Novel

❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 3

രചന: തസ്‌നി

“ദേ ചേട്ടാ…അവിടെ നിർത്തിയെ…”

ഓട്ടോ ഒരു ഓടിട്ട ചെറിയൊരു വീടിന് മുന്നിൽ നിർത്തി…
അവൾ ഓട്ടോയിൽ നിന്നിറങ്ങി ഓട്ടോ കൂലിയും കൊടുത്തു വീട്ടിലേക്ക് നടന്നു..

ചെറുതാണെങ്കിലും ഒറ്റ നോട്ടത്തിൽ തന്നെ വൃത്തിയും വെടിപ്പും തോന്നിക്കുന്നൊരു
വീടാണ്…മുറ്റത് ഇരുവശങ്ങളിലുമായി ധാരാളം പൂക്കൾ…

അവൾ മുറ്റത്തെത്തി നേരെ പൂക്കൾക്കിടയിലേക്ക് ഇറങ്ങി…. ഉതിർന്നു വീഴാറായ മുല്ലപ്പൂക്കൾ കൈകളാൽ അടർത്തി മെല്ലെ അതിന്റെ സുഗന്ധം ആസ്വദിച്ചു….

 

“ഉമ്മാ…. ”

ശബ്ദം കേട്ട് റസിയുമ്മ ഉമ്മറത്തേക് ഓടി വന്നു…വരുന്ന വിവരം പറഞ്ഞിരുന്നില്ല…അത്കൊണ്ട് തന്നെ പെട്ടെന്ന് കണ്ടതിലുള്ള സന്തോഷമായിരുന്നു ആ കണ്ണുകളിൽ…

ഓടി വന്നു ഇറുകെ പുണർന്നു.

“മോൾ വരുന്നത് പറഞ്ഞില്ലല്ലോ…. ഉമ്മ ഇപ്പൊ കൂടെ വിചാരിച്ചതേ ഉള്ളൂ മോളെ കുറിച്ച്…. ”

“പറഞ്ഞിട്ട് വന്നാൽ ഈ സന്തോഷം കാണാൻ പറ്റുമോ എന്റെ പുന്നാര റസിയ കുട്ടി…”

ഇതും പറഞ്ഞു ഉമ്മാന്റെ കവിളിൽ പിച്ചി…

ഉമ്മയുടെ നോട്ടം എന്റെ പിറകിലേക്കായിരുന്നു….

“നോക്കേണ്ട ഉമ്മാ…. ഉമ്മാന്റെ ശ്രീ മോൾ വന്നിട്ടില്ല…അവൾക് ലീവ് കിട്ടിയില്ല…”

അത്‌ പറഞ്ഞപ്പോൾ ആ മുഖത്തു നിരാശ പടർന്നു…എന്നേക്കാൾ ഇഷ്ടം ഉമ്മാക്ക് ശ്രീയോടാണെന്ന് തോന്നിപോകും….

“ഹാനു എവിടെ ഉമ്മാ…”
അകത്തേക്ക് കയറിക്കൊണ്ട് ഞാൻ ചോദിച്ചു…

“അവൻ ഇന്ന് ലീവ് അല്ലേ എന്ന് പറഞ്ഞു ഉറക്കമാണ്…. നീ അവന്റെ അടുത്തേക്ക് പോകുന്നതൊക്കെ കൊള്ളാം…എപ്പഴത്തെയും പോലെ ഒച്ചപ്പാട് ആകാൻ ആണ് ഉദ്ദേശമെങ്കിൽ അന്ന് പൊട്ടിച്ചു വെച്ച പേരവടി ഇപ്പോഴും ഇവിടെ തന്നെ ഉണ്ട്”

ഹാനുവിനെ വിളിക്കാൻ അവന്റെ റൂമിലേക്ക് കാലെടുത്തു വെക്കും മുന്നേയുള്ള ഉമ്മാന്റെ ഭീഷണി കേട്ട് ഒന്നു ഇളിച്ചു കൊടുത്തു…

റൂമിൽ എത്തി നോക്കുമ്പോൾ തവള ചത്തു കിടന്നത് പോലെയാ ചെക്കെന്റെ കിടത്തം…
ടേബിളിൽ കണ്ട ജഗ്ഗിലെ വെള്ളം എടുത്തു അവന്റെ തലവഴി ഒഴിച്ചു…

