കിനാവിന്റെ തീരത്ത്... 💛🦋: ഭാഗം 24

കിനാവിന്റെ തീരത്ത്... 💛🦋: ഭാഗം 24
[ad_1]

രചന: റിൻസി പ്രിൻസ്

എനിക്ക് ഉടനെ കല്യാണം വേണമെന്ന് ഇല്ലാരുന്നു, പഠിച്ചു ജോലി ഒക്കെ കിട്ടിയിട്ട് മതിയെന്ന് ആയിരുന്നു, പിന്നെ....

അവളോന്ന് നിർത്തി...

 " പിന്നെ...?

അവൻ എടുത്തു ചോദിച്ചു.... മറുപടി പറയാൻ അവൾ വിയർത്തു, ഫോൺ പിടിച്ചിരുന്ന കൈയ്യിൽ വിയർപ്പ് നിറയുന്നത് അവൾ അറിഞ്ഞു..

" വിവാഹം കഴിഞ്ഞ് പഠിക്കാനൊന്നും പറ്റില്ലെന്ന് എന്നോട് കൂട്ടുകാരൊക്കെ പറഞ്ഞിട്ടുണ്ട്, അതുകൊണ്ട്  ഒരു വിഷമം ഉണ്ടായിരുന്നു..  അതുകൊണ്ട്  എനിക്ക് മനസ്സ് തുറന്ന് സംസാരിക്കാൻ പറ്റാത്തത്...

  അവളുടെ ആ മറുപടിയിൽ അവന് ആശ്വാസം തോന്നി,  തന്നോടുള്ള ഇഷ്ടക്കുറവല്ല അവളുടെ പ്രശ്നം, അവൾ ആഗ്രഹിച്ചത് നടക്കില്ലന്ന് ഭയമാണ്...

" അത്രയേ ഉള്ളൂ... ഇത് താൻ ആദ്യമേ എന്നോട് പറഞ്ഞാൽ മതിയായിരുന്നല്ലോ,  വിവാഹം കഴിഞ്ഞ് പഠിക്കുന്നതിനൊന്നും ഞാൻ എതിരല്ല...  പഠിക്കാനുള്ള കഴിവ് ഉണ്ടെങ്കിൽ പഠിക്കണം,  എനിക്ക് അതിനുള്ള സാഹചര്യം കിട്ടിയില്ല...അതുകൊണ്ട് എനിക്ക് പഠിക്കാനോ നല്ല ജോലി വാങ്ങാൻ ഒന്നും പറ്റിയില്ല,  നല്ലതായിട്ട് പഠിക്കാൻ കഴിവുള്ളവരോട് എനിക്ക് നല്ല മതിപ്പാണ്... തനിക്ക് അതിനുള്ള കഴിവുണ്ടെങ്കിൽ കല്യാണം കഴിഞ്ഞ് പഠിക്കുന്നതുകൊണ്ട് ഒന്നും ഒരു ബുദ്ധിമുട്ടുമില്ല, 

" ഇപ്പൊൾ ഇങ്ങനെയൊക്കെ പറയാമെങ്കിലും കല്യാണം കഴിയുമ്പോൾ ചിലപ്പോൾ....

അവൾ ഒന്ന് നിർത്തി...

