വിരൽത്തുമ്പിലാരോ : ഭാഗം 36

viralthumbil aro

രചന: ശിവാ എസ് നായർ

,"നിന്നോട് ചിലതൊക്കെ പറയണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഞാൻ. ഏതായാലും നീ ഇങ്ങോട്ട് വന്നത് നന്നായി." തെല്ല് പരിഹാസത്തോടെ സുധീഷ് ശ്രീഹരിയോട് പറഞ്ഞു. "ഇത്രയൊക്കെ ചെയ്തുവച്ചിട്ട് ഇനി നിനക്കെന്നോട് എന്താ പറയാനുള്ളത്? എന്ത് തെറ്റാ സുധി ഞാൻ നിന്നോട് ചെയ്തത്? പാർവ്വതിയുമായിട്ടുള്ള എന്റെ ജീവിതം ഇല്ലാതാക്കിയിട്ട് നീയെന്താ നേടിയത്?" പൊട്ടിവന്ന കരച്ചിൽ ഉള്ളിലടക്കാൻ കഴിയാനാവാതെ ശ്രീഹരി സുധീഷിനെ നോക്കി. ശ്രീഹരിയുടെ നിൽപ്പും ഭാവവും കണ്ടപ്പോൾ സുധീഷിന് അവനോട് സഹതാപം തോന്നി. വന്നപ്പോഴുള്ള ദേഷ്യമോ ശൗര്യമോ ഒന്നും അപ്പോൾ അവനിൽ അവശേഷിച്ചിരിന്നില്ല. തീർത്തും നിസ്സഹായനായി തനിക്ക് മുന്നിൽ നിന്നും കണ്ണീർ വാർക്കുന്ന ശ്രീഹരിയെ സുധീഷ് അകത്തേക്ക് വിളിച്ചു. "നീ വാ... നമുക്ക് മുറിയിലിരുന്ന് സംസാരിക്കാം." അവനെയും കൂട്ടി സുധീഷ് തന്റെ മുറിയിലേക്ക് നടന്നു. മുറിയിൽ കയറി വാതിലടച്ച ശേഷം ശ്രീഹരിയെ കട്ടിലിലേക്കിരുത്തി അവന് അഭിമുഖമായി ഒരു കസേര വലിച്ചിട്ട് സുധീഷും ഇരുന്നു.

"അർച്ചന പറഞ്ഞിട്ടാണോ നീ പാർവ്വതിയോട് സത്യങ്ങളൊക്കെ തുറന്നുപറഞ്ഞത്?" അതുവരെ നിശബ്ദനായിരുന്ന ശ്രീഹരി അവനോട് ചോദിച്ചു. "അല്ല... അർച്ചനയ്ക്ക് ഇതേപ്പറ്റി യാതൊരു മനസ്സറിവുമില്ല. നിന്റെയും പാർവ്വതിയുടെയും ഡിവോഴ്സ് കഴിഞ്ഞ വിവരം പോലും അർച്ചനയ്ക്കറിയില്ല." "പിന്നെ ആർക്ക് വേണ്ടി, എന്തിനു വേണ്ടിയാ നീ എന്റെ ജീവിതം നശിപ്പിച്ചത്. ഒരു സുഹൃത്ത് ചെയ്യേണ്ട പണിയാണോ നീയെന്നോട് കാണിച്ചത്?" "നീ തെറ്റ് ചെയ്തവനാ ശ്രീ. നിന്റെ തെറ്റിനുള്ള ശിക്ഷ നീ ഒറ്റയ്ക്കാണ് അനുഭവിക്കേണ്ടത്. പാർവ്വതി കൂടി അത് അനുഭവിക്കേണ്ട കാര്യമില്ല. നിന്റെ ഉറ്റസുഹൃത്തെന്ന നിലയിൽ നിന്നോട് ഞാൻ കാണിച്ചത് ഒരുപക്ഷേ വഞ്ചനയായിരിക്കും. നിന്നെപ്പറ്റി എല്ലാമറിയുന്ന എനിക്ക് ഇവിടെ നിശബ്ദത പാലിക്കാനായില്ല." "കുറേ നേരമായി നീ പറയുന്നല്ലോ ഞാൻ തെറ്റ് ചെയ്തൂന്ന്. എന്ത് തെറ്റാ ഞാൻ ചെയ്തത്? അർച്ചനയെ വേണ്ടെന്ന് വെച്ചതാണോ? അതോ അവളുമായി..." പറഞ്ഞുവന്നത് പകുതിയിൽ നിർത്തി ശ്രീഹരി സുധീഷിനെ നോക്കി. "പാർവ്വതിയെ സ്‌നേഹിക്കുമ്പോൾ തന്നെ മറ്റൊരു പെണ്ണിനോടൊപ്പം അങ്ങനെയൊക്കെ ചെയ്തത് വഞ്ചനയല്ലേ?

