മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനിൽ പോലീസ് റെയ്ഡ്
മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ജഗ്ഗി വാസുദേവിന്റെ ഉടമസ്ഥതയിലുള്ള ഇഷ ഫൗണ്ടേഷനിൽ പോലീസ് റെയ്ഡ്. 150ഓളം പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന. കോയമ്പത്തൂരിലെ തൊണ്ടമുത്തുരിലെ ഇഷ ഫൗണ്ടേഷനിലാണ് പരിശോധന. നല്ല വിദ്യാഭ്യാസമുള്ള തന്റെ രണ്ട് പെൺമക്കളെ ജഗ്ഗി വാസുദേവിന്റെ ഇഷ യോഗാ സെന്ററിൽ സ്ഥിരമായി താമസിപ്പിക്കാൻ പ്രേരിപ്പിച്ചെന്ന് കാട്ടി തമിഴ്നാട് കാർഷിക സർവകലാശാല അധ്യാപകനായിരുന്ന എസ് കാമരാജ് ഹർജി നൽകിയിരുന്നു.
ലൗകിക ജീവിതം വെടിഞ്ഞ് സന്യാസിമാരെപ്പോലെ ജീവിക്കാൻ യുവതികളെ പ്രേരിപ്പിക്കുന്നത് എന്തിനാണെന്ന് കേസ് പരിഗണിക്കവേ കോടതി ചോദിച്ചിരുന്നു. സ്വന്തം മകളെ വിവാഹം ചെയ്യിപ്പിച്ച് അയച്ച് മറ്റുള്ളവരെ ലൗകിക ജീവിതം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നതെന്തിനാണെന്നും കോടതി ആരാഞ്ഞു. തലമൊട്ടയടിച്ച് ലൗകികസുഖം ത്യജിച്ച് ഇഷ യോഗ സെന്ററിൽ യുവതികൾ ജീവിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ജഗ്ഗി അവരെ പ്രോത്സാഹിപ്പിക്കുന്നത് എന്തിനാണെന്നും ചോദിച്ചു.
കേസ് വിശദമായി അന്വേഷിക്കാൻ ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട എല്ലാ കേസുകളുടെയും പട്ടിക തയ്യാറാക്കാൻ കോടതി പൊലീസിന് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്. തന്റെ പെൺമക്കളെ കോടതിയിൽ നേരിട്ട് ഹാജരാക്കണമെന്നാവശ്യപ്പെട്ട് കാമരാജ് ഹർജി നൽകിയിരുന്നു. തിങ്കളാഴ്ച കോടതിയിൽ ഹാജരായ രണ്ടു മക്കളും, തങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് ഇഷ ഫൗണ്ടേഷനിൽ താമസിക്കുന്നതെന്നും തടങ്കലിലല്ലെന്നും കോടതിയെ അറിയിച്ചിരുന്നു.