ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 14

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 14

രചന: റിൻസി പ്രിൻസ്‌

ബസ്റ്റോപ്പിൽ അരികിലേക്ക് ബസ് എത്തിയപ്പോൾ ബസ്സിൽ ഇരുന്നു തന്നെ അവിടെ മൊത്തം നോക്കി,  പ്രതീക്ഷിച്ച ആളെ മാത്രം അവിടെ കണ്ടിരുന്നില്ല. എന്നാൽ ബസ് കൊണ്ട് നിർത്തിയ നിമിഷം തന്നെ ഫോൺ വിളിച്ചു കൊണ്ട് ബസ്റ്റോപ്പിൽ നിന്നും ഇറങ്ങിവരുന്ന ആളെ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു.  ആരെ കാണാൻ വേണ്ടിയാണോ ഒരുങ്ങിയത് ആ വ്യക്തിയെ കണ്ടിരിക്കുന്നു. ഇനിയിപ്പോൾ പരിപാടി നടന്നില്ലെങ്കിൽ പോലും കുഴപ്പമില്ല അത്രത്തോളം മനസ്സ് നിറഞ്ഞു... ബസ്റ്റോപ്പിൽ നിന്ന് ഇറങ്ങിവന്നപോൾ തന്നെ കണ്ടപ്പോൾ  ഒന്ന് പുഞ്ചിരിച്ചിരുന്നു,  പിന്നെ അടിമുടി ഒന്നു നോക്കി. ഇതുവരെ കാണാത്ത ഒരു വേഷത്തിൽ കണ്ടതുകൊണ്ട്  ആയിരിക്കാം തന്നെ സൂക്ഷിച്ചു നോക്കുന്നത്, " ഈ രാവിലെ ഇത് എവിടെ പോയിട്ട് വരാ..? ഫോൺ ജീൻസിന്റെ പോക്കറ്റിലേക്ക് ഇട്ട് ചോദിച്ചു.. പെട്ടെന്ന് മഞ്ജു ഒന്നു നിന്നു,  തനിക്ക് അരികിലേക്ക് നടന്നടത്ത് വരുന്ന ആളെ കണ്ടു മനസ്സിലാവാതെ മഞ്ജിമ തന്റെ മുഖത്തേക്ക് നോക്കി, "  സ്കൂളിൽ ഓണ പരിപാടിയുണ്ട്.  അത്തപ്പൂക്കളമത്സരത്തിനുള്ള പൂവ് വാങ്ങാൻ വേണ്ടി പോയതാ, സംസാരത്തിൽ പതിവിലും ഉത്സാഹം കൂടിയോ..? "  അതാണല്ലേ, ഓക്കേ, അമ്മ എവിടെ സുഖമായിരിക്കുന്നോ..? പിന്നെ ഞാൻ കണ്ടില്ല, "  നന്നായിരിക്കുന്നു. "എങ്കിൽ ചെല്ല് സമയം കളയണ്ട, അത്രയും പറഞ്ഞ ആള് തിരിഞ്ഞുനിന്നപ്പോൾ തന്റെ മനസ്സ് നിറഞ്ഞത് അവൾ അറിഞ്ഞിരുന്നു,  സ്വർഗ്ഗം കിട്ടിയത് പോലെ..  