Novel

❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 25

രചന: തസ്‌നി

ന്യൂട്ടൻ ഹോൺ അടിക്കുന്നത് കേട്ടെങ്കിലും മൈൻഡ് ചെയ്യാൻ പോയില്ല….
ചെറുതായി മഴ ചാറാൻ തുടങ്ങി…
ഇരുട്ടിനിടയിൽ അങ്ങിങ്ങായി കേൾക്കുന്ന ചെറുജീവികളുടെ സീൽക്കാരങ്ങൾ പോലും ഉള്ളിൽ ഭയം നിറയ്ക്കാൻ തുടങ്ങി…

തുടരെ തുടരെയുള്ള ന്യൂട്ടന്റെ ഹോണടി കേട്ട് ചെവിയുടെ സ്റ്റേപിസും കോക്ലിയയും വരെ അടിച്ചു പോകുമെന്ന് തോന്നിയപ്പോൾ മടിച്ചു മടിച്ചു കാറിനരികിലേക്ക് നടന്നു…

നാളത്തെ പത്രത്തിലെ ഒരു വർത്തയാകേണ്ടെന്ന് കരുതി, പുറകിലെ ഡോർ തുറക്കാൻ നോക്കിയെങ്കിലും അത്‌ ലോക്ക് ആയിരുന്നു….മനസ്സിൽ ന്യൂട്ടനെ നല്ലോണം പ്രാകി കൊണ്ട് ഫ്രണ്ടിലെ ഡോർ തുറന്ന് കയറിയിരുന്നു….
ഒന്ന് അമർന്നിരിക്കും മുന്നേ വണ്ടി മുന്നോട്ട് എടുത്തത് കൊണ്ട് കൃത്യമായി തലകൊണ്ടോയി ഡാഷ് ബോർഡിൽ ഇടിച്ചു… നെറ്റി ഉഴിഞ്ഞു കൊണ്ട് ന്യൂട്ടനെ രൂക്ഷമായി നോക്കാൻ വേണ്ടി ഒരു ശ്രമം നടത്താൻ വിചാരിച്ചെങ്കിലും അവൻ ഡ്രൈവിങ്ങിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്തിരിക്കുകയാണ്…

ഉള്ളിൽ തികട്ടി വന്ന ദേഷ്യത്തെ വണ്ടിയുടെ സീറ്റിൽ കൈകൾ  ഞെരിച്ചു കൊണ്ട് തീർത്തു….

മൗനമായിരുന്നു, ഇരുവർക്കിടയിലും…. പറയാൻ ഒരുപാട് ഉണ്ടെങ്കിലും ഒന്നുമില്ലാത്ത അവസ്ഥ… ആദ്യമായി ന്യൂട്ടന്റെ കൂടെയുള്ള യാത്ര ഓർമയിൽ തികട്ടി വന്നതും കണ്ണിലുരുണ്ടു കൂടിയ കണ്ണുനീർ അവൻ കാണാതിരിക്കാൻ പുറത്തേക്ക് കണ്ണുകൾ നട്ടിരുന്നു…മഴ ശക്തിയായി താണ്ഡവമാടാൻ തുടങ്ങിയിരുന്നു….
നോവുന്ന ഓർമകളെ ഉള്ളിൽ തന്നെ കുഴിച്ചു മൂടി, സീറ്റിലേക്ക് തല ചായ്ച്ചു കണ്ണുകൾ അടച്ചു…

പെട്ടെന്ന് വണ്ടി നിർത്തിയത് പോലെ തോന്നി ന്യൂട്ടനെ നോക്കിയപ്പോൾ സ്റ്റിയറിങ്ങിൽ കൈവെച്ചു മുന്നോട്ട് നോക്കിയിരിക്കുകയാണ്….

