ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 31

രചന: റിൻസി പ്രിൻസ്
നല്ല മാർക്ക് വാങ്ങിയത് കൊണ്ട് തന്നെ പിറ്റയാഴ്ച പള്ളിയിൽ നിന്ന് അച്ചനും തന്റെ പേര് വിളിച്ചു പറഞ്ഞു. അതോടൊപ്പം പള്ളിയിലെ കമ്മറ്റിക്കാരുടെ വക ഒരു ചെറിയ സമ്മാനവും ലഭിച്ചിരുന്നു. ഈശോയുടെയും മാതാവിന്റെയും യൗസേപ്പ് പിതാവിന്റെയും ഒരു വലിയ തിരക്കുടുംബത്തിന്റെ ചിത്രവും അതോടൊപ്പം ഒരു 2500 രൂപയുമായിരുന്നു പള്ളിയിൽ നിന്ന് കിട്ടിയത്.. അങ്ങനെ ഇടവകയിലെ എല്ലാവരുടെയും മുൻപിൽ ഒരു ആഴ്ചയിൽ സ്റ്റാറായി തിളങ്ങിയത് താനായിരുന്നു. അല്പം തല ഉയർത്തി തന്നെയാണ് റിയ ചേച്ചിയെയും ആളെയും നോക്കിയത്. ചേച്ചി ആണെങ്കിൽ കുനിഞ്ഞ് ഇരിക്കുകയാണ്. തന്നെ കാണുക പോലും വേണ്ട എന്നുള്ള നിലയിൽ. അല്ലെങ്കിൽ തന്നെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ടായിരിക്കും . ആളുടെ മുഖത്ത് തനിക്ക് സമ്മാനം കിട്ടിയതിനെ ബുദ്ധിമുട്ടുകൾ ഒന്നും കാണാനില്ല. അറിയാതെ താൻ നോക്കിയപ്പോൾ ഒരു ചെറുപുഞ്ചിരി ആ ചുണ്ടിൽ തനിക്ക് വേണ്ടി നാമ്പിട്ടിരുന്നു. പക്ഷേ തിരികെ ഒരു പുഞ്ചിരി നൽകാൻ എന്തുകൊണ്ടോ തനിക്ക് സാധിച്ചില്ല. അതുകൊണ്ടു തന്നെ പെട്ടന്ന് ആളിൽ നിന്നും മുഖം മാറ്റിക്കളഞ്ഞു. തനിക്ക് സമ്മാനം കിട്ടിയതിൽ സന്തോഷമാണെന്ന് ആ മുഖഭാവം കാണിച്ചു തന്നു. അതറിഞ്ഞിട്ടു പോലും സന്തോഷിക്കാൻ മനസ്സിന് കഴിഞ്ഞില്ല എന്നതാണ് സത്യം. അതെന്തുകൊണ്ടാണെന്ന് ചോദിച്ചാൽ അതിനുത്തരം മനസ്സ് നൽകിയില്ല. ആളുടെ ഭാഗത്ത് ഒരു തെറ്റും ഉള്ളതായി തനിക്ക് ചിന്തിച്ചെടുക്കാനും പറ്റുന്നില്ല. എല്ലാം തന്റെ തെറ്റായിരുന്നു. ആൾ ഒരിക്കൽ പോലും തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല. റിയ ചേച്ചി പറ്റിച്ച പണി ആയിരിക്കാം. എന്തിനാണ് ആളോട് അതിന്റെ പേരിൽ ശത്രുതയോടെ ഇടപെടുന്നതെന്ന് മനസ്സ് ചിന്തിക്കുന്നുണ്ടെങ്കിലും അത്രമേൽ ഇഷ്ടപ്പെട്ടു പോയതു കൊണ്ട് തന്നെ ഉള്ളം വല്ലാതെ വേദനിക്കുന്നുണ്ട്. അതുകൊണ്ടാണ് പഴയതുപോലെ ആളെ നോക്കാനും ആള് നൽകിയ പുഞ്ചിരിക്കു മറുപടി നൽകാനും സാധിക്കാത്തത്. എത്രയൊക്കെ വെറുപ്പ് കാണിച്ചെന്നു പറഞ്ഞാലും ഉള്ളിന്റെ ഉള്ളിൽ ആളിപ്പോഴും ഇങ്ങനെ നിറഞ്ഞു നിൽക്കുകയാണ്. ആർക്കും വായിക്കാൻ കഴിയാത്തതു പോലെ. പക്ഷേ തന്റെ ഉള്ളിലെ പരിധിയിൽ നിന്ന് ഇനി ആ ഇഷ്ടം ഒരിക്കലും പുറത്തു വരില്ല. അതിനി ഒരിക്കലും ആർക്കും മുൻപിൽ താൻ പ്രകടിപ്പിക്കില്ല. അത് തീരുമാനിച്ചതാണ്. കാലം മാറുമ്പോൾ ഒരുപക്ഷേ ഇഷ്ടത്തിലും മങ്ങൽ ഏൽക്കാം, ഏൽക്കണമെന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. പ്രണയം നഷ്ടമാകുമ്പോൾ എല്ലാവരും പറയുന്നത് പോലെ ഇനി മറ്റൊരാൾ ഇല്ലന്ന് ഒരു തീരുമാനം ഒന്നും മനസ്സിൽ എടുത്തിട്ടില്ല. അങ്ങനെ എടുക്കാനും തനിക്ക് സാധിക്കില്ലല്ലോ. തന്റെ സാഹചര്യങ്ങൾ അങ്ങനെയല്ല. പക്ഷേ ഒന്നുറപ്പാണ് ആളെ പോലെ മറ്റൊരാളെ സ്നേഹിക്കാൻ കഴിയില്ല. തന്റെ ഉള്ളിലെ സ്നേഹം അത്രത്തോളം ഈ ചെറിയ കാലയളവിനുള്ളിൽ ആൾക്ക് താൻ നൽകിയിരുന്നു.
അങ്ങനെ ഏപ്രിൽ മാസം തുടങ്ങിയപ്പോൾ കമ്പ്യൂട്ടർ ക്ലാസിന് പോകാനായി ദീപ എത്തി. അവൾക്കൊപ്പം പോകാൻ ഒരു പ്രത്യേക ഉത്സാഹം തോന്നിയിരുന്നു. ഒരു മാസം കൊണ്ട് തന്നെ വീട്ടിലിരിപ്പ് ബോറായി തുടങ്ങി. പഠിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അവധി കിട്ടണമെന്നാണ്. എന്നാൽ അവധി കിട്ടിക്കഴിഞ്ഞപ്പോൾ രണ്ട് ദിവസത്തിൽ കൂടുതലൊന്നും ആ സന്തോഷം ഉണ്ടായില്ല. എങ്ങനെയെങ്കിലും പെട്ടെന്ന് എന്തെങ്കിലും ഒന്ന് പഠിച്ചാൽ മതിയെന്നായി. അല്ലെങ്കിലും അവധി കിട്ടി വീട്ടിലിരിക്കുമ്പോളാണല്ലോ എല്ലാവർക്കും പഠിക്കാൻ തോന്നുന്നത്. താനും ദീപയും അല്ലാതെ 15 കുട്ടികളോളം ഉണ്ട് പഠിക്കാൻ. എല്ലാവർക്കും ഫ്രീ ആയിട്ട് പഠിക്കാൻ പറ്റുന്നതു കൊണ്ടുതന്നെ അത്യാവശ്യം എല്ലാവരും വന്നിട്ടുണ്ട്. ആദ്യദിവസം തന്നെ എല്ലാവരെയും പരിചയപ്പെട്ടു. ഒരു ഐടി പ്രൊഫഷണൽ ആയിട്ടുള്ള ആളാണ് പഠിപ്പിക്കാൻ വരുന്നത് എന്ന് അക്ഷയയിൽ നിന്ന് തന്നെ പറഞ്ഞിരുന്നു. അവരുടെ പ്രോജക്ടിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു ക്ലാസ് എടുക്കുന്നത്. കമ്പ്യൂട്ടറിന്റെ ബേസിക്കുകൾ ആണ് ഇപ്പോൾ പഠിപ്പിക്കുന്നത് എന്നും പറഞ്ഞിട്ടുണ്ട്. സാർ എത്തിയതും കമ്പ്യൂട്ടറിനെ കുറിച്ച് വിശദമായി ആദ്യം ഒരു ക്ലാസ് എടുത്തു. അന്ന് കമ്പ്യൂട്ടറിൽ തൊട്ടോന്നും പഠിപ്പിച്ചിരുന്നില്ല. ഏകദേശം പൊതുവായ കുറച്ചു കാര്യങ്ങൾ പറഞ്ഞു. അതൊക്കെ ബുക്കിൽ എഴുതിയെടുത്തു. പിറ്റേദിവസം മുതൽ സാർ ആയിരിക്കില്ല വരുന്നത് എന്നും