Sports

പിതൃത്വ അവധി; പെർത്ത് ടെസ്റ്റിൽ രോഹിത് ശർമ്മ കളിക്കില്ല

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ കളിക്കില്ല. പിതൃത്വ അവധിയിലാണ് താരം. രോഹിത്തിന് പകരം പെർത്ത് ടെസ്റ്റിൽ പേസർ ജസ്പ്രീത് ബുമ്രയായിരിക്കും ടീം ഇന്ത്യയെ നയിക്കുക. നവംബർ 22 മുതലാണ് ബോർഡർ-ഗവാസ്‌കർ ട്രോഫി ആരംഭിക്കുക. ഡിസംബർ 6 ന് അഡ്‌ലെയ്ഡിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പ് താരം ടീമിനൊപ്പം ചേരുമെന്ന് ഇഎസ്പിഎൻ ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്തു.

ബോർഡർ-ഗവാസ്‌കർ ട്രോഫി‌യിലെ ആദ്യ ടെസ്റ്റ് വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് തനിക്ക് നഷ്ടമാകുമെന്ന് രോഹിത് ബിസിസിഐയെയും സെലക്ടർമാരെയും അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കുഞ്ഞ് ജനിച്ചതിനാൽ താരം ഓസ്ട്രേലിയയിലേക്ക് പോകുമെന്നും ആദ്യ ടെസ്റ്റ് കളിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പോകുന്നില്ലെന്നാണ് സ്ഥിരീകരണം. നവംബർ 30 മുതൽ അഡ്‌ലെയ്ഡിൽ ഓസ്‌ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്‌സ് ടീമിനെതിരെ നടക്കുന്ന ദ്വിദിന ടെസ്റ്റ് സന്നാഹ മത്സരത്തിൽ താൻ ഉണ്ടായിരിക്കുമെന്ന് രോഹിത് ശർമ്മ ബിസിസിഐയെ അറിയിച്ചതായാണ് വിവരം.

രോഹിത്തിന്റെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര പെർത്ത് ടെസ്റ്റിൽ ഇന്ത്യയെ നയിക്കും. 2021-22 വർഷത്തിൽ രോഹിത്തിന് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ടീം ഇന്ത്യയെ നയിച്ചത് ബുമ്രയായിരുന്നു. രണ്ട് സുപ്രധാന താരങ്ങളില്ലാതെയാണ് ഇന്ത്യ പെർത്ത് ടെസ്റ്റിനിറങ്ങുന്നത്. തള്ളവിരലിന് പരിക്കേറ്റതിനാലാണ് ശുഭ്മാൻ ​ഗില്ലിന് പെർത്ത് ടെസ്റ്റ് നഷ്ടമാകുന്നത്. രോഹിതിൻ്റെ അഭാവത്തിൽ യശസ്വി ജയ്‌സ്വാളിനൊപ്പം ഓപ്പണിം​ഗിന് കെഎൽ രാഹുലോ അഭിമന്യു ഈശ്വരനോ ആയിരിക്കും ഇറങ്ങുക.

പരിശീലനത്തിനിടെ കെെമുട്ടിന് പരിക്കേറ്റ കെ എൽ രാഹുൽ ഇന്ന് വീണ്ടും പരിശീലനത്തിന് ഇറങ്ങിയത് ടീം ഇന്ത്യക്ക് ആശ്വാസകരമാണ്. ഒരു മണിക്കൂറോളമാണ് താരം പരിശീലനത്തിനായി ചെലവഴിച്ചത്. പരിക്ക് വെല്ലുവിളിയുയർത്തുന്നതിനാൽ അഭിമന്യുവിനെയും രാഹുലിനെയും കൂടാതെ, ഇന്ത്യൻ എ സക്വാഡിന്റെ ഭാഗമായിരുന്ന ദേവദത്ത് പടിക്കൽ, സായ് സുദർശൻ എന്നിവരോട് ഓസ്ട്രേലിയയിൽ തുടരാൻ ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷമാദ്യം ധർമ്മശാലയിൽ ഇം​ഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റിൽ ദേവദത്ത് പടിക്കൽ കളിച്ചിരുന്നു.

ബോർഡർ ​ഗവാസ്കർ ട്രോഫി പരിശീലകൻ ​ഗൗതം ​ഗംഭീറിനും സീനിയർ താരങ്ങൾക്കും വെല്ലുവിളിയാണ്. ഓസ്ട്രേലിയക്കെതിരായ അഞ്ച് ടെസ്റ്റുകളിൽ നാലിലും ജയിച്ചാൽ ഇന്ത്യക്ക് ലോട ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനലിന് യോ​ഗ്യത നേടാം. പരാജയപ്പെട്ടാൽ മറ്റ് ടീമുകളുടെ മത്സര ഫലത്തെ ആശ്രയിക്കേണ്ട‍ി വരും. മോൺ മോർക്കൽ, അഭിഷേക് നായർ, റയാൻ ടെൻ ദോസ്‌ചേറ്റ് എന്നിവരാണ് ​ഗംഭീറിനെ കൂടാതെ ഇന്ത്യയുടെ പരിശീലക സംഘത്തിലുള്ളത്.

രോഹിതിൻ്റെയും ഗില്ലിൻ്റെയും അഭാവത്തിൽ രണ്ട് ഓൾറൗണ്ടർമാരിൽ ഒരാളെ എട്ടാം നമ്പറിൽ ഇറക്കി ബാറ്റിം​ഗ് കരുതുറ്റതാക്കാൻ ശ്രമിച്ചേക്കാം. നിതീഷ് കുമാർ റെഡ്ഡിയും ഹർഷിത് റാണയും ഇതുവരെയും ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയിട്ടില്ല. WACA യിലെ പരിശീലനത്തിന് ശേഷം ടീം ഇന്ത്യ ചൊവ്വാഴ്ച മുതൽ ഒപ്ടസ് സ്റ്റേഡിയത്തിലായിരിക്കും പരിശീലനം നടത്തുക.

Related Articles

Back to top button