വിരൽത്തുമ്പിലാരോ : ഭാഗം 32

viralthumbil aro

രചന: ശിവാ എസ് നായർ

വിവാഹത്തിന് ഒരാഴ്ച ബാക്കിനിൽക്കെ, അർച്ചനയും കിഷോറും സുധാമണിയും കുട്ടികളെയും കൂട്ടി ചെന്നൈയിൽ നിന്നും യാത്ര തിരിച്ചു. ഇതിനിടയിൽ അനീഷിന്റെ സഹായത്തോടെ നാട്ടിലുള്ള വീടും സ്ഥലവും വിറ്റ് ബാക്കി പൈസ ലോണെടുത്ത് സിറ്റിയിൽത്തന്നെ അർച്ചന ഒരു വീട് വാങ്ങിയിരുന്നു. അങ്ങോട്ടേക്കാണ് അവരിപ്പോ പോകുന്നത്. അർച്ചനയുടെ ആ വരവ് ചില ജീവിതങ്ങൾ മാറ്റിമറിക്കാൻ പോവുകയാണെന്ന സത്യം ആരുമറിഞ്ഞില്ല. ശനിയാഴ്ച രാവിലെ പത്തര മണിയോടെ അർച്ചന തിരുവനന്തപുരത്ത് താൻ വാങ്ങിയ പുതിയ വീട്ടിൽ എത്തിച്ചേർന്നു. അവർക്ക് ആ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുക്കാനായി അനീഷും വന്നു. ഒരു ഹാളും മൂന്ന് ബെഡ്‌റൂമും അറ്റാച്ച്ഡ് ബാത്ത്റൂമും അടുക്കളയും വർക്ക് ഏരിയയും ചേർന്ന വീടായിരുന്നു അത്. അർച്ചനയ്ക്ക് വീടും പരിസരവും നന്നായി ബോധിച്ചു. അവർ വരുന്നതുകൊണ്ട് തലേദിവസം അനീഷ് വീടൊക്കെ അടിച്ചുതുടച്ച് വൃത്തിയാക്കി ഇട്ടിട്ടുണ്ടായിരുന്നു.

കുഞ്ഞുങ്ങൾ രണ്ടും ഉറക്കമായിരുന്നതിനാൽ ഇരുവരെയും സുധാമണി അകത്തെ മുറിയിൽ കൊണ്ടുകിടത്തി. ഒരാഴ്ചത്തേക്ക് അവർക്ക് അത്യാവശ്യം വേണ്ട പലചരക്ക് സാധനങ്ങളും മലക്കറിയുമൊക്കെ വരുന്ന വഴിക്കുതന്നെ അനീഷ് വാങ്ങികൊണ്ട് വന്നിരുന്നു. പുതിയ വീട്ടിൽ ആളുകളെ കണ്ടപ്പോൾ അടുത്തുള്ള വീടുകളിൽ താമസിക്കുന്നവർ അവരെ വന്ന് പരിചയപ്പെട്ടു. കിഷോർ അർച്ചനയുടെ ഭർത്താവാണെന്നാണ് അയല്പക്കത്തുള്ളവർ വിചാരിച്ചത്. അർച്ചനയ്ക്ക് അത് തിരുത്തിപ്പറയണമെന്നുണ്ടായിരുന്നെങ്കിലും അതിന് പിന്നാലെ വരുന്ന നൂറുചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരുമല്ലോന്ന് ഓർത്തപ്പോൾ അവളത് വേണ്ടെന്ന് വച്ചു. ഒരാഴ്ചത്തേക്ക് തിരുവനന്തപുരത്ത് തങ്ങാൻ ഹോട്ടൽ റൂം ബുക്ക് ചെയ്യാനുള്ള പുറപ്പാടിലായിരുന്നു കിഷോർ. തല്ക്കാലം ഹോട്ടലിൽ ഒന്നും താമസിക്കണ്ട തങ്ങൾക്കൊപ്പം ഈ വീട്ടിൽ തന്നെ കഴിയാമെന്ന് അർച്ചന നിർബന്ധിച്ചു പറഞ്ഞപ്പോൾ കിഷോറും അത് സമ്മതിച്ചു.

