❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 5
Aug 27, 2024, 22:40 IST

രചന: തസ്‌നി
രാവിലെ മുഖത്തു വീണ വെള്ളതുള്ളികളാണ് ഉറക്കിൽ നിന്ന് എഴുന്നേൽപ്പിച്ചത്.... ഞെട്ടി എഴുന്നേറ്റ് കണ്ണ് തിരുമ്മി നോക്കിയപ്പോൾ മുന്നിൽ തന്നെ ജഗ്ഗിൽ വെള്ളവും പിടിച്ചു നിൽക്കുന്ന ശ്രീയെയാണ് കണ്ടത്... ഞാൻ എപ്പഴാ ഫ്ലാറ്റിൽ എത്തിയെ.... "അയ്യോ.... ഓഫീസിൽ പോകേണ്ടേ...നിസ്കരിച്ചിട്ടുമില്ല.... നിനക്ക് എന്താ ശ്രീ ഒന്ന് വിളിച്ചാൽ.... " ബെഡിൽ നിന്ന് എഴുന്നേറ്റ് ഓടാൻ നോക്കുമ്പോയാണ് കിളിപോയ പോലെ നിൽക്കുന്ന ശ്രീയെ കണ്ടത്.... അപ്പോഴാണ് പറ്റിയ അമളി മനസ്സിലായത്... തലയ്ക്കു സ്വയം ഒരു മേട്ടവും കൊടുത് വേഗം പോയി ശ്രീയെ കെട്ടിപിടിച്ചു... "നീ എപ്പഴാ വന്നേ...വരുന്ന കാര്യം ഒന്ന് സൂചിപ്പിച്ചില്ലല്ലോ..." "പറയാണ്ട് വന്നൊണ്ട് നിന്റെ കഥകളി കാണാൻ പറ്റി...നീ ന്താ രാത്രിക്ക് തെയ്യം തുള്ളാൻ പോയിനോ... ഇങ്ങനെ ഉറങ്ങാൻ...." "ഉമ്മ വിളിക്കാറുണ്ടല്ലോ...ഇന്ന് എന്താ ഉമ്മാക്ക് പറ്റിയേ...നീ ഇവിടെ ഇരിക്ക് ഞാൻ വേഗം ഫ്രഷായി വരട്ടെ..." "വേഗം വാ....കുറേ സർപ്രൈസ് ഉണ്ട് നിന്നെയും കാത്ത് ഇരിക്കുന്നു..." അവളുടെ കവിളിൽ ഒരു മുത്തവും നൽകി ഓടി ബാത്‌റൂമിൽ കയറി... "ഡി തെണ്ടി....രാവിലെ കുളിച്ചു വന്ന ഞാനാ....പല്ല് പോലും തേക്കാണ്ട് നശിപ്പിച്...." അവളുടെ പിറുപിറുക്കൽ കേട്ട് ബാത്‌റൂമിൽ നിന്ന് പൊട്ടി ചിരിച്ചു....കുറച്ചു നിമിഷത്തേക്കാണെങ്കിലും സങ്കടങ്ങളെ അതിന്റെ വഴിക്ക് വിട്ടു... ഫ്രഷ് ആയി വന്നു ഹാളിൽ എത്തുമ്പോയേക്കും കണ്ടു, അവൾ പറഞ്ഞ സർപ്രൈസ്... "ഗൗരിയമ്മാ......" ഓടി പോയി കെട്ടിപിടിച്ചു.... "ഇതെപ്പോ വന്നു....എന്നോട് ഒന്ന് പറഞ്ഞ് പോലുമില്ലല്ലോ...." "വരേണ്ട ആവശ്യങ്ങളാണല്ലോ ഇവിടെ ഉള്ളെ...അതും എന്റെ ഹൈറമോളെ....അപ്പൊ വരാതിരിക്കാൻ പറ്റുമോ..." ഗൗരിയമ്മയുടെ അർത്ഥം വെച്ച സംസാരത്തിൽ ഞാൻ ചുണ്ട് കൂർപ്പിച്ചു ശ്രീയെ നോക്കി...