തന്നെ കണ്ടപ്പോൾ ഒന്ന് സംസാരിച്ചല്ലോ അടുത്ത് വന്നല്ലോ അതുതന്നെ അവളിൽ വല്ലാത്തൊരു സമാധാനം നിറച്ചിരുന്നു. " ആരാടിയത്..? മഞ്ജിമ  ചോദിച്ചു. "അതാ ആള്... തെല്ല് നാണത്തോടെ ഉള്ള മറുപടി... " ആര്  സാം ചേട്ടനോ..? അവളിൽ ആകാംഷ "  അതെ.. അല്പം മടിയോടെ മൂളി, "  ഗ്ലാമർ ആണല്ലോ,  അവൾക്കാവേശം കേറി, "  നേരത്തെ അറിഞ്ഞെങ്കിൽ ആൾക്ക് എന്തെങ്കിലും ക്ലൂ കൊടുക്കാമായിരുന്നു. ഇതിപ്പോ നല്ലൊരു ചാൻസ് നീ വെറുതെ കളഞ്ഞില്ലേ, "  നീ ഒന്ന് പോയെ ആൾക്ക് ഞാനാ വിളിക്കുന്നത് എന്ന് പോലും അറിയില്ല, "  ഇന്നുകൂടി നീ വിളിക്കണം വിളിച്ചിട്ട് എന്തെങ്കിലും ഒന്ന് സംസാരിക്കണം ആൾക്ക് നിന്നോട് എന്തെങ്കിലും ഉണ്ടോന്ന് അറിയാലോ... " എനിക്ക് സത്യായിട്ടും പേടിയാ മഞ്ജു, "  എടീ ഇത്തിരി പേടിയൊക്കെ വേണം, എങ്കിലെ ഇത് വർക്കൗട്ട് ആവു, "  നീ പറയുന്നത് പോലെയല്ല നിന്റെ വീട്ടിലെ സാഹചര്യമല്ല എന്റേത്,  ഒന്നാമത്തെ കാര്യം ആൾടെ വീട്ടിലാ എന്റെ അമ്മ ജോലിക്ക് പോകുന്നത്, അല്പം മടിയോടെ പറഞ്ഞു.  പെട്ടെന്ന് മഞ്ജുവിന്റെ മുഖത്ത് ഒരു സഹാനുഭൂതി നിറഞ്ഞു. "  ആളുടെ വീട്ടിലും ജോലിക്ക് പോകുമോ..? "വല്ലപ്പോഴുമൊക്കെ, ആളുടെ ചേച്ചിയുടെ ഡ്രസ്സ് എനിക്ക് സ്കൂൾ സമയത്തൊക്കെ ഇടാൻ തന്നിട്ടുള്ളത്. അങ്ങനെയുള്ള ഞാൻ ആളോട് ഇഷ്ടമാണെന്ന് പറഞ്ഞാൽ അത്  മോശമല്ലേ,  എന്തായിരിക്കും കരുതുക..? മടിയോട് പറഞ്ഞു... " എന്ത് കരുതാൻ,? " അവരുടെ വീട്ടിലെ ഒരു ജോലിക്കാരിയുടെ മകളാ ഞാൻ,  ആ ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞാൽ അത് തെറ്റ്  ആണ്. നില മറക്കുന്നത് പോലെ ആയിപ്പോകും, "  അത് നിന്റെ തോന്നലാ നിന്റെ അമ്മ അവിടെ വെറുതെ പോവല്ലല്ലോ, ജോലിക്ക് പോവല്ലേ ചെയ്യുന്നത്. എന്ത് ജോലി ആണെങ്കിലും അതിന്റേതായ മാന്യതയുണ്ട്. അതുകൊണ്ട് അങ്ങനെയൊന്നും നീ കരുതേണ്ട കാര്യമില്ല. മാത്രമല്ല  നിനക്ക് ഇഷ്ടം തോന്നാൻ ഇതൊന്നും അല്ലല്ലോ കാരണങ്ങൾ. '"അതെനിക്കല്ലേ അറിയൂ, ആൾ അറിയുമ്പോൾ അങ്ങനെയല്ലല്ലോ കരുതുക. " നീ ആദ്യം നിന്റെ കോംപ്ലക്സ് മാറ്റിവെക്കണം,  നീ തന്നെ ഒരു തീരുമാനം എടുത്തിട്ടുണ്ട്.  