Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 7

രചന: റിൻസി പ്രിൻസ്‌

ഇതുവരെ തോന്നാത്ത  എന്തൊക്കെയോ വികാരങ്ങൾ മനസ്സിനെ മഥിച്ചു തുടങ്ങിയ നിമിഷം,  താൻ സുന്ദരിയല്ല ഒരുങ്ങിയിട്ടില്ല എന്നൊക്കെയുള്ള ഒരു തോന്നൽ ആ നേരം മനസ്സിലേക്ക് ശക്തമായി വന്നു,  ഉറക്കച്ചടവുള്ള മുഖമാണ് ഒന്ന് കഴുകിയിട്ട് മാത്രമേയുള്ളൂ, ഒരു ചമയങ്ങളും ഇല്ലാതെ അവൻ കാണുന്നത്, മോശമാണ് എന്ന ചിന്തകളൊക്കെ മനസ്സിലേക്ക് കടന്നുവന്നു… ഇതാദ്യമായാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്, ഒരു പൊട്ട് പോലും കുത്താറുണ്ടായിരുന്നില്ല… എന്താണ് തനിക്ക് സംഭവിക്കുന്നത് എന്ന് തനിക്ക് തന്നെ അറിയാത്ത ഒരു ഭാവം, ആ മുഖം, ആത്മാവിൽ ആഴ്ന്ന് ഇറങ്ങിയ രൂപം, ഒറ്റദിനം കൊണ്ട് ഹൃദയത്തിൽ വേരുറച്ചു പോയവൻ..

അമ്മച്ചി ആളെ കാണാത്തതു കൊണ്ട് തന്നെ അമ്മച്ചിയുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി,  തന്റെ നോട്ടം കണ്ടിട്ടാണ് അമ്മച്ചി വാതിൽക്കൽ നോക്കിയത്.. അപ്പോഴേക്കും ആൾ അടുത്തേക്ക് വന്നു കഴിഞ്ഞിരുന്നു,   വെളുപ്പിൽ നീല നിറത്തിലുള്ള വലിയ വരകൾ ഉള്ള ഒരു ഷർട്ട് ആണ് അണിഞ്ഞിരിക്കുന്നത്,   തോളിൽ ഒരു ഡീസലിന്റെ ബാഗും ഇട്ടിട്ടുണ്ട്…

”   എങ്ങനെയുണ്ട്…?

അരികിലേക്ക് വന്ന് പരിചിതരെ പോലെയുള്ള ചോദ്യം

”  കുഴപ്പമൊന്നുമില്ല മോനെ…
ഡോക്ടർ വന്നാലേ പോകാൻ കഴിയു…

അവശതയോടെ അമ്മച്ചി പറഞ്ഞു..

” റസ്റ്റ് എടുക്കണം,  ബിപി ഒക്കെ ചെക്ക് ചെയ്യണം. ഇങ്ങനെ എപ്പോഴും കിടന്ന് ജോലി ചെയ്താൽ ഇതൊക്കെ വരും,  നമ്മുടെ ശരീരത്തിന് ഒരു റസ്റ്റ് ഒക്കെ കൊടുക്കണ്ടേ..? വീട്ടിലെ ജോലിയും ആന്റി ഒറ്റയ്ക്കാണോ ചെയ്യുന്നത്…

തന്റെ മുഖത്തേക്ക് നോക്കിയാണ് ആള് ചോദിച്ചത്…

”  അതിനവിടെ അമ്മച്ചിയും ഇവളും ഒക്കെ ഉണ്ടല്ലോ,  എങ്കിലും റെസ്റ്റ് എടുക്കാൻ ഒന്നും പറ്റില്ല..  എല്ലാത്തിനും എന്റെ കണ്ണ് എത്തിയില്ലെങ്കിൽ എനിക്കൊരു സമാധാനം ഉണ്ടാവില്ല,

”  എല്ലാം അമ്മമാരുടെയും സ്വഭാവമാണ് ഇത്… വീട്ടിൽ മമ്മി ഇങ്ങനെ തന്നെയാ.,  പക്ഷേ ശരീരത്തിന് അതിന്റേതായ സമയത്തൊരു റെസ്റ്റ് കൊടുക്കണം..  ഇയാൾ എത്രലാണ് പഠിക്കുന്നെ…?

തന്റെ മുഖത്തേക്ക് നോക്കിയാണ് ചോദ്യം

“ഞാൻ… ഞാൻ പത്തില്,

”  പത്തിലായില്ലേ അപ്പൊൾ വലിയ കുട്ടിയായി. വീട്ടിലെ കാര്യങ്ങളൊക്കെ അമ്മ നിർബന്ധിച്ചാലും ചെയ്യിപ്പിക്കാൻ സമ്മതിക്കരുത്,  കുറച്ചൊക്കെ താൻ തന്നെ ചെയ്യണം..  രാവിലെ മുതൽ വൈകുന്നേരം വരെ അമ്മ ജോലിയൊക്കെ ചെയ്യുന്നത്  അല്ലെ.? അപ്പോൾ വീട്ടിൽ വരുമ്പോൾ വേണം അമ്മയ്ക്ക് റസ്റ്റ് കൊടുക്കാൻ,  ഇയാൾ എവിടെയാ പഠിക്കുന്നെ,

”  ഞാൻ പള്ളിയുടെ സ്കൂളിലാ പഠിക്കുന്നത്,

”  ആണോ ഞാന് പള്ളിയിൽ വച്ചൊക്കെ കണ്ടിട്ടുണ്ടെങ്കിലും അങ്ങനെ ശ്രദ്ധിച്ചിട്ടില്ല,  ഇന്നലെ ആകെ പേടിച്ചു നിൽക്കുകയായിരുന്നു അല്ലേ? എനിക്ക് മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി…

നന്നായി സംസാരിക്കുന്നുണ്ട്  ആൾ, ആളിന്റെ അടുത്ത് നിന്നതുകൊണ്ടാവും കൈയൊക്കെ തണുത്ത് മഞ്ഞു പോലെ ആയതായി തനിക്ക് തോന്നിയിരുന്നു..  എങ്കിലും ആ സാന്നിധ്യം വല്ലാത്തൊരു സന്തോഷം നൽകുന്നുണ്ട് ,

” ഞാൻ എട്ടരയുടെ ബസ്സിനാ പോകുന്നത്, എന്തെങ്കിലും സഹായം വേണോ..?  മമ്മി എന്നോട് പറഞ്ഞിരുന്നു പ്രത്യേകമായിട്ട് ചോദിക്കണമെന്ന്,

അമ്മച്ചിയുടെ  മുഖത്ത് നോക്കിയാണ് ചോദ്യം…

” ഒന്നും വേണ്ട മോനെ,  ഇപ്പോൾ കുഴപ്പമൊന്നുമില്ല, അവള് കഴിക്കാൻ എന്തെങ്കിലും മേടിക്കാൻ പോവായിരുന്നു.

”  എങ്കിൽ ഞാൻ മേടിച്ചു തരാം..

“അയ്യോ വേണ്ട അവള് മേടിച്ചോളും, ഇവിടെ താഴെയല്ലേ സാരമില്ല, സമയം 8.00 ആവുന്നു,

”  ശരിയാണ്….

ആൾ വാച്ചിൽ നോക്കി..

“പിന്നെ കാണാം….

“ശരി മോനെ…

യാത്ര പറഞ്ഞു പോയപ്പോൾ ഒരു നിരാശ മനസ്സിൽ തോന്നിയിരുന്നു, ആ സമയത്ത് തന്നെയാണ് അമ്മച്ചി വേഗം പോയി ഭക്ഷണം വാങ്ങിയിട്ട് വരാൻ പറഞ്ഞത്,  അപ്പോൾ പെട്ടെന്ന് ഒരു ആവേശത്തോടെ എന്തോ ഒരു ഉൾപ്രേരണയാൽ മുൻപോട്ട് നടന്നു ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ട് നിൽക്കുകയാണ്,  തന്നെ കണ്ടപ്പോൾ ഒരു പുഞ്ചിരി നൽകി ഒന്നും ചിരിച്ചതിനുശേഷം തിരിഞ്ഞു നോക്കാതെ താൻ മെല്ലെ മുൻപോട്ട് നടന്നു..  ആളുകൂടി പുറകേ വന്നിരുന്നെങ്കിൽ ഒരു ആഗ്രഹം മനസ്സിൽ തോന്നിയിരുന്നു,  കർത്താവ് അപ്പോൾ തന്നെ അതിനൊരു പരിഹാരം എന്നതുപോലെ മറുപടിയും നൽകി..  ആളിതാ ഞാൻ നോക്കുമ്പോൾ പുറകെ വരുന്നുണ്ട്,  ഒന്ന് നിന്ന് ചിരിച്ചു കാണിച്ചു.