എല്ലാവർക്കും ദൂരയാത്ര ചെയ്തതിന്റെ ക്ഷീണമുണ്ടായിരുന്നതിനാൽ അന്നത്തെ ദിവസം വിശ്രമിച്ച ശേഷം നാളെത്തന്നെ മക്കളെയും കൊണ്ട് വീട്ടിലേക്ക് വരണമെന്ന് പറഞ്ഞിട്ടാണ് അനീഷ് മടങ്ങിപ്പോയത്. ************** രാവിലെത്തന്നെ ഓഫീസിൽ തിരക്ക് പിടിച്ച വർക്കിലായിരുന്നു ശ്രീഹരി. അപ്പോഴാണ് അവന്റെ ഫോണിലേക്ക് ഡോക്ടർ ഹിമയുടെ കാൾ വരുന്നത്. മൊബൈൽ സൈലന്റ് മോഡിൽ ആയിരുന്നതുകൊണ്ട് ശ്രീഹരി അത് ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. ഉച്ചയോടെ തിരക്കൊന്ന് കുറഞ്ഞപ്പോഴാണ് അവൻ ഫോണെടുത്ത് വെറുതെ നോക്കിയത്. ഡോക്ടർ ഹിമയുടെ നാല് മിസ്സ്ഡ് കാൾസ് കണ്ട് ശ്രീഹരി ഒന്ന് അമ്പരന്നു. എന്തെങ്കിലും അത്യാവശ്യമില്ലാതെ ഡോക്ടർ നാലുതവണ തന്നെ വിളിക്കില്ലെന്ന് അവനോർത്തു. ഉടനെത്തന്നെ അവൻ ഡോക്ടറെ തിരികെവിളിച്ചു. "ഹലോ... " റിംഗ് ചെയ്ത് തീരാറായപ്പോഴാണ് ഡോക്ടർ ഹിമ കാളെടുത്തത്. "ഹലോ... ഡോക്ടർ... ഡോക്ടർ ഇങ്ങോട്ട് വിളിച്ചിരുന്നല്ലേ...

മൊബൈൽ സൈലന്റ് ആയിരുന്നു. ഇപ്പോഴാ ഞാൻ കോൾ കണ്ടത്." ശ്രീഹരിയുടെ സ്വരത്തിൽ വല്ലാത്തൊരു തിടുക്കം അനുഭവപ്പെട്ടു. "ശ്രീഹരി ഇപ്പൊ ഫ്രീയാണോ..." ഹിമ ചോദിച്ചു. "യെസ് ഡോക്ടർ... ഞാൻ ഫ്രീയാണ്." "നിങ്ങളുടെ സ്കാനിംഗ് റിപ്പോർട്സൊക്കെ വന്നിട്ടുണ്ട്. പറ്റുമെങ്കിൽ ഇന്നുതന്നെ വൈഫിനെയും കൂട്ടിക്കൊണ്ട് ഹോസ്പിറ്റലിൽ വരണം. ലേറ്റ് ആവുമെങ്കിൽ വീട്ടിലേക്ക് വന്നാലും മതി." "എന്തെങ്കിലും സീരിയസ് പ്രശ്നമുണ്ടോ ഡോക്ടർ?" വർദ്ധിച്ച നെഞ്ചിടിപ്പോടെ ശ്രീഹരി ചോദിച്ചു. "പ്രശ്നം വളരെ സീരിയസാണ്... രണ്ടുപേരെയും നേരിൽ കണ്ട് വിശദമായി സംസാരിക്കാനുണ്ട് എനിക്ക്. നിങ്ങൾ വൈകുന്നേരം വീട്ടിലേക്ക് വരുന്നതായിരിക്കും കൂടുതൽ നല്ലത്." പതിവിലും ഗൗരവത്തിലുള്ള ഡോക്ടറുടെ ശബ്ദം കേൾക്കവേ അവന്റെയുള്ളിലെ ആശങ്കയേറി. "വൈകുന്നേരം ഞങ്ങൾ വീട്ടിലേക്ക് വരാം ഡോക്ടർ." അവന്റെ സ്വരം ദുർബലമായി. "ഓക്കേ ശ്രീഹരി... നമുക്ക് ഈവെനിംഗ് മീറ്റ് ചെയ്യാം." ഡോക്ടർ ഹിമ കോൾ കട്ട്‌ ചെയ്തു.

വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങിയ ശ്രീഹരി പാർവ്വതിയുടെ വീട്ടിൽ പോയി അവളെയും കൂട്ടിക്കൊണ്ട് ഡോക്ടറെ കാണാനായി പുറപ്പെട്ടു. ഡ്രൈവ് ചെയ്യുമ്പോഴും അകാരണമായൊരു ഭയം തന്നെ വരിഞ്ഞുമുറുക്കുന്നതായി അവന് തോന്നി. "ഹരിയേട്ടാ... എന്തെങ്കിലും പ്രശ്നമുണ്ടോ? മുഖമെന്താ വല്ലാതിരിക്കുന്നത്... ഡോക്ടർ എന്താ പറഞ്ഞത്?" ശ്രീഹരിയുടെ ടെൻഷൻ നിറഞ്ഞ മുഖം കണ്ടപ്പോൾ പാർവ്വതിക്ക് നേരിയ ഭയം തോന്നി. "റിപ്പോർട്സിൽ എന്തോ സീരിയസ് പ്രോബ്ലമുണ്ട്. എന്താണെന്ന് ചോദിച്ചപ്പോൾ നേരിട്ട് കണ്ട് വിശദമായി സംസാരിക്കാമെന്നാണ് ഡോക്ടർ പറഞ്ഞത്." ഡ്രൈവിംഗിൽ ശ്രദ്ധിച്ചുകൊണ്ട് ശ്രീഹരി അവളോട്‌ പറഞ്ഞു. "ഡോക്ടർ അങ്ങനെ പറയണമെങ്കിൽ എന്തോ വലിയ പ്രശ്നമുണ്ടായിരിക്കുമല്ലോ. എനിക്കെന്തോ പേടിയാവാ ഹരിയേട്ടാ..." പാർവ്വതിയുടെ സ്വരത്തിൽ ഭീതി കലർന്നിരുന്നു. ഗിയർ ലിവറിന് മുകളിലിരുന്ന ശ്രീഹരിയുടെ കൈയ്യിൽ അവൾ പിടിമുറുക്കി.

"നീ വെറുതെ പേടിക്കണ്ട... എന്ത് പ്രശ്നത്തിനും ഒരു പരിഹാരമുണ്ടാകുമല്ലോ." പാർവ്വതിയെ സമാധാനിപ്പിക്കാൻ വേണ്ടി അങ്ങനെ പറഞ്ഞെങ്കിലും അവന്റെയുള്ളിലും ആശങ്ക ഉടലെടുത്തിരുന്നു. ************** ഡോക്ടർ ഹിമയുടെ മുൻപിലിരിക്കുമ്പോൾ രണ്ടുപേരുടെയും നെഞ്ചിടിപ്പ് ഏറിയിരുന്നു. ഡോക്ടറുടെ മുഖത്തെ തെളിച്ചക്കുറവ് ഇരുവരെയും സമ്മർദ്ദത്തിലാക്കി. "നിങ്ങളെ കാത്തിരിക്കുകയായിരുന്നു ഞാൻ." ഒന്ന് മുരടനക്കികൊണ്ട് ഹിമ ഡോക്ടർ പറഞ്ഞു. "റിപ്പോർട്സിൽ എന്തെങ്കിലും കുഴപ്പമുണ്ടോ ഡോക്ടർ?" ശ്രീഹരി ചോദിച്ചു. "പ്രശ്നം സീരിയസാണ്... അത് പറയാനാണ് ഞാൻ നിങ്ങളെ വീട്ടിലേക്ക് വിളിപ്പിച്ചത്." ഒന്ന് നിർത്തി ഡോക്ടർ ഹിമ ഇരുവരെയും മാറി മാറി നോക്കി. ശ്വാസമടക്കിപ്പിടിച്ച് ഡോക്ടറുടെ വാക്കുകൾക്കായി കാതോർത്തിരിക്കുകയാണ് ശ്രീഹരിയും പാർവ്വതിയും. "റിപ്പോർട്സൊക്കെ ഞാൻ വിശദമായി നോക്കിയിരുന്നു. പാർവ്വതിക്ക് യാതൊരുവിധ കുഴപ്പവുമില്ല, പക്ഷേ..." ഡോക്ടർ ഹിമ പറഞ്ഞുവന്നത് പകുതിക്ക് നിർത്തി. "എന്താണെങ്കിലും പറയൂ ഡോക്ടർ... പാർവ്വതിക്ക് പ്രോബ്ലമില്ലെങ്കിൽ പിന്നെയെന്താണ് പ്രശ്നം.?" ആകാംക്ഷയോടെ ശ്രീഹരി ഡോക്ടറെ നോക്കി.