പറഞ്ഞു. കമ്പ്യൂട്ടർ നമ്മുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമാണ് എന്നതിനെക്കുറിച്ചൊക്കെ സർ സംസാരിച്ചിരുന്നു. ഉച്ച വരെ മാത്രമാണ് ക്ലാസ്സ് ഉള്ളത്. അതിനിടയിൽ കുറച്ചുപേരെ സുഹൃത്തുക്കൾ ആയി കിട്ടി. എല്ലാവരും പത്താം ക്ലാസ് കഴിഞ്ഞവർ ആയതുകൊണ്ട് തന്നെ ഭാവിയെ കുറിച്ചാണ് കൂടുതലും സംസാരിക്കുന്നത്. പ്ലസ്ടുവിന് ഏത് വിഷയം എടുക്കും കരിയർ ഏതാണ് ഫോക്കസ് ചെയ്യുന്നത് എന്നൊക്കെ. അങ്ങനെ ചിന്തിച്ചപ്പോഴാണ് താനും അതിനെക്കുറിച്ച് ആലോചിച്ചത്. കുട്ടിക്കാലത്ത് ഒക്കെ ഡോക്ടർ ആവണം എന്നായിരുന്നു ആഗ്രഹം. എന്നാൽ പിന്നീട് നമ്മുടെ സാഹചര്യത്തിന് അതൊന്നും നടക്കില്ലെന്ന് മനസ്സിലാക്കി എടുത്തു. അപ്പോഴാണ് ചിന്തിച്ചത് തന്റെ ലക്ഷ്യം എന്താണ്.? പ്രത്യേകിച്ചങ്ങനെ ലക്ഷ്യങ്ങളൊന്നും മനസ്സിലില്ല. നല്ലൊരു ജോലി വാങ്ങണം അത് ഏതെങ്കിലും ബാങ്കിംഗ് മേഖലയിൽ ആയിരിക്കണമെന്ന് ആഗ്രഹവും ഉണ്ട്. കുട്ടിക്കാലത്ത് ഒരിക്കൽ അമ്മയ്ക്ക് ഒപ്പം ബാങ്കിൽ പോയപ്പോൾ ഉള്ളിൽ കയറി കൂടി ആഗ്രഹമാണ്. അന്നുമുതലാണ് ഡോക്ടർ എന്ന സ്വപ്നത്തിന് മങ്ങൽ ഏറ്റു തുടങ്ങിയത്. കറങ്ങുന്ന കസേരയിൽ ഒക്കെ ഇരുന്ന് കമ്പ്യൂട്ടറിന്റെ മുൻപിൽ വലിയ ജാഡയിൽ ഇരുന്ന് ജോലി ചെയ്യണം. അത് അന്ന് എപ്പോഴോ മനസ്സിൽ കയറിക്കൂടി. പിന്നെ കൂടുതൽ ഭാവിയെ കുറിച്ചും ചിന്തിച്ചു. ബാങ്കുകൾ ഒരിക്കലും ഇല്ലാതാവില്ലല്ലോ, ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും മികച്ച ജോലി അതുതന്നെയാണെന്ന് തോന്നി. ജീവിതത്തിലേ കണക്കുകൂട്ടലുകൾ പിഴച്ചു. ഭാവിയിലെങ്കിലും ആ കണക്കുകൂട്ടലുകൾ പിഴക്കരുത്. പിറ്റേ ദിവസവും ഉത്സാഹത്തോടെയാണ് ക്ലാസിന് എത്തിയത്. എന്നാൽ വിധി അവിടെയും തന്നെ വെറുതെ വിട്ടില്ല എന്നതാണ് സത്യം. ക്ലാസ് എടുക്കാൻ വന്ന ആളെ കണ്ട് അത്ഭുതത്തോടെയും വേദനയോടെയും ദീപയുടെ മുഖത്തേക്ക് നോക്കി. തന്റെ നിസ്സഹായവസ്ഥ കണ്ടാവും ആളെ അവളും നോക്കിയത്. ഒരു നിമിഷം അതേ ഭാവത്തിൽ അവൾ തന്നെ തിരികെയും നോക്കി. “സാം ചേട്ടായി”
അവളുടെ നാവ് മന്ത്രിച്ചു..
ഒരാളെ മറക്കാൻ തീരുമാനിച്ചാൽ അയാളെ തന്നെ വീണ്ടും വീണ്ടും മുന്നിൽ കൊണ്ട് വന്നു നിർത്തുക എന്നത് വിധിയുടെ ഒരു വിനോദമാണ്……..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…