❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 23
Sep 19, 2024, 09:10 IST

രചന: തസ്‌നി
വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങുന്നത് വരെ ന്യൂട്ടന്റെ മുന്നിൽ അറിയാതെ പോലും പോയി പെട്ടില്ല... പ്രിയ ലീവ് ആയത് കൊണ്ട് തന്നെ നാളെ മുതൽ ന്യൂട്ടനെ അസ്സിസ്റ്റ് ചെയ്യേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ തന്നെ കൈകാലുകൾ വിറ കൊള്ളാൻ തുടങ്ങി.... ഫ്ലാറ്റിൽ എത്തിയിട്ടും രാവിലെ നടന്നതൊന്നും ഉൾക്കൊള്ളാൻ പറ്റുന്നുണ്ടായിരുന്നില്ല.... വന്ന ഉടനെ ഡ്രസ്സ് പോലും ചേഞ്ച് ചെയ്യാതെ ബെഡിലേക്ക് വീണു... തലയിണയിൽ പതിഞ്ഞു കൊണ്ടിരുന്ന ഓരോ തുള്ളി കണ്ണുനീരിലും ന്യൂട്ടന്റെ ഓർമകളായിരുന്നു... എല്ലാം മറക്കാൻ ശ്രമിക്കുന്ന എന്റെ മുന്നിലേക്ക് എന്തിനാ റബ്ബേ നീ വീണ്ടും ഐനുവിനെ വരുത്തിച്ചത്...കണ്മുന്നിൽ കാണുമ്പോൾ എങ്ങനെയാ എനിക്ക് മറക്കാൻ പറ്റുക.... എന്റെ പെണ്ണ് എന്റെ പെണ്ണ് എന്ന് എപ്പോഴും മൊഴിഞ്ഞു കൊണ്ടിരുന്ന നാവിൽ നിന്നും കേട്ടതൊന്നും ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല... എന്നെ അറിയാത്ത പോലെയുള്ള ആ മുഖത്തെ ഭാവം കാണുമ്പോൾ നെഞ്ചു പൊട്ടി പിളരുകയാ.... ഈ അഞ്ചു വർഷം കൊണ്ട് എന്തൊരു മാറ്റമാ, രൂപത്തിലും ഭാവത്തിലും... കണ്ണുകളിൽ എപ്പോഴുമുള്ള ആ കുസൃതി ചിരിക്ക് പകരം എന്തെന്ന് നിർവചിക്കാൻ പറ്റാത്ത ഭാവമാണ് .. ഒരു വിധത്തിൽ ഞാൻ തന്നെയല്ലേ ഇതിനൊക്കെ കാരണം..... പ്രാണനേക്കാളേറെ എന്നെ സ്നേഹിച്ച അവന്റെ സ്നേഹത്തെ കണ്ടില്ലെന്ന് നടിച്ചത് ഞാൻ തന്നെയല്ലേ.... ചിന്തകൾ മനസ്സിൽ വേലിയേറ്റം സൃഷ്ടിക്കുമ്പോഴാണ് തലയിലൊരു തലോടൽ ഏറ്റത്... "ഹൈറ.... വാ എഴുന്നേറ്റ് ഈ കോഫീകുടിക്ക്.. തലവേദന പോകും... " ശ്രീയുടെ നിർബന്ധത്തിൽ കോഫിയുമെടുത്ത് ബാൽക്കണിയിലേക്ക് നടന്നു... "എന്തിനാ ശ്രീ പടച്ചോൻ എന്നെ മാത്രം ഇങ്ങനെ പരീക്ഷിക്കുന്നെ.... മറക്കാൻ പറ്റില്ലെങ്കിലും ഞാൻ പതിയെ മറക്കാൻ ശ്രമിക്കാമെന്ന് കരുതിയതല്ലേ.... കണ്മുന്നിൽ ഉണ്ടാകുമ്പോൾ എങ്ങനെയാ ഞാൻ മറക്കുന്നേ ...വയ്യടാ.. ഞാൻ റിസൈൻ ചെയ്യാ...നീറി നീറി ഇനിയും ജീവിക്കാൻ വയ്യ.... " പറഞ്ഞു കഴിയുമ്പോയേക്കും കണ്ണ്നീർ കോഫിയിലേക് ഇടതടവില്ലാതെ ഉറ്റി കൊണ്ടിരുന്നു....