അവൾ മച്ചിൽ എത്ര ഓട് ഉണ്ടെന്ന് എണ്ണലാണ്... "എന്റെ ഹൈറ മോൾ ഒന്നൂടെ സുന്ദരി ആയിട്ടുണ്ടല്ലോ...." ഇതും പറഞ്ഞു ഗൗരിയമ്മ നെറ്റിയിലൊരു മുത്തവും നൽകി... "അങ്കിൾ എവിടെ..." "ഞാൻ ഇവിടെ തന്നെ ഉണ്ട്....ആദ്യം അമ്മയും മോളും സ്നേഹം പ്രകടിപ്പിക്കട്ടെ എന്ന് കരുതി...പിന്നെ നിന്നോട് എപ്പോഴും പറയാറുണ്ട് ഈ അങ്കിൾ എന്ന വിളി വേണ്ടാ എന്ന്...." "സോറി പപ്പാ..." ഇതും പറഞ്ഞു പപ്പയുടെ അരികിൽ പോയിരുന്നു, വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു....ഗൗരിയമ്മ ഉമ്മയുടെ കൂടെ കിച്ചണിലേക്ക് പോയി... ഇനി അവർക്ക് അവിടെ പിടിപ്പത് പണിയുണ്ടാകും... വർഷത്തിൽ ഒരു വരവ് ഇത്പോലെ വരും ഇവർ.... അന്ന് ഞങ്ങൾക്ക് പെരുന്നാൾ പോലെയാണ്....ഞങ്ങളുടെ ഉള്ള സൗകര്യത്തിൽ ഒരു പരാതിയുമില്ലാതെ കുറച്ചു ദിവസം ഇവിടെ ചിലവയിച്ചിട്ടേ ഇവർ മടങ്ങാറുള്ളു.... ശ്രീയുടെ പേരെന്റ്സ് ലവ് മാരേജ് ആയത് കൊണ്ട് അവരുടെ റിലേറ്റീവ്സുമായി ഇപ്പൊ ഒരു ബന്ധവുമില്ല....രണ്ട് വീട്ട്കരുടെയും എതിർപ്പിനെ അവഗണിച്ചു മതിൽ ചാടി കെട്ടിയതാണ് ഈ പറയപ്പെടുന്നവർ...അത്കൊണ്ട് അവർക്കും ഇവിടെ നിൽക്കാൻ ഇഷ്ടമാണ്.. രാവിലെ ഫുഡ് കഴിക്കാൻ ഇരുന്നപ്പോയാണ് ഉമ്മയുടെ വാക്കുകൾ ഞെട്ടലോടെ കാതിൽ പതിഞ്ഞത്... "ഉമ്മ എന്താ പറഞ്ഞെ...." വായിലേക്ക് വെച്ച അപ്പം പ്ലേറ്റിലെക്ക് തന്നെ ഇട്ടു കൊണ്ട് ഞാൻ ചോദിച്ചു... "അത് മോൾ ഇന്നലെ പറഞ്ഞപ്പോൾ തന്നെ ഉമ്മ അവരെ വിളിച്ചു കാര്യം പറഞ്ഞിരുന്നു....ചെക്കന്റെ ഇത്താത്തയുടെ പുതിയാപ്പിള നാളെ ഗൾഫിൽ പോകുന്ന പോലും അത്കൊണ്ട് അവർ ഇന്ന് വൈകുന്നേരം നിന്നെ കാണാൻ വരുന്നെന്നു പറഞ്ഞു... അപ്പൊ തന്നെ ഗൗരിയെ വിളിച്ചു കാര്യം പറഞ്ഞു, ഗൗരിയും ദേവനും പറഞ്ഞിട്ടാ ഞാൻ അവരോട് വന്നോളൂ എന്ന് പറഞ്ഞെ...." ഉമ്മയുടെ ഓരോ വാക്കുകളും ഹൃദയത്തിൽ കുത്തി നോവിക്കുന്നത് പോലെ....ഉമ്മയ്ക് സമാധാനം ആയിക്കോട്ടെ എന്ന് വിചാരിച്ചിട്ടാ സമ്മതം ആണെന്ന് പറഞ്ഞത് പക്ഷേ ഇത്ര പെട്ടെന്ന്....കഴിച്ചു കൊണ്ടിരിക്കുന്ന ഭക്ഷണത്തിലേക്ക് കണ്ണുനീർ ഉറ്റി കൊണ്ടിരുന്നു... ശ്രീയുടെ കരങ്ങൾ മറുകയ്യെ പൊതിഞ്ഞപ്പോഴാണ് എല്ലാരും എന്നെ തന്നെ നോക്കുന്നത് കണ്ടത്...