ഇവിടെ നീ മാത്രമല്ല അർച്ചനയും തെറ്റുകാരി തന്നെയാ. അവൾ ചെയ്ത തെറ്റിന്റെ ഫലമാണ് അർച്ചനയുടെ അമ്മ നെഞ്ചുപൊട്ടി മരിക്കാൻ കാരണമായത്. പാർവ്വതിയോട് നിനക്ക് ആത്മാർത്ഥമായ സ്നേഹമായിരുന്നെങ്കിൽ അർച്ചനയെ മറ്റൊരു തരത്തിൽ നീ സമീപിക്കാൻ പാടില്ലായിരുന്നു." "അന്നത്തെ സിറ്റുവേഷനിൽ എനിക്കങ്ങനെ പറ്റിപ്പോയി. അർച്ചനയും കൂടി വഴങ്ങി തന്നത് കൊണ്ടാണ് അന്ന് അങ്ങനെയൊക്കെ നടന്നത്. അല്ലാതെ പാർവ്വതിയെ മനഃപൂർവ്വം ചതിക്കണമെന്ന ഉദ്ദേശമൊന്നും എനിക്കില്ലായിരുന്നു." "കഴിഞ്ഞത് കഴിഞ്ഞു... ഇനി അതേപ്പറ്റി പറഞ്ഞതുകൊണ്ട് യാതൊരു ഫലവുമില്ല. അർച്ചനയെ ഒഴിവാക്കാനുള്ള യഥാർത്ഥ കാരണം നീയവളോട് ആദ്യമേതന്നെ തുറന്നുപറഞ്ഞിരുന്നെങ്കിൽ, അർച്ചന നിന്റെ പിന്നാലെ വീണ്ടും വരില്ലായിരുന്നു. നിങ്ങൾക്ക് രണ്ടുപേർക്കും തെറ്റുകൾ പറ്റിയിട്ടുണ്ട്. അതുകൊണ്ടാണ് നിനക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ലെന്ന് അറിഞ്ഞപ്പോൾ പാർവ്വതിയോട് ഞാനെല്ലാം തുറന്നുപറഞ്ഞത്.

നിന്നെ ഡിവോഴ്സ് ചെയ്യണമെന്ന തീരുമാനം അവൾ ഒറ്റയ്ക്ക് തീരുമാനിച്ചതാണ്. ഞാനോ അവളുടെ പേരെന്റ്സോ അതിൽ ഇൻവോൾവ് അല്ല." "ഞാൻ പാർവ്വതിയോട് കാണിച്ചത് തെറ്റ് തന്നെയാണ്... സമ്മതിക്കുന്നു. പക്ഷേ ഞങ്ങളെ തമ്മിൽ പിരിക്കാൻ വേണ്ടിയല്ലേ നീയിപ്പോ അവളോടിത് പറഞ്ഞത്. ഞങ്ങളുടെ വിവാഹത്തിന് മുൻപേ നിനക്കിക്കാര്യം അവളോട്‌ പറയാമായിരുന്നില്ലേ?" "വിവാഹത്തിന് മുൻപേ ഞാൻ പാർവ്വതിയോട് എല്ലാം പറയാൻ തയ്യാറായതായിരുന്നു. പക്ഷേ അന്ന് ഞാനവളോട് എന്ത് പറഞ്ഞാലും പാർവ്വതി വിശ്വസിക്കില്ലായിരുന്നു. ഇന്ന് പക്ഷേ അങ്ങനെയല്ല..." പറഞ്ഞുവന്നത് പകുതിക്ക് നിർത്തി അവൻ ശ്രീഹരിയെ ഒന്ന് നോക്കി. ശ്രീഹരിയുടെ ശ്രദ്ധ മുഴുവനും സുധീഷിൽ മാത്രമായിരുന്നു. സുധീഷിന്റെ മനസ്സിലൊരു വടംവലി നടക്കുകയായിരുന്നു. ശ്രീഹരിയിൽ നിന്നും അർച്ചന ഗർഭം ധരിച്ചതും ഇരട്ടക്കുട്ടികളെ പ്രസവിച്ചതും അവനോട് പറയണോ വേണ്ടയോ എന്ന കൺഫ്യൂഷനിലായിരുന്നു സുധീഷിന്റെ മനസ്സ്.