"നിങ്ങളിൽ പ്രോബ്ലമുള്ളത് ശ്രീഹരിക്കാണ്. ഇത് നമുക്ക് ട്രീറ്റ്മെന്റ് ചെയ്ത് മാറ്റാനും കഴിയില്ല." ഡോക്ടർ ഹിമയുടെ വാക്കുകൾ കേട്ട് ഇരുവരും ഞെട്ടിത്തരിച്ചു. "ഡോക്ടർ... ഹരിയേട്ടനെന്താ പ്രശ്നം?" പാർവ്വതി കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. ശ്രീഹരി അപ്പോഴും ഡോക്ടർ പറഞ്ഞതിന്റെ ഞെട്ടലിൽ തന്നെയായിരുന്നു. "നിങ്ങളുടെ വിവാഹത്തിന് മുൻപ് ശ്രീഹരിക്കൊരു ആക്‌സിഡന്റ് ഉണ്ടായതായി പറഞ്ഞിരുന്നില്ലേ?" "അതെ ഡോക്ടർ... പക്ഷേ അതും ഇതും തമ്മിൽ..." വാക്കുകൾ മുഴുമിക്കാൻ കഴിയാതെ ശ്രീഹരി ഡോക്ടറെ നോക്കി. "ആ ആക്‌സിഡന്റാണ് ഇവിടെ പ്രശ്നമായത്. ഒരുപക്ഷേ ശ്രീഹരി അന്നിത് ഗൗരവമായി ശ്രദ്ധിച്ചിട്ടുണ്ടാവില്ല. പുറമേയുള്ള മുറിവൊക്കെ വേഗം സുഖപ്പെട്ടിട്ടുണ്ടാവും. പക്ഷേ ആ ആക്‌സിഡന്റിൽ തന്റെ ടെസ്റ്റിക്കിൾസ് ഡിസ് ലൊക്കേറ്റ് ആയിട്ടുണ്ട്. അതിനുശേഷം ടെസ്റ്റിക്കിൾസ് പ്രൊഡ്യൂസ് ചെയ്യുന്ന സ്പേംസൊക്കെ അൺ ഹെൽത്തി സ്പേംസാണ്. അതുകൊണ്ടാണ് പാർവ്വതി കുറേതവണ പ്രെഗ്നന്റായിട്ടും അതൊക്കെ ഒന്നരമാസം ആകുമ്പോൾ തന്നെ മിസ്ക്യാരേജായിക്കൊണ്ടിരുന്നത്." ഡോക്ടർ പറഞ്ഞു. "ഈ പ്രോബ്ലം ഒരിക്കലും മാറില്ലേ ഡോക്ടർ?"

