ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 99
രചന: റിൻസി പ്രിൻസ്
സ്വന്തം ഭർത്താവ് മറ്റൊരു പെൺകുട്ടിയെ തേടി പോയി എന്ന് അറിയുമ്പോൾ അവൾ തന്നെ ഒഴിവായിക്കോളും പതിയെ സാം തന്നെ സ്നേഹിച്ചു തുടങ്ങും. പതുക്കെ പഴയതുപോലെ.. അങ്ങനെയാണ് മനസ്സിൽ വിശ്വസിച്ചത് ഇത് എങ്ങനെയും പ്രാവർത്തികമാക്കണം എന്ന് ആ നിമിഷം തന്നെ മനസ്സിൽ വിചാരിച്ചിരുന്നു.. അവൻ തന്നെ ബ്ലോക്ക് ചെയ്താലും ഇല്ലെങ്കിലും താൻ അവനെ നേരിട്ട് കാണുമെന്നും തന്റെ ആവശ്യം അവനെക്കൊണ്ട് അംഗീകരിക്കും എന്നും അവൾ മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞു..
ഏഴാം മാസത്തിൽ സ്കാൻ ചെയ്തപ്പോൾ ഫ്ലൂയിഡ് ലെവലിൽ ചെറിയൊരു വേരിയേഷൻ ഉണ്ട് എന്ന് മമ്മി വിളിച്ചു പറഞ്ഞ നിമിഷം മുതൽ തന്നെ അവന് സമാധാനം ഉണ്ടായിരുന്നില്ല. ആ നിമിഷം തന്നെ അവൻ വീട്ടിലേക്ക് വണ്ടി കയറിയതാണ്, ടെൻഷൻ അടിക്കേണ്ട എന്നും കുഴപ്പമൊന്നുമില്ല എന്നും ആവുന്നത്ര ശ്വേത പറഞ്ഞിട്ടും ഇരിക്കപ്പൊറുതി ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അവൻ രാത്രി തന്നെ ഫ്ലൈറ്റ് ബുക്ക് ചെയ്ത വീട്ടിലേക്ക് വരികയായിരുന്നു ചെയ്തത്. അവനെ കണ്ടപ്പോൾ തന്നെ പകുതി ഊർജ്ജം ലഭിച്ചതു പോലെ ആയിരുന്നു ശ്വേതയ്ക്ക്. എത്രയൊക്കെ അവനോടു വരണ്ട എന്ന് പറഞ്ഞിരുന്നു എങ്കിലും അവന്റെ സാന്നിധ്യം ആഗ്രഹിച്ചിരുന്നു എന്നു പറയുന്നതാണ് സത്യം. അത് ജെസ്സിക്ക് നന്നായി മനസ്സിലായിരുന്നു അതുകൊണ്ടാണ് സ്കാനിംഗിലെ കോംപ്ലിക്കേഷനെ കുറിച്ച് അവനോട് പറയേണ്ട എന്ന് പറഞ്ഞിട്ടും നിർബന്ധപൂർവ്വം അവനെ വിളിച്ച് ജെസ്സി ഈ വിവരങ്ങൾ പറഞ്ഞിരുന്നത്. ഈ സമയത്ത് ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്നത് ഭർത്താവിനെ ആയിരിക്കും എന്നും ഇനി കുറച്ചുനാൾ അവൻ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെ എന്നുമായിരുന്നു ജെസ്സി അപ്പോൾ അവളോട് പറഞ്ഞിരുന്നത്. വെറുതെ അവനെ ടെൻഷൻ അടുപ്പിക്കേണ്ട എന്ന് പലകുറി ശ്വേത പറഞ്ഞിരുന്നു എങ്കിലും ജെസിയത് കേൾക്കാൻ പോലും കൂട്ടാക്കിയില്ല. ഏഴാം മാസം ശ്വേതയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോകണം എന്ന് സാലിയ്ക്ക് നിർബന്ധം ഉണ്ടായിരുന്നു. സാലി ഇക്കാര്യം ജെസ്സിയോട് പറയുകയും ചെയ്തു.