 " കല്യാണം കഴിയുമ്പോൾ ഒന്നുമില്ല.... എനിക്ക് ഒരു പ്രശ്നവുമില്ല, പിന്നെന്താ കുഴപ്പം? തനിക്ക് പഠിക്കാം അതൊന്നും ഒരു വിഷയമുള്ള കാര്യമല്ല..  അതോർത്ത് താൻ ടെൻഷൻ അടിക്കേണ്ട,  ഞാൻ അങ്ങനെ ഭാര്യയെ അടിമയാക്കി വെക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി ഒന്നുമല്ല...  എന്റെ മനസ്സിൽ അങ്ങനെയൊരു ചിന്തയില്ല, പഠിക്കുന്നത് കൊണ്ടോ തനിക്ക് ഇഷ്ടമുള്ള ജോലി ചെയ്യുന്നതുകൊണ്ടോ ഒന്നും എനിക്കൊരു ബുദ്ധിമുട്ടുമില്ല...  പിന്നെ കുടുംബത്തിന് പ്രാധാന്യം നൽകണം എന്നുള്ള ഒരു നിർബന്ധം മാത്രമെ എനിക്കുള്ളൂ,  അതല്ലാതെ എനിക്ക് മറ്റു നിബന്ധനകൾ ഒന്നുമില്ല...  അതോർത്ത് താൻ ഇപ്പോഴേ ടെൻഷൻ അടിക്കേണ്ട ,  തനിക്കൊരു ടീച്ചർ ആവണം എന്നായിരുന്നില്ല ആഗ്രഹം...  അങ്ങനെയല്ലേ അന്ന് അമ്മ പറഞ്ഞത്...

 "അതെ....

സന്തോഷത്തോടെ അവൾ പറഞ്ഞു..

" ഇനിയിപ്പോൾ ക്ലാസിന് പോകുന്നില്ലേ..?  കല്യാണത്തിന് ഒരു വർഷം കൂടി ഇല്ലേ..?

"  അമ്മ പറയുന്നത് ഉടനെ പോണ്ടാന്നാ,   ഇനിയിപ്പോൾ പഠിക്കാൻ പോയാലും അത് മുഴുവനാക്കാനുള്ള സമയമൊന്നും കിട്ടില്ലല്ലോ, അതിനു മുൻപ് കല്യാണം ഉണ്ടാവുമല്ലോ..  അപ്പൊൾ പിന്നെ പോയാലും അത് പൂർത്തിയാക്കാനും പറ്റില്ലന്നാണ് അമ്മ പറയുന്നത്...

"  അങ്ങനെ ഒന്നും ഇല്ല, താൻ അപ്ലൈ ചെയ്യണം,  കിട്ടുകയാണെങ്കിൽ പഠിക്കാൻ പോകണം...  എന്തിനാ 5-  6 മാസം വെറുതെ വീട്ടിലിരിക്കുന്നത്,  അതുകൊണ്ട് തനിക്ക് തടി വയ്ക്കുമെന്ന് അല്ലാതെ പ്രത്യേകിച്ച് ഗുണം ഒന്നുമില്ല ,  പിന്നെ കല്യാണസമയം ആകുമ്പോൾ കുറച്ച് ലീവ് കിട്ടുമോന്ന് നോക്കിയാ മതിയല്ലോ...  രണ്ടോ മൂന്നോ മാസത്തെ ഡിഫറൻസ് കാണുള്ളൂ കല്യാണം കഴിഞ്ഞിട്ട് കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ,  ഒരു വർഷം വെറുതെ കളയേണ്ടന്നാണ് എന്റെ ഒരു അഭിപ്രായം...

 പെട്ടെന്ന് അവൻ വാചാലനായപ്പോൾ അവനോടുള്ള അകലം കുറഞ്ഞതുപോലെ അവൾക്കും തോന്നി.... അടുത്ത ഒരു സുഹൃത്തിനോട് സംസാരിക്കുന്നതു പോലെ,  അല്ലെങ്കിലും പഠിക്കുന്ന കാര്യങ്ങളെപ്പറ്റി ഒക്കെ പറയുന്നത് പണ്ട് തൊട്ടേ തനിക്ക് ഇഷ്ടമുള്ള കാര്യമായതുകൊണ്ട് ഒരു നിമിഷം അവൻ ആരാണ് എന്നതുപോലും മറന്ന് അവളും സ്വയംമറന്നു സംസാരിച്ചു തുടങ്ങിയിരുന്നു,

" ഗവൺമെന്റിൽ അപ്ലൈ ചെയ്താൽ എനിക്ക് കിട്ടും,  അതിനുള്ള മാർക്കുണ്ട്..  പക്ഷേ അമ്മ സമ്മതിക്കുവോന്നാണ്,

"  അമ്മയോട് ഞാൻ സംസാരിക്കണോ..?