എന്താണെന്നറിയാതെ കണ്ണ് മിഴിച്ചു നോക്കി കൊണ്ടിരിക്കുമ്പോൾ ന്യൂട്ടന്റെ ചോദ്യം കേട്ടാണ് സംഭവത്തിന്റെ കിടപ്പ് വശം മനസ്സിലായത്…

“എങ്ങോട്ടേക്കാ തനിക്ക് പോണ്ടത്… ”

കലിപ്പിലുള്ള അവന്റെ ചോദ്യം കേട്ട് അറിയാതെ തന്നെ മറുപടി പറഞ്ഞു… ടൗണിൽ നിന്ന് അൽപ്പം ഉള്ളോട്ടാണ് ഫ്ലാറ്റ്…

‘ടക്ക്.. ‘

കുറച്ചു ദൂരം മുന്നോട്ട് പോയി കാർ വലത്തോട്ടുള്ള  ഒരു റോഡിലേക്ക് വളയ്ക്കുമ്പോഴാണ് എവിടുന്നോ ആ ശബ്ദം കേട്ടത്…ശബ്ദത്തോടൊപ്പം വണ്ടിയും ഓഫായി…

“Damn it”

കലിപ്പോടെ ഇതും പറഞ്ഞു സ്റ്റിയറിങ്ങിൽ ഊക്കോടെ അടിക്കുന്ന ന്യൂട്ടനെ കണ്ടപ്പോയെ മനസ്സിലായി ടയർ  പഞ്ചറായെന്ന്…. ഉള്ളിൽ നുരഞ്ഞു    പൊന്തിയ ചിരിയെ പാട് പെട്ട് അവിടെ തന്നെ കെട്ടിപ്പൂട്ടി വെച്ചു….

പുറത്താണെങ്കിൽ തിമിർത്തു പെയ്യുന്ന മഴയ്ക്ക് ഒട്ടും തന്നെ ശമനമില്ല… ഗ്ലാസ്‌ തായ്തി ചുറ്റും നോക്കിയെങ്കിലും അടുത്തൊരു ഷോപ്പ് പോലുമില്ല….റോഡിൽ  നമ്മളെ വണ്ടിയല്ലാതെ വേറൊന്നും തന്നെ ഇല്ല…

ന്യൂട്ടന്റെ മുഖത്തു നോക്കിയപ്പോൾ തന്നെ എത്രത്തോളം കലിപ്പിലാണെന്ന് തിരിച്ചറിഞ്ഞു, മുഷ്ടി ചുരുട്ടി എന്നെ തന്നെ തുറിച്ചു നോക്കാൻ തുടങ്ങി  …. ഓഹ് നോട്ടം കണ്ടാൽ വിചാരിക്കും ഞാൻ ഇറങ്ങി പഞ്ചറാക്കിയതാണെന്ന്….
ഇങ്ങനെയൊക്കെ പറയാൻ നാവ് തരിച്ചെങ്കിലും സ്വരക്ഷ ഓർത്തു എല്ലാം ഉള്ളിൽ ഒതുക്കി, പ്രത്യേകിച്ച് ഈ ഒരു സാഹചര്യത്തിൽ…

അവൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി…

“നിന്റെ ആരേലും വരാന്ന് പറഞ്ഞിട്ടാണോ അവിടെ തന്നെ കുത്തിയിരിക്കുന്നത്…. ”

മഴയിൽ പുറത്തേക്ക് ഇറങ്ങാൻ പേടിച്ചു നിന്നാ എന്റെ നേരെ ഉള്ള ദേഷ്യം മൊത്തം എടുത്ത് ചാടിയപ്പോൾ അറിയാതെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി… അതിനിടയിൽ ഫോൺ എടുത്ത് ശ്രീയ്ക്ക് മെസ്സേജും അയച്ചു…

തിമിർത്തു പെയ്യുന്ന മഴയത്ത് ഇവനിതെങ്ങോട്ടാ പോകുന്നെ എന്ന് വിചാരിച്ചു നോക്കുമ്പോയേക്കും ന്യൂട്ടൻ മുന്നോട്ട് നടക്കാൻ തുടങ്ങിയിരുന്നു…

നടത്തത്തിനിടയിൽ തിരിഞ്ഞു നോക്കിയപ്പോഴാണ് ഒരടി പോലും നടക്കാതെ മഴയത്തു നിൽക്കുന്ന എന്നെ കണ്ടത്… പോയതിന്റെ നൂറിരട്ടി സ്പീഡിൽ എനിക്കരികിലേക്ക് വന്നു…

