കാശിനാഥൻ : ഭാഗം 16

കാശിനാഥൻ : ഭാഗം 16

രചന: മിത്ര വിന്ദ

കാലത്തെ 5മണി ആയപ്പോൾ പാർവതി ഉണർന്നു.. തലേ ദിവസം താൻ എഴുന്നേറ്റത് വൈകിയത് കൊണ്ട് അവൾക്ക് അല്പം പേടി ഉണ്ടായിരുന്നു.. അവൾ പുതപ്പെടുത്തു മടക്കി ഇട്ടിട്ട് മാറാനുള്ള വേഷം എടുത്തു കൊണ്ട് വാഷ് റൂമിലേക്ക് പോയി. കുളി ഒക്കെ കഴിഞ്ഞു ഇറങ്ങി വന്നു,മുടി ഒന്നൂടെ അഴിച്ചു തോർത്തി വട്ടം ചുറ്റി വെച്ചു. ഡ്രസിങ് റൂമിന്റെ ഇടത് വശത്തായി ഒരു കബോഡ് ഉണ്ടായിരുന്നു. അവൾ അതു തുറന്നു നോക്കി. വിലകൂടിയ ക്രീമുകളും, പെർഫ്യൂംസും, ഫേസ് വാഷും, അങ്ങനെ കുറേ ഏറെ ഐറ്റംസ്... അവൾ അതിലേക്ക് കണ്ണ് നട്ടു.. പച്ച യും ചോപ്പും കൂടി നിറം കലർന്ന ഒരു സിന്ദൂരചെപ്പ് അപ്പോൾ ആണ് അവളുടെ കണ്ണിൽ ഉടക്കിയത്.... നിറയെ കല്ലുകൾ ഒക്കെ പതിപ്പിച്ച മനോഹരം ആയ ഒരു ചെപ്പ്.. അവൾ അതു കയ്യിലെടുത്തു.. തുറന്നു.. തൊടുവിരലിനാൽ അല്പം എടുത്തു നെറുകയിൽ അണിഞ്ഞു കൊണ്ട് ഒന്ന് നോക്കി.. കൊള്ളാം ല്ലേ...നന്നായിട്ടുണ്ടല്ലോ അവൾ തന്നെ താനേ പറഞ്ഞു.... കാശി അപ്പോളും ഉറക്കത്തിൽ ആയിരുന്നു. സമയം 5.40.. അവൾ ഡോർ പതുക്കെ തുറന്നു. എല്ലാവരും ഉണർന്നു വരുന്നു. അടുക്കള യിൽ വെളിച്ചം ഉണ്ട്. ജാനകി ചേച്ചി ആവും. അവൾ താഴേക്ക് ഇറങ്ങി ചെന്നതും അച്ഛമ്മ യുടെ മുന്നിലേക്ക്. അവർ അവളെ ഒന്ന് അടിമുടി നോക്കി. പാർവതി യ്ക്ക് അല്പം ഭയം തോന്നി. എന്നാൽ അവളെ അമ്പരപ്പിച്ചു കൊണ്ട് അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അവളുടെ കൈ തണ്ടയിൽ പിടിച്ചു കൊണ്ട് പൂജാ മുറിയിലേക്ക് നടന്നു. അവർ ചാലിച്ചു വെച്ചിരുന്ന ചന്ദനം എടുത്തു പാർവതി ക്ക് തൊട്ടു കൊടുത്തു. "കുളി ഒക്കെ കഴിഞ്ഞുല്ലേ...." "ഉവ്വ്...." "പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം.... എന്തൊരു ഐശ്വര്യം ആണെന്നോ കുട്ടി....." അവർ പറഞ്ഞതും പാർവതി പുഞ്ചിരിച്ചു.. "പോയി ഒരു കപ്പ് കാപ്പി കുടിക്കു... നല്ല തണുപ്പ് ഇല്ലേ....." "ഹേയ് കുഴപ്പമില്ല...."   " കാപ്പി കുടിക്കുന്ന ശീലം ഉണ്ടോ കുട്ടിക്ക്...."   "മ്മ്...." "എന്നാൽ വരൂ..." അച്ഛമ്മ അവളെയും കൂട്ടി അടുക്കളയിലേക്ക് പോയി.   "ജാനകി....." "എന്തോ...." "രണ്ട് കപ്പ് കാപ്പി എടുത്തോളൂ..." "ശരി അച്ഛമ്മേ...." "ഇന്ന് എന്താ കാലത്തെ കഴിക്കാൻ " "ഇടിയപ്പവും വെജിറ്റബിൾ സ്റ്റുവും...." "ആഹ്..." അവിടെ കിടന്ന ഒരു കസേരയിൽ അച്ഛമ്മ ഇരിന്നു.. ജാനകി ചേച്ചി ആണെങ്കിൽ ഇടിയപ്പം ഉണ്ടാക്കുവാൻ അരിപ്പൊടി എടുത്തു വെച്ചിട്ടുണ്ട്. ക്യാരറ്റ് um കിഴങ്ങും ഒക്കെ എടുത്തു ടേബിളിലും വെച്ചു.. അതു എടുത്തു പാർവതി വെള്ളത്തിലേക്ക് ഇട്ടു.. "ഞാൻ സഹായിക്കണോ ചേച്ചി..." "വേണ്ട മോളെ.... അവിടെ ഇരുന്ന് കാപ്പി കുടിയ്ക്ക് " അവർ സ്നേഹത്തോടെ അവളെ നോക്കി പറഞ്ഞു. "അച്ഛന്റെ യും അമ്മയുടെയും ഒക്കെ കർമം നടത്തണ്ടേ കുട്ടി...." അച്ഛമ്മ അവളെ നോക്കി.. "വേണം അച്ഛമ്മേ.... എന്റെ അമ്മയുടെ മൂത്ത സഹോദരി ഇന്നലെ വിളിച്ചിരുന്നു, വല്യമ്മ പറഞ്ഞത്, അടുത്തുള്ള, ക്ഷേത്രത്തിലെ, മേൽശാന്തി പറഞ്ഞതിന് പ്രകാരം ഒരു പുരോഹിതനെ ഏർപ്പാടാക്കിയിട്ടുണ്ട് എന്നാണ്.... എന്നോട് വീട് വരേയ്ക്കും ഒന്ന് ചെല്ലാൻ പറഞ്ഞിട്ടുണ്ട്..." "മ്മ്.. പോയിട്ട് വാ " അതും കേട്ടുകൊണ്ടാണ് സുഗന്ധി അടുക്കളയിലേക്ക് കയറി വന്നത്. അവരെ കണ്ടതും പാർവതി ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. സുഗന്ധി പാർവതിയെ ഒന്ന് നോക്കി... " എവിടെ പോകുന്ന കാര്യമാണ് പാർവതി പറയുന്നത്" "അത്... നാളെയാണ് അച്ഛന്റെയും അമ്മയുടെയും സഞ്ചയനം.. അതിനുവേണ്ടി വീട് വരേയ്ക്കും ഒന്ന് ചെല്ലണമെന്ന് വല്യമ്മ വിളിച്ചു പറഞ്ഞു " "ആഹ്.... കാശിയോട് സംസാരിച്ചോ"? " ഉവ്വ്... കാശിയേട്ടൻ എന്നോട് പൊയ്ക്കോളാൻ പറഞ്ഞു അമ്മേ  " "മ്മ്...." സുഗന്ധി വന്ന് ഫ്ലാസ്കിൽ ഇരുന്ന കാപ്പിയെടുത്ത് ഒരു ഗ്ലാസ്സിലേക്ക് പകർന്നു.... " കാശി ഉണർന്നില്ലേ" "ഇല്ല..." " അവനെ വിളിച്ച് എഴുന്നേൽപ്പിക്കു,,എല്ലാ ദിവസവും അവൻ അരമണിക്കൂർ വർക്ക്ഔട്ട്‌ ചെയ്യുന്നതാണ്..." അത് കേട്ടതും പാർവതി, താൻ കുടിച്ച,ക്കപ്പ് കഴുകി വച്ചശേഷം,അടുക്കളയിൽ നിന്നും ഇറങ്ങിപ്പോയി... അപ്പോഴാണ് കിരൺ എഴുന്നേറ്റ് വരുന്നത്... " ഗുഡ്മോണിങ് പാർവതി,,, ഇയാൾ നേരത്തെ എഴുന്നേറ്റോ.. കുളിയൊക്കെ കഴിഞ്ഞ് നല്ല ഐശ്വര്യമായിട്ടാണല്ലോ നിൽപ്പ്   " അവൻ അവളെ ഒന്നു നോക്കി. "മ്മ്.... " അലക്ഷ്യമായി ഒന്നും മൂളിക്കൊണ്ട് പാർവതി സ്റ്റെപ്പ് കയറി.... സ്റ്റെപ്പ് കയറി പോകുന്ന അവളെ അവൻ ഒന്ന് തിരിഞ്ഞു നോക്കി..... അവൾ മുറിയിൽ എത്തിയപ്പോൾ കണ്ടു സുഖമായി ഉറങ്ങുന്ന കാശിയെ... അവന്റെ അടുത്തേക്ക് ചെന്നു അവൾ അല്പം കുനിഞ്ഞു. "കാശിയേട്ടാ....." ഒന്ന് രണ്ട് തവണ വിളിച്ചിട്ടും അവന് യാതൊരു അനക്കവുമില്ല.. അതിനുശേഷം അവൾ അവന്റെ തോളത്ത് പിടിച്ച് മെല്ലെ ഒന്ന് കുലുക്കി... പെട്ടെന്ന് തന്നെ കാശി കണ്ണുതുറന്നു.... മുന്നിൽ പാർവതിയെ കണ്ടതും ആദ്യം അവൻ ഒന്നു അമ്പരന്നു.. "എന്താ...." "സമയം ആറരയായി.... കാശി ഏട്ടനെ വിളിച്ച് എഴുന്നേൽപ്പിക്കാൻ അമ്മ പറഞ്ഞു വിട്ടതാണ്..." "ആഹ്....." അവൻ ക്ലോക്കിലേക്ക് നോക്കിക്കൊണ്ട് എഴുന്നേറ്റു.. " കോപ്പി കൊണ്ടുവരട്ടെ " അല്പം മടിച്ചുകൊണ്ടാണ് പാർവതി അവനോട് ചോദിച്ചത് " വേണ്ട...ഞാൻ താഴേക്ക് വന്നു കൊള്ളാം..."   അവൻ മറുപടി നൽകിയതും പാർവതി വീണ്ടും മുറിയിൽ നിന്ന് ഇറങ്ങി പോയി.... അച്ഛമ്മയും അച്ഛനും കൂടി ഉമ്മറത്തിരുന്ന് പത്രം വായിക്കുകയാണ്.... മാളവികയും ഉണർന്നു വന്നിട്ടുണ്ട്.. കുളിയൊക്കെ കഴിഞ്ഞ് നിൽക്കുന്ന പാർവതിയെ കണ്ടതും അവൾ ഒന്ന് ചിറി കോട്ടി...   പാർവതിക്ക് അത് മനസ്സിലാക്കുകയും ചെയ്തു... അവളെ ഒന്ന് നോക്കി പുഞ്ചിരിച്ച ശേഷം പാർവതി, അടുക്കളയിലേക്ക് ചെന്നു.. "ചേച്ചി... ഞാൻ ഈ നാളികേരം ചിരകട്ടെ,," അവൾ ജാനകി ചേച്ചിയോട് ചോദിച്ചു. "വേണ്ട മോളെ..... ഞാൻ ചെയ്തോളാം " "കുഴപ്പമില്ല ചേച്ചി... ഞാൻ ചെയ്യാം " എന്നു പറഞ്ഞുകൊണ്ട് അവൾ ഒരു പ്ലേറ്റ് എടുത്ത് നാളികേരം ചിരകാൻ തുടങ്ങി... "ജാനകി....." മാളവികയുടെ ശബ്ദം കേട്ടതും, പാർവതി ഒന്ന് നോക്കി.. "എനിക്ക് ഒരു ഗ്രീൻ ടീ വേണം...." "ഇപ്പൊ തരാം മോളെ..." അവർ വളരെ ഭവ്യതയോടുകൂടി മാളവികയോട് പറഞ്ഞു... "മ്മ്..... ഇനിമുതൽ കൈലാസിനും, ഗ്രീൻ ടീ മതി കെട്ടോ ജാനകി...." "ഉവ്വ്...." അത്രയും പ്രായം ചെന്ന് ഒരു സ്ത്രീയെ, പേര് വിളിച്ച്  ആണ് മാളവിക അഭിസംബോധന ചെയ്തത്.... അത് സുഗന്തിക്ക് ഇഷ്ടം ആയില്ല...   പക്ഷെ അവർ ആണെകിൽ മാളവിക യോട് ഒന്നും പറഞ്ഞതും ഇല്ല.. പാർവതിക്കും വളരെ വിഷമം തോന്നി... ഒരു ഡോക്ടറായിട്ടു കൂടി,മാളവിക യാതൊരുവിധ,മാനേഷ്സും അറിയാത്തവൾ ആണെന്ന്,പാർവതി ഓർത്തു. കൃത്യം 8 മണിയായപ്പോൾ തന്നെ എല്ലാവർക്കും കഴിക്കാൻ ഉള്ള ഫുഡ് റെഡിയായിരുന്നു.. .ജാനകി ചേച്ചിയോടൊപ്പം, അടുക്കളയിൽ സഹായിക്കുന്ന പാർവതിയെ കണ്ടുകൊണ്ടാണ് കാശി അവിടേക്ക് കയറി വന്നത്... "പാർവതി ഉള്ളത് കൊണ്ട് ജാനകിയ്ക്ക് ജോലി എളുപ്പം ആയല്ലോ... എന്തെങ്കിലും അത്യാവശ്യം വന്നാൽ ജാനകിക്ക് ലീവെടുത്ത് പോവുകയും ചെയ്യാം". കാശിക്ക് കേൾക്കാൻ പാകത്തിനാണ് മാളവിക അതു പറഞ്ഞത്... അവന്റെ തന്റെ നേർക്കു സൂക്ഷിച്ചുള്ള നോട്ടം കണ്ടപ്പോൾ മാളവിക ചെറുതായി ഒന്ന് പതറുകയും ചെയ്തു...   അപ്പോഴും ഒരു ചിരിയോടുകൂടി പാർവതി നിൽക്കുകയാണ് ചെയ്തത്. കിരൺ അടുത്തേക്ക് വന്നതും പാർവതി അല്പം പിന്നിലേക്ക് മാറി... " പാർവതിക്ക് കുക്കിംഗ് ഒക്കെ വശം ഉണ്ടോ " കിരൺ അവളെ നോക്കി... "കിരണേ..." പെട്ടെന്നായിരുന്നു അച്ഛന്റെ ശബ്ദം ഉയർന്നത്.. എല്ലാവരും ഒന്ന് പകച്ചു "എന്താണ് അമ്മാവാ..." 'കാശി നിന്റെ ഏട്ടനാണ്,അതുപോലെതന്നെ പാർവതി നിന്റെ ഏടത്തിയും...അതുകൊണ്ട് ഇനി മേലിൽ നീ ഈ കുട്ടിയെ പാർവതി എന്ന് പേര് വിളിക്കരുത്..... കേട്ടല്ലോ . "   "അത് പിന്നെ അമ്മാവാ ഞാന്...... ഇയാൾക്ക് പ്രായം കുറവാണല്ലോ എന്നോർത്ത്..." . " പ്രായത്തിൽ അല്ല കാര്യം സ്ഥാനത്തിലാണ്.... സ്ഥാനo കൊണ്ട് എപ്പോഴും അവൾ നിന്റെ ഏട്ടത്തിയമ്മയാണ്... മനസ്സിലായോ" "ഹ്മ്മ്.... മനസിലായി... ഇനി ഞാൻ അങ്ങനെ വിളിച്ചോളാം...."   