ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 20
രചന: റിൻസി പ്രിൻസ്
ജെസിക്ക് വേണ്ടി ചപ്പാത്തിക്കുള്ള മാവ് കുഴച്ചു കൊടുക്കുമ്പോഴും അവന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത് ശ്വേതയായിരുന്നു, നിറകണ്ണുകളോടെ ചെന്ന് അവൾ റിയയോട് സഹായം ചോദിച്ചുവെങ്കിൽ അവളുടെ മനസ്സിൽ എത്ര ആഴത്തിലാണ് താനുള്ളത് എന്ന് അവൻ ചിന്തിക്കുകയായിരുന്നു. ആദ്യം കരുതിയത് അവളെ ആരോ തമാശയ്ക്ക് വിട്ടതാണെന്നാണ്. പക്ഷേ തനിക്ക് ഇഷ്ടമല്ല എന്നറിഞ്ഞ നിമിഷം തന്റെ മുൻപിൽ നിന്ന് പൊട്ടിക്കരഞ്ഞവളെ ഇപ്പോഴും ഓർമ്മിക്കുന്നുണ്ട്. ഒരു നേർത്ത വിങ്ങൽ പോലെ അതിങ്ങനെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. പല രാത്രികളിലും തന്റെ ഉറക്കം കെടുത്തുന്ന കുഞ്ഞുകണ്ണുകൾ, അതിൽ നിറയെ നീർമണികൾ. അത് തുളുമ്പി കവിളിനെ നനയ്ക്കുന്നു. പലപ്പോഴും കാണുമ്പോൾ ഒരു വാത്സല്യം തോന്നിയിട്ടുണ്ടായിരുന്നു അവളോട്. അച്ഛനില്ലാത്ത അമ്മ കഷ്ടപ്പെട്ട് വളർത്തുന്ന കുട്ടി എന്ന ഒരു സ്നേഹം. അതുകൊണ്ടാണ് ഉപദേശിച്ചു വിട്ടതും. അന്ന് ബസ്സിലെ കണ്ടക്ടർ നല്ലൊരു കൊച്ചാണ് ഒന്ന് വളച്ചു നോക്കട്ടെ എന്ന് പറഞ്ഞപ്പോഴും മനസ്സിൽ ദേഷ്യം തോന്നിയതിന് കാരണം അവളുടെ സാഹചര്യങ്ങൾ കൃത്യമായി അറിയാം എന്നതായിരുന്നു. അവന് എത്ര പെൺകുട്ടികളുമായി ബന്ധമുണ്ടെന്നും ആ ബന്ധങ്ങളൊക്കെ അവസാനം എവിടെ വരെ എത്തിച്ചേരുമെന്ന് ഉള്ളത് തനിക്ക് ഉറപ്പായത് കൊണ്ട് തന്നെ അവനെ താൻ പലതവണ വിലക്കിയിരുന്നു.
തനിക്ക് അറിയാവുന്ന കുട്ടിയാണ് എന്നും വെറുതെ ആവശ്യമില്ലാത്ത കാര്യത്തിന് നിൽക്കരുത് എന്നും അവനോട് പറഞ്ഞിട്ടും വീണ്ടും അവൻ അവളോട് പ്രണയാഭ്യർത്ഥന നടത്തി. ഒരിക്കൽ മൂർച്ചയേറിയ വാക്കുകളോടെ അവനോട് സംസാരിക്കുന്നവളെ കേട്ടപ്പോൾ അവളോട് ബഹുമാനമാണ് തോന്നിയത്. തന്റെ മുൻപിൽ കണ്ണുനിറച്ചു നിന്ന് കരഞ്ഞവളാണ് അന്ന് ശക്തിയേറിയ വാക്കുകൾ ഒരാളോട് സംസാരിച്ചത്. തന്നെ കണ്ടപ്പോൾ വീണ്ടും ആ കണ്ണുകൾ ആർദ്രമാകുന്നത് കണ്ടിരുന്നു. പലവട്ടം