സാം വന്നതിനു ശേഷം നല്ലൊരു ദിവസം നോക്കി വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോയതിനുശേഷം തിരികെ കൊണ്ട് വിട്ടാൽ മതിയെന്നാണ് അപ്പോൾ ജെസ്സി മറുപടി പറഞ്ഞത്. മകളെ നോക്കണം എന്ന് നിർബന്ധമാണെങ്കിൽ അടുത്ത് തന്നെയാണല്ലോ വീട് എന്നും ഇവിടേക്ക് വന്നാൽ പോരേ എന്നും ജെസ്സി സാലിയോട് ചോദിച്ചു, അവരുടെ അവകാശത്തെ ചോദ്യം ചെയ്യുന്നതല്ല എന്നും ശ്വേതയുടെ മനസ്സിലും ടെൻഷൻ ഉള്ളതുകൊണ്ട് ഇപ്പോൾ ആഗ്രഹിക്കുന്നത് സാമിന്റെ സാന്നിധ്യമായിരിക്കുമെന്നും അവൻ ഇവിടെ ഉള്ളപ്പോൾ ശ്വേത ഇവിടെ നിൽക്കുന്നതല്ലേ നല്ലത് എന്നും ചോദിച്ചപ്പോൾ അതുതന്നെയാണ് നല്ലത് എന്ന് സാലിക്കും തോന്നിയിരുന്നു.
ഈ സമയത്ത് ഗർഭിണിയായ സ്ത്രീക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ളത് സ്വന്തം ഭർത്താവിന്റെ സാന്നിധ്യമാണ്. അവർക്കൊപ്പം കൂടുതൽ സമയം ഇരിക്കാൻ ആയിരിക്കും ആഗ്രഹിക്കുകയും ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഒരു വിളിപ്പാടകലെ താൻ ഉണ്ടല്ലോ എന്ന് സമാധാനിക്കുന്നതാണ് നല്ലത് എന്ന് സാലിക്ക് തോന്നിയിരുന്നു.
സാം വന്നതിനു ശേഷം നല്ല ഒരു ദിവസം നോക്കി തന്നെ ഏഴാം മാസം വിളിച്ചുകൊണ്ടുപോകുന്ന ചടങ്ങ് നടത്തിയിരുന്നു. അതിനുശേഷം സാം തന്നെയാണ് ശ്വേതയെ തിരികെ കൂട്ടിക്കൊണ്ടുവന്നത്. ഏഴാം മാസം തുടങ്ങിയപ്പോൾ മുതൽ ശ്വേതയ്ക്ക് അസ്വസ്ഥതകൾ വർദ്ധിക്കാൻ തുടങ്ങി. അതുകൊണ്ട് തന്നെ ജോലി റിസൈൻ ചെയ്യുകയും ചെയ്തിരുന്നു. മസിൽ കയറുമ്പോഴും എഴുന്നേൽക്കാൻ പറ്റാതെ ആവുമ്പോഴും ഒക്കെ എത്ര ഉറക്കത്തിൽ ആണെങ്കിലും സാം ഉണർന്ന് അവളുടെ കാല് തിരുമ്മി കൊടുക്കുകയും അവളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ചെയ്യുകയും ചെയ്യുമായിരുന്നു. ക്ഷീണിതയായ ശ്വേതയുടെ മുഖം കാണെ അവന് വല്ലാത്ത വേദന തോന്നിയിരുന്നു. അവളെ ആശ്വസിപ്പിക്കുവാൻ വേണ്ടി തമാശകൾ ഒക്കെ അവൻ പറയുകയും ചെയ്യുമായിരുന്നു. നേരത്തെ എന്തെങ്കിലും പ്രശ്നങ്ങൾ അവൾക്ക് വരുമോ എന്ന് ഡോക്ടറോട് ചെക്കപ്പ് സമയത്തു സാം ചോദിച്ചിരുന്നു. എന്നാൽ അവൾക്കും കുഞ്ഞിനും പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല എന്നും നോർമൽ ഡെലിവറി നടക്കുവാനുള്ള ചാൻസ് വളരെ കുറവാണ് എന്നുമായിരുന്നു ഡോക്ടർ പറഞ്ഞത്. അതിനാൽ ഓപ്പറേഷൻ ആവാനുള്ള സാധ്യത മുൻപിൽ കാണണമെന്നും അതിന് പ്രിപ്പയർ ആവാൻ വേണ്ടിയാണ് ഇക്കാര്യം നേരത്തെ പറഞ്ഞത് എന്നും ഡോക്ടർ പറഞ്ഞപ്പോൾ സാമിന് അല്പം ആശ്വാസം തോന്നിയിരുന്നു. അവൾക്കും കുഞ്ഞിനും ജീവന് എന്തെങ്കിലും ആപത്ത് വരുമോ എന്നായിരുന്നു അവൻ ആ നിമിഷം വരെയും ഭയന്നിരുന്നത്.. പിന്നീട് ഉള്ള പ്രാർത്ഥന മുഴുവൻ അവൾക്കും കുഞ്ഞിനും വേണ്ടിയായിരുന്നു…!
