നന്ദ്യാർവട്ടം: Part 5

നന്ദ്യാർവട്ടം: Part 5

നോവൽ

നന്ദ്യാർവട്ടം: Part 5

എഴുത്തുകാരി: അമൃത അജയൻ  (അമ്മൂട്ടി)

അഭിരാമിയൊന്ന് പുഞ്ചിരിച്ചു ….

‘ ആദി എന്റെ കൂടെയേ ഉറങ്ങൂ ….. ‘ വിനയ് നിസംഗനായി പറഞ്ഞു …

‘ ങും ………… ഞാനുറക്കട്ടെ മോനേ … ‘ അവൾ ചോദിച്ചു ..

പിന്നെ അവൾ തന്നെ ചെന്ന് , വിനയ് യുടെ കയ്യിലിരുന്ന് അവളെ തന്നെ വീക്ഷിക്കുന്ന ആദിയുടെ കൈ പിടിച്ചു …..

വിനയ് ഒന്നും പറഞ്ഞില്ല …

ആദി അവളുടെ കൈയിലേക്ക് പോയില്ല … ഇവളെന്തിനാ താനും പപ്പയും ഉറങ്ങുന്നിടത്ത് വന്നു നിൽക്കുന്നേ എന്നൊരു മട്ടായിരുന്നു അവന് ….

‘ പരിചയമില്ലാതെ അവൻ വരില്ല …. ‘ വിനയ് പറഞ്ഞിട്ട് അവനെ ബെഡിലേക്ക് കിടത്തി … കൂടെ അവനും കയറിക്കിടന്നു ….

ആദി അപ്പോഴും ബെഡിനരികെ അവനെ പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന അഭിരാമിയെ നോക്കുന്നുണ്ടായിരുന്നു … കൂടെ അവന്റെ കുഞ്ഞിക്കണ്ണുകൾ മെല്ലെയടഞ്ഞു വന്നു …..

വിനയ് അവന്റെ തുടയിൽ മെല്ലെ തട്ടിക്കൊടുത്തു ….

അഭിരാമിക്കും നല്ല ക്ഷീണമുണ്ടായിരുന്നു .. അവൾ ബെഡിന്റെ ഓരത്ത് വിനയ് യെയും ആദിയെയും നോക്കിക്കൊണ്ടിരുന്നു ..

വിനയ് അത് ശ്രദ്ധിച്ചു …

” താൻ കിടന്നോ .. ഉറക്കമിളക്കണ്ട …..’ പറഞ്ഞിട്ട് അവൻ കുഞ്ഞിന്റെയരികിലേക്ക് നീങ്ങി , അവനെ ചേർത്ത് പിടിച്ചു കിടന്നു …

ബെഡിന്റെ ഒരറ്റത്ത് അവൾ കിടന്നു …

പപ്പയും മകനും ഉറങ്ങിക്കഴിഞ്ഞിട്ടും അഭിരാമിക്ക് ഉറക്കം വന്നില്ല …

നോവലുകൾ വായിക്കാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

* * * * * * * * * * * * * * * * *

രാവിലെ ആദിയുടെ കൊഞ്ചൽ കേട്ടാണ് അഭിരാമിയുണർന്നത് ….

വിനയ് യുടെ ശബ്ദവും ചിരിയും കേൾക്കാം ….

അവൾ ചാടിയെഴുന്നേറ്റു …

സമയമെത്രയായെന്നറിയില്ല …

അവൾ ക്ലോക്കിലേക്ക് നോക്കി …. 5.30 ..

അവളെഴുന്നേറ്റ് ചുറ്റും നോക്കുന്നത് വിനയ് കണ്ടു ….

അദി ബെഡിൽ ഇരുന്ന് വിനയ് യോടൊപ്പം കളിക്കുകയാണ് .. അഭിരാമിയെഴുന്നേറ്റിരിക്കുന്നത് കണ്ടപ്പോൾ ആദിയുടെ നോട്ടം അവളിലായി ..

അഭിരാമി അവനെ നോക്കി പുഞ്ചിരിച്ചു ..

