Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 100 || അവസാനിച്ചു

രചന: റിൻസി പ്രിൻസ്‌

അവളുടെ സംസാരം കേട്ടപ്പോൾ വല്ലാത്ത ദേഷ്യമാണ് അവന് തോന്നിയത്. അതിലുപരി അൽഭുതവും ഒരു പെൺകുട്ടിക്ക് എങ്ങനെ സംസാരിക്കാൻ സാധിക്കുന്നു എന്ന് ഓർത്തു. ഉള്ളിൽ നുരഞ്ഞു പൊന്തിവന്ന ദേഷ്യത്തിൽ അവന്റെ കൈകൾ അവളുടെ കവിളിൽ പതിച്ചിരുന്നു.. ഒരു നിമിഷം അവളും അത്ഭുതപ്പെട്ടു പോയിരുന്നു…!

” ഇത് നിന്റെ ഭർത്താവ് ചെയ്യേണ്ടത് ആണ്. അത് ഞാൻ ചെയ്യേണ്ടി വന്നതിൽ എനിക്ക് ദുഃഖമുണ്ട്. ഇത്രയെങ്കിലും ഞാൻ ചെയ്തില്ലെങ്കിൽ ഞാൻ ഒരു ആണാണെന്ന് പറഞ്ഞിട്ട് എന്തെങ്കിലും കാര്യമുണ്ടോ..? ഇത്രയും കാലം ഞാൻ വിചാരിച്ചത് നീ എന്നെ ഉപേക്ഷിച്ചിട്ട് പോയത് നിന്റെ അവസ്ഥ കൊണ്ടാണെന്ന് ആണ്.. പക്ഷേ ഇപ്പോൾ മനസ്സിലായി നിന്റെ അസുഖം അതൊന്നും ആയിരുന്നില്ലന്ന്.. ഇനി മേലിൽ ഇങ്ങനത്തെ വേഷം കെട്ടും ആയിട്ട് എന്റെ അടുത്ത് വന്നേക്കരുത്, നിന്നെപ്പോലെ താലികെട്ടിയോളെ ചതിക്കാനുള്ള മനസ് ആയി നടക്കുന്നവൻ അല്ല ഞാൻ. എനിക്ക് ആവശ്യമുള്ളതെല്ലാം എന്റെ ഭാര്യ തരുന്നുണ്ട്, പിന്നെ നീ വിചാരിക്കുന്നത് പോലെ ശരീരത്തിൽ മാത്രം സുഖം കണ്ടെത്തുന്ന ഒരു സ്നേഹമായിരുന്നില്ല എനിക്ക് നിന്നോട് ഉണ്ടായിരുന്നത്. നിന്നെ ഞാൻ സ്നേഹിച്ചതും ആത്മാർത്ഥമായി തന്നെ ആണ്. വിവാഹം കഴിച്ച് കൂടെ ജീവിക്കണമെന്ന് ആഗ്രഹത്തിൽ തന്നെ, അത് നീ വിചാരിക്കുന്ന പോലെ ഒരു നിമിഷനേരത്തെ സുഖത്തിനു വേണ്ടി ആയിരുന്നില്ല. അത് നീ മനസ്സിലാക്കിയിട്ടില്ലെന്ന് നിന്റെ വാക്കിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി, ഒരു കണക്കിന് നന്നായി, അതുകൊണ്ട് എനിക്ക് നല്ലൊരു പെൺകൊച്ചിനെ കിട്ടി. അവളുടെ സ്നേഹം സത്യമായതുകൊണ്ടാവും നിനക്ക് അങ്ങനെയൊക്കെ തോന്നിയതും നീ എന്റെ ജീവിതത്തിൽ നിന്ന് പൂർണ്ണമായിട്ടും പോയതും, ആമ്പിള്ളേരെ സംബന്ധിച്ചിടത്തോളം ആദ്യത്തെ പ്രണയം അവർക്ക് മറക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്. ആ ഒരു ഇത് എനിക്ക് ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ നിന്റെ വാക്കുകൾ ഉണ്ടല്ലോ പൂർണമായും മനസ്സിൽ നിന്ന് തന്നെ മാഞ്ഞുപോയി വെറുപ്പ് അല്ല അറപ്പാ തോന്നുന്നത് നിന്നോട് ഇനി ഇത്തരം വേഷംകെട്ടും ആയിട്ട് എന്റെ മുൻപിൽ വന്നേക്കരുത് അത്രയും പറഞ്ഞു മറുപടിക്ക് കാക്കാതെ അവൻ നടന്നു പോയിരുന്നു.. അവന്റെ വാക്കുകൾ വല്ലാത്തൊരു ആഘാതം തന്നെയാണ് അവളിൽ നിറച്ചത്. ഇത്തരത്തിൽ അവൻ പെരുമാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. താൻ അവന്റെ മനസ്സിൽ നിന്നും പൂർണമായി ഇല്ലാതെയായി പോയത് അവൾ മനസ്സിലാക്കിയിരുന്നു.. തിരികെ വീട്ടിലേക്ക് ചെന്നപ്പോൾ വലിയ വയറും വച്ച് ഇരിക്കാൻ ബുദ്ധിമുട്ടുന്ന ശ്വേതയെയാണ് അവൻ കണ്ടത്.. ഒരു നിമിഷം അവളോട് വല്ലാത്തൊരു സ്നേഹവും ഇഷ്ടവും ഒക്കെ അവന് തോന്നിയിരുന്നു,