” ഇന്ന് സ്കൂളില്ലേ..?

തനിക്ക് അരികിൽ വന്നു നിന്ന് ചോദിച്ചു,

“ഇന്ന് പോവാൻ പറ്റില്ല.. സമയം ഇത്ര ആയില്ലേ,  ഞാൻ ചെല്ലുമ്പോഴേക്കും അസംബ്ലി കഴിഞ്ഞിട്ടുണ്ടാവും…  പിന്നെ ഫാദർ വഴക്ക് പറയും,

“അവിടെ ഗേൾസ് സ്കൂൾ ആണല്ലോ അല്ലേ…?

”  ആഹ് അതെ… നമ്മുടെ പള്ളിയിലെ ഒരുപാട് കുട്ടികൾ അവിടെ പഠിക്കുന്നുണ്ടല്ലോ,

” പഠിക്കുന്നുണ്ട്..   അനീറ്റ ഒക്കെ എന്റെ ക്ലാസില് ആണ്…

“ആൽബിന്റെ അനിയത്തിയല്ലേ…? അവളുടെ ബ്രദർ ആൽബി എന്റെ ഫ്രണ്ട് ആണ്.. അനിയത്തിയെ എനിക്കറിയാം..  അനീറ്റയുടെ പ്രായമുണ്ട് അല്ലെ…?പക്ഷേ കണ്ടാൽ തോന്നില്ല..!  ഞാൻ വിചാരിച്ചു ഏഴിലോ എട്ടിലോ ആണ് പഠിക്കുന്നത് എന്ന് ,

നടക്കുന്നതിനിടയിൽ ചിരിയോട് ചോദിച്ചു,ഞാൻ ഒന്ന് ചിരിച്ചു..

“എന്ത് ചെയ്യുവാ…!

എന്തേലും ചോദിക്കണ്ടെന്ന് ഓർത്തു ചോദിച്ചു..

” ഞാന് ഡിഗ്രി കഴിഞ്ഞു. ഇപ്പോൾ ഒരു കമ്പ്യൂട്ടർ കോഴ്സ് പഠിച്ചുകൊണ്ടിരിക്കുകയാ..   പിജിക്ക് പോകാൻ വേണ്ടിയാണ്,  ഇടയ്ക്ക് സമയമുള്ളത് കൊണ്ട് മാത്രം ഒരു കമ്പ്യൂട്ടർ കോഴ്സിന് പോകുന്നത്..

ഇനിയും എന്ത് ചോദിക്കണം എന്ന് അറിയില്ല പക്ഷേ എന്തൊക്കെയോ ചോദിക്കണമെന്ന് മനസ്സ് ഇങ്ങനെ പറയുന്നുണ്ട്..

” ആ കടയിൽ പൊക്കോ..? ഇനി റോഡ് ക്രോസ് ചെയ്ത് അപ്പുറത്ത് പോകണ്ട, ഒരേ സാധനങ്ങളൊക്കെ തന്നെ കാണുള്ളൂ,

ഹോസ്പിറ്റലിന്‍റെ വെളിയിലേക്ക് ഇറങ്ങിയപ്പോൾ ആദ്യം കണ്ട കട തന്നെ ചൂണ്ടിക്കാണിച്ചു ആള് പറഞ്ഞു..  തലയാട്ടി ഒന്ന് പുഞ്ചിരിച്ചു,

”  ഞാൻ വാങ്ങിത്തരണോ..?

വീണ്ടും ആള് ചോദിച്ചു,

”  വേണ്ട ഞാൻ വാങ്ങിക്കോളാം,

”  എങ്കിൽ ഞാൻ ചെല്ലട്ടെ..