"നീയെന്താ പറഞ്ഞുവന്നത് പകുതിക്ക് നിർത്തിയത്. എനിക്കറിയാത്ത മറ്റെന്തോ കാര്യം കൂടി ഇതിനിടയിൽ നടന്നിട്ടുണ്ട്. നീ എന്നിൽ നിന്ന് എന്തോ മറയ്ക്കാൻ ശ്രമിക്കുന്നുണ്ട് സുധി..." ശ്രീഹരിക്ക് അർച്ചനയിൽ ഇരട്ടക്കുട്ടികൾ ജനിച്ച വിവരം അവൻ എന്നായാലും അറിയും. അത് കുറച്ചു നേരത്തെ ആയാലും പ്രശ്നമില്ല. പക്ഷേ ഞാനിത് ഇവനോട് പറഞ്ഞാൽ അത് അർച്ചനയുടെ ഇപ്പോഴത്തെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് ഒരൂഹവുമില്ല. എല്ലാം നഷ്ടപ്പെട്ട് നിരാശയുടെ പടുകുഴിയിൽ കിടക്കുന്ന ശ്രീഹരിക്ക് ഇതൊരു പുതിയ വഴിത്തിരിവാകുമോ? ഒരിക്കൽ വേണ്ടെന്ന് വച്ച അർച്ചനയുടെ പിന്നാലെ അവൻ പോകില്ലെന്ന് എന്താ ഉറപ്പ്? അത് അവളുടെ സമാധാനത്തെ തകർക്കില്ലേ? ഞാൻ അർച്ചനയെ ചതിക്കുന്ന പോലെയാകുമോ? സുധീഷിനാകെ അസ്വസ്ഥത തോന്നി. ഉള്ളിൽ കിടന്ന് വീർപ്പുമുട്ടുന്ന സത്യങ്ങൾ അവനോട് പറയാൻ തന്നെ സുധീഷ് തീരുമാനിച്ചു. ശ്രീഹരിയോട് എല്ലാം തുറന്നുപറഞ്ഞ ശേഷം അർച്ചനയെ അക്കാര്യം വിളിച്ചു പറയാമെന്ന് അവൻ മനസ്സിൽ കണക്കുകൂട്ടി.

"നീ പറഞ്ഞത് ശരിയാ... നിനക്കറിയാൻ പാടില്ലാത്ത ചില കാര്യങ്ങൾ കൂടിയുണ്ട്. അതറിഞ്ഞ് കഴിയുമ്പോൾ നിനക്ക് ബോധ്യമാകും പാർവ്വതി എന്തുകൊണ്ടാ നിന്നെ ഉപേക്ഷിച്ച് പോയതെന്ന്." "ഞാനറിയാത്ത എന്ത് കാര്യമാ സുധി?" ശ്രീഹരിയുടെ സ്വരത്തിൽ ആകാംക്ഷ ഉളവായി. "നിന്നിൽ നിന്നും അർച്ചന ഗർഭം ധരിച്ചിരുന്നു. പാർവ്വതിയുമായിട്ടുള്ള നിന്റെ വിവാഹത്തിന്റെ അന്നുതന്നെയാണ് അവൾ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്." "നീ... നീ... നീയിപ്പോ എന്താ പറഞ്ഞത്...?" ഒരു ഞെട്ടലോടെ ശ്രീഹരി കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു. "അർച്ചന അന്ന് പ്രെഗ്നന്റാണെന്ന് നിന്നോട് പറഞ്ഞത് സത്യം തന്നെയായിരുന്നു. അതറിഞ്ഞിട്ടാ അവളുടെ അമ്മ ഹൃദയം തകർന്ന് മരിച്ചത്... അറിഞ്ഞോ അറിയാതെയോ അവളുടെ അമ്മയുടെ മരണത്തിന് അർച്ചനയെ പോലെ നീയും കാരണക്കാരനാണ്." "ഈശ്വരാ...! ഞാനെന്തൊരു മഹാപാപമാണ് ചെയ്തത്..." നെഞ്ചിൽ കൈചേർത്ത് വിലപിച്ചുകൊണ്ട് ശ്രീഹരി നിലത്തേക്ക് തളർന്നിരുന്നു.

"ഇതൊക്കെ അറിഞ്ഞതുകൊണ്ട് മാത്രമാണ് പാർവ്വതി നിന്നെ ഉപേക്ഷിച്ചു പോയത്. ആത്മാഭിമാനമുള്ള ഏത് പെണ്ണിനാ ഇത് സഹിക്കാൻ കഴിയുക? നിനക്ക് വേണ്ടി ഒരു അമ്മയാകാനുള്ള പാർവ്വതിയുടെ ആഗ്രഹം ഇല്ലാതാകാൻ പാടില്ലെന്ന് എനിക്കുതോന്നി. അർച്ചനയെ പോലെ നിന്നെ അന്ധമായി സ്നേഹിച്ചു എന്നൊരു തെറ്റ് മാത്രമേ പാർവ്വതിയും ചെയ്തുള്ളു. അർച്ചനയ്ക്ക് പറ്റിയതുപോലൊരു അബദ്ധം പാർവ്വതിക്ക് സംഭവിച്ചില്ല. അവൾ വീട്ടുകാരോട് സംസാരിച്ച് നേരായ വഴിയിലൂടെയാണ് നിന്നെ സ്വന്തമാക്കിയതും. നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ നിഷ്കരുണം തള്ളിക്കളയുന്നതിന്റെ വേദന നീയും മനസ്സിലാക്കണം. പാർവ്വതി ചെയ്തതാണ് ശരി. തെറ്റ് പറ്റിയത് നിനക്കും അർച്ചനയ്ക്കും മാത്രമാണ്. ചെയ്ത തെറ്റിനുള്ള ശിക്ഷ അർച്ചന അനുഭവിച്ചു കഴിഞ്ഞു. നീയത് അനുഭവിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ." "എന്റെ മക്കളും അർച്ചനയും ഇപ്പൊ എവിടെയുണ്ട് സുധി. എനിക്ക്... എനിക്കവരെ കാണണം." ഇടർച്ചയോടെ ശ്രീഹരി പറഞ്ഞു.

