വീണ്ടും പാക് പ്രകോപനം; പാകിസ്താനുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ ബ്ലാക്ക് ഔട്ട്

പാകിസ്താനുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ അടിയന്തരമായി ബ്ലാക്ക് ഔട്ട് ഏർപ്പെടുത്താൻ തീരുമാനം. അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം ഉണ്ടായ സാഹചര്യത്തിലാണ് നിർദേശം. ജമ്മുവിലെ അഖ്നൂർ, രാജൗരി, ആർഎസ് പുര എന്നിവിടങ്ങളിൽ പാക് സൈന്യത്തിന്റെ ഷെല്ല് ആക്രമണം ഉണ്ടായി.
രാജസ്ഥാനിൽ വീണ്ടും ബ്ലാക് ഔട്ട് ഏർപ്പെടുത്തിയതായി നാട്ടുകാർ പറഞ്ഞു. പൊലീസെത്തി ലൈറ്റ് ഓഫ് ചെയ്യാൻ നിർദേശിച്ചു. തെരുവുവിളക്കുകൾ എല്ലാം ഓഫ് ആക്കി. മീറ്ററിലെ ലൈറ്റ് പോലും ഓഫ് ചെയ്യേണ്ട സാഹചര്യമാണെന്ന് നാട്ടുകാർ പറഞ്ഞു. വീണ്ടും ഭീതിയുടെ സാഹചര്യമാണെന്നും ജയ്സൽമിറിലെ നാട്ടുകാർ പ്രതികരിച്ചു.
വെടിനിർത്തൽ കരാർ ലംഘിച്ചിരിക്കുകയാണ് പാകിസ്താൻ. ശ്രീനഗറിൽ ഉടനീളം സ്ഫോടനങ്ങൾ കേട്ടെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള പ്രതികരിച്ചു. ഡ്രോൺ ആക്രമണത്തിന്റെ ദൃശ്യങ്ങളും ഒമർ അബ്ദുള്ള എക്സിൽ പങ്കുവെച്ചു. അതിർത്തിയിൽ ബിഎസ്എഫ് തിരിച്ചടിക്കുകയാണ്. അതിര്‍ത്തിയില്‍ പാകിസ്ഥാനെതിരെ തിരിച്ചടിക്കാന്‍ ബിഎസ്എഫിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതായി വിവരമുണ്ട്. ശ്രീനഗറിലെ ഖന്യാര്‍ പ്രദേശത്ത് ഡ്രോണ്‍ വെടിവച്ചു വീഴ്ത്തി. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.