പ്രണയമായ്: ഭാഗം 16
Sep 7, 2024, 23:01 IST

രചന: ശ്രുതി സുധി
രാവിലെ ആരോ കുലുക്കി വിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്...നോക്കിയപ്പോൾ ആകെ വിഷമിച്ചു വിളറി വെപ്രാളപ്പെട്ട് മുന്നിൽ കണ്ണൻ നിൽക്കുന്നു. ഞാൻ താഴെ കിടക്കുന്നതു കണ്ടു ആണ് ആൾക്ക് വെപ്രാളം. ആരെങ്കിലും കണ്ടു കഴിഞ്ഞാൽ അവനിട്ടു കിട്ടുമല്ലോ... തക്ക സമയത്തു തന്നെ വാതിലും തുറന്നു ലക്ഷ്മി കടന്നു വന്നു... എന്റെ കിടപ്പും അവന്റെ നിൽപ്പും കണ്ടപ്പോൾ തന്നെ ലക്ഷ്മിക്ക് കാര്യം മനസ്സിലായി... അവൾ ദേഷ്യത്തോടെ കണ്ണനെ നോക്കിയപ്പോൾ അവൻ ദയനീയമായി എന്നെ നോക്കി... അവന്റെ കഷ്ടകാലം.... അല്ലാതെന്തു പറയാൻ വാതിൽക്കലുള്ള ലക്ഷ്മിയുടെ നില്പുകണ്ടു മുറിയിലേക്കു അമ്മാവൻ എത്തി നോക്കി... മുറിയിലെ കാഴ്ച കണ്ടു ദേഷ്യത്തിൽ അമ്മാവൻ പല്ലിറുമ്മി കണ്ണനെ നോക്കി... അവൻ ഇപ്പൊ കരയും എന്ന മട്ടിൽ നില്കുവാന്.. കാര്യം വഷളാകുന്നതിനു മുന്നേ ഞാൻ വേഗം ചാടി എഴുന്നേറ്റു...എല്ലാരേയും സമാധാനിപ്പിച്ചു... രാവിലെ തന്നെ തിരിച്ചു പോകണം എന്നു പറഞ്ഞത് കൊണ്ട് എല്ലാരോടും യാത്ര പറഞ്ഞിറങ്ങി. അമ്മുവാണെങ്കിൽ എഴുന്നേറ്റിട്ട് പോലും ഇല്ലായിരുന്നു... അവളെയും തോളത്തിട്ട് എല്ലാരോടും യാത്ര പറഞ്ഞു ലക്ഷ്മിയും ഇറങ്ങി. തിരിച്ചു വീട് എത്തുന്ന വരെ ആകെ നിശബ്ദത ആയിരുന്നു ഞങ്ങൾക്കിടയിൽ... പലപ്പോഴും എന്തെങ്കിലും സംസാരിച്ചാലോ എന്നു കരുതിയാലും എന്തോ ഒന്നു പുറകോട്ടു വലികുന്നു. ലക്ഷ്മി ആണെങ്കിൽ ഞാൻ ഈ ലോകത്തൊന്നും അല്ലേ എന്ന മട്ടിൽ ഇരിക്കുന്നു.. വീട്ടിൽ എത്തിയപ്പോഴേക്കും വാതിൽ തുറന്നു അമ്മ കടന്നു വന്നു. പിന്നത്തെ കാഴ്ച ഒന്നു കാണേണ്ടതായിരുന്നു. രണ്ടു ദിവസമേ ആയുള്ളൂ ഇവിടന്നു പോയിട്ട്... ഏതാണ്ട് രണ്ടു വർഷമായി കാണാത്തവരെപോലെ ആയിരുന്നു പിന്നേ പെരുമാറ്റം.... ഇതിനും മാത്രം വിശേഷം പറയാൻ ഈ രണ്ടു ദിവസം കൊണ്ട് എന്താ ഒള്ളത്...