"വേണ്ട ശ്രീ... ഒരിക്കൽ വേണ്ടെന്ന് പറഞ്ഞ് നീ വലിച്ചെറിഞ്ഞതാണ് അവളെ. ഇനിയും അർച്ചനയെ അന്വേഷിച്ചു നീ പോകരുത്. കുട്ടികളോടോത്ത് സമാധാനത്തോടെയും സന്തോഷത്തോടെയും കഴിയുകയാണ് അവൾ. നീയായിട്ട് അതില്ലാതാക്കരുത്. നിന്റെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ അർച്ചന ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അവളെ അവളുടെ വഴിക്ക് വിട്ടേക്ക്." "എല്ലാമറിഞ്ഞിട്ടും എനിക്കെങ്ങനെയാ സുധി അടങ്ങിയിരിക്കാൻ പറ്റുക? എന്റെ കുഞ്ഞുങ്ങൾ അല്ലെ അവളോടൊപ്പമുള്ളത്. ഒരേസമയം അർച്ചനയോടും പാർവ്വതിയോടും ഞാൻ നീതികേട് കാണിച്ചു. പാർവ്വതിയോട് ഞാൻ കാണിച്ച വഞ്ചനയ്ക്ക് ഒരു പരിഹാരം ചെയ്യാൻ ഇനി കഴിയില്ലല്ലോ. ശരിയായ തീരുമാനം കൈകൊണ്ട് ഡിവോഴ്സ് വാങ്ങി അവൾ പോയില്ലേ. ഇനിയെനിക്ക് ചെയ്യാൻ കഴിയുന്നത് തെറ്റുകൾ ഏറ്റുപറഞ്ഞ് അർച്ചനയോട് ക്ഷമ യാചിക്കുക മാത്രമല്ലേ. എന്റെ മക്കളെയും കൊണ്ട് സമൂഹത്തിന് മുന്നിൽ അപഹാസ്യയായി കഴിയേണ്ടി വരില്ലേ അവൾക്ക്. ഞാൻ കാരണം അർച്ചന ആരുടെയും മുന്നിൽ തലകുനിക്കാൻ പാടില്ല. അവളെയും കുഞ്ഞുങ്ങളെയും ഒരു കുറവും വരുത്താതെ ഞാൻ നോക്കും.

അവളോട്‌ ഞാൻ കാണിച്ച നെറികേടിന് അതല്ലേ ശരിയായ പരിഹാരം." "നിനക്ക് തെറ്റി ശ്രീ. അർച്ചന നിന്നെയിനി സ്വീകരിക്കില്ല. വെറുതെ അവളുടെ പിന്നാലെ പോയി നാണംകെടാൻ നിൽക്കണ്ട. അവൾ അവളുടെ ജീവിതം ജീവിച്ചോട്ടെ." "പറ്റില്ല സുധി... എനിക്ക് അവളെയും മക്കളെയും കാണണം. അർച്ചനയ്ക്ക് എന്നെയൊരിക്കലും മറക്കാൻ കഴിയില്ല. ഞാൻ ഒഴിവാക്കി വിട്ടപ്പോഴൊക്കെ എന്നോടുള്ള അന്ധമായ പ്രണയം കാരണം എന്റെ പിന്നാലെ വന്നിട്ടേയുള്ളു അവൾ. അർച്ചനയ്ക്ക് എന്നോട് അത്രയ്ക്ക് സ്നേഹമാണ്. ഞാനാണ് അവളിൽ ഓരോ കുറവുകൾ കണ്ടെത്തി ഒഴിവാക്കാൻ ശ്രമിച്ചത്. എന്നെ മറക്കാൻ അർച്ചനയ്ക്കാവില്ല. സ്വന്തം കുട്ടികളുടെ അച്ഛനെ തള്ളിപ്പറയാൻ അവൾക്കെങ്ങനെ കഴിയും?" "നീ എടുത്തുചാടി ഒന്നും ചെയ്യരുത്. ഞാനാദ്യം അർച്ചനയോട് സംസാരിക്കട്ടെ. അവൾ നിന്നെ കാണണമെന്ന് ആവശ്യപ്പെട്ടാൽ മാത്രം നിനക്ക് ഞാനവളുടെ അഡ്രസ് തരാം. പഴയ വീട്ടിൽ നിന്നും അർച്ചന മാറി. നീയിനി അവളെ അന്വേഷിച്ച് അവിടെയൊന്നും പോകാൻ നിൽക്കണ്ട." "ശരി... നീ പറഞ്ഞത് ഞാൻ അനുസരിക്കാം. അർച്ചനയൊരിക്കലും എന്നെ കാണണ്ടെന്ന് പറയില്ല. എനിക്കത് ഉറപ്പുണ്ട്.