കണ്ണുനീർ തുടച്ചു ആർക്കും മുഖം നൽകാതെ പ്ലേറ്റിലേക്ക് തന്നെ കണ്ണും നട്ടിരുന്നു... "ഇന്നലെ റസീത്ത വിളിച്ചു പറഞ്ഞപ്പോൾ തൊട്ട് നിന്റെ ഗൗരിയമ്മ എനിക്ക് സ്വസ്ഥത തന്നില്ല....അടുത്ത ഫ്ലൈറ്റും ബുക്ക് ചെയ്തു ഇങ് വന്നു...." അങ്കിൾ അത് പറയുന്നത് കേട്ടിരുന്നെങ്കിലും മനസ്സിൽ മുഴുവൻ എവിടയോ ആയിരുന്നു.... "എന്നാലും ഉമ്മാ....ഇത്ര വേഗം എന്ന് പറഞ്ഞാൽ...." നിറഞ്ഞ കണ്ണുകൾ തുടച്ചു ദയനീയമായി ഉമ്മയെ നോക്കി.... "നല്ലൊരു ബന്ധമല്ലേ മോളെ....നിങ്ങളുടെ കഷ്ടപ്പാടിന് അറുതി വരുത്താനായിരിക്കും....അവർക്ക് കല്യാണം ഇപ്പോയൊന്നും വേണ്ടന്നല്ലേ പറഞ്ഞെ....മോളായിട്ട് ഇനിയും എതിർ പറയണ്ട....മോളെ ഉമ്മാക്ക് എത്ര സന്തോഷമുണ്ടെന്ന് അറിയുമോ...." മറുപടി തന്നത് ഗൗരിയമ്മയായിരുന്നു...എല്ലാരുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ അതില്ലാതാക്കാൻ തോന്നിയില്ല... "ശ്രീ നീയും പപ്പയും ഹൈറേയും കൂട്ടി ഒന്ന് പർച്ചേസിന് പോയിട്ട് വാ...ഞങ്ങൾ വൈകുന്നേരത്തേക്ക് എന്തെങ്കിലും ഉണ്ടാക്കി വെക്കട്ടെ...." "ഗൗരി, അവർ പോയി വരട്ടെ...എനിക്ക് നല്ല യാത്രാ ക്ഷീണമുണ്ട്, ഞാൻ ഒന്ന് കിടക്കട്ടെ...." അങ്കിൾ ഇതും പറഞ്ഞെഴുന്നേറ്റു... ഗൗരിയമ്മയോട് കുറേ പോകേണ്ട എന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല...അവസാനം കുളിച്ചു ഡ്രെസ്സൊക്കെ മാറ്റി, ശ്രീയുടെ കൂടെ ഇറങ്ങി...ശ്രീക്ക് ഡ്രൈവിങ് അറിയാം, അത്കൊണ്ട് അവർ വന്ന കാറും എടുത്താണ് ഞങ്ങൾ പോയത്... വണ്ടി ടൗണിലെ മാളിന് മുന്നിൽ നിർത്തി.... എന്തോ മനസ്സിന് ഒന്നും ഉൾക്കൊള്ളാൻ പറ്റുന്നില്ല....വണ്ടിയിൽ നിന്നും ഇറങ്ങാത്തത് കണ്ടിട്ട് ശ്രീ കയ്യും പിടിച്ചു മാളിലേക്ക് പോയി... സെക്കന്റ് ഫ്ലോറിലുള്ള ഒരു റെഡിമേഡ് ഷോപ്പിലേക്കാണ് അവൾ എന്നെയും വലിച്ചു പോയത്.. ഞാൻ കുറേ വേണ്ടെന്ന് പറഞ്ഞെങ്കിലും അവൾ അതൊന്നും മൈൻഡ് ചെയ്തില്ല....സെയിൽസ് ഗേളോട് അത് എടുക്ക്, ഇത് എടുക്ക് എന്നൊക്കെ പറഞ്ഞു, എടുക്കുന്നതൊക്കെ എനിക്ക് മാച്ച് ചെയ്യുന്നുണ്ടോ എന്നും നോക്കാൻ തുടങ്ങി.... മനസ്സ് എവിടെയൊക്കെയോ ആയിരുന്നു....എത്ര തന്നെ മറക്കാൻ ശ്രമിച്ചിട്ടും അതിനേക്കാൾ ഏറെ ശക്തിയിൽ ആ ഓർമ്മകൾ കുത്തി നോവിക്കുന്നു... എത്രയേറെ അവൻ ഇനി എനിക്കാരുമല്ലെന്ന് സ്വയം പറഞ്ഞു പഠിക്കുമ്പോഴും അവന് എന്റേത് മാത്രമാണെന്ന് മനസ്സ് വിളിച്ചു പറയുന്നത് പോലെ... "നീ ഇത് എവിടെയാ ഹൈറാ..." ചുമലിൽ പിടിച്ചു ശ്രീ കുലിക്കി വിളിച്ചപ്പോഴാണ് ചിന്തകൾക്ക് വിരാമം ഇട്ടത്... "ഇതെങ്ങനെ ഉണ്ട് നീ നോക്കിയേ...." ഒരു പർപ്ൾ കളർ സിമ്പിൾ ഗൗൺ, നെക്കിലും ഹാൻഡിലും മാത്രം ബീഡ്‌സ് വർക്ക്...മാച്ചിങ് ഷാളും... ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടമായി.... "ശ്രീ എനിക്ക് ഇതൊന്നും വേണ്ടാ....നീ വന്നേ..ഞാൻ ഉള്ളതിൽ ഏതെങ്കിലും ഇട്ടോളാം....ഇതിനൊക്കെ വലിയ കോസ്റ്റ് ആയിരിക്കും...." "നിനക്ക് ഇത് ഇഷ്ടായോ..." കലിപ്പോടെയുള്ള അവളുടെ സംസാരം കേട്ടപോൾ പിന്നൊന്നും എതിർത്തു പറഞ്ഞില്ല... അവൾ അത് പാക്ക് ചെയ്യാൻ പറഞ്ഞു ഫാൻസി ഷോപ്പിൽ കയറി അതിനു മാച്ചിങ് ആയിട്ടുള്ള ഓർണമെൻറ്സും വാങ്ങി... അല്ലറ ചില്ലറ വീട്ടിലേക്കുള്ള സാധനങ്ങളും വാങ്ങി... ബില്ല് പേ ചെയ്യാൻ വേണ്ടി ബാഗ് തുറക്കുമ്പോയേക്കും അവൾ അതൊക്കെ സെറ്റിൽ ചെയ്തിരുന്നു.... മാളിൽ നിന്നെ ഇറങ്ങി,കവറൊക്കെ കാറിൽ വെച്ച് അവൾ എന്റെ കയ്യും പിടിച്ചു നടക്കാൻ തുടങ്ങി... "ഇതെങ്ങോട്ടാ ശ്രീ....നീ ഒന്ന് കൈ വിട്ടേ...." എന്നെയും വലിച്ചു കൊണ്ട് പോകുന്നതല്ലാതെ അവൾ ഒന്നും മറുപടി പറഞ്ഞില്ല.... നടന്ന് നടന്ന് ഒരു കൂൾബാറിന്റെ അടുത്ത് എത്തിയപ്പോൾ അവൾ എന്നെയും പിടിച്ചു അകത്തേക്ക് കയറി, ചെയറിൽ ഇരുന്നു...ഞാൻ അവൾക് ഓപ്പോസിറ്റ് ആയിട്ടുള്ള ചെയറിലും ഇരുന്നു... ടൗണിൽ വന്നാൽ ഞങ്ങൾക്ക് ചുറ്റിക്കറങ്ങൽ പതിവാണ്...പക്ഷേ ഇന്ന് ഒന്നിനും ഒരു മൂടി കിട്ടുന്നില്ല...അങ്കിളിന്റെ ഓർഡറും ഉണ്ട് നേരത്തെ കാലത്തെ അങ്ങനെ എത്താൻ... അവൾ മെനു കാർഡ് എടുത്തു സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്... അവസാനം വൈറ്ററോട് രണ്ട് ട്രിപ്പിൾ നട്ട് കാരമേൽ മിൽക്ക് ഷേക്കിന് ഓർഡർ കൊടുത്തു... ഞാൻ അത് എന്താണെന്ന് മനസ്സിലാകാതെ കണ്ണ് തള്ളി ഇരുന്നു.. "നീ നോക്കേണ്ട...