പൗർണമി തിങ്കൾ: ഭാഗം 18
രചന: മിത്ര വിന്ദ
അലോഷി തന്റെ ഫോണിൽ വെറുതെ എന്തൊക്കെയോ സ്ക്രോൾ ചെയ്തുകൊണ്ടിരിക്കുകയാണ്.
ഈ കാത്തുന് ഇത് എന്തിന്റെ സൂക്കേടാ..ഒരുതരത്തിൽ ബാക്കിയുള്ളവൻ വള്ളം കരയ്ക്ക് അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ,വെറുതെ വേണ്ടാത്ത വർത്താനം പറഞ്ഞു കൊണ്ടിരിക്കുന്നു.
നിങ്ങളുടെ രണ്ടാളുടെയും പ്രശ്നം എന്താണ് കാത്തു.പൗർണമിക്ക് നമ്മുടെ വീട്ടിൽ നിന്നാൽ എന്താണ് കുഴപ്പം. ഞാൻ ആരെയും പിടിച്ച് തിന്നത്തൊന്നുമില്ല കേട്ടോ.
അവൻ കാത്തുവിനെ നോക്കി വഴക്ക് പറഞ്ഞു.
അപ്പോഴേക്കും ഭക്ഷണം എത്തിയിരുന്നു.
അരമണിക്കൂറോളം അവിടെ സ്പെൻഡ് ചെയ്ത ശേഷമാണ് അവർ വീട്ടിലേക്ക് മടങ്ങിയത്.
ആ സമയത്ത് ആയിരുന്നു അലോഷിയെ , അവൻ സെർവന്റിനെ ആവശ്യമുണ്ടെന്നു പറഞ്ഞു ബുക്ക് ചെയ്ത ഏജൻസിയിൽ നിന്ന് വിളിച്ചത്.
ഒരു സ്ത്രീയുണ്ടെന്നും അവർ മലയാളിയാണ്,ഇപ്പോൾ നാട്ടിൽ പോയതാണെന്നും, രണ്ടുദിവസത്തിനുള്ളിൽ അവരു മടങ്ങിയെത്തുമെന്നുമൊക്കെ അവനെ അറിയിച്ചു..
എങ്കിൽ പിന്നെ അവരെ അടുത്ത ദിവസം തന്നെ അയച്ചോളൂ,, വീട്ടിലേക്ക് ഒരാള് അത്യാവശ്യമാണെന്ന് അവനും പറഞ്ഞു.
തന്റെ കാറ് പോർച്ചിലേയ്ക്ക് കയറ്റി ഇട്ടശേഷം, വാങ്ങിക്കൊണ്ട് ഒന്ന് സാധനങ്ങളൊക്കെ ഡിക്കിയിൽ നിന്ന് എടുത്തു വയ്ക്കുകയാണ് അലോഷിയും കാത്തുവും. പൗർണമിയുടെ കൈയിലേക്ക് അലോഷി ചാവി കൊടുത്തു.
അവൾ അത് മേടിച്ചു ഡോർ തുറന്നു. അകത്തേയ്ക്ക് കയറി.
സാധനങ്ങൾ ഒക്കെ അടുക്കളയിൽ വെച്ച ശേഷം കാത്തു റൂമിലേക്ക് വന്നപ്പോൾ പൗർണമി കുളിച്ചു മാറുവാൻ ഉള്ള ഡ്രസൊക്കെ എടുക്കുകയാണ്..
കാത്തു വന്നിട്ട് അവളുടെ കൈത്തണ്ടയിൽ പിടിച്ചു. എന്നിട്ട് അവളെ തനിക്ക് അഭിമുഖമായി നിർത്തി.
എന്താണ് പൗർണമി നിന്റെ പ്രശ്നം… എന്നോട് പറയുന്നുണ്ടോ.. അതോ….
ഒന്നുമില്ലെടി എന്റെ ജോലിയുമായി ബന്ധപ്പെട്ട കുറച്ച് പ്രശ്നങ്ങളാണ്..
അതിനുമാത്രം എന്തു പ്രശ്നമാണിപ്പോൾ ഉണ്ടായത്..
എനിക്ക് സിഇഒയുടെ പ്രൈവറ്റ് സെക്രട്ടറി ആയിട്ടാണ് നിയമനം ലഭിച്ചത്.
മൈ ഗോഡ്… Is it true?
ഹ്മ്മ്….. അതെ… ഞാൻ ഇന്ന് ഓഫീസിൽ ചെന്നപ്പോഴാണ് ഈ വിവരങ്ങളൊക്കെ അറിയുന്നത്.
അതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്,പകരം നീ എന്തിനാ ഇങ്ങനെ മുഖം വീർപ്പിച്ചു നടക്കുന്നത്..