‘ ഗുഡ് മോർണിംഗ് ആദി …….’ അഭിരാമി അവനെ വിഷ് ചെയ്തു …

അവൻ മിണ്ടാതെ വായും പൂട്ടിയിരുന്നു …

‘ ഗുഡ് മോർണിംഗ് പറയ് ആദി ….. ‘ വിനയ് അവനെ പ്രോത്സാഹിപ്പിച്ചു ….

അവൻ മിണ്ടിയില്ല …… സാധാരണ അവന്റെ ഭാഷയിൽ അവൻ തിരികെ പറയാറുള്ളതാണ് ..

‘ ഗുഡ് മോർണിംഗ് വിനയേട്ടാ …’ അഭിരാമി വിനയ് യെ വിഷ് ചെയതു …

‘ ഗുഡ്‌മോർണിംഗ് …’ അവന് പ്രതികരിക്കാതിരിക്കാൻ കഴിഞ്ഞില്ല …

അഭിരാമി ചിരിച്ചു കൊണ്ട് എഴുന്നേറ്റ് ബാത്ത് റൂമിലേക്ക് നടന്നു …

വിനയ് യോടൊപ്പമാണ് ആദി താഴെ വന്നത് …

സരളയും പ്രീതയും ഇന്നലെ രാത്രി അവിടെ തന്നെയാണ് കിടന്നത് ….. പ്രീത ടീച്ചറാണ് .. അവൾ രാവിലെ കുടുംബവീട്ടിലേക്ക് പോയി .. ശ്രീയയെ വിട്ടിട്ട് അവൾക്കും സ്‌കൂളിൽ പോകണം ..

‘ ആമിയെയും കൂട്ടി ക്ഷേത്രത്തിപ്പോയിട്ട് വാടാ…… ‘ രാവിലെ മുതൽ ആദിയുമായി കളിച്ചു കൊണ്ടിരിക്കുന്ന വിനയ് യോട് സരള പറഞ്ഞു …

‘ അമ്മേ ഞാനിപ്പോ ഹോസ്പിറ്റലിൽ പോകും …… ഞാൻ പറഞ്ഞില്ലെ …. അവിടത്തെ കാര്യം ശബരിയെ ഏൽപ്പിച്ചിട്ടാ രണ്ട് ദിവസം മാറി നിന്നത് … അവനിപ്പോ വരും .. എനിക്ക് വേണ്ടി ഓവറെടുത്തതാ അവൻ ….’

സരളക്ക് ദേഷ്യം വന്നു .. എങ്കിലും ആമി നിൽക്കുന്നത് കൊണ്ട് അവരൊന്നും പറഞ്ഞില്ല …

‘ അമ്പലത്തിൽ പോയിട്ട് ഹോസ്പിറ്റലിൽ പോയാൽ മതി …. നിങ്ങൾ തിരിച്ചു വന്നിട്ടേ ഞാൻ വീട്ടിലേക്ക് പോകൂ …. ‘ സരള കടുപ്പിച്ച് പറഞ്ഞു …

പിന്നെ അധികം വൈകിക്കാതെ തന്നെ ആമിയും വിനയ് യും കൂടി ക്ഷേത്രത്തിലേക്ക് പോകാനിറങ്ങി .. കാറിലാണ് അവർ പോയത് ….

മഹാദേവേശ്വരം ക്ഷേത്രത്തിൽ അവർ വലംവച്ചു തൊഴുതു ..

തിരികെ വരും വഴി അവളൊരു ഷോപ്പ് കാണിച്ചിട്ട് അവിടെ നിർത്താൻ ആവശ്യപ്പെട്ടു …..

********

തിരികെ വന്നതും വിനയ് വേഗം മുകളിലേക്ക് പോയി … വസ്ത്രം മാറ്റി ഹോസ്പിറ്റലിലേക്ക് പോകാനുള്ള ധൃതിയായിരുന്നു അവന് ..

