വിരൽത്തുമ്പിലാരോ : ഭാഗം 35

viralthumbil aro

രചന: ശിവാ എസ് നായർ

"തനിക്ക് സമ്മതമാണെങ്കിൽ തന്നെ ഞാൻ വിവാഹം കഴിച്ചോട്ടെ..?" തെല്ലൊരു പരിഭ്രമത്തോടെ കിഷോർ അർച്ചനയോട് ചോദിച്ചു. അവൻ പ്രതീക്ഷിച്ച ഞെട്ടലൊന്നും അവളുടെ മുഖത്ത് കണ്ടില്ല. "ഈ ചോദ്യം കിഷോറിൽ നിന്നും ഞാൻ പ്രതീക്ഷിച്ചിരുന്നു." ചെറിയൊരു പുഞ്ചിരിയോടെ അർച്ചന പറഞ്ഞു. "തനിക്ക് താല്പര്യമില്ലെങ്കിൽ വേണ്ട... ഞാനിങ്ങനെയൊരു ചോദ്യം ചോദിച്ചിട്ടില്ലെന്ന് കരുതി മറന്നേക്കൂ." "അതാണ് നമുക്ക് രണ്ടുപേർക്കും നല്ലത് കിഷോർ. കിഷോറിനെപ്പറ്റി എനിക്കൊന്നുമറിയില്ല. എന്നെപ്പറ്റി കിഷോറിനുമറിയില്ല. നമ്മൾ പരിചയപ്പെട്ടിട്ട് രണ്ടുവർഷം കഴിഞ്ഞു. ഇതുവരെ നമ്മൾ അന്യോന്യം നമ്മുടെ വ്യക്തിപരമായ കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ല. ആരുടെയും മുന്നിൽ തുറന്നുപറയാൻ ആഗ്രഹിക്കാത്ത, ഞാൻ മറക്കാൻ ശ്രമിക്കുന്നൊരു ഭൂതകാലമാണ് എന്റേത്. കിഷോറിന് എന്നോട് തോന്നിയ ഈ ഇഷ്ടം അത് മറക്കുന്നതാണ് നല്ലത്. കിഷോറിനെ ഞാൻ മറ്റൊരർത്ഥത്തിൽ കണ്ടിട്ടില്ല. എന്റെ ലോകം ഞാനും എന്റെ കുഞ്ഞുങ്ങളും സുധാമ്മയും മാത്രമുള്ളതാണ്. കിഷോർ എന്നും എന്റെ നല്ലൊരു സുഹൃത്ത് മാത്രമായിരിക്കും."

"സോറി അർച്ചനാ... ഞാൻ ഇങ്ങനെയൊരു പ്രൊപോസൽ നടത്തിയതിന്റെ പേരിൽ എന്നോടുള്ള ഫ്രണ്ട്ഷിപ്പ് താൻ ബ്രേക്ക്‌ ചെയ്യരുത്. തന്നെപ്പോലൊരു സുഹൃത്തിനെ നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല." "ഇല്ല കിഷോർ... ഇതിന്റെ പേരിൽ തന്നോട് ഞാൻ പിണക്കം കാണിക്കുകയൊന്നുമില്ല. ഞാനത് അപ്പൊത്തന്നെ വിട്ടു." അതുകേട്ടപ്പോഴാണ് അവന് സമാധാനമായത്. അർച്ചനയുടെ മറുപടി കിഷോറിനെ നന്നായി വേദനിപ്പിച്ചു. എങ്കിലും തന്റെ സങ്കടം അവളറിയരുതെന്ന് അവന് നിർബന്ധമുണ്ടായിരുന്നു. അർച്ചനയുടെ കാര്യങ്ങളൊക്കെ തനിക്കറിയാമെന്ന് അവളറിഞ്ഞാൽ തനിക്ക് അർച്ചനയോട് തോന്നിയ ഇഷ്ടം സഹതാപം നിറഞ്ഞതാണെന്ന് അവൾ തെറ്റിദ്ധരിക്കും. മറ്റൊരാളോട് തന്റെ പഴയകാലം തുറന്നുപറയാൻ മടിക്കുന്ന അർച്ചന, അവളെപ്പറ്റിയുള്ള സത്യങ്ങൾ ഞാൻ നേരത്തെ അറിഞ്ഞിരുന്നു എന്ന് മനസ്സിലാക്കിയാൽ തന്നെ ഒഴിവാക്കി പോകാനും അത് കാരണമാകും. തന്റെ ജീവിതകഥ അർച്ചനയോട് പറഞ്ഞാലും അവളുടെ തീരുമാനത്തിൽ മാറ്റമുണ്ടാകുമോ എന്ന കാര്യം സംശയമാണ്. കിഷോറിന്റെ ചിന്തകൾക്ക് ചൂടുപിടിച്ചു. "എന്നെപ്പറ്റി ഒന്നുമറിയാതെ കിഷോറിനെങ്ങനെയാ എന്നെ ഇഷ്ടമായത്.