നല്ല ടേസ്റ്റി സാധനമാണ്...ഇനി നിന്റെ ലൈമും ലയിം സോഡയുമൊക്കെ നിർത്തിക്കോ....ഒന്നുല്ലെങ്കിലും മാലിക് ഫാമിലിയിലേക്ക് പോകേണ്ടവളാ... അവരെ സ്റ്റാറ്റസിന് ഈ ലൈം ഒന്നും പറ്റില്ലാട്ടോ...." അവൾ പറഞ്ഞത് കളിയായിട്ടാണെങ്കിലും എന്തോ കേട്ടപ്പോൾ ഉള്ളിലൊരു കുത്തൽ പോലെ.... ഈ നേരം വരെ അവനെ കുറിച്ചല്ലാതെ വേറൊന്നും ചിന്തിച്ചിരുന്നില്ല.... ഇത്രയും വലിയ ഫാമിലിയിലേക്ക് പോകുക എന്നൊക്കെ വെച്ചാൽ, അതും എന്നെപോലെയുള്ളൊരു പെണ്ണ്.... "എന്റെ ഹൈറാ....ഞാൻ ചുമ്മാ പറഞ്ഞതാ പെണ്ണെ...." "മ് " മറുപടി ഞാൻ ഒരു മൂളലിൽ ഒതുക്കി... ഷെയ്ക്ക് കൊണ്ട് വന്നപ്പോൾ പിന്നെ അതിനെ അറ്റാക്ക് ചെയ്യുന്നതിലേക്ക് ശ്രദ്ധ തിരിച്ചു... "ശ്രീ...." "എന്താടീ...." "എനിക്ക്....എനിക്ക് ഒന്നും ഉൾക്കൊള്ളാൻ പറ്റുന്നില്ലെടാ....എനിക്ക് അവനെ..." "ഹൈറാ.....പെട്ടെന്ന് അങ്ങനെ മറക്കാൻ പറ്റില്ല നിനക്ക്..നിന്റെ അവസ്ഥ എനിക്കും മനസ്സിലാകും ഒന്നോ രണ്ടോ വര്ഷമല്ലല്ലോ 5 വർഷം മനസ്സിൽ കുടിയിരിത്തിയതല്ലേ, അപ്പൊ അതിന്റെ പ്രയാസം ഉണ്ടാകും....എന്ന് കരുതി ഇനിയും നീ അവനെ സ്നേഹിക്കുന്നതിൽ എന്ത് അർത്ഥമാ ഉള്ളെ....നിനക്ക് ഇതൊക്കെ ഉൾകൊള്ളാൻ പറ്റണമെങ്കിൽ നീ വേറൊരു കല്യാണത്തിന് സമ്മതിച്ചേ പറ്റൂ...ഇല്ലങ്കിൽ വീണ്ടും വീണ്ടും അവന്റെ ഓർമകൾ നിന്നെ കുത്തി നോവിച്ചു കൊണ്ടേയിരിക്കും...അവന്റെ ഭാഗത്തു ഒരിക്കലും തെറ്റ് പറയാൻ നമുക്ക് പറ്റില്ല, തെറ്റ് മുഴുവൻ നിന്റടുത്താണ്.... അത്കൊണ്ട് കഴിഞ്ഞതൊക്കെ മറന്ന് പുതിയൊരു ജീവിതത്തിലേക്ക് നീ ചുവട് വെയ്ക്കണം.... ഇനി അവന്റെ ഓർമകളെ പോലും താലോലിക്കാനുള്ള അവകാശം നിനക്കില്ലെന്ന യഥാർത്ഥത്തോട് നീ പൊരുത്തപ്പെടണം.... ഈ വിവാഹം നടക്കണം ഹൈറാ...