കൃഷ്ണവേണി: ഭാഗം 1

കൃഷ്ണവേണി: ഭാഗം 1

എഴുത്തുകാരി: അനില സനൽ അനുരാധ

നേരം വൈകിയ കാരണം കൃഷ്ണവേണി തിരക്കിൽ സാരി ഉടുക്കുകയായിരുന്നു. ഇന്നാണ് ഓഫീസിൽ പുതിയ എം. ഡി ചാർജ്ജെടുക്കുന്നത്. ഇപ്പോൾ തന്നെ സമയം എട്ടര കഴിഞ്ഞു. ഓഫീസിൽ എത്താൻ വേഗതയില്‍ പോയാല്‍ തന്നെ അര മണിക്കൂർ എങ്കിലും ഡ്രൈവ് ചെയ്യണം. ഇന്നു മരണപാച്ചിലിൽ വണ്ടിയോടിക്കേണ്ടി വരും എന്നു ചിന്തിച്ച് സാരിയിലെ അവസാന പിന്നും കുത്തി.പോകാനായി ബാഗും എടുത്ത് തയ്യാറായി. “അയ്യോ മോളെ… ” എന്ന് കല്യാണിയമ്മയുടെ വിളി കേട്ടതും അവൾ ബാഗ് നിലത്തിട്ട് അകത്തേക്ക് ഓടി. കല്യാണിയമ്മ നിലത്തു ഇരിക്കുന്നുണ്ടായിരുന്നു. അവൾ അവരെ വേഗം അവരെ പിടിച്ചെഴുന്നേൽപ്പിച്ചു. “എന്താ അമ്മേ? ” അവൾ പരിഭ്രാന്തിയോടെ തിരക്കി.

“ഒന്നൂല്യ മോളെ. ” എന്നു പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. “പിന്നെ എങ്ങനെയാ വീണത്? ” “ഞാൻ ഉമ്മറത്തേക്ക് വരാനായി വേഗം നടന്നതാ . കട്ടിളപ്പടിയിൽ തട്ടിയപ്പോൾ വീണു പോയി. ഇപ്പോൾ കുഴപ്പമില്ല. ” “മെല്ലെ നടക്കാൻ പറഞ്ഞാൽ കേൾക്കില്ല. ഞാൻ വരുന്നതു വരെ അടങ്ങി ഒതുങ്ങി ഇരിക്കണം കേട്ടോ. ” അവൾ സ്നേഹത്തോടെ ശാസിച്ചു. “ഉം… ” “വാസന്തിയേട്ത്തിയോട് ഞാൻ പറയാം ശ്രദ്ധിക്കാൻ. ” വാസന്തിയേട്ത്തി അടുത്ത വീട്ടിലുള്ള സ്ത്രീയാണ്. ഇവിടുത്തെ പുറം പണികൾ ചെയ്യാനായി അവർ എന്നും വരാറുണ്ട്. “എനിക്കു കുഴപ്പമൊന്നുമില്ല മോളെ.” “അതേയ് എല്ലാവരും അമ്മയെ എന്നെ ഏൽപ്പിച്ചിട്ടാ പോയിരിക്കുന്നത്. എന്തെങ്കിലും പറ്റിയാൽ അവർ എല്ലാവരും എന്നെ ശരിയാക്കും.” “നിന്നു നേരം വൈകിക്കാതെ പോകാൻ നോക്കു കുട്ടീ.”

കല്യാണിയമ്മയുടെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്ത് ബാഗും എടുത്ത് അവൾ മുറ്റത്തേക്ക് നടന്നു. “വാസന്തിയേട്ത്തീ…” അവൾ ഉറക്കെ നീട്ടി വിളിച്ചു. അവരു വീടിന്റെ പിന്നാമ്പുറത്തു നിന്നും ഓടി വന്നു. “അമ്മ ഒന്നു വീണു. ഇടയ്ക്കു ഒന്നും ശ്രദ്ധിച്ചേക്കണേ.” “ശരി മോളെ… ” *** കേശവൻ നായരുടെ മൂന്നു പെണ്മക്കളിൽ മൂത്തവളാണ് കൃഷ്ണവേണി. മനപ്പടി തറവാട്ടിലെ കാര്യസ്ഥൻ ആയിരുന്നു കേശവൻ നായർ. കല്യാണിയമ്മ വിവാഹം കഴിച്ചിട്ടില്ല. ഏട്ടന്മാരെല്ലാം വിവാഹശേഷം വേറെ വീട്ടിലേക്കു മാറിയിരുന്നു. അനിയത്തിയുടെയും വിവാഹം കഴിഞ്ഞു. കല്യാണിയമ്മ കാണാൻ സുന്ദരിയായിരുന്നെങ്കിലും ഇടതു കാലിലെ മുടന്തും ഇടതു കയ്യിന്റെ ശേഷിക്കുറവും കാരണം വിവാഹമൊന്നും നടന്നില്ല.