വീണ്ടും ഒളിഞ്ഞും തെളിഞ്ഞും നോക്കുമ്പോഴും ഒരു മോഹത്തിന്റെ ചെറിയ മെമ്പോടി പോലും താൻ അവൾക്ക് നൽകരുതെന്ന് കരുതിയാണ് നോട്ടം പിൻവലിച്ചത്. അധികം ഒരുങ്ങാറു പോലുമില്ലാത്ത ഒരു പെൺകുട്ടി. തന്നോടുള്ള സ്നേഹം തോന്നിയതിനുശേഷം അവൾ തന്നെ കാണിക്കാൻ വേണ്ടി കാട്ടിക്കൂട്ടിയ കോപ്രായങ്ങളും അവൻ ഓർമിച്ചു, അതുവരെ ഒരുങ്ങാത്തവളെ ഒരുങ്ങി മാത്രമാണ് പിന്നീട് അവളെ കണ്ടിട്ടുള്ളത്. അതൊക്കെ ഒരുപക്ഷേ കൂട്ടുകാരുടെ നിർദ്ദേശങ്ങൾ ആയിരുന്നില്ല. തനിക്ക് അവളോട് ഇഷ്ടം തോന്നുമെന്ന് കരുതിയാവും. അവന് അവളോട് ഇഷ്ടം തന്നെയായിരുന്നു, പക്ഷേ അത് അവൾ ഉദ്ദേശിക്കുന്ന തരത്തിൽ ആയിരുന്നില്ലന്ന് മാത്രം. സഹാനുഭൂതിയും വാത്സല്യവും നിറഞ്ഞ ഒരു ഇഷ്ടം. അവളെക്കുറിച്ച് വാദിച്ചതും അതുകൊണ്ട് മാത്രമാണ്. ഒരു പാവം പിടിച്ച പെൺകുട്ടി ഉയരങ്ങളിൽ എത്താൻ കാട്ടിക്കൂട്ടുന്ന വ്യഗ്രതയായാണ് റിയ അവളുടെ ഇഷ്ടത്തേ കാണുന്നത്. അതങ്ങനെയല്ലന്ന് അവന് ഉറപ്പായിരുന്നു. അത് കൗമാരത്തിന്റെ ഒരു തോന്നൽ ആയിരിക്കാം. ഭാവിയിലേക്കുള്ള സുരക്ഷിതത്വം എന്ന രീതിയിലല്ല അവൾ താനുമായുള്ള ബന്ധത്തെ കണ്ടതെന്ന് അവൻ ഉറപ്പായിരുന്നു. പ്രണയം തോന്നുന്നില്ലെങ്കിലും എന്തൊക്കെയോ വികാരങ്ങൾ അവളോട് തോന്നുന്നുണ്ട്. ഒരു കുഞ്ഞ് ഇഷ്ടം അവളോട് മനസ്സിൽ ഉടലെടുക്കുന്നുണ്ട്. ആദ്യമായാണ് ഒരു പെൺകുട്ടിക്ക് വേണ്ടി ഇങ്ങനെ റിയയോട് കലഹിക്കുന്നത്. അവൾ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞ നിമിഷം മുതൽ തന്നെ റിയയ്ക്ക് ദേഷ്യം ആയിരുന്നു. അവൾ അല്പം സെൽഫിഷ് ആണ്. അതുകൊണ്ടായിരിക്കും ഇങ്ങനെ ചിന്തിച്ചതെന്നാണ് കരുതിയത്. പക്ഷേ തന്റെ പേരിൽ അവൾക്ക് വീണ്ടും മോഹം കൊടുത്ത് കളിയാക്കുന്നത് ശരിയല്ലെന്ന് തോന്നിയിരുന്നു. അതുകൊണ്ടു തന്നെയാണ് തറപ്പിച്ച് റിയ കാര്യം വേണ്ടന്ന് പറഞ്ഞത്.
പിറ്റേദിവസം ട്യൂഷൻ സെന്ററിൽ ചെന്നപ്പോഴാണ് റിയ ശ്വേതയെ കണ്ടത്. കണ്ടപ്പോഴേക്കും അവൾ അരികിലേക്ക് ഓടി വന്നിരുന്നു.
“ശ്വേത…! ഞാൻ ഇന്നലെ സാം ചേട്ടായിയെ കണ്ടിരുന്നു.
പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ തിളങ്ങിയത് റിയ ശ്രദ്ധിച്ചിരുന്നു.
” എന്തു പറഞ്ഞു ചേച്ചി..?
ഏറെ പ്രതീക്ഷയോടെ ചോദിച്ചു.
” ഞാൻ ചോദിച്ചു മറ്റേ കാര്യം. അപ്പൊൾ പറഞ്ഞു ലൈൻ ഒന്നുമില്ലാന്ന്, ഞാനപ്പോൾ നിന്റെ കാര്യം ചോദിച്ചു. നീ എന്നോട് പറഞ്ഞുവെന്നൊന്നും ഞാൻ പറഞ്ഞില്ല. അനീറ്റ എന്നോട് സൂചിപ്പിച്ചത് ആയിട്ടാ പറഞ്ഞത്.
തന്ത്രപൂർവ്വം അവൾ പറഞ്ഞു…
” അപ്പൊൾ എന്തു പറഞ്ഞു. ദേഷ്യമായി കാണൂല്ലേ..?
അവൾ ആകാംക്ഷയോടെ ചോദിച്ചു.
” ഇല്ലന്നാണ് എന്നോട് പറഞ്ഞത്. പിന്നെ ആ പറച്ചിലിൽ ചെറിയൊരു ഇഷ്ടമുള്ളതുപോലെ എനിക്ക് തോന്നി, കൊച്ചല്ലേ, പഠിക്കല്ലേ എന്നൊക്കെ പറയുന്നു. ഒരുപക്ഷേ നീ തീരെ ചെറിയ കുട്ടി ആയതുകൊണ്ടായിരിക്കും ഇഷ്ടമല്ലെന്ന് പറഞ്ഞത്.
” ആണോ ചേച്ചി…?
” എനിക്കങ്ങനെ തോന്നി. ആൾക്ക് നിന്നെപ്പറ്റി പറയുമ്പോഴൊക്കെ ചെറിയൊരു ഇഷ്ടമുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഇഷ്ടമുണ്ട് അത് പറയാതിരിക്കുന്നതാവും.
അവളുടെ കണ്ണുകൾ ഒന്ന് തിളങ്ങിയതും ആ മുഖത്ത് നിമിനേരം കൊണ്ട് പല ഭാവങ്ങൾ മാറിമറിഞ്ഞതും റിയ കണ്ടു. നിഷ്കളങ്കമായ അവളുടെ സന്തോഷത്തിൽ ക്രൂരത നിറഞ്ഞ ഒരു ആനന്ദം റിയ കണ്ടെത്തിയിരുന്നു.
” ഇഷ്ടമൊന്നും ഉണ്ടാവില്ല. അതിനു മാത്രം ഞങ്ങൾ കമ്പനി ഒന്നുമില്ലല്ലോ.
” അല്ലടി ആൾക്ക് നേരത്തെ തൊട്ടേ നിന്നെ അറിയാം, എന്നോട് പണ്ടൊക്കെ നിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. നല്ല കുട്ടിയല്ലേ അവളെ കാണാൻ നല്ലതല്ലേ അവളുടെ കണ്ണ് നല്ലതല്ലേ എന്നൊക്കെ.
റിയ കുറച്ചുകൂടി പെരുപ്പിച്ചു പറഞ്ഞപ്പോൾ അന്തം വിട്ടു പോയിരുന്നു ശ്വേത. അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.
” വെറുതെ പറയുന്നതല്ലേ സത്യായിട്ടും നേര് എന്നോട് പറഞ്ഞിട്ടുണ്ട്. ഞാനൊരു കാര്യം ചെയ്യാം നിനക്ക് ഇഷ്ടമാണെന്ന് ഞാൻ ആളോട് പറഞ്ഞേക്കാം.
” അതൊന്നും വേണ്ടേ. ഇനിയിപ്പോൾ ആളെ ബുദ്ധിമുട്ടിക്കേണ്ട, എന്നെ ഇഷ്ടല്ല അതുകൊണ്ട് ഒഴിവാക്കാൻ വേണ്ടി ആയിരിക്കും വേറൊരാളെ ഇഷ്ടമാണെന്ന് പറഞ്ഞത്. അങ്ങനെ പറഞ്ഞെങ്കിൽ പിന്നെ ഞാൻ പുറകെ പോകുന്നത് ശരിയല്ലല്ലോ. അതുകൊണ്ട് ഇനി എന്നെപ്പറ്റി ഒന്നും പറയണ്ട. ആൾക്ക് വേറെ ഇഷ്ടമല്ലല്ലോ അതെന്നെ സമാധാനം.
