ഏയ്ഞ്ചൽ: ഭാഗം 2

ഏയ്ഞ്ചൽ: ഭാഗം 2

രചന: സന്തോഷ് അപ്പുകുട്ടൻ

അലറി കുതിച്ചെത്തുന്ന തിരകളെ കീറിമുറിച്ചു പോകുന്ന വഞ്ചിയുടെ ഗതി നിയന്ത്രിക്കുമ്പോഴും അവൻ്റെ മനസ്സിൽ വേദയെന്നുള്ള പേര് ഇടയ്ക്കിടെ ഉയരുന്നുണ്ടായിരുന്നു. എത്ര ആലോചിച്ചിട്ടും ആ പേരിലുള്ള രൂപം മനസ്സിലേക്ക് വരുന്നില്ലെന്ന് കണ്ട അവൻ, പതിയെ തല ചലിപ്പിച്ച് ആ ചിന്തകളിൽ നിന്നും സ്വതന്ത്രമായി. ആകാശം വീണ്ടും വീണ്ടും കറുപ്പ് നിറമാകുന്നത് അവർ ഭീതിയോടെ ശ്രദ്ധിച്ചു..... മഴയ്ക്ക് ശക്തി കൂടുകയായിരുന്നു.... തുള്ളിക്കൊരു കുടമായി അവർക്ക് മുകളിൽ മഴ തകർത്തു പെയ്തു തുടങ്ങി.... വലിയ മുരൾച്ചയുമായി വരുന്ന കാറ്റിൽ വഞ്ചി വട്ടം തിരിയുമ്പോഴും, എഞ്ചിൻ്റെ നിയന്ത്രണത്തോടെ അതിനെ പ്രതിരോധിക്കാൻ പ്രയത്നപ്പെടുകയായിരുന്നു ആദി....... അവൻ്റെ വെളുപ്പ് നിറമാർന്ന മുഖം ചുവന്നു തുടങ്ങിയിരുന്നു.... എഞ്ചിൻ നിയന്ത്രിച്ചിരുന്ന കൈകളിലേക്ക് മസിലുകൾ ഉരുണ്ട് കയറി. മുഖത്ത് പറ്റി ചേർന്ന മഴതുള്ളികളെ വകഞ്ഞു മാറ്റി കൊണ്ട്, വിയർപ്പുതുള്ളികൾ പുറത്തേക്ക് കുതിച്ചു. കുതിച്ചു വന്ന ഒരു തിരയെ കീറിമുറിച്ചു പോകുന്നതിനിടയിൽ, രണ്ടാൾ പൊക്കത്തിൽ ഉയർന്ന തിരയിലെ വെള്ളം വഞ്ചിയിയിലേക്ക് തെറിച്ചു വീണു നിറഞ്ഞു...... "ആ വെള്ളം വേഗം കോരി കളയ്" ആദിയുടെ ഉറക്കെയുള്ള പറച്ചിൽ കേട്ടപ്പോൾ ബിജുവും, അനിലും പൊടുന്നനെ രണ്ട് ബക്കറ്റുകളെടുത്ത് വഞ്ചിയിൽ നിറഞ്ഞ വെള്ളം കോരി തുടങ്ങി. ചൂളം വിളിച്ച്, കറങ്ങി തിരിഞ്ഞു വന്ന ഒരു കാറ്റിൽ രാമേട്ടൻ തലയിൽ വെച്ചിരുന്ന തൊപ്പികുട, തലചക്രം പോലെ ദൂരേക്ക് കറങ്ങി പോയി..... ആഞ്ഞു വന്ന ഒരു കൂറ്റൻ തിരമാലയിൽ പെട്ട് വഞ്ചി വട്ടം കറങ്ങി..... വെള്ളം കോരിയിരുന്ന ബിജുവിൻ്റെയും, അനിലിൻ്റെയും തൊണ്ടയിൽ നിന്ന് വല്ലാത്തൊരു ആർത്തനാദമുയർന്നു..... തിരപ്പുറത്ത് നിന്ന് വട്ടം കറങ്ങിയ വഞ്ചി വല്ലാത്തൊരു ശബ്ദത്തോടെ വെള്ളത്തിലേക്ക് പതിച്ചതോടെ, വഞ്ചിയിലുണ്ടായിരുന്നു കന്നാസുകൾ പുറത്തേക്ക് തെറിച്ചു..... " ഞാനപ്പോഴും പറഞ്ഞതല്ലേ തിരിച്ചു പോകാമെന്ന്.... ഇനി ജീവനോടെ കരയിലേക്ക് എത്തുമോയെന്ന് ദൈവത്തിനു മാത്രമേ അറിയൂ" ആകാശത്തോളം ഉയർന്നു പൊങ്ങി, ഒന്നൊന്നായി വരുന്ന തിരമാലകളെ നോക്കി, ഒരു കരച്ചിലോടെ ബിജു പറയുമ്പോൾ അനിൽ അതിനെ അനുകൂലിച്ചു. "ബിജു പറഞ്ഞതാണ് നേര് രാമേട്ടോ.... ആ സമയത്ത് തന്നെ നമ്മൾക്ക് തിരിച്ചു പോയാൽ മതിയായിരുന്നു.... " അനിലിൻ്റെ ഭയം നിറഞ്ഞ വാക്കുകൾക്ക് മറുപടി പറയാതെ രാമേട്ടൻ, പ്രഷുബ്ധമാകുന്ന കടലിലേക്ക് നോക്കി നിർവികാരനായി ഇരുന്നു..... പോക്കറ്റിൽ നിന്ന് ബീഡിയെടുത്ത് ചുണ്ടിൽ വെച്ചു അയാൾ തീ പെട്ടി ഉരച്ചു...... നാലുപാടും നിന്ന് വീശിയടിക്കുന്ന കാറ്റിൽ, കത്തിയ ആ തീപ്പെട്ടി കൊള്ളി രണ്ട് കൈപ്പത്തികൾ, കൂട് പോലെയൊരുക്കി അതിനുളളിൽ ഏതാനും നിമിഷം വെച്ച് അയാൾ പുഞ്ചിരിച്ചു. ശക്തിയേറിയ കാറ്റൂതുമ്പോഴും, കൈപ്പത്തിക്കുള്ളിൽ ഒതുക്കി പിടിച്ച, തീപെട്ടി കൊള്ളിയിലെ തീനാളം ഒരു തരി ഉലയാതെ അങ്ങിനെ തന്നെ നിൽക്കുന്നത് കണ്ട് ബിജു അത്ഭുതത്തോടെ നോക്കി..... " നാലുപാടും നിന്ന് കാറ്റൂതിയിട്ടും അണയാൻ പോയിട്ട് ഒരിഞ്ച് ഉലയാൻ പോലും മനസ്സില്ലാതെ കത്തുന്ന ഈ തീ കണ്ടോ നീ..... " രാമേട്ടൻ പാതിയിൽ നിർത്തി, ആ തീപെട്ടി കൊള്ളികൊണ്ട് ചുണ്ടിലിരിക്കുന്ന ബീഡിക്ക് തീ കൊളുത്തി. " ഈ തീ പോലെ ആകണം നമ്മൾ.... നാലുപാടും നിന്ന് കൊടുംകാറ്റൂതിയാലും, തിര വന്നാലും, വഞ്ചി പമ്പരം പോലെ വട്ടം കറങ്ങിയാലും മനസ്സിങ്ങനെ ഒരിഞ്ച് ഇളകാതെ, ധൈര്യത്തോടെ ഇരിക്കണം....." രാമേട്ടൻ പറയുന്നതും നോക്കി ബിജു പതിയെ തലയാട്ടി...... " അതിന് ഒരു വിശ്വാസം വേണം.... തീയെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന കൈപ്പത്തിയെ പോലൊരു വിശ്വാസം..... കടലിൻ്റെ മാറിൽ പെറ്റിട്ടതാണെന്നും, അവിടെ തന്നെ വളർന്നതാണെന്നും ഉള്ള വിശ്വാസം.... അരയനാണെന്നുള്ള വിശ്വാസം.... " ഇത്രയും പ്രായമായിട്ടും വാക്കിൽ പോലും ഒരു തരിമ്പ് തളർച്ചയില്ലാതെ ഇരിക്കുന്ന രാമേട്ടൻ അവർക്കൊരു കൗതുകമായിരുന്നു...... ആടിയുലയുന്ന വഞ്ചിയിൽ ഒരു കുലുക്കവുമില്ലാതെ ഇരുന്നു, കടലിൻ്റെ ഭാവവ്യത്യാസങ്ങൾ കണ്ടില്ലായെന്നു നടിച്ച്, കടലാഴങ്ങളിലെ മീൻകൂട്ടത്തെ ശ്രദ്ധിച്ചു കൊണ്ടുള്ള നോട്ടം..... സൂക്ഷ്മദർശിനി പോലെ ആ കണ്ണുകൾ കടലാഴങ്ങളിലേക്കു പതിക്കുന്നതു കണ്ട ബിജുവും, അനിലും പരസ്പരം നോക്കി.... കടലിൻ്റെ സ്പന്ദനങ്ങൾ തൊട്ടറിയുന്ന രാമേട്ടനെ പോലെയുള്ള പഴയ തലമുറയെക്കാളും തങ്ങൾ ഒരുപാട് പിന്നിലെന്ന് അവർക്ക് മനസ്സിലായി...... നിമിഷങ്ങൾക്കു ശേഷം ആർത്തിരമ്പി വന്നിരുന്ന തിരമാലകളും, ഹുങ്കാരത്തോടെ വന്നിരുന്ന കാറ്റും പൊടുന്നനെ അപ്രത്യക്ഷമായതും അവർ ദീർഘനിശ്വാസത്തോടെ പരസ്പരം നോക്കി..... ഇളകി മറിയുന്ന കടലിൽ, ഓളങ്ങളിൽ ഉയർന്നും, താഴ്ന്നും ആ വഞ്ചി ലക്ഷ്യസ്ഥാനത്തേക്ക് എത്തിയതും, രാമേട്ടൻ്റെ നിർദ്ദേശപ്രകാരം, ആഴക്കടലിലേക്ക് വലയെറിഞ്ഞ്, ആ വഞ്ചി പതിയെ ഒന്നു വട്ടംചുറ്റി..... പതിയെ യമഹഎഞ്ചിൻ ഓഫ് ചെയ്ത് കുറച്ചു നേരം അവർ ആകാശത്തിൻ്റെയും, കടലിൻ്റെയും മാറ്റങ്ങളിലേക്ക് നോക്കി.... അവർക്കു മുകളിൽ കടൽ പക്ഷികൾ ശബ്ദമുണ്ടാക്കി പാറി പറന്നു..... പൊടുന്നനെയാണ് ആദിയുടെ മൊബൈൽ അടിച്ചതും, അവൻ മൊബൈൽ എടുത്ത് ചെവിയോരം ചേർത്തു.... കുറച്ചു നേരത്തെ സംസാരത്തിനു ശേഷം മ്ലാനമായ അവൻ്റെ മുഖം കണ്ട്.. രാമേട്ടൻ കാര്യം തിരക്കി. "കരയിൽ നിന്ന് ബഷീറാ വിളിച്ചത് ...എടുത്ത വഴിക്ക് അവൻ തെറിയാ പറഞ്ഞത്...." കുപ്പിയിൽ നിന്നും വെള്ളം വായിലേക്ക് കമഴ്ത്തി ആദി,തുടർന്നു..... "കരയിലുള്ളവർ നമ്മളെ കാണാതെ വിഷമിച്ചിരിക്കാണെന്ന് .... അന്വേഷണത്തിനായ് അവർ ബോട്ടുകാരെ വിളിക്കാനിരിക്കുകയാണെന്ന്...... " " അപ്പോൾ അവർക്ക് ഒന്നു ഫോൺ ചെയ്തൂടായിരുന്നോ?" രാമേട്ടൻ ദേഷ്യത്തോടെ ചോദിച്ചപ്പോൾ, അനിലും, ബിജുവും തലയാട്ടി. " അവർ ഒരു പാട് വിളിച്ചിരുന്നു.... പക്ഷെ അന്നേരം അവർക്ക് നമ്മളെ കിട്ടിയില്ലായെന്നേ പറഞ്ഞത്.... ചിലപ്പോൾ റേഞ്ച് ഇല്ലായിരിക്കാം.... " ഒരു നിമിഷം നിർത്തി ആദി, വലയെറിഞ്ഞ ഭാഗത്തേക്ക് നോക്കി ... ജലോപരിതലത്തിനു മുകളിലേക്ക് ചാടുന്ന മീനുകളെ കണ്ടപ്പോൾ അവൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരിയൂറി. "നമ്മളോട് എത്രയും പെട്ടെന്ന് കരയിലേക്ക് വരാനാണ് ബഷീർ പറഞ്ഞിരിക്കുന്നത്... കടൽത്തിരകൾ, തീരത്തേക്ക് കയറി തെങ്ങുകളെല്ലാം കടപുഴകി വീഴുകയാണെന്ന്... കടൽ കാണാൻ വന്നവരെ തീരത്ത് നിന്ന് പോലീസ് മാറ്റി