മാതാ പിതാക്കളുടെ മരണ ശേഷം സഹോദരന്മാർ അവരുടെ വീടുകളിലേക്ക് ക്ഷണിച്ചെങ്കിലും കല്യാണിയമ്മ പോയില്ല. കാരണവന്മാരും പരദേവതയും നാഗദേവതകളും കുടി കൊള്ളുന്ന മണ്ണ് വിട്ടു പോകാൻ അവരുടെ മനസ്സിന് ഒരിക്കലും സമ്മതമായിരുന്നില്ല. കല്യാണിയമ്മ തറവാട്ടിൽ തനിച്ചായ സമയത്താണ് കേശവൻ നായർ കൃഷ്ണവേണിയെ തറവാട്ടിൽ കൊണ്ടു വന്നു നിർത്തുന്നത്. പിന്നീടവൾ പഠിച്ചതെല്ലാം അവിടെ നിന്നാണ്. കല്യാണിയമ്മയ്ക്ക് അവൾ സ്വന്തം മകളെ പോലെയാണ്. അവൾക്കു കല്യാണിയമ്മയെയും ജീവനായിരുന്നു. കേശവൻ മരിച്ചതോട് കൂടി വീട്ടിലെ ഉത്തരവാദിത്വങ്ങൾ അവൾക്കു ഏറ്റെടുക്കേണ്ടി വന്നു. വീട്ടിൽ അമ്മയും രണ്ടു അനിയത്തിമാരും അച്ഛമ്മയുമുണ്ട്.

ഇടയ്ക്ക് അച്ഛന്റെ ജേഷ്ഠന്റെ മകനും അവിടെ വന്നു നില്ക്കാറുണ്ട്. ബി. കോം കഴിഞ്ഞു കുറച്ചു നാൾ ഒരു ടാക്സ് ഓഫീസിൽ വർക്ക്‌ ചെയ്യുകയായിരുന്നു കൃഷ്ണവേണി. പിന്നീട് കല്യാണിയമ്മയുടെ ജേഷ്ഠനായ ജഗന്നാഥന്‍െറ സഹായത്താൽ അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരനായ രവീന്ദ്രന്റെ ഉടമസ്ഥതയിൽ ഉള്ള രേവതി ഗ്രൂപ്പ്സിന്റെ ഓഫീസിൽ അവൾക്കു ജോലി കിട്ടി. ജോലി കിട്ടിയ ശേഷവും അവൾ കല്യാണിയമ്മയുടെ കൂടെ തന്നെയായിരുന്നു താമസം. വീട്ടിലേക്കു എപ്പോഴെങ്കിലും ചെല്ലുന്ന ഒരു വിരുന്നുകാരിയായി അവൾ മാറി. ശമ്പളം എല്ലാ മാസവും കൃത്യമായി വീട്ടിലേക്ക് അയച്ചു കൊടുക്കണമായിരുന്നു. ***

പരമാവധി വേഗത്തിൽ പോകാൻ ശ്രമിച്ചിട്ടും ഓഫീസിൽ എത്തുമ്പോൾ സമയം ഒമ്പതേകാല്‍ കഴിഞ്ഞിരുന്നു. വേഗത്തിൽ ഓടിക്കിതച്ച്‌ ഓഫീസിൽ എത്തിയതും മാനേജറായ ജിതിൻ സാറിനെ കണ്ടു. “പുതിയ എം. ഡി എത്തിയോ? ” അവൾ കിതച്ചു കൊണ്ടു തിരക്കി. “എത്തി. ചാർജ്ജെടുത്തു. ഇവിടെ വന്നതും എല്ലാവരെയും കോൺഫറൻസ് ഹാളിലേക്ക് വിളിപ്പിച്ചു. താൻ മാത്രമേ എത്താത്തതുള്ളു. സാറിനെ കണ്ടിട്ട് ഡ്യൂട്ടിക്ക് കയറിയാൽ മതിയെന്ന് പറഞ്ഞു. “കുഴപ്പായോ സാറെ? ” “സമയം കളയാതെ ചെന്നു കാണൂ. ” “ക്യാബിനിലാണോ? ” “നോ. കോൺഫറൻസ് ഹാൾ. ” കോൺഫറൻസ് ഹാൾ മൂന്നാമത്തെ ഫ്ലോറിൽ ആയിരുന്നു. ബാഗു പോലും ടേബിളിൽ കൊണ്ടു വെക്കാതെ അവൾ ലിഫ്റ്റിനു അരികിലേക്ക് ഓടി. മൂന്നാമത്തെ ഫ്ലോറിൽ എത്തി ലിഫ്റ്റ് ഓപ്പൺ ആയതും തിടുക്കത്തിൽ പുറത്തേക്കു ഓടി.