എനിക്ക് പറ്റിയ തെറ്റ് തിരുത്താൻ അവളൊരവസരം കൂടി എനിക്ക് തന്നാൽ, ഒരിക്കലും ഞാനവളെ വിഷമിപ്പിക്കില്ല." "മുൻപ് നീ ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ. അർച്ചനയുടെ പേര് പറയുന്നതുതന്നെ ചതുർഥിയല്ലാരുന്നോ? നിനക്കിനി കുഞ്ഞുങ്ങൾ ഉണ്ടാകാത്തതും അവൾ നിന്റെ മക്കളെ പ്രസവിച്ചതുമാണ് നിന്റെ മനസ്സ് മാറാൻ കാരണം. പണവും ബന്ധുബലവുമില്ല എന്ന് പറഞ്ഞ് നീ നിഷ്കരുണം തള്ളിക്കളഞ്ഞ അതേ അർച്ചന തന്നെയാണ് അവളിപ്പോഴും. ഇപ്പൊ പണവും കുടുംബമഹിമയുമൊന്നും നിനക്ക് പ്രശ്നമല്ലേ? അന്ന് അവളുടെ അമ്മ മരിച്ച ദിവസം നിന്നോട് ഞാൻ ആകുന്നത് പറഞ്ഞതല്ലേ അർച്ചനയെ കൂടെക്കൂട്ടാൻ." "തെറ്റ് പറ്റിപ്പോയി സുധി... പണവും ആൾബലവുമൊന്നുമല്ല സ്നേഹത്തിന്റെ അളവുകോൽ എന്ന് തിരിച്ചറിയാൻ ഞാൻ വൈകിപ്പോയി. എനിക്കെന്തായാലും അർച്ചനയെ കണ്ടേ പറ്റു. എന്റെ കുട്ടികളെയും എനിക്ക് കാണണം. ഇനിയുള്ള ജീവിതം അവരോടൊപ്പം കഴിയാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്." "അർച്ചനയുടെ തീരുമാനം കൂടി അറിഞ്ഞിട്ട് മതി നിന്റെ ഈ ആഗ്രഹങ്ങൾ. നീ പറഞ്ഞതും പ്രവൃത്തിച്ചതുമൊന്നും ഞാൻ മറന്നിട്ടില്ല. അർച്ചനയും ഒന്നും മറന്നിട്ടുണ്ടാവില്ല.

എന്തായാലും ഞാൻ അവളോടൊന്ന് സംസാരിക്കട്ടെ... എന്നിട്ട് നിന്നെ അറിയിക്കാം ഞാൻ." "അധികം വൈകരുത് സുധി..." "ഇല്ല.." "നിന്റെ കൈയ്യിൽ എന്റെ മക്കളുടെ ഫോട്ടോ ഉണ്ടാവില്ലേ... ഒന്ന് കാണിച്ചുതാടാ അവരെ." അപേക്ഷാ സ്വരത്തിൽ ശ്രീഹരി ചോദിച്ചു." "കാണിച്ചുതരാം..." സുധീഷ് തന്റെ മൊബൈൽ എടുത്ത് ഗാലറി തുറന്ന് ദിയ മോളുടെയും ദേവ് മോന്റെയും ഫോട്ടോസൊക്കെ കാണിച്ചുകൊടുത്തു. "രണ്ടുവയസ്സായില്ലേടാ ഇവർക്ക്..." നിറഞ്ഞ കണ്ണുകളോടെ തന്റെ കുഞ്ഞുങ്ങളുടെ ഫോട്ടോസ് നോക്കികൊണ്ട് ശ്രീഹരി ചോദിച്ചു. "ഉം... രണ്ടുവയസ്സായി.." "എന്നാലും ഈശ്വരൻ എനിക്കിങ്ങനെയൊരു ഭാഗ്യം തരുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചതല്ല. അർച്ചനയോട് എനിക്ക് മാപ്പ് പറയണം സുധി... അവളെ എന്റെ കൂടെ കൂട്ടണമെനിക്ക്." "അപ്പൊ പാർവ്വതിയുമായുള്ള രണ്ടുവർഷത്തെ ജീവിതം നീ ഇത്രവേഗം മറന്നോ.?" സുധീഷിന്റെ സ്വരത്തിൽ പരിഹാസം കലർന്നിരുന്നു. "ഒന്നും മറന്നിട്ടില്ല ഞാൻ... അർച്ചന... അവളിനിയും വേദനിക്കാൻ പാടില്ലെന്നോർത്താ ഞാൻ..." "നീ സ്വാർത്ഥനാടാ... അർച്ചനയെ കൂടെക്കൂട്ടാൻ നീ ആഗ്രഹിക്കുന്നതുപോലും അവളുടെ മക്കളെ മുന്നിൽ കണ്ടിട്ടാ.

