ഓപറേഷൻ സിന്ദൂർ: ലഷ്‌കർ നേതാക്കളടക്കം 70 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 60ലേറെ പേർക്ക് പരുക്ക്

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ സേനകൾ സംയുക്തമായി നടത്തിയ ഓപറേഷൻ സിന്ദൂറിൽ 70 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ആക്രമണത്തിൽ 60ലേറെ ഭീകരർക്ക് പരുക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
ലഷ്‌കറെ ത്വയിബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്. ലഷ്‌കർ നേതാക്കളായ അബ്ദുൽ മാലിക്, മുദസിർ എന്നിവർ കൊല്ലപ്പെട്ടതായും വിവരമുണ്ട്. ഇന്ത്യൻ ഏജൻസികൾ അന്വേഷിക്കുന്ന കൊടും ഭീകരരാണ് ഇരുവരും.
ലഷ്‌കർ കേന്ദ്രമായ മുരിഡ്‌കെയിലെ മർകസ് ത്വയിബയിലേക്ക് നടത്തിയ ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് വിവരം. ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവൽപൂരിലെ മർകസ് സുബഹനള്ള, മർകസ് ത്വയിബ, ജെയ്‌ഷെ കേന്ദ്രങ്ങളായ തെഹ്‌റ കലാനിലെ സർജാൽ, കോട്‌ലിയിലെ മർകസ് അബ്ബാസ്, മുസാഫറബാദിലെ സൈദുന ബിലാൽ ക്യാമ്പ്, ലഷ്‌കർ ക്യാമ്പുകളായ ബർനാലയിലെ മർകസ് അഹ്ലെ ഹാദിത്, മുസഫറാബാദിലെ ഷവായ് നള്ള ക്യാമ്പ്, ഹിസ്ബുൾ കേന്ദ്രമായ സിയാൽകോട്ടിലെ മെഹ്മൂന ജോയ എന്നിവിടങ്ങളിലായിരുന്നു ഇന്ത്യൻ ആക്രമണം.