ശ്വേത പറഞ്ഞു…
“നീ ചെറിയ കുട്ടി കുട്ടി ഗിഫ്റ്റ് വാങ്ങി താ, ഞാൻ ആൾക്ക് കൊണ്ട് കൊടുക്കാം. നീ തന്നതാണെന്ന് പറഞ്ഞിട്ട്. അപ്പോൾ ആൾക്കും ചെറിയ ചെറിയ ഇഷ്ടം ഒക്കെ നിന്നോട് വരും.
കൗശലത്തോടെ റിയ പറഞ്ഞു
” ഗിഫ്റ്റ് ഒക്കെ വാങ്ങിക്കൊടുത്താൽ ഇഷ്ടം വരുമോ..?
” അങ്ങനെയല്ലേ നമ്മുടെ സ്നേഹം എക്സ്പ്രസ് ചെയ്യുന്നത്.
ചെറിയ ചെറിയ ആവശ്യങ്ങൾ പറഞ്ഞ് പിന്നീട് അമ്മച്ചിയുടെ കയ്യിൽ നിന്ന് പണം വാങ്ങും. റിയ ചേച്ചി പറയുന്ന സാധനങ്ങളൊക്കെ വാങ്ങി. ചേച്ചിയുടെ കയ്യിൽ കൊടുത്തു വിടും ചേച്ചി അത് ആൾക്ക് കൊടുക്കുന്നതാണ് പറയുന്നത്. എന്നാൽ അവൾ വാങ്ങി കൊടുക്കുന്ന ഗിഫ്റ്റുകൾ ഒക്കെ തന്നെ താൻ വാങ്ങിയതാണ് എന്ന് പറഞ്ഞാണ് അവന് റിയ നൽകാറുണ്ടായിരുന്നത്. ശ്വേതയുമായുള്ള കമ്പനി നിർത്തിയെന്ന് അന്നുതന്നെ റിയ സാമിനോട് പറയുകയും ചെയ്തു. അവളുടെ ചിലവിൽ സാമിന് ഗിഫ്റ്റുകൾ കൊടുക്കുന്നതാണ് ഇപ്പോൾ റിയയുടെ പ്രധാന ഹോബി എന്ന് പറയുന്നത്. ഇതൊന്നും തന്നെ ശ്വേത അറിയുന്നുണ്ടായിരുന്നില്ല. എന്നാൽ പഠിത്തത്തിൽ അവൾ അതീവമായി തന്നെ ശ്രദ്ധ പുലർത്തിയിരുന്നു.
