ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 15

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 15

രചന: റിൻസി പ്രിൻസ്‌

ഫോണിൽ കേൾക്കുമ്പോഴും നേരിട്ട് കേൾക്കുമ്പോഴും ശബ്ദത്തിന് ചെറിയ ഡിഫറൻസെ ഉള്ളൂ, ആളുടെ മറുപടി കേട്ടപ്പോൾ ചങ്ക് പൊട്ടിപ്പോകുന്നത് പോലെയാണ് തോന്നിയത്.  ഭയത്തോടെയും വെപ്രാളത്തോടെയും ആളുടെ മുഖത്തേക്ക് നോക്കി... " ഫോണോ...? പരിഭ്രമത്തോടെ ചോദിച്ചു "  താനല്ലേ എന്നെ ഫോൺ വിളിക്കാറുള്ളത്..? ഇപ്പോൾ ഈ ഭൂമി പിളർന്ന താൻ താഴേക്ക് പോയിരുന്നുവെങ്കിൽ എന്ന് ഒരു നിമിഷം ആഗ്രഹിച്ചു പോയിരുന്നു.  ഒന്നും മിണ്ടാതെ നിൽക്കുന്നവളുടെ മൗനം തന്നെ അവന് ധാരാളമായിരുന്നു. "  ഒട്ടും പ്രതീക്ഷിച്ചില്ല താൻ ആയിരിക്കുമെന്ന്,പക്ഷേ ഒരിക്കൽ അനീറ്റ പറഞ്ഞിരുന്നു അവളുടെ ഒരു ഫ്രണ്ടിന് എന്നെ ഇഷ്ടമാണെന്ന്.  അതിനുശേഷമാണ് ഈ ഫോൺ വരാൻ തുടങ്ങിയത്.  പിന്നെ ഇടയ്ക്കിടയ്ക്കുള്ള തന്റെ നോട്ടം അതൊക്കെ കണ്ടപ്പോൾ എനിക്കൊരു സംശയം തോന്നിയിരുന്നു. കഴിഞ്ഞദിവസം ആ സംശയം ഏകദേശം എനിക്ക് ഉറപ്പായി,  അന്ന് ഓണ പരിപാടിയുടെ ദിവസം കണ്ടില്ലേ അന്ന്. ഇനി ചോദിക്കാനുള്ളത് ഒരൊറ്റ കാര്യമാണ് കൂട്ടുകാർക്കിടയിലുള്ള ഒരു തമാശ ആണോ ഇത്..? കൈ രണ്ടും പിണച്ചു കെട്ടി നിന്ന് ആള് തന്റെ മുഖത്തേക്ക് നോക്കി ചോദിക്കുകയാണ്. "അ... അല്ല എവിടെനിന്നോ ധൈര്യം വീണ്ടെടുത്ത് അവൾ പറഞ്ഞു. " എന്നുവച്ചാൽ...? വീണ്ടും ചോദ്യം... "ഇഷ്ടമായിട്ടു തന്നെയാ വിളിച്ചത്.  പറ്റിക്കാൻ വേണ്ടി ഒന്നുമല്ല. " എങ്ങനെ ഇഷ്ടമായി..? എന്തുകൊണ്ട് ഇഷ്ടമായി..? വീണ്ടും ചോദ്യങ്ങളുടെ ഘോഷയാത്ര. " ഒരാൾക്ക് ഒരാളോട് ഇഷ്ടം തോന്നുന്നത് എന്തുകൊണ്ടാണെന്ന് എങ്ങനെ കണ്ടുപിടിക്കാ..?  എനിക്കറിയില്ല,  ഇഷ്ടമായി..! വിറയലോടെ എങ്കിലും ഉറച്ച സ്വരത്തിൽ പറഞ്ഞു. "  ഇഷ്ടമാകാൻ നമ്മൾ തമ്മിൽ മുൻ പരിചയമില്ല.  അടുത്ത് ഇടപഴകിയിട്ടില്ല.  എന്നെക്കുറിച്ച് ഒന്നും തന്നെ തനിക്കറിയില്ല.  അപ്പൊൾ ഇഷ്ടമാവാൻ ഒരു റീസൺ ഉണ്ടാവില്ലേ..? ഒരു കാര്യവും ഇല്ലാതെ ഒരാൾക്ക് ഒരാളോട് ഇഷ്ടം തോന്നുമോ...? " പറഞ്ഞാൽ വിശ്വസിക്കില്ല..!  ഒരൊറ്റ ദിവസം കൊണ്ട് എന്റെ മനസ്സിൽ എന്തൊക്കെയോ തോന്നി,   അന്ന് ആശുപത്രിയിൽ വച്ച് ആദ്യമായിട്ട് കണ്ടില്ലേ..?  അന്നുമുതലേ എനിക്ക് ഇഷ്ടമായിരുന്നു.  