പ്രിയമുള്ളവൾ: ഭാഗം 75
Sep 12, 2024, 21:53 IST

രചന: കാശിനാഥൻ
രാത്രി പതിനൊന്നു മണി ആയപ്പോളേക്കും നന്ദന പതിയെ ബെഡിലേക്ക് കയറി കിടന്നു. അമ്മുവും മിന്നുവും പല തവണ ചോദിച്ചു ഒപ്പം കിടക്കണോ എന്ന്. ഒറ്റയ്ക്ക് കിടക്കാൻ പേടി ഒന്നും ഇല്ലന്ന് പറഞ്ഞു നന്ദന ഒഴിഞ്ഞു മാറിയിരുന്നു. തിരിഞ്ഞ് മറിഞ്ഞു കിടക്കുകയാണ് അവൾ. ഉറക്കം വരുന്നതേ ഇല്ല.തലയിണയും കെട്ടിപിടിച്ചു കിടപ്പ് തുടങ്ങിയിട്ട് നേരം കുറേ കഴിഞ്ഞു..ഭദ്രന്റെ മണം ആയിരുന്നു അവിടെ എല്ലാം എന്ന് അവൾക്ക് അപ്പോൾ തോന്നി.. എന്തിനാണ് ഇത്രയ്ക്ക് സങ്കടം, നാളെ കാലത്തെ അവൻ വരില്ലേ എന്നൊക്കെ മനസ് മന്ത്രിക്കുന്നുണ്ട്. പക്ഷെ അവൾക്ക് വല്ലാത്ത വിഷമം ആയിരുന്നു. ആദ്യമായിട്ടാണ് ഏട്ടൻ ഇല്ലാതെ കിടക്കുന്നത്,, ഓർക്കും തോറും വെറുതെ മിഴികൾ നിറയുന്നു. സമയം 12മണി ആവുന്നു. ഏട്ടൻ ഇപ്പൊ എവിടെയാണോ ആവോ. ഒരു ഫോൺ ഉണ്ടായിരുന്നു എങ്കിൽ ഒന്ന് വിളിച്ചു നോക്കായിരുന്നു.. അതെങ്ങനെയാ എല്ലാ പ്രതീക്ഷകളും തെറ്റി പോയില്ലേ, ആ ടോണി ഒറ്റ ഒരുത്തൻ കാരണം. ഇല്ലെങ്കിൽ അവിടെ നിന്നും കിട്ടുന്ന സാലറിക്ക് ഒരു സെക്കന്റ് ഹാൻഡ് മൊബൈൽ വാങ്ങണം എന്ന് തന്നെ കരുതി ഇരുന്നതാ.. ഓർത്തപ്പോൾ അവൾക്ക് ദേഷ്യവും സങ്കടവും ഒക്കെ വന്നു. നന്ദുട്ടാ.... പെട്ടന്ന് വെളിയിൽ നിന്നും ഭദ്രന്റെ ശബ്ദം പോലെ. ഭദ്രേട്ടാ... തോന്നിയത് ആണോ എന്നറിയുവാൻ വേണ്ടി അവൾ തിരിച്ചു വിളിച്ചു. വാതില് തുറക്കെടി പെണ്ണേ.. വീണ്ടും അവന്റെ ശബ്ദം. ഓടി വന്നിട്ട് അവൾ വാതിൽ തുറന്നപ്പോൾ ചിരിയോടെ നിൽക്കുന്നുണ്ട് നമ്മുടെ കഥാ നായകൻ. കൈയിൽ ഒരു പൊതിയൊക്കെ ഉണ്ട്. അകത്തേക്ക് കയറാതെ വാതിൽ മറഞ്ഞു നിന്നവളുടെ മാറിലൂടെ തന്റെ ശരീരം കൊണ്ട് മനഃപൂർവം ഒന്ന് തഴുകി അവൻ റൂമിലേക്ക് കയറി. ഇതെന്താ ഏട്ടാ കൈയില്. നന്ദന ചോദിച്ചതും ഭദ്രൻ അവളുടെ കൈലേക്ക് ചെറിയൊരു പൊതി കൊടുത്തു. അവൾ ഭദ്രനെ സൂക്ഷിച്ചു നോക്കി. "എന്റെ നന്ദുട്ടന് പിറന്നാൾ ആശംസകൾ,,,,,," അവൻ പറഞ്ഞപ്പോൾ പെണ്ണ് വാ പൊളിച്ചു നിന്നു. ഭദ്രേട്ടാ.... ഹ്മ്മ്..... ഇതെങ്ങനെ അറിഞ്ഞു.. ഞാൻ സത്യത്തിൽ ഓർത്തത് പോലും ഇല്ലാ ട്ടോ... നിന്റെ സർട്ടിഫിക്കറ്റ് കണ്ടപ്പോൾ മുതൽ ഓർത്ത് വെച്ചതാ പെണ്ണേ...... പിന്നെ ആ ഗിഫ്റ്റ് ഒന്ന് നോക്കിക്കേ ഇഷ്ട്ടം ആയോന്നു.. നന്ദുവിനെ പിടിച്ചു ബെഡിലേക്ക് ഇരുത്തി കൊണ്ട് ഭദ്രൻ പറഞ്ഞു. നന്ദന അത് തുറന്നു നോക്കി. ഒരു സ്വർണ വള ആയിരുന്നു ഭദ്രേട്ടാ... ഇത്... അവൾക്ക് ആണെങ്കിൽ അത് കണ്ടപ്പോൾ സങ്കടം വന്നു പോയി.. "ഇഷ്ട്ടായോ," "ഇതിന്നൊക്കെ .എവിടുന്നാ ഏട്ടാ ഇത്രേം പൈസ.. ശോ, വേണ്ടായിരുന്നു " അവൾ വിഷമത്തോടെ നോക്കി. "അതെന്താ നിനക്ക് ഇഷ്ട്ടം ആയില്ലേ " "മ്മ്.. ഒരുപാട് ഒരുപാട്.... പക്ഷെ ഏട്ടാ, ഈ കാശില്ലാത്തപ്പോളു " "അതൊന്നും നീ അറിയണ്ട, ഇതാ കൈയിലേക്ക് ഒന്ന് ഇട്ടേ, നോക്കട്ടെ " അപ്പോളേക്കും നന്ദന തന്റെ വലതു കൈ അവന് നേർക്ക് നീട്ടി. " ഭദ്രേട്ടൻ ഇട്ടു തന്നാൽ മതി " നന്ദന പറഞ്ഞതും ഭദ്രൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി. എന്നിട്ട് പുഞ്ചിരിയോടുകൂടി അവളുടെ വലതു കൈയിലേക്ക് അവൻ വാങ്ങിക്കൊണ്ടുവന്ന വള ഇട്ടു കൊടുത്തു. "ഇതെന്താ ഏട്ടാ,ഈ കവറിൽ " "ഇതൊരു ചെറിയ കേക്ക് ആണ്, ഞാൻ പിള്ളേരെ ഒക്കെ വിളിച്ചോണ്ട് വരാം..." പറഞ്ഞുകൊണ്ട് അവൻ ബെഡിൽ നിന്ന് എഴുന്നേറ്റതും വാതിലിൽ , അമ്മുവും മിന്നവും വന്നു കൊട്ടിയതും ഒരുമിച്ച് ആയിരുന്നു. "ഭദ്രേട്ട..... അവരാരും ഉറങ്ങിയില്ലേ"? " കുറച്ചു മുന്നേ ഞാൻ വിളിച്ചു പറഞ്ഞിരുന്നു ബർത്ത് ഡേ യുടെ കാര്യം, അതുകൊണ്ട് രണ്ടാളും ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു" അവൻ നാട്ടിൽ തുറന്നതും അമ്മയും പെൺകുട്ടികളും കൂടി അകത്തേക്ക് കയറി വന്നു. എല്ലാവരും നന്ദനയെ വിഷ് ചെയ്തു. "ശോ .. നാളെ കേക്ക് മുറിച്ചാൽ പോരായിരുന്നോ ഭദ്രേട്ടാ, ഇതിപ്പോ രാത്രിയിലെ കുട്ടികളുടെയും അമ്മയുടെയും ഒക്കെ ഉറക്കം കെടുത്തിയല്ലോ " നന്ദന വിഷമത്തോടെ എല്ലാവരെയും മാറിമാറി നോക്കി. " അതൊന്നും സാരമില്ല ചേച്ചി, ഈ രാത്രിയിൽ കേക്ക് മുറിക്കുന്നത് ഒക്കെ ഒരു ത്രില്ലല്ലേ " മിന്നു കേക്ക് എടുത്ത് വെളിയിലേക്ക് വയ്ക്കുന്നതിനിടയിൽ നന്ദനയേ നോക്കി പറഞ്ഞു.. ആഹ് നാളെ ആവട്ടെ, നമ്മൾക്ക് സദ്യയും പായസവും ഒക്കെ വെയ്ക്കാം കേട്ടോ മോളെ.. അതൊന്നും വേണ്ടമ്മേ, ഇത് തന്നെ ധാരാളം മതി.... നന്ദന എതിർത്തു എങ്കിലും ഗീതമ്മ കുറച്ചു കണക്ക് കൂട്ടൽ ഒക്കെ നടത്തിയിരുന്നു. എല്ലാവരും വട്ടം ചേർന്നു നിന്നപ്പോൾ, നന്ദന അങ്ങനെ കേക്ക് മുറിച്ചു . ആദ്യത്തെ പീസ് അവൾ അമ്മയുടെ വായിലേക്ക് ആണ് കൊടുത്തത്. അവർ തിരിച്ച് നന്ദനക്കും കൊടുത്തു. അത് കണ്ടതും ഭദ്രൻ ചെറിയൊരു കുശുമ്പോടുകൂടി അവളെ നോക്കി കണ്ണ് ഇറക്കി.. അപ്പോഴേക്കും നന്ദന ഒരു പീസ് എടുത്ത് അവന്റെ വായിൽ കൊടുത്തപ്പോൾ, ഭദ്രൻ അവളുടെ വിരലിൽ ചെറുതായൊന്ന് കടിച്ചു. ഭദ്രൻ മേടിച്ചു കൊടുത്ത വള അവൾ അവരെ എല്ലാവരെയും കാണിച്ചു കൊടുത്തു. എല്ലാവർക്കും അത് ഒരുപാട് ഇഷ്ടമായി. അമ്മുവും മിന്നുവും ഒക്കെ കേക്ക് കഴിച്ച ശേഷമാണ് കിടക്കാനായി പോയത്. അപ്പോഴേക്കും നേരം ഒരു മണി കഴിഞ്ഞു. " ഭദ്രേട്ടാ ഒരു മിനിറ്റ് ഒന്ന് വെളിയിലേക്ക് ഇറങ്ങി നിൽക്കുമോ " അവര് പോയ ശേഷം വാതിൽ അടച്ച് കുറ്റിയിടുകയായിരുന്നു ഭദ്രൻ. "എന്താടാ എന്തിനാണ്,നിനക്ക് ശൂ ശൂ വെയ്ക്കാൻ പോണോ " അവന്റെ ചോദ്യം ആയിട്ട് നന്ദന ചിരിച്ചുകൊണ്ട് തലയാട്ടി "ഹ്മ്മ്...പോയിട്ട് വാ...എനിക്ക് ഒന്ന് കുളിക്കണം, ആകെ വിയർത്തു നാശം ആയി " പുറത്തേക്കുള്ള കതക് തുറന്ന ശേഷം, അവൻ മുറ്റത്തേക്ക് ഇറങ്ങി നിന്നു. നന്ദന ഓടി പോയി ബാത്റൂമിൽ കയറി ഡോർ അടച്ചു... ടി... കഴിഞ്ഞില്ലേ... കുറച്ചു സമയമായിട്ടും നന്ദനയുടെ അനക്കം ഒന്നും കേൾക്കാതെ വന്നപ്പോൾ, ഭദ്രൻ ചെന്നു ഡോറിൽ തട്ടി... ആഹ് വരുവാ ഏട്ടാ... ഹ്മ്മ്....പെട്ടന്ന് വാടി, കുറച്ചു പരിപാടി ഉള്ളതാ കേട്ടോ.. ഇറങ്ങി വരുന്നവളെ അടിമുടി ഒന്ന് നോക്കി കൊണ്ട് തോർത്ത് എടുത്തു ശരിക്കും ഒന്ന് പിഴിഞ്ഞ് കുടഞ്ഞു അവൻ ദേഹത്തേക്ക് ഇട്ടു. എന്താ... വല്ലതും പറഞ്ഞോ സാറെ.. മ്മ്..... പിറന്നാള്കാരിക്ക് ഒരു കുഞ്ഞ് സമ്മാനം കൂടി തരാം.. വാടി... പറഞ്ഞു കൊണ്ട് പെണ്ണിനെ നോക്കി ഒരു കണ്ണിറുക്കി കാണിച്ചു കൊണ്ട് ഭദ്രൻ നടന്നു......കാത്തിരിക്കൂ.........