ആൾ നടന്നു തുടങ്ങിയപ്പോൾ മനസ്സിൽ ഒരു പ്രത്യേക സന്തോഷം ഉടലെടുക്കുന്നത് താൻ അറിഞ്ഞിരുന്നു, തന്നോട് സംസാരിച്ചപ്പോൾ ഒരു വല്ലാത്ത സമാധാനം നിറഞ്ഞു നിൽക്കുന്നത് പോലെ..  തന്റെ മനസ്സ് കീഴടക്കി അവനേന്ന് ആ നിമിഷം തന്നെ മനസ്സിലാക്കാൻ സാധിച്ചിരുന്നു.  ഡിഗ്രി കഴിഞ്ഞു എന്ന് പറയുമ്പോൾ തന്നെക്കാൾ ആൾക്ക് പ്രായമുണ്ട്,  ഒരു ഏഴെട്ട് വയസ്സ് ഡിഫറൻസ് എന്താണെങ്കിലും ഉണ്ടായിരിക്കും എന്ന് അവൾ കണക്കുകൂട്ടി,  പിന്നീട് അങ്ങോട്ട് ചിന്തകൾ ആയിരുന്നു , തന്നെ അവൻ ഇഷ്ടമായി കഴിഞ്ഞാൽ തന്നെ കല്യാണം കഴിയുമ്പോൾ തങ്ങൾക്കിടയിൽ  പ്രായവ്യത്യാസം ഉണ്ടാകുമോ അല്ലെങ്കിൽ താൻ പഠിച്ച് ജോലി നേടി കഴിയുന്നതുവരെ അവൻ തനിക്ക് വേണ്ടി കാത്തിരിക്കുമോ അങ്ങനെ ചിന്തകൾ കാട് കയറാൻ തുടങ്ങി..!  അവന് തന്നെ ഇഷ്ടമാകുമോ എന്നുള്ളതായിരുന്നു മനസ്സിൽ ഏറ്റവും കൂടുതലായി തെളിഞ്ഞുവന്ന ഒരു ചോദ്യം…

ഡിസ്ചാർജ് ആയി വീട്ടിലേക്ക് എത്തിയപ്പോൾ വല്യമ്മച്ചിയും സച്ചുവും ഒക്കെ അമ്മച്ചിയെ നോക്കുന്ന തിരക്കിലായിരുന്നുവെങ്കിൽ തന്റെ മനസ്സ് മറ്റൊരു രീതിയിലേക്ക് പോയിരുന്നു…  അമ്മച്ചിയുടെ അവസ്ഥകളൊക്കെ വേദനിപ്പിച്ചിരുന്നുവെങ്കിലും താൻ അവിടെ നിന്നും മറ്റൊരാളായാണ് തിരിച്ചുവന്നത് എന്ന് തോന്നി,  വീട്ടിലേക്ക് എത്തിയതും ആദ്യം നോക്കിയത് കണ്ണാടിയിലേക്കാണ്..  തന്റെ മുഖം നന്നായി ഒന്ന് കണ്ണാടിയിൽ നോക്കി,   വെളുത്ത് മെലിഞ്ഞിരിക്കുന്ന ഒരു ശരീരം, വട്ടമുഖം..! ഇഷ്ടപ്പെടാതിരിക്കാനും മാത്രം വിരൂപയോന്നുമല്ല താൻ… അവൻ ഇരുനിറത്തിലാണ് എങ്കിലും അത്ര പൊടിയല്ലാത്ത മീശയും ഒക്കെയായി നല്ല സുന്ദരനാണ് കാണാൻ, ഒരു 21 – 22 വയസ്സ് പ്രായം ഉണ്ടാകും,  എങ്കിലും മീശയ്ക്ക് അത്യാവശ്യം നല്ല കട്ടിയുണ്ട്..തീരെ പൊടിമീശയല്ല  നല്ല നീളമുണ്ട്  ആൾക്ക്.. താനാളിന്റെ തോളപ്പമുണ്ടാകും,  താൻ പൊതുവേ ഇത്തിരി നീളം കുറഞ്ഞ പ്രകൃതമാണ്   ആളുടെ കവിളിൽ നല്ല  ചുവന്ന കുരുക്കൾ ആണ്, തന്റെ മുഖമൊക്കെ ക്ലിയർ ആണ്..  അങ്ങനെ മൊത്തത്തിൽ ഒരു അവലോകനം നടത്തിയപ്പോൾ ബാഹ്യ സൗന്ദര്യത്തിൽ ഇഷ്ടപ്പെടാതിരിക്കാൻ യാതൊരു സാധ്യതകളും അവൾ മുൻപിൽ കണ്ടില്ല …

…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button