” ഇതെന്താ നീ ഒറ്റയ്ക്ക് കാണിക്കുന്നേ മമ്മി എവിടെ?

” മമ്മി പപ്പയെയും കൊണ്ട് ഹോസ്പിറ്റലിൽ പോയി, അമ്മ ഇപ്പോൾ ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടുണ്ട്.. ഞാൻ നോക്കായിരുന്നു വന്നോന്ന്, ഇച്ചായന് ചായ എടുക്കട്ടെ..?

” വേണ്ട ഞാൻ എടുത്തോളാം, നീ ഇനി ബുദ്ധിമുട്ടണ്ട. നിനക്ക് വേണോ ചായ..? അല്ലേൽ ചായ കുടിക്കേണ്ട ഒരുപാട്. ഞാൻ നിനക്ക് ഇത്തിരി പാൽ എടുക്കാം

അതും പറഞ്ഞു അവൻ അടുക്കളയിലേക്ക് പോയിരുന്നു. അവനുള്ള ചായയും അവൾക്കുള്ള പാലുമായാണ് തിരികെ വന്നത്.

“എന്താ മുഖം വല്ലാതിരിക്കുന്നത്…?

അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചപ്പോൾ ഒരു നിമിഷം അവന് അത്ഭുതമാണ് തോന്നിയത്.. തന്നെ ഇത്രത്തോളം മനസ്സിലാക്കാൻ അവൾക്ക് എങ്ങനെ സാധിച്ചു എന്ന അത്ഭുതം. തന്റെ മുഖം ഒന്ന് മാറിയാൽ പോലും അവൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. യഥാർത്ഥ പ്രണയം എന്നത് അത് തന്നെയല്ലേ..? അവളോട് ഒന്നും മറച്ചുവയ്ക്കാൻ അവന് തോന്നിയില്ല. മനസ്സിൽ അത്രത്തോളം സംഘർഷം ഉണ്ടായിരുന്നു.

അതുകൊണ്ടു തന്നെ റിയയെ കണ്ടതും അവൾ പറഞ്ഞതുമായ കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ ശ്വേതയും അമ്പരന്നു പോകുന്നത് അവൻ ശ്രദ്ധിച്ചിരുന്നു..

“സാരല്ല്യ ഇച്ചായ ഓരോരുത്തരുടെ ചിന്താഗതികൾ, അതുകൊണ്ട് പറഞ്ഞതായിരിക്കും. ഇന്നത്തെ കാലത്ത് ഇതൊന്നും വലിയ കുറ്റമായിട്ട് കരുതാത്തവരും ഉണ്ട്.. ഓൾമോസ്റ്റ് ഒരു 70% ആളുകളും വിവാഹം കഴിഞ്ഞ് ഇത്തരത്തിൽ റിലേഷൻഷിപ്പ് തുടരുന്ന ആൾക്കാരാണ്, അത്തരത്തിൽ അപ്ഡേറ്റഡ് ആയിട്ട് ചിന്തിച്ചതായിരിക്കും ഒരുപക്ഷേ റിയച്ചേച്ചി.. അവരുടെ ഉള്ളിൽ ഒരു ആഗ്രഹം അവര് തുറന്നു പറഞ്ഞു. ആ വിഷയം അവിടെ കഴിഞ്ഞു, അത് അങ്ങനെ എടുത്താൽ മതി. ഇനി അത് മനസ്സിലിട്ട് നീറ്റാൻ നിൽക്കേണ്ട…

ശ്വേത പറഞ്ഞു

” എങ്കിലും നിനക്ക് ഇത് കേട്ടിട്ട് എന്നോട് ഒരു ദേഷ്യം തോന്നില്ലെ…?

” എന്തിനാ എനിക്ക് ദേഷ്യം തോന്നുന്നേ? റിയ ചേച്ചിയോട് പോലും എനിക്ക് ദേഷ്യം തോന്നുന്നില്ല..