പാർവ്വതിയും ശ്രീഹരിയും ഒരേസ്വരത്തിലാണ് അത് ചോദിച്ചത്. "ഇല്ല... ഹെൽത്തിയായിട്ടുള്ള സ്പേംസായിരുന്നെങ്കിൽ പോസ്സിബിലിറ്റിയുണ്ടായിരുന്നു. ഇവിടെ പക്ഷേ അതല്ല... ശ്രീഹരിക്ക് ഒരിക്കലും ഒരച്ഛനാകാൻ കഴിയില്ല. ഇതിന് മറ്റ് ട്രീറ്റ്മെന്റുമില്ല... സത്യം നിങ്ങൾ ഉൾക്കൊണ്ടേ മതിയാകൂ." ഡോക്ടർ ഹിമ ഇരുവരെയും നോക്കിക്കൊണ്ട് പറഞ്ഞു. ശ്രീഹരിയുടെ കണ്ണുകളിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി. പാർവ്വതിയും പൊട്ടിക്കരയുമെന്ന അവസ്ഥയിലായിരുന്നു. നിറഞ്ഞ കണ്ണുകൾ അവൾ ഷാളിന്റെ തുമ്പുകൊണ്ട് ഒപ്പിയെടുത്തു. ശ്രീഹരിയുടെ മുഖം കണ്ടപ്പോൾ പാർവ്വതിക്ക് കടുത്ത ഹൃദയവേദന തോന്നി. അവനെ എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടതെന്ന് അവൾക്കറിയില്ലായിരുന്നു. രണ്ടുപേരും ഒരിക്കലും ഇങ്ങനെയൊരു പ്രശ്നത്തെ നേരിടേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഡോക്ടറുടെ വെളിപ്പെടുത്തൽ ഇരുവരെയും തകർത്തുകളഞ്ഞു. ************** മടക്കയാത്രയിൽ ശ്രീഹരി തീർത്തും നിശബ്ദനായി കാണപ്പെട്ടു. അവന്റെ മൗനം കാണുമ്പോൾ പാർവ്വതിക്ക് ദുഃഖം അധികരിച്ചു.

"ഹരിയേട്ടനിങ്ങനെ സങ്കടപ്പെട്ടിരിക്കരുത്. ഹരിയേട്ടൻ വിഷമിക്കുന്നത് കണ്ടുനിൽക്കാൻ എനിക്കാവില്ല.." അവളുടെ കരങ്ങൾ അവന്റെ കൈയ്യിൽ പിടിമുറുക്കി. ശ്രീഹരി അവളെയൊന്ന് നോക്കിയ ശേഷം കാർ റോഡിന്റെ ഇടതുവശം ചേർത്ത് നിർത്തി. "നിനക്കൊരു കുഞ്ഞിനെ തരാൻ എനിക്ക് കഴിയില്ല പാറു... ഇതിന്റെ പേരിൽ നീയെന്നെ ഉപേക്ഷിച്ചു പോവരുത്." പാർവ്വതിയുടെ കൈകൾ കൂട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് ശ്രീഹരി അവളോട്‌ യാചിച്ചു. "ഹരിയേട്ടനെന്തൊക്കെയാ ഈ പറയുന്നത്... ഏട്ടനില്ലാതെ എനിക്കൊരു ജീവിതമുണ്ടോ? കുഞ്ഞുങ്ങൾ ഇല്ലെങ്കിലും സാരമില്ല... എനിക്കെന്റെ ഹരിയേട്ടൻ മാത്രം മതി. ഏട്ടനിങ്ങനെ വിഷമിക്കുന്നത് കാണുമ്പോൾ എനിക്ക് സഹിക്കാൻ പറ്റണില്ല... കരയല്ലേ ഹരിയേട്ടാ..." വിങ്ങിക്കരഞ്ഞുകൊണ്ട് പാർവ്വതി അവന്റെ കൈകൾ തന്റെ നെഞ്ചോട് ചേർത്തുപിടിച്ചു. "എന്നെങ്കിലും ഞാൻ നിന്റെ ജീവിതം നശിപ്പിച്ചുവെന്ന് നിനക്ക് തോന്നോ പാറു? ഇക്കാര്യം നിന്റെ വീട്ടിലറിഞ്ഞാൽ അവർ എന്നെ ഉപേക്ഷിക്കാൻ നിന്നോട് പറയും."