അവൻ ചോദിച്ചു...

" അയ്യോ അത് വേണ്ട ഞാൻ പറഞ്ഞു നോക്കാം,

അവൾ പെട്ടന്ന് പറഞ്ഞു..

" എന്നു വരെയുണ്ട് അപ്ലൈ ചെയ്യാനുള്ള തീയതി, 

" അത് തുടങ്ങിയിട്ടില്ല...  അടുത്തമാസം പകുതി തൊട്ടേ തുടങ്ങുള്ളൂ,

"  എങ്കിൽ പിന്നെ സമയം ധാരാളമുണ്ട്, പോകുന്നതിനു മുൻപ് ഞാനും അമ്മയോട് ഒന്ന് സൂചിപ്പിക്കാം...  ഇനി എനിക്ക് ബുദ്ധിമുട്ടാവും എന്നോർത്താണ് സമ്മതിക്കാത്തത് എങ്കിൽ ആ തെറ്റിദ്ധാരണ മാറി കിട്ടട്ടെ,

അവൻ പറഞ്ഞപ്പോൾ അവൾക്ക് തെല്ല് ആശ്വാസം തോന്നി...

 " ഇപ്പൊ ഓക്കേ ആയോ...?

 അവൻ പെട്ടെന്ന് ചോദിച്ചപ്പോൾ അറിയാതെ ആണെങ്കിലും അവളുടെ ചൊടിയിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു...  മാസങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ ഒരു പുഞ്ചിരി തന്നിൽ തെളിഞ്ഞതെന്ന് അത്ഭുതത്തോടെ അവൾ ഓർത്തു...  ആദ്യമായി തന്റെ അധരങ്ങൾ അവനുവേണ്ടി വിരിഞ്ഞിരിക്കുന്നു,

"  ഹലോ...!

ഒരിക്കൽ കൂടി അവൻ വിളിച്ചു,

"  കേൾക്കുന്നുണ്ട്...  ഇപ്പോൾ ടെൻഷൻ ഒക്കെ മാറിയോ..?

" കുറച്ച്....

അവൾ മെല്ലെ പറഞ്ഞു....

 " കുറച്ചു മാറിയല്ലോ ബാക്കി കുറച്ച് പതുക്കെ മാറിക്കോളും....

 ചെറിയ ചിരിയോടെ അവൻ പറഞ്ഞപ്പോൾ ആ ചിരിയിൽ അറിയാതെയെങ്കിലും അവളും ഒന്ന് പങ്കുകൊണ്ടിരുന്നു....

"  താൻ കുളിക്കാൻ പോവാന്ന് അല്ലേ പറഞ്ഞത്, ചെല്ല്..  ഞാൻ പിന്നെ വിളിക്കാം, അല്ലെങ്കിൽ തനിക്ക് സമയമുള്ളപ്പോൾ ഇങ്ങോട്ട് മെസ്സേജോ മിസ്സ്‌ കോളോ എന്തെങ്കിലും ഇട്ടാൽ മതി, ഞാൻ അപ്പൊൾ തിരിച്ചു വിളിക്കാം....

"  ശരി....