അഭിരാമി കയ്യിലൊരു ടോയിയുമായി സോഫയിൽ ചെന്നിരുന്നു … അതൊരു മുയലാണ് .. നീളൻ ചെവിയും ചുവന്ന കണ്ണുമായൊരു സുന്ദരൻ മുയൽ … അതിന്റെ വയറ്റത്തൊരു ഡ്രം കെട്ടിവച്ചിട്ടുണ്ട് …

സരളയുടെ കൈയിലിരുന്ന ആദിയുടെ നോട്ടം ആ മുയലിലായി ….. ആമി പക്ഷെ അവനെ നോക്കിയതെയില്ല ….

അവൾ ടീപ്പോ വലിച്ചിട്ട് മുയലിനെ അതിന്മേലിരുത്തി ….

ആദിയുടെ മനസൊന്നിളകിയോ ….

പപ്പായവന് ഒരുപാട് കളിപ്പാട്ടങ്ങൾ വാങ്ങി നൽകിയിട്ടുണ്ട് .. ബാറ്ററിയിൽ ചലിക്കുന്ന കാറും ബസും ലോറിയും പാവകളും പറക്കുന്ന പ്ലെയിനും ഹെലികോപ്റ്ററും ന്തുകളും എന്ന് വേണ്ട ഒരു മുറി നിറയെ അവന് ടോയിസാണ് ….

എന്നിരുന്നാലും പുത്തനൊന്ന് കാണുമ്പോൾ… അതൊരു കൗതുകം തന്നെയാണ് ….

‘ ആ ……… ‘

ആദി സരളയുടെ കൈയിലിരുന്ന് ശബ്ദം പുറപ്പെടുവിച്ച് അഭിരാമിയെ ആകർഷിക്കാൻ ശ്രമിച്ചു …

ഇല്ല … അവൾ മൈൻഡ് ചെയ്യുന്നില്ല ….

അവൾ നോക്കാത്തതിൽ ആദിക്കിത്തിരി സങ്കടം തോന്നിയെങ്കിലും തോറ്റു കൊടുക്കാൻ അവനും തയ്യാറല്ല …

പപ്പ തനിക്ക് ഇതിലും വലുതാണ് വാങ്ങിത്തരാറ് .. ഇതിലും ഭംഗിയുള്ളത് … ഓടുന്നതും ചാടുന്നതും … എന്തിന് ആദിയെ മുതുകത്തിരുത്തി കളിപ്പിക്കുന്ന കുതിരയും ആനക്കുട്ടനും വരെയുണ്ട് ..

അവൻ സരളയുടെ കൈയിലിരുന്ന് വെറുതേ നോക്കിക്കൊണ്ടിരുന്നു … എങ്കിലും അവനത് നോക്കാതിരിക്കാനായില്ല .. അതിന്റെയാ ചുവന്ന കണ്ണുകൾ …

നോവലുകൾ വായിക്കാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

അഭിരാമിയുടൻ ആ മുയലിന്റെ ഏതോ ഭാഗത്ത് തൊട്ടു ….

അടുത്ത നിമിഷം മുയലച്ചൻ ദേ ഡ്രം കൊട്ടുന്നു .. അതും അങ്ങോട്ടുമിങ്ങോട്ടും തലയിളക്കി കൊണ്ട് …. ഇടക്കിടക്ക് പിൻഭാഗത്ത് എവിടെ നിന്നോ ഒരു കുഞ്ഞു ബലൂൺ പൊങ്ങി വരുന്നു ……..

ഇല്ല …. ഇനി ആദിക്ക് നിയന്ത്രിക്കാൻ വയ്യ ….

അവൻ സരളയെ നോക്കി ,പിന്നെ മുയലിന്റെ നേർക്ക് വിരൽ ചൂണ്ടി എന്തോ പറഞ്ഞു ….

സരള തനിക്കൊന്നും ചെയ്യാൻ പറ്റില്ല ആദിക്കുട്ടാ എന്ന ഭാവത്തിൽ ചുമൽ വെട്ടിച്ച് സങ്കടത്തോടെ അവനെ നോക്കി …

‘ അതിങ്ങ് അച്ഛമ്മക്ക് തരോ ….’ ആദിയുടെ സമാധാനത്തിന് വേണ്ടി സരള ചോദിച്ചു …

” ഇല്ലില്ല ……’ ആമി ചുണ്ടു കൂർപ്പിച്ച് പറഞ്ഞു … ഒപ്പം വീണ്ടും അതിന്റെ പിന്നിലെവിടെയോ തൊട്ടു ….

മുയലച്ചൻ പിന്നെയും കൊട്ടും ഡാൻസും തുടങ്ങി …

സരള തനിക്കിനിയെന്നും ചെയ്യാനില്ലെന്ന് ആദിയെ ബോധിപ്പിച്ചു …

അച്ഛമ്മയും തോറ്റു … ഇനി താൻ തന്നെ മുന്നിട്ടിറങ്ങിയേ പറ്റൂ ….

ആദി മെല്ലെ സരളയുടെ കൈയിൽ നിന്ന് ഊർന്നിറങ്ങി …

പിന്നെ രണ്ടും കൽപ്പിച്ച് അഭിരാമിയുടെയടുത്തേക്ക് തത്തി തത്തി നടന്നു …..

അഭിരാമിക്കു ചിരി വന്നു പോയി …

എങ്കിലും അവളത് മനസിലടക്കി വച്ചിട്ട് അവന്റെ മുന്നിൽ ജാഡയിട്ടിരുന്നു …

ആദി വന്ന് അവൾക്കടുത്തായി നിന്നതും അവൾ വേഗം ടീപ്പോയിൽ നിന്ന് മുയലച്ചനെയെടുത്ത് ആദിക്കെത്താത്ത വിധത്തിൽ കൈയിൽ പിടിച്ചു ….

ഇപ്പേഴും അവൾ ആദിയുടെ മുഖത്തേക്ക് നോക്കുന്നേയില്ല …

‘ ആ … ഇര് ..’ സഹികെട്ട് ആദിയവളുടെ കാലിൽ തൊട്ടു കൊണ്ട് നിന്നു മുയലച്ചന് നേരെ കുഞ്ഞി വിരൽ ചൂണ്ടി …

ഒടുവിലവൾ ആദിയുടെ മുഖത്തേക്ക് നോക്കി .. പക്ഷെ മുയലച്ചനിപ്പോഴും ഉയരത്തിലാണ് ….

ആദിയുടെ മുഖം കണ്ടപ്പോൾ അവളുടെ ഹൃദയം ആർദ്രമായി പോയി…

‘ നിക്കൊരു മുത്തം തന്നാൽ ഇത് തരാം …… ‘ അഭിരാമി പറഞ്ഞു …..

ആദിയവളെ തന്നെ നോക്കി … ഇവൾ തന്റെ ബലഹീനത മുതലെടുക്കുകയാണ് ..

പക്ഷെ നിവൃത്തിയില്ല …..

അവൻ അവളോട് ചേർന്നു നിന്നു …

അവൾ മുഖം കുനിച്ചു കൊടുത്തു …

അവളുടെ മൂക്കിനും ചുണ്ടിനുമിടയിലായി അവന്റെ തളിരു പോലുള്ള അധരങ്ങൾ പതിഞ്ഞു ആദ്യമായി ……

അവളുടെ നെഞ്ച്‌നുള്ളിൽ ഒരു തണുപ്പ് പടർന്നു … തന്റെ മാറിടം ഒന്ന് തുടിച്ചുവോ …

അവൾ ആദിയെ കോരിയെടുത്ത് മടിയിലിരുത്തി …… അവന്റെ തലയിലും നെറ്റിയിലും ചുണ്ടിലുമൊക്കെ തുരുതുരെ ചുംബിക്കുന്നതിനിടയിൽ തന്നെ അവന്റെ മടിയിലേക്ക് ആ മുയലച്ചനെ വച്ച് കൊടുത്തു ….

അവന്റെ ശ്രദ്ധ അതിലേക്കായി ….

അവളപ്പോഴും അവനെ നെഞ്ചോടടുക്കിപ്പിടിച്ച് ഉമ്മകൾ കൊണ്ട് പൊതിയുകയായിരുന്നു .. അവളറിയാതെ അവളിലെ മാതൃത്വമുണർന്നു കഴിഞ്ഞിരുന്നു ….