പെട്ടെന്ന് സാരി കാലിൽ ഉടക്കുകയും ചെയ്തതോടെ എതിരെ വന്നിരുന്ന ആളുടെ ദേഹത്തു പോയി ഇടിച്ചു ബാലൻസ് തെറ്റി താഴേക്കു വീണു. “ന്റെ കൃഷ്ണാ …” എന്നു വിളിച്ച് അവൾ താഴെ ഇരുന്നു പോയി. എം. ഡി യെ കാണണം എന്ന ചിന്ത മനസ്സിൽ ഉണർന്നതും വേഗം ബാഗ് എടുത്തു എഴുന്നേറ്റു. ആരെങ്കിലും കണ്ടോ എന്നൊന്നു ചുറ്റും നോക്കി. ആരും കണ്ടില്ല എന്നു ചിന്തിച്ച് ആത്മനിർവൃതിയടഞ്ഞു. ആരുടെ ദേഹത്താണ് പോയി ഇടിച്ചത്. അയാളുടെ പൊടി പോലും കാണാനില്ല. ഒരാൾ വീണാൽ എഴുന്നേൽക്കാൻ സഹായിക്കുക എന്ന സാമാന്യ മര്യാദ പോലും ഇല്ലാത്ത ഏതവനാണ് അത് എന്നു ചിന്തിച്ചു നടക്കുമ്പോൾ ഹാൾ എത്തിയിരുന്നു. അവിടെ ആരും ഉണ്ടായിരുന്നില്ല. എം. ഡി കാബിനിൽ തന്നെ ഉണ്ടാകും എന്ന ചിന്തയിൽ രണ്ടാമത്തെ ഫ്ലോറിലേക്ക് ചെന്നു.

അവിടെ വെച്ച് സ്റ്റാഫായ സുഷമചേച്ചിയെ കണ്ടു. “വേണി… നീയിതു എവിടെ ആയിരുന്നു. എം. ഡി നിന്നെ വെയിറ്റ് ചെയ്തു കോൺഫറൻസ് ഹാളിൽ ഉണ്ടായിരുന്നു. ഇപ്പോൾ കാബിനിലേക്ക് പോയി. നീ രവീന്ദ്രൻ സാറിന്റെ അസിസ്റ്റന്റ് ആയിരുന്നില്ലേ. പുതിയ അസിസ്റ്റന്റിനുള്ള ഇന്റർവ്യൂ കഴിയുന്ന വരെ നീ ആ പോസ്റ്റിൽ തന്നെ ആയിരിക്കും. ” “എന്നെ അക്കൗണ്ട്സ് സെക്ഷനിലേക്കു മാറ്റും എന്നാണല്ലോ രവീന്ദ്രൻ സാർ പറഞ്ഞിരുന്നത്. ” “എന്നോട് ഇങ്ങനെ പറഞ്ഞു. നീ ചെല്ല്. ” ഈശ്വരാ വൈകിയതിനു സർ വഴക്കു പറയുമോ എന്നു പേടിച്ചാണ് കാബിനു മുൻപിലേക്ക് നടന്നത്. അവൾ നെയിം ബോർഡിലേക്ക് നോക്കി. രവീന്ദ്രൻ സാറിന്റെ നെയിം ബോർഡ്‌ മാറ്റിയിട്ടുണ്ടായിരുന്നില്ല. “മേ ഐ കം ഇൻ സർ? ” അവൾ വിനയാന്വിതയായി ഡോറിൽ മുട്ടി കൊണ്ടു തിരക്കി. “കം ഇൻ…” എന്നു കേട്ടതും അവൾ ഡോർ തുറന്നു അകത്തു കയറി. പുതിയ എം ഡിയെ നോക്കി.

മെറൂൺ കളർ ഷർട്ടാണ് അദ്ദേഹം ധരിച്ചിരുന്നത്. തല കുനിച്ചിരുന്ന് ഏതോ ഫയൽ നോക്കുകയാണ്. അൽപ്പ സമയം കഴിഞ്ഞാണ് മുഖം ഉയർത്തി അവളെ നോക്കിയത്. “എന്താ? ” അയാൾ തിരക്കി. അയാളുടെ മുഖം കണ്ടതും അവൾ ചെറുതായൊന്നു ഞെട്ടി. നേരത്തെ ഒരു മിന്നായം പോലെ കണ്ടത് ഇയാളുടെ മുഖം ആയിരുന്നില്ലേ. ഇയാളുടെ ദേഹത്ത് പോയി ഇടിച്ചല്ലേ താഴെ വീണത്. തന്നെയും കണ്ടിട്ടുണ്ടാകില്ലേ അപ്പോൾ.” അവൾ ചിന്തിച്ചു. “തനിക്കു ചെവി കേൾക്കില്ലേ? ” “യെസ് സർ.” “എന്തിനാ ഇവിടേയ്ക്ക് വന്നതെന്ന്? ” “ഞാൻ ഇവിടെയാ വർക്ക്‌ ചെയ്യുന്നത്. ” “ടൈം എത്രയായി? ” “ഒൻപതര ആകാറായി. ” “ഇത്ര നേരം എവിടെ ആയിരുന്നു? ” കോൺഫറൻസ് ഹാളിൽ പോയി നോക്കി.

സർ അവിടെ ഉണ്ടായിരുന്നില്ല. “അല്ലാതെ താൻ നേരം വൈകിയതു കൊണ്ടല്ല. നേരത്തിനും കാലത്തിനും വരണം അല്ലാതെ ഓരോ എക്സ്ക്യൂസ് പറയാനാണെങ്കിൽ വീട്ടിൽ ഇരുന്നാൽ മതി. ഇവിടേയ്ക്ക് വരണം എന്നില്ല.” “സോറി സർ. ” “തന്റെ പേരെന്താ? ” “കൃഷ്ണ… കൃഷ്ണവേണി… ” അവൾ ഇടർച്ചയോടെ പറഞ്ഞു. “അപ്പോൾ കൃഷ്ണ കൃഷ്ണവേണി പോയിട്ട് ന്യൂ കോൺട്രാക്ട് ലിസ്റ്റ് ഡീറ്റെയിൽസ് അര മണിക്കൂറിനുള്ളിൽ എടുത്തിട്ട് വരണം.” “ഓക്കേ സർ. പിന്നെ കൃഷ്ണ കൃഷ്ണവേണി എന്നല്ല. കൃഷ്ണവേണി എന്നേയുള്ളു.” “ഉം… ” അവൾ തിരിഞ്ഞു നടന്നു. “കൃഷ്ണവേണി… ” അവൾ തിരിഞ്ഞു നോക്കി. “ഈ ഓൾഡ് നെയിം ബോർഡ്‌ ഇവിടെ വേണോ?” അവൾ ടേബിളിലേക്ക് നോക്കി. ഇതെന്താ ആരും എടുത്തു മാറ്റാഞ്ഞത് എന്നു ചിന്തിച്ച് അതു വേഗം എടുത്തു പുറത്തേക്കു നടന്നു.

