്തി. വൈകുന്നേരം വീട്ടിൽ തന്നെയാണ് റിസപ്ഷൻ വച്ചിരുന്നത്. അതുകൊണ്ടുതന്നെ ഗൃഹപ്രവേശം കഴിഞ്ഞുള്ള ചടങ്ങുകൾ പെട്ടന്ന് ചെയ്തുതീർത്തു. റിസപ്ഷന് വേണ്ടി പാർവ്വതിയെ അണിയിച്ചൊരുക്കാൻ ബ്യൂട്ടിഷനും എത്തിച്ചേർന്നു. പിന്നെ കാര്യങ്ങളെല്ലാം വളരെ വേഗത്തിലായിരുന്നു. ശ്രീഹരിയും പാർവ്വതിയും തങ്ങളുടെ സ്വപ്നസാഫല്യത്തിന്റെ ആത്മസംതൃപ്തിയിലായിരുന്നു. എല്ലാം മറന്നുകൊണ്ട് പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുമ്പോൾ ശ്രീഹരി അറിഞ്ഞിരുന്നില്ല തന്റെ ബീജങ്ങളിൽ നിന്നും അർച്ചനയുടെ ഉദരത്തിൽ ജന്മംകൊണ്ട രണ്ട് കുഞ്ഞുങ്ങൾ ഭൂമിയിലേക്ക് പിറന്നുവീണത്. **************

മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ അർച്ചനയെ റൂമിലേക്ക് മാറ്റി. തന്റെ രണ്ടുമക്കളെയും നെഞ്ചോട് ചേർത്ത് നിറഞ്ഞ മനസ്സോടെയാണ് അർച്ചന പാലൂട്ടിയത്. ആ കുരുന്നുകളുടെ മുഖത്തേക്ക് നോക്കുമ്പോൾ അവളൊരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്തൊരു മുഖവും അർച്ചനയുടെ മനസ്സിലേക്ക് കടന്നുവന്നു. എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും തന്റെ കുട്ടികളുടെ അച്ഛൻ ശ്രീഹരിയാണെന്ന സത്യം ഒരിക്കലും നിഷേധിക്കാനാവില്ല. എന്നെങ്കിലും സത്യങ്ങൾ മനസ്സിലാക്കി കുഞ്ഞുങ്ങളിൽ അവകാശവാദമുന്നയിച്ച് അവൻ വരുകയാണെങ്കിൽ താൻ നൊന്ത് പ്രസവിച്ച മക്കളെ ശ്രീഹരിക്ക് വിട്ടുകൊടുക്കില്ലെന്നവൾ മനസ്സിലുറപ്പിച്ചു. കൂടുതൽ ചിന്തിച്ചപ്പോൾ അവൾക്ക് തന്നെ തോന്നി, അവനൊരിക്കലും ആ സാഹസത്തിന് മുതിരില്ലെന്ന്. കാരണം പൊതുസമൂഹത്തിന് മുന്നിൽ തികഞ്ഞ അഭിമാനിയായി ജീവിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ശ്രീഹരി. അങ്ങനെയുള്ള ഒരാൾ ഈ കുട്ടികൾക്ക് മേലുള്ള പിതൃത്വം താൻ ആരോപിച്ചാൽ പോലും നിഷേധിക്കുകയേയുള്ളൂ. പാലുകുടിച്ച് കഴിഞ്ഞതും കുട്ടികൾ ഉറക്കമായി. ബെഡിനോട് ചേർന്ന് രണ്ട് തൊട്ടിലുകളിലായിട്ടാണ് സുധാമണി കുഞ്ഞുങ്ങളെ കിടത്തിയത്. ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളെ അർച്ചന വാത്സല്യത്തോടെ നോക്കിക്കിടന്നു. **************

നാലുദിവസങ്ങൾക്ക് ശേഷം അർച്ചനയെയും കുഞ്ഞുങ്ങളെയും ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു. കിഷോറിന്റെ കാറിലാണ് അവരെ വീട്ടിലേക്ക് കൊണ്ടുപോയത്. ഹോസ്പിറ്റലിൽ അർച്ചനയുടെ എല്ലാ ആവശ്യത്തിനും സഹായമായി സുധീഷിനും അനീഷിനുമൊപ്പം കിഷോറുമുണ്ടായിരുന്നു. ഒരാഴ്ച കൂടി കഴിഞ്ഞേ സുധീഷും അനീഷും നാട്ടിലേക്ക് മടങ്ങിപ്പോകൂ. അർച്ചനയെയും കുട്ടികളെയും വീട്ടിലാക്കിയ കുറച്ചുസമയം അവരോടൊപ്പം ചിലവഴിച്ച ശേഷം തിരികെപ്പോകാൻ തുടങ്ങുകയായിരുന്നു കിഷോർ. "കിഷോർ..." എല്ലാവരോടും യാത്ര പറഞ്ഞ് കിഷോർ തന്റെ കാറിനരികിലേക്ക് നടക്കുമ്പോഴാണ് സുധീഷ് അവനെ പിന്നിൽനിന്നും വിളിച്ചത്. "എന്താ സുധീഷ്..." ചോദ്യഭാവത്തോടെ കിഷോർ പിന്തിരിഞ്ഞ് അവനെ നോക്കി. "എനിക്കൊരു കാര്യം കിഷോറിനോട് ചോദിക്കാനുണ്ടായിരുന്നു." "ഓക്കേ... ചോദിക്കൂ.." തെല്ലൊരു ആകാംക്ഷയോടെ കിഷോർ അവനെ നോക്കി. അപ്പോഴേക്കും അനീഷും അവർക്കടുത്തേക്ക് വന്നു. "കിഷോറിന് അർച്ചനയെ ഇഷ്ടമാണോ? അവളോടുള്ള തന്റെ സമീപനം കാണുമ്പോൾ ഞങ്ങൾക്കങ്ങനെ ഫീൽ ചെയ്തു. അതുകൊണ്ടാണ് തുറന്നുചോദിക്കുന്നത്." സുധീഷ് മുഖവുരയൊന്നും കൂടാതെത്തന്നെ കിഷോറിനോട് തങ്ങളുടെ മനസ്സിൽ തോന്നിയ സംശയം ചോദിച്ചു. സുധീഷിന്റെ ചോദ്യത്തിന് മുന്നിൽ കിഷോറൊന്ന് അമ്പരന്നു. പിന്നെ തെല്ലൊരു പുഞ്ചിരിയോടെ അവൻ തന്റെ മറുപടി പറഞ്ഞു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story