പൗർണമി തിങ്കൾ: ഭാഗം 15
Nov 13, 2024, 07:02 IST

രചന: മിത്ര വിന്ദ
ആറു മാസം ജോലി ചെയ്തോളാം, പക്ഷെ എനിക്ക് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്. ഹ്മ്മ്... എന്താണ് കേൾക്കട്ടെ.. അവൻ അവളുടെ മുഖത്തേയ്ക്ക് നോക്കിയിരുന്നു. എന്തിനായിരുന്നു അലോഷിച്ചായനും കാത്തുവും കൂടി ഇങ്ങനെയൊരു നാടകം കളിച്ചത്. ഇതു നിങ്ങളുടെ കമ്പനി ആണെന്ന് എന്തിനാ മറച്ചുവെച്ചത്. എന്നിട്ട് കാത്തുന് ഇവിടെ ജോലി പോലും കൊടുത്തില്ലല്ലോ, അതെന്താണ്? കാത്തു ഇതൊന്നും അറിഞ്ഞിട്ടില്ല പൗർണമി... ചുമ്മാ... കള്ളം പറയല്ലേ.. ആഹ് വൈകുന്നേരം വീട്ടിൽ ചെന്നു കഴിഞ്ഞു നീ കാത്തുനോട് ചോദിച്ചു നോക്ക്.. കാത്തുന് ഇവിടെ ജോലി കൊടുക്കാത്തതെന്താണ്? അവള് ഇന്റർവ്യൂ പാസ്സായില്ല, അത്ര തന്നെ. ചുമ്മാ ഉരുണ്ടു കളിയ്ക്കാതെ,അതോ എന്നേ ഇനിയും പൊട്ടിയാക്കുവാണോ. എന്റെ പെണ്ണേ, നീ എന്തിനാ വെറുതെ കാട് കേറുന്നേ, അവൾക്കീ വിവരമൊന്നും അറിയില്ലന്നേ.. സത്യം ആയിട്ടും... ശരി... സമ്മതിച്ചു..ഇന്നലെയൊക്കെ എത്ര പ്രാവശ്യം കാത്തു ഈ കമ്പനിയെക്കുറിച്ചു അറിയാമോന്നു ചോദിച്ചിട്ട് പോലും എന്താ ഒന്നും പറയാഞ്ഞത്. ചുമ്മാ.. ഒരു രസം.... അവനൊന്നു ചിരിച്ചുകൊണ്ട് തന്റെ മുന്നിൽ ഇരിയ്ക്കുന്ന പൗർണമിയെ നോക്കി. അവളാണെങ്കിൽ അവനെ ദഹിപ്പിച്ചു കൊല്ലുന്ന മട്ടിലാണ് ഇരുപ്പ്. കത്തിജ്വലിയ്ക്കുകയാണ്. ഹ്മ്മ്... നീ സരസ്വതി മാഡത്തെ കണ്ടിട്ടില്ലല്ലോ അല്ലേ കൊച്ചേ,, പറയുന്നതിനൊപ്പം അവൻ തന്റെ ഫോൺ അവളുടെ നേർക്ക് നീട്ടി. സാരീയൊക്കെ ഉടുത്ത ഒരു സുന്ദരിയായ സ്ത്രീ.. പി എസ് ന്റെ ഡ്രസ്സ് കോഡ് കണ്ടല്ലോ അല്ലേ.... അവൻ പറയുന്നത് കേട്ടതും പൗർണമിയുടെ നെറ്റി ചുളിഞ്ഞു. സാരീയോ..... ഹ്മ്മ്..... സാരീ, എന്താ കേട്ടിട്ടില്ലേ... എനിയ്ക്ക് അതൊന്നും പറ്റില്ല, ഞാൻ ചുരിദാർ മാത്രം ഇടുവൊള്ളൂ.. എന്നിട്ട് അന്ന് ഹെലൻറെ കല്യാണത്തിന് വന്നപ്പോൾ സാരീയുടുത്തല്ലോ.. അത് അന്ന് കല്യാണത്തിന്, ഇതിപ്പോ, ഇവിടെ അതൊന്നും പറ്റില്ല. എനിയ്ക്ക് താല്പര്യവുമില്ല. കമ്പനിലേ പി എസ് അതാണ് ധരിക്കേണ്ടത്. അതാ പറഞ്ഞേ, എന്നേപ്പോലെ ഒരു പെൺകുട്ടിയ്ക്കു ഇവിടെ തുടരാനാവില്ലെന്ന്. എന്നാൽ പിന്നെ നിന്റെ ഇഷ്ട്ടം പോലെ ചെയ്യ്, ചുരിദാർ ഇട്ടോളൂ.പ്രശ്നം തീർന്നല്ലോ. അലോഷി പെട്ടെന്ന് പറഞ്ഞു. പിന്നെ അവന്റെ ഫോണിലേക്ക് കാൾ വന്നപ്പോൾ അതും എടുത്തുകൊണ്ട് അലോഷി പുറത്തേക്ക് ഇറങ്ങിപ്പോയി. പൗർണമിയ്ക്കു ആണെങ്കിൽ ശരിയ്ക്കും തലവേദനയായിന്നു വേണം പറയാൻ. ആകെക്കൂടി ട്രാപ്പിലായത് പോലെ.