നന്ദ്യാർവട്ടം: Part 2

നന്ദ്യാർവട്ടം: Part 2

നോവൽ

നന്ദ്യാർവട്ടം: Part 2

എഴുത്തുകാരി: അമൃത അജയൻ  (അമ്മൂട്ടി)

കഥ തുടരുന്നു ….

NB : ഈ കഥക്കോ ഇതിലെ കഥാപാത്രങ്ങൾക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായും യാതൊരു ബന്ധവുമില്ല .. ഇതിന്റെ പേരിൽ ആരും ആരെയും ബുദ്ധിമുട്ടിക്കരുത് .. ഇത് എന്റെ മാത്രം സൃഷ്ടിയാണ്

**********************

വിനയ് മറുപടിയൊന്നും പറയാതെ പുറത്തേക്കിറങ്ങി ..

സരള വിഷാദത്തിൽ ജനാർദ്ദനനെ നോക്കി ..

അയാൾ സാരമില്ലെന്ന് അവരെ കണ്ണടച്ചു കാട്ടി …

വിനയ് മകനെയും കൊണ്ട് അപ്പോൾ തന്നെ വീട്ടിൽ നിന്നിറങ്ങി ..

ഹോസ്പിറ്റലിൽ പോകാൻ നേരം വീണ്ടുമവനെ ഇവിടെ കൊണ്ടാക്കേണ്ടതാണ് .. അത്രേം സമയം താനും തന്റെ മകനും മാത്രമായ നിമിഷങ്ങൾ വേണമെന്നത് അവന് നിർബന്ധമാണ് ..

തിരികെ നടക്കുമ്പോൾ പപ്പയും മകനും കാറ്റിനോടും പൂക്കളോടും പയ്യാരം പറഞ്ഞു .. ആദിദേവ് എന്ന ആദിക്ക് ഇപ്പോൾ ഒന്നര വയസാണ് ..

സേതു ടീച്ചറിന്റെ വീടിനു മുന്നിൽ നിൽക്കുന്ന നന്ദ്യാർവട്ടം മതിലിന് പുറത്തേക്ക് പൂക്കൾ കൊഴിച്ചാണ് നിൽപ്പ് …

ആദിക്ക് ആ വെളുത്ത പൂക്കൾ വളരെ ഇഷ്ടമാണ് .. ആ വഴി നടക്കുമ്പോളെല്ലാം വിനയ് അവന് നന്ദ്യാർവട്ടപ്പൂക്കൾ നുള്ളി നൽകാറുണ്ട് ..

പപ്പയുടെ തോളത്തിരുന്ന് നന്ദ്യാർവട്ടപ്പൂക്കളും കയ്യിൽ പിടിച്ചു നടക്കുന്നത് അവനൊരു രഥയാത്ര പോലെയാണ് ..

ഇന്നും അങ്ങനെ തന്നെയാണ് അവർ വീട്ടിലെത്തിയത് …

ഗേറ്റിലെത്തിയാൽ അവനെ തറയിൽ നിർത്തണം …

വിനയ് അവനെ താഴെ നിർത്തി .. ഗേറ്റിലിരുന്ന പത്രമെടുത്ത് അവന്റെ കയ്യിൽ കൊടുത്തു …

ഒരു കയ്യിൽ ചുരുട്ടി പിടിച്ച നന്ദ്യാർവട്ടപ്പൂക്കളും മറുകയ്യിൽ പത്രം നെഞ്ചിൽ ചേർത്തു പിടിച്ചും അവൻ പപ്പക്കൊപ്പം ഓടുപാകിയ മുറ്റത്ത് കൂടി പിച്ചവച്ചു …

സിറ്റൗട്ടിലിരുന്ന പാൽ വിനയ് കയ്യിലെടുത്തു …

കതക് തുറന്ന് അകത്ത് കയറി വിനയ് നേരെ കിച്ചണിലേക്ക് നടന്നു ..

ഞൊടിയിടയിൽ തന്നെ അവൻ ചായയിട്ടു , ആദിക്ക് പാൽ തിളപ്പിച്ചു … ഗോതമ്പ് മാവ്‌ എടുത്ത് ചപ്പാത്തിക്ക് കുഴച്ചു വച്ചു ..