ഗർഭകാലം ശ്വേതയ്ക്ക് വളരെ നല്ല രീതിയിൽ മുന്നോട്ട് പോയി. അമ്മമാർ ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി കൊടുത്തു ഭർത്താവ് തന്റെ സാന്നിധ്യം അറിയിച്ചു അവൾക്കൊപ്പം തന്നെ ഉണ്ടായിരുന്നു,
ഇതിനിടയിൽ ഒരു ദിവസം പള്ളിയിൽ പോയി തിരികെ വന്നപ്പോഴാണ് ഇടവഴിയിൽ വച്ച് റിയയെ കാണുന്നത്. സാമിനെ കണ്ടതും അവൾ അവിടെ തന്നെ നിന്നിരുന്നു. അവനോട് സംസാരിക്കാൻ ആണെന്ന് അവന് മനസ്സിലാക്കാൻ സാധിച്ചു. അവളെ നോക്കാതെ നടന്നു പോയപ്പോഴാണ് അവൾ അവനെ വിളിച്ചത്..
” ഇച്ചായാ…
അവളുടെ ആ വിളി കേട്ടപ്പോൾ അവന് ദേഷ്യമാണ് തോന്നിയത്. എന്തുകൊണ്ടോ പഴയ ഓർമ്മകളിലേക്ക് ഒക്കെ അവൻ കടന്നു പോയിരുന്നു. എന്നാൽ ആ നിമിഷം തന്നെ ശ്വേതയുടെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു. തന്റെ ജീവനെ വയറ്റിൽ വഹിക്കുന്നവളാണ് അവളെ ഒരു ചിന്ത കൊണ്ടുപോലും താൻ ചതിക്കുന്നത് ശരിയല്ല എന്ന് അവന് തോന്നി. അതുകൊണ്ട് തന്നെ അവൻ ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്ക് നോക്കി ശേഷം പറഞ്ഞു…
” ഇനി ഒരിക്കലും താൻ എന്നെ അങ്ങനെ വിളിക്കരുത്..! നമുക്കിടയിൽ ഒരിക്കൽ ഒരു ബന്ധമുണ്ടായിരുന്നു, അതിന്റെ ബാക്കി പത്രമാണ് ആ വിളി.. അത് ഇനി ഉണ്ടാവാൻ പാടില്ല. തനിക്കെന്നെ പേര് വിളിക്കാം അല്ലെങ്കിൽ ചേട്ടാ എന്ന് വിളിക്കാം, ഇച്ചായൻ എന്ന് വേണ്ട അങ്ങനെ വിളിക്കാൻ എനിക്ക് വീട്ടിൽ ഒരാളുണ്ട്. ആ ഒരാൾ അല്ലാതെ മറ്റാരും എന്നെ അങ്ങനെ വിളിക്കുന്നത് എനിക്കിഷ്ടമല്ല…!
” അത്രത്തോളം എന്നെ വെറുത്തു തുടങ്ങിയോ…?
വിഷമത്തോടെ ഒരല്പം കണ്ണുനീരിന്റെ നനവോടെ അവൾ ചോദിച്ചു. അവളുടെ ആ രീതി കണ്ടപ്പോൾ അവന് അത്ഭുതമാണ് തോന്നിയത്. അകറ്റിയിട്ടും ഇവളെന്തിനാണ് തന്നിലേക്ക് വീണ്ടും അടുത്തു വരുന്നത് എന്ന് ആ നിമിഷം ചിന്തിച്ചു..?