എല്ലാം അറിഞ്ഞാൽ കിഷോർ ഒരുപക്ഷേ എന്നെ വെറുത്തുപോകും. സ്വന്തം അമ്മയുടെ മരണത്തിന് കാരണക്കാരിയായ ഒരുവളെ ഒരു സുഹൃത്തായി കാണാൻ പോലും കിഷോർ ഒരുപക്ഷേ മടിക്കും. പലപ്പോഴും തന്നോട് എല്ലാം തുറന്നുപറഞ്ഞാലോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. കിഷോർ എന്നെ വെറുക്കാൻ എന്റെ പാസ്റ്റ് ഒരു കാരണമാകരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്. അതുകൊണ്ടാ കിഷോറിന് മുന്നിൽ ഞാനെന്റെ മനസ്സ് തുറക്കാൻ മടിക്കുന്നത്. ഒരിക്കൽ പോലും എന്റെ പ്രൈവസിയിലേക്ക് ഇടിച്ചുകയറാത്ത തന്നോടെനിക്ക് ബഹുമാനമാണ്. കിഷോറിനെ പോലൊരു ചെറുപ്പക്കാരന് ഇഷ്ടപ്പെടാൻ മാത്രം എന്ത് പ്രത്യേകതയാണ് എന്നിലുള്ളത്??" കിഷോറിനോട് ചോദിക്കാൻ നാവിൻതുമ്പോളം വന്ന ചോദ്യങ്ങൾ അർച്ചന മനസ്സിലടക്കി. ഇരുവരും പരസ്പരം മനസ്സുതുറക്കാത്തിടത്തോളം കാലം ഒരിക്കലും ഒന്നുചേരാനാവാത്ത സമാന്തര രേഖകൾ പോലെയാകും രണ്ടുപേരുടെയും ജീവിതമെന്ന് കിഷോർ വേദനയോടെ ഓർത്തു. **************

"അത്താഴം കഴിച്ചിട്ട് പോകാം മോനെ." അർച്ചനയെ വീട്ടിലിറക്കി തിരിച്ചുപോകാൻ തുടങ്ങുകയായിരുന്ന കിഷോറിനോട് സുധാമണി പറഞ്ഞു. "വേണ്ട ആന്റി... ഇപ്പോത്തന്നെ നേരം വൈകി." "എന്തുപറ്റി മോനെ മുഖം വല്ലാതിരിക്കുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടോ?" "ഇല്ല ആന്റി... പ്രശ്നമൊന്നുമില്ല... ആന്റിക്ക് വെറുതെ തോന്നുന്നതാ..." തന്റെ നിറഞ്ഞുവരുന്ന കണ്ണുകൾ സുധാമണി കാണാതിരിക്കാൻ അവൻ നന്നേ പാടുപെട്ടു. "പ്രശ്നമൊന്നുമില്ലെങ്കിൽ പിന്നെ മോന്റെ കണ്ണെന്താ നിറഞ്ഞത്. എന്താണെങ്കിലും മോൻ പറയൂ. നമുക്ക് പരിഹാരമുണ്ടാക്കാം." സുധാമണിയുടെ സ്വരത്തിൽ വാത്സല്യം നിറഞ്ഞു. "അർച്ചനയ്ക്ക് ട്രിവാൻഡ്രത്തേക്ക് സ്ഥലമാറ്റം കിട്ടി. അടുത്ത ആഴ്ചതന്നെ അവൾക്ക് അവിടെ റിപ്പോർട്ട്‌ ചെയ്യണം. നിങ്ങളെല്ലാവരും ഇവിടുന്ന് പോയിക്കഴിഞ്ഞാൽ എനിക്കുപിന്നെ ആരുണ്ട്. അർച്ചനയെ കാണാതിരിക്കാൻ എനിക്ക് പറ്റുമായിരിക്കും... പക്ഷേ അവളുടെ മക്കളെ കാണാതെ എനിക്ക് ശ്വാസംവിടാൻ കഴിയുമെന്ന് തോന്നുന്നില്ല ആന്റി.

ജനിച്ചുവീണപ്പോ മുതൽ ഈ നിമിഷംവരെ എന്റെ കണ്മുന്നിൽ ഉണ്ടായിരുന്ന അവരെ പിരിയാൻ എനിക്കാവില്ല. എന്റെ സ്വന്തം കുഞ്ഞുങ്ങളെ പോലെയാ ഞാനവരെ കണ്ടത്. ദേവിനെയും ദിയയെയും എനിക്കൊരിക്കലും നഷ്ടപ്പെടരുതെന്ന് കരുതി ഇങ്ങോട്ട് വരുന്ന വഴിക്ക് ഞാൻ അർച്ചയോട് എന്റെ ഇഷ്ടം പറഞ്ഞു. ഞാൻ പ്രതീക്ഷിച്ച പോലെത്തന്നെ അവളത് നിരസിച്ചു. നിങ്ങളൊക്കെ ഇവിടം വിട്ട് പോകുന്നതോർക്കുമ്പോൾ നെഞ്ചിനൊരു ഭാരം പോലെ. സ്വന്തമെന്ന് കരുതിയവരൊക്കെ അകന്നുപോകാൻ പോവുകയല്ലേ." കിഷോറിന്റെ കണ്ഠമിടറി. "മോൻ വിഷമിക്കണ്ട... അർച്ചനയെ മോന് വിധിച്ചിട്ടുണ്ടെങ്കിൽ അവൾ നിന്നിലേക്ക് തന്നെ വന്നുചേരും. എന്തായാലും മോൻ അവളോട് ഇഷ്ടമാണെന്ന് പറഞ്ഞത് അർച്ചന എന്നോട് പറയാതിരിക്കില്ല. അവൾക്ക് മോനോട് അങ്ങനെയൊരു ഇഷ്ടമുണ്ടെങ്കിൽ അപ്പോഴറിയാം." "ഞാനെന്നാ ഇറങ്ങട്ടെ ആന്റി... കുറച്ചുസമയം തനിച്ചിരുന്നാൽ മനസ്സൊന്ന് തണുക്കും. സന്തോഷത്തോടെതന്നെ നിങ്ങളെ ഇവിടുന്ന് യാത്രയാക്കണമെന്നാണ് എന്റെ ആഗ്രഹം." "എങ്കിൽപ്പിന്നെ മോൻ ചെല്ല്... സമയവും സന്ദർഭവും ഒത്തുവരുമ്പോൾ അർച്ചനയോട് ഞാൻ സംസാരിക്കാം." സുധാമണി അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. സുധാമണിയോട് യാത്ര പറഞ്ഞ് കിഷോർ കാറിൽ കയറി ഓടിച്ചുപോയി. **************

കുടുംബകോടതിയിൽ കൗൺസിലറുടെ മുന്നിലിരിക്കുകയായിരുന്നു ശ്രീഹരിയും പാർവ്വതിയും. "സ്വന്തം ഇഷ്ടപ്രകാരമല്ലേ നിങ്ങൾ ബന്ധം വേർപ്പെടുത്താൻ തീരുമാനിച്ചത്." തന്റെ മുന്നിലിരിക്കുന്നവരെ നോക്കി കുടുംബകോടതി കൗൺസിലർ പ്രകാശ് രാജ് ചോദിച്ചു. "സർ... എനിക്ക് പാർവ്വതിയെ പിരിയാനാവില്ല. പ്രണയിച്ച് വിവാഹിതരായവരാണ് ഞങ്ങൾ. മുന്നോട്ട് ഇനിയും ഒരുമിച്ച് ജീവിക്കാനാണ് എന്റെ ആഗ്രഹം. പാർവ്വതി അവളുടെ സമ്മതത്തോടെയല്ല ഡിവോഴ്സിന് മുതിർന്നത്. സർ അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം." "ശ്രീഹരി പറയുന്നതൊക്കെ ശരിയാണോ പാർവ്വതി. താൻ സ്വന്തം ഇഷ്ടപ്രകാരമല്ലേ ഡിവോഴ്സ് പെറ്റീഷനിൽ സൈൻ ചെയ്തത്." പ്രകാശ് പാർവ്വതിയോട് ചോദിച്ചു. "എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സർ ഞാൻ ഡിവോഴ്സിന് തയ്യാറായത്. ആരും ഫോഴ്സ് ചെയ്തിട്ട് എടുത്ത തീരുമാനമല്ല. എനിക്കൊരു കുഞ്ഞിനെ തരാൻ കഴിവില്ലാത്ത ഒരാളോടൊപ്പമുള്ള ജീവിതം അർത്ഥശൂന്യമാണ്." അവളുടെ സ്വരം ദൃഢമായിരുന്നു.

"വിവാഹത്തിന് മുൻപ് എനിക്കൊരു ആക്‌സിഡന്റുണ്ടായി. അങ്ങനെയാണ് എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാവാതെ പോയത്. ഞങ്ങളുടെ വിവാഹശേഷമാണ് ഞങ്ങൾ ഇക്കാര്യം അറിയുന്നതുതന്നെ. പാർവ്വതിക്ക് അതൊന്നും ഒരു പ്രശ്നമല്ല സർ. അവളെ എനിക്ക് നന്നായി അറിയുന്നതുകൊണ്ടാണ് ഞാൻ തറപ്പിച്ച് പറയുന്നത്. അവൾക്കൊരു കുഞ്ഞിനെ കൊടുക്കാൻ എനിക്ക് കഴിയില്ലെങ്കിലും ഒരിക്കലും അതിന്റെപേരിൽ എന്നെ ഉപേക്ഷിച്ചു പോവില്ലെന്ന് എന്റെ കൈയ്യിലടിച്ച് സത്യം ചെയ്തവളാണ് പാർവ്വതി. സാറെങ്കിലും അവളെ പറഞ്ഞു മനസ്സിലാക്കിപ്പിക്കണം. എനിക്കിനി സ്വന്തമെന്ന് പറയാൻ എന്റെ ഭാര്യ മാത്രമല്ലെ ഉള്ളു." ഇടർച്ചയോടെയാണ് ശ്രീഹരി അത്രയും പറഞ്ഞത്. "തനിക്കൊന്ന് റീ തിങ്ക് ചെയ്തുകൂടെ. തന്നെ ഇത്രയും സ്നേഹിക്കുന്നൊരു ഭർത്താവിനെ ഇനി കിട്ടുമെന്ന് എന്താ ഉറപ്പ്. അയാളുടെ കുറവുകൾ പാർവ്വതി മറക്കാൻ ശ്രമിക്കണം. ഒരു കുഞ്ഞിനെ വേണമെങ്കിൽ നിങ്ങൾക്ക് ദത്തെടുക്കാമല്ലോ." പ്രകാശ് അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു. "എല്ലാം മറന്നും പൊറുത്തും ഞാൻ ജീവിക്കുമായിരുന്നു സർ. പക്ഷേ വിവാഹത്തിന് മുൻപ് ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു.

അയാളും അവളും അയാളുടെ വീട്ടിൽ വച്ച് കിടക്ക പങ്കിടുകയും ചെയ്തിട്ടുണ്ട്. ഞാനുമായി സ്നേഹത്തിലായിരിക്കുമ്പോഴാണ് ഇതൊക്കെ നടന്നത്. ഞാനിക്കാര്യമറിഞ്ഞത് ഈ അടുത്താണ്. മറക്കാൻ ശ്രമിച്ചുനോക്കി. പക്ഷേ എന്നെക്കൊണ്ട് കഴിയുന്നില്ല... ആത്മാർത്ഥമായി തന്നെയാണ് ഞാനിയാളെ സ്നേഹിച്ചത്. അതുകൊണ്ട് എന്നോട് വിശ്വാസവഞ്ചന കാണിച്ചത് ക്ഷമിക്കാൻ എനിക്ക് കഴിയില്ല. ഇയാൾക്ക് പകരം ഞാനാണ് ഇങ്ങനെ ചെയ്തിരുന്നതെങ്കിൽ ഇയാളൊരിക്കലും എന്നോട്‌ ക്ഷമിക്കാൻ തയ്യാറാവില്ലായിരുന്നു. മറ്റൊരു പെണ്ണിനെ എല്ലാ രീതിയിലും സ്വന്തമാക്കി അവളുടെ കണ്ണീർ വീഴ്ത്തിച്ചുകൊണ്ടാണ് ഇയാൾ എന്നെ താലികെട്ടി സ്വന്തമാക്കിയത്. ആ പെണ്ണിന്റെ ശാപമാണ് ഇയാൾക്ക് ഈശ്വരൻ ഒരു കുഞ്ഞിനെപ്പോലും കൊടുക്കാത്തതിന് കാരണം. ഇയാൾ ചെയ്ത തെറ്റിനുള്ള ശിക്ഷ ഒറ്റയ്ക്ക്തന്നെ അനുഭവിക്കണം. ഇങ്ങനെയൊരു ചതി എന്നോട് ചെയ്തിട്ടില്ലായിരുന്നെങ്കിൽ ബന്ധം പിരിയാൻ ഞാൻ മുൻകൈ എടുക്കില്ലായിരുന്നു.

എനിക്ക് ഡിവോഴ്സ് വേണം സർ... ഇനിയും ഇയാളുടെ കൂടെ ഒരു ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ല. അത്രയ്ക്കും വെറുക്കുന്നുണ്ട് ഞാനിയാളെ." വെറുപ്പോടെ പാർവ്വതി ശ്രീഹരിയെ നോക്കി. അവളുടെ ആ നോട്ടത്തെ നേരിടാനാവാതെ അവൻ മുഖം കുനിച്ചു. പാർവ്വതി എല്ലാം അറിഞ്ഞിട്ടാണ് തന്നെ ഡിവോഴ്സ് ചെയ്യാൻ തീരുമാനിച്ചത് എന്ന വിവരം ശ്രീഹരിയെ സംബന്ധിച്ച് ഷോക്കിംഗ് ന്യൂസായിരുന്നു. അവളുടെ വാക്കുകളിൽ അപമാനിതനായി തലകുനിച്ചിരിക്കാനേ അവനായുള്ളു. "ഈ കേട്ടതൊക്കെ ശരിയാണോ ശ്രീഹരി.?" പ്രകാശിന്റെ ചോദ്യത്തിന് മുന്നിൽ ശ്രീഹരി നിശബ്ദനായി നിലകൊണ്ടു. "ഞാൻ പറഞ്ഞത് കളവായിരുന്നെങ്കിൽ അയാൾ നിഷേധിക്കുമായിരുന്നു സർ. അയാളുടെ ഉറ്റസുഹൃത്ത് വഴിയാ ഞാനിതൊക്കെ അറിഞ്ഞത്. തെറ്റ് ചെയ്തിട്ടുള്ളത് കൊണ്ടല്ലേ അയാൾക്ക് മറുപടിയില്ലാത്തത്." പാർവ്വതിക്ക് കടുത്ത മാനസിക പ്രയാസം തോന്നി. "എനിക്ക് ഡിവോഴ്സിന് സമ്മതമാണ് സർ. പാർവ്വതിയുടെ ഇഷ്ടം നടക്കട്ടെ.

ഒരേസമയം രണ്ടുപേരെ വഞ്ചിച്ച എനിക്ക് ഈ ശിക്ഷ കിട്ടണം." ദുർബലമായ സ്വരത്തിൽ ശ്രീഹരി പറഞ്ഞു. ഇനിയും മറ്റൊരാൾക്ക്‌ മുന്നിലിരുന്ന് നാണംകെടാൻ ശ്രീഹരിക്ക് കഴിയുമായിരുന്നില്ല. സുധീഷായിരിക്കും പാർവ്വതിയോട് സത്യങ്ങൾ പറഞ്ഞിട്ടുണ്ടാവുകയെന്ന് അവനൂഹിച്ചു. 'ഇങ്ങനെയൊരു ചതി എന്നോട് വേണ്ടായിരുന്നു സുധി.'ശ്രീഹരിയുടെ ഉള്ളം തേങ്ങി. ഉറ്റസുഹൃത്തിന്റെ ചതി അവനെ അത്രമാത്രം വേദനിപ്പിച്ചു. "രണ്ടുപേർക്കും എതിർപ്പുകളില്ലാത്ത സ്ഥിതിക്ക് ഡിവോഴ്സ് വേഗം അനുവദിച്ചു കിട്ടും, നിങ്ങൾക്ക് പോകാം." പ്രകാശ് ഇരുവരോടുമായി പറഞ്ഞു. ശ്രീഹരിയും പാർവ്വതിയും പുറത്തേക്കിറങ്ങിയതും അടുത്ത ഊഴത്തിനായി കാത്തുനിന്ന ദമ്പതികൾ പ്രകാശിന്റെ ക്യാബിനിലേക്ക് കയറി. "നിങ്ങളെ മറ്റൊരാൾക്ക്‌ മുന്നിൽ പരിഹാസ്യനാക്കാൻ ആഗ്രഹമുണ്ടായിരുന്നില്ല. ഡിവോഴ്സ് തരില്ലെന്ന് വാശിപ്പിടിക്കുന്നത് കണ്ടപ്പോൾ പറഞ്ഞുപോയതാണ്. കോടതിയും കേസുമായി കയറിയിറങ്ങി സമയം കളയാൻ എനിക്ക് വയ്യ. ഇനിയും നിങ്ങളുടെ മുന്നിൽ വിഡ്ഢി വേഷം കെട്ടാൻ എനിക്ക് താല്പര്യമില്ലാത്തത് കൊണ്ടാണ് ഞാനറിഞ്ഞ സത്യങ്ങൾ അയാളുടെ മുന്നിൽ വച്ചുതന്നെ എനിക്ക് വെളിപ്പെടുത്തേണ്ടി വന്നത്."

അത്രയും പറഞ്ഞശേഷം അവന്റെ മറുപടിക്ക് കാത്തുനിൽക്കാതെ പാർവ്വതി അവിടെനിന്നും പോയി. പാർവ്വതി നടന്നുപോകുന്നത് സർവ്വവും നഷ്ടപ്പെട്ട് തകർന്നടിഞ്ഞ മനസ്സുമായി ശ്രീഹരി നോക്കിനിന്നു. അധികം വൈകാതെത്തന്നെ പാർവ്വതിയുടെ ആഗ്രഹം പോലെ കോടതി ഇരുവർക്കും ഡിവോഴ്സ് അനുവദിച്ചുനൽകി. പാർവ്വതി തിരിച്ചുവരുമെന്ന പ്രതീക്ഷയൊന്നും ശ്രീഹരിക്കുമില്ലായിരുന്നു. അവളുടെ സ്ഥാനത്ത് താനായിരുന്നെങ്കിലും ഇങ്ങനെയല്ലേ പ്രതികരിക്കുകയുള്ളു എന്ന് അവനോർത്തു. കോടതി മുറ്റത്ത്‌ നിന്നും അച്ഛനോടൊപ്പം കാറിൽ കയറി പോകുന്ന പാർവ്വതിയെ ഒരു നെടുവീർപ്പോടെ നോക്കിനിന്ന ശേഷം ശ്രീഹരി തന്റെ കാറിനരികിലേക്ക് നടന്നു. സുധീഷിനെ കാണുകയെന്നതായിരുന്നു അവന്റെ ലക്ഷ്യം. പാർവ്വതിയുമായുള്ള തന്റെ ജീവിതം തകരാൻ കാരണം സുധീഷാണെന്ന് ശ്രീഹരി വിശ്വസിച്ചിരുന്നു. സുധീഷിന്റെ വീടിന് മുന്നിൽ കാർ നിർത്തി ഇറങ്ങുമ്പോൾ ശ്രീഹരിയുടെ ക്ഷമ നശിച്ചിരുന്നു. വണ്ടിയുടെ ശബ്ദം കേട്ട് പുറത്തേക്കിറങ്ങിവന്ന സുധീഷ് ശ്രീഹരിയെ കണ്ടു. അവന്റെയീ വരവ് സുധീഷ് ഏതുനിമിഷവും പ്രതീക്ഷിച്ചിരുന്നതായിരുന്നു.

പാർവ്വതിയിൽ നിന്നും ഡിവോഴ്സ് കേസ് ഫയൽ ചെയ്തതൊക്കെ സുധീഷ് അറിഞ്ഞിരുന്നു. ദേഷ്യത്തോടെയുള്ള ശ്രീഹരിയുടെ മുഖഭാവം കണ്ടപ്പോൾതന്നെ കേസ് വിധിയായിട്ടുണ്ടാവുമെന്ന് അവൻ ഊഹിച്ചു. "ഡാ ചെറ്റേ നിന്നോട് ഞാനെന്ത് ദ്രോഹമാടാ ചെയ്തത്. നീ കാരണം എന്റെ കുടുംബം തകർന്നു. എന്റെ ജീവിതം നശിപ്പിച്ചിട്ട് നിനക്കിവിടെ നിന്റെ ഭാര്യയുമായി സുഖിച്ചു കഴിയാമെന്ന് കരുതിയോ?" പാഞ്ഞുവന്ന ശ്രീഹരി സുധീഷിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. "ഡാ വിടെടാ... വെറുതെ ഇവിടെക്കിടന്ന് ഒരു സീനുണ്ടാക്കണ്ട. നിനക്ക് തന്നെയാ അതിന്റെ നാണക്കേട്." തന്റെ ഷർട്ടിൻ മേലെയുള്ള പിടിവിടുവിക്കാൻ ശ്രമിച്ചുകൊണ്ട് സുധീഷ് പറഞ്ഞു. "ഇനിയെന്ത് നാണംകെടാനാ... നീ കാരണം എനിക്കെല്ലാം നഷ്ടപ്പെട്ടു. എന്റെ ഭാര്യ... എന്റെ കുടുംബം... എന്റെ ആത്മാഭിമാനം.. എല്ലാം.... ഒരു സുഹൃത്ത് ചെയ്യുന്ന പണിയാണോ നീ എന്നോട് കാണിച്ചത് പന്ന ചെറ്റേ..." ക്ഷോഭത്തോടെ ശ്രീഹരി അവനെ ഭിത്തിയോട് ചേർത്തു. "ആത്മാഭിമാനം നിനക്ക് മാത്രമല്ല അർച്ചനയ്ക്കുമുണ്ടായിരുന്നു. നീ എന്തറിഞ്ഞിട്ടാ എന്റെ മെക്കിട്ട് കേറുന്നത്." ശ്രീഹരിയെ കുടഞ്ഞെറിഞ്ഞുകൊണ്ട് സുധീഷ് തന്റെ ഷർട്ട്‌ നേരെയാക്കി. കത്തുന്ന മിഴികളോടെ ശ്രീഹരി അവനെ നോക്കി. "നിന്നോട് ചിലതൊക്കെ പറയണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഞാൻ. ഏതായാലും നീ ഇങ്ങോട്ട് വന്നത് നന്നായി." തെല്ല് പരിഹാസത്തോടെ സുധീഷ് ശ്രീഹരിയോട് പറഞ്ഞു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story