“എന്താ നിന്റെ ഉദ്ദേശം എനി ജാൻസി റാണിയെ ആനയിച്ചു കൊണ്ടു പോകണോ…. ഉഫ്ഫ് ഏത് നേരത്താണാവോ നിന്നെയൊക്കെ കേറ്റാൻ തോന്നിയെ… ”

തലയിൽ കൈവെച്ചു ന്യൂട്ടൻ പറയുന്നത് കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു…

“ഞാൻ പറഞ്ഞിനോ എന്നെ കയറ്റാൻ… അവിടെ നിന്ന് ഹോൺ അടിച്ചു നാട്ടാരെ ചെവി മൊത്തം പൊട്ടിച്ചത് താൻ തന്നെയല്ലേ…. ഏഹ്… ”

ഒട്ടും ശക്തി കുറക്കാതെ തന്നെ ഞാനും തിരിച്ചു ചോദിച്ചപ്പോൾ ദേഷ്യത്താൽ കൈകൾ കുടഞ്ഞു മുന്നോട്ട് നടന്നു…

ഇനിയും വെറുതെ ദേഷ്യം പിടിപ്പിക്കേണ്ടെന്ന് കരുതി, പതിയെ സ്ട്രീറ്റ് ലൈറ്റിന്റെ നേരിയ വെളിച്ചത്തിൽ അവന്റെ പുറകിൽ നടന്നു…

മഴയിൽ നനഞ്ഞു കുതിർന്നു ചുരിദാറൊക്കെ ശരീരത്തോട് ഒട്ടിപ്പിടിച്ചു…. അങ്ങനെയൊരു കോലത്തിൽ നടക്കാൻ പ്രയാസപ്പെട്ടെങ്കിലും ഒന്നു തിരിഞ്ഞുപോലും നോക്കാതെയുള്ള ന്യൂട്ടന്റെ പോക്ക് കണ്ടപ്പോൾ വേറൊന്നും ചിന്തിക്കാതെ കാലുകൾ വലിച്ചു നടക്കാൻ തുടങ്ങി….

കുറച്ചു ദൂരം പിന്നിട്ടിട്ടും ഒറ്റൊരു ഷോപ്പ്  പോലും കണ്ടില്ല… മഴയുടെ ശക്തിയിൽ ചുണ്ടുകൾ വിറയ്ക്കാൻ തുടങ്ങി…

“ഐനു….. ”

ഇനിയും  മഴകൊണ്ട് തണുപ്പ് അടിച്ചാൽ എന്തേലും ആകുമെന്ന് ആയപ്പോൾ ഉറക്കെ ന്യൂട്ടനെ വിളിച്ചു…

വിളികേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് ന്യൂട്ടൻ എന്റെ കോലം കണ്ടത്…
എന്താ എന്നുള്ള നോട്ടം കണ്ടപ്പോ തലയ്ക്ക് ഒന്നു കൊടുക്കാനാ തോന്നിയെ…

“എനിക്ക് വയ്യ മഴയത്ത് നടക്കാൻ..”

എങ്ങനെയൊക്കെയോ വിറയാർന്ന ചുണ്ടുകളാൽ പറഞ്ഞൊപ്പിച്ചു…

ഉള്ളിലേക്ക് തണുപ്പ് കയറി ശരീരം തളരാൻ തുടങ്ങിയിരുന്നു… എന്റെ കോലം കണ്ടിട്ടാകണം ന്യൂട്ടൻ ചുറ്റുപാടും നോക്കി, ഒരു ഓലമേഞ്ഞ പഴയ ബസ് ഷെഡിലേക്ക് എന്റെ കയ്യും പിടിച്ചു നടന്നു…

അവിടെ എത്തി, കവുങ്ങിൻ തടിയിൽ  തീർത്ത ഇരിപ്പിടത്തിലേക്ക് ഇരിക്കുമ്പോഴും അടിമുടി വിറയ്ക്കുന്നുണ്ടായിരുന്നു…. പല്ലുകൾ തമ്മിൽ കൂട്ടി ഇടിക്കുന്ന ശബ്ദം കേട്ടിട്ടാവണം ന്യൂട്ടൻ എനിക്കരികിലേക്ക് വന്നിരുന്നു…