കൊണ്ടിരിക്കാണെന്ന് " " അതല്ലേ ഞാനും നേരത്തെ പറഞ്ഞത്... ആഴകടലിലുള്ള ഈ കൂറ്റൻ തിരമാലകളെ ഭയക്കണമെന്ന്.... സുനാമിയാകുമോ ദൈവമേ ഇനി വരാൻ പോകുന്നത് " വഞ്ചിയിലെ വെള്ളം കോരി പുറത്തേക് ഒഴിച്ചു കൊണ്ടിരുന്ന ബിജു ഭയത്തോടെ പറഞ്ഞതു കേട്ട് രാമേട്ടൻ പുഞ്ചിരിയോടെ അവനെ നോക്കി. " ങ്ങള് കൊലചിരി ചിരിച്ചോ മൻസാ.... എക്സ്പിയറി ഡേറ്റ് കഴിഞ്ഞതല്ലേ? അതേ പോലെ ആണോ എൻ്റെ കാര്യം... പ്രായപൂർത്തീം കൂടി ആയിട്ടില്ലാത്തോനാ....." ബിജു അത്രയും പറഞ്ഞു കൊണ്ട് ആദിയെ നോക്കി. " ആദീ... ഞാൻ പറയുന്നത് കേൾക്ക്.... നേരത്തെ വന്ന തിര പോലെ ഒരു തിരയും കൂടി വന്നാൽ വെള്ളം നിറഞ്ഞ് ഈ വഞ്ചി മറിയും.... അതിനു മുന്ന് നമ്മൾക്ക് തീരത്തേക്ക് വെച്ചു പിടിക്കാം" "അതാണ് ആദി നല്ലത്... ഉയിര് കിട്ടിയാൽ പുല്ല് പറിച്ചെങ്കിലും ജീവിക്കാം.... ... " അനിലും കൂടി ബിജുവിനെ പിൻതാങ്ങിയപ്പോൾ ആദി രാമേട്ടനെ നോക്കി. " എന്തായാലും വലയെറിഞ്ഞില്ലേ? ആ വല പൊക്കിയിട്ട് പോകാം...." രാമേട്ടൻ വീണ്ടുമൊരു ബീഡിക്ക് തീ കൊളുത്തി. "വല ഇവിടെ ഉപേക്ഷിച്ചിട്ടു പോകാൻ കഴിയില്ല.... വലക്കുള്ളിൽ നിറയെ മീനുണ്ട്.... മീനിൻ്റെ ചാട്ടം നിങ്ങളും കണ്ടതല്ലേ?" രാമേട്ടൻ പറഞ്ഞതും ബിജുവും, അനിലും സമ്മതത്തോടെ തലയാട്ടി. "രാമേട്ടാ ഒരു ബീഡി താ... തണുത്ത് വിറയ്ക്കുന്നു" ബിജു വിറയലോടെ കൈ നീട്ടിയപ്പോൾ രാമേട്ടൻ ഒരു ബീഡിയെടുത്ത് അവനു കൊടുത്തു. "അധികം വലിച്ച് ആ തത്തമ്മചുണ്ട് കറുപ്പിക്കണ്ട ബിജൂ... ഇനി കോളേജിലേക്ക് പോകുമ്പോൾ ഉള്ള ലൈൻ മാറിപ്പോകും... " "ഓൾ മാറി പോകൊന്നും ഇല്ല രാമേട്ടാ....എനിക്ക് കൊറോണ പിടിച്ചു കിടന്നപ്പോൾ ഇരുപത് കിലോമീറ്ററിനപ്പുറത്ത് നിന്ന് എന്നെ കാണാൻ എന്നും വന്നോണ്ടിരുന്നവളാ...." കാമുകിയെ കുറിച്ച് ബിജു വാചാലനാകുന്നതിനിടയിൽ അവർ പതിയെ വല വലിച്ചു തുടങ്ങി..... വളരെ വേഗതയിൽ പൊടുന്നനെ തന്നെ വല വലിച്ചു തീർന്ന അവരുടെ മനസ്സ് നിറയുന്ന കാഴ്ചയാണ് വലയിൽ കണ്ടത്..... നിറയെ അയില കിടന്നു പിടക്കുകയായിരുന്നു വലക്കുള്ളിൽ.... കൂടെ പലതരം വലിയ മീനുകളും, ചെറിയ മീനുകളും തുള്ളി കളിക്കുന്നു...... പൊടുന്നനെ തന്നെ അവർ വല കണ്ണികൾക്കിടയിൽ നിന്ന് മീനുകളെ പുറത്തേക്ക് എടുത്ത്, വഞ്ചിയിലേക്കിട്ടു തുടങ്ങി..... രണ്ട് പടികൾ നിറയെ മീനുമായി തീരത്തേക്ക് കുതിക്കുമ്പോൾ ഓണം വന്നതു പോലെ ആയിരുന്നു അവർക്ക്... നീണ്ട പഞ്ഞമാസങ്ങൾക്കിടയിൽ കിട്ടിയ നിധിയായിരുന്നു ആ മത്സ്യകൊയ്ത്ത്.... ബിജുവിൻ്റെയും, അനിലിൻ്റെയും മുഖത്ത് നിന്ന് ഭീതി വിട്ടുമാറി സന്തോഷം തിരയടിച്ചു കയറി..... പൊടുന്നനെ ഒരു ഹുങ്കാരത്തോടെ വന്ന കാറ്റിൽ വഞ്ചിയൊന്നു ഉയർന്നപ്പോൾ അവർ ഭീതിയോടെ പരസ്പരം നോക്കി... അന്തരീക്ഷത്തിനു വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ അവരിൽ ആപത്ശങ്ക ഉയർത്തി. .... നിലച്ചു നിന്നിരുന്ന മഴയും ആർത്തലച്ചു വന്നപ്പോൾ, വരാനിരിക്കുന്നത് വലിയൊരു ദുരന്തമാണ് എന്നവർക്ക് തോന്നി..... നിലമിറങ്ങിയ ഇടിമുഴക്കവും, കടലിനെ ചുംബിച്ചു പോകുന്ന മിന്നലുകളും ,നിറയുന്ന അന്ധകാരവും അവരുടെ മനസ്സിനെ ഇളക്കിമറിച്ചു.... "ആദീ.... വേഗം തീരം പിടിക്ക് മോനേ..... " രാമേട്ടൻ്റെ ആ അലർച്ച കേട്ടാണ്, അവർ പടിഞ്ഞാറോട്ടേയ്ക്ക് നോക്കിയതും അവരുടെ രക്തം തണുത്തു. ചക്രവാളത്തിൽ നിന്ന് പൊട്ടിപുറപ്പെട്ടതു പോലെ, ആകാശത്തെ ചുംബിച്ചു കൊണ്ട് വരുന്ന ഒന്നിനു പിന്നാലെ മറ്റൊന്നായി വരുന്ന തിരകൾ.... ഇതു വരെ മഴയിലും പറന്നുനിന്നിരുന്ന കടൽ പക്ഷികൾ വല്ലാത്തൊരു ശബ്ദത്തോടെ തീരം നോക്കി പറന്നു തുടങ്ങിയിരുന്നു അപ്പോൾ.... വിഴുങ്ങാൻ അലറി കുതിച്ചെത്തുന്ന രാക്ഷസതിരമാല കൂട്ടത്തെ കണ്ടതും, ആദി എഞ്ചിൻ്റെ സ്പീഡ് കൂട്ടി.... കടലിളക്കത്തെ കീറി മുറിച്ചു കൊണ്ട് കര ലക്ഷ്യമാക്കി പായുന്ന ആ വഞ്ചിയുടെ ഗതി നിയന്ത്രിക്കുന്ന ആദിയുടെ ചുണ്ടിൽ പ്രാർത്ഥനകൾ ഉയർന്നു...... മനസ്സിൽ അച്ഛൻ്റെ രൂപവും..... " ഇത് വല്ല സുനാമിയാവോ രാമേട്ടാ.... നട്ടുച്ചയ്ക്ക് തന്നെ കൂരിരുട്ട് പോലെ " വിറച്ചുകൊണ്ടു പറയുന്ന ബിജുവിനെ ചേർത്തു നിർത്തി രാമേട്ടൻ ആശ്വസിപ്പിക്കാനെന്നവണ്ണം പതിയെ തലോടി.... തിരകളെ കീറിമുറിച്ചു പോകുന്ന വഞ്ചിയിൽ ഇരുന്നവർ ദൂരെ ലൈറ്റ് ഹൗസിൻ്റെ ചെറുവെട്ടം കണ്ടപ്പോൾ ആശ്വാസത്തോടെ ഒന്നു തിരിഞ്ഞു നോക്കി.... വാശിയോടെന്ന പോലെ പാഞ്ഞു