ഇവിടെ ഒരാള് നിന്നിട്ട് ഒന്നു നോക്കുന്നതുപോലും ഇല്ല രണ്ടും. അകത്തേക്കു കയറി പോകും വഴി ലക്ഷ്മിയോടായി ഇന്ന് കോളേജിൽ പോകുന്നുണ്ടോ എന്നു ചോദിച്ചു.. മറുപടിയായി ഉണ്ട് എന്ന അർത്ഥത്തിൽ തലയാട്ടുക മാത്രം ചെയ്തു... സമയം വൈകുമെന്നതിനാൽ ഞാൻ വേഗം റൂമിൽ ചെന്നു ഫ്രഷ് ആകാൻ പോയി... കുളിയെല്ലാം കഴിഞ്ഞു മുറിയിൽ എത്തിയപ്പോൾ തന്നെ മനസ്സിലായി ലക്ഷ്മി ഇതുവരെ മുറിയിലേക്കു വന്നിട്ട് കൂടെ ഇല്ലെന്ന്.... കുറച്ചു നേരം മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.... താഴേക്കു എത്തിനോക്കോയപ്പോൾ അവിടെയും ആരെയും കാണുന്നില്ല... പെട്ടെന്നെന്തോ ആകെ ദേഷ്യം വന്നു... വേഗം ചെന്ന് ഡ്രസ്സ് മാറി താഴേക്കു ചെന്നിട്ടും ലക്ഷ്മിയെ കാണുന്നു കൂടെ ഇല്ല... ആ ദേഷ്യത്തിൽ അമ്മയോട് വെറുതെ ചൂടായി... ഭക്ഷണം കഴിക്കാനും നിന്നില്ല. ലക്ഷ്മി ഇന്ന് ക്ലാസ്സിൽ പോകുന്നില്ലേ എന്നു അമ്മയോട് ചോദിച്ചപ്പോളാണ് രണ്ടു ദിവസം ഇവിടെ ഇല്ലാതിരുന്നതു കൊണ്ട് അമ്മു പിണങ്ങി അവളെ വിടുന്നില്ല എന്നറിഞ്ഞത്.. ഇന്ന് പോയിട്ട് ലക്ഷ്മി അമ്മുവിനെ പറ്റിച്ചു അന്നത്തെ പോലെ പോകും എന്നും പറഞ്ഞു കരച്ചിൽ ആണ് പോലും... ഞാൻ നേരെ അവിടെ മുറിയിൽ ചെന്നപ്പോൾ അമ്മയും മകളും കൂടെ കെട്ടിപിടിച്ചു കിടക്കുന്നു... അല്പം ഗൗരവത്തിൽ തന്നെ ലക്ഷ്മിയോട് ചെന്നു ക്ലാസ്സിൽ പോകാൻ നോക്കാൻ പറഞ്ഞു... അപ്പോഴേക്കും അമ്മു കരച്ചിൽ ആയി. അതുകണ്ടു ലക്ഷ്മി ഇന്ന് ക്ലാസ്സിൽ പോകുന്നില്ല എന്നു പറഞ്ഞു.. പിന്നേ അവിടെ നിന്നില്ല. ആരോടും ഒന്നും മിണ്ടാതെ വണ്ടിയും എടുത്തു ഓഫീസിലേക്ക് പോയി... ഹോ.... എന്തൊക്കെ പ്ലാൻ ആയിരുന്നു.... ലക്ഷ്മിയെ ബൈക്കിന്റെ പുറകിൽ ഇരുത്തി ഇന്ന് കോളേജിൽ കൊണ്ട് വിടണം....... . വൈകിട്ട് നേരത്തെ ഇറങ്ങി ലക്ഷ്മിയെയും കൂട്ടി ചെറിയ ഷോപ്പിംഗിനു ഇറങ്ങണം....... അപ്പോഴേക്കും ആളു ഹാപ്പി ആകും..... പിന്നെ പതിയെ പതിയെ ആളുടെ വിഷമങ്ങൾ എല്ലാം മാറ്റി എടുക്കണം......അങ്ങനെ അങ്ങനെ അങ്ങനെ....... ഹും..... എല്ലാം നശിപ്പിച്ചില്ലേ ആ കുട്ടി തേവാങ്കു... ഓഫീസിൽ എത്തിയപ്പോഴോ.... ഒരു കുന്നാരം വർക്ക് ചെയ്തു തീർക്കാൻ ഉണ്ട്.... ഇന്നലെ ലീവ് ആക്കിയത് കൊണ്ട് ഇന്നിനി ഒരു ദാക്ഷണ്യവും പ്രതീക്ഷിക്കണ്ട... അപ്പൊ വൈകിട്ടത്തെ പ്ലാനും ചീറ്റിപ്പോയി.... വിചാരിച്ചതൊന്നും നടക്കാത്ത വിഷമത്തിൽ ജോലി ഒക്കെ തീർത്തു പതിവിലും വൈകിയാണ് വീട്ടിൽ എത്തിയത്..... കയറി ചെന്നപ്പോൾ തന്നെ അമ്മുവിനെയും മടിയിൽ ഇരുത്തി ലക്ഷ്മി ഹാളിൽ ഇരുപ്പുണ്ട്. എന്നെ കണ്ടപ്പോഴേക്കും എഴുന്നേറ്റു അടുക്കളയിലേക്കു പോയി. ഒന്നു നോക്കുക പോലും ചെയ്യാതെ ലക്ഷ്മി പെട്ടന്നങ്ങു പോയപ്പോൾ എന്തോ വല്ലാത്ത വിഷമം... എല്ലാം കൂടെ ആയപ്പോൾ ആകെ ഒരു തലവേദന... വന്നപാടെ തന്നെ സെറ്റിയിൽ ചാരി കണ്ണുകൾ അടച്ചിരുന്നു...അത്രയ്ക്കുണ്ടായിരുന്നു തല വേദന... അടുത്താരോ വന്നു നിൽക്കുന്ന പോലെ തോന്നിയിട്ടാണ് കണ്ണ് തുറന്നത്... നോക്കിയപ്പോൾ അമ്മ ചായയുമായി വന്നു നിൽക്കുന്നു. അമ്മയുടെ കൈയിൽ നിന്നും ചായ വാങ്ങി കുടിച്ചു. ലക്ഷ്മി ഉണ്ടാക്കിയ മസാല ചായ ആണ്. അതുണ്ടാക്കി അമ്മയുടെ കൈയിൽ കൊടുത്തു വിട്ടിരിക്കുന്നു... എന്തോ നല്ല ദേഷ്യവും വിഷമവും തോന്നി.. ചായയും കുടിച്ചു മുറിയിൽ ചെന്നു കിടന്നു... വല്ലാത്തൊരു വിഷമം... പറഞ്ഞിട്ട് കാര്യമില്ല... എല്ലാം സ്വയം വരുത്തി വെച്ചതാണല്ലോ.. അങ്ങനെ കിടന്നു മയങ്ങിപ്പോയി... അമ്മ വന്നു വിളിച്ചപ്പോളാണ് കണ്ണ് തുറന്നത്... നോക്കിയപ്പോൾ സമയം ഒൻപതു കഴിഞ്ഞു.... "ലക്ഷ്മി നിന്നെ വന്നു രണ്ടുമൂന്നു വട്ടം വിളിച്ചിരുന്നു... എന്താ നിനക്ക് പറ്റിയത്... " "ഹേയ്.... ഒന്നുമില്ല അമ്മ.. ഓഫീസിൽ നല്ല തിരക്ക് പിടിച്ച ജോലി ആയിരുന്നു. അതിന്റെ ടെൻഷൻ ആണ്... " 'മ്മ്..... വേഗം ചെന്നു കുളിച്ചു താഴേക്കു വാ... ഭക്ഷണം കഴിക്കണ്ടേ... അച്ഛൻ കാത്തിരിക്കുവാ അവിടെ " അത്രയും പറഞ്ഞുകൊണ്ട് അമ്മ താഴേക്കു പോയി ...കുളി കഴിഞ്ഞു അവിടെ ചെന്നപ്പോൾ അച്ഛനുമായി സംസാരിച്ചിരിക്കുന്ന ലക്ഷ്മിയെ കണ്ടു. അടുത്തേക്ക് ചെന്നപ്പോഴും ലക്ഷ്മി അവിടെ നിന്നും എഴുന്നേറ്റ് അടുക്കളയിലേക്കു പോയി... ഇവളെ എന്തോ അടുക്കളയിലാണോ പെറ്റിട്ടതു... ഏതുനേരം നോക്കിയാലും അടുക്കളയിൽ കാണാം.... മനുഷ്യൻ എങ്ങനെ എങ്കിലും ഒന്നു സംസാരിക്കാൻ ഉള്ള അവസരം നോക്കി നടക്കുവാ.... അപ്പോഴാ അവളുടെ ഒളിച്ചു കളി... പതിയെ അടുക്കള വാതിൽക്കൽ ചെന്നിട്ടു പറഞ്ഞു "ലക്ഷ്മി... ഒരു ഗ്ലാസ് വെള്ളം... " തിരിച്ചു ചെന്നു സെറ്റിയിലേക് ഇരുന്നു.... അപ്പോഴാണ് വെള്ളവുമായി അമ്മ വന്നത്. അതും കൂടെ ആയപ്പോഴേക്കും ഇതുവരെ അടക്കിപിടിച്ച ദേഷ്യം എല്ലാം പുറത്തേക്കു വരാൻ തുടങ്ങി.. "അവളെന്തേ...... ലക്ഷ്മി...... അവളോടല്ലേ ഞാൻ വെള്ളം ചോദിച്ചത്.. " "അതെന്താടാ ഞാൻ തന്നാൽ നീ കുടിക്കില്ലേ.... " തിരിച്ചൊന്നും മിണ്ടാതെ ദേഷ്യത്തിൽ വെള്ളവും വാങ്ങി കുടിച്ചു ഗ്ലാസ്സുമായി അടുക്കളയിൽ ചെന്നപ്പോൾ സ്ലാബിൽ ചാരി വിരൽ ഞൊടിച്ചു കൊണ്ട് ലക്ഷ്മി നിൽക്കുന്നു... എന്നെ പെട്ടന്ന് കണ്ടപ്പോൾ ആളൊന്നു പേടിച്ചു... അവളുടെ അടുത്തേക് നടന്നടുക്കുന്തോറും ഞാൻ മനസ്സിലാകുക ആയിരുന്നു എത്രമാത്രം അവൾ എന്നെ ഭയപ്പെടുന്നു എന്നു. പേടിച്ചു വിറച്ചു കൊണ്ടുള്ള ആ നിൽപ് കണ്ടപ്പോൾ ദേഷ്യത്തിന് പകരം സഹതാപം നിറഞ്ഞു. വീണ്ടും അടുത്തേക് ചെന്നു ഗ്ലാസ് കൈയിൽ കൊടുക്കാനായി കൈ ഉയർത്തിയപ്പോഴേക്കും അമ്മു ഓടി വന്നു എന്റെ കാലിൽ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു.... "അയ്യോ..... അമ്മേ തല്ലല്ലേ.... അമ്മേ തല്ലല്ലേ..... അമ്മ പാവല്ലേ... " അതുകേട്ടപ്പഴേക്കും ഞാൻ ആകെ ഉരുകി ഒലിച്ചു പോയി.... ഞാൻ നോക്കിയപ്പോൾ ലക്ഷ്മി കണ്ണുകൾ അടച്ചു വിറച്ചു കൊണ്ട് നിൽക്കുന്നു.... ഞാൻ അടുത്തേക് ചെന്നപ്പോൾ തല്ലാനാണെന്നു കരുതിക്കാണും രണ്ടു പേരും.... അതെന്നെ വല്ലാതെ വിഷമിപ്പിച്ചു... അത്രമാത്രം ആ സംഭവം രണ്ടു പേരെയും വിഷമിപ്പിച്ചു കാണും... അതാണല്ലോ ആ കുഞ്ഞു പോലും....... പിന്നേ അവിടെ നിൽക്കാനേ തോന്നിയില്ല.. ഭക്ഷണം കഴിച്ചു വേഗം മുറിയിലേക്കു പോന്നു.... സാധാരണ ലക്ഷ്മി അമ്മുവിനെയും കൊണ്ട് താഴെ ഷീറ്റ് വിരിച്ചു കിടന്നു അമ്മു ഉറങ്ങിയതിന് ശേഷമാണ് ഞാൻ കിടക്കാറുള്ളു. ഇന്ന് നേരത്തെ കയറി കിടന്നു... ദൈവമേ..... ഈ പ്ലാൻ എങ്കിലും വിജയിക്കണേ.... കരുതിയ പോലെ തന്നെ ലക്ഷ്മി അമ്മുവിനെയും ആയി മുറിയിൽ വന്നു. അവളെ കട്ടിലിൽ ഇരുത്തി കട്ടിലിനടിയിൽ നിന്നും പായ എടുക്കാനായി കുനിഞ്ഞു... ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ കിടന്നു... അവിടെ എങ്ങും നോക്കിയിട്ട് സാധനം കാണുന്നില്ല... ആ മുറി മുഴുവൻ തപ്പി പിടിച്ചു നടന്നു.... ഒന്നും അറിയാത്ത പോലെ വളരെ നിഷ്കളങ്കമായി ഞാൻ ചോദിച്ചു.... " താൻ എന്താ ഇത്ര നോക്കുന്നത്.. " "അതു..... ഞങ്ങൾ കിടക്കുന്ന പായയും ഷീറ്റും കാണുന്നില്ല.., " "അതെവിടെ പോകാനാ..... ഇനി അമ്മ എങ്ങാനും.... ഒരു