ശ്രീനഗര്‍: ബി ജെ പിക്കെതിരെ മികച്ച മുന്നേറ്റം കാഴ്ചവെച്ച് ജമ്മു കശ്മീരില്‍ അധികാരം പിടിച്ചെടുത്ത നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. വിവിധ പാര്‍ട്ടികളുടെയും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെയും പിന്തുണ അറിയിച്ച കത്തുമായി മുതിര്‍ന്ന രാഷ്ട്രീയ നേതാവ് രാജ്ഭവനില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തി.
”മനോജ് സിന്‍ഹയെ രാജ്ഭവനില്‍ കണ്ടതിന് ശേഷം ഞാന്‍ തിരിച്ചെത്തി. കോണ്‍ഗ്രസ്, സിപിഐ(എം), എഎപി, സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ എന്നിവരുടെ പിന്തുണാ കത്ത് ഞാന്‍ എല്‍ജിക്ക് സമര്‍പ്പിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിന്റെ തീയതി എത്രയും വേഗം തീരുമാനിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു, ” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര ഭരണം ഉള്ളതിനാല്‍ സര്‍ക്കാര്‍ രൂപീകരണം നീണ്ട പ്രക്രിയയായിരിക്കുമെന്ന് അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.
‘എല്‍ജി ആദ്യം രേഖകള്‍ രാഷ്ട്രപതി ഭവനിലേക്കും പിന്നീട് ആഭ്യന്തര മന്ത്രാലയത്തിലേക്കും അയയ്ക്കും. ഇതിന് ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും എടുക്കുമെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കില്‍ ബുധനാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. ഈ സര്‍ക്കാര്‍ ജമ്മുവിനെ അവഗണിക്കില്ലെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.