പള്ളിയിലെ ക്രിസ്മസ് ആഘോഷ വേളയിലാണ് കുട്ടികളെല്ലാവരും ഒരുമിച്ച് ഹാളിൽ ഒത്തുകൂടാൻ സിസ്റ്റർ പറഞ്ഞത്. എല്ലാവരുടെയും പേര് എഴുതി ക്രിസ്മസ് ഫ്രണ്ടിനെ തിരഞ്ഞെടുക്കാൻ ആയിരുന്നു അത്. എല്ലാവർക്കും ഓരോ ഫ്രണ്ടിനെ കിട്ടിയിരുന്നു. ശ്വേതയ്ക്ക് അനിറ്റയാണ് ഫ്രണ്ട് ആയി കിട്ടിയിരുന്നത്. ആരും പരസ്പരം ആരെയാണ് കിട്ടിയത് എന്ന് തമ്മിൽ പറയുകയും ചെയ്തിരുന്നില്ല. സാം ഒരു പേപ്പർ എടുത്ത് അത് തുറന്നു നോക്കിയപ്പോൾ ഒന്ന് അമ്പരപ്പെട്ട് പോയിരുന്നു. അവനാ പേരുകളിലേക്ക് ഒരിക്കൽ കൂടി നോക്കി “ശ്വേത”. ആ നിമിഷം തന്നെ കണ്ണുകൾ അവൾ നിൽക്കുന്നതിന് അരികിലേക്ക് ഒന്ന് പാറി പോയിരുന്നു. അനിറ്റയോടും റിയയോടും എന്തോ പറഞ്ഞുകൊണ്ട് നിൽക്കുകയാണ് ആള്. റിയ അവളുമായി വലിയ കമ്പനി ഒന്നും ഇല്ല എന്നാണ് പറയുന്നത്. എങ്കിലും അടുത്ത ഇടപഴകൽ കണ്ടാൽ അടുത്ത സുഹൃത്തുക്കളെ പോലെ തന്നെയാണ് ഇരുവരും. തമ്മിൽ സൗഹൃദത്തിൽ ആണെങ്കിൽ യാതൊരു പ്രശ്നവുമില്ല. എന്നാൽ തന്റെ പേരിൽ ഉടലെടുത്ത സൗഹൃദമാണ് അതെങ്കിൽ മാത്രമേ തനിക്ക് പ്രശ്നമുള്ളൂ. പറയാൻ പറ്റില്ല തന്നോട് അവളുമായി ഒന്നുമില്ല എന്നും തന്നെക്കുറിച്ച് ഒന്നും അവളോട് പറയില്ല എന്നും റിയ പറഞ്ഞുവെങ്കിലും തന്റെ പേര് പറഞ്ഞ് അവളെ പറ്റിക്കുകയോ മറ്റോ ചെയ്യുന്നുണ്ടോന്ന് ഒരു ഭയം അവനിൽ നിറഞ്ഞു നിന്നിരുന്നു.
” സാമേട്ടന് ഇവളുടെ പേരാണ് കിട്ടുന്നതെങ്കിൽ അത് കിടിലൻ ട്വിസ്റ്റ് ആയിരിക്കും അല്ലേ..?
അനീറ്റ ചിരിച്ചുകൊണ്ട് പറഞ്ഞു. ആ പറഞ്ഞതിന് ഒന്ന് ചിരിച്ചു എന്ന് വരുത്തിയെങ്കിലും റിയയുടെ ഉള്ളിലും അങ്ങനെ ഒരു ഭയം ഉണ്ടായിരുന്നു. അവന് അവളുടെ പേര് കിട്ടരുതെന്ന് ആത്മാർത്ഥമായി തന്നെ റിയ പ്രാർത്ഥിച്ചിരുന്നു. വൈകിട്ട് വിളിച്ചപ്പോൾ ആരെയാണ് ക്രിസ്മസ് ഫ്രണ്ടായി കിട്ടിയത് എന്ന് അവനോട് ചോദിക്കുകയും ചെയ്തു. അത് പറയാതിരിക്കുന്നതാണ് നല്ലത് എന്ന് സാമിനും തോന്നിയിരുന്നു. തങ്ങൾക്കിടയിലേക്ക് ശ്വേത കടന്നുവരുന്നത് ശരിയല്ലെന്ന് അവന് അറിയാമായിരുന്നു. എത്രയൊക്കെയാണെങ്കിലും തന്നെ ഇഷ്ടമാണെന്ന് പറഞ്ഞ പെണ്ണാണ് ശ്വേത. റിയയ്ക്ക് ദേഷ്യം അവളോട് ഉണ്ടായിരിക്കും.
” ക്രിസ്മസ് ഫ്രണ്ട് ആരാണെന്ന് ക്രിസ്മസിനാണ് അറിയുന്നത്. അതിനുമുമ്പ് ചോദിക്കുന്ന ശരിയല്ല. ഞാൻ നിന്നോട് ചോദിച്ചില്ലല്ലോ ആരെയാ കിട്ടിയതെന്ന്.
സാം ഗൗരവത്തോടെ പറഞ്ഞു..
“അതുകൊണ്ടല്ല ആ ശ്വേതയെ ആണോ കിട്ടിയത് എന്ന് അറിയാനാ..?
