Kerala

ഒടുവില്‍ പക വീട്ടി പോലീസ്; പി വി അന്‍വറിനെ അറസ്റ്റ് ചെയ്തു

അറസ്റ്റ് ഒതായിയിലെ വീട്ടില്‍വെച്ച്

കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് വനംവകുപ്പ് ഓഫീസിലേക്ക് നടന്ന ധര്‍ണയുടെ പേരില്‍ പി വി അന്‍വര്‍ എം എല്‍ എയെ അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ ഡി വൈ എസ് പി. ആര്‍ ബാലചന്ദ്രന്‍ ഉള്‍പ്പെടെയുള്ള വന്‍ പോലീസ് സന്നാഹമെത്തിയാണ് അന്‍വറിനെ അറസ്റ്റ് ചെയ്തത്. അന്‍വറിന്റെ പാര്‍ട്ടിയായ ഡി എം കെയുടെ നേതൃത്വത്തിലുള്ള സമരത്തില്‍ വനംവകുപ്പിന്റെ ഓഫീസ് അടിച്ചുതകര്‍ത്തിരുന്നു. ഡി എഫ് ഒയുടെ ഓഫീസിലെത്തിയ ഡി എം കെയുടെ പ്രവര്‍ത്തകര്‍ ഓഫീസ് തല്ലിചതച്ചുവെന്നും പോലീസിന് നേരെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും എഫ് ഐ ആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മലപ്പുറം എടവണ്ണ ഒതായിയിലുള്ള അന്‍വറിന്റെ വീട്ടിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതിഷേധത്തിനിടെ ഡിഎംകെ പ്രവര്‍ത്തകര്‍ പൊലീസിനെ മര്‍ദിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അന്‍വറിനെതിരെ പോലീസ് നടപടി സ്വീകരിച്ചത്.

ഇത്തരം പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പോലീസ് സ്വീകരിക്കാത്ത നടപടിയാണ് അന്‍വറിനെതിരെയുണ്ടായിരിക്കുന്നത്. ക്രിമിനല്‍ കേസ് ചുമത്തിയ അന്‍വറിന് എം എല്‍ എ എന്ന നിലക്കുള്ള നിയമപരിരക്ഷയും ലഭിക്കുകയില്ല. ഉദ്യോഗസ്ഥരെ ദേഹോപദ്രവം ചെയ്തു, കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു, അതിക്രമിച്ചു കടന്നു, പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് അന്‍വറിനെതിരെ ചുമത്തിയിരിക്കുന്നത്.

ഇന്ന് ഉച്ചയോടെ ഫോറസ്റ്റ് ഓഫിസില്‍ സംഘര്‍ഷഭരതമായ സാഹചര്യമായിരുന്നു. പെട്ടെന്നാണ് പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലേക്ക് ഇരച്ചുകയറിയത്. ഇന്ന് ഞായറാഴ്ചയായതിനാല്‍ ഡിഎഫ്ഓഫീസില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. അടഞ്ഞുകിടന്ന ഓഫീസിലേക്ക് കൂട്ടത്തോടെ പ്രവര്‍ത്തകര്‍ കയറുകയായിരുന്നു.

കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മണി കൊല്ലപ്പെട്ടതില്‍ വന വകുപ്പിനെ രൂക്ഷമായി പിവി അന്‍വര്‍ വിമര്‍ശിച്ചിരുന്നു.

പോലീസിലെ മേല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായി രംഗത്തെത്തുകയും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാറിനെ വെല്ലുവിളിച്ച് രംഗത്തെത്തിയ എം എല്‍ എയോട് പകവീട്ടുന്നതിന്റെ ഭാഗമായാണ് ഈ അറസ്റ്റ് എന്ന് ഡി എം കെ നേതാക്കള്‍ വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!