” ഓഹോ നീ അത്ര വിശാലമനസ്ക ആണോ..? അപ്പോൾ ഞാൻ അതിന് സമ്മതിച്ചിരുന്നെങ്കിലോ അവളുടെ മറുപടിക്ക് വേണ്ടി ആകാംക്ഷയോടെയാണ് അവൻ കാത്തിരുന്നത്.

“ഇച്ചായൻ സമ്മതിക്കില്ലെന്ന കാര്യൊക്കെ എനിക്ക് ഉറപ്പാ..!

” അതെന്താ…?

” ഈ മനസ്സിൽ ഞാൻ മാത്രമേ ഉള്ളൂ എന്ന് എനിക്ക് നന്നായി അറിയാം. ഈ മനസ്സിന്റെയും ശരീരത്തിന്റെയും അവകാശം എനിക്ക് മാത്രം ആയി എഴുതി തന്നിരിക്കയല്ലേ, അതുകൊണ്ട് എനിക്ക് നിങ്ങളെ ഒരു വിശ്വാസക്കുറവും ഇല്ല.. അവൾ വന്ന് രണ്ട് ഡയലോഗ് പറഞ്ഞാൽ അതില് വീഴുന്ന ആളൊന്നുമല്ലന്ന് എനിക്ക് നന്നായിട്ട് അറിയാം. പിന്നെ ഞാനെന്തിനാ അവളോട് ദേഷ്യം കാണിക്കുന്നത്..? നമ്മുടെ ഉള്ളിൽ എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ അല്ലേ നമ്മൾ അതിനെപ്പറ്റി ചിന്തിക്കേണ്ട ആവശ്യമുള്ളൂ. അതുകൊണ്ട് ഇതൊന്നും ഓർത്ത് ഇച്ചായൻ വിഷമിക്കേണ്ട, ഒന്നോ രണ്ടോ ആഴ്ചയും കൂടി കഴിഞ്ഞാൽ നമ്മുടെ കുഞ്ഞുവാവ വരും. അതിനെക്കുറിച്ച് ആലോചിച്ചാൽ മതി …

അവളത് പറഞ്ഞപ്പോൾ ഏറെ സ്നേഹത്തോടെ അവൻ അവളുടെ വയറിലൊന്ന് തലോടി. പിന്നെ അവിടെ ഒരു കുഞ്ഞു മുത്തം നൽകി… തന്റെ പ്രിയപ്പെട്ട കുരുന്നിനായി… പിന്നീടുള്ള രണ്ടാഴ്ച ശ്വേതയെക്കാൾ കൂടുതൽ ടെൻഷൻ ആയിരുന്നു സാമിന് എന്ന് തന്നെ പറയാം. അവളുടെ പുറകെ തന്നെ ഉണ്ടായിരുന്നു അവൻ, അവസാനം സിസേറിയൻ തന്നെ ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞ് ആ പേപ്പറിൽ ഒപ്പിട്ട നിമിഷം അറിയാതെ അവന്റെ കൈകൾ ഒന്ന് വിറച്ചിരുന്നു.. കണ്ണുകൾ നിറഞ്ഞു, ആരും കാണാതെ അവൻ കണ്ണുകൾ തുടച്ചു.

ലേബർ റൂമിന് പുറത്ത് അക്ഷമയോടെ കാത്തു നിൽക്കുമ്പോഴും തന്റെ പ്രിയപ്പെട്ടവൾക്കും തന്റെ ജീവന്റെ അംശത്തിനും ഒന്നും സംഭവിക്കരുതേ എന്നും അവരെ ആരോഗ്യപൂർവ്വം തനിക്ക് തിരികെ ലഭിക്കണമെന്ന് ഉള്ള പ്രാർത്ഥന മാത്രമായിരുന്നു അവന്റെ മനസ്സിൽ ഉണ്ടായിരുന്നത്.. ജപമാലയം പിടിച്ചുകൊണ്ട് ജെസ്സിയും സാലിയും അവരുടെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ തന്റെ ഉള്ളിൽ എന്താണ് നടക്കുന്നത് എന്ന് അറിയാതെ ടെൻഷനോട് പ്രാർത്ഥിക്കാൻ പോലും സാധിക്കാതെ നിൽക്കുകയായിരുന്നു സാം..

അകത്തു നിന്നും ഒരു റോസ് ടർക്കിയിൽ പൊതിഞ്ഞ കുഞ്ഞുമായി നേഴ്സ് അരികിലേക്ക് എത്തുമ്പോൾ വലിയ സന്തോഷത്തോടെ ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി അവൻ.. അവന്റെ കൈകളിലേക്ക് കുഞ്ഞിനെ നേഴ്സ് വച്ചു കൊടുക്കുമ്പോൾ അവന്റെ കണ്ണുകൾ വല്ലാതെ നിറഞ്ഞിരുന്നു, തന്നെ വാർത്ത് വച്ചതുപോലെയുള്ള ആ സുന്ദരമായ മുഖത്തേക്ക് നോക്കി അവൻ.. സ്ട്രോബെറി ചുണ്ടുകൾ കൂട്ടിപ്പിടിച്ച് കുഞ്ഞിളം കണ്ണുകൾ അടച്ച് സുന്ദരിയായി അവൾ ഉറങ്ങുകയാണ്, തന്റെ സ്വപ്നം പോലെ ഒരു പെൺകുട്ടിയെ തന്നെ ലഭിച്ചു… ശ്വേത ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷം മുതൽ ഉള്ളിലുള്ള പ്രാർത്ഥന ആയിരുന്നു ഒരു പെൺകുട്ടിയുടെ അച്ഛനാവണം എന്നുള്ളത്.. അതിന് കാരണം എപ്പോഴും തന്റെ ചേച്ചി ശ്വേതയ്ക്ക് അച്ഛനോടുള്ള അടുപ്പമാണ്. അച്ഛനോട് അവൾക്കുള്ള അടുപ്പം കാണുമ്പോൾ എപ്പോഴും ഓർക്കും ഒരു പെൺകുട്ടിയുടെ അച്ഛൻ ആവുന്നതാണ് ഒരു പുരുഷന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്ന്.. തന്റെ ജീവന്റെ അംശത്തിന് ആദ്യമായി ഒരു ചുംബനം നെറ്റിയിൽ നൽകി… ആ നിമിഷം അവൾ ഒന്നു പിടഞ്ഞു, മൂക്ക് ശ്വേതയുടെ അതേ പോലെ തന്നെയാണ്.. നിറഞ്ഞ കണ്ണുകളോടെ നേഴ്സിന്റെ മുഖത്തേക്ക് നോക്കി ശ്വേതയെ അന്വേഷിച്ചു.. കുഴപ്പങ്ങളൊന്നും ഇല്ല എന്നും കുറച്ച് സമയത്തിനുള്ളിൽ കാണാൻ സാധിക്കും എന്നു പറഞ്ഞപ്പോൾ ആശ്വാസം ലഭിച്ചിരുന്നു. ശ്വേതയെ കാണുന്നതു വരെ വീണ്ടും മനസ്സിനൊരു ഭാരമായിരുന്നു. കുഞ്ഞൊപ്പം ഉണ്ടെങ്കിൽ പോലും സന്തോഷിക്കാൻ സാധിക്കുന്നില്ല.. അപ്പോഴാണ് ആ വലിയ സത്യം അവൻ മനസ്സിലാക്കിയത്, താൻ ഒരു കുടുംബനാഥൻ ആയിരിക്കുന്നു. ഭാര്യയും കുഞ്ഞും ഒരുമിച്ച് ഉണ്ടെങ്കിൽ മാത്രമേ തന്നിൽ സന്തോഷം നിറയുകയുള്ളൂ. തന്റെ ഇടവും വലവും അവർ രണ്ടുപേരും വേണം, എങ്കിൽ മാത്രമേ താൻ പൂർണ്ണമാവുകയുള്ളൂ. അകത്തേക്ക് കയറിയതും വലിയ ഇഷ്ടത്തോടെ തന്നെ ശ്വേതയെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു. ശേഷമാ മൂർദ്ധാവിൽ ഒന്ന് ചുംബിച്ചു. അതിനർത്ഥങ്ങൾ പലതാണ്. കുറച്ചു നിമിഷങ്ങൾക്ക് മുൻപ് അവൾ എത്രത്തോളം വേദന സഹിച്ചിട്ടുണ്ടാവും എന്ന് നന്നായി അറിയാമായിരുന്നു അവന്. ഒന്ന് ചിരിക്കാൻ പോലും സാധിക്കാതെ സിസേറിയൻറെ വേദനയിൽ കിടക്കുന്നവൾക്ക് തന്റെ ചുംബനം വലിയൊരു ആശ്വാസമായിരുന്നു.. അലിവോടെ ആ തലമുടി ഇഴകളിൽ തഴുകികൊണ്ട് ഇരുന്നു.. അപ്പോഴും ആ കുഞ്ഞു കൈകൾ ശ്വേതയുടെയും സാമിന്റെയും കൈകളിൽ മുറുക്കി പിടിച്ചിട്ടുണ്ടായിരുന്നു.. അവരുടെ പ്രണയത്തിന്റെ മുദ്രപോലെ…അവസാനിച്ചു…….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button