Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 23

രചന: റിൻസി പ്രിൻസ്‌

ആൾക്ക് എന്താണ്  വാങ്ങുന്നത് എന്നാണ് മനസ്സിൽ നിറഞ്ഞു നിന്നത് മുഴുവൻ. അവസാനം ആ സംശയം അനീറ്റയോട് പങ്കുവച്ചു.  അപ്പോഴാണ് അവൾ പറയുന്നത് അടുത്താഴ്ച്ച ആളുടെ ബർത്ത് ഡേ ആണ് അതുകൊണ്ടു തന്നെ ഒരു ഷർട്ട് വാങ്ങാമെന്ന് ഓർത്തു. പക്ഷേ സൈസ് അറിയില്ലല്ലോ എന്ന് അവളോട് പറഞ്ഞപ്പോൾ അവളുടെ ചേട്ടന്റെ സൈസ് മതിയായിരിക്കും എന്നും അവളുടെ ചേട്ടന് വാങ്ങുന്ന സൈസ് എത്രയാണെന്ന് അവൾക്കറിയാമെന്നുമാണ് പറഞ്ഞത്.  അങ്ങനെ അതുതന്നെ വാങ്ങാമെന്ന് ഉറപ്പിച്ചു.

അങ്ങനെയാണ് അനീറ്റ പറഞ്ഞ സൈസിൽ വെള്ളയും നീലയും ഇടകലർന്ന തരത്തിലുള്ള ഒരു ഷർട്ട് ആണ് വാങ്ങിയത്.  അതിന്റെ മറ്റൊരു നിറത്തിലുള്ളത് സച്ചുവിന് വാങ്ങി.  അമ്മയ്ക്കും വാങ്ങി ഒരു കോട്ടൺ സാരി. വല്യമ്മച്ചിക്ക് തണുപ്പിനു പുതയ്ക്കാൻ നല്ല കമ്പിളിയും വാങ്ങി. പിന്നെ വാങ്ങിയതൊക്കെ കഴിക്കാനുള്ള സാധനങ്ങൾ ആണ്.  കേരളത്തിൽ ഒന്നും കിട്ടാത്ത ചില പഴങ്ങളും മറ്റ് സാധനങ്ങളും ഒക്കെ വാങ്ങി വെച്ചിരുന്നു.  അപ്പോഴേക്കും കയ്യിലെ പൈസ ഏറെക്കുറെ തീർന്നിരുന്നു.  തനിക്ക് വേണ്ടി മേടിച്ചത് ഒരു ചെരിപ്പ് മാത്രമാണ്. ടൂറിന് പോകുന്ന സമയത്ത് പണം തന്ന് സഹായിച്ചത് ജെസ്സിയാണ്.  അതുകൊണ്ടുതന്നെ ജെസി ആന്റിക്കും എന്തെങ്കിലും വാങ്ങണം എന്ന് വിചാരിച്ചിരുന്നു.  സാരിക്ക് ചേരുന്ന കമ്മലും മാലയും ഒക്കെ ഇടുന്നത് കണ്ടിട്ടുണ്ട്.  അതുകൊണ്ട് രണ്ടുമൂന്നു കമ്മലുകളാണ് വാങ്ങിയിരുന്നത്.  എല്ലാവർക്കും എല്ലാം വാങ്ങി കഴിഞ്ഞപ്പോഴേക്കും പൈസ ഏകദേശം മുഴുവനായും തീർന്നു.  ആദ്യത്തെ ദിവസം മാത്രമേ ഷോപ്പിംഗ് ഉണ്ടായിരുന്നുള്ളൂ.  രണ്ടാമത്തെ ദിവസമായപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചു തുടങ്ങിയിരുന്നു. രണ്ടാം ദിവസം രാത്രിയിൽ തിരികെ ബസ്സിൽ ഇരിക്കുമ്പോൾ എല്ലാവരും നന്ദേ തളർന്നിരുന്നു.  ഒന്ന് വീട്ടിൽ ചെന്നാൽ മതിയെന്ന് ഉണ്ടായിരുന്നുള്ളൂ.  വൈകുന്നേരത്തോടാണ് വീട്ടിലേക്ക് എത്തിയത്.  അവശതയോടെ വരുന്ന തന്നെ കണ്ടപ്പോൾ തന്നെ അമ്മച്ചി വന്ന് അലിവോടെ മുടിയിൽ തഴുകി..

” എന്തൊരു കോലമാടി ഇത്.  എണ്ണയും ഇല്ല മുടി ആകെ വല്ലാതെ ആയല്ലോ…

മുടി പിറകിലേക്ക് കെട്ടിവെച്ച് അരുമയോടെ പറഞ്ഞു.

” മടുത്തു പോയി അമ്മച്ചി…

അതും പറഞ്ഞ് ബാഗ് അവിടെ വച്ച് നേരെ മുറിയിലേക്ക് ആണ് പോയത്. ശരിക്കും ഒന്ന് ഉറങ്ങാൻ പോലും പറ്റിയിരുന്നില്ല.  അതുകൊണ്ടു തന്നെ നന്നായെന്ന് ഉറങ്ങാൻ തീരുമാനിച്ചു.  മൂന്നു മണിയായപ്പോഴാണ് വീട്ടിലേക്ക് വന്നത്.  വന്നപാടെ കിടന്നുറങ്ങിയതാണ്, എഴുന്നേറ്റപ്പോഴേക്കും സമയം 6:10. പെട്ടെന്ന് എഴുന്നേറ്റുപോയി ഒന്ന് കുളിച്ചു കഴിഞ്ഞപ്പോഴേക്കും ആശ്വാസം തോന്നിയിരുന്നു.  പിന്നീട് എല്ലാവർക്കും കൊണ്ടുവന്ന സാധനങ്ങളൊക്കെ പൊട്ടിച്ച് അമ്മച്ചിയുടെ കയ്യിലേക്ക് കൊടുത്തു.  അമ്മച്ചിക്ക് സാരി ഒരുപാട് ഇഷ്ടമായിരുന്നു.  വല്യമ്മച്ചിക്കും കമ്പിളിയൊക്കെ കിട്ടിയപ്പോൾ സന്തോഷമായി. ജെസ്സി ആന്റിക്ക് കൊടുക്കാനുള്ള സാധനം അമ്മച്ചിയെ ഏൽപ്പിച്ചു.  ആൾക്കുവേണ്ടി വാങ്ങിയത് ആദ്യം തന്നെ എടുത്ത് ആരും കാണാതെ ബാഗിൽ വച്ചിരുന്നു. അത് ഇനി റിയ ചേച്ചിയുടെ കയ്യിൽ കൊടുത്തു വിടേണ്ടതാണ്.

താൻ കൊടുത്ത കമ്മലിനും ഒപ്പം താൻ അവിടെ നിന്നും കൊണ്ടുവന്ന കുറച്ച് പഴങ്ങളും ഹൽവയും ഒക്കെ കവറിൽ ആക്കിയാണ് അമ്മ ജെസ്സി ആന്റിക്ക് കൊടുത്തത്.  പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോൾ തന്നെ ആദ്യം ചെന്നത് റിയ ചേച്ചിയുടെ ക്ലാസിലേക്ക് ആണ്. ബാഗിൽ  നിന്നും  ഷർട്ട് ചേച്ചിയുടെ കയ്യിലേക്ക് കൊടുത്തു.

”  പറ്റുമെങ്കിൽ ഈ ഞായറാഴ്ച ഇതു ഇട്ടുകൊണ്ട് വരാൻ പറയണെ. ഈ സൺ‌ഡേ പിറന്നാൾ ആണെന്ന് അനീറ്റ പറഞ്ഞു… ഞാൻ ഒരുപാട് ഇഷ്ടത്തോടെ മേടിച്ചതാ,

വലിയൊരു ആവേശത്തോടെ ശ്വേത പറഞ്ഞു.

“ഞാൻ പറഞ്ഞു നോക്കാം…

ആത്മാർത്ഥതയോടെ റിയ പറഞ്ഞപ്പോൾ നിറഞ്ഞ ഒരു പുഞ്ചിരി അവളിൽ വിരിഞ്ഞിരുന്നു.

“പിശാശിന് എല്ലാം കൃത്യമായി അറിയാം…

മനസ്സിലാണ് റിയ വിചാരിച്ചത്.

തിരികെ ക്ലാസിലേക്ക് തിരിച്ചു ചെന്നപ്പോൾ അവിടെ വലിയ ചർച്ച നടക്കുകയാണ്. മറ്റന്നാള് വാലന്റൈൻസ് ഡേ ആണ്.  വാലന്റൈൻസ് ഡേ ദിവസം എന്ത് ഗിഫ്റ്റ് കൊടുക്കും ബോയ്ഫ്രണ്ടിനെന്ന ചർച്ചയിലാണ് മഞ്ജിമയും ദീപയും.

ദീപയ്ക് ലവർ ഇല്ല.  ഒരാളോട് ഇഷ്ടം ഉണ്ടെന്നേ ഉള്ളൂ.  രണ്ടുപേരും അത് തുറന്നു പറഞ്ഞിട്ടില്ല.  മഞ്ജിമ അങ്ങനെയല്ല,  അവൾക്ക് കൊടുക്കാൻ ഒരു വലിയ ലിസ്റ്റ് തന്നെയുണ്ട്.

” നീ കൊടുക്കുന്നില്ലേ..? എന്താ കൊടുക്കുന്നത്,

തന്നെ കണ്ടതും പെട്ടെന്ന് മഞ്ജിമ തനിക്ക് അരികിലേക്ക് ചേർന്നിരുന്നു കൊണ്ട് ചോദിച്ചു.

”  ഞാൻ ഇന്ന് ഒരു ഷർട്ട് വാങ്ങി കൊടുത്തല്ലോ, ഇനി പ്രത്യേകിച്ച് വേറെ എന്തെങ്കിലും കൊടുക്കണോ…?

മനസ്സിലാവാതെ ശ്വേത ചോദിച്ചു പോയി..

“അത് ടൂറിനു പോയപ്പോൾ വാങ്ങിയതല്ലേ..? മാത്രമല്ല വാലന്റൈൻസ് ഡേ  കഴിഞ്ഞു ആളുടെ ബർത്ത് ഡേ ആണന്നല്ലേ  പറഞ്ഞത്. അപ്പോൾ ബർത്ത്ഡേക്ക് ആണെന്ന് കരുതിക്കോളൂ,  വാലന്റൈൻസ് ഡേ എന്ന് പറഞ്ഞാൽ പ്രണയിക്കുന്നവരുടെ ദിവസമല്ലേ, അതിന് പ്രത്യേകമായിട്ട് ഗിഫ്റ്റ് കൊടുക്കണ്ടേ?

മഞ്ജു ചോദിച്ചു.

”  ചുരുക്കത്തിൽ ഇത് നല്ല ചെലവുള്ള പരിപാടിയാണ് അല്ലേ..?

ശ്വേത പറഞ്ഞു…

” എനിക്കിങ്ങനെ എല്ലാ ദിവസങ്ങളിലും ഗിഫ്റ്റ് കൊടുക്കാനും മാത്രം പൈസ ഒന്നുമില്ല. അമ്മച്ചിയോട് പുസ്തകത്തിന് വേണ്ടിയാണെന്നും പറഞ്ഞിട്ട് ഞാൻ ഓരോ വട്ടം കാശ് വാങ്ങുന്നത്.   എന്താണെങ്കിലും ഇനി ഗിഫ്റ്റ് ഒന്നും വാങ്ങി കൊടുക്കാൻ എന്റെ കയ്യിൽ പൈസയില്ല.  ഇനി ഒന്നും വാങ്ങി കൊടുക്കുന്നില്ല.

ശ്വേത പറഞ്ഞു…

“വാലന്റൈൻസ് ഡേയ്ക്ക് നീ എന്തെങ്കിലും കൊടുത്തില്ലെങ്കിൽ മോശമാടി…

ശ്വേത പറഞ്ഞു…

” എങ്കിൽ പിന്നെ ഒരു കാര്യം ചെയ്യ്,  നിനക്ക് നന്നായിട്ട് കാർഡ് ഉണ്ടാക്കാൻ അറിയാമല്ലോ,  ഭംഗിയായി ഒരു വാലന്റൈൻസ് ഡേ കാർഡ് ഉണ്ടാക്കുക.  എന്നിട്ട് അത് കൊടുക്കുക…

ദീപ പറഞ്ഞു,

”  ശരിയാണ് അത് നല്ലൊരു അടിപൊളി ഐഡിയയാണ്… നിനക്ക് വലിയ പൈസ ചെലവുമില്ല, ഹൃദയം തുറന്ന് കാണിക്കുകയും ചെയ്യാം..

മഞ്ജിമ പിന്തുണച്ചു..

“അതു കൊള്ളാം, അപ്പോൾ ഒരു കാർഡ് ഉണ്ടാക്കി റിയ ചേച്ചിയുടെ കയ്യിൽ കൊടുത്തു വിടാം,

ശ്വേത പറഞ്ഞു

”  ഇത് നീ റിയ ചേച്ചിയുടെ കൈയ്യിൽ കൊടുത്തു വിടാൻ നിൽക്കണ്ട,  ഇപ്പോൾ ഇത്രയും സാധനങ്ങൾ നീ റിയ ചേച്ചിയുടെ കയ്യിൽ കൊടുത്തില്ലേ..?  അതൊക്കെ ആളുടെ കയ്യിൽ കിട്ടുകയും ചെയ്തു. നീ അതൊക്കെ നേരിട്ട് കാണുകയും ചെയ്തു. ഇനി നിന്റെ ഹൃദയം നേരിട്ട് കൊടുത്താൽ മതി..!

മഞ്ജു പറഞ്ഞു…

” നേരിട്ട് കൊടുക്കാനോ,

ഭയത്തോടെ ശ്വേത ചോദിച്ചു..!

”  പിന്നല്ലാതെ ഇനിയുള്ളതൊക്കെ നേരിട്ട് മതി, ഇപ്പോൾ ഏകദേശം റിയ ചേച്ചിയുടെ റോൾ തീർന്നു.  ഇതൊക്കെ കൊടുക്കുന്നത് നീ ആണെന്ന് ആൾക്ക് അറിയാം, ഇഷ്ടം ഉള്ളോണ്ട് അല്ലെ എല്ലാം വാങ്ങുന്നത്. ഇനി നീ നേരിട്ട് കൊടുത്താൽ മതി..! വാലന്റൈൻസ് ഡേ എന്ന് വച്ചാൽ പ്രണയദിനമാണ്. നിന്റെ പ്രണയം മറ്റൊരാളുടെ കൈകളിലുടെയല്ല നീ കൊടുത്തു വിടേണ്ടത്.  നേരിട്ടാണ് പറയേണ്ടത്.

മഞ്ജു ഉറപ്പിച്ചു പറഞ്ഞു…

“ഞാൻ നേരത്തെ ഒന്ന് പറഞ്ഞതല്ലേ

അല്പം സംശയത്തോടെ ശ്വേത തിരക്കി.

” അത് അന്ന് തീർന്നില്ലേ, ഇതിപ്പോൾ ഇന്ന് പറയുക എന്നുള്ളതാണ്. കാർഡ് ഉണ്ടാക്കിയിട്ട് നിനക്ക് ഒരു ധൈര്യത്തിന് വേണമെങ്കിൽ ഞാനും കൂടെ വരാം,

“എവിടെ വരാൻ…!  ക്ലാസ്സൊക്കെ കഴിഞ്ഞതുകൊണ്ട് എങ്ങനെ കാണാനാ..?  പഴയ ബസ്സിന് ഒന്നും ആയിരിക്കില്ല വരുന്നത്.

” നീയല്ലേ പറഞ്ഞത് ആളുടെ വീട് ആ മില്ലിന്റെ അവിടെ ആണെന്ന്.

”  മില്ലിന്റെ അടുത്തായിട്ടാ

” എന്തെങ്കിലും കാര്യം പറഞ്ഞാ  മില്ലിലേക്ക് പോവാ. ആളുടെ അമ്മയെ നിനക്ക് പരിചയമുണ്ടല്ലോ,  പുള്ളിക്കാരിയെ കാണാനായിട്ട് വീട്ടിലേക്ക് കയറുക. കൂട്ടത്തിൽ ആരും കാണാതെ ആളുടെ മുറിയിൽ കൊണ്ടുവന്ന് ഈ കാർഡ് വയ്ക്കുക.