ഫോൺ വച്ചുവെങ്കിലും കുറെ സമയം അവനോട് എന്തൊക്കെയോ പറയണമെന്ന് മനസ്സ് ആഗ്രഹിച്ചതു പോലെ അവൾക്ക് തോന്നിയിരുന്നു....  അവന്റെ വാക്കുകൾ ഇങ്ങനെ കേട്ടിരിക്കാൻ ഒരു പ്രത്യേക സുഖം ഉള്ളതുപോലെ....  എന്താണ് തന്നിൽ സംഭവിക്കുന്നത്  എന്ന് അവൾക്ക് തന്നെ മനസ്സിലാക്കാൻ പറ്റിയില്ല,  മനസ്സിനെ മതിച്ചിരുന്ന വിഷാദത്തിന് തെല്ല് അയവു വന്നതുപോലെ...  ഒരു പുതിയ വെളിച്ചം ജീവിതത്തിലേക്ക് കടന്നു വന്നതുപോലെ...  വാക്കുകളിൽ അവൻ നിറച്ചുവെച്ച പിന്തുണ അതാണ് ഇപ്പോൾ തന്നെ നിറഞ്ഞുനിൽക്കുന്ന സന്തോഷത്തിന് കാരണം...  ഒരു സ്ത്രീയുടെ ഏറ്റവും വലിയ ഭാഗ്യം അവളെ ഏതവസ്ഥയിലും പിന്തുണയ്ക്കുന്ന ഒരു പുരുഷനാണ്, അത് പങ്കാളി തന്നെയാവണമെന്നില്ല,  ചിലപ്പോൾ അച്ഛനാവാം സഹോദരൻ ആവാം സുഹൃത്താവാം  അങ്ങനെ അവളുടെ ജീവിതത്തിൽ കടന്നു വന്നിട്ടുള്ള ആരെങ്കിലും ആയിരിക്കാം..

  വൈകുന്നേരം അമ്മ വന്നപ്പോൾ ആ കാര്യത്തെക്കുറിച്ച് സംസാരിക്കാൻ തന്നെ അവൾ തീരുമാനിച്ചിരുന്നു,

"  അടുത്തമാസം അവസാനം  ബി എഡിന്റെ അഡ്മിഷൻ തുടങ്ങുന്നത്...  ഞാനും കൂടി ഒന്ന് അപ്ലൈ ചെയ്യട്ടെ, 

പ്രതീക്ഷയോടെ അവൾ ചോദിച്ചു...

"   ഞാൻ നിന്നോട് അന്നേ പറഞ്ഞതല്ലേ,  അതിന് ഇനി അപ്ലൈ ചെയ്തിട്ട് എന്ത് കിട്ടാനാ....  കല്യാണസമയത്തേക്ക് ക്ലാസ്സ് തീരില്ല,  ആ പണം വെറുതെ പോവുകയുള്ളൂ.... ആ സമയം കൊണ്ട് വല്ല തയ്യിലോ മറ്റോ പഠിച്ചാൽ ഒരു കൈതൊഴിൽ എങ്കിലും ആകും,

മാധവി മുഖം കഴുകുന്നതിന്റെ  ഇടയിൽ പറഞ്ഞു...

"  കല്യാണം കഴിഞ്ഞ് പഠിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്ന് അല്ലെ പറഞ്ഞത്.....

അവൾ താല്പര്യം ഇല്ലാതെ പറഞ്ഞു...

" അതൊക്കെ അവര് പെണ്ണ് കാണാൻ വന്നപ്പോൾ പറഞ്ഞ കാര്യമല്ലേ,  അതൊക്കെ എപ്പോൾ വേണമെങ്കിലും മാറാം,  നിന്നെ പഠിപ്പിക്കാൻ താല്പര്യക്കുറവ് ഉണ്ടായിട്ടല്ല...  ആ പണം നിന്റെ പഠിത്തത്തിനു വേണ്ടി ചെലവാക്കിയ അത് വെറുതെയായി പോകുമെന്ന് ഒരു ഭയം, അതിന് ഒരു പവൻ കൂടി മേടിച്ചാൽ അത്രയും കൂടി നിനക്ക് ആവുമല്ലോ,

" പഠിച്ചാൽ കിട്ടുന്ന അറിവ് സ്വർണം അണിഞ്ഞ് നടന്നാൽ കിട്ടില്ല .....! അത് ജീവിതകാലം മുഴുവൻ ഉള്ള സമ്പാദ്യമാണ്... പിന്നെ എന്നെ പഠിപ്പിക്കാൻ വേണ്ടി അമ്മയൊന്നും തരണ്ട,  എന്റെ കൈയിലുണ്ട്, പോസ്റ്റ് ഓഫീസിൽ ഒരു 23,000 രൂപ ഉണ്ട്, അതിൽ കൂടുതൽ ഒന്നും മെറിറ്റിൽ കിട്ടിയാൽ എനിക്ക് ചെലവാകാൻ പോകുന്നില്ല... ഞാൻ ട്യൂഷൻ എടുത്തും മറ്റും ഈ ഒരു കാര്യത്തിന് വേണ്ടി സ്വരുക്കൂട്ടി വച്ചത് ആണ്....