ആള് വലിയ വീട്ടിലെ ആണ് നീ പാവപ്പെട്ട വീട്ടിലെ ആണ്,  അതുകൊണ്ട് ഇഷ്ടമാണെന്ന് പറഞ്ഞു കൂടാന്ന്,  നോക്ക് പ്രേമിക്കുന്ന സമയത്ത് ഇതൊന്നും ഒരു വിഷയമല്ല,  നമുക്ക് ഒരാളോട് ഇഷ്ടം തോന്നുന്നു നമ്മൾ അത് തുറന്നു പറയുന്നു . അയാൾ അതിന് എന്തു മറുപടിയും തന്നോട്ടെ,  നമ്മളെ ഇഷ്ടമല്ലെങ്കിൽ വേണ്ടെന്നു വെച്ചോട്ടെ. പക്ഷേ പറയാതിരിക്കരുത്,  കാരണം നമ്മൾ പറയാത്തത് കൊണ്ട് ആ പ്രണയം നഷ്ടപ്പെട്ടുവെന്ന് പിന്നെ ഒരിക്കലും നമുക്ക് തോന്നാൻ പാടില്ല,   നീ ധൈര്യമായിട്ട് പറയെടി.. ആദ്യമായി അങ്ങനെയൊരു ധൈര്യം പറഞ്ഞു തന്നത് അവൾ ആയിരുന്നു.  ആലോചിച്ചപ്പോൾ എനിക്കും തോന്നി,  തങ്ങൾ തമ്മിലുള്ള അന്തരത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ വേണ്ടന്ന് വയ്ക്കാൻ കാരണങ്ങൾ നിരവധിയാണ്.  പക്ഷേ ഇഷ്ടം തോന്നാൻ ഒരൊറ്റ കാരണമേയുള്ളൂ അത് തനിക്ക് അയാളോട് തോന്നിയ പ്രണയമാണ്.  അതിനു ഉപാധികൾ ഒന്നുമില്ല,  പ്രണയമാർക്കും ആരോടും തോന്നാം.  അതിന് അതിർവരമ്പുകൾ ഇല്ല.  ഇഷ്ടമല്ലെങ്കിൽ വേണ്ട പക്ഷേ അവൾ പറഞ്ഞതുപോലെ തന്റെ സ്നേഹം അവൻ അറിയാതിരിക്കരുത്,  ഇഷ്ടമല്ലെങ്കിൽ ഒരിക്കലും ഇനി അവനെ ശല്യപ്പെടുത്തരുത്. മായിക്കാനും മറക്കാനും കഴിയാത്ത വിധം അവൻ തന്നിൽ വേരൂന്നി, ഒരു ദിവസം കണ്ടില്ലങ്കിൽ ഉള്ളം ഉരുകാൻ തുടങ്ങും, ആ സാന്നിധ്യം അരികിൽ ഉണ്ടാകുമ്പോൾ തന്റെ നേത്രങ്ങളിൽ വിരുന്നെത്തുന്ന ഭാവങ്ങൾ തനിക്ക് അപരിചിതമാണ്. വളരെ സന്തോഷത്തോടുകൂടിയാണ് അന്ന് ഓണാഘോഷ പരിപാടികൾ കഴിഞ്ഞത്,  അന്ന് തന്നെയായിരുന്നു ട്യൂഷൻ സെന്ററിൽ ഓണാഘോഷം.  അതുകൊണ്ട് ഉച്ചയായപ്പോൾ തന്നെ ട്യൂഷൻ സെന്ററിലേക്ക് ചെന്നു. അവിടുത്തെ ആഘോഷങ്ങളും കഴിഞ്ഞ് വൈകുന്നേരം ബസ്സിൽ കയറുന്നതിനു മുൻപ് മഞ്ചിമ പകർന്നു തന്ന ധൈര്യത്തിൽ ഫോൺ വിളിക്കാനായി കോയിൻ ബോക്സിന് അരികിലേക്ക് വന്നിരുന്നു.   