ആദി പപ്പയെ ചുറ്റിപ്പറ്റി കൂടെ നിന്നു .. അവൻ അവന്റെ ഭാഷയിൽ ഒരു പാട് കാര്യങ്ങൾ വിനയ് യോട് പറയും .. ഇടക്കിടക്ക് വെജിറ്റബിൾ ട്രേയിലെ പച്ചക്കറികൾ പെറുക്കി എറിയും .. പിന്നെ വിനയ് യെ നോക്കി പൊട്ടിച്ചിരിക്കും …

ചപ്പാത്തിക്കുള്ള കറിയും തയാറാക്കിയ ശേഷം വിനയ് ആദിയെയും എടുത്ത് കൊണ്ട് ഹാളിൽ വന്നിരുന്നു ..

അവനെ പാൽ കുടിപ്പിച്ചു .. പിന്നെ അവനെ ബാത്ത് റൂമിൽ കൊണ്ട് പോയി മേൽ കഴുകിച്ചു , കുഞ്ഞുടുപ്പുകൾ ധരിപ്പിച്ചു …

സുന്ദരക്കുട്ടനായി അവൻ വിനയ് യെ നോക്കി ചിരിച്ചു ..

വിനയ് അവനെ വാരിയെടുത്ത് ഉമ്മ വച്ചു … നിഷ്കളങ്കമായ അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവന് വല്ലാത്തൊരു ഉൾഭയം ഉടലെടുത്തു ..

അവന്റെ ചിരി .. അവന്റെ സന്തോഷം അത് മാത്രമാണ് തന്റെ സ്വപ്നം …

അതിന് മറ്റാരെങ്കിലും കൂച്ചുവിലങ്ങിട്ടാൽ …….!

ഇല്ല …! അതിന് താൻ ആരെയും അനുവദിക്കില്ല .. അതിനാരെങ്കിലും ശ്രമിച്ചാൽ അവരീ പടിക്ക് പുറത്താണ് ..

* * * * * * * * * * * * *

മകനെ അമ്മയെ ഏൽപ്പിച്ച ശേഷം അവൻ മെഡിക്കൽ കോളേജിലേക്ക് പോയി ….

ആദ്യം വാർഡിൽ റൗണ്ട്സ് ..

അത് കഴിഞ്ഞാണ് പോസ്റ്റ് ഓപ്പറേറ്റിവ് ഐ സി യു വിന്റെ ഡ്യൂട്ടി റൂമിൽ വന്ന് അമലാകാന്തിയുടെ കേസ് ഫയൽ പരിശോധിച്ചത് …

CSF പരിശോധനക്ക് അയച്ചതിന്റെ റിപ്പോർട്ട് കേസ് ഫയലിൽ പിൻ ചെയ്തിട്ടുണ്ടായിരുന്നു …

അതിലേക്ക് നോക്കും തോറും അവന്റെ ചെന്നിയിലെ ഞരമ്പുകൾ പിടഞ്ഞു കൊണ്ടിരുന്നു ..

അവൻ അമലാകാന്തിയുടെ അരികിലേക്ക് ചെന്നു ..

അവൾ മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയത് ആശ്വാസത്തിന് വക നൽകുന്നതായിരുന്നു ..

” സിസ്റ്റർ അമലാകാന്തിയുടെ ബൈസ്റ്റാന്ററേ വിളിച്ചോളു …. ” പറഞ്ഞിട്ട് അവൻ സ്റ്റെറയിൽ ഏരിയയിൽ നിന്ന് പുറത്തിറങ്ങി വന്ന് നിന്നു …

അൽപം കഴിഞ്ഞപ്പോൾ ഐ സി യു വിന്റെ പ്രധാന ഡോർ തുറന്നു രണ്ട് പേർ അകത്തേക്ക് വന്നു ..

ഒരു സ്ത്രീയും പുരുഷനും ..

” എൻ കുളന്തൈയ്യോട നിലമൈ ഇപ്പൊ എപ്പടിയിരുക്ക് ഡോക്ടർ..”
അവനെ കണ്ടതും പുരുഷൻ ഓടി അടുത്ത് വന്നു …

അത്യാവശ്യം പിടിച്ചു നിൽക്കാൻ തമിഴ് പറയും എന്നല്ലാതെ , മെഡിക്കൽ കണ്ടീഷനൊക്കെ വിവരിക്കാനുള്ള തമിഴ് ഗ്രാഹ്യം അവനില്ലായിരുന്നു ..