കാര്യം ചെയ്യു തത്കാലം ഇവിടെ കയറി കിടന്നോ...... " വളരെ നിഷ്കളങ്കമായി പറഞ്ഞു കൊണ്ട് ഞാൻ കട്ടിലിന്റെ ഒരു മൂലയിൽ സ്ഥാനം പിടിച്ചു.. അൽപ സമയം ആലോചിച്ചു നിന്നിട്ടാണ് ലക്ഷ്മി അമ്മുവിനെ നടുക്ക് കിടത്തി എതിർവശത്തു കയറി കിടന്നതു. . അപ്പോഴാണ് കുട്ടിപ്പിശാച് അടുത്ത അങ്കo തുടങ്ങിയത്.... ഞാൻ അവരുടെ കൂടെ കട്ടിലിൽ കിടക്കാൻ പാടില്ല പോലും... എന്താ അവസ്ഥ.... കണ്ണുരുട്ടി പേടിപ്പിച്ചിട്ടൊന്നും ഒരു കാര്യവും ഉണ്ടായില്ല.... അപ്പോഴുണ്ട് അവൾ ചാടി ഇറങ്ങി ലക്ഷ്മിയെയും വിളിച്ചുകൊണ്ടു അപ്പുറത്തെ മുറിയിലേക്കു പോകാൻ തുടങ്ങുന്നു... അങ്ങനെ പോയാൽ എങ്ങനെ ശരിയാകും... അവസാനം ആ കുട്ടി പിശാചിന്റെ കാലുപിടിച്ചു അവരെ അവിടെ തന്നെ കിടത്തി... അവൾ ഉറങ്ങുമ്പോൾ വന്നു വിളിക്കണം എന്നു ലക്ഷ്മിയോട് പതിയെ പറഞ്ഞു ബാൽക്കണിയിലെ ആട്ടുകസേരയിൽ പോയിരുന്നു... അവിടെ ഇരുന്നു ജനലിലൂടെ ലക്ഷ്മി അമ്മുവിനെ ഉറക്കുന്നതും നോക്കി ഇരുന്നു.... വല്ലാത്തൊരു ഫീലിംഗ്..... ഈ വീട്ടിൽ ഞാനൊഴിച്ചു ബാക്കി എല്ലാർക്കും പ്രിയപ്പെട്ടവൾ ആണ് ലക്ഷ്മി..... ഇനി മുതൽ എന്റെയും... ഓരോന്നാലോചിച്ചു ഇരുന്നപ്പോഴാണ് ലക്ഷ്മി അടുത്ത് വന്നു നിന്നത്... അടുത്ത് വന്നിട്ടും ഒന്നും മിണ്ടുന്നില്ല.... എന്താണെന്നു ചോദിച്ചപ്പോൾ അമ്മു ഉറങ്ങി എന്നു മാത്രം പറഞ്ഞു അകത്തേക്കു പോയി.... ഇതിപ്പോ ഞാൻ അടുക്കാൻ ശ്രമിക്കുന്തോറും ലക്ഷ്മി അകലാൻ ശ്രമികുക ആണല്ലോ... സാരമില്ല.... എല്ലാം പതിയെ ശരിയാകാം.... അകത്തേക്കു കടന്നപ്പോളുണ്ട് ലക്ഷ്മി ഒരു ഷീറ്റ് എടുത്തു വെറും നിലത്തു വിരിച്ചു അതിൽ കിടക്കാൻ ഒരുങ്ങുന്നു... വേഗം ചെന്നു ഷീറ്റ് പിടിച്ചു വാങ്ങി കയറി കിടക്കെടി എന്നു പറഞ്ഞപ്പോഴേക്കും വേഗം കേറി ചുമരിനോട് ചേർന്ന് കിടന്നു... ലൈറ്റ് ഓഫ് ചെയ്തു ഞാനും കയറി കിടന്നു... സത്യത്തിൽ മനസ്സ് തുറന്നൊന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നമേ ഞങ്ങൾക്കിടയിൽ ഉള്ളൂ... പക്ഷേ എന്റെ ഈഗോയും ലക്ഷ്മിക് എന്നോടുള്ള ഭയവും അതിൽ നിന്നും പിന്തിരിപ്പിക്കുന്നു... എല്ലാം എത്രയും വേഗം നേരെ ആകുമെന്ന ശുഭ പ്രതീക്ഷയോടെ ആ രാത്രിയും അവസാനിച്ചു........തുടരും....