അവൾ ആദ്യം തന്നെ മെയിന്റെനൻസ് സെക്ഷനിലെ രാഹുലിനെ വിളിച്ച് ഓൾഡ് നെയിം ബോർഡ്‌ പുറത്തു നിന്നും എടുപ്പിച്ചു. പുതിയതു വെക്കാനും പറഞ്ഞു. “പുതിയ സാറിന്റെ പേരെന്താ മേഡം? ” “എന്നെ മേഡം എന്നു വിളിക്കരുതെന്ന് നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട്. ചേച്ചി… അതു മതി…” “സോറി ചേച്ചി… ആരെങ്കിലും കേട്ടാൽ വഴക്കു പറയും. ” “നീ ചെല്ല്. എം ഡിയുടെ പേര് ഞാൻ വിളിച്ചു പറയാം. കൃഷ്ണവേണി സീറ്റിൽ വന്നിരുന്നതും സുഷമ അവിടേക്കു വന്നു. “നീ എവിടെ പോയതാ. എം ഡി നിന്നെ വിളിച്ചിരുന്നു. നീ സീറ്റിൽ ഇല്ലാത്ത കാരണം ഞാൻ കാൾ എടുത്തു. നീ എത്തിയിട്ടില്ല എന്നു പറഞ്ഞതും കാൾ കട്ട്‌ ചെയ്തു. നീ വേഗം ചെല്ല്.” “ചേച്ചി രാഹുലിനെ വിളിച്ചു എം ഡിയുടെ പേരൊന്നു പറഞ്ഞു കൊടുക്കണം. ഞാൻ ചോദിക്കാൻ മറന്നു.” “അതൊക്കെ ഞാൻ പറഞ്ഞോളാം.

നീ പോയിട്ട് വാ. ” കാബിനകത്തേക്ക് ചെന്നതും എം ഡി അവളെ തുറിച്ചു നോക്കി. “താനിവിടെ ജോലിക്ക് തന്നെയാണോ വരുന്നത്?” അദ്ദേഹം ദേഷ്യത്തോടെ തിരക്കി. ആദ്യമായിട്ടായിരുന്നു അവൾക്കു ഓഫീസിൽ നിന്നു ഇങ്ങനെ ഒരു അനുഭവം. രവീന്ദ്രൻ സർ ദേഷ്യക്കാരൻ ആണെന്ന് എല്ലാവരും പൊതുവെ പറയാറുണ്ടെങ്കിലും തന്നോടിതു വരെ ദേഷ്യപ്പെട്ടിട്ടില്ല. “ഇവിടെ നിന്നു തന്റെ സീറ്റിൽ എത്താൻ എത്ര ടൈം വേണം? ” “കുറച്ചു സമയം മതി. ” “താൻ പോയി പത്തു മിനിറ്റ് കഴിഞ്ഞാ ഞാൻ വിളിച്ചത്. അപ്പോഴും താൻ സീറ്റിൽ ഇല്ല. ഇങ്ങനെ കറങ്ങി നടക്കാനാണോ ഓഫീസിൽ വരുന്നത്? ” അവൾ അയാളുടെ മുഖത്തേക്ക് നോക്കി. കാണാനൊക്കെ ഒരു ഭംഗിയുണ്ട്. പക്ഷേ എന്താ കാര്യം പെരുമാറാൻ അറിയില്ലേ… അഹങ്കാരി… അവൾ മനസ്സിൽ പറഞ്ഞു. “ലിസ്റ്റ് തയ്യാറാക്കിയോ? ”

“തയ്യാറാക്കാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് സുഷമേച്ചി സർ വിളിക്കുന്നുണ്ടെന്നു പറഞ്ഞത്. ” “സുഷമേച്ചി… അതേതു ചേച്ചി… ചേച്ചിയും അനിയത്തിയും അങ്ങു വീട്ടിൽ. ഇവിടെ ഒഫീഷ്യൽ കാര്യങ്ങളെയുള്ളു.” “സർ എന്തിനാ വിളിച്ചത്? ക്ഷമ കെട്ട് അവൾ ചോദിച്ചു. “എനിക്കു ഒരു ആനയെ വേണം. അതു ഓർഡർ ചെയ്യാൻ പറയാൻ വിളിച്ചതാ. ” അവൾ തല കുനിച്ചു നിന്നു. “നേരത്തിനു ഓഫീസിൽ വരില്ല. വന്നാൽ തന്നെ ഒന്നും ചെയ്യില്ല. പിന്നെ താൻ എന്തിനാ വരുന്നത് ആളുകളുടെ നെഞ്ചത്ത് കയറിയിടിക്കാനോ? ” തന്നെ പോലെ സുന്ദരിയായ ഒരു പെണ്ണ് ദേഹത്തു വന്നിടിച്ചു വീണിട്ടും ഒന്നെഴുന്നേൽപ്പിക്കുക പോലും ചെയ്യാതെ പോയ ആളാണ്. ഇനിയും ഇടിക്കും… മനസ്സിൽ പറഞ്ഞു കൊണ്ടു അവൾ അവന്റെ മുഖത്തേക്ക് നോക്കി. (തുടരും… )

Share this story