അതിനു മുൻപ് ഞാനും ശ്രദ്ധിച്ചിട്ടില്ല. മറ്റ് എവിടെയോ നോക്കി പറഞ്ഞു, അത്രയും പറയാനുള്ള ധൈര്യം എവിടെ നിന്ന് വന്നു എന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു.  ആളുടെ മുഖത്ത് അപ്പോഴും ഗൗരവം. "  ഈ ഇഷ്ടം എന്നൊക്കെ പറയുന്നത് അങ്ങനെ തോന്നുന്ന കാര്യമൊന്നുമല്ല,  ഒരാളോട് ഇഷ്ടം തോന്നാൻ കാരണങ്ങളൊന്നും വേണ്ട, പക്ഷേ അയാളെക്കുറിച്ച് മിനിമം എന്തെങ്കിലും അറിയുകയെങ്കിലും വേണ്ടേ..? ഈ ഇഷ്ടം കണ്ട മാത്രയിൽ തന്നെ തോന്നുന്നു എന്ന് പറയുന്നതൊക്കെ സിനിമയിൽ മാത്രമേ നടക്കൂ,  യഥാർത്ഥ ജീവിതത്തിൽ അതൊന്നും അത്ര പ്രാക്ടിക്കൽ അല്ല. തനിക്ക് എന്നോട് ഇഷ്ടം തോന്നിയതിൽ ഞാൻ തെറ്റൊന്നും പറയുന്നില്ല.  ഒരു കൗമാരക്കാരിയായ പെൺകുട്ടിക്ക് മുതിർന്ന ഒരു പുരുഷനോട് ഈ പ്രായത്തിൽ തോന്നും,  തോന്നണമല്ലോ..!  പക്ഷേ ഇത് ഇവിടെ നിർത്തണം,  അതിനുവേണ്ടിയാണ് ഞാനിന്ന് കാണാം എന്നുപോലും സമ്മതിച്ചത്. ഇനി ഇത് മുൻപോട്ട് കൊണ്ടുപോകരുത്. അത് തനിക്ക് ബുദ്ധിമുട്ടാകും. ഇതൊക്കെ പ്രായത്തിന്റെ പ്രശ്നങ്ങളാണ്.  അമ്മ ഒരുപാട് കഷ്ടപ്പെട്ട് പഠിപ്പിക്കല്ലേ,  നന്നായിട്ട് പഠിക്ക്.  ഈ പ്രായത്തിൽ മറ്റു കാര്യങ്ങൾക്ക് ഒന്നും ശ്രദ്ധ കൊടുക്കേണ്ട.  ഇതൊക്കെ ഈ പ്രായത്തിന്റെ പ്രശ്നമാണ്. ആൾ പറഞ്ഞപ്പോൾ ഒരു വേദന തോന്നി. ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും അതുതന്നെ കേട്ടപ്പോൾ ഒരു വേദന. " ഞാൻ പാവപ്പെട്ട വീട്ടിലെ കുട്ടി ആയതുകൊണ്ടാണോ എന്നെ ഇഷ്ടമാവാത്തത്..? പെട്ടെന്ന് ഉള്ളിൽ ഉണർന്ന ചോദ്യം അതായിരുന്നു. ആള് നന്നായി ഒന്ന് ചിരിച്ചു. അന്ന് ആദ്യമായി ആണ് ആളുടെ മനോഹരമായ പുഞ്ചിരി അടുത്ത് കാണുന്നത്. " ഇതാ ഞാൻ പറഞ്ഞത് തന്റെ പ്രായത്തിന്റെ പ്രശ്നമാണെന്ന്.  ഈ ചോദ്യം തന്നെ ചൈൽഡിഷ്‌ ആണ്.   ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിട്ട് പോലുമില്ല . " ഞാൻ വലിയ കുട്ടിയാവുമ്പോ എനിക്ക് ഇഷ്ടമുണ്ടെങ്കിൽ അത് സമ്മതിക്കുമോ..? ആ മുഖത്തേക്ക് നോക്കി അങ്ങനെ ചോദിക്കുമ്പോൾ എവിടെ നിന്നാണ് ധൈര്യം ലഭിച്ചത് എന്ന് എനിക്ക് പോലും അറിയില്ലായിരുന്നു. " ഞാൻ പറഞ്ഞില്ലേ താനത് വലിയൊരു സംഭവമായിട്ട് മനസ്സിൽ കൊണ്ടു നടക്കേണ്ട..!  