"തല്ക്കാലം എന്റെ വീട്ടിൽ ഒന്നും അറിയിക്കണ്ട... സാവധാനം നമുക്കെല്ലാവരെയും കാര്യം പറഞ്ഞ് മനസ്സിലാക്കാം ഹരിയേട്ടാ. ഇപ്പൊ നമുക്ക് വീട്ടിലേക്ക് പോകാം. രണ്ടുദിവസം ഹരിയേട്ടൻ എന്റെ വീട്ടിൽ നിൽക്ക്." "ഞാൻ ഇപ്പൊ നിന്നെ നിന്റെ വീട്ടിലിറക്കാം... ഞാൻ രാത്രി വരാം അങ്ങോട്ടേക്ക്." പാർവ്വതിയുടെ ഷാള് കൊണ്ട് മുഖംതുടച്ച ശേഷം അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു. ************** പാർവ്വതിയെ അവളുടെ വീട്ടിലിറക്കിയ ശേഷം തിരികെ തന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് എതിരെ ബൈക്കിൽ വരുന്ന സുധീഷിനെ ശ്രീഹരി കാണുന്നത്. അവനെ കണ്ടതും ശ്രീഹരി കാർ സൈഡാക്കി നിർത്തി. ശ്രീഹരിയുടെ കാർ കണ്ടപ്പോൾ സുധീഷും ബൈക്ക് നിർത്തി. "എന്താടാ പതിവില്ലാതെ ഈ വഴിക്ക്..?" തനിക്ക് നേരെ വരുന്ന ശ്രീഹരിയെ നോക്കി സുധീഷ് ചോദിച്ചു. "പാർവ്വതിയെ വീട്ടിലാക്കിയിട്ട് തിരിച്ചുപോകുന്ന വഴിയാണ്. നിന്റെ കല്യാണ ഒരുക്കങ്ങളൊക്കെ എവിടംവരെയായി."

"അതൊക്കെ അങ്ങ് നടക്കുന്നുണ്ട്... ആട്ടെ പാർവ്വതിക്ക് എന്തൊക്കെയോ ഇഷ്യൂസുണ്ടെന്ന് പറഞ്ഞിട്ട് എന്തായി. ട്രീറ്റ്മെന്റ് ഒന്നും ചെയ്യുന്നില്ലേ." സുധീഷ് ശ്രീഹരിയെ നോക്കി. സുധീഷിന്റെ ചോദ്യം ശ്രീഹരിയെ സമ്മർദ്ദത്തിലാക്കി. അവനോട് എന്ത് മറുപടി പറയണമെന്നറിയാതെ ശ്രീഹരി കുഴങ്ങി. "എന്ത് പറ്റി ശ്രീ? എന്തെങ്കിലും പ്രശ്നമുണ്ടോ?" ശ്രീഹരിയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ സുധീഷിന് ആകാംക്ഷയേറി. അവനെ ഇത്രമേൽ നിരാശാ ഭാവത്തിൽ താൻ കണ്ടിട്ടില്ലല്ലോന്ന് സുധീഷ് ഓർത്തു. "പ്രശ്നം പാർവ്വതിക്കല്ലടാ എനിക്കാണ്... ഞങ്ങൾ ഡോക്ടറെ കണ്ട് വരുന്ന വഴിയാണ്." "നിനക്കോ?? നിനക്കെന്താ പ്രശ്നം...?" സുധീഷിന്റെ മനസ്സിലേക്ക് അർച്ചനയുടെ കുഞ്ഞുങ്ങളുടെ മുഖം തെളിഞ്ഞുവന്നു. അവിശ്വസനീയതയോടെ സുധീഷ് ശ്രീഹരിയെ മിഴിച്ചുനോക്കി. ഡോക്ടർ പറഞ്ഞ കാര്യങ്ങളൊക്കെ ശ്രീഹരി സുധീഷിനോട് പറഞ്ഞു. "എനിക്കൊരിക്കലും ഒരച്ഛനാകാൻ കഴിയില്ല സുധി...