ന്യൂട്ടന്റെ സാമീപ്യവും അവനിൽ നിന്നും ഉഴരുന്ന ആ പഴയ  പേരറിയാത്ത പെർഫ്യൂമിന്റെ ഗന്ധവും ശരീരത്തെ ചൂട് പിടിപ്പിക്കാൻ തുടങ്ങിയിരുന്നു ….
ഒരു നിമിഷമാ നെഞ്ചിലെ ചൂടിൽ പറ്റിച്ചേർന്നു തണുപ്പിനെ അകറ്റാൻ ഉള്ളം വെമ്പിയെങ്കിലും പെട്ടെന്ന് വന്ന ബോധോദയത്തിൽ ചിന്തകളെ ആട്ടിപ്പായിച്ചു….

എന്റെ മുഖത്തു പോലും നോക്കാതെ തലയിൽ ചുറ്റിയ ഷാൾ അഴിച്ചു വെള്ളം മുഴുവൻ പിഴിഞ്ഞു കുടഞ്ഞു, തലയിലേക്ക് തന്നെ ഇട്ടു തന്നു… ന്യൂട്ടന്റെ പ്രവർത്തിയിൽ നിറഞ്ഞൊഴുകിയ കണ്ണുനീർ മഴയിൽ അലിഞ്ഞു ചേർന്നു… ഇത്ര നേരത്തിനിടയിൽ ഒരിക്കൽ പോലും ന്യൂട്ടന്റെ നോട്ടം എന്നിലേക്ക് പതിഞ്ഞില്ലെന്ന്  ഒരു തരം വിങ്ങലോടെയും  അത്ഭുതത്തോടെയും  ഓർത്തു….

അല്ലേലും മറ്റൊരാൾക്ക്‌ സ്വന്തമാണെന്ന്  അറിഞ്ഞിട്ടും വീണ്ടും സ്നേഹിക്കുന്നത് ഞാൻ മാത്രമേ ഉണ്ടാകൂ…

എന്റെ കൈകൾ എടുത്ത് തിരുമ്മി ചൂടാക്കുമ്പോയും എന്റെ കണ്ണുകൾ ആ മുഖത്തു തന്നെയായിരുന്നു….

മഴയുടെ ശക്തി കുറഞ്ഞതിനോടൊപ്പം ന്യൂട്ടൻ പകർന്നു നൽകിയ ചൂടിൽ ഉള്ളിലെയും  പുറമെയുമുള്ള വിറയൽ ഒരു വിധം കെട്ടടങ്ങി…

ഡ്രെസ്സിലെ വെള്ളം കുറച്ചൊക്കെ ആറി തുടങ്ങിയപ്പോൾ, പതിയെ റോഡിലേക്കിറങ്ങി…

കുറച്ചു മുന്നോട്ട് നടന്നപ്പോൾ ഒരു ചെറിയ ചായ പീടിയ കണ്ടു, ന്യൂട്ടൻ  വേഗം തന്നെ അവിടേക്ക് കയറി  ആ ചേട്ടനോട് എന്തൊക്കെയോ ചോദിച്ചു ആരെയോ ഫോൺ വിളിക്കുന്നത് കണ്ടു…

ഒന്നോ രണ്ടോ ആൾക്കാർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു, അത്കൊണ്ട് തന്നെ അവിടെ കണ്ട ബെഞ്ചിൽ പോയിരുന്നു….

തണുപ്പിനെ തടുക്കാൻ നല്ല ആവിപറക്കുന്ന  സുലൈമാനി കിട്ടിയെങ്കിൽ എന്ന് മനസ്സിൽ വിചാരിച്ചു പുറത്തേക്ക് നോക്കിയിരിക്കുമ്പോഴാണ് മുന്നിലെ മേശയിൽ എന്തോ ശക്തിയോടെ ആരോ വെച്ചത്…തല ചെരിച്ചു നോക്കിയപ്പോൾ മുന്നിൽ ഒരു ഗ്ലാസിൽ  ആവിപറക്കുന്ന സുലൈമാനിയും തൊട്ടപ്പുറത്ത് ചായ ഊതി കുടിക്കുന്ന ന്യൂട്ടനും… ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി മായ്ക്കാതെ ഗ്ലാസ്‌ എടുത്ത് ചുണ്ടോടടുപ്പിച്ചു…

ചിന്ത മുഴുവനും ന്യൂട്ടനെ കുറിച്ചായിരുന്നു…. എന്താണ് അവന്റെ മനസ്സിൽ എന്നറിയില്ല… ഈ കെയറിങ്ങും ഇതൊക്കെ കാണുമ്പോൾ പഴയ സ്നേഹം അവന്റെ ഉള്ളിൽ എവിടെയോ ഉള്ളത് പോലെ…. എത്ര ശ്രമിച്ചിട്ടും മനസ്സിലാക്കാൻ പറ്റാത്തൊരു സമസ്യയായി മാറുകയാണല്ലോ ഐനു നീ….

“വേറൊരു അർത്ഥവും നീ ഇതിൽ കാണേണ്ട…. നിന്നോടുള്ള പഴയ സ്നേഹം പൊട്ടിമുളച്ചതുമല്ല.. എന്റെ കീഴിൽ ജോലി ചെയ്യുന്ന ഒരാൾക്ക് ഞാൻ കാരണം ഒന്നും സംഭവിക്കരുത് എന്ന് മാത്രമേ ഞാൻ ചിന്തിച്ചിട്ടുള്ളു.. അതിലപ്പുറതെക്ക് പോകേണ്ട…. വണ്ടി റിപ്പയർ  ചെയ്തിട്ടുണ്ട്…. ഫ്ലാറ്റിൽ എത്തണം എന്നുണ്ടെങ്കിൽ എഴുന്നേറ്റ് വാ… ”

എന്റെ നോട്ടം കണ്ടിട്ടാകണം
ഇതും പറഞ്ഞു കയ്യിലുള്ള ഗ്ലാസ്‌ ശക്തിയിൽ മേശയിൽ വെച്ചു ന്യൂട്ടൻ റോഡിലേക്കിറങ്ങി…

ഉള്ളിൽ അലയടിച്ച സങ്കടത്തെ കടിച്ചമർത്തി,  ഗ്ലാസ്‌ അവിടെ വെച്ചു ഞാനും പിറകെ ഇറങ്ങി

ഫ്ലാറ്റിന്റെ മുന്നിൽ എത്തുന്നത് വരെ മൗനമായിരുന്നു.അറിയാതെ  ഒരു നോട്ടം പോലും ന്യൂട്ടനിലേക്ക് പായിച്ചില്ല… മനസ്സിനെയും കണ്ണുകളെയും സ്വയം നിയന്ധ്രിച്ചു  വെച്ചു….

കാറിൽ നിന്നിറങ്ങി ന്യൂട്ടനോട് ഒരു താങ്സ് പറയാമെന്നു കരുതും മുന്നേ, വണ്ടിയെടുത്തു പോയിരുന്നു…
കണ്ണിൽ നിന്ന് മറയുന്നത് വരെ അവിടെ തന്നെ നോക്കി  നിന്നു… ഫ്ലാറ്റിലെത്തിയിട്ട് ശ്രീയോട് വള്ളിപുള്ളി തെറ്റാതെ എല്ലാം വിവരിച്ചു കൊടുത്തു… അവളെയും വിഷമിപ്പിക്കേണ്ട എന്ന് കരുതി മനസിലുള്ള  സങ്കടങ്ങളൊന്നും പുറമെ കാണിച്ചില്ല….

ദിവസങ്ങൾ കടന്നു പോയി….  ആദി സാർ പോയിട്ട് ഒരു മാസം പിന്നിട്ടു… ഇടയ്‌ക്കു വിളിച്ചു സുഖവിവരങ്ങൾ അന്വേഷിക്കും എന്നല്ലാതെ വേറൊരു ബുദ്ധിമുട്ടും മൂപ്പരെ കൊണ്ടില്ല…

ന്യൂട്ടനെ മറക്കാനുള്ള ഡോസ് കുറച്ചു കുറച്ചായി മനസ്സിന് കൊടുത്തു കൊണ്ടിരുന്നു… കുറച്ചു ദിവസം ന്യൂട്ടൻ ഒന്നും പറഞ്ഞില്ലെങ്കിലും പതിയെ പതിയെ തൊട്ടതിനൊക്കെ എന്നോട് ചാടി കയർക്കാൻ തുടങ്ങി… ആദ്യമാദ്യം എംഡിയുടെ ക്യാബിനിന്റെ ഉള്ളിൽ നിന്ന് മാത്രമായിരുന്നെങ്കിൽ  പതിയെ എല്ലാരുടെ മുന്നിൽ നിന്നും കലിപ്പ് തീർക്കാൻ തുടങ്ങി…. എല്ലാരുടെ മുന്നിൽ നിന്നും അപമാനിതയായി കണ്ണുനീർ ഒലിപ്പിക്കുന്ന കാഴ്ച സ്ഥിരമായതോടെ ഓഫീസിൽ പോക്കേ മടുക്കാൻ തുടങ്ങി….

 

ഓഫീസിലെ സ്റ്റാഫുകൾക്കിടയിൽ കുറച്ചു കോഴിത്തരം കൈവശമുള്ളയാളാണ് ഷാൻ…ആ സ്വഭാവം കൊണ്ട് തന്നെ കൂടുതൽ അവനുമായി അടുപ്പം ഉണ്ടായിരുന്നില്ല….

തിരക്കിട്ടു ഏതോ ഫയൽ എടുക്കാൻ സ്റ്റോറൂമിലേക്ക് പോകുമ്പോഴാണ് എതിരെ വന്ന ഷാൻ മനപ്പൂർവമെന്ന രീതിയിൽ ഇടിച്ചത്…കണ്ടിട്ടും കാണാതെ പോയ എന്നെ വീണ്ടും കാൽവെച്ചു വീഴ്ത്താൻ നോക്കി…പെട്ടെന്നുള്ള അറ്റാക്കിൽ കാലിടറി വീഴാൻ പോയ എന്നെ അവൻ തന്നെ അരയിലൂടെ പിടിച്ചു നിർത്തി….

അരയിലുള്ള അവന്റെ പിടുത്തം അരോചകമായി, അവന്റെ കൈ അടർത്തി മാറ്റാൻ ശ്രമിക്കും തോറും കൂടുതൽ  മുറുക്കാൻ തുടങ്ങി…

പെട്ടെന്ന് എന്തോ വലിയ ശബ്ദം കേട്ടു ഞെട്ടി തരിച്ചു, ചുറ്റും നോക്കിയപ്പോൾ കണ്ടു, ആരെയോ ടേബിളിലുള്ള സിസ്റ്റം വലിച്ചെറിഞ്ഞു കത്തുന്ന കണ്ണുകളാലെ ഞങ്ങളെ തന്നെ നോക്കുന്ന ന്യൂട്ടനെ….

ശബ്ദം കേട്ട് ഓഫീസിലുള്ള സകല സ്റ്റാഫും കാഴ്ച കാണാൻ എത്തിയിട്ടുണ്ട്….

“എന്താ ഇവിടെ….ഏഹ്…ഇതൊരു ഓഫീസ് അല്ലേ…നിങ്ങളെ എല്ലാ തോന്നിയവാസവും കളിക്കാനുള്ള സ്ഥലമല്ല ഇത്…അങ്ങനെ എന്തേലും വേണമെന്നുണ്ടെങ്കിൽ പുറത്തു പോയിട്ട് വേണം, ഇത് ഒരു മാന്യമായ സ്ഥാപനമാണ്….”

ന്യൂട്ടന്റെ  ഓരോ വാക്കുകളും  കേട്ട് അപമാനഭാരത്താൽ തല തായ്‌ന്നു….ചുട്ടുപൊള്ളുന്ന കണ്ണുനീർ കാല്പാദത്തിലേക്ക് ഉറ്റികൊണ്ടിരുന്നു….
ചുറ്റുമുള്ളവർ മുറുമുറുക്കാൻ തുടങ്ങുമ്പോയേക്കും ന്യൂട്ടൻ എല്ലാരേയും ഗെറ്റ്ഔട്ട്‌ അടിച്ചു….