ഒന്ന് രണ്ട് ശേഷമാണ് ഫോൺ എടുക്കപ്പെട്ടത്, "ഹലോ.. "ഹലോ ഞാനാ... " ഞാനെന്നു പറഞ്ഞാൽ ആരാ..? ഗൗരവത്തിൽ ആയിരുന്നു സ്വരം " കഴിഞ്ഞദിവസം വിളിച്ചിരുന്നു മടിയോടെ പറഞ്ഞു.. " കഴിഞ്ഞദിവസം എന്നെ ഒരുപാട് പേര് വിളിച്ചു അതിൽ ആരാണെന്ന് ഞാൻ എങ്ങനെ ഓർത്തു വെക്കുക..?  എന്താ പേര്? വീണ്ടും ഗൗരവത്തോടെയുള്ള ചോദ്യം, "  പേര് പറയില്ലെന്ന് പറഞ്ഞ് അന്ന് വിളിച്ചില്ലേ..? ധൈര്യത്തോടെയാണ് തിരികെ ചോദിച്ചത്, " ഓ മനസ്സിലായി,  ഇന്ന് പേര് പറയാൻ വിളിച്ചതാണോ..? "  അല്ല വേറൊരു കാര്യം പറയാൻ വിളിച്ചതാ, " എന്താണ്..? " പേര് പറയില്ല പക്ഷേ എന്റെ ഇഷ്ടം ഞാൻ നേരിട്ട് തന്നെ പറയും, മറുപുറത്ത് നിശബ്ദത. "   ബസ് ഇറങ്ങിയിട്ട് നടന്നു പോകുന്ന ഒരു ഇടവഴിയില്ലേ..?  ഇന്ന് വൈകുന്നേരം ക്ലാസ് കഴിഞ്ഞ് അവിടെ നിൽക്കുമോ..? " നിൽക്കാം..! ഗൗരവത്തിൽ തന്നെയായിരുന്നു മറുപടി, " എങ്കിൽ ഞാൻ വരാം. വന്നിട്ട് സംസാരിക്കാം. "  ഓക്കേ... മറുപടി കേൾക്കു മുൻപേ അവൻ ഫോൺ കട്ട് ചെയ്തിരുന്നു.  അവൾക്ക് നിരാശ തോന്നി. " ഇപ്പൊൾ നീ എടുത്തത് നല്ല തീരുമാനമാണ്,  ഇത് പറയണം പറയാതെ പോകുമ്പോഴാണ് ബുദ്ധിമുട്ട്, എന്റെ ഒരു ഊഹം ശരിയാണെങ്കിൽ നീ ഇത് പറഞ്ഞാലും ആൾ ആരോടും പറയാൻ പോകുന്നില്ല. " പറഞ്ഞാലോ..? പേടിയോടെ ചോദിച്ചു.. " പറഞ്ഞാൽ കൂടിപ്പോയാൽ രണ്ട് അടി കിട്ടും.  അതിനപ്പുറത്ത് ഒന്നുമില്ല,  അത്രയേ ഉള്ളൂ, "  പറയാതിരുന്ന നീ പറഞ്ഞതുപോലെ ഞാൻ അല്ലാതെ ആയിപ്പോകും.  ഐഡന്റിറ്റി മറച്ചുവയ്ക്കുന്നത് പോലെ, ആ 15 വയസ്സുകാരിയുടെ ആത്മാഭിമാനം കണ്ട് മഞ്ജിമ പോലും അമ്പരന്നു പോയിരുന്നു. അന്ന് ബസ് സ്റ്റോപ്പിൽ നിർത്തിയപ്പോൾ ഒരു ചങ്കിടിപ്പായിരുന്നു, ആളോട് വരാമെന്ന് പറഞ്ഞും പോയി,  എങ്ങനെയാണ് പോകുന്നത് എന്ന ഒരു ഭയം മനസ്സിൽ നിറഞ്ഞുനിന്നു. എങ്കിലും