നിരാശയും വേദനയും നിറഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു...

" നിനക്ക് അത്രയ്ക്ക് ആഗ്രഹമാണെങ്കിൽ പിന്നെ പഠിക്ക് .... എങ്കിലും അവരോടൊന്നു ചോദിക്കണ്ടേ..?  ഒരു മര്യാദ നമ്മൾ കാണിക്കണമല്ലോ...  നിശ്ചയം കഴിഞ്ഞ സ്ഥിതിക്ക്....

മാധവി പറഞ്ഞു...

" ആരോട് ചോദിക്കാനാ,  എന്നെ കല്യാണം കഴിക്കുന്ന ആളിനോട് ചോദിച്ചാൽ പോരെ...?  അല്ലാതെ അവരുടെ വീട്ടിലുള്ള എല്ലാവരോടും ചോദിക്കേണ്ട കാര്യമൊന്നുമില്ലല്ലോ,  ആൾക്ക് കുഴപ്പമില്ലെന്ന് ആണ് പറഞ്ഞത്....

താല്പര്യം ഇല്ലാതെ അവൾ പറഞ്ഞു...

" ആരു പറഞ്ഞു...?

 മനസ്സിലാവാതെ മാധവി മകളുടെ മുഖത്തേക്ക് നോക്കി,

" ആള് പറഞ്ഞു....

"എങ്ങനെ..?

"  എന്നെ വിളിച്ചിരുന്നു ഇന്ന് അപ്പോഴാ പറഞ്ഞത്,  അപ്ലൈ ചെയ്തോ കുഴപ്പമില്ലന്ന് അമ്മയോട്  സംസാരിക്കാനും പറഞ്ഞു....

മടിച്ചു മടിച്ചു അവൾ പറഞ്ഞു...

"  നിന്റെ നമ്പർ എങ്ങനെ കിട്ടി...?

 മാധവിയുടെ മുഖത്ത് ഗൗരവം നിറഞ്ഞു...

"  അത് അന്ന് നിശ്ചയത്തിനു വന്നപ്പോ ആള് തന്നെ എന്റെ മൊബൈലിൽ സേവ് ചെയ്തതായിരുന്നു...  ഞാൻ നന്ദനയുടെ കോള് വന്നപ്പോൾ പുറത്തേക്കിറങ്ങിയപ്പോൾ എന്റെ ഫോൺ വാങ്ങിയിട്ട് സേവ് ചെയ്തതാ...

"ഉം.....

ഒന്നിരുത്തി മൂളി മാധവി,

"  കല്യാണത്തിന് മുൻപ് വലിയ വിളിയും പറച്ചിലും ഒന്നും വേണ്ട ഒരു പരിധി കൂടുതൽ വിളിയും പറച്ചിലും ഒക്കെ ആകുമ്പോൾ അത് വേറെ പല പ്രശ്നങ്ങൾക്കും കാരണമാകും....

 ഒരു മുന്നറിയിപ്പ് പോലെ മാധവി പറഞ്ഞു...

" ഞാൻ അങ്ങോട്ട് വിളിച്ചത് ഒന്നുമില്ല....  എന്നെ ഇങ്ങോട്ട് വിളിച്ചത്  ആണ്...

 തന്റെ ഭാഗം അവൾ പറഞ്ഞു... 