ശ്രീയെ പോലും തലയുയർത്തി നോക്കാതെ കരഞ്ഞു കൊണ്ട് വാഷ്‌റൂമിലേക്ക് ഓടിപോയി…
സങ്കടങ്ങളൊക്കെയും കരഞ്ഞു തീർത്തു, പലതും മനസ്സിൽ കണക്ക് കൂട്ടി  ക്യാബിനിലേക്ക് നടന്നു…

ശ്രീ കുറെ ആശ്വസിപ്പിച്ചെങ്കിലും ഉള്ളിൽ തികട്ടിവന്ന സങ്കടത്തിനും അതിനേക്കാളുപരി എല്ലാരുടെ മുന്നിലും അപമാനിക്കപ്പെട്ടതിന്റെ ദേഷ്യത്തിനും ഒരു തരിമ്പ് പോലും കുറവ് അനുഭവപ്പെട്ടില്ല…

ഒരു പേപ്പർ എടുത്ത് കുത്തികുറിക്കുന്നത് കണ്ടു ശ്രീ കുറെ ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന് കണ്ണ് ചിമ്മി കാണിച്ചു…
അതുമെടുത്തു, ടേബിളിലുള്ള ഫോണും എടുത്ത്  ന്യൂട്ടന്റെ ക്യാബിനിലേക്ക് നടന്നു…

ക്യാബിനിന്റെ മുന്നിൽ എത്തി ഒരുവട്ടം ഡോറിന് മുട്ടാൻ തുനിഞ്ഞെങ്കിലും വേണ്ടെന്ന് കരുതി അത്‌ തള്ളി തുറന്നു…

പെട്ടെന്നുള്ള എന്റെ വരവും മുഖഭാവവും കണ്ടു ന്യൂട്ടൻ ഞെട്ടിയെങ്കിലും അതൊക്കെ അതിസമർത്ഥമായി മറച്ചു പിടിച്ചു കലിപ്പോടെ എഴുന്നേറ്റ് നിന്നു….

“വാട്ട്‌ നോൺസെൻസ്….”

“നിർത്തഡോ…ഓന്റെയൊരു അമ്മൂമ്മേടെ ഇംഗ്ലീഷ്….”

ന്യൂട്ടനെ മുഴുമിപ്പിക്കാൻ പറയാതെ അതിലും കലിപ്പിൽ ഞാൻ ശബ്ദം ഉയർത്തി പറഞ്ഞത് കേട്ട് അവന്റെ മുഖമൊക്കെ വിളറി വെളുത്തിട്ടുണ്ട്….

“എന്താ താനൊക്കെ കരുതിയെ…ഏഹ്..ഞാനൊക്കെ നിനക്ക് എന്തും പറഞ്ഞു രസിക്കാനുള്ള കളിപ്പാവയാണെന്നാണോ….ഇത്രനാളും എല്ലാം കേട്ട് നിന്നത് തെറ്റ് എന്റെ ഭാഗത്തു ആയത് കൊണ്ടാ….ആത്മാർത്ഥമായ നിന്റെ സ്നേഹം തട്ടിത്തെറിപ്പിച്ചെന്ന കുറ്റബോധം കൊണ്ടാ…എന്ന് കരുതി ക്ഷമയുടെ നെല്ലിപ്പടിക തൊണ്ടരുത്…ഹൈറ എല്ലാം സഹിക്കുന്നവളാ….എല്ലാരുടെ കുത്തുവാക്കുകളും അവഹേളനങ്ങളും കേട്ട് നിൽക്കും..പക്ഷേ എന്റെ ആത്മാഭിമാനത്തിൽ, അതും ഒരു പെണ്ണിന്  താങ്ങാൻ പറ്റാത്ത ഇത്തരത്തിലുള്ള അപമാനം നേരിട്ടാൽ ഈ ഹൈറ ക്ഷമിക്കില്ല….