” ഞാനെന്തിനാണ് തന്നെ വെറുക്കുന്നത്..? വെറുപ്പും ദേഷ്യവും ഒക്കെ ഒരു സമയത്ത് ഉണ്ടായിരുന്നു, ഇപ്പോൾ അങ്ങനെ ഒന്നുമില്ല. ഞാൻ ആഗ്രഹിച്ചതിൽ ഒരുപാട് നല്ലൊരു ലൈഫ് ആണ് എനിക്ക് കിട്ടിയത്. ഞാൻ ആഗ്രഹിച്ചതിലും ഒരുപാട് നല്ല ഒരു പാർട്ണറേയാണ് എനിക്ക് കിട്ടിയത്. അതിനപ്പുറം ഞാൻ എന്തിനാണ് തന്നെ വെറുക്കുന്നത്…? ഇതിനൊക്കെ കാരണം ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരാർത്ഥത്തിൽ താൻ തന്നെയാണ്, അതുകൊണ്ട് എനിക്ക് ഒരു വെറുപ്പുമില്ല. ഇനി അതോർത്ത് ടെൻഷൻ അടിക്കേണ്ട, മറ്റൊന്നും പറയാനില്ലല്ലോ…
തിരികെ അവൻ നടന്നു പോകാൻ തുടങ്ങുമ്പോൾ ശ്വേതയെ പറ്റി അവൻ പറഞ്ഞ വാക്കുകൾ കേട്ട് ദേഷ്യമാണ് അവൾക്ക് തോന്നിയത്. എന്നാൽ അവളത് പ്രകടിപ്പിച്ചില്ല
“ഒരിക്കൽ നമ്മൾ ഒരുപാട് സ്നേഹിച്ചതല്ലേ..? ഒരു ജീവിതം മുഴുവൻ സ്വപ്നം കണ്ടതല്ലേ..? പക്ഷേ ഒന്നും നേടാൻ സാധിച്ചില്ല. എന്റെ തെറ്റ് ഞാൻ വേണമായിരുന്നു അതിനു മുൻകൈ എടുക്കാൻ, അപ്പോൾ ഞാൻ വീട്ടിൽ ഉള്ള എല്ലാവരുടെയും കാര്യങ്ങളാണ് ഓർത്തത്. അവരെ വിഷമിപ്പിക്കണം എന്ന് ഓർത്തപ്പോൾ എനിക്ക് ചേട്ടായിയെ വിഷമിപ്പിക്കുന്നതാണ് എളുപ്പമൊന്നു തോന്നി. അതുകൊണ്ട് ഞാൻ അന്ന് അങ്ങനെ ഒരു തീരുമാനം എടുത്തത്..
” സാരമില്ല അതൊക്കെ അന്നത്തെ കാര്യങ്ങൾ അല്ലേ? എല്ലാം നല്ലതിനായിരുന്നു എന്ന് കരുതിയാൽ മതി.നമുക്ക് രണ്ടുപേർക്കും നല്ലൊരു ലൈഫ് കിട്ടിയില്ലേ..? എങ്കിലും ജീവിതം ഒന്നല്ലേയുള്ളൂ നമ്മൾ ആഗ്രഹിച്ചതൊക്കെ നേടാൻ പറ്റിയില്ലെങ്കിൽ ജീവിതം കൊണ്ട് എന്താ അർത്ഥം ചേട്ടായി..? ചേട്ടായി പറഞ്ഞതുപോലെ നമുക്ക് രണ്ടുപേർക്കും നന്നായി ജീവിക്കുന്നുണ്ടെന്ന് നമുക്കറിയാം. പക്ഷേ നമ്മൾ ആഗ്രഹിച്ചത് പോലെ ഇടക്കൊക്കെ നമുക്ക് ജീവിച്ചുകൂടെ…?
അവളുടെ ആ ചോദ്യം കേട്ടപ്പോൾ അവൻ ഞെട്ടിപ്പോയിരുന്നു.
“എന്താണ് ഉദ്ദേശിക്കുന്നത്…?എനിക്ക് മനസ്സിലായില്ല,
” നമ്മൾ പ്രതീക്ഷിക്കാതെ എന്റെ ഹസ്ബൻഡും ശ്വേതയും നമ്മുടെ ജീവിതത്തിൽ കടന്നുവന്നു. നമ്മളിപ്പോൾ അവർക്കൊപ്പം ഒരു ജീവിതം നയിക്കുന്നുമുണ്ട്. പക്ഷേ അവർ അറിയാതെ ഇടയ്ക്കുവേണമെങ്കിലും നമുക്ക് സ്നേഹിച്ചുടേ..? നമ്മൾ ആഗ്രഹിച്ചത് പോലെ ജീവിച്ചൂടെ..? നമ്മൾ മാത്രം അറിയുന്ന രീതിയിൽ, മറ്റാരുമറിയാതെ നമുക്ക് പ്രണയിച്ചു കൂടെ..? പഴയ സ്വപ്നങ്ങളൊക്കെ നമുക്ക് സാക്ഷാത്കരിച്ചു കൂടെ..? അവർ അറിയില്ല, നമ്മുടെ ജീവിതത്തിൽ അവർ ഉണ്ടാവുകയും ചെയ്യും, നമ്മുടെ സ്വപ്നങ്ങൾ നേടാനും സാധിക്കും……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…