അവൻ പറഞ്ഞു. പാർവതി അപ്പോഴേക്കും കാശിയുടെ അടുത്തുള്ള ചെയറിൽ ഇരുന്നിരുന്നു . ഒരു ഇടിയപ്പമാണ് അവൾ എടുത്തു തന്റെ പ്ലേറ്റിലേക്ക് വെച്ചത്.. " പാർവതി..... ഇത് കഴിച്ചാൽ നിന്റെ വിശപ്പ് പോകുമോ കുട്ടി.... രണ്ടെണ്ണം കൂടി എടുത്തു കഴിക്കൂ, ഞങ്ങൾ ആദ്യം വന്നപ്പോൾ കണ്ടതിലും ഒരുപാട് നീ ക്ഷീണിച്ചു പോയിരുന്നു..... " അച്ഛമ്മ അവളെ നോക്കി പറഞ്ഞു. "ഇതു മതിയായിട്ട് ആണ് അച്ഛമ്മേ......" "അങ്ങനെ ഒന്നും പറഞ്ഞാൽ പറ്റില്ല.... പെൺകുട്ടികൾ ആയാൽ ഇത്തിരി വണ്ണം ഒക്കെ വേണം....." അവർ പാർവതിയോട് വാചാലയായത് കണ്ട് മാളവികയുടെ മുഖം ഇരുണ്ടു... ഒരു നക്കാപ്പിച്ച പോലും കൊണ്ട് വരാത്ത  ഇവൾക്ക് ആണോ ഈ വീട്ടിൽ ഇപ്പൊ സ്ഥാനം.... അവൾ ഓർത്തു... കാശി ഓഫീസിലേക്ക് പോകുവാനായി റെഡിയായപ്പോൾ, പാർവതി വീണ്ടും അവന്റെ അരികിലേക്ക് എത്തി.. "ഹ്മ്മ്... എന്താ " " അത് പിന്നെ,,,,,ഞാൻ ഇന്നലെ പറഞ്ഞിരുന്നില്ലേ വീട്ടിൽ പോകുന്ന കാര്യം....." "മ്മ് " " അതൊന്നു കൂടി ഒന്ന് ഓർമിപ്പിക്കുവാൻ ആയിരുന്നു " "നിനക്ക് പോകേണ്ട സമയം പറഞ്ഞാൽ മതി, ഞാൻ വണ്ടി അയച്ചോളാം " " 10:മണി ആകുമ്പോഴേക്കും ഞാൻ പൊയ്ക്കോട്ടെ " "ആഹ് .. അപ്പോൾ റെഡിയായി നിന്നോളൂ.... വണ്ടി എത്തും " അവൻ ഗൗരവത്തിൽ തന്നെ അവളോട് പറഞ്ഞു.... പാർവതി അപ്പോൾ തല കുലുക്കി.. ഡോറിന്റെ അടുത്ത് എത്തിയതും, എന്തോ ഓർത്ത് എന്നതുപോലെ കാശി തിരിഞ്ഞു നിന്നു,, എന്നിട്ട്, അകത്തേക്ക് കയറി വന്നു.. കുറച്ചു ക്യാഷ് എടുത്തു അവൾക്ക് നേരെ നീട്ടി.. "ഇതാ ഇതു വെച്ചോളൂ...." "വേണ്ട ഏട്ടാ..." കാശ് മേടിക്കാൻ അവൾ വിസമ്മതിച്ചു.. " നീന്റെ കയ്യിൽ കാശ് വല്ലതും ഉണ്ടോ..." ഇല്ലെന്ന് അവൾ ചുമൽ കൂപ്പി കാണിച്ചു... " എന്തെങ്കിലും ആവശ്യം വന്നാൽ ഇരിക്കട്ടെ" എന്ന് പറഞ്ഞുകൊണ്ട് അവൻ അത് മേശമേൽ വെച്ചിട്ട് വേഗത്തിൽ പുറത്തേക്കിറങ്ങി പോയി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story