” മലയാളം ഓർ ഇംഗ്ലിഷ് തെരിയുമാ ..” അവൻ ചോദിച്ചു ..

” മലയാളം തെരിയും സാർ .. ”

” ഞാൻ മലയാളിയാണ് സാർ .. ഞങ്ങളിവിടെയാ താമസം .. ” കൂടെ നിന്ന സ്ത്രീ പറഞ്ഞു ..

” ഒക്കെ …. നിങ്ങൾ അച്ഛനും അമ്മയുമല്ലേ അമലയുടെ … ”

” ആമ സാർ ….”

” പേര് …..?”

” നാഗയ്യ …..”

” ആ കുട്ടി മരുന്നുകളോട് റിയാക്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട് .. ഇനിയൊരു പതിനാല് മണിക്കൂർ കൂടി ഐ സി യു വിൽ തുടരും .. അത് കഴിഞ്ഞ് ഇംപ്രൂവ്മെന്റ് ഉണ്ടെങ്കിൽ വാർഡിലേക്ക് മാറ്റാം .. ”

” കടവുൾ കാപ്പാത്തിട്ടാ…..” നാഗയ്യ കൈകൂപ്പി തൊഴുതു ..

” കരിക്ക് വെള്ളവും കഞ്ഞിയും മാത്രം അകത്തേക്ക് കൊടുത്താൽ മതി .. ”

നാഗയ്യയും സരസ്വതിയും തലയാട്ടി …

” എനിക്ക് മറ്റ് ചില കാര്യങ്ങൾ അറിയാനുണ്ട് .. ഈ കുട്ടി മറ്റെന്തെങ്കിലും ചികിത്സയിലായിരുന്നോ .. ”

” ഇല്ല … സർ …… അവൾക്കൊരസുഖവും ഇല്ലായിരുന്നു .. ഇന്നലെ വൈകിട്ട് കോളേജ് വിട്ടു വരുമ്പോഴാ ആക്സിഡന്റായത് .. ” സരസ്വതി കണ്ണീരോടെ പറഞ്ഞു

” എൻ പൊണ്ണ് നല്ലാ ഡാൻസ് പണ്ണുവാറ് സാർ. അവ കോളേജിലെ ഡാൻസുക്ക് മുതൽ പരിസ് വാങ്കിയവൾ.. എൻ പൊണ്ണ് തെരുമൈസാലി താൻ സാർ.. അവൾ നല്ലാ താൻ ഇരുന്താറ്.. അവളുക്ക് എന്ത പ്രച്ച്നയും ഇരുന്തതില്ലൈ.. ഒരു കാച്ചൽ കൂടെ വന്തതില്ലേ.. ” നാഗയ്യ പറഞ്ഞു ..

വിനയ് മെല്ലെ തലയിളക്കി ..

” ശരി നിങ്ങൾ അകത്ത് കയറി കണ്ടോളു .. കുട്ടിയെ വിളിക്കുകയോ ഉണർത്തുകയോ ചെയ്യണ്ട .. ”

നാഗയ്യയും സരസ്വതിയും തല ചലിപ്പിച്ചു ..

*******

വർഷ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ കാർഡിയോളജി ബ്ലോക്കിൽ , ഒപ്പറേഷൻ തീയറ്ററിനു പുറത്തുള്ള ഏരിയയിൽ വച്ച് ഡോ . നിരഞ്ജന ഡോ . ജിതേഷുമായി സംസാരിക്കുകയായിരുന്നു ..

” തന്റെ എക്‌സിന്റെ മാരേജ് നെക്സ്റ്റ് വീക്കാണ് ….. ” ജിതേഷ് നിരഞ്ജനയെ നോക്കി പറഞ്ഞു ..

നിരഞ്ജന ചുണ്ടു കോട്ടിയൊന്നു ചിരിച്ചു ..

” കുഞ്ഞിന് ഒരമ്മയെ വേണം .. അത് കൊണ്ടാണ് എടു പിടീന്ന് ഒരു കല്ല്യാണം … ” ജിതേഷ് വീണ്ടും പറഞ്ഞു ..

” വെറുതെയാണ് ജിത്തു .. അതൊക്കെയയാൾ മുഖം രക്ഷിക്കാൻ പറയുന്നതാ .. അയാൾക്ക് പെണ്ണില്ലാതെ പറ്റില്ലായിരിക്കും … അതിന് വെറുതെ എന്റെ മകനെ കരുവാക്കുന്നു …. ” നിരഞ്ജന പുശ്ചത്തോടെ പറഞ്ഞു ..