മധുരത്തിനൊപ്പം ഉപ്പുരസവും കൂടി കലർന്നു "എന്നാ നീ പോയി റിസൈൻ ചെയ്യ്.... ഒറ്റ വീക് വെച്ചു തന്നാൽ ഉണ്ടല്ലോ... നിന്നെക്കാളേറെ സ്നേഹിച്ചത് അവനല്ലേ... അങ്ങനെയുള്ള അവനിക് എല്ലാം മറന്ന് വേറെ ഒരാളെ സ്വീകരിക്കാൻ പറ്റുന്നുണ്ടെങ്കിൽ നിനക്കും പറ്റും... ഇനിയും ജീവിതത്തിൽ തോറ്റു പിന്മാറാൻ ആണോ നിന്റെ ഉദ്ദേശം.... എങ്കിൽ നീ എന്ത് വേണമെങ്കിലും തീരുമാനിച്ചോ.... പക്ഷേ പിന്നെ ഈ ശ്രീയെ തേടി വന്നേക്കരുത്.... " അൽപ്പം ദേഷ്യത്തിൽ ശ്രീ പറയുമ്പോയേക്കും അടക്കിപ്പിടിച്ച തേങ്ങൽ പുറത്തേക്ക് വന്നു.... കുഞ്ഞ് മക്കൾ കരയുന്നത് പോലെ അവളേ മാറിൽ വീണു തേങ്ങി തേങ്ങി കരഞ്ഞു.... "നീ കരഞ്ഞു തീർത്തോ ഹൈറ... ഇന്ന് കൂടെ... നാളെ മുതൽ ഈ കണ്ണുനീർ ഒഴുകാൻ പാടില്ല.... ഒരു പരാജയത്തിനും ഇനി നിന്നെ ഈ ശ്രീ വിട്ടുകൊടുക്കില്ല....ഐനുവിന് തളർത്താൻ പറ്റുന്നത്ര അവൻ ശ്രമിക്കട്ടെ... തളരില്ലെന്ന് നീ കാണിച്ചു കൊടുക്കണം.... മറക്കണം നീ എല്ലാം... ഓർമകളെ ഓർത്തെടുത്തു മറക്കുന്നതിനേക്കാൾ നല്ലത് കണ്മുന്നിലുള്ളതിനെ മറക്കുന്നതാ..... അന്ന് അവനോടുള്ള ഇഷ്ടം നീ പറയാതിരുന്നത് നിന്റെ ഉമ്മയുടെ മുഖം മനസ്സിൽ കണ്ടുകൊണ്ടാണെങ്കിൽ ഇന്നിവിടെ പിടിച്ചു നിൽക്കേണ്ടതും ആ മുഖം ഓർത്തു കൊണ്ടാ.... ആദി സാറെ കൂടെ ജീവിക്കാൻ തുടങ്ങിയാൽ എല്ലാം നീ പൂർണ്ണമായി മറക്കും പുതുതായി നട്ട ചെടിക്ക് രണ്ടു ദിവസത്തെ വാട്ടമുണ്ടാകും...പിന്നെ അത് പുതിയ മണ്ണിനെ സ്നേഹിച്ചു തുടങ്ങും... അത്പോലെ തന്നെയാ ഓരോ ആണിന്റെയും പെണ്ണിന്റെയും മനസ്സ്...." ശ്രീയുടെ ഓരോ വാക്കുകളും എരിഞ്ഞമരുന്ന മനസ്സിന് ഒരു കുളിർമ്മയായിരുന്നു.... അവസാനം പറഞ്ഞത് കേട്ട് അവളെയൊന്ന് ഇരുത്തി നോക്കി... "നീ നോക്കേണ്ട... ഇന്നലെ മാധവിക്കുട്ടിയുടെ കൃതി വായിച്ചതിന് ഇപ്പഴാ ഒരു ഉപകാരം ഉണ്ടായത്... " ചുണ്ട് കൂർപ്പിച്ചുള്ള അവളേ സംസാരം കേട്ട് ചുണ്ടിൽ അറിയാതെ പുഞ്ചിരി വിരിഞ്ഞു.... പിറ്റേന്ന് ഓഫീസിൽ എത്തുമ്പോൾ സ്വൽപ്പം വൈകിയിരുന്നു.... ഓഫീസിൽ എത്തിയപ്പോഴാണ് ആദി സാർ അല്ലാലോ എന്നുള്ള ബോധം രണ്ടാൾക്കും വന്നത്.... "ഷൂ ഷൂ " ക്യാബിനിലേക്ക് കയറാൻ പോകുമ്പോയാണ് എവിടെ നിന്നോ വിളി കേട്ടത്.... ചുറ്റും നോക്കിയപ്പോഴാണ് അപ്പുറത്തുള്ള സിസ്റ്റത്തിന്റെ ഇടയിലൂടെ രമ്യയുടെ തല കണ്ടത്.... "എന്താടി..." അവളുടെ തലയ്ക്കൊരു മേട്ടം കൊടുത്തു ചോദിച്ചപ്പോൾ പെണ്ണു പറഞ്ഞ കാര്യം കേട്ട് എന്റെയും ശ്രീയുടെയും തലയ്ക്കു അടിയേറ്റത് പോലെയായി... "ഡി ആ പുതിയ എംഡി ആളൊരു മഹാ കലിപ്പനാണ്... രാവിലെ വന്നിട്ട് എല്ലാരും എത്തിയോ എന്ന് ചെക്ക് ചെയ്തിട്ട പോയേ...