അത് തനിക്ക് വിഷമം ആവും, " എന്നെ ഒരിക്കലും ഇഷ്ടമല്ലെന്നാണോ..? തുറന്നു ചോദിച്ചു. " തന്നെ എനിക്കിഷ്ടമാണ്..! പക്ഷേ താൻ ഉദ്ദേശിക്കുന്ന രീതിയിലുള്ള ഒരു ഇഷ്ടം അതെനിക്കില്ല. ആ വാക്കിൽ സർവ്വം തകർന്നു പോയിരുന്നു. " നോക്ക്,  തനിക്കിപ്പോ ഒരു 15-16 വയസ്സ് കാണും.  അതിൽ കൂടുതൽ ഒന്നും ഇല്ല, ഈ പ്രായത്തിൽ ഇപ്പൊൾ എന്നോട് തോന്നുന്നത് ഇഷ്ടം അല്ല വെറും തമാശ. കുറച്ചുനാൾ കഴിയുമ്പോൾ തനിക്ക് തന്നെ മനസ്സിലാകും അതൊരു തമാശയായിരുന്നുവെന്ന്.  എനിക്കിപ്പോൾ 22 വയസ്സുണ്ട്.  ഒരു  8   ഓണം തന്നെക്കാൾ കൂടുതലുണ്ട്. ആ ഒരു എക്സ്പീരിയൻസ്  വച്ചാണ് ഞാൻ ഈ പറയുന്നത്.  ഇത് വെറും ഒരു അട്രാക്ഷൻ ആടോ.  താനൊരു കോളേജിലേക്ക് ചെല്ലുമ്പോൾ ഇത് പെട്ടെന്ന് മാറിപ്പോകും.  ഞാനെന്തോ വലിയ സംഭവമാണെന്ന് ഇപ്പോൾ തനിക്ക് തോന്നും.  പക്ഷേ ഒരു രണ്ടുവർഷം കഴിയുമ്പോൾ അത് താനെ മാറും.  അത് അങ്ങനെയാണ്. ആൾ നിന്ന് എനിക്ക് ക്ലാസ്സ് എടുക്കുകയാണ്. " മാറില്ല, ഒരിക്കലും മാറില്ല... കൊച്ചു കുട്ടികളെപ്പോലെ വാശിപിടിച്ചു ഞാൻ പറഞ്ഞു. "  ഞാൻ പറഞ്ഞില്ലേ താൻ ഇപ്പോൾ നന്നായിട്ട് പഠിക്കാൻ നോക്ക്. തന്റെ കുടുംബത്തിന്റെ പ്രതീക്ഷയാണ് താൻ.  താൻ കണ്ടതല്ലേ തന്റെ അമ്മ എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്ന്.  തനിക്ക് വേണ്ടിയാണ് ഈ കഷ്ടപ്പാട് ഒക്കെ. അങ്ങനെയുള്ള അമ്മയെ വിഷമിപ്പിക്കുന്നത് കഷ്ടമല്ലേ.. ഇപ്പോൾ എന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് തന്റെ പഠനം ഉഴപ്പും. പിന്നെ തനിക്ക് നല്ലൊരു ജോലി കിട്ടാതെ വരും.  പ്രേമിക്കാനും കല്യാണം കഴിക്കാനും ഒക്കെ ഈ ജീവിതത്തിൽ നമുക്ക് ഇഷ്ടം പോലെ സമയം ഉണ്ട്.  പക്ഷേ പഠിക്കാൻ അതിന്റേതായ ഒരു സമയമുണ്ട്.  ആ സമയം കഴിഞ്ഞുപോയാൽ ചിലപ്പോൾ അത് ബുദ്ധിമുട്ടാകും.തന്റെ സ്ഥാനത്ത് മറ്റൊരാൾ ആയിരുന്നെങ്കിൽ ഞാൻ ഇത്രത്തോളം പറയില്ലായിരുന്നു. തന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും പ്രയാസങ്ങളും ഒക്കെ എനിക്ക് അത്രയ്ക്ക് അറിയാവുന്നതുകൊണ്ടാ ഞാൻ പറഞ്ഞത്. ഈ സ്ഥാനത്ത് വേറെ ആരായിരുന്നെങ്കിലും എനിക്കിഷ്ടമല്ല എന്ന് പറഞ്ഞ് ഞാൻ പോവുകയുണ്ടായിരുന്നുള്ളൂ. എന്റെ സെന്റിമെൻസിൽ കയറി പിടിക്കാനുള്ള പ്ലാനിലാണ്  ആൾ. " എന്റെ വീട്ടിലെ ബുദ്ധിമുട്ടും കഷ്ടപ്പാടും ഒക്കെ എനിക്ക് നന്നായി അറിയാം.  ആ ബുദ്ധിമുട്ടും കഷ്ടപ്പാടും ആണോ എന്റെ ഇഷ്ടത്തെ വേണ്ടെന്നു വയ്ക്കാൻ ഉള്ളിൽ പ്രേരിപ്പിക്കുന്നത്..?  