” തനിക്ക് ഒട്ടും നിരാശയില്ലേ … ”

” എന്തിന് …… ഞാനയാളുടെ ലൈഫിൽ നിന്ന് ഗുഡ് ബൈ പറഞ്ഞതാ .. അയാൾക്ക് ഈഗോയാണ് … വെറും ഈഗോ …… ” നിരഞ്ജന അമർഷത്തോടെ മുഖം കുടഞ്ഞു ..

” നീ BP കൂട്ടണ്ട .. ഞാൻ അറിഞ്ഞ കാര്യം ചോദിച്ചു എന്നേ ഉള്ളു …. നിന്റെ കുഞ്ഞിന്റെ കാര്യത്തിൽ എന്താ തീരുമാനം .. അത് നീ കൂടി ആലോചിക്കേണ്ടതാണ് ….”

” കോർട്ടിൽ അന്നെനിക്ക് ആദിയെ തള്ളിപ്പറയേണ്ടി വന്നു … സോ അയാൾ റീമാരേജ് ചെയ്തു എന്ന കാരണത്താൽ എനിക്ക് കോടതി മകനെ വിട്ട് തരില്ല .. വരട്ടെ ….. ചിലപ്പോ പന്ത് നിരഞ്ജനയുടെ കോർട്ടിൽ വരും … എനിക്കൊരവസരം കിട്ടിയാൽ വെറുതെ വിടില്ല ഞാനയാളെ .. ഒരു വട്ടമെങ്കിലും എനിക്ക് അയാളുടെ മുന്നിൽ ജയിക്കണം …… അയാളുടെ ഒരു തോൽവി .. ഒരേയൊരു തോൽവി … അതെനിക്ക് കാണണം .. ” നിരഞ്ജനയുടെ കണ്ണിൽ പകയുടെ കനലുകൾ നാമ്പിട്ടു …

* * * * * * * * * * * * * * * *

വിനയ് ഡ്യൂട്ടി റൂമിലിരിക്കുമ്പോഴാണ് ജിൻസി സിസ്റ്റർ അങ്ങോട്ട് വന്നത് ..

ഡ്യൂട്ടിക്ക് കയറാൻ വരുന്ന വഴിയാണ് ..

” എന്ന്ക്യൂസ്മി സർ .. ”

” യെസ് …….” വിനയ് ജിൻസിക്ക് അകത്ത് വരാൻ അനുവാദം നൽകി …

ജിൻസിക്ക് ഒപ്പറേഷൻ തീയറ്ററിലാണ് ഡ്യൂട്ടി …

” സർ .. എനിക്ക് സറിനോട് ഒരു കാര്യം പറയാനുണ്ട് … ”

” പറയൂ ….”

അവൾ ചുറ്റും നോക്കി .. ഡ്യൂട്ടി റൂമിൽ മറ്റാരും ഇല്ലെന്ന് ഉറപ്പു വരുത്തി …

” സർ ഇന്നലെ സർജറി കഴിഞ്ഞ അമലാ കാന്തിയെ , സർജറിക്ക് പ്രിപ്പയർ ചെയ്യുമ്പോ ഞാനുണ്ടായിരുന്നു … ആ കുട്ടിയുടെ വസ്ത്രത്തിൽ ഏതാണ്ട് ഒളിപ്പിച്ച മട്ടിൽ എനിക്കൊരു പെൻഡ്രൈവ് കിട്ടി .. ”

വിനയ് അത്ഭുതത്തിൽ അവളെ നോക്കി …

അവൾ തുടർന്നു ..

” മറ്റാരും ശ്രദ്ധിച്ചില്ല .. എന്തുകൊണ്ടോ എനിക്കിത് അപ്പോ പറയാൻ തോന്നിയില്ല .. അബോധാവസ്ഥയിലും ആ കുട്ടി പെൻ .. പെൻ .. പോലീ .. എന്ന് പറയുന്നുണ്ടായിരുന്നു … ഒരു പക്ഷെ പെൻഡ്രൈവ് എന്നും പോലീസ് എന്നുമാണ് അവൾ പറയാൻ ആഗ്രഹിച്ചതെങ്കിൽ … അത് കൊണ്ടാ ഞാൻ ….” ജിൻസി സിസ്റ്റർ ഒന്ന് നിർത്തി ..