അല്ലാ.. ആക്കിയതാണ്. ഇയാളുടെ ഉദ്ദേശം എന്താണ്. എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ബാഗ് എടുത്തു, അതിലായിരുന്നു അവളുടെ ഫോണ്. വാട്ട്‌സ്ആപ്പ് ഓൺ ചെയ്ത് നോക്കി. കാത്തുവിന്റെ മെസ്സേജ്, ഒപ്പം അച്ഛനും അമ്മയുമൊക്കെ അയച്ചിട്ടുണ്ട്. കുഴപ്പമില്ല, ഓക്കേയാണ്, പത്തു നാനൂറു പേരുണ്ട് സ്റ്റാഫ് ആയിട്ട്. അവള് അച്ഛനും അമ്മയ്ക്കും ഒരുപോലെ മെസ്സേജ് അയച്ചു. കാത്തുവിനോട് എല്ലാം വന്നിട്ട് പറയം എന്ന് മാത്രം അയച്ചോള്ളു. അലോഷിയോടൊപ്പം ഒരു സായിപ്പും മദാമ്മേം കേറി വരുന്നത് കണ്ടു പൗർണമി ചാടിഎഴുന്നേറ്റു. നല്ല ഒഴുക്കോടെയുള്ള അവന്റെ ഇംഗ്ലീഷ് കേട്ടതും അറിയാതെ അവളുടെ മിഴികൾ വിടർന്നുപോയി. പൗർണമിയെ പരിചയപ്പെടുത്തിയതും അവൾ അവരുടെ നേർക്ക് കൈകൂപ്പി കാണിച്ചു. തിരിച്ചു അവരും. എന്തൊക്കെയോ ചോദിച്ചു. ഒരുതരത്തിൽ മറുപടിയും കൊടുത്തു.. അവരോട് സംസാരിക്കുവാൻ അവൾക്കിത്തിരി ബുദ്ധിമുട്ട് ആയിരുന്നു. അത് മനസിലാക്കിത്തന്നെ അലോഷി ആ സംസാരം ഒഴിവാക്കിക്കൊണ്ട് ഒഫീഷ്യൽ മാറ്റേർസിലേക്ക് വന്നു.. ഏകദേശം ഒന്നര മണിക്കൂർ അവരുമായി ചർച്ചയാരുന്നു. അവൻ എന്തൊക്കെയോ സ്‌ക്രീനിൽ കാണിക്കുന്നുണ്ട്. സത്യം പറഞ്ഞാൽ പൗർണമിയ്ക്കു ഒന്നും തന്നെ മനസിലാവുന്നില്ല. എല്ലാം കഴിഞ്ഞു അവര് പോകാൻ എഴുന്നേറ്റപ്പോൾ നേരം 1.30ആയിരുന്നു. കാലത്തെ ഒരപ്പം കഴിച്ചതാണു, വയറൊക്കെ വിശന്നു കാളുന്നുണ്ട്. കുറച്ചു വെള്ളം എടുത്തു കുടിച്ചിട്ട് അവൾ കസേരയിൽ ചാരിക്കിടന്നു. അലോഷി അവരെ യാത്ര അയച്ചിട്ട് കയറി വന്നു. നമ്മുക്ക് കഴിച്ചാലോടോ... വിശക്കാൻ തുടങ്ങി. അവന്റെ ശബ്ദം കേട്ടതും അവള് പിടഞ്ഞെഴുന്നേറ്റു പെട്ടെന്ന് ആയത് കൊണ്ട് പൗർണമിയൊന്നു വേച്ചു പോയ്. ഹാ... സൂക്ഷിച്ചു കൊച്ചേ, ഇപ്പൊ വീഴില്ലരുന്നോ.. അവൻ അവളുടെ തോളിൽ പിടിച്ചു നേരെ നിറുത്തി.. വാ കഴിയ്ക്കാം, തൊട്ടപ്പുറത്തേ റൂം ആണ്. അലോഷി മുന്നോട്ട് നടന്നു കഴിഞ്ഞു അലോഷിച്ചായൻ കഴിച്ചോളൂ, അത് കഴിഞ്ഞു മതി എനിയ്ക്ക്. അവനോടൊപ്പം ഇരിക്കാൻ അവൾക്ക് എന്തോ ബുദ്ധിമുട്ട് തോന്നി.. അതെന്താ അങ്ങനെ.. ഇന്നലെ രാത്രിലും ഇന്ന് കാലത്തും നമ്മളൊരുമിച്ച് ഇരുന്നല്ലേ കഴിച്ചത്, പിന്നെന്താ ഇപ്പൊ ഒരു മടി. അവൻ ഗൗരവത്തിൽ ചോദിച്ചു. പൗർണമിയൊന്നും