" ഇങ്ങോട്ട് വിളിച്ചാലും വലിയ വർത്തമാനത്തിന് ഒന്നും നീ നിൽക്കണ്ടന്നാണ് ഞാൻ പറഞ്ഞത്... നിശ്ചയം മാത്രമേ കഴിഞ്ഞിട്ടുള്ളൂ,  നിശ്ചയിച്ചു ഉറപ്പിച്ച  കല്യാണങ്ങൾ തന്നെ മാറിപ്പോകുന്നു, സംസാരവും കളിയും ചിരിയും ഒക്കെ വരുമ്പോൾ എന്തെങ്കിലും കാരണം കൊണ്ട് മാറിപ്പോയൽ പിന്നെ വിഷമം നിനക്ക് തന്നെയായിരിക്കും....  അതുകൊണ്ട് ഞാൻ ഈ പറയുന്നത്, പെൺകുട്ടികളുടെ മനസ്സ് ഒരിക്കൽ ഒരിടത്ത് വീണുപോയാൽ അവിടുന്ന് പിന്നെ തിരിച്ചുവരാൻ ഇത്തിരി ബുദ്ധിമുട്ടാണ്.....

 അത്രയും പറഞ്ഞ് മാധവി അകത്തേക്ക് പോയപ്പോൾ ഏതോ ഒരു ഓർമ്മയുടെ വിങ്ങൽ അവളിലും ഒരു തിങ്ങിനിറഞ്ഞു...

  സത്യമാണ് അമ്മ പറഞ്ഞത്,  പെൺകുട്ടികളുടെ മനസ്സ് ഒരിക്കൽ കൈവിട്ടു പോയാൽ പിന്നീട് അത് തിരികെ കിട്ടാൻ ഒരുപാട് പ്രയത്നിക്കണം..

    വൈകുന്നേരം ചായ കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് ഫോണിൽ ഒരു മെസ്സേജ് വന്നത്,  നോക്കിയതും സുധിയുടെ മെസ്സേജ് ആയിരുന്നു...  സാധാരണ ആ മെസ്സേജ് കണ്ടാൽ വാട്സപ്പ് ഓണാക്കുന്നതല്ല, എങ്കിലും ഇന്നെന്തോ ആളോട് അമ്മയോട് പറഞ്ഞ കാര്യം പറയാൻ തോന്നി...  പെട്ടെന്ന് തന്നെ മെസ്സേജ് സീൻ ചെയ്തു...

" ഹായ്... 

" എന്താ പരിപാടി....?

"  ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു....

"  എനിക്ക് ടിക്കറ്റ് കൺഫോം ആയി..!  അടുത്ത ആഴ്ച ഉണ്ടാവും,

"ഉം.... ഞാൻ മറ്റേ കാര്യം അമ്മയോട് പറഞ്ഞിരുന്നു,

"  അമ്മ എന്തു പറഞ്ഞു....?

"  സമ്മതമാണെങ്കിൽ പൊയ്ക്കോളാൻ പറഞ്ഞു....

" ആർക്ക് സമ്മതമാണെങ്കിൽ...?

 ഒരു കുസൃതിയോടെ അവന്റെ സന്ദേശം എത്തി...

" ഈ ആൾക്ക്...?

"  അതേതാ ഈ ആള്...?

 കുസൃതി നിറഞ്ഞു നിന്ന്
 അവന്റെ ചോദ്യത്തിന് എന്തു മറുപടി പറയണമെന്ന് അവൾക്ക് അറിയില്ലായിരുന്നു....

"  എന്റെ പേര് അറിയില്ലേ...???

 വീണ്ടും അവന്റെ ചോദ്യം എത്തി

"  അറിയാം....

"  എങ്കിൽ പിന്നെ പേര് വിളിച്ചു കൂടെ.... ഇയാൾ ആ ആള് എന്നൊക്കെ പറഞ്ഞാൽ എനിക്ക് മനസ്സിലാവില്ല...

"  പേര് വിളിക്കാൻ എനിക്ക് ഇത്തിരി ബുദ്ധിമുട്ടാണ്....

"  അതെന്താ എന്റെ പേര് അത്രയ്ക്ക് കട്ടിയുള്ള പേരാ....?

"അതല്ല.... ഞാനെങ്ങനെയാ പേര് വിളിക്കാ...? എന്നെക്കാളും മുതിർന്ന ആൾ അല്ലെ...?