” ആ പെൻഡ്രൈവ് എവിടെ …..” വിനയ് ചോദിച്ചു …

” എന്റെ കയ്യിലുണ്ട് സർ …. ”

വിനയ് ഒരു നിമിഷം ആലോചനയിലാണ്ടു …

അവളെ ഇടിച്ചത് ഒരു ടെംബോയാണ് .. ഡ്രൈവറായ തമിഴൻ പോലീസിൽ കീഴടങ്ങുകയും ചെയ്തു ..

ഒരു പക്ഷെ ആ പെൻഡ്രൈവിന് അവളുടെ ഈ അവസ്ഥയുമായി എന്തെങ്കിലും കണക്ഷനുണ്ടെങ്കിൽ …

എങ്കിൽ … എങ്കിൽ ചിലപ്പോൾ ഇതൊരു കൊലപാതക ശ്രമമായിരിക്കാം ……

വിനയ് യുടെ കണ്ണുകൾ ഒന്ന് പിടഞ്ഞു …

എങ്കിൽ …. ഇവിടെയും ഒരു പക്ഷെ അത് ആവർത്തിച്ചേക്കാം …

അവളുടെ മേൽ ഒരു പ്രത്യേക ശ്രദ്ധ വേണമെന്ന് ആ നിമിഷം വിനയ് യുടെ മനസ് പറഞ്ഞു …

” സിസ്റ്റർ തീയറ്ററിലല്ലേ ഡ്യൂട്ടി … ” വിനയ് ചോദിച്ചു ..

” അതേ .. സർ ..”

” അമലാ കാന്തിയെ ശ്രദ്ധിക്കണം .. ഞാനറിയാതെ ഒരു ഫ്ലൂയിഡോ ഇൻജക്ഷനോ ഒന്നും അമലക്ക് നൽകാൻ പാടില്ല …. ഷംന സിസ്റ്ററിന് ഇനി എപ്പോഴാ ഡ്യൂട്ടി ….”

” നാളെ മോർണിംഗ് ആയിരിക്കും സർ … ”

” സിസ്റ്ററിനോട് എന്നെ വിളിക്കാൻ പറയണം …. പിന്നെ ഈ കാര്യം മറ്റാരും അറിയരുത് …”

” ശരി സർ … ” ജിൻസി തല കുലുക്കി ..

പോകാനെഴുന്നേറ്റിട്ട് അവൾ തിരിഞ്ഞ് ഹാന്റ് ബാഗിൽ നിന്ന് ഒരു പെൻഡ്രൈവ് എടുത്ത് നീട്ടി …

” സർ ഇത് ….”

” ഞാൻ വെച്ചോളാം … സിസ്റ്റർ ഇതിലെന്താണെന്ന് നോക്കിയോ ” അവനത് കയ്യിൽ വാങ്ങിക്കൊണ്ട് ചോദിച്ചു ….

” ഇല്ല സർ …. ഹസിനാ ലാപ് ഉള്ളത് .. ഹരിയേട്ടന് ഇന്നലെ അത് ഒഴിവില്ലായിരുന്നു .. സോ ഞാൻ …

” ങും …..”

സിസ്റ്റർ പോയിട്ടും അവനാ പെൻഡ്രൈവിലേക്ക് നോക്കിയിരുന്നു ..

ഇവിടെ വച്ച് എന്തായാലും നോക്കണ്ട . വീട്ടിൽ ചെന്നിട്ട് മതി …..

അവനത് മെല്ലെ പോക്കറ്റിലേക്കിട്ടു …

ആ സമയം ഡ്യൂട്ടി റൂമിനേയും റസ്റ്റ് റൂമിനേയും തമ്മിൽ തിരിക്കുന്ന കർട്ടൻ ഒന്നനങ്ങി …

രണ്ട് കാലുകൾ മെല്ലെ പിന്നോക്കം പോയി …..

(തുടരും )

ഈ പാർട്ട് അത്ര ശരിയായിട്ടില്ല എന്ന് എനിക്കറിയാം .. മാനസിക സമ്മർദ്ദത്തിൽ പല വട്ടം പേര് മാറ്റിയും തിരുത്തിയും ഒക്കെ എഴുതിയതാണ് .. ക്ഷമിക്കുക … (തുടരും)

നന്ദ്യാർവട്ടം: ഭാഗം 1 

Share this story