നമ്മൾ തമ്മിൽ ഒരു വലിയ അന്തരമുണ്ട്.  എനിക്കറിയാം.  ഒരിക്കലും ഒന്ന് മോഹിക്കാൻ പോലുമുള്ള അർഹത എനിക്കില്ല.  ആരെങ്കിലും കേട്ടാൽ എന്നെ മാത്രമെ പഴി പറയു,  അത് എനിക്കറിയാം.  പക്ഷേ ഇഷ്ടപ്പെട്ടു പോയി.  മറക്കാൻ പറ്റില്ല. ഒരിക്കലും പറ്റില്ല.  ഇപ്പോൾ ഞാൻ എത്ര പറഞ്ഞാലും അത് എന്റെ പ്രായത്തിന്റെ ഇഷ്ടമാണെന്ന് പറഞ്ഞു തള്ളിക്കളയുകയുള്ളൂ.  എനിക്കറിയാം.  പക്ഷേ അങ്ങനെയല്ല, എനിക്ക് ഉറപ്പാണ് അങ്ങനെയല്ല. ഒരിക്കലും മറക്കാൻ പറ്റില്ല. ആള് കുറച്ച് സമയം എന്നെ തന്നെ നോക്കി നിന്നു. " പേരെന്തായിരുന്നു...? ആ ചോദ്യം തന്നെ തന്നിൽ ഒരു വേദന നിറച്ചിരുന്നു. "ശ്വേത...! " ശ്വേതാ തന്റെ ചുറ്റുപാടുകളോ ബുദ്ധിമുട്ടുകളോ ഒന്നും എനിക്ക് പ്രശ്നമല്ല. അങ്ങനെ ആളുകളുടെ സാമ്പത്തിക സ്ഥിതി നോക്കി അവരോട് അടുക്കുന്ന ഒരാൾ അല്ല ഞാൻ.  ഇപ്പോൾ താൻ പറഞ്ഞില്ലേ അർഹതയില്ലെന്ന്,  ആരെങ്കിലും കേട്ടാൽ തന്നെ കുറ്റം പറയുമെന്നൊക്കെ,  അതിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല.  ഒരാൾക്ക് ഒരാളിനോട് ഇഷ്ടം തോന്നാൻ അങ്ങനെ സാമ്പത്തിക സ്ഥിതിയുടെ പിൻബലം ഒന്നും ആവശ്യമില്ല. പക്ഷേ എന്റെ പ്രശ്നം അതല്ലെടോ, എനിക്ക് മറ്റൊരു ഇഷ്ടമുണ്ട്. ഒന്നര വർഷമായിട്ട് ഇഷ്ടത്തിലാണ്.  അതുകൊണ്ടാണ് ഒരാൾക്ക് മനസ്സ് മുഴുവൻ കൊടുത്തിട്ട് വീണ്ടും തനിക്ക് ഞാൻ മോഹം തരുന്നത് ശരിയല്ല.  അതുകൊണ്ടാണ് ഇന്നു കൊണ്ട് ഇത് നിർത്തണം. ആൾ അത് പറഞ്ഞ   നിമിഷം മരിച്ചു പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു എന്നതാണ് സത്യം. അറിയാതെ കണ്ണുകൾ നിറഞ്ഞിരുന്നു.  ആളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആളിലും ഒരു വല്ലായ്മ പടർന്നിരുന്നു. നിറഞ്ഞ കണ്ണുകൾ താൻ പോലും അറിയാതെ കവിളിലേക്ക് തൂകി. " സോറി.... ഞാനറിഞ്ഞില്ല.0 ഇനി ഉണ്ടാവില്ല,. ഇനി വിളിക്കില്ല. പക്ഷെ മറക്കാൻ... മറക്കാൻ കഴിയൊന്നു അറിയില്ല, ഇനി ഞാൻ ഇത് പറഞ്ഞു ബുദ്ധിമുട്ടിക്കില്ല.... അത്രയും പറഞ്ഞു മറുപടിക്ക് കാക്കാതെ അവൾ ഓടി പോയിരുന്നു.  ഇനിയും അവന്റെ അരികിൽ നിന്നാൽ താൻ പൊട്ടി കരഞ്ഞു പോകും എന്ന് അവൾക്ക് തോന്നിയിരുന്നു.  അവളുടെ നിറഞ്ഞ കണ്ണുകളും നിസ്സഹായത നിറഞ്ഞ മുഖവും അവനിലും ഒരു വേദന നിറച്ചിരുന്നു.. ..കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story