” നിനക്ക് ഈ സബ്ജക്ട് മാത്രമേ ഉള്ളോ പറയാൻ. എപ്പോൾ നോക്കിയാലും ഒരു ശ്വേത. ഞാൻ പറഞ്ഞില്ലേ അത് വിടാൻ. പിന്നെ എന്തിനാ ആ കുട്ടിയുടെ കാര്യം തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത്. നമുക്ക് പറയാൻ എന്തെല്ലാം വിഷയങ്ങളുണ്ട്.
അവന്റെ സ്വരം ആർദ്രമായി.
” എന്ത് വിഷയം..?
ഗൗരവത്തോടെയാണ് റിയ ചോദിച്ചത്.
” നമ്മുടെ ഭാവി. ഇക്കൊല്ലം കൂടെ കഴിഞ്ഞാല്‍ നിന്‍റെ പ്ലസ്ടു കഴിഞ്ഞു. പിന്നെ നീ എന്തിനാ പോവാൻ പോണത്.
“ചാച്ചൻ പറയുന്നത് നേഴ്സിങ്ങിന് പോയാൽ മതിയെന്ന്. അതാവുമ്പോ ജോലി ഉറപ്പാണല്ലോ.
” എനിക്ക് പക്ഷേ നഴ്സിങ്ങിനോട് വലിയ താല്പര്യം ഇല്ല റിയ. പിന്നെ നിന്റെ വീട്ടിൽ പറയുന്നതുപോലെ ചെയ്യ്. എനിക്ക് നീ വല്ല ബാങ്കിംഗ് മേഖലയിലേക്ക് പോകുന്നത് ആണ് ഇഷ്ടം. പ്രധാനകാരണം എന്താന്ന് വച്ചാ എനിക്ക് അന്യ രാജ്യങ്ങളിൽ ഒന്നും പോയി കിടന്നു ജോലി ചെയ്യുന്നത് ഇഷ്ടമല്ല. എനിക്ക് നാട്ടിൽ തന്നെ ജോലി വേണമെന്ന് ആഗ്രഹം. അപ്പൊ പിന്നെ നീ നേഴ്സിങ് ഒക്കെ പഠിക്കാൻ പോയാൽ ഇവിടെ ഒന്നും നല്ല ജോലി കിട്ടില്ല. ഗൾഫിലോ മറ്റോ പോകേണ്ടി വരും. അപ്പോൾ പിന്നെ നമ്മൾ കല്യാണം കഴിഞ്ഞ് പിരിഞ്ഞിരിക്കേണ്ടി വരും. ഒരാൾ അവിടെ ഒരാൾ ഇവിടെ അതിനൊന്നും എനിക്ക് താല്പര്യമില്ല. നാട്ടിലുള്ള ഒരു നല്ല ജോലിയാണെങ്കിൽ അതല്ലേ നല്ലത്.
അവന്റെ സംസാരം കേട്ടപ്പോൾ ദേഷ്യം വന്നിരുന്നു. എങ്കിലും റിയ അത് പ്രകടിപ്പിച്ചില്ല.
” ഇക്കാര്യത്തിൽ എനിക്ക് അഭിപ്രായം പറയാൻ പറ്റില്ലല്ലോ ചേട്ടായി ചാച്ചനല്ലേ അതൊക്കെ തീരുമാനിക്കുന്നത്.
” നീ ഒന്ന് പറഞ്ഞു നോക്ക് ഡിഗ്രിക്ക് പോകട്ടെന്ന്, ചാച്ചൻ എന്നാ പറയുമെന്ന് അറിയാല്ലോ,
പാതി മനസ്സോടെ അവൾ മൂളിയിരുന്നു. എങ്ങനെയെങ്കിലും ഈ നാട്ടിൽ നിന്ന് വല്ല ബാംഗ്ലൂരിലോ ചെന്നൈയിലോ പോയി അടിച്ചുപൊളിക്കണം എന്നാണ് റിയ തീരുമാനിച്ചിരുന്നത്. അതിനു വല്ല നേഴ്സിങ് എടുത്താലേ പറ്റുകയുള്ളൂ. അപ്പോഴാണ് നാട്ടിൽ തന്നെ പഠിച്ചാൽ മതി എന്നുള്ള ഉപദേശം. അവൾ ഓർത്തു….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…