ഇങ്ങനെയൊരു ശിക്ഷ കിട്ടാൻ മാത്രം ഞാനെന്ത് പാപമാടാ ചെയ്തത്. ഈശ്വരൻ ഞങ്ങളെയിങ്ങനെ പരീക്ഷിക്കുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. ഞാൻ കാരണം പാർവ്വതിക്കും ഒരമ്മയാകാൻ കഴിയാതെ പോയില്ലേ..." ശ്രീഹരിയുടെ സ്വരം ഇടറിയിരുന്നു. നിറഞ്ഞ കണ്ണുകൾ അവൻ കർച്ചീഫ് കൊണ്ട് തുടച്ചു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ശ്രീഹരിയുടെ അവസ്ഥയോർത്ത് സുധീഷിന് പ്രത്യേകിച്ചൊന്നും തോന്നിയില്ലെങ്കിലും പാർവ്വതിയുടെ കാര്യമോർത്ത് അവന് വിഷമം തോന്നി. ശ്രീഹരി കാരണം അമ്മയാകാനുള്ള അവളുടെ ആഗ്രഹമാണ് നടക്കാതെ പോകുന്നത്. "നിന്നെ ഞാൻ എന്ത് പറഞ്ഞാ ശ്രീ സമാധാനിപ്പിക്കേണ്ടത്?" സഹതാപത്തോടെ സുധീഷ് അവനെ നോക്കി. "മനസ്സിനൊരു ആശ്വാസം കിട്ടാൻ വേണ്ടിയാ നിന്നോട് ഞാനിതൊക്കെ പറഞ്ഞത്. ആദ്യം കേട്ടപ്പോൾ ഒന്ന് ഷോക്കായിപ്പോയി. പക്ഷേ സത്യത്തെ അംഗീകരിച്ചല്ലേ പറ്റു." നിരാശയോടെ ശ്രീഹരി പറഞ്ഞു. "സാരമില്ലെടാ...

ഇനി അതോർത്ത് ദുഃഖിച്ചിട്ടും പ്രയോജനമില്ലല്ലോ." "ഞാനെന്നാ പോട്ടേടാ... നമുക്ക് പിന്നെ കാണാം." "ഓക്കേ ഡാ.." സുധീഷിനോട് യാത്ര പറഞ്ഞ് ശ്രീഹരി തന്റെ വണ്ടിയിൽ കയറി ഓടിച്ചുപോയി. അവൻ പോയ വഴിയേ നോക്കി നിമിഷങ്ങളോളം സുധീഷ് അവിടെത്തന്നെ നിന്നു. മനസ്സിൽ നേരത്തെ തീരുമാനിച്ചുറപ്പിച്ചിരുന്ന കാര്യങ്ങളിൽ അൽപ്പം മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഓർത്തുകൊണ്ട് സുധീഷ് വീട്ടിലേക്ക് പോയി. കല്യാണത്തിന്റെ തിരക്കുകളായതുകൊണ്ട് അയല്പക്കത്തെ ആളുകളൊക്കെ സുധീഷിന്റെ വീട്ടിലേക്ക് വന്നും പൊയ്ക്കൊണ്ടുമിരുന്നു. സുധീഷ് വീട്ടിൽ ചെന്നുകയറുമ്പോൾ കിഷോറും അർച്ചനയും സുധാമണിയുമെല്ലാം അവിടെ വന്നിട്ടുണ്ടായിരുന്നു. അർച്ചനയുടെ മക്കളായ ദിയയും ദേവും അനീഷിന്റെ അടുത്തുണ്ടായിരുന്നു. അവരെ കളിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു കിഷോറും അനീഷും. ചുരുങ്ങിയ സമയം കൊണ്ടുതന്നെ അർച്ചനയും സുധാമണിയും സുധീഷിന്റെ വീട്ടുകാരുമായി പരിചയത്തിലായി.