എനിക്ക് സത്യം പറഞ്ഞാൽ ആ ജോലിയോട് താല്പര്യം ഇല്ല..
അതെന്താ പൗർണമി…
എനിക്ക് വേറെന്തെങ്കിലും ഒരു പ്രൊഫഷൻ മതിയായിരുന്നുവെന്നു ഇപ്പൊ തോന്നുവാടി..
ശോ… ഇത്രയും വലിയ കമ്പനിയിൽ ഇങ്ങനെ ഒരു പൊസിഷൻ ലഭിച്ചിട്ട് നീ എന്തു വർത്താനമാടി പറയുന്നത്,വേറെ ഏതു പ്രൊഫഷനാണ് നിനക്ക് നോട്ടം..
ഈ പ്രൈവറ്റ് സെക്രട്ടറി എന്നൊക്കെ പറഞ്ഞാൽ, സിഇഒടെ കൂടെ ഏതെങ്കിലും ഒക്കെ സ്ഥലങ്ങളിൽ യാത്ര ചെയ്യേണ്ടതായി വരില്ലേ. ബിസിനസ് ടൂർ എന്നൊക്കെ പറഞ്ഞ്..അതും ഞാൻ ഒറ്റയ്ക്ക്..
നീ ഒറ്റയ്ക്കല്ലല്ലോ, സിഇഒയുമില്ലേ കൂടെ…..
കാത്തു ചിരിച്ചുകൊണ്ട് ചോദിച്ചതും പൗർണമി അവളെ ദേഷ്യത്തിൽ ഒന്ന് നോക്കി.
ഹോ.. ഈ നോട്ടം, പിന്നെ എങ്ങനെയുണ്ട് നിന്റെ CEO ആള് ചുള്ളൻ ആണോടി..
നിന്റെ ഇച്ചായന് പരിചയം ഉണ്ടയാളെ..
ങ്ങെ… നേരോ..
ഹ്മ്മ്… ചോദിച്ചു നോക്ക്, ആളുടെ സ്വഭാവം നീറ്റ് ആണോ എന്ന് നമുക്കറിയാല്ലോ.
നിന്നോട് ആരാ പറഞ്ഞേ ഇച്ചായന് പരിചയമുണ്ടെന്ന്.
നിന്റിച്ചായൻ….
അതെയോ… എന്നാൽ പിന്നെ ഒന്നുചോദിച്ചു നോക്കട്ടെ..കാത്തു പുറത്തേക്ക് ഇറങ്ങി ചെന്നപ്പോൾ അലോഷി ആരെയോ ഫോണിൽ വിളിച്ചു ഇരിപ്പുണ്ട്.
ഉടനെയൊന്നും അവൻ വയ്ക്കുന്ന ലക്ഷണം ഇല്ലെന്ന് അവൾക്ക് തോന്നി. അതുകൊണ്ട് കുറച്ചുസമയം നോക്കിനിന്ന ശേഷം കാത്തു വീണ്ടും റൂമിലേക്ക് വലിഞ്ഞു.
അവനാണെങ്കിൽ മനപ്പൂർവ്വം കാത്തുവിനെ ഒഴിവാക്കുവാൻ വേണ്ടിയായിരുന്നു ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നത്.
എന്തോ കാര്യമായിട്ട് ചോദിക്കുവാനുള്ള വരവാണ് അവളുടെതെന്ന് അലോഷിയ്ക്കു പിടികിട്ടി.പക്ഷെ മുഖ ലക്ഷണം കണ്ടിട്ട് ഒന്നും അറിഞ്ഞ മട്ടില്ല താനും..
അതുകൊണ്ട് ഒരു വല്ലാത്ത മാനസികാവസ്ഥയിൽ ആയിരുന്നു അവൻ.
പൗർണമിയാണെങ്കിൽ അമ്മയോടും അനുജത്തിയോടും ഒക്കെ പിന്നെയും ഫോണിൽ വിളിച്ചു ഓരോ വിശേഷങ്ങൾ പറഞ്ഞു.
കാത്തു ആ നേരത്ത് കുളിക്കുവാനായി കയറിയതായിരുന്നു.
രാത്രിയിലേക്കുള്ള ഭക്ഷണം അപ്പോൾ അവിടെ ഉണ്ടാക്കുവാൻ ആണോ മോളെ, അതോ ഇന്നും പുറത്തുനിന്നും മേടിക്കുമോ.