മിണ്ടാതെ നിന്നപ്പോൾ അലോഷി അവളുടെ വലം കൈയിൽ പിടിച്ചു. എന്നിട്ട് കസേരയിൽ ഇരുത്തി. ഇരിയ്ക്ക് പൗർണമി... ഇവിടെ എന്റെ കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചെന്നു കരുതി നിനക്ക് എന്താ സംഭവിക്കുന്നത്, നോക്കട്ടെ.... അവൻ തന്റെ ലഞ്ച് ബോക്സ് തുറന്നുകൊണ്ട് അവളെയൊന്നു നോക്കി. ക്യാന്റീനിൽ നിന്നും നേരത്തെ ഫുഡ് ഒക്കെ വരുത്തിച്ചു വെച്ചിട്ടുണ്ട്. വേറെ നിർവാഹമില്ലാതെ പൗർണമിയും അവനോടൊപ്പമിരുന്നു കഴിച്ചു തുടങ്ങി.. ഇടയ്ക്ക് ഒക്കെ അവളുടെ മുഖം ദയനീയമാകുന്നുണ്ട്, ഇടയ്ക്ക് ഒക്കെ വലിഞ്ഞു മുറുകുന്നു.. എല്ലാം ഒളികണ്ണാൽ നോക്കി കണ്ടു അവനൊന്നു ചിരിച്ചു. ഒപ്പം ഇന്ന് വീട്ടിൽ ചെല്ലുമ്പോൾ ഇതെല്ലാം അറിഞ്ഞു കാത്തുഉണ്ടാക്കുന്ന പൊല്ലാപ്പ്.ഹോ.. എന്റെ പാറേപ്പള്ളി മാതാവേ, ഇന്ന് ആ പെണ്ണിനെ എങ്ങനെ നേരിടും.. എനിക്ക് അറിയാൻ മേല.. കഴിച്ചെഴുന്നേറ്റ് കൈയൊക്കെ കഴുകി വന്ന ശേഷം അലോഷി വീണ്ടും ലാപ് ഓൺ ചെയ്തു. തന്റെ ജോലികൾ തുടർന്നു. പൗർണമി അവിടെ ഫ്രീയായിട്ട് ഇരുന്നപ്പോൾ ഒരു പെൺകുട്ടി കയറി വന്നു. മാം.... ആം അനുപമ രാജ്. അവൾ കൈ നീട്ടിയതും പൗർണമി തിരിച്ചു ഒരു ഷേയ്ക്ക്‌ഹാൻഡ് നൽകി.. മാമിനോട് ജോലിടെ കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ സാറ് എന്നേയാണ് ഏൽപ്പിച്ചത്. സിസ്റ്റത്തിൽ നോക്കിയിരിക്കുന്നു അലോഷിയെ നോക്കി അനുപമ പറഞ്ഞു. പൗർണമി, താൻ അനുപമയുടെ കൂടെ ചെന്നോളൂ. തനിയ്ക്ക് വേണ്ട സഹായമൊക്കെ ചെയ്തു തന്നോളും... അവൻ പറഞ്ഞതും പെട്ടെന്ന് പൗർണമി എഴുന്നേറ്റു. എന്നിട്ട് അവന്റെ റൂമിനോട് ചേർന്ന മറ്റൊരു റൂമിലേക്ക് അനുപമയുടെ പിന്നാലെ പോയ്. ഹ്മ്മ്... ഞാന് കുറച്ചു ഏറെ ബുദ്ധിമുട്ടും, ഇതു ഐറ്റം വേറെയാ.... അവളുടെ പോക്കും നോക്കി അലോഷി സീറ്റിലേക്ക് ചാരിയിരുന്നു. കാര്യമൊക്കെ ശരി തന്നെ... പക്ഷെ നീയ് ഈ അലോഷിടെ പെണ്ണാണ്... അതിനു ഒരു മാറ്റോം ഇല്ല... അഥവാ വേറെന്തെലും സംഭവിയ്ക്കണമെങ്കിൽ അന്ന് അലോഷി തീരണം. അവൻ മെല്ലെ മിഴികൾപ്പൂട്ടി ഒരു നിമിഷമിരുന്നു. കാത്തൂന്റെ ഫോണിൽ ആദ്യമായി കണ്ട അവളുടെ കൂട്ടുകാരിക്കൊച്ചു.അവൾ അറിയാതെ ആ ഫോണിൽ നിന്നും താൻ ഫോട്ടോ അടിച്ചു മാറ്റി. അവളെ നോക്കി ഏറെ നേരം അടച്ചിട്ട മുറിയിലെ തന്റെ കിടക്കയിൽ കിടക്കുകയാണ്. തന്റെ ഹൃദയത്തിലേക്ക് ഒരു തിരമാലപോലെ അലയടിച്ചു കേറി വരികയാരുന്നു തന്റെ പൗർണമി....തുടരും.........