നിങ്ങൾ രണ്ടാളും ലേറ്റ് ആയത് കണ്ടു ഉറഞ്ഞു തുള്ളിയാ പോയെ... രണ്ടാളോടും വന്നാൽ സാറെ ക്യാബിനിലേക്ക് പോകാൻ പറഞ്ഞിട്ടുണ്ട്.... " "നന്നായി.... വാ പോകാം... " ശ്രീ എന്റെ കയ്യും പിടിച്ചു വലിച്ചു നടക്കുമ്പോൾ ഒരു പ്രതിമ കണക്കെ അവളുടെ കൂടെ പോയി ക്യാബിനിൽ എത്തി ഡോർ തുറന്നപ്പോ മൂപ്പർ ആരോടോ നല്ല അസ്സലായിട്ട് കൊഞ്ചലാണെന്ന് തോന്നുന്നു... ശ്രീയാണെങ്കിൽ എന്നെ നോക്കി ഒരുമാതിരി ചിരി ചിരിക്കുന്നുണ്ട്... വന്ന സങ്കടവും ദേഷ്യവുമെല്ലാം അവളുടെ കാലിൽ തീർത്തു.... "Whats the hell are you doing..... you don't know the manners when come to a cabin? .... bloody beggurs.....$&%$&$&&" ടേബിളിൽ ആഞ്ഞടിച്ചു കൊണ്ട് കടിച്ചാൽ പൊട്ടാത്ത കുറെ ഇംഗ്ലീഷ് തെറികൾ വിളിച്ചു കൊണ്ടിരുന്ന ന്യൂട്ടനെ ഒരത്ഭുത ജീവിയെ പോലെ കണ്ണിമ വെട്ടാതെ നോക്കി നിന്നു... പെട്ടെന്ന് ശ്രീയുടെ ചവിട്ടേറ്റപ്പോഴാണ് സ്ഥലകാല ബോധം വന്നത്... അവളേ നോക്കിയപ്പോൾ ചെവിയൊക്കെ വിരലിട്ട് ക്ലീൻ ചെയ്യുന്നുണ്ട്.... വീണ്ടും ടേബിളിൽ ഒരടി കേട്ടപ്പോൾ ഞെട്ടി തരിച്ചു കൊണ്ട് ന്യൂട്ടനെ നോക്കി... "നിനക്കൊക്കെ തോന്നുമ്പോൾ വരാനും പോകാനും ഇതെന്താ സത്രമാണോ.... നാളെ മുതൽ ഷാർപ് 10 മണിക്ക് ഇവിടെ എത്തിയിരിക്കണം.... ഇവിടെ വർക്ക് ചെയ്യുന്നവരൊക്കെ എനിക്ക് ഒരുപോലെയാണ്... അതീ സ്ഥാപനത്തിന്റെ മേധാവിയുടെ ആരായാലും.... " അവസാനം പറഞ്ഞത് എനിക്കിട്ട് വെച്ചതായത് കൊണ്ട്, ശ്രീയുടെ ആക്കിയുള്ള ചിരി തുടങ്ങി.... അല്ലെങ്കിലേ കലിപ്പിന്റെ എല്ലാ ഭാവങ്ങളും നിറഞ്ഞാടുന്ന ന്യൂട്ടന്റെ കലിപ്പ് ഒന്നൂടെ കൂട്ടണ്ടെന്ന് കരുതി സംനയനം പാലിച്ചു നിന്നു... അവസാനം ഗെറ്റ് ഔട്ട് അടിച്ചപ്പോൾ ഇളിച്ചു കൊണ്ട് പുറത്തിറങ്ങി.... പുറത്തെത്തിയപ്പോൾ എല്ലാ പുരുഷ സ്ത്രീ ജനങ്ങളും എന്തോ അത്ഭുത ജീവികളെ പോലെ നോക്കുന്നുണ്ട്, അപ്പോൾ അവിടെ പുറന്തള്ളിയതൊക്കെ ഇവിടെ കേട്ടിട്ടുണ്ടെന്ന് വ്യകതമായി.. അവർക്കൊക്കെ സൈക്കിളിൽ നിന്ന് വീണ ഒരു ഇളിയും പാസ്സ് ആക്കി സീറ്റിൽ വന്നിരുന്നു.. ശ്രീയെ നോക്കുമ്പോൾ ചെവിയിൽ വിരലിട്ട് ലണ്ടനിലെ സംസ്‍കാരശൂന്യമായ തെറികളൊക്കെ പുറന്തള്ളുന്ന തിരക്കിലാണ്.... എന്നാലും ഐനുവിന് എന്താ പറ്റിയെ എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല.... എന്നോടുള്ള വെറുപ്പും, പകയുമാണ് ആ വാക്കുകളിലും പ്രവർത്തികളിലും തെളിയുന്നതെന്ന് ഒരു നോവോടു കൂടി ഓർത്തപ്പോൾ ചങ്കിൽ ഒരു പിടച്ചിൽ അനുഭവപെട്ടു.... കൺകോണിൽ അടരുവാൻ വെമ്പി നിന്നാ നീർകണങ്ങളെ വിരലുകളാൽ ഒപ്പിയെടുത്ത് വർക്കിലേക്ക് ശ്രദ്ധിച്ചു .. ഉച്ചവരെ ഐനുവിന്റെ മുന്നിൽ പെടാതെ ഒളിച്ചും പാത്തും നടന്നു... സൈൻ ചെയ്യിക്കാനുള്ള ഫയൽസൊക്കെ രാമേട്ടന്റെ കയ്യിൽ കൊടുത്തു തടിതപ്പി... വെറുതെ എന്തിനാ ന്യൂട്ടന്റെ കയ്യിൽ നിന്ന് വാങ്ങിക്കുന്നെ.... ഉച്ചയ്ക്ക് ക്യാന്റീനിൽ നിന്ന് ഫുഡും കഴിച്ചു, ഒരു ബോട്ടിൽ ഫ്രൂട്ടിയും വാങ്ങി കുടിച്ചോണ്ട് വരുമ്പോഴാണ് ആരുമായോ കൂട്ടിയിടിച്ചത്... മുന്നിലേക്ക് നോക്കിയപ്പോൾ തൂവെള്ള ഷർട്ടിൽ ഇന്ത്യൻ മാപ്പു വരച്ചതുപോലെ ഫ്രൂട്ടി സ്വയം ഡിസൈൻ ചെയ്തിട്ടുണ്ട്.... ശ്രീയെ നോക്കുമ്പോൾ ഇപ്പൊ ബോധം പോകുമെന്ന രീതിയിലാണുള്ളത്... മെല്ലെ തലയുയർത്തി നോക്കിയപ്പോൾ കണ്ടു, എരിയുന്ന രണ്ടു കണ്ണുകൾ.... പരിചിതമായ കണ്ണുകളാണല്ലോ എന്നോർത്തെടുക്കുമ്പോയേക്കും തലയിലൂടെ എന്തോ ഒലിച്ചിറങ്ങുന്നത് പോലെ അനുഭവപെട്ടു. വായിൽ ഫ്രൂട്ടിയുടെ നല്ല മധുരിക്കും രുചി അനുഭവപെട്ടപ്പോഴാണ് സ്ഥലകാല ബോധം വന്നത്.... മുന്നിലുള്ള ന്യൂട്ടനെ കണ്ടപ്പോയെ എല്ലാം കൈവിട്ടു പോയെന്ന നഗ്ന സത്യം തിരിച്ചറിഞ്ഞു.... ഇത്രനേരം എന്റെ കയ്യിലുണ്ടായിരുന്ന ഫ്രൂട്ടിയുട ബോട്ടിൽ അവന്റെ ഉള്ളം കയ്യിൽ നിന്ന് നെരിഞ്ഞമരുന്നത് കണ്ടു.... "സോറി.... ഞാൻ അറിയാതെ... " പറഞ്ഞു മുഴുവനാക്കും മുന്നേ അവന്റെ പിടി കയ്യിൽ വീണിരുന്നു, പിടി വിടീക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും പരാജിതയായി കയ്യിലേക്കും അവന്റെ മുഖത്തേക്കും നിഷ്കുവായി നോക്കുമ്പോയേക്കും എന്റെ കൈയിൽ പിടിച്ചു വലിച്ചു ന്യൂട്ടൻ നടക്കാൻ തുടങ്ങിയിരുന്നു.. തിരിഞ്ഞു ശ്രീയെ നോക്കുമ്പോൾ വായ പൊത്തി ചിരിക്കുന്നതാണ് കണ്ടത്... അവളേ കണ്ണുരുട്ടി നോക്കി അറക്കാൻ കൊണ്ടു പോകുന്ന പോത്തിനെപ്പോലെ അവന്റെ കൂടെ നടന്നു.........തുടരും....