വരുന്ന തിരമാലകൾ കണ്ടതും, ആദി വീണ്ടും എഞ്ചിൻ്റെ സ്പീഡ് കൂട്ടി..... ജലോപരിതലത്തിലൂടെ പാളിപോകുന്ന വഞ്ചിയിലിലെ വെള്ളം ബിജുവും, അനിലും ധൃതിയിൽ പുറത്തേക്ക് കോരിയൊഴിച്ചു കൊണ്ടിരുന്നു..... " ഇനി വെള്ളം വറ്റിച്ചത് മതി.... വലകൂട്ടങ്ങൾക്കിടയിൽ നിന്ന് മാറിയിരിക്ക് നിങ്ങൾ.... കൈയ്യിൽ കന്നാസും പിടിച്ചിരിക്ക് " ആദി പറഞ്ഞതും വെള്ളം കോരിയൊഴിക്കുന്നത് നിർത്തി അവർ പൊടുന്നനെ കന്നാസും പിടിച്ചിരുന്നു, ഭീതിയോടെ രാമേട്ടനെ നോക്കി.... " വിടാതെ പിടിച്ചോണം'.. വഞ്ചി തകരാണെങ്കിൽ രക്ഷപ്പെടാനാ..... ഒരിക്കലും വലകൂട്ടത്തിൽ പെടരുത്.... പെട്ടാൽ പിന്നെ ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല" രാമേട്ടൻ്റ വാക്കുകൾ കേട്ടപ്പോൾ ബിജു പൊടുന്നനെ വല കൂട്ടങ്ങൾക്കിടയിൽ നിന്ന് മാറിയിരുന്നു... വിയർപ്പു തുളളികൾ ചാടുന്ന ആദിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു രാമേട്ടൻ പതിയെ മന്ത്രിച്ചു.... ശങ്കരൻ്റെ അതേ രക്തം... വഞ്ചി റോക്കറ്റ് പോലെ കുതിക്കുമ്പോഴും, ബിജുവും, അനിലും ഇടയ്ക്കിടെ ഭീതിയോടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.... തങ്ങളെയും കൊണ്ടേ പോകൂ എന്ന വാശിയോടെയാണ് ആ തിര കുതിച്ചു വരുന്നതെന്നവർക്ക് തോന്നി...... നീണ്ട നിമിഷങ്ങൾക്കു ശേഷം കര തെളിഞ്ഞപ്പോൾ, അവരുടെ മനസ്സിൽ സന്തോഷമുയർന്നു.... തീരത്ത് നിൽക്കുന്ന ജനകൂട്ടം ചെറുതായി തെളിയുന്നുണ്ട് .... വല്ലാത്തൊരു ആവേശത്തോടെ ആദി പിൻതിരിഞ്ഞു നോക്കിയപ്പോൾ കണ്ടു, വിഴുങ്ങാൻ വന്ന തിരകൾ പത്തി താഴ്ത്തിയതുപോലെ കടലിലമരുന്നത്.... ആവേശത്തോടെ തീരത്തേക്ക് ഓടിച്ചു കയറ്റുമ്പോൾ, വഞ്ചിയെ പിടിക്കാൻ വേണ്ടി കുറച്ചാളുകൾ കടൽതിരയിലേക്ക് വല്ലാത്തൊരു ശബ്ദത്തോടെ ഇറങ്ങി വന്നു..... വഞ്ചി പിടിച്ചു കരയിൽ കയറ്റുമ്പോഴാണ് ആദി അത് ശ്രദ്ധിച്ചത്..... കടൽ തീരത്തേക്ക് ഇറക്കി നിർത്തിയ ജീപ്പും, അതിനു ചുറ്റും നിൽക്കുന്ന പോലീസും.... ആംബുലൻസ്..... തീരത്തേക്ക് ആദി തളർന്നിരുന്നതും അശ്വതി ഓടി വന്ന് അവനെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു..... "മോളെ.... കരയാതെ ചേട്ടൻ വന്നില്ലേ?.... ആദി ചോദിച്ചതും അവൾ സങ്കടത്തോടെ അവൻ്റെ നെഞ്ചിലിടിച്ചു.... "ചേട്ടനും, മോളും ഇവിടെ കിടന്ന് തല്ലുകൂടാതെ വീട്ടിലേക്ക് ചെല്ല്... അവിടെ മോനെ കാണാതെ നെഞ്ചു പൊട്ടി കരയുന്ന ഒരു അച്ചനുണ്ട്.... " പിന്നിൽ നിന്നുയർന്ന ശബ്ദം കേട്ടതും, അവൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് സുന്ദരിയായ ഒരു പെൺകുട്ടിയെയായിരുന്നു അവൾ ഒരു ബൊക്കെ നീട്ടിയതും, അവൻ യാന്ത്രികമായി വാങ്ങി... "പ്രാർത്ഥിക്കുകയായിരുന്നു.. തിരിച്ചു വരുവാൻ... " അവൾ അവനു നേരെ പുഞ്ചിരിയോടെ കൈ നീട്ടിയതും, അവൻ ആ കൈയിൽ പതിയെ പിടിച്ചു..... "പിന്നെ ഒരിക്കൽ ഞാൻ വരാം.... ഇപ്പോൾ പോകട്ടെ.... " പറഞ്ഞു തീർന്നതും അവൾ മുന്നോട്ടേക്ക് നടന്നു ഒരു നിമിഷം തിരിഞ്ഞു നിന്നു..... " ഒരു പോറൽ പോലും ഏൽക്കാതെ നിങ്ങൾ തിരിച്ചു വരുമെന്ന് എനിക്കറിയാം.... കാരണം നിങ്ങൾ ഒരുപാട് ജീവൻ രക്ഷിച്ച ആളല്ലേ....?" " വേദയാണോ നിങ്ങൾ?" ആദിയുടെ ചോദ്യത്തിന് ഉത്തരമായി അവൾ പതിയെ പുഞ്ചിരിച്ചു.... " അല്ല... എൻ്റെ പേര് എയ്ഞ്ചൽ..... എന്നെ തിരകൾക്കിടയിൽ നിന്ന് രക്ഷിക്കുന്നതിനിടയിൽ ആദിയുടെ ബോധം മറഞ്ഞു പോയിരുന്നെന്നാ കേട്ടത്.... അതുകൊണ്ടാ ഈ മുഖം ഓർമ്മ വരാത്തത്.... ഡീറ്റെയിൽ സായി ഇനി കാണുമ്പോൾ ഞാൻ പറയാം.... " അത്രയും പറഞ്ഞ് അവൾ തിരിഞ്ഞതും, ആദിയുടെ മൊബൈൽ അടിച്ചു..... "ഹലോ ഞാൻ വേദയാണ്.... കടലിൽ നിന്നും കരയിലെത്തിയോ? മൊബൈലിലൂടെ ഒഴുകിയെത്തിയ ശബ്ദത്തിന് മറുപടി കൊടുക്കാതെ അവൻ ഏയ്ഞ്ചലിനെ തന്നെ നോക്കുകയായിരുന്നു... കൈവീശി നടന്ന അവൾ, വില കൂടിയ കാറിൻ്റെ ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറുമ്പോഴും, അവൻ്റെ മൊബൈലിൽ നിന്ന് ഹലോയെന്നുള്ള ശബ്ദമുയരുന്നുണ്ടായിരുന്നു..... ഏയ്ഞ്ചലിൻ്റെ കാർ പതിയെ നീങ്ങിയതും, അവൻ വേദയുടെ കോൾ കട്ട് ചെയ്ത്, അച്ചുവിൻ്റെ തോളിൽ പിടിച്ച് അച്ഛനെ കാണാൻ വീട്ടിലേക്ക് ഒറ്റയടിവെച്ചു നടന്നു.... അന്നേരം അവൻ്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ തിരമാലകൾ പോലെ ഉയർന്നു തുടങ്ങിയിരുന്നു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story