“അയ്യോ.. വെള്ളപൊക്കം വന്നേ… കടവുളേ കാപ്പാത്തുങ്കോ…”
അവന്റെ അലറൽ കേട്ട് ഞാൻ പൊട്ടി ചിരിച്ചു…

എന്റെ ചിരി കേട്ട് അവൻ കണ്ണുകൾ വലിച്ചു തുറന്ന് ഒന്നൂടെ തിരുമ്മി നോക്കി…

“ഡി ഇത്തു പിശാചേ…. നീയായിരുന്നോ…. ” അവൻ അതും പറഞ്ഞു തലയിണ എടുത്തു എന്റെ നേരെ എറിയാൻ തുടങ്ങി….

“നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് എടി പോടീ എന്നൊന്നും വിളിക്കറ് എന്ന്…ഇത്തൂസെ എന്ന് വിളിക്കണമെന്ന് ”

അവന്റെ ചെവിയിൽ പിടിച്ചു മുരടികൊണ്ട് ഞാൻ പറഞ്ഞു…

“ആഹ്…. ഉമ്മച്ചിയേ…. എന്നെ കൊല്ലുന്നേ…”

നിലവിളിക്കാൻ തുടങ്ങിയ അവന്റെ വായ പൊത്തിപിടിച്ചു, ഇല്ലെങ്കിൽ ഉമ്മാ സത്യമാണെന്നു കരുതി പേരവടി എടുത്തു ഇങ്ങ് വരും, എന്തിനാ വെറുതെ ഉമ്മാന്റെ കൈക്ക് പണിയാക്കൂന്നെ…

അവനോടുള്ള മല്പിടിത്തമൊക്കെ കഴിഞ്ഞു നേരെ റൂമിലോട്ട് പോയി…ഡ്രെസ്സൊക്കെ ചേഞ്ച്‌ ആക്കി ശ്രീയെ വിളിച്ചു ലാൻഡ് ചെയ്തത് റിപ്പോർട്ട്‌ ചെയ്തു…

ഷെൽഫ് തുറന്ന് പഴയ ഒരാൽബത്തിൽ നിന്ന് ഉപ്പയുടെ ഫോട്ടോയെടുത്തു നിറകണ്ണുകളാലെ മുത്തവും നൽകി…
ആൽബം തിരിച്ചു വെച്ചു അടുക്കളയിലേക്ക് പോയി…

ഫുടൊക്കെ കഴിച്ചു, കത്തിവെക്കലും പാരവെക്കലുമൊക്കെ ആയി സമയം കടന്നു പോയി….

ഉച്ചയ്ക്ക് കിടക്കയിൽ കിടന്നപ്പോൾ അറിയാതെ ഒന്ന് മയങ്ങി പോയി…
തലയിൽ തലോടൽ അനുഭവപെട്ടപ്പോഴാണ് കണ്ണുകൾ തുറന്നത്….നോക്കാതെ തന്നെ അറിയാമായിരുന്നു ആരാണെന്നു…മെല്ലെ എഴുന്നേറ്റ് ആ മടിയിൽ തലവെച്ചു മുഖം വയറിലേക് പൂയ്ത്തി കിടന്നു….ലോകത്ത് എവിടെയും കിട്ടാത്ത ഒരു സുഗമാണിത്…

“ഹൈറാ….”

ഉമ്മയുടെ വിളി കേട്ട് ഞാൻ ആ മുഖത്തേക്ക് ഉറ്റുനോക്കി…കാരണം എന്തെങ്കിലും കാര്യമായി പറയാൻ ഉണ്ടെങ്കിൽ മാത്രമേ ഞാൻ ഇങ്ങനെ കിടക്കുമ്പോൾ ഉമ്മ വിളിക്കുകയുള്ളു…

“എന്താണ് റസിയുമ്മ…”

“അത്‌ പിന്നെ….”

വാക്കുകൾ കിട്ടാതെ പതറി കളിക്കുമ്പോയെ എന്തൊ കാര്യമായിട്ട് പറയാനുണ്ടെന്ന് മനസ്സിലായി…

“മോൾ എത്ര കാലം എന്ന് വിചാരിച്ചിട്ടാ ഇങ്ങനെ നിൽക്കുക….മോളെ പ്രായത്തിലുള്ള മക്കളൊക്കെ കല്യാണവും കഴിഞ്ഞു മക്കളും ആയി…”

ഓഹ്…കാള വാലുപൊക്കുമ്പോയെ കാര്യം മനസ്സിലായി…പറ ബാക്കി പറ

“ഈ ഉമ്മാക് എന്തെങ്കിലും പറ്റിയാൽ എന്റെ മോൾക്ക് ആരാ…അതിനുമുന്നെ എനിക്ക് നിന്നെ ആരുടെയെങ്കിലും കയ്യിൽ ഏല്പിക്കണം…മോൾ എന്ത് കൊണ്ടാ കല്യാണത്തിന് സമ്മതിക്കാതെ എന്ന് ഉമ്മാക്ക് അറിയില്ല….ആരോടെങ്കിലും മോൾക് ഇഷ്ടം ഉണ്ടോ…ഉണ്ടെങ്കിൽ ഉമ്മാ നടത്തി തരാം…ഇല്ലെങ്കിൽ മോൾ ഇനിയും ഉമ്മാനോട് ഇപ്പൊ വേണ്ടാ എന്ന് മാത്രം പറയരുത്..”

എന്റെ കവിളിൽ എന്തൊ ഉറ്റിയപ്പോഴാണ് ഉമ്മ കരയുകയാണെന്ന് മനസ്സിലായത്….

കൈകൾ കൊണ്ട് ആ കണ്ണുനീർ തുടച്ചു കൊടുത്തു , നിർവികാരതയോടെ ഉമ്മയെ തന്നെ നോക്കി നിന്നു

“മോൾക് ഒരു ആലോചന വന്നിട്ടുണ്ട്…നമുക്ക് ഈ സ്വപ്നത്തിൽ പോലും കാണാൻ പറ്റാത്ത ബന്ധമാ…ഈ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട് കണ്ടിട്ടും അവർ ഈ ആലോചന കൊണ്ട് വന്നിട്ടുണ്ടെങ്കിൽ അവരുടെ നല്ല മനസ്സല്ലേ….ഞാൻ കുറേ പറഞ്ഞു നോക്കി ഇത്രവലിയ വീട്ടിലേക്കൊന്നും മോളെ പറഞ്ഞയക്കുന്നില്ല എന്ന് ”

“ആരാ ഉമ്മാ…എവിടെ നിന്നാ…”

അറിയാനുള്ള ആകാംഷ വാക്കുകളായി പുറത്ത് വന്നു..

“കണ്ണൂർ തന്നെയാ….മോളോട് അവർ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു…മോളെ ഓഫീസിലെ എംഡി ആണെന്ന് പറഞ്ഞു….”

ഉമ്മയുടെ മറുപടി കേട്ട് എന്റെ തലക്കകത്തുള്ള സകല കിളികളും പറന്നു പോയി…
ഇയാൾക്കു ഇത് എന്നാത്തിന്റെ കേടാ പടച്ചോനെ…
ഉമ്മാനോട് എന്ത് മറുപടി പറയണമെന്ന് അറിയാതെ കുഴഞ്ഞു…

“മോൾ ഉമ്മാനെ വിഷമിപ്പിക്കില്ലെന്ന് അറിയാം…ആലോചിച്ചു ഒരു തീരുമാനം എടുക്ക്…”
ഇതും പറഞ്ഞു നെറ്റിയിലൊരു മുത്തവും നൽകി ഉമ്മാ പോയി…

അടക്കിപ്പിടിച്ച കണ്ണുനീർ ചാലുകളായി ഒഴുകി…. എത്ര തന്നെ മറക്കാൻ ശ്രമിച്ചിട്ടും അതിനേക്കാൾ നൂറിരട്ടിയായി അവന്റെ ഓർമ്മകൾ ഉള്ളിലേക്ക് ഓടിയെത്തി…

തേടിയെത്തുമെന്ന് കരുതി ഇത്രനാളും…അല്ലങ്കിലും ശ്രീ പറന്നതുപോലെ അതിന് മാത്രം ഒരു പ്രതീക്ഷയും ഞാൻ നല്കിയിട്ടില്ലലോ…

പലതും കണക്ക് കൂട്ടി,ഫോൺ എടുത്തു ഷാനയുടെ നമ്പർ എടുത്തു…. ഡിഗ്രിക് എന്റെ കൂടെ പഠിച്ച പെണ്ണാണ്…എന്തിനും ഏതിനും എന്റെ കൂടെ ഉണ്ടായിരുന്നു..ഞാൻ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നവന്റെ അടുത്ത ബന്ധുവാണ് ഷാന…ഡിഗ്രിക് പഠിക്കുമ്പോ അത്രയ്ക്കും ക്ലോസ് ആയിരുന്നു ഞങ്ങൾ…ഈ നാട്ടിൽ നിന്നും പോയപ്പോൾ പതിയെ അവളുമായിട്ടുള്ള ബന്ധവും കുറഞ്ഞു വന്നു…എങ്കിലും എപ്പോയെങ്കിലും വിളിച്ചു സുഖ വിവരങ്ങൾ അന്വേഷിക്കും…. എങ്കിലും ഒരിക്കൽ പോലും ഞാൻ അവന്റെ കാര്യം അന്വേഷിച്ചിട്ടില്ല, അവളായിട്ട് പറഞ്ഞതുമില്ല…. ഇനി അവനായിട്ട് തേടി വരില്ല, ഞാൻ ആയിട്ട് പോകണം….

ഷാനയെ വിളിച്ചു, സുഖവിവരങ്ങളൊക്കെ അറിഞ്ഞു, പതിയെ അവന്റെ നമ്പറും വാങ്ങിച്ചു…. 5 വർഷമായി അവനെ കുറിച്ച് ഒരു വാക്കുകൾ പോലും ചോദിക്കാത്ത ഞാൻ നമ്പർ വാങ്ങിച്ചത് അവൾക്കൊരു അദ്ഭുതമായിരുന്നു…. അവൻ ഇപ്പൊ നാട്ടിലുണ്ടെന്ന് മാത്രം അവൾ പറഞ്ഞു…വേറൊന്നും ഞാൻ ചോദിക്കാനും പോയില്ല…
കയ്യിൽ കിട്ടിയ നമ്പറിലേക്ക് നൂറു തവണ നോക്കി…വിളിക്കണോ വേണ്ടയോ എന്ന സംശയത്തിൽ ആണ്ടു…അവസാനം രണ്ടും കല്പ്പിച്ചു വിറയാർന്ന കൈകളാൽ നമ്പർ ഡയൽ ചെയ്തു…

മറുപുറത്ത് ഫോൺ റിങ് ചെയ്യുമ്പോൾ ഹൃദയം എന്തിനെന്നറിയാതെ ഇടിക്കാൻ തുടങ്ങി…കുറേ നേരത്തെ റിങ്ങിന് ശേഷം അറ്റൻഡ് ചെയ്തു…ഫോൺ എടുത്തു ചെവിയിൽ വെച്ചിട്ടും ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥ…വാക്കുകൾ ഒന്നും പുറത്തേക്ക് വരുന്നില്ല…

“ഹലോ…”
മറുപുറത്ത് നിന്ന് കേട്ട ശബ്ദം ഒരു നിമിഷം എന്റെ സർവ നാഡീവ്യൂഹങ്ങളെയും തളർത്തുന്നതായിരുന്നു…. ഞാൻ പ്രാണനായി കരുതിയവന്റെ ശബ്ദം…ഹൃദയം നിലക്കുന്നത് പോലെ… 5 വർഷങ്ങൾക്കിപ്പുറം കേട്ടിട്ട് പോലും ഇന്നലെ കേട്ടത് പോലെ ചെവികളിൽ അത്‌ ധ്വനിച്ചു കൊണ്ടേയിരുന്നു

“ഹലോ…. ”

വീണ്ടുമാ ശബ്ധം കേട്ടപോൾ കണ്ണുനീർ കുത്തിയൊലിക്കാൻ തുടങ്ങി…. ഹൃദയം തന്റെ പ്രാണന് വേണ്ടി തുടിച്ചു കൊണ്ടിരുന്നു…വാക്കുകൾക്ക് ആരോ കടിഞ്ഞാൺ ഇട്ടത് പോലെ…തേങ്ങലുകൾ പോലും പുറത്തേക്കു വരുന്നില്ല…വിറയാർന്ന കൈകളിൽ നിന്നും പതിയെ ഫോൺ നിലത്തേക്ക് ഊർന്ന് വീണു……തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button