ശിശിരം: ഭാഗം 23
Sep 8, 2024, 21:23 IST

രചന: മിത്ര വിന്ദ
മഴ പതിയെ ശക്തി ആർജിച്ചു വരുന്നുണ്ടായിരുന്നു.. ഒരു കുടയും എടുത്തുകൊണ്ട് അവൾ വരുമ്പത്തൂടെ ഓടി. കിച്ചനെയോ യദുവിനെയോ വിളിക്കാൻ ആയിരുന്നു അവൾ ആദ്യം ഓർത്തത്.പക്ഷേ അവരൊക്കെ ഭാര്യവീടുകളിലേക്ക് വിരുന്നിനു പോയി എന്ന് മനസ്സിലാക്കിയതും, അമ്മു കവലയിലേക്ക് ഓടി പോയ്.ഏതെങ്കിലും ഒരു വണ്ടി കിട്ടണം എന്ന് പ്രാർത്ഥനയിൽ ശ്രീജയെയും കുഞ്ഞിനെയും ബാംഗ്ലൂർക്കുള്ള ബസ് കയറ്റി വിട്ടിട്ട്, തിരികെ വീട്ടിലേക്ക് വണ്ടിയോടിച്ചു പോകുകയായിരുന്നു നകുലൻ. അപ്പോഴാണ് പെരുമഴയത്ത് ഓടിവരുന്ന അമ്മുവിനെ അവൻ കണ്ടത്. നകുലിന്റെ വണ്ടി കണ്ടതും അവൾ കൈ കാണിച്ചു. നകുലേട്ടാ....എന്റെ അമ്മ.. എന്റെ അമ്മയ്ക്ക് തീരെ വയ്യ, ഏട്ടൻ ഒന്ന് വരാമോ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ. അവൾ കരഞ്ഞുകൊണ്ട് നകുലിനോട് ചോദിച്ചു. നീ വേഗം വണ്ടിയിൽ കയറ്. നകുലൻ ധൃതി കാട്ടി. എന്താടി.. എന്താ അപ്പച്ചിക്ക് പറ്റിയത്,? ഞാൻ ട്യൂഷൻ സെന്ററിൽ പോയിട്ട് വന്ന് കുളിക്കാൻ കയറിയതായിരുന്നു,കുളിച്ചിട്ട് ഇറങ്ങി വന്നപ്പോൾ അമ്മ അടുക്കളയിൽ ബോധമറ്റ് കിടക്കുകയാണ്.. നകുലേട്ടാ ഇത്തിരി വേഗത്തിൽ പോകുമോ.അമ്മ ഒറ്റയ്ക്ക് ആണ് വീട്ടിൽ അമ്മു ഉറക്കെ കരഞ്ഞു. നീ കരയാതെ അപ്പച്ചിയ്ക്ക് കുഴപ്പമൊന്നുമില്ല, നമ്മൾക്ക് എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കാം. ഗുരുവായൂരപ്പാ എന്റെ അമ്മയ്ക്ക് ഒന്നും വരുത്തരുതേ,,,,, അവളുടെ വാക്കുകൾ ഇടറി. റോഡിലേക്ക് വണ്ടി ഒതുക്കിയ ശേഷം, നകുലനും അമ്മുവും ഇറങ്ങിയോടി. അപ്പോഴും സതി ബോധമറ്റ് കിടക്കുകയാണ്. നകുലൻ അവന്റെ കൈകളിൽ അവരെ കോരിയെടുത്തു, എന്നിട്ട് പാടവരമ്പത്തൂടെ നടന്നുചെന്ന് വണ്ടിയിലേക്ക് കയറ്റി. നകുലേട്ടാ... അമ്മ, അമ്മ കണ്ണ് തുറക്കുന്നില്ലല്ലോ... അമ്മു കൊട്ടി വിളിച്ചിട്ട് ചെറിയ ഞരക്കവും മൂളലും മാത്രമേ ഉണ്ടായിരുന്നുള്ളൂ അവർക്ക്. നമുക്ക് എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കാം നീ ടെൻഷൻ ആവാതെ.. അവളെ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും നകുലിന് കാര്യങ്ങളൊക്കെ ഏറെക്കുറെ ബോധ്യമായിരുന്നു. പലപ്പോഴും അവന് തന്റെ കൺട്രോളിൽ നിന്നും വണ്ടി പാളി പോയി. ഹോസ്പിറ്റലിലേക്ക് വണ്ടി കൊണ്ടുവന്ന ശേഷം,പെട്ടെന്ന് സെക്യൂരിറ്റിയെ വിളിച്ചു. അവർ സ്ട്രക്ചറുമായി