ദുബൈ വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ ആറു ശതമാനം വര്‍ധന
ദുബൈ: എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്കൂളുകളില്‍ 2024 25 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ 6 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായി ദുബൈ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി(കെഎച്ച്ഡിഎ) അറിയിച്ചു. 227 സ്വകാര്യ സ്കൂളുകളിലായി മൊത്തം 3,87,441 വിദ്യാര്‍ത്ഥികളാണ് പഠനം നടത്തുന്നത്. എമിറേറ്റിലെ സ്വകാര്യ സ്കൂളുകളില്‍ 27,284 അധ്യാപകരാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒമ്പത് ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും കെഎച്ച്ഡിഎ പുറത്തുവിട്ട റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ലോകമെമ്പാടുമുള്ള മികച്ച അധ്യാപക പ്രതിഭകളെ ആകര്‍ഷിക്കാനുള്ള ദുബൈയുടെ കഴിവിനെ ഈ വളര്‍ച്ച പ്രതിഫലിപ്പിക്കുന്നതായി അതോറിറ്റി വ്യക്തമാക്കി. കരിയര്‍ പുരോഗതിയും പ്രൊഫഷണല്‍ വികസനവും പിന്തുടരുന്ന അധ്യാപകര്‍ക്കുള്ള ഒരു മുന്‍നിര കേന്ദ്രമെന്ന പദവി കൂടുതല്‍ ഉറപ്പിക്കാനാണ് ദുബൈ ശ്രമിക്കുന്നത്. ദുബൈയിലെ സ്വകാര്യ സ്കൂളുകള്‍ 17 വ്യത്യസ്ത പാഠ്യപദ്ധതികളാണ് വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കുന്നത് യുകെ പാഠ്യപദ്ധതിയാണ്, ഇന്ത്യന്‍ പാഠ്യപദ്ധതിക്കാണ് രണ്ടാം സ്ഥാനം.
2033 ഓടെ കുറഞ്ഞത് 100 പുതിയ സ്കൂളുകളെങ്കിലും സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന ദുബൈയുടെ വിദ്യാഭ്യാസ തന്ത്രം ഇ33 യുമായി യോജിച്ച് പത്ത് പുതിയ സ്വകാര്യ സ്കൂളുകള്‍ ആരംഭിച്ചിട്ടുണ്ട്. എമിറേറ്റില്‍ ജീവിക്കുന്ന ഓരോ വിദ്യാര്‍ത്ഥിക്കും ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നേടാനും ആഗോളവല്‍ക്കരിക്കപ്പെട്ട ലോകത്ത് അഭിവൃദ്ധി പ്രാപിക്കാനും ഉതകുന്ന രീതിയിലുള്ള വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഇ33 തന്ത്രം ലക്ഷ്യമിടുന്നതെന്നും കെഎച്ച്ഡിഎ വിശദീകരിച്ചു.