സ്നേഹിച്ചിരുന്നു ഞാൻ….എന്റെ പ്രാണനേക്കാളേറെ….എന്റെ ഓരോ ശ്വാസവും നീയായിരുന്നു…നിന്നോട് ഇഷ്ടമല്ലെന്ന് പറഞ്ഞത് തൊട്ട് നീറി നീറിയാ ഞാൻ ജീവിച്ചേ…നിന്നെ അവഗണിക്കുന്ന ഓരോ നിമിഷങ്ങളും തകർന്നതും സ്വയം ഉരുകിയതും ഞാനാ…അത്രമേൽ എന്റെ ആത്മാവിൽ അലിഞ്ഞിരുന്നു നീ..നീ പറഞ്ഞത് പോലെ ഉറക്കം നഷ്ടപെട്ടിട്ടു നാളുകൾ ഏറെയായി…എന്റെ ഉറക്കിലും ഉണർവിലും എല്ലാം നീ മാത്രമായിരുന്നു…
..ആ നിന്നെ മനസ്സിൽ പ്രതിഷ്ഠിച്ചത് കൊണ്ട് മാത്രമാ ആദി സാറെ പ്രൊപോസൽ പോലും ഞാൻ സ്വീകരിക്കാതിരുന്നത്..പക്ഷേ ഇപ്പൊ നിന്നോട് എന്ത് വികാരമാ എനിക്ക് തോന്നുന്നേ എന്നറിയില്ല….”

ഇത്രയും പറഞ്ഞു കൊണ്ട് നിറഞ്ഞ കണ്ണുകൾ തുടച്ചു ന്യൂട്ടനെ നോക്കിയപ്പോൾ ഞാൻ പറഞ്ഞതൊന്നും വിശ്വസിക്കാൻ പറ്റാതെ ഞെട്ടി തരിച്ചു നിൽക്കുന്നുണ്ട്…

പതിയെ കൈകൾ ന്യൂട്ടന്റെ അരികിലേക് നീക്കി, കയ്യിലുണ്ടായിരുന്ന റിങ് ഊരി എടുത്തു…

“ഓർമ്മയുണ്ടോ ഇത്…അന്ന് എന്റെ മുന്നിൽ നീ വലിച്ചെറിഞ്ഞ റിങ് ആണിത്…അന്ന് അണിഞ്ഞതാണീ വിരലിൽ..ഇന്നുവരെ ഞാൻ ഊരിയിട്ടില്ല…ഇനി ഇനി ഇതിന്റെ ആവിശ്യമില്ല..ഇതെന്റെ വിരലിൽ ഉണ്ടാവുന്നിടത്തോളം
ആദി സാറെ സ്നേഹിക്കാൻ പറ്റില്ല….മനസ്സിൽ ഇന്നുവരെ ആ സ്ഥാനത്തു സാറേ കാണാൻ പറ്റിയില്ല…ഇനിയും വിഷമിപ്പിക്കാൻ വയ്യ…പതിയെ പതിയെ ആ മനുഷ്യനും  ഈ ഹൃദയത്തിൽ ഒരു സ്ഥാനം കൊടുക്കണം

…പിന്നെ ഇത് റിസൈനിങ്‌ ലെറ്ററാ…ഇനിയും ഈ സ്ഥാപനത്തിൽ ഞാൻ തുടരാൻ ആഗ്രഹിക്കുന്നില്ല….പിന്നെ നേരം കിട്ടുമ്പോൾ സാർ ഒന്ന് സിസിടീവി നോക്കി യാഥാർഥ്യം എന്താണെന്ന് മനസ്സിലാക്ക്…എന്നിട്ട്  അങ്ങനെത്തെ നരമ്പു രോഗികളെ പിടിച്ചു പുറത്താക്ക്…അല്ലാതെ ഒന്നുമറിയാതെ മറ്റുള്ളവരുടെ നെഞ്ചത്തോട്ടല്ല കേറെണ്ടെ….”

ഇതും പറഞ്ഞു പ്രാണൻ പോകുന്ന വേദനയാൽ ആ റിങ് ഊരി ടേബിളിൽ വച്ചു  ന്യൂട്ടനെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ, ഒഴുകുന്ന കണ്ണുനീർ തുടച്ചു മാറ്റാതെ ക്യാബിനിൽ നിന്ന് പുറത്തിറങ്ങി…

പുറത്തെത്തി കണ്ണുകൾ തുടച്ചു തലയുയർത്തി നോക്കിയപ്പോൾ, കണ്ണും  നിറച്ചു മുന്നിൽ നിൽക്കുന്നയാളെ കണ്ടു ഒരു നിമിഷം തറഞ്ഞു നിന്നുപോയി…”അയ്യേ.. ”

……..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button