ഇനിയും നീ സങ്കടപെടുന്നത് കാണാൻ വയ്യ...." ശ്രീയുടെ കണ്ണുകളിൽ നിന്ന് ഉറ്റിവീണ കണ്ണുനീർ ഹൃദയത്തെ നോവിച്ചു... നിശബ്ദമായ നിമിഷങ്ങൾ കൊണ്ട് കുടിച് തീർത്തു ബില്ല് പേ ചെയ്ത് വീട്ടിലേക്ക് തിരിച്ചു... വീട്ടിൽ എത്തിയപ്പോൾ നേരം വൈകിയിരുന്നു.... ചെറിയൊരു ആളും ബഹളവും കേട്ടു....ഇറയത്തു സൈതാലിക്കയും സാബു ചേട്ടനും അങ്കിളും സംസാരിച്ചിരിക്കുന്നത് കണ്ടു...എന്റെ അയൽവാസികളാണ് ട്ടോ അവർ രണ്ടുപേരും...ബന്ധുക്കളൊന്നുമില്ലാത്ത ഞങ്ങൾക്ക് ആകെയുള്ള തുണ ഇവരൊക്കെയാണ്.... അകത്തേക്ക് കയറിയപ്പോ കണ്ടു കിച്ചണിൽ നിന്ന് സൊറ പറഞ്ഞോണ്ടും എന്തൊക്കെയോ ഉണ്ടാക്കുന്ന ഉമ്മയെയും ഗൗരിയമ്മയെയും....കൂട്ടിന് റീന ചേച്ചിയും (സാബു ചേട്ടന്റെ കെട്ട്യോളാണ്), കദീസ്തയും (സൈതാലിക്കന്റെ പൊണ്ടാട്ടിയാ...) ഉണ്ട്... അവരുടെ മക്കളും എല്ലാം കൂടി ചെറിയൊരു മട്ടത്തിൽ ആളും അതിനനുസരിച്ചുള്ള പടയും ഉണ്ട്....ചെറിയ വീട് ആയത് കൊണ്ട് തന്നെ ഇത്രയും ആളെ കൊണ്ട് തന്നെ പുര നിറഞ്ഞത് പോലെ.... ഒന്നിലും ശ്രദ്ധ ചെലുത്താൻ കഴിയാതെ കലുഷിതമായ മനസ്സുമായി റൂമിലേക്ക് പോയി....കൊണ്ടുവന്ന കവറൊക്കെ അതേപോലെ ബെഡ്‌ഡിലിട്ട് ഡ്രസ്സ് പോലും ചേഞ്ച് ആക്കാതെ കിടന്നു.... മനസ്സ് വായിച്ചത് പോലെ ശ്രീയും വിളിക്കാൻ വന്നില്ല....അറിയാതെ കണ്ണുകൾ പൂട്ടി.... ശ്രീയുടെ തുടരെയുള്ള വിളി കേട്ടാണ് ഉണർന്നത്... "ഡി കോപ്പേ.... ഇന്ന് ആരെയാ പെണ്ണ് കാണാൻ വരുന്നേ...സമയമെത്ര ആയി എന്നാ നിന്റെ വിചാരം..." മുൻപിൽ നിന്നെ ഉറഞ്ഞു തുള്ളുന്ന ശ്രീയെ കണ്ടപ്പോൾ അറിയാതെ പൊട്ടി ചിരിച്ചു പോയി... "നിന്റെ കളി കണ്ടാൽ തോന്നും നിന്നെയാ കാണാൻ വരുന്നേ എന്ന്..." "നിന്നെ ഒരു വഴിക്ക് ആകിയിട്ട് വേണം എനിക്ക് ആരെയെങ്കിലും വളച്ചു കുപ്പിയിൽ ആക്കാൻ.." "അമ്മ വേലി ചാടിയാൽ മോൾ മതിൽ ചാടും എന്നല്ലേ....അപ്പൊ പിന്നെ നിന്റെ കാര്യത്തിൽ ഡോണ്ട് വറി....അതല്ല ശ്രീ നിനക്ക് ആരെയെങ്കിലും കുപ്പിയിൽ ആക്കാൻ എന്തിനാ എന്റെ മാരേജ് കഴിയുന്നെ " "നീ ഓവർ വാചകം അടിക്കാണ്ട് ഒന്ന് പോയി ഫ്രഷ് ആയെ..." അവൾ എന്നെ ബാത്റൂമിലേക്ക് തള്ളി വിട്ടു, കൈയിൽ നേരത്തെ എടുത്ത ഗൗണും തന്നു... ഫ്രഷ് ആയി വന്നപ്പോൾ തന്നെ ശ്രീ കുട്ടി അവളുടെ ഡ്യൂട്ടി ആരംഭിച്ചു... ഒരു വിധം എന്നെ ഒരുക്കി കണ്ണാടിയുടെ മുന്നിൽ നിർത്തിയപ്പോൾ ഞാൻ തന്നെ കണ്ണും മിഴിച്ചു നിന്നെ പോയി....പെട്ടെന്ന് എന്തോ ഓർത്തപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞ് പോയി...ശ്രീ കാണും മുന്നേ വിരലുകളാൽ ഒപ്പിയെടുത്തു... "എന്റെ ഹൈറ മോളെ.... വൗ....യൂ ലുക്ക് ലൈക് എ പ്രിൻസസ്....കണ്ണ് തട്ടേണ്ട ആരുടേയും..." അവൾ ഇതും പറഞ്ഞു ചെവിയുടെ പിറകിൽ കണ്മഷി തൊട്ട് തന്നു..കവിളിൽ ഒരു മുത്തവും നൽകി... പപ്പയുടെ വിളി കേട്ട് ശ്രീ എന്നെയും കൂട്ടി കിച്ചണിലേക്ക് പോയി... എല്ലാവരുടെ കണ്ണുകളും എന്നിൽ തന്നെ തറഞ്ഞു നിന്നു.ഉമ്മാ ഓടി വന്നു കവികുകളിൽ മുത്തം നൽകി... "മാ ഷാ അല്ലാഹ്..എന്റെ മോൾ ഇന്ന് സുന്ദരി ആയല്ലോ...." "ശെരിയാ...ഹൈറ മോളെ ഇങ്ങനെ കണ്ടാൽ ഇപ്പൊ തന്നെ ചെക്കൻ കൂട്ടി പോകും..." ഗൗരിയമ്മയുടെ വാക്കുകൾ കൂടി കേട്ടപ്പോൾ അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.... പപ്പാ വന്നു അവർ ഇപ്പൊ ഇങ്ങോട്ടേക്കു എത്തുമെന്ന് പറഞ്ഞപ്പോൾ തന്നെ നെഞ്ചിൽ പഞ്ചാരി മേളം തുടങ്ങി..കയ്യും കാലും വിറയൽ പോലെ.. "ശ്രീ.." "എന്താടി..." "എനിക്ക് ടെൻഷൻ ആകുന്നെഡീ..." "അത് ആദ്യമായിട്ട് ആയോണ്ടാ...കുറേ ആകുമ്പോ അങ്ങനെ ശീലമാകും..." "മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചു നിക്കുമ്പോയാ അവളെ ആസ്ഥാന കോമഡി...." ശ്രീയെ പുച്ഛിച്ചു കൊണ്ട് ഞാൻ മുഖം തിരിച്ചു... അവർ എത്തിയെന്നു പറഞ്ഞപ്പോ ഒരു ബലത്തിന് ശ്രീയുടെ കയ്യിൽ പിടിച്ചു... ഗൗരിയമ്മ വന്നു കയ്യിൽ ഒരു ട്രൈയും തന്നു ഹാളിലേക്ക് കൂടിപ്പോയി.. ഹാളിൽ എത്തിയിട്ടും തല ഉയർത്തി നോക്കാൻ എന്തോ വെപ്രാളം.... പെട്ടെന്ന് ആരോ വന്നു കയ്യിൽ പിടിച്ചു, തല ഉയർത്തി നോക്കിയപ്പോൾ എംഡി സാറിന്റെ ഉമ്മ.... അവർ എന്നെയും കൂട്ടി ഓരോരുത്തരുടെ അരികിലേക്കും പോയി...ഇപ്പോഴാണ് ആൾക്കാരെയൊക്കെ കണ്ടത്....അഞ്ചാറു സ്ത്രീകളും രണ്ട് കുട്ടികളും... "മോൾ ആരെയാ നോക്കുന്നെ...മോൻ വന്നിട്ടില്ല...