പോളിടെക്‌നിക് കഞ്ചാവ് കേസ്: എസ് എഫ് ഐ വാദം തള്ളി പോലീസ്, പിടിയിലായവർക്കെതിരെ കൃത്യമായ തെളിവ്

കളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് കേസിൽ കോളേജ് യൂണിയൻ സെക്രട്ടറിയെ കുടുക്കിയെന്ന എസ് എഫ് ഐയുടെ ആരോപണം തള്ളി പോലീസ്. അറസ്റ്റിലായവർ കേസിൽ പങ്കുള്ളവർ തന്നെയാണെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്നും തൃക്കാക്കര എസിപി വിശദീകരിച്ചു
ഉന്നത ഉദ്യോഗസ്ഥരെ അടക്കം അറിയിച്ചാണ് റെയ്ഡ് നടത്തിയത്. ഹോസ്റ്റലിൽ മറ്റ് കുട്ടികളും ഉണ്ടായിരുന്നു. എന്നാൽ അവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ല. നിലവിൽ പിടിയിലായവർക്ക് കേസുമായി കൃത്യമായ ബന്ധമുണ്ട്. പൂർവ വിദ്യാർഥികൾക്ക് അടക്കം കേസിൽ പങ്കുണ്ട്. കോളേജ് അധികാരികളെ രേഖാമൂലം അറിയിച്ചാണ് പരിശോധന നടത്തിയതെന്നും പോലീസ് പറഞ്ഞു
ഇന്നലെ പോളിടെക്‌നിക് ഹോസ്റ്റലിൽ പോലീസ് നടത്തിയ മിന്നൽ റെയ്ഡിൽ രണ്ട് കിലോയോളം കഞ്ചാവാണ് പിടിച്ചെടുത്തത്. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയക്കം മൂന്ന് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി അഭിരാജ്, ആദിത്യൻ, ആകാശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.