രണ്ടും കൽപ്പിച്ച് ബസ് ഇറങ്ങിയതിനു ശേഷം ഇടവഴിയിലേക്കാണ് നടന്നത്. താൻ വന്ന ബസ്സിൽ ആൾ ഉണ്ടായിരുന്നില്ല. ആള് അതിനു മുൻപേ തങ്ങൾ സ്ഥിരമായി കയറുന്ന ബസിനായിരിക്കും പോവുക എന്ന് ഉറപ്പായിരുന്നു, ഇന്ന് ഓണാഘോഷ പരിപാടികൾ ഒക്കെ ഉള്ളതുകൊണ്ട് അത് കഴിഞ്ഞുള്ള ബസ്സിനാണ് താൻ വന്നത്. ഇടവഴിയിലേക്ക് കയറുമ്പോൾ തന്നെ കണ്ടു പുറംതിരിഞ്ഞു നിൽക്കുന്ന ആളെ, പെട്ടെന്ന് ചങ്കിടിച്ചു.  ആ ഇടവഴി കടന്നാൽ മെയിൻ റോഡിൽ എത്താം. അവിടെ നിന്നും കുറച്ചു നടന്നാൽ വീട്ടിലേക്ക് പോകാം,  ഒന്നും പറയാതെ അങ്ങ് നടന്നു പോയാലോ എന്നാണ് ആദ്യം ചിന്തിച്ചത്.  അപ്പോഴേക്കും ആൾ തന്നെ കണ്ടുകഴിഞ്ഞിരുന്നു,  അല്ലെങ്കിലും വിളിച്ചത്  താൻ ആണെന്ന് ഉറപ്പില്ലല്ലോ,  അതുകൊണ്ട് അങ്ങനെ തന്നെ ചെയ്യാം എന്ന് കരുതിയാണ് നടന്നത്,  തന്നെ കണ്ടപ്പോഴേക്കും സ്ഥിരമായി ലഭിക്കുന്ന ഒരു പുഞ്ചിരി ലഭിച്ചിരുന്നു. ചിരിച്ചു കാണിച്ചിട്ട് നേരെ നടക്കാനാണ് തീരുമാനിച്ചത്. മറ്റൊരിക്കൽ പറയാം എന്ന് കരുതി. ഇപ്പോൾ ധൈര്യം പോര. കൈകൾ ഒക്കെ അത്രത്തോളം തണുത്തുറഞ്ഞിട്ടുണ്ട്. "  ഇപ്പോഴാണോ സ്കൂളിലെ പരിപാടികൾ കഴിഞ്ഞത്.? പെട്ടെന്ന് ആളുടെ ചോദ്യം എത്തി. "  അല്ല ട്യൂഷൻ സെന്റർ... അവിടെ...  അവിടെയും പരിപാടികൾ ഉണ്ടായിരുന്നു, മറുപടി പറഞ്ഞ് നടക്കാൻ തുടങ്ങിയപ്പോഴാണ് ആള് പിന്നിൽ നിന്നും വിളിച്ചത്... " ഒന്ന് നിന്നേ... അല്പം ഭയത്തോടെയാണ് തിരിഞ്ഞു നോക്കിയത്,  നോക്കിയപ്പോൾ ആൾ അടുത്ത് നടന്നു വന്നു കഴിഞ്ഞു, "  ഫോണിൽ കേൾക്കുമ്പോഴും നേരിട്ട് കേൾക്കുമ്പോഴും ശബ്ദത്തിന് ചെറിയ ഡിഫറൻസെ ഉള്ളൂ, ആളുടെ മറുപടി കേട്ടപ്പോൾ ചങ്ക് പൊട്ടിപ്പോകുന്നത് പോലെയാണ് തോന്നിയത്.  ഭയത്തോടെയും വെപ്രാളത്തോടെയും ആളുടെ മുഖത്തേക്ക് നോക്കി... ..കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story