നിനക്കിനിയും അച്ഛനാകാൻ കഴിയുമായിരുന്നെങ്കിൽ അവളുടെ പിന്നാലെ പോകുന്നതിന് പകരം നീ വേറെതെങ്കിലും കാശുകാരി പെണ്ണിനെ കെട്ടിയേനെ." "സുധീ നീയിങ്ങനെ ശവത്തിൽ കുത്തുന്ന പോലെ സംസാരിക്കരുത്. തെറ്റ് പറ്റാത്തവരായി ആരുമില്ല. അർച്ചനയെ ഞാനങ്ങോട്ട് പോയി റേപ്പ് ചെയ്തല്ല കുട്ടികളെ ഉണ്ടാക്കിയത്. സ്വാഭാവികമായി ഞങ്ങൾക്കിടയിൽ സംഭവിച്ചുപോയൊരു തെറ്റാണത്. അത് തിരുത്താനുള്ള ഒരവസരമാണ് ഈശ്വരനിപ്പോൾ തന്നത്." "നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ... ഞാൻ അർച്ചനയോട് സംസാരിച്ചിട്ട് നിന്നെ വിളിക്കാം. നീ ഇപ്പൊ പൊയ്ക്കോ." "ഞാൻ കാത്തിരിക്കുന്നു... ഇങ്ങനെയൊക്കെ സംഭവിച്ചത് അർച്ചന എന്റെ ജീവിതത്തിലേക്ക് വരാൻ വേണ്ടിയാകുമെന്നാണ് എനിക്കിപ്പോ തോന്നുന്നത്." സുധീഷിനോട് യാത്ര പറഞ്ഞ് മടങ്ങുമ്പോൾ ശ്രീഹരിയുടെ മനസ്സിൽ പ്രതീക്ഷയുടെ നാമ്പുകൾ പൊട്ടിമുളച്ചിരുന്നു. അർച്ചനയുടെ മടിയിലിരിക്കുന്ന തന്റെ മക്കളുടെ മുഖം മനസ്സിലേക്ക് വന്നതും അവന്റെ ഹൃദയം ആർദ്രമായി. അവരെ വാരിയെടുത്ത് കൊഞ്ചിക്കാനും മതിവരുവോളം താലോലിക്കാനും ശ്രീഹരിയുടെ ഉള്ളം തുടികൊട്ടി. **************

പിറ്റേദിവസം ഓഫീസിലേക്ക് പോകുമ്പോൾ ധരിക്കാനുള്ള സാരി അയേൺ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അർച്ചന. അപ്പോഴാണ് മേശപ്പുറത്തിരുന്ന അവളുടെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങിയത്. അയേൺ ചെയ്യുന്നത് നിർത്തി അർച്ചന ഫോണിനടുത്തേക്ക് നടന്നു. ഡിസ്പ്ലേയിൽ സുധീഷിന്റെ പേര് കണ്ടതും അവൾ വേഗം കോൾ എടുത്തു. "ഹലോ സുധിയേട്ടാ..." "സുഖമാണോ അർച്ചനാ..." "സുഖമാണ്... സുധിയേട്ടന് സുഖല്ലേ... ഹരിതേച്ചി എന്ത് പറയുന്നു?" "അർച്ചനയെയും കുട്ടികളെയും ഇടയ്ക്ക് അന്വേഷിക്കാറുണ്ട്. ജോലിത്തിരക്ക് കാരണം അങ്ങോട്ട്‌ ഇറങ്ങാൻ ഇതുവരെ സമയം കിട്ടിയില്ല. കഴിഞ്ഞയാഴ്ച ഇങ്ങോട്ടേക്ക് ട്രാൻസ്ഫർ കിട്ടി, അർച്ചന വന്നതൊക്കെ അനിക്കുട്ടൻ പറഞ്ഞായിരുന്നു. ഞാൻ ആ സമയം ഓഫീസ് ടൂറിലായിരുന്നു... രണ്ടുദിവസം മുൻപാ വന്നത്." "അനീഷേട്ടൻ പറഞ്ഞിരുന്നു. ഒരുദിവസം സുധിയേട്ടൻ ഹരിതേച്ചിയേം അനീഷേട്ടനെയും കൂട്ടി ഇങ്ങോട്ട് വരൂ." "ഞങ്ങൾ ഒരുദിവസം വരുന്നുണ്ട് അർച്ചനാ. ഇപ്പൊ ഞാൻ നിന്നെ വിളിച്ചത് മറ്റൊരു കാര്യം പറയാനാ." തെല്ലൊരു സങ്കോചത്തോടെ സുധീഷ് പറഞ്ഞു. "എന്ത് കാര്യം.?" അർച്ചനയിൽ ആകാംക്ഷ ഉളവായി.