വന്നപ്പോൾ, നകുലിനും അമ്മുവും ചേർന്ന് സതിയെ അതിലേക്ക് കയറ്റി. എമർജൻസി വിഭാഗത്തിലേക്ക് ആയിരുന്നു ആദ്യം കയറ്റിയത്.. എത്രയും പെട്ടെന്ന് തന്നെ അവർപ്രാഥമിക ശുശ്രൂഷകൾ നൽകി. പേഷ്യന്റിന്റെ കൂടെയുള്ള ആൾ ആരാണ് , അവരോട് കയറി വരാൻ പറയൂ, ഡോക്ടർ നിർദ്ദേശിച്ചത് നകുലനും അമ്മുവും അകത്തേക്ക് ചെന്നു.. ട്രീറ്റ്മെന്റ്ഇൽ ആയിരുന്നു അല്ലേ? ഡോക്ടർ ചോദിച്ചതും അവൾ തലയനക്കി. എന്തെങ്കിലും വിഷമം വരുത്തുന്ന കാര്യങ്ങൾ വല്ലതും സംഭവിച്ചോ ഇത്ര പെട്ടന്ന് ഇങ്ങനെ... ഡോക്ടറുടെ ചോദ്യത്തിന് മുന്നിൽ അമ്മു മുഖം കുനിച്ചു. ആൾക്ക് ഇത്തിരി സീരിയസാണ് കേട്ടോ, അറിയാലോ കാര്യങ്ങളൊക്കെ, ഹാർട്ടിന് നല്ല പ്രോബ്ലം ഉള്ള ആളാണ്,,95% ബോഡി വീക്ക് ആയി.എന്തായാലും നമ്മൾക്ക് പ്രാർത്ഥിക്കാം. പിന്നെ എല്ലാ കാര്യവും ഇയാളോട് പറഞ്ഞിട്ട് ഉള്ളത് അല്ലെ ഡോക്ടറു അയാൾ എങ്ങും തൊടാത്ത മട്ടിൽ ആണ് സംസാരിച്ചത്, എങ്കിലും അമ്മുവിന് കാര്യങ്ങൾ ഏകദേശം വ്യക്തമാക്കുകയായിരുന്നു. വിങ്ങി പൊട്ടി നിൽക്കുന്ന അവളെ കാണുംതോറും നകുലന് ചെറിയ ഭയം തോന്നി. സാർ.... പേഷ്യന്റിന് മകളെ കാണണം എന്ന് പറയുന്നു. ഒരു സിസ്റ്റർ വന്നു പറഞ്ഞതും,നകുലനും അമ്മുവും കൂടി പെട്ടെന്ന് അകത്തേക്ക് കയറി. അമ്മേ..... എന്നെ പേടിപ്പിക്കാതെ എഴുന്നേറ്റ് വരൂ അമ്മേ... അവൾ സതിയുടെ അടുത്തേക്ക് മുഖംകുനിച്ചുകൊണ്ട് പറഞ്ഞതും മെല്ലെ അവരുടെ കണ്ണുകൾ തുറന്നു. എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർക്ക് അതിനൊന്നും കഴിയുന്നില്ലായിരുന്നു. പതിയെ വിരലുകൾ ചലിപ്പിച്ച് നകുലനെ അവർ അടുത്തേയ്ക്ക് വിളിച്ചു. ആരും... ഇല്ല എന്റെ മോൾക്ക്..മോനേ, നീ... നീ കാണില്ലേ ശ്വാസം എടുത്തു വലിച്ചുകൊണ്ട് അവർ നകുലിനെ നോക്കി പറയുകയാണ്. അമ്മ ഉണ്ട്, എനിക്ക് എന്റെ അമ്മയുണ്ട്.. അത് മാത്രം മതി.. ഒന്ന് എഴുന്നേറ്റു വന്നേ അമ്മേ...എന്നേ പേടിപ്പിക്കല്ലേ അമ്മു അവരുടെ ഇരു കവിളിലും മാറിമാറി മുത്തം കൊടുത്തു.അപ്പോഴേക്കും കണ്ണുനീർ അവരുടെ ഇരു ചെന്നിയിലും കൂടി ഒഴുകി.. എന്തിനാ കരയുന്നെ, എന്റെ അമ്മയ്ക്ക് ഒരു കുഴപ്പവും ഇല്ലന്നേ,, വാ, എഴുന്നേറ്റു വന്നേ, നമ്മൾക്ക് വീട്ടിൽ പോകാം.. അമ്മു വീണ്ടും പറഞ്ഞു. മോനേ... എന്റെ കുട്ടിയേ നോക്കിക്കോണം... ഒരു പ്രകാരത്തിൽ അവർ നകുലനോട് അത്രയും പറഞ്ഞു ഒപ്പിച്ചു. എന്നിട്ട് അമ്മുവിന്റെ വലതു കൈ എടുത്ത് അവനിലേക്ക് ചേർത്തു. ചെറുതായി ഒന്ന് സതി പുഞ്ചിരിക്കുവാൻ ശ്രമിച്ചു എങ്കിലും, വിഫലമായി. അവസാനമായി അവർ ആഞ്ഞൊരു ശ്വാസം എടുത്തു,. അമ്മു അവരുടെ മുഖത്തേക്ക് തുറിച്ചു നോക്കി.. എന്നിട്ട് അനങ്ങാതെ നിന്നു. രണ്ടു സിസ്റ്റേഴ്സ് വന്നിട്ട് ഡോക്ടറെ കൂട്ടിക്കൊണ്ടുവന്നു,, സതിയുടെ മരണം അങ്ങനെ അവർ സ്ഥിതീകരിച്ചു. അമ്മു, വന്നേ... വെളിയിൽ നിൽക്കാം നമ്മൾക്ക്. അവൻ അവളുടെ തോളിൽ പിടിച്ചു. അപ്പോളും അവൾ ഒരേ നിൽപ്പ് ആയിരുന്നു. അമ്മു..... അവൻ അല്പം ബലം പ്രയോഗിച്ചു നോക്കി. പക്ഷെ അമ്മു അനങ്ങിയില്ല. എന്നിട്ട് സതി കിടന്ന ബെഡിന്റെ അടുത്തേക്ക് അല്പം നീങ്ങി. അവരുടെ മുഖത്തും കവിളിലും ഒക്കെ അവൾ തന്റെ വിരൽ ഓടിച്ചു നോക്കി.. അവരുടെ വലതു കൈ എടുത്തു പിടിച്ചു. അനക്കം ഉണ്ട് നകുലേട്ടാ.. ഒന്ന് നോക്കാമോ. പാവം പെൺകുട്ടി.. നിസ്സഹായ ആയി അവൾ അവനെ നോക്കി. "ഒന്ന് പുറത്തേക്ക് ഇറങ്ങി പോകു,ഞങ്ങൾക്ക് ഡ്രസ്സ് ചെയ്യാൻ ഉണ്ട് കേട്ടോ... " സിസ്റ്റേഴ്സ് വന്നു പറഞ്ഞതും നകുലൻ അമ്മുവിന്റെ കൈയിൽ പിടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയ്. പാവത്തിനെ വിറയ്ക്കുകയായിരുന്നു. നീ ഇവിടെ ഇരിയ്ക്ക്, ഞാൻ ഒന്ന് ഫോൺ ചെയ്തിട്ട് വരാം.. അവൻ അമ്മുവിനെ ഒരു കസേരയിൽ ഇരുത്തി. എന്നിട്ട് ഫോണും ആയി വെളിയിലേക്ക് ഇറങ്ങി. ശ്രീജയേ ആയിരുന്നു ആദ്യം വിളിച്ചത്. അപ്പച്ചി മരിച്ചു എന്നു അറിഞ്ഞതും അവൾ വാവിട്ട് കരഞ്ഞു. എത്രയും പെട്ടന്ന് ആ വണ്ടിയിൽ നിന്ന് ഇറങ്ങിയിട്ട് മടങ്ങി പോരാൻ അവൻ അവളോട് പറഞ്ഞു. പിന്നീട് ഓരോരുത്തരെ ആയി വിളിച്ചു പറഞ്ഞു. എന്നിട്ട് വേഗം അമ്മു ഇരിയ്ക്കുന്ന ഭാഗത്തേക്ക് വന്നു. നോക്കിയപ്പോൾ അവൾ അതേ ഇരുപ്പ് തന്നെയാണ്. അമ്മു..... അവൻ വന്നു വിളിച്ചപ്പോൾ ഞെട്ടി എഴുന്നേറ്റു. നിനക്ക് കുടിക്കാൻ എന്തെങ്കിലും വേണോ.. വേണ്ട...എനിക്ക് ഒന്നും വേണ്ട.. വീട്ടിലേക്ക് പോകാം, അവർ.. അവര് ആംബുലൻസ് റെഡി ആക്കി. ഹമ്...... ഒരു ജീവചവം കണക്കെ അവൾ വണ്ടിയുടെ അടുത്തേക്ക് നടന്നു. നകുലൻ തന്റെ വണ്ടി പാർക്കിങ്ങിൽ ഇട്ടിട്ടു ആംബുലൻസിൽ കേറി. അമ്മുവിനെ ഒറ്റയ്ക്ക് വിടാൻ അവനു എന്തോ വല്ലാത്ത ഭയം ആയിരുന്നു. തന്റെ അമ്മയുടെ മുഖത്തേക്ക് നോക്കി കൊണ്ട് അമ്മു ഒരേ ഇരുപ്പ് ആയിരുന്നു.ഒരു തുള്ളി കണ്ണീരു പോലും അവളുടെ മിഴികളെ നനച്ചില്ല. അനങ്ങാതെ അവൾ ഇരുന്നു. ഒരു മരപ്പാവ കണക്കു.....തുടരും.........