കുറച്ചു സാധനങ്ങളൊക്കെ ഇന്ന് വാങ്ങിയിരുന്നമ്മേ..ചപ്പാത്തി ഉണ്ടാക്കാം എന്നാണ് കാത്തു പറഞ്ഞത്, പിന്നെ മുട്ടയുണ്ട്. അത് കറി വെയ്ക്കം…
മ്മ്….. അതാണു നല്ലത്.. എങ്കിൽ പിന്നെ നേരം കളയാതെ മോള് ചെന്ന് കറിയൊക്കെ വയ്ക്കു.. കാത്തൂന് ഇതൊന്നും വലിയ പരിചയം കാണില്ല.
ശരിയമ്മേ,,,എന്നാൽ പിന്നെ ഞാൻ രാത്രിയിൽ അച്ഛൻ വന്നിട്ട് വിളിക്കാം…
ഫോൺ കട്ട് ചെയ്ത ശേഷം,പൗർണമി പുറത്തേക്ക് ഇറങ്ങിച്ചെന്നു.അലോഷി അവന്റെ റൂമിൽ ആയിരുന്നു. പൗർണമി മെല്ലെ ഒന്ന് മുഖം തിരിച്ചു നോക്കിയപ്പോൾ അവന്റെ വാതിൽ അടഞ്ഞു കിടപ്പുണ്ട്.
അകത്തുണ്ടോ ആവോ… കാലത്തെയും ഇതുതന്നെയായിരുന്നു അവസ്ഥ,താൻ ഓർത്തു, അവിടെ കാണുമെന്ന്.
അവൾ അടുക്കളയിലേക്ക് ചെന്നു.
സാധനങ്ങളൊക്കെ അവിടെത്തന്നെ ഇരുപ്പുണ്ട്.
മുട്ടയെടുത്ത് പുഴുങ്ങുവാനായി ആദ്യം വെക്കാമെന്ന് അവൾ തീരുമാനിച്ചു.
എന്നിട്ട് ഒരു ചരുവത്തിലേക്കു, കുറച്ചു വെള്ളം എടുത്തു ഒഴിച്ച് അടുപ്പത്ത് വച്ചു.അല്പം ഉപ്പിട്ട് കൊടുത്തു.
സവാളയൊക്കെ എടുത്തു തൊലി കളഞ്ഞു വെച്ചു.
ആഹ്… ഇതാരിത്, അടുക്കള ഭരണമൊക്കെ അങ്ങട് ഏറ്റെടുത്തോ കൊച്ചേ നീയ്.
പിന്നിൽ നിന്നും അലോഷിയുടെ ശബ്ദം കേട്ടതും പൗർണമി ഞെട്ടിത്തിരിഞ്ഞു നോക്കി.
അവളുടെ നെറ്റി ചെന്നിട്ട് അവന്റെ താടിതുമ്പിൽ ശക്തമായി ഇടിച്ചു.
അത്രമേൽ അടുത്തായിരുന്നു അവൻ നിന്നത് പോലും
ഹോ… എന്റെ ഉണ്ണി മിശിഹായെ ബാക്കിയുള്ളോന്റെ ജീവൻ പോയല്ലോ,,.
താടിയിലേക്ക് അമർത്തി തിരുമ്മിക്കൊണ്ട് അലോഷി പൗർണമിയെ ഒന്നു നോക്കി..
ഞാൻ കണ്ടില്ലായിരുന്നു.
അവൾ അവനെ നോക്കാതെ മറുപടി പറഞ്ഞു,എന്നിട്ട് വീണ്ടും തിരിഞ്ഞുനിന്ന് തന്റെ ജോലികൾ തുടർന്നു..
മുറിഞ്ഞെന്ന തോന്നുന്നേ,ദേ വായിൽ കൂടി ബ്ലഡ് വരുന്നു.
അവൻ പിന്നെയും പറഞ്ഞുവെങ്കിലും അവൾ അതൊന്നും മൈൻഡ് ചെയ്തില്ല.
അതേയ്…… കാത്തുനോട് നമ്മുടെ കമ്പനിയിലെ കാര്യമൊന്നും കൊച്ചു പറയണ്ട കേട്ടോ. അവൾ അറിഞ്ഞാൽ ശരിയാവില്ല അതുകൊണ്ടാണ്..
അവളുടെ അടുത്തേക്ക് അല്പം നീങ്ങി നിന്നുകൊണ്ട് അലോഷി ശബ്ദം താഴ്ത്തി പറഞ്ഞു. എന്നിട്ട് പൗർണമിയുടെ,മുടിയിലേക്ക് മുഖം അടുപ്പിച്ച് ശ്വാസം ഒന്ന് എടുത്തു വലിച്ചു കൊണ്ട് പിന്നോട്ട് ആഞ്ഞു നിന്നു.
ഞാൻ പറയും… ഉറപ്പായും പറയും..
എടി കൊച്ചേ, പ്ലീസ്… നീ എന്നേയൊന്നു മനസിലാക്കിക്കേ.
എന്ത