അർജന്റ് മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു...പിന്നെ ഡെയിലി നിങ്ങൾ കാണുന്നതല്ലേ..." ഇതും പറഞ്ഞു ചിരിച്ചു കൊണ്ടവർ തലയിൽ തലോടി...ഇപ്പോഴാ ശ്വാസം നേരെ വീണത്...അതിൽ ഒരു ഇത്ത വന്നു പെങ്ങൾ ആണെന്ന് പറഞ്ഞു പരിചയപെട്ടു....അവരുടെ ഹസ്ബൻഡും വന്നു പരിചയപെട്ടു.... ഇങ്ങേർ കരണമാണല്ലോ റബ്ബേ പെട്ടെന്ന് എൻഗേജ്മെന്റ് ആക്കേണ്ടി വന്നേ.. അങ്ങേരെ മനസ്സിൽ നല്ലോണം നമിച്ചു, ഒരു നല്ല പുഞ്ചിരി പാസ്സാക്കി കൊടുത്തു.... കൂട്ടത്തിൽ ഉള്ള രണ്ടുപേർ വീടൊക്കെ നോക്കി എന്തൊക്കെയോ പറയുന്നത് കണ്ടു, മുഖത്തു അനിഷ്ട ഭാവം നിഴലിച്ചു.... ഉമ്മ വന്നു കഴുത്തിൽ ഒരു ഡയമണ്ട് മാലയും കയ്യിൽ ഒരു വളയും ഇട്ട് തന്നു... ഉള്ളിൽ കുന്നോളം സങ്കടം വെച്ചിട്ടും പുറമെ ചിരിച്ചു നടന്നു. എംഡി സാറിന് ഒരു അനിയനും അനിയത്തിയും കൂടി ഉണ്ടെന്ന് ഇത്ത പറഞ്ഞപ്പോഴാണ് അറിഞ്ഞത്....അവർക്ക് വേറെന്തോ ഫങ്ക്ഷൻ ഉള്ളോണ്ട് വരാൻ പറ്റിയില്ലെന്നു പറഞ്ഞു... വന്നവരൊക്കെ ചായ കുടിയും കഴിഞ്ഞു പിരിഞ്ഞു. "മോളെ പെട്ടെന്ന് തന്നെ അങ്ങോട്ട് കൂട്ടാൻ വരും കേട്ടോ... " എംഡിയുടെ ഉമ്മ വന്നു നെറ്റിയിൽ ഒരു മുത്തവും നൽകി പറഞ്ഞു.. എന്തിനാ ഈ പ്രഹസനം എന്ന് മനസ്സിൽ കരുതി അവർക്ക് തലയാട്ടി കൊടുത്തു.... ശ്രീയുടെ പാരന്റ്സിന് എവിടെയോ പോകാൻ ഉണ്ടെന്ന് പറഞ്ഞു.... ലീവും കഴിഞ്ഞു മറ്റന്നാൾ ഞാൻ എത്താമെന്ന ഉറപ്പും വാങ്ങി ശ്രീയും അവരുടെ കൂടെ പോയി.... എല്ലാരും പോയി, തനിച്ചായപ്പോൾ വീണ്ടും നോവിക്കുന്ന ഓർമ്മകൾ കൂട്ടിനെത്തി.... രാത്രി ഫുഡ് കഴിച്ചെന്നു വരുത്തി വേഗം തന്നെ പോയി കിടന്നു.... ഫോൺ റിങ് ചെയ്യുന്നത് കേട്ടപ്പോഴാണ് ഉറക്ക് ഞെട്ടിയത്... ഡിസ്പ്ലേയിൽ വന്ന പേര് കണ്ടു ബെഡിൽ നിന്നെ തുള്ളി എഴുന്നേറ്റു.... പടച്ചോനെ ഇങ്ങേർ ഇതെന്ത് ഭാവിച്ചാ... 'എംഡി സർ ' എടുക്കണോ വേണ്ടെ എന്ന് ചിന്തിചിരിക്കു മ്പോയേക്കും കാൾ കട്ടായി....സമാധാനപെട്ട് വീണ്ടും കിടക്കാൻ ഒരുങ്ങുമ്പോയേക്കും ഫോൺ വീണ്ടും റിങ് ചെയ്തു....രണ്ടും കല്പ്പിച്ചു ഫോൺ എടുത്തു കാതോരം വെച്ചു.....തുടരും....