നോവലുകൾ വായിക്കാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

സരളയുടെ കൺകോണിൽ നീർ പടർന്നു …

‘ ഞാനിറങ്ങാ മോളെ … ഇന്നിവിടെയൊന്നുമുണ്ടാക്കണ്ട … അവിടെ വന്ന് കഴിച്ചാൽ മതി കേട്ടോ ….’ പറഞ്ഞിട്ട് സരള വേഗം പുറത്തേക്കിറങ്ങിപ്പോയി …

അതൊരു പിൻ വാങ്ങലും വിട്ടുകൊടുക്കലുമായിരുന്നു ….

അവൾക്കവനെ എത്ര ചുംബിച്ചിട്ടും മതിയായില്ല … ആദ്യമായി തന്നെ അമ്മയെന്നു വിളിക്കേണ്ട മകൻ .. തന്റെ മാറിൽ ചേർന്നുറങ്ങേണ്ടവൻ ……

അവളവനെ അടക്കിപിടിച്ചു ….

കൈയിലിരുന്ന കളിപ്പാട്ടത്തിലായിരുന്നു ശ്രദ്ധയെങ്കിലും അവനും അതുവരെയറിയാത്ത എന്തോ ഒന്ന് അനുഭവിക്കുകയായിരുന്നു .. കുഞ്ഞി ചുണ്ടിൽ അമ്മിഞ്ഞപ്പാൽ നുരഞ്ഞില്ലെങ്കിലും അത്രയോളം മാധുര്യം ആ ഉമ്മകൾക്കുണ്ടായിരുന്നു …

താഴേക്കിറങ്ങി വരുന്ന സ്റ്റെപ്പിൽ ഒരാൾ ആ കാഴ്ചയെല്ലാം കണ്ട് നിൽപ്പുണ്ടായിരുന്നു ഒരു ചെറു ചിരിയോടെ …..

* * * * * * * * * * *
വിനയ് ഹോസ്പിറ്റലിലേക്കിറങ്ങാൻ തുടങ്ങിയപ്പോൾ ഗേറ്റിൽ ഒരു ഓട്ടോ വന്നു നിന്നു ……

ശബരിയായിരുന്നു അത് ….

പാവം! … തന്റെ കല്യാണം കഴിഞ്ഞ് ക്ഷേത്രത്തിൽ നിന്ന് അപ്പോ തന്നെ ഹോസ്പിറ്റലിലേക്ക് പോയതാണവൻ … റിസപ്ഷനു പോലും വരാൻ കഴിഞ്ഞില്ല …

നോവലുകൾ വായിക്കാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

വിനയ് ചിരിച്ചു കൊണ്ട് മുറ്റത്തേക്കിറങ്ങി ചെന്നു ….

ശബരി ഗേറ്റ് തുറന്ന് കയറി വന്നു …

‘ ആ നീയിറങ്ങിയോ …. ഞാൻ സിറിലിനെ ഏൽപ്പിച്ചിട്ടാ വന്നത് …. നീ വേണങ്കിൽ ഇന്നു കൂടി ലീവായിക്കോ ….’

‘ ഏയ് അത് പറ്റില്ല ……… ഞാൻ ചെല്ലാം … നീ വാ …. അഭിരാമിയെ നീ പരിചയപ്പെട്ടില്ലല്ലോ ….. ‘ അവൻ ക്ഷണിച്ചു ….

ഇരുവരും അകത്തേക്ക് നടന്നു ….

ആദിയെ ഒക്കത്തെടുത്തു കൊണ്ട് അഭിരാമി പുറത്തേക്ക് വന്നു … ആദി അവളോട് ഇണങ്ങി കഴിഞ്ഞിരുന്നു ….

വിനയ് യുടെ ഒപ്പം കയറി വരുന്ന ആളെ കണ്ട് അഭിരാമി നടുങ്ങിപ്പോയി …. അവളുടെ കാലിൽ ചങ്ങല വീണത് പോലെ നിശ്ചലമായി… (തുടരും)

നന്ദ്യാർവട്ടം: ഭാഗം 1 

നന്ദ്യാർവട്ടം: ഭാഗം 2

നന്ദ്യാർവട്ടം: ഭാഗം 3

നന്ദ്യാർവട്ടം: ഭാഗം 4

Share this story