" ഏതായാലും ഇയാൾ ആ ആൾ അങ്ങനെയൊന്നും വിളിക്കണ്ട,  അത് കേൾക്കുമ്പോൾ ഒരു സുഖമില്ല... പ്രായമൊന്നും നോക്കണ്ട താനെന്നെ പേര് വിളിച്ചോ എനിക്ക് കുഴപ്പമില്ല....

"  അത് വേണ്ട ശരിയാവില്ല....

ആ മറുപടി കണ്ടതും അവന്റെ ജോലിയിൽ ഒരു പുഞ്ചിരി വിടർന്നു...

"  എങ്കിൽ പിന്നെ ശരിയാവുന്ന എന്തെങ്കിലും വിളിച്ചോ....

" ചേട്ടാന്ന് വിളിക്കാം അല്ലേ...?

"   ചേട്ടാന്ന് വിളിക്കാൻ ഇവിടെ രണ്ടുപേരുണ്ട്, പോരാത്തതിന് രമ്യയും ചേട്ടാന്ന് ആണ് വിളിക്കുന്നത്...  എല്ലാരും വിളിക്കുന്നതുപോലെ അല്ലല്ലോ സ്പെഷ്യൽ ആയിട്ട് വേണ്ടേ   "ഈ ആള്" വിളിക്കാൻ....

അവനൊന്ന് ഊന്നി ചോദിച്ചപ്പോൾ അവൾക്ക്  ചിരി വന്നുപോയിരുന്നു.... അറിയാതെ ആ പുഞ്ചിരി ചൊടിയിലും നിറഞ്ഞു നിന്നു...  താൻ പോലും അറിയാതെ തന്നിൽ സന്തോഷം നിറയുന്നത് അവൾ അത്ഭുതത്തോടെ മനസ്സിലാക്കുകയായിരുന്നു...

"   വേറെ എന്താ വിളിക്കുക...?

 വീണ്ടും ചോദ്യം എത്തി.

 "അത് ഞാൻ ആലോചിച്ചു നോക്കട്ടെ,

" അതിന് ഇത്ര ആലോചിക്കാൻ ഉണ്ടോ..?  

" എങ്കിൽ പിന്നെ പറ അതുപോലെ വിളിക്കാം...

" അത് വേണ്ട ആലോചിച്ച് തന്നെ കണ്ടെത്ത്,  എന്നിട്ട് എന്നോട് പറ...

"  ശരി...

" എങ്കിൽ സമാധാനായിരുന്ന് ചായ കുടിച്ചോ...

" ഒക്കെ...

" ബൈ.

"ബൈ

അവന്റെ മെസ്സേജ് അവസാനിച്ചു കഴിഞ്ഞപ്പോൾ തന്നെ അവൾ വാട്സാപ്പിൽ നിന്നും ഇറങ്ങിക്കഴിഞ്ഞിരുന്നു...  ചോ
ടികളിൽ നിറഞ്ഞുനിൽക്കുന്ന പുഞ്ചിരിയുടെ അർത്ഥം അവൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല...  പക്ഷേ ഒരു കാര്യം മാത്രം അവൾക്ക് വ്യക്തമായിരുന്നു, അർജുൻ  പതിയെ വിസ്മൃതിയിലേക്കാണ്ടു തുടങ്ങിയിരിക്കുന്നു...  തന്റെ മനസ്സിലെ അവന്റെ രൂപത്തിന് മങ്ങലേറ്റ് തുടങ്ങിയിരിക്കുന്നു,  അവിടെ പുതിയൊരു ചിത്രം ഉയർന്നു വരുന്നു... അതിന്റെ ചമയങ്ങൾ ആരോ കോറിയിടുകയാണ്, അതിന്റെ ചില നിറങ്ങൾ അവ്യക്തമായി തനിക്ക് കാണാൻ സാധിക്കുന്നുണ്ട്..  ആ ചിത്രത്തിന്  തെളിമേറുന്നത്  അവൾ അറിഞ്ഞു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


[ad_2]

Tags

Share this story