” അയ്യോ അതിനൊന്നും എനിക്ക് ധൈര്യമില്ല. എങ്ങാനും കണ്ടുപിടിച്ചാലോ..? ഞാൻ ആണ് ഇത് എഴുതിയത് എന്ന് മനസ്സിലാക്കുകയും ചെയ്യില്ലേ.

” അത് മനസ്സിലാവണം.  അടിയില് ശ്വേത എന്ന് പേര് വെച്ചിട്ടുണ്ടാവണം.

”  നീയൊന്ന് പോയെ മഞ്ജു,  ആളുടെ അമ്മയാണ് കാണുന്നതെങ്കിലോ..?പുള്ളിക്കാരി എന്നെ പറ്റി എന്തായിരിക്കും കരുതുക,

”  എടി ഞാൻ നിന്നോട് പറഞ്ഞത് ആള് വീട്ടിലുള്ള സമയം നോക്കി പോകണം എന്നല്ലേ,  ആളുടെ അമ്മയുടെ കൈയ്യിൽ കൊടുത്തിട്ട് വരാൻ അല്ല ഞാൻ പറഞ്ഞത്. ആളുടെ കയ്യിൽ തന്നെ കൊടുക്കണം.  വീട്ടിൽ ആയതുകൊണ്ട് ആള് മാത്രമല്ലേ ഉള്ളു. നിന്നെ ഏതായാലും വീട്ടുകാരുടെ മുന്നിൽ വച്ച് ആള് നാണംകെടുത്താൻ ഒന്നും പോകുന്നില്ല. ഇത്രയൊക്കെ നിന്റെ ഗിഫ്റ്റ് വാങ്ങിയ ആൾക്ക് ഒരു കാർഡ് വാങ്ങാൻ ആണോ ബുദ്ധിമുട്ട്…? പക്ഷേ ആളുള്ള സമയം നോക്കി നീ വീട്ടിൽ പോവുക,  അമ്മ കാണാതെ അത് കയ്യിൽ കൊടുക്കുക.  അതുകഴിഞ്ഞ് തിരിച്ചു പോരുവാ,

” എനിക്ക് പേടിയാടി അങ്ങനെയൊക്കെ ചെയ്യാൻ..
ഒന്നാമത് എനിക്ക് വെറയലാണ്. അമ്മച്ചി എങ്ങാനും അറിഞ്ഞാൽ,

” ആരും അറിയില്ല മോളെ…!  നിന്നോട് യഥാർത്ഥമായിട്ട് ഇഷ്ടമുണ്ടെങ്കിൽ ആരോടും ആൾ പറയില്ല.

” ഇഷ്ടമില്ലെങ്കിലോ…?

” ഇഷ്ടമില്ലാതെ വരില്ല,  നീ പറഞ്ഞില്ലേ..?  അന്ന് നീ വീട്ടിൽ ചെന്നപ്പോൾ നിന്നോട് കുറച്ചൊക്കെ സംസാരിച്ചുവെന്ന്.  അതൊക്കെ ഇഷ്ടത്തിന്റെ ഒരു ലക്ഷണം തന്നെയാണ്. കുറച്ച് ഹെഡ് വെയിറ്റ് ഒക്കെ ഇട്ട് നിന്നതല്ലെ നിന്‍റെ മുൻപില്.  അതുകൊണ്ട് ആ ഇഷ്ടം സമ്മതിക്കാൻ ഇത്തിരി ബുദ്ധിമുട്ട് കാണും. നീ വീണ്ടും വീണ്ടും ചെല്ലുന്നുണ്ടെന്ന് മനസ്സിലാവുമ്പോൾ ഇഷ്ടം സമ്മതിച്ചോളും. മഞ്ജിമ പറഞ്ഞപ്പോൾ ചെറിയ ധൈര്യം ഒക്കെ തോന്നിയിരുന്നു.

അന്ന് രാത്രി ചെന്നപ്പോൾ തന്നെ മനോഹരമായ ഒരു കാർഡ് ഉണ്ടാക്കുവാനുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചു കഴിഞ്ഞിരുന്നു അവൾ  .

……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button