കിഷോറും അർച്ചനയും ഭാര്യാ ഭർത്താക്കന്മാരാണെന്ന ധാരണയിലായിരുന്നു സുധീഷിന്റെ വീട്ടുകാർ. അത് ആരും തിരുത്താനും മുതിർന്നില്ല. മുറ്റത്ത്‌ കെട്ടിപ്പൊക്കിയ പന്തലിലിരുന്ന് കുട്ടികളെ കളിപ്പിക്കുകയായിരുന്നു അനീഷും സുധീഷും. എല്ലാം നോക്കിക്കണ്ടുകൊണ്ട് കിഷോറും അവർക്കരികിലിരുന്നു. അപ്പോഴാണ് പാർവ്വതി അവളുടെ അച്ഛന്റെയും അമ്മയുടെയും കൂടെ അവിടേക്ക് വരുന്നത് സുധീഷ് കണ്ടത്. തേടിയ വള്ളി കാലിൽ ചുറ്റിയ ഭാവത്തോടെ സുധീഷ് അവളെയൊന്ന് നോക്കി. പാർവ്വതിയുടെ അച്ഛനും അമ്മയും സുധീഷിനോട് കുശലാന്വേഷണം നടത്തിയ ശേഷം അവന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പോയി. അവർക്ക് പിന്നാലെ പോകാനാഞ്ഞ പാർവ്വതിയെ സുധീഷ് തടഞ്ഞു. "പാർവ്വതി... എനിക്ക് തന്നോട് ചില കാര്യങ്ങൾ ചോദിക്കാനുണ്ടായിരുന്നു." "എന്താ സുധിയേട്ടാ..." ചോദ്യഭാവത്തിൽ പാർവ്വതി അവനെ നോക്കി. അപ്പോഴാണ് അർച്ചനയുടെ മകൻ ദേവൂട്ടൻ സുധീഷിന്റെ അടുത്തേക്ക് തത്തി തത്തി നടന്നുവന്നത്. അവന്റെ കാൽമുട്ടിൽ പിടിച്ച് കൊച്ചരിപ്പല്ല് കാട്ടി ചിരിക്കുന്ന കുഞ്ഞിനെ പാർവ്വതി വാത്സല്യത്തോടെ നോക്കി.

സുധീഷ് അവനെ ഇരുകയ്യാലെ വാരിയെടുത്ത് കവിളിൽ അമർത്തി ചുംബിച്ചു. "ഇതാരുടെ കുഞ്ഞാ സുധിയേട്ടാ..." ദേവൂട്ടന്റെ കവിളിൽ പിടിച്ച് കൊഞ്ചിച്ചുകൊണ്ട് പാർവ്വതി ചോദിച്ചു. "ആളെപ്പറഞ്ഞാൽ നീ അറിയും." സുധീഷ് പറഞ്ഞതിന്റെ പൊരുളറിയാതെ പാർവ്വതി അവനെ മിഴിച്ചുനോക്കി. ഗൂഢമായ ഒരു പുഞ്ചിരിയോടെ സുധീഷ് അവളെ നോക്കി. പിന്നെ മെല്ലെ പറഞ്ഞു. "ഇത് ശ്രീഹരിക്ക് അർച്ചനയിലുണ്ടായ മകനാണ്." വളരെ പതിഞ്ഞതെങ്കിലും ഉറച്ച ശബ്‌ദത്തിൽ സുധീഷ് അത് പറഞ്ഞതും പാർവ്വതി ശക്തിയായി ഞെട്ടി. കുഞ്ഞിനെ എടുക്കാനായി നീട്ടിയ കൈകൾ അവൾ പിൻവലിച്ചു. "സുധിയേട്ടനിപ്പോ എന്താ പറഞ്ഞെ?" അവന്റെ കൈയ്യിലിരിക്കുന്ന കുഞ്ഞിനെ തുറിച്ചുനോക്കികൊണ്ടാണ് പാർവ്വതി അത് ചോദിച്ചത്. "ഈ കുഞ്ഞ് നിന്റെ ഭർത്താവ് ശ്രീഹരിക്ക് അർച്ചനയിലുണ്ടായ കുഞ്ഞാണെന്ന്. ഇവൻ മാത്രമല്ല... ദേ അനീഷിന്റെ മടിയിലിരിക്കുന്ന ദിയ മോൾ, അവളും അവന്റെതന്നെ മോളാ. ഇവർ ട്വിൻസാണ്." സുധീഷിന്റെ ശബ്ദം ഇടിത്തീ പോലെയാണ് പാർവ്വതിയുടെ കാതുകളിൽ പതിഞ്ഞത്." "ഇല്ല... ഞാനിത് വിശ്വസിക്കില്ല... " അവളുടെ സ്വരം ദൃഢമായിരുന്നു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story