"ശ്രീഹരിയോട് ഞാനിന്ന് നിന്റെ കുഞ്ഞുങ്ങളെപ്പറ്റി പറഞ്ഞു. നിന്നെയും മക്കളെയും കാണണമെന്ന് അവൻ പറയുന്നുണ്ട്. നിന്നോട് ചോദിച്ചിട്ട് പറയാമെന്ന് ഞാൻ പറഞ്ഞു." പാർവ്വതിയും ശ്രീഹരിയും ഡിവോഴ്സായത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അവൻ അർച്ചനയോട് പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞിട്ടും അവളുടെ ഞെട്ടൽ വിട്ടുമാറിയിരുന്നില്ല. ശ്രീഹരിയുടെയും പാർവ്വതിയുടെയും ജീവിതം ഇങ്ങനെയൊരു അന്ത്യത്തിലെത്തുമെന്ന് അർച്ചന സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. "അർച്ചനാ..." അവളുടെ മറുപടിയൊന്നും കേൾക്കാതായപ്പോൾ സുധീഷ് വിളിച്ചു. "ഞാൻ കേൾക്കുന്നുണ്ടായിരുന്നു സുധിയേട്ടാ." "നിന്നെയും മക്കളെയും തിരിച്ചുവേണമെന്നാണ് അവന്റെ നിലപാട്. അർച്ചനയെ കണ്ടേ പറ്റുള്ളൂ എന്ന് വാശിയിലുമാണ്. ഞാനെന്ത് പറയണം?" "നാളെ വൈകുന്നേരം ഇങ്ങോട്ട് വരാൻ പറഞ്ഞോളൂ. സുധിയേട്ടൻ എന്റെ ഡീറ്റെയിൽസ് കൊടുത്തേക്ക്. ബാക്കിയൊക്കെ നേരിട്ടാവാം." "അർച്ചനയ്ക്ക് എന്നോട് ദേഷ്യമുണ്ടോ?" "എന്തിനു?" "ശ്രീഹരിയോട് എല്ലാം പറഞ്ഞതിന്?" "എന്നായാലും ഇങ്ങനെയൊരു സിറ്റുവേഷൻ ഞാൻ ഫേസ് ചെയ്തേ പറ്റു. പിന്നെയെന്തിനാ ഞാൻ പേടിക്കുന്നത്. ശ്രീയേട്ടൻ വരട്ടെ. എപ്പോഴായാലും ശ്രീയേട്ടൻ ഇതൊക്കെ അറിയുമല്ലോ. അത് കുറച്ചു നേരത്തെ ആയെന്നല്ലേയുള്ളൂ."

"എങ്കിൽ ശരി അർച്ചനാ... ഞാൻ അവനോട് പറയാം."സംഭാഷണം അവസാനിപ്പിച്ച് സുധീഷ് ഫോൺ കട്ട്‌ ചെയ്തു. സുധീഷിനോട് സംസാരിക്കുന്ന സമയത്ത് അർച്ചനയുടെ ഫോണിലേക്ക് കിഷോറിന്റെ രണ്ട് മിസ്കോളുകൾ വന്നിരുന്നു. അവനെ തിരിച്ചുവിളിക്കാൻ തുടങ്ങിയപ്പോഴാണ് സുധാമണി മുറിയിലേക്ക് കടന്നുവന്നത്. "മോളെ കിഷോർ ഇപ്പൊ വിളിച്ചിരുന്നു... അവൻ ചെന്നൈന്ന് കയറിയിട്ടുണ്ട്. രാവിലെ സ്റ്റേഷനിൽ എത്തും. മോളെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞു." "ഞാൻ കിഷോറിനെ തിരിച്ചുവിളിക്കാൻ തുടങ്ങുവായിരുന്നു." "കുഞ്ഞുങ്ങളെ കാണാതിരിക്കാൻ അവന് പറ്റില്ല. അതാ ലീവെടുത്ത് അവൻ ഓടി വരുന്നത്." അലിവോടെ സുധാമണി പറഞ്ഞു. "എനിക്കറിയാം സുധാമ്മേ.." "മോൾക്കെന്താ കിഷോറിനെ സ്വീകരിച്ചാൽ... അവന് മോളോടൊരിഷ്ടമുണ്ട്." "ഇങ്ങോട്ടേക്കുള്ള ട്രാൻസ്ഫർ ഓർഡർ കിട്ടിയ ദിവസം കിഷോർ എന്നോടത് സൂചിപ്പിച്ചിരുന്നു. എന്നെപ്പറ്റി എല്ലാമറിയുന്ന സുധാമ്മയും കിഷോറിനെ സ്വീകരിക്കാനാണോ പറയുന്നത്? എനിക്കതിനു കഴിയില്ല... എന്നെപോലൊരു പെണ്ണിനെ കല്യാണം കഴിക്കേണ്ട ഗതികേടൊന്നും കിഷോറിനില്ല." തളർച്ചയോടെ അർച്ചന സുധാമണിയെ നോക്കി.

