ഏയ്ഞ്ചൽ: ഭാഗം 33
Sep 24, 2024, 20:45 IST

രചന: സന്തോഷ് അപ്പുകുട്ടൻ
കടൽതീരത്ത് വെളിച്ചം പരക്കുന്നതോടൊപ്പം, കടലിൻ്റെ ഗർജ്ജനവും കൂടി കൊണ്ടിരുന്നു. ആകാശത്തോളം ഉയരുന്ന തിരമാലകൾ, ചക്രവാളത്തെ ഇടക്കിടെ അപ്രത്യക്ഷമാക്കി കൊണ്ടിരിക്കുന്നു.. അനസ്യൂതമായ ചുഴികളും, തിരകളും കടൽവെള്ളത്തെ കറുപ്പ് നിറമാക്കിയിരിയ്ക്കുന്നു. തീരത്തേക്ക് ആർത്തട്ടഹസിച്ചു വരുന്ന തിരകൾ, തീരത്ത് നിൽക്കുന്ന തെങ്ങുകളെ കടപുഴക്കിയെറിയുന്നുണ്ട്. തോരാതെ പെയ്യുന്ന മഴയും, വീശിയടിക്കുന്ന കാറ്റും, തീരത്തുള്ളവരുടെ മനസ്സിൽ അശാന്തിയുണർത്തി കൊണ്ടിരുന്നു. എല്ലാം തകർത്തെറിഞ്ഞു കൊണ്ട് കലിതുള്ളുന്ന കടലിലേക്ക്, തീരത്തുണ്ടായിരുന്ന ജനകൂട്ടം നിസ്സംഗതയോടെ നോക്കി നിന്നു.... അവർക്കുമേൽ മഴ കോരി ചൊരിയുമ്പോഴും, അവരുടെ ഉള്ളം ചുട്ടുപൊള്ളുകയായിരുന്നു കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ട ഞെട്ടലിൽ നിന്ന് അവരുടെ മനസ്സ് ഇതുവരെ വിമുക്തമായിട്ടില്ല.... ഇന്നലെ വരെ തങ്ങളോടൊപ്പം ചിരിച്ചും, കളിച്ചും നടന്ന ആദി ഇനിയില്ല എന്ന ഓർമ്മ വന്നതും, പലരിൽ നിന്നും കടിച്ചമർത്തിയ തേങ്ങലുതിർന്നു.. ആരോടും അനുവാദം ചോദിക്കാതെ തൻ്റെ ഗർഭത്തിലേക്ക് കടലമ്മ അവനെ കൂട്ടികൊണ്ടു പോയിരിക്കുന്നു എന്ന സത്യം അവർക്കിപ്പോഴും വിശ്വസിക്കാനായില്ല. അവൻ പിച്ചവെച്ചു നടന്ന തീരവും, നീന്തി തുടിച്ച തിരകളും ഒന്നുമറിയാത്തതുപോലെ നിസ്സംഗത ഭാവിച്ചപ്പോൾ, തീരത്ത് കൂടി നിന്നവർ എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമത്തോടെ നിൽക്കുകയായിരുന്നു. തീരത്തിൻ്റെ ഒരരികിൽ എം.എൽ.എയും, പോലീസുകാരും, തലമുതിർന്ന മത്സ്യതൊഴിലാളികളും എന്തൊക്കെയോ ചർച്ച നടത്തുന്നുണ്ടെങ്കിലും, അവരുടെയൊക്കെ മുഖത്ത് പ്രതീക്ഷയുടെ ഒരിറ്റ് വെളിച്ചം പോലുമുണ്ടായിരുന്നില്ല. വഞ്ചിയിൽ തളർന്നു കിടക്കുന്ന രാമേട്ടനെ മറ്റുള്ളവർ താങ്ങി കൊണ്ട് തീരത്തെ മണലിൽ കൊണ്ടുവന്നു കിടത്തുമ്പോഴും, അയാൾ "ആദീ " യെന്ന് വിളിച്ച് നേർത്ത ശബ്ദത്തിൽ കരയുന്നുണ്ടായിരുന്നു. തളർന്ന ഏയ്ഞ്ചലിനെയും തോളത്തേക്ക് ചാരി നിർത്തി ജിൻസ്, കലിതുള്ളുന്ന കടലിലേക്ക് പ്രതീക്ഷയറ്റ മനസ്സോടെ നോക്കി നിന്നു. ഇനി ആദിയില്ല എന്ന തിരിച്ചറിവിൽ അയാളുടെ കണ്ണുകൾ പുകഞ്ഞു. ഈ നിമിഷം വരെ, ഒന്നും സംഭവിക്കാതെ ആദി തിരിച്ചെത്തുമെന്ന നല്ല ഉറപ്പുണ്ടായിരുന്നു അയാൾക്ക്.. കുട്ടികാലം മുതലേ കടലിനെ അറിയുന്നവൻ.. ഗർജ്ജിക്കുന്ന തിരമാലകൾക്കു മീതെ കൂടി കടലിലേക്ക് ഒറ്റയ്ക്ക് സധൈര്യം വഞ്ചി ഇറക്കുന്നവൻ... മന:ശക്തിയിലും ,കായിക ബലത്തിലും അവനെ വെല്ലാൻ ഈ തീരത്ത് ആരുമില്ല എന്നതാണ് വാസ്തവം.... അങ്ങിനെയുള്ള ആൾ ഈ കടൽക്ഷോഭത്തിൽ പതറി പോകില്ലായെന്നു മനസ്സു പറഞ്ഞിരുന്നു. അങ്ങിനെയൊക്കെ പറഞ്ഞാണ് ജിൻസ്, അശ്വതിയെയും ആശ്വസിപ്പിച്ചിരുന്നത്. ആദിയെ കാത്തിരിക്കുന്ന അച്ചുട്ടിയെ ഇനി എന്തു പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് ജിൻസിനറിയില്ലായിരുന്നു. മൂത്ത മകൾക്ക് നല്ല പനിയാണെന്നു അശ്വതി വിളിച്ചു പറഞ്ഞപ്പോഴാണ് പൊടുന്നനെ ലീവ് എടുത്ത്, ഹൈറേഞ്ചിൽ നിന്ന് ഇങ്ങോട്ടേക്ക് വരുന്ന അരുണിൻ്റെ കാറിൽ ജിൻസ് കയറി വന്നത്... മോളെ ഏതെങ്കിലും നല്ല ഡോക്ടറെ കാണിച്ച്, അശ്വതിയുടെയും, കുഞ്ഞാവയുടെയും കൂടെ കുറച്ചു സമയം ചിലവഴിച്ച് മടങ്ങാമെന്ന പ്ലാനിലായിരുന്നു ജിൻസ് ലീവ് എടുത്തത്. വീട്ടിൽ ആർക്കും കാണിക്കാതെ, അരുണിനെ ആദിയുടെ മുന്നിൽ ഒരു സർപ്രൈസ് ആയി നിർത്തണമെന്ന ചിന്തയിൽ ജിൻസ് ഇവിടെയെത്തിയപ്പോൾ ആദ്യം തിരക്കിയത് ആദിയെയായിരുന്നു... ആദിയും, കുഞ്ഞുഏയ്ഞ്ചലും കടപ്പുറത്തേക്ക് പോയെന്ന് അച്ചുട്ടി പറഞ്ഞപ്പോൾ ദേവമ്മയെയും, അരുണിനെയും കൊണ്ട് തീരത്തേക്ക് നടന്ന അതേ സമയത്താണ്, അവിടെ നിന്ന് ഒരു സ്ത്രീയുടെ നിലവിളിയുയർന്ന് കേട്ടതും, ജിൻസ് പൊടുന്നന്നെ അങ്ങോട്ടേക്ക് ഓടിയതും. ജനകൂട്ടത്തിനിടയിൽ നിന്ന്, കുഞ്ഞുഏയ്ഞ്ചലിനെയും മാറോടു ചേർത്ത് പിടിച്ച് നിലവിളിക്കുന്ന ആ മുഖം ഏയ്ഞ്ചലിൻ്റതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ജിൻസ് അങ്ങോട്ടേക്ക് ഓടിചെല്ലുകയായിരുന്നു... തൊട്ടരികെ പരിഭ്രമിച്ചു നിന്നിരുന്ന റോയ്ഫിലിപ്പിനോട് ജിൻസ്, കാര്യം ചോദിച്ചപ്പോൾ റോയ്ഫിലിപ്പാണ്, പരിഭ്രമത്തോടെ കടലിലേക്കു കൈ ചൂണ്ടി കാര്യങ്ങളൊക്കെ വിശദീകരിച്ചത്.... ആദിയുടെ വഞ്ചി കടലിൽ വെച്ച് തകർന്ന് എന്ന വാർത്ത കേട്ടതും, എന്തു ചെയ്യണമെന്നറിയാതെ ജിൻസ് പതറി നിന്ന നിമിഷങ്ങൾ... ഏയ്ഞ്ചലിൻ്റെ കരച്ചിൽ കേട്ട് അപ്പോഴും ആളുകൾ തീരത്തേക്ക് ഓടി വന്നു കൊണ്ടിരുന്നു. കൂട്ടം കൂടുന്ന ജനങ്ങളെ നിർവികാരനായി ജിൻസ് നോക്കി നിൽക്കെ,ഇനി ഈ ഭൂമിയിൽ ആദിയില്ല എന്ന ചിന്ത അവൻ്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു... നീർ നിറഞ്ഞ കണ്ണുകൾക്ക് അപ്പുറത്ത് ആദി പുഞ്ചിരിച്ചു നിൽക്കുന്നുവെന്നും തോന്നിയതും, ജിൻസിൻ്റെ നെഞ്ചിൽ ഒരു തേങ്ങലുതിർന്നു . ഒരാഴ്ച മുൻപ്, പ്രസവിച്ചു കിടക്കുന്ന അച്ചുട്ടിയെ കാണാൻ ഇവിടെ വന്നപ്പോഴാണ് ആദിയെ അവസാനമായി കണ്ടതെന്ന് ജിൻസ് ഓർത്തു. അന്ന്,വെയിൽ ചാഞ്ഞ വേളയിൽ കടൽതീരത്ത് ഇരുന്നു ഒന്നിച്ചു മദ്യപിക്കുമ്പോഴും അവൻ മ്ലാനവദനനായി കാണപ്പെട്ടിരുന്നു.. "എനിക്ക് എൻ്റെ കുഞ്ഞിനെ എന്നെങ്കിലും കാണാൻ പറ്റോ ജിൻസ്? ഒരു വട്ടം.. ഒരു വട്ടം മാത്രം മതി... ആ ആഗ്രഹം മാത്രമേ എനിക്കിപ്പോൾ ഉള്ളൂ" നിറഞ്ഞുവരുന്ന കണ്ണുകൾ തുടച്ചുകൊണ്ട് ആദി ചോദിച്ചപ്പോൾ, അവനോടു എന്തു പറയണമെന്ന് നിശ്ചയമുണ്ടായിരുന്നില്ല.. മോനെ കണ്ടെത്തിയിട്ടുണ്ടെന്നും, എത്രയും വേഗം അവനെ നിൻ്റെ മുൻപിലേക്ക് കൊണ്ടുവരാമെന്നും പറയാൻ തുനിഞ്ഞെങ്കിലും, പൊടുന്നനെ അത് വേണ്ടെന്നു വെക്കുകയായിരുന്നു... ഇത്രയുംകാലം സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെ കാണാതെ നീറിയ അവനെ, പ്രതീക്ഷിക്കാത്ത ഒരു സമയത്ത് സ്വന്തം മകനെ ആദിയുടെ കൺമുന്നിൽ കൊണ്ടുചെന്നു നിർത്തി അത്ഭുതപെടുത്തണം എന്ന ചിന്തയിലായിരുന്നു അരുണുമായി സംസാരിച്ച കാര്യം ജിൻസ് ആദിയോടു പറയാതിരുന്നത്. അതുകൊണ്ടാണ്, അവൻ്റെ കണ്ണീരോടെയുള്ള ചോദ്യത്തിന് ഉത്തരം പറയാതെ അവൻ നിശബ്ദമായി കടലിലേക്കു നോക്കി ഇരുന്നത്. "എൻ്റെ മോനെ അന്വേഷിച്ചു കണ്ടെത്താെമെന്ന് കുറേ കാലമായല്ലോ നീ പറയുന്നത്... വേദയ്ക്ക് അവനെ കാണാൻ കഴിഞ്ഞില്ല... ഇനി അതുപോലെ എനിക്കും?" കണ്ണീരോടെ,പാതിയിൽ പറഞ്ഞു നിർത്തിയതും, വെള്ളം ചേർക്കാത്ത മദ്യം നിറച്ച ഗ്ലാസ് അവൻ വായിലേക്കു കമഴ്ത്തി. " ഹൈറേഞ്ചിൽ അല്ലേ അവളുടെ വീട്.. അവിടെ തന്നെയല്ലേ നീ എസ്.ഐ ആയി ജോലി ചെയ്യുന്നതും?" ആദിയുടെ ചോദ്യമുയർന്നതും, ജിൻസ് അതേയെന്ന അർത്ഥത്തിൽ തലയിളക്കി. "ഇതുവരെ നീ അന്വേഷിച്ചു കണ്ടെത്തിയില്ലെങ്കിൽ, അവൾ ആ നാട്ടിൽ ഇല്ലെന്നു വ്യക്തം... വിവാഹമൊക്കെ കഴിഞ്ഞ് അവൾ ഏതെങ്കിലും നാട്ടിലേക്ക് കടന്നിട്ടുണ്ടാവും ജിൻസ്.. യു കെ, ജർമ്മനി, ആസ്ത്രേല്യ... അങ്ങിനെ ഏതെങ്കിലും നാട്ടിലേക്ക് " ആദിയുടെ ദയനീയമായ സംസാരം കേട്ടതും, കുഞ്ഞുഏയ്ഞ്ചൽ, ഏയ്ഞ്ചലിനു വിളിക്കുന്നത് ആദിയറിഞ്ഞിട്ടില്ലായെന്നത് ജിൻസിനു വ്യക്തമാകുകയായിരുന്നു. ആദിയുടെ കൈയിൽ ഒരിക്കലും കൊടുക്കരുതെന്ന് പറഞ്ഞിട്ടാണ് ഏയ്ഞ്ചലിൻ്റെ മൊബൈൽ നമ്പർ അശ്വതിയുടെ കൈയിൽ കൊടുത്തത്... ആ നമ്പർ കൈയിൽ കിട്ടിയാൽ ആദി തീർച്ചയായും അവളെ വിളിക്കും... ചിലപ്പോൾ അവളെ അന്വേഷിച്ചു പോയെന്നിരിക്കും... കൂടെ വരാൻ വിളിച്ചെന്നിരിക്കും.. അവൾ ഒരിക്കൽ കൂടി നോ പറഞ്ഞാൽ അവൻ തകർന്നു പോയേക്കാം... വേദയുടെ മരണത്തോടെ പാതി തളർന്നവൻ, ഏയ്ഞ്ചൽ അനിഷ്ടം കാണിച്ചാൽ മുഴുവനായി തളർന്നേക്കാം... തകർന്നേക്കാം... ജീവിതത്തിൽ തളർന്നവനും, തകർന്നവനും പിന്നെ അടിഞ്ഞുകൂടുന്നത് മരണത്തിലേക്കാണ്... ആദിയെ അങ്ങിനെ പെട്ടെന്നൊന്നും മരണത്തിലേക്ക് തള്ളിവിടാൻ ആഗ്രഹമില്ലാത്തതു കൊണ്ടാണ് ഏയ്ഞ്ചലിൻ്റെ നമ്പർ അവനു കൊടുക്കാതിരുന്നത്! ഒരു പെണ്ണിനെ മനസ്സിലാക്കാൻ കഴിയുന്നത് മറ്റൊരു പെണ്ണിനാണ്...അതു കൊണ്ട് അശ്വതിയും, കുഞ്ഞുഏയ്ഞ്ചലും, ഏയ്ഞ്ചലുമായി സംസാരിക്കട്ടെ... അങ്ങിനെ സംസാരിച്ച് ആദിയോടുള്ള അവളുടെ മനസ്സിലെ പകയുടെ മഞ്ഞുരുകിയിട്ട്, തിരിച്ചു വരുന്നുണ്ടെങ്കിൽ വരട്ടെ.... അതായിരുന്നു ജിൻസിൻ്റെ മനസ്സിലെ കണക്കുകൂട്ടൽ ! ഏയ്ഞ്ചലിൻ്റെ മനസ്സിലെ പകയും, വാശിയും എത്രത്തോളം ഉണ്ടെന്ന് ശരിക്കും മനസ്സിലാക്കിയിരുന്ന ജിൻസിന്, അവളുടെ മടങ്ങി വരവിൽ തീരെ പ്രതീക്ഷ ഇല്ലായിരുന്നു... എങ്കിലും ഒരു പരീക്ഷണം. " ഞാൻ പറഞ്ഞതിന് ഉത്തരം പറഞ്ഞില്ല ജിൻസ് ... അഥവാ ഇനി, ഒരിക്കൽ ജിൻസിൻ്റേതു മാത്രമായ ഏയ്ഞ്ചലിനെ വീണ്ടും കാണുന്നതും, അവൾ ഈനാട്ടിലേക്കു വരുന്നതും നിനക്ക് ഇഷ്ടമില്ലായെന്നുണ്ടോ? നിൻ്റെ ഈ നീണ്ട മൗനം കണ്ടപ്പോൾ ചോദിച്ചതാണ്.. " ആദിയുടെ കുഴഞ്ഞ വാക്കുകൾ കേട്ടതും, ജിൻസ് പൊട്ടി ചിരിച്ചു. " സീരിയസായി പറയുന്ന കാര്യത്തിനിടയ്ക്ക് തമാശ പറയരുത് ട്ടാ അളിയാ... അളിയൻ പറഞ്ഞതുപോലെ ഏയ്ഞ്ചൽ എൻ്റെ കാമുകി തന്നെയായിരുന്നു. കല്യാണം കഴിക്കാനും ഒരുങ്ങിയതാ.. പക്ഷേ അത് മറവിയിലൊതുങ്ങിയ അന്തകാലത്ത്... ഇപ്പോൾ, കാമുകിയായിരുന്നവളെ ചേടത്തി എന്നു വിളിക്കാനും, അതേപോലെ കാണാനും ഒരു നാണക്കേടും ഈ ജിൻസിനില്ലട്ടോ... കാരണം എനിക്കിപ്പോൾ ഭാര്യയും, രണ്ട് മക്കളുമുണ്ട്... ഇപ്പോൾ അതാണ് എൻ്റെ ലോകം... പിന്നെ സെൻ്റിയടിക്കാതെ ആദ്യം അളിയൻ ഇതങ്ങട് പിടിക്ക്" ജിൻസിൻ്റ കൂളായ വാക്കുകൾ കേട്ട് അന്തിച്ചു നിന്ന ആദിയ്ക്ക് നേരെ, മദ്യം നിറച്ചൊരു ഗ്ലാസ് അയാൾ നീട്ടി... "പിന്നെ സ്നേഹിച്ച പെണ്ണിന് നമ്മളെ വേണ്ടെങ്കിൽ അവളെ നമ്മൾക്കും വേണ്ടാ അളിയാ.. അതാണ് എൻ്റെ പോളിസി.. പക്ഷെ അവളെ കാണുന്നതിലും, സംസാരിക്കുന്നതിലും എനിക്ക് വിരോധമില്ല താനും " അതും പറഞ്ഞ് ജിൻസ് ഒരു പുഞ്ചിരിയോടെ ഗ്ലാസിലെ മദ്യം വായിലേക്ക് കമഴ്ത്തി. " പ്രണയം ഒരു ഉടമ്പടിയല്ല അളിയാ... എപ്പോൾ വേണമെങ്കിലും പിരിഞ്ഞു പോകുകയോ, കൂടി ചേരുകയോ ചെയ്യാവുന്ന ഒരു സ്റ്റേജ്.. ശരിക്കും പറയുകയാണെങ്കിൽ, ഒരു പഴഞ്ചൊല്ലുണ്ടല്ലോ.. ങ്ഹാ .. കിണ്ണത്തിൻ്റെ വക്കത്തിരിക്കുന്ന കടുക് മണി.. അങ്ങോട്ടേക്കും വീഴാം... ഇങ്ങോട്ടേക്കും വീഴാം... പ്രണയത്തിൽ തോറ്റു പോയാൽ ലോകം അവസാനിച്ചെന്നു കരുതി ജീവിതം തുലക്കരുത്.. അവളെ പഴിചാരരുത്.. പകരം അവളെ അവളുടെ വഴിക്ക് വിട്ട്, സ്നേഹത്തോടെ ഗുഡ് ബൈ പറയണം കാരണം ജീവിതത്തെക്കാളും വലുതൊന്നുമല്ല പ്രണയം... കെട്ടിയ പെണ്ണിനെക്കാൾ വലുതുമല്ല ജീവിതം... അതു കൊണ്ട് കെട്ടിയ പെണ്ണിനെ ആവോളം പ്രണയിക്കുക... ഈ എന്നെ പോലെ "" തിരയടിക്കുന്ന കടലിനെയും നോക്കി വാചാലമായി സംസാരിക്കുന്ന ജിൻസിനെ ആദി അമ്പരപ്പോടെ നോക്കി നിന്നു. "നല്ല ഫോമിലാണല്ലോ ജിൻസ്?" "ദേ വീണ്ടും അളിയൻ എന്നെ തെറ്റിദ്ധരിക്കുന്നു. ഞാൻ ഫോമായിട്ടൊന്നും ഇല്ല അളിയാ... നഗ്നമായസത്യം പറഞ്ഞെന്നേയുള്ളൂ... എല്ലാവർക്കും അവരവർ കൊതിച്ചതു പോലെയുള്ള ജീവിതം കിട്ടണമെങ്കിൽ പിന്നെ വിധിയെന്ന രണ്ടക്ഷരത്തിന് എന്ത് പ്രസക്തി.. നമ്മുടെയൊക്കെ തലക്കു മുകളിൽ ഇരിക്കുന്ന ഈശ്വരന്, നമ്മളിൽ എന്ത് അധികാരം...?" അതുകൊണ്ട് എവിടെയോ കാണാമറയത്തിരിക്കുന്ന ഏയ്ഞ്ചലിനെ കാത്തിരിയ്ക്കാതെ കുഞ്ഞുഏയ്ഞ്ചലിനെ നോക്കീം, വളർത്തീം ജീവിക്കുക.. " പറഞ്ഞു തീർത്തതും ജിൻസ് ഗ്ലാസ് നിറയ്ക്കുവാൻ തുടങ്ങി. "ഞാൻ ഏയ്ഞ്ചലിനെ കാത്തിരിക്കുകയാണെന്ന് ആരു പറഞ്ഞു? ഞാൻ എൻ്റെ മോനെ ഒന്നു കൺനിറയെ കണ്ടതിനു ശേഷം, എൻ്റെ മകൾക്ക് പരിചയപ്പെടുത്തി കൊടുക്കാനാ ആഗ്രഹിക്കുന്നത്. അച്ഛൻ മരിച്ചു പോയാലും മോൾ ഒറ്റയ്ക്കല്ല എന്ന് അവളെ ഓർമപെടുത്താനാ.. അല്ലാതെ പഴയ പ്രണയവും താലോലിച്ചു, അവളെയും ഓർത്ത് വിരഹഗാനവും പാടിയിരിക്കുകയല്ല ഞാനിവിടെ " ദേഷ്യത്തോടെ പറഞ്ഞു കൊണ്ട്, ആദി മദ്യം വായിലേക്കു കമഴ്ത്തി അവിടെ നിന്നെഴുന്നേറ്റു. "വിധി എന്നാലും എന്നെ പരീക്ഷിക്കുകയാണല്ലോ ജിൻസ്? ആദ്യം ഒരു ഇന്ദു, പിന്നെ ഒരു ഏയ്ഞ്ചൽ, ഒടുവിൽ കൂടെ ചേർന്ന വേദ... എല്ലാവരും എൻ്റെ മനസ്സ് മനസ്സിലാക്കാതെ അവരവരുടെ വഴിക്ക് പോയി.. അതിൽ വേദയെ കുറിച്ചോർത്ത് മാത്രമേ എനിക്ക് വേദനയുള്ളൂ.. മനസ്സിനെ കാർന്നുതിന്നുന്ന അസഹ്യമായ വേദന " വാക്കുകൾ പാതിയിൽ നിർത്തി ആദി ആകാശത്ത് പൊട്ടി വിടരുന്ന നക്ഷത്രങ്ങളെ നോക്കിയതും,നീർ നിറഞ്ഞ അവൻ്റെ കണ്ണുകളിലേക്ക് ഒരുപറ്റം നക്ഷത്രങ്ങൾ പിടഞ്ഞു വീണു. "എത്ര സ്നേഹിച്ചാലും, സ്നേഹം പോരായെന്ന് കലമ്പും പെണ്ണ്, ഏയ്ഞ്ചലിൻ്റെ കാര്യം പറഞ്ഞ് സ്നേഹത്തോടെ കുത്തി മുറിവേൽപ്പിക്കും.. ഞാൻ നിന്നെ സ്നേഹിക്കുന്നില്ലായെന്ന് നിനക്ക് വെറുതെ തോന്നുന്നതാണെന്നു പറഞ്ഞാലും ഒരിഞ്ച് സമ്മതിക്കില്ല... അതെല്ലാം എന്നെ ദേഷ്യപ്പെടുത്താനുള്ള വേദയുടെ കുസൃതിയാണെന്ന് സമാധാനിച്ച എന്നെ തീരാദു:ഖത്തിലേക്ക് തള്ളിവിട്ട് അവൾ മരണത്തിലേക്ക് പോകുമെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല" ആദിയുടെ ശബ്ദം കരച്ചിലിൻ്റെ വക്കത്തെത്തിയതും, ജിൻസ് അയാളുടെ തോളിൽ തട്ടി. " എന്താ അളിയാ കൊച്ചു കുട്ട്യോളെ പോലെ.. അളിയനെ ഒന്നു ചൂട് ആക്കാനാ ഹൈറേഞ്ചിൽ നിന്നും വരുമ്പം ഈ മിലിറ്ററി ഐറ്റംസ് കൊണ്ടുവരുന്നത്... അതും കുടിച്ച് മോങ്ങിയിട്ട് നമ്മുടെ ആർമിയുടെ വിലകളയരുത്.. പിന്നെ.. വേദ.. അവളുടെ ഡിപ്രഷൻ ഞങ്ങൾക്കറിയാം... ഞാനും, വേദയും, ഏയ്ഞ്ചലും ഒന്നിച്ച് ഓരേ കോളേജിൽ പഠിച്ചിരുന്നതല്ലേ? അപ്പോ അതോർത്ത് അളിയൻ വിഷമിക്കണ്ട കാര്യമില്ല. നേരത്തെ പറഞ്ഞതുപോലെ വിധിയാണെന്നു കരുതി സമാധാനിക്കുക " ജിൻസ് സമാധാനിപ്പിക്കുമ്പോഴും ആദിയുടെ നോട്ടം തീരത്തെ ചുംബിക്കുന്ന തിരകളിലായിരുന്നു. " വിധിയാണെന്നു പറഞ്ഞ് സമാധാനിക്കാൻ എളുപ്പമാണ് ജിൻസ്.. പക്ഷെ മറക്കാൻ അതുപോലെ അത്ര എളുപ്പമല്ല... കണ്ണ് അടക്കുമ്പോഴും, തുറക്കുമ്പോഴും വേദയുടെ മുഖമാണ് തെളിയുന്നത്.. നീ പറഞ്ഞില്ലേ? നമ്മൾക്ക് ഓരോ പെണ്ണുങ്ങളെ വിധിച്ചിട്ടുണ്ടെന്ന്.. എത്ര പെണ്ണുങ്ങൾക്ക് പിന്നാലെ ഓടിയാലും, ചാടിയാലും, തലകുത്തി മറിഞ്ഞാലും അവസാനം നമ്മൾക്ക് വിധിച്ചിട്ടുള്ള പെണ്ണിനെ മാത്രമേ കിട്ടുകയുള്ളൂന്നും... അത് ശരിയാ ജിൻസ്.. എനിക്കു വിധിച്ചിട്ടുള്ള പെണ്ണ് വേദയാ... അവൾ പോയപ്പോൾ മാത്രമാണ് ഒറ്റപ്പെടലിന് ഇത്ര വേദനയുണ്ടെന്ന് എനിക്ക് മനസ്സിലായത് " പാതിയിൽ പറഞ്ഞു നിർത്തി ആദി നിശബ്ദം കിടക്കുന്ന ആഴകടലിലേക്കു കണ്ണീരോടെ നോക്കി. " ആ ആഴകടലിൽ എൻ്റെ വേദയുടെ ആത്മാവ് ഉണ്ട്... എനിക്കത് മനസ്സിലാവും... അങ്ങിനെ തോന്നുന്ന സമയങ്ങളിലാണ് ഞാൻ വഞ്ചിയുമായി ഒറ്റയ്ക്ക് ആഴകടലിലേക്കു പോകുന്നത്... അവളെയൊന്നു കാണാൻ ... അവളോടു ഇത്തിരി സംസാരിക്കാൻ... തന്നിരുന്ന സ്നേഹം കലർപ്പില്ലാത്തതായിരുന്നെന്ന് ഒരായിരം ആവർത്തി പറഞ്ഞ് അവളെ ബോധ്യപ്പെടുത്താൻ.. ഒടുവിൽ, സമയമടുക്കുമ്പോൾ അവളോടൊന്നിച്ച് കടലിനടിതട്ടിൽ നിത്യനിദ്രയിലമരാനും " ആദിയുടെ കണ്ണീരോടെയുള്ള ആ വാക്കുകൾ ഓർമ്മയിലെത്തിയതും ജിൻസ് വിറച്ചു... ഓർമ്മയിൽ നിന്നുണർന്ന ജിൻസിൻ്റെ ഭയം നിറഞ്ഞ നോട്ടം ആഴകടലിലേക്കു നീണ്ടതും, ആ നോട്ടത്തെ തടയാനെന്നവണ്ണം തിരമാലകൾ ആകാശത്തോളം ഉയർന്നുപൊങ്ങി.... "എൻ്റെ ചേട്ടാ... " പൊടുന്നനെയുള്ള ആ അലർച്ച കേട്ടതും, ജിൻസ് പിൻതിരിഞ്ഞു നോക്കിയപ്പോൾ കണ്ട കാഴ്ച അവൻ്റെ നെഞ്ചുരുക്കി. കോരി ചൊരിയുന്ന മഴയിലൂടെ കൈകുഞ്ഞിനെ മാറോടടുക്കി പാഞ്ഞു വരുന്ന അശ്വതി... അതിനു പിന്നാലെ പനി പിടിച്ചു, തുളളി വിറച്ചു കിടന്നിരുന്ന മകളും... അരുണും... കുഞ്ഞിഏയ്ഞ്ചലും.. അവർക്കു പിന്നാലെ റോയ്ഫിലിപ്പിനെയും പിടിച്ച് ധൃതിയിൽ നടന്നടുക്കുന്ന ദേവമ്മ.. "എൻ്റെ ചേട്ടൻ പോയി അല്ലേ ഇച്ചായാ.. എനിക്ക് ഇനി എൻ്റെ ചേട്ടനെ കാണാൻ പറ്റില്ല അല്ലേ? എൻ്റെ ചേട്ടനെ ഒരു വട്ടമെങ്കിലും ജീവനോടെ ഒന്നു കാണിച്ചു താ... ഞാനൊന്നു കണ്ണു നിറയെ കണ്ടോട്ടെ ഇച്ചായാ " ജിൻസിൻ്റെ അരികെ വന്ന് അശ്വതി വലിയ ശബ്ദത്തിൽ കരയുന്നത് കേട്ട്, മയങ്ങി കിടന്നിരുന്ന ഏയ്ഞ്ചൽ ഓർമ്മകളിലേക്ക് തിരിച്ചെത്തിയതും, തൊട്ടരികെ ആർത്തലച്ചു കരയുന്ന അശ്വതിയെ കണ്ട് ഏയ്ഞ്ചൽ അമ്പരപ്പോടെ അവളെ നോക്കി നിന്നു... കോരിചൊരിയുന്ന മഴയും കൊണ്ട് ദൈന്യതയോടെ നിൽക്കുന്ന അവളുടെ, മുഖത്തിനു ചുറ്റും, ഒരു ഭ്രാന്തിയുടേത് എന്ന പോൽ മുടിയിഴകൾ വീണു കിടക്കുന്നുണ്ട്.. അപ്പോഴും ആ ചോര കുഞ്ഞ് അവളുടെ മാറിൽ പറ്റി ചേർന്ന് കിടക്കുന്നുണ്ട്. ആ കാഴ്ച കണ്ടതോടെ ജിൻസ്, തോളിൽ മുഖവും ചേർത്തു കിടക്കുന്ന ഏയ്ഞ്ചലിനെ പതിയെ തള്ളിമാറ്റി, നെഞ്ചുരുകുന്നതിനോടൊപ്പം ചുണ്ടുകൾ വിതുമ്പുന്ന അശ്വതിയെ പൊടുന്നനെ അവൻ നെഞ്ചോടു ചേർത്തു വിങ്ങിപൊട്ടി. കടപ്പുറത്ത് തിങ്ങിനിറഞ്ഞ ജനങ്ങൾ,അശ്വതിയുടെ ആർത്തലച്ച കരച്ചിൽ കേട്ട് അങ്ങോട്ടേക്ക് വന്നു അവൾക്കും, ജിൻസിനും, ഏയ്ഞ്ചലിനും ചുറ്റും വലിയൊരു വൃത്തമായി രൂപം കൊണ്ടു... " അച്ചുട്ടി കരയാതിരിക്ക്.. ആദിക്ക് ഒന്നും പറ്റില്ല " അശ്വതിയുടെ തോളിൽ പിടിച്ച് ഏയ്ഞ്ചൽ പറഞ്ഞതും, ഒരു തീപൊള്ളൽ ഏറ്റതു പോലെ അവൾ ചാടി മാറി... "എന്നെ തൊടരുത് ചേച്ചി... എൻ്റെ ചേട്ടനെ ഈ വിധം ആക്കിയത് ചേച്ചിയാണ്.. ഈ കടപ്പുറത്തുള്ളവരുടെ സ്വൈരം കെടുത്താതെ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് ഒന്നു പോയി തരാമോ?" അശ്വതിയുടെ അലർച്ചയിലുള്ള ആ ചോദ്യമുയർന്നതും, പൊടുന്നനെ ആകാശത്ത് നിന്ന് മിന്നൽ പാളികൾ അവർക്കിടയിലേക്ക് പറന്നിറങ്ങി.. നിലമിറങ്ങി മുഴങ്ങിയ ഒരു ഇടിമുഴക്കം തീരത്തെ വിറപ്പിച്ചു... ഏതോ കോണിൽ നിന്നും കുതിച്ചു വരുന്ന കാറ്റിൻ്റെ ഹുങ്കാര ശബ്ദത്തോടൊപ്പം, തിരകൾ ഭ്രാന്തമായി തീരത്തേക്ക് പാഞ്ഞുകൊണ്ടിരുന്നു. പ്രകൃതി മറ്റൊരു ദുരന്തത്തിനു വേണ്ടി കലമ്പുന്നതിൻ്റെ മുന്നോടിയെന്നവണ്ണമായിരുന്നു അപ്പോഴത്തെ അന്തരീക്ഷത്തിൻ്റെ സ്ഥിതി. അശ്വതിയുടെ കോപത്തോടെയുള്ള വാക്കുകളിൽ വിളറി പോയ ഏയ്ഞ്ചൽ മനസ്സിലെ കോപം അടക്കുവാൻ വേണ്ടി രണ്ട് നിമിഷം കണ്ണടച്ചുനിന്നു... ശേഷം, കണ്ണുകളിലൊഴുകി പടരുന്ന മഴവെള്ളത്തെ വലംകൈ കൊണ്ട് തുടച്ചുകൊണ്ട് അവൾ പതിയെ കൺതുറന്ന് ജിൻസിനെ നോക്കി. ഒന്നും പറയാതെ, അശ്വതിയെയും ചേർത്ത് പിടിച്ച് അവൻ മുഖം കുനിച്ചു നിൽക്കുന്നത് കണ്ടപ്പോൾ, അവൾ നിറഞ്ഞ കണ്ണുകളോടെ ചുറ്റും നോക്കി. തീരത്ത് തടിച്ചുകൂടിയ എല്ലാവരും ഒരു കുറ്റവാളിയെ പോലെ തന്നെ നോക്കുന്നു.. അവരുടെ മനസ്സിലെ തന്നോടുള്ള അതൃപ്തിയും, ദേഷ്യവും അവരുടെ കണ്ണുകളിൽ തെളിയുന്ന ചുവപ്പ് രാശിയായും, ചുണ്ടുകളിൽ നിന്നുതിരുന്ന പിറുപിറുക്കലായും പുറത്തു വരുന്നുണ്ടായിരുന്നു... അതൊക്കെ കണ്ട അവൾ മനസ്സിൽ നിറയുന്ന സങ്കടത്തോടെ ആഴകടലിലേക്കു നോക്കി നെടുവീർപ്പിട്ടു... " പറഞ്ഞതു കേട്ടില്ലേ.... ഇവിടെയുള്ളവരുടെ സമാധാനം കളയാതെ ദയവായി ഒന്നു പോയി തരൂ... " അശ്വതി വീണ്ടും അലറിയതും, ജിൻസ് അവളെ ദേഷ്യത്തോടെ ഒന്നു കുലുക്കി. " അശ്വതി നീയെന്താണ് ഈ പറയുന്നത് എന്ന് ഓർമ്മ വേണം.. എന്തിൻ്റെ പേരിലായാലും, ഇത്രയും ആൾക്കാരുടെ മുന്നിൽ വെച്ച് ഏയ്ഞ്ചലിനെ നാണം കെടുത്താൻ അവൾ എന്തു തെറ്റാണ് ചെയ്തത്...?" അവൻ്റെ മുറുമുറുപ്പോടെയുള്ള ചോദ്യം കേട്ടതും, ഒരു നിമിഷം ശ്വാസമറ്റവളെ പോലെ അശ്വതി ജിൻസിനെ നോക്കി നിന്നു. "ഇനിയൊരു അക്ഷരം അനാവശ്യമായി അവളെ പറഞ്ഞാൽ...... ജിൻസിൻ്റെ വേറൊരു മുഖം അറിയാമല്ലോ?" അവളുടെ കാതിൽ പതിയെ ജിൻസ് ചോദിച്ചതും, അവൾ ഒരു മാത്ര അവൻ്റെ കണ്ണുകളിലേക്കൊന്നു നോക്കി, ആ നെഞ്ചിലേക്കവൾ വിറച്ചു വീണു. ആൾകൂട്ടം, ഒരു കാഴ്ചക്കാരിയെ പോലെ തൻ്റെ മമ്മിയെ നോക്കുന്നത് കണ്ട് സങ്കടം വന്ന അരുൺ, തന്നെ പിടിച്ചിരുന്ന ദേവമ്മയുടെ കൈവിടുവിച്ച്, ഏയ്ഞ്ചലിനരികിലേക്കായ് പതിയെ നടന്നു... ഏയ്ഞ്ചലിൻ്റെ മുന്നിൽ ചെന്ന് നിന്നതും, മഴയിൽ കുതിർന്നു നിൽക്കുന്ന അവരുടെ ദയനീയരൂപം കണ്ടതും, അവൻ ഒരു പൊട്ടികരച്ചിലോടെ ഏയ്ഞ്ചലിനെ കെട്ടിപിടിച്ചു. "നമ്മൾക്ക് തിരിച്ചു പോകാം മമ്മീ... എനിക്ക് മമ്മിയെ മാത്രം മതി.. മറ്റൊന്നും എനിക്കു വേണ്ട" അരുണിൻ്റെ വിതുമ്പിയ വാക്കുകൾ കേട്ടപ്പോൾ ഏയ്ഞ്ചൽ ഒരു വിളറിയ പുഞ്ചിരിയോടെ അവനെ ചേർത്തു പിടിച്ചു.. " പോകാം നമ്മൾക്ക് ..അതിനു മുൻപ് മോന് മോൻ്റെ അച്ഛനെയൊന്നു കാണണ്ടേ... അതുപോലെ എൻ്റെ മകൻ്റെ അച്ഛനെ എനിക്കും ഒന്നു കാണണം... അവസാനമായിട്ട്... എന്നിട്ടു നമ്മൾക്ക് തിരിച്ചു പോകാം" തൻ്റെ തലമുടിയിഴകളിൽ പതിയെ തലോടി മമ്മി പറയുന്നത് എന്താണെന്ന് അരുണിന് മനസ്സിലായില്ല. തൻ്റെ വാക്കുകൾ കേട്ട് അമ്പരന്നു നിൽക്കുന്ന അരുണിൻ്റെ നെറ്റിയിൽ ഏയ്ഞ്ചൽ ചുണ്ടമർത്തി.. പിന്നെ നിറയുന്ന കണ്ണുകളോടെ അവനെ നോക്കി. " സ്വന്തം അച്ഛനെ കണ്ടെത്താൻ ഇത്രയും ത്യാഗം എടുത്ത മകനെ, ഒരു വട്ടമെങ്കിലും കാണാതെ ഒരച്ഛനും ഒരിടത്തേക്കും പോകില്ല.. അത് ഇനി മരണത്തിലേക്കായാലും.." "മമ്മീ " അരുണിൻ്റെ കരച്ചിലിന് ശക്തിയേറി.. "മോൻ പേടിക്കണ്ട... അവസാന ശ്വാസവും മുറുകെ പിടിച്ച് വിശാലമായ കടലിൻ്റെ ഏതോ കോണിൽ ഇപ്പോഴും മോൻ്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ടെന്ന് മമ്മിയ്ക്ക് തോന്നുന്നു... തൻ്റെ രക്തത്തിൽ പിറന്ന മകനെ അവസാനമായിട്ടൊന്നു കാണാനുള്ള അടങ്ങാത്ത ആഗ്രഹത്തോടെ " പറയുന്നതിനോടൊപ്പം ഏയ്ഞ്ചൽ കരഞ്ഞു തുടങ്ങി... ''അങ്ങിനെ, കടലിലേക്കു താഴാതെ ഈ കടലിൻ്റെ ഏതെങ്കിലും കോണിൽ നിൻ്റെ അച്ഛൻ ഇപ്പോഴും ഉണ്ടെങ്കിൽ... ഈ മമ്മി കൊണ്ടുവരും നിൻ്റെ അച്ഛനെ... അല്ലെങ്കിൽ......" പറയുന്നത് പൂർത്തിയാക്കാൻ കഴിയാതെ പൊട്ടി കരയുന്ന ഏയ്ഞ്ചലിനെ കണ്ടതും കൂടി നിന്നവരുടെ കണ്ണുനിറഞ്ഞു. തീരക്കാർക്ക് അതുവരെ അവളോട് ഉണ്ടായിരുന്ന അനിഷ്ടമൊക്കെ മഞ്ഞുരുകുന്നത് പോലെ, ഉരുകി പോയിരുന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചുകൊണ്ടു, അവൾ കിതപ്പാറ്റി ഇരിക്കുന്ന രാമേട്ടൻ്റെ മുന്നിൽ ചെന്നു മുട്ടുകുത്തിയിരുന്നു... പിന്നെ ആ ശോഷിച്ച കൈകളിൽ പിടിച്ച്, ഏയ്ഞ്ചൽ കണ്ണീരോടെ രാമേട്ടനെ നോക്കി. " ഒരു വട്ടം... ഒരു വട്ടം കൂടി കടലിലേക്ക് ഒന്നു വഞ്ചി ഇറക്കാമോ രാമേട്ടാ?" ഏയ്ഞ്ചലിൻ്റെ ചോദ്യം കേട്ടതും രാമേട്ടൻ ഞെട്ടലോടെ അവളെ നോക്കി. ആ ചോദ്യം കേട്ട് തീരക്കാർ അമ്പരപ്പോടെ പരസ്പരം നോക്കി പിന്നെ കലിതുള്ളി നിൽക്കുന്ന കടലിനെയും... "മോളേ..... " രാമേട്ടൻ ദയനീയതയോടെ വിളിക്കുമ്പോഴും, അയാളുടെ കണ്ണുകൾ ആഴകടലിൽ നിന്ന് കലി തുള്ളി വരുന്ന തിരമാലകളിലായിരുന്നു. "രാമേട്ടൻ്റെ സ്വന്തം മോളുടെ അപേക്ഷ പോലെ കണക്കാക്കണം... നിരസിക്കരുത്... ആദി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് എന്നൊരു തോന്നൽ മനസ്സിൽ..." കരഞ്ഞുകൊണ്ടു പറയുന്ന ഏയ്ഞ്ചലിൻ്റെ കണ്ണീർ, ,ശോഷിച്ച കൈകളിൽ വീണപ്പോൾ രാമേട്ടൻ്റെ മനസ്സ് പൊള്ളി.... അയാൾ തലയാട്ടി കൊണ്ടു.അവളുടെ ശിരസ്സിൽ കൈവെച്ചു. " കടലമ്മ ചതിക്കില്ല എന്നല്ലേ വിശ്വാസം..അതാണ് എൻ്റെയും വിശ്വാസം... ആ വിശ്വാസത്തിൽ ഞാൻ ഒരിക്കൽ കൂടി കടലിലേക്കിറങ്ങാം... പക്ഷെ എല്ലാവരും തളർന്നിരിക്കുകയാണ്.. ആർക്കൊക്കെ ഇനി കടലിലേക്കു വരാൻ പറ്റുമെന്ന് അറിയില്ല..." തീരത്ത് തളർന്നു കിടക്കുന്ന വഞ്ചിക്കാരെ നോക്കി രാമേട്ടൻ കിതപ്പോടെ പറഞ്ഞപ്പോൾ ഏയ്ഞ്ചൽ അയാളുടെ കൈ കൂട്ടിപിടിച്ചു. "രാമേട്ടനെ കൂടാതെ ഒരാൾ മാത്രം മതി.. എത്ര ക്ഷീണമുണ്ടെങ്കിലും, രാമേട്ടൻ വിളിച്ചാൽ ഒരാൾക്കെങ്കിലും വരാതിരിക്കാൻ കഴിയില്ലല്ലോ...?" അവൾ പറയുന്നത് പാതിയിൽ നിർത്തി ഗർജ്ജിക്കുന്ന കടലിലേക്ക് നോക്കി പതിയെ മന്ത്രിച്ചു. " പിന്നെ കൂടെ ഞാനും ഉണ്ടാവും രാമേട്ടാ...മരിക്കുന്നതിൽ പേടിയില്ലാത്ത മനസ്സോടെ.. " ഏയ്ഞ്ചലിൻ്റെ ആ ഉറച്ച വാക്ക് കേട്ടതും, അമ്പരപ്പോടെ രാമേട്ടൻ അവളെ തന്നെ കണ്ണിമ ചിമ്മാതെ നോക്കി ഇരുന്നു.... അവൾക്കു ചുറ്റും കൂടിയിരുന്നവരും, അവളെ അമ്പരപ്പോടെയും, അത്ഭുതത്തോടെയും കാണുകയായിരുന്നു... "മമ്മീ... മമ്മി പോണ്ട " അരുൺ നിലവിളിച്ചു കൊണ്ട് ഏയ്ഞ്ചലിനെ ചുറ്റിപിടിച്ചതും, അവൾ ചുണ്ടുകൾ അവൻ്റെ നെറ്റിയിലമർത്തി. " പോകാതിരിക്കാൻ കഴിയില്ല മോനൂ... ആഴകടലിൽ നിന്നും അച്ഛനെ രക്ഷപ്പെടുത്തി കൊണ്ടുവന്നു, പാതിയിൽ എഴുതി നിർത്തിയ ആ കഥ, മോൻ്റെ ആഗ്രഹംപോലെ ശുഭപര്യവസിയായി ഈ മമ്മിയ്ക്ക് എഴുതി തീർക്കേണ്ടേ? അതിനു കഴിഞ്ഞില്ലെങ്കിൽ, ഈ മമ്മി ഇനിയൊരിക്കലും തിരിച്ചു വന്നില്ലെങ്കിൽ മോൻ എഴുതി തീർക്കണം മമ്മിയുടെ ആ കഥ..." അരുണിൻ്റെ നെറ്റിയിൽ ഒന്നു കൂടി ഉമ്മ വെച്ച ശേഷം, ഏയ്ഞ്ചൽ തീരത്ത് മാറി നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കരികിലേക്ക് പതിയെ നടന്നു.. മുറുകെ പിടിച്ചിരുന്ന അവളുടെ കൈകളിപ്പോഴും, ആശ്വാസത്തിൻ്റെ തണുപ്പ് നൽകി കൊണ്ട് ആ കുരിശ് രൂപം ഉണ്ടായിരുന്നു. കടലിൽ പോകുന്നതിനു വേണ്ടിയിട്ടുള്ള അനുവാദം കിട്ടണമേയെന്ന പ്രാർത്ഥന അവളുടെ ചുണ്ടിൽ അപ്പോഴും പതിയെ വിരിഞ്ഞു കൊണ്ടിരുന്നു. അതേ സമയത്തു തന്നെയാണ് ഫിലിപ്പോസിൻ്റെ കാർ സനേഹതീരത്തേക്കുള്ള ദീർഘദൂര യാത്രയ്ക്കിടയിൽ, സെൻറ്തോമസ് പള്ളിയുടെ മുന്നിലെത്തിയതും, കാർ പാർക്ക് ചെയ്ത്, മഴയിലൂടെ പ്രാർത്ഥനാ ഹാളിലേക്ക് അവർ പൊടുന്നനെ നടന്നു കയറിയതും... ആ സമയത്തും ഒരു അത്ഭുതം പോലെ, മഞ്ഞു പെയ്യേണ്ട ഡിസംബറിൽ കോരിചൊരിഞ്ഞു പെയ്തുകൊണ്ടിരിക്കുകയായിരുന്നു മഴ..........തുടരും....