"മോളെ... കിഷോറിനൊരിക്കലും ഒരച്ഛനാകാൻ കഴിയില്ല. മോൾക്ക് അവനെപ്പറ്റി ഒന്നുമറിയാഞ്ഞിട്ടാ. നിന്റെ മക്കളെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കാൻ കിഷോറിന് മാത്രേ കഴിയൂ. മോൾ കിഷോറിനോട് സംസാരിക്കണം. നിന്റെ മക്കൾക്ക് അവൻ നല്ലൊരു അച്ഛനായിരിക്കും. ജീവിതത്തിൽ തുല്യ ദുഃഖിതരാണ് നിങ്ങൾ... ആ നിങ്ങൾത്തന്നെ ഒരുമിക്കണമെന്നായിരിക്കും ഈശ്വര നിശ്ചയം." സുധാമണിയിൽ നിന്നും കിഷോറിന്റെ പഴയകാല ജീവിതത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അവൾക്ക് വല്ലാത്ത വേദന തോന്നി. കിഷോറിന് തന്റെ മക്കളോട് ഇത്രയധികം അടുപ്പം തോന്നാനുള്ള കാരണം അവൾക്ക് മനസ്സിലായി. "കിഷോറിനോട് ഞാൻ സംസാരിക്കാം. ഏതായാലും കിഷോർ നാളെ വരട്ടെ." മനസ്സിലെന്തോ തീരുമാനിച്ചുറപ്പിച്ചുകൊണ്ട് അർച്ചന സുധാമണിയോട് പറഞ്ഞു. അർച്ചനയെ കൂടുതൽ നിർബന്ധിക്കാൻ നിൽക്കാതെ സുധാമണി മുറിവിട്ട് പോയി. നാളത്തെ ദിവസം നിർണ്ണായകമാണെന്ന് അർച്ചനയ്ക്ക് തോന്നി. ************** രാവിലെ കിഷോറിനെ റെയിൽവേ സ്റ്റേഷനിൽ നിന്നും കൂട്ടികൊണ്ട് വരാനായി ഇറങ്ങിയതാണ് അർച്ചന. ഇറങ്ങുമ്പോൾ അവൾ മക്കളെയും കൂടെകൂട്ടി.

കാറിന്റെ പിൻസീറ്റിൽ രണ്ടാളെയും സുരക്ഷിതമായി ഇരുത്തിയ ശേഷം അവൾ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. ദിയയും ദേവും നല്ല കുട്ടികളായിത്തന്നെ ഇരുന്നു. പാർക്കിംഗിൽ കാർ നിർത്തി അർച്ചന കുട്ടികളെയും കൊണ്ട് പ്ലാറ്റ്ഫോം ഒന്നിലേക്ക് നടന്നു. അവിടെയാണ് ചെന്നൈ എക്സ്പ്രസ്സ്‌ വരുന്നത്. ട്രെയിൻ വരുന്നതിന്റെ അനൗൺസ്മെന്റ് കേൾക്കുന്നുമുണ്ട്. തന്റെ കൂടെ ദിയയെയും ദേവിനെയും കാണുമ്പോൾ കിഷോർ സർപ്രൈസ് ആകുമെന്ന് അവളോർത്തു. പെട്ടെന്നാണ് തനിക്ക് തൊട്ടുപിന്നിൽ നിന്നും ചിരപരിചിതമായൊരു സ്വരം അർച്ചന കേട്ടത്. "അർച്ചനാ..." ഒരു പിടച്ചിലോടെ അവൾ ഞെട്ടിപിന്തിരിഞ്ഞു. തന്നെത്തന്നെ നോക്കി നിറമിഴികളോടെ നിൽക്കുന്ന ശ്രീഹരിയെ കണ്ടപ്പോൾ ഒരു നിമിഷത്തേക്ക് ശ്വാസം നിലച്ചത് പോലെ തോന്നി അർച്ചനയ്ക്ക്. "ശ്രീയേട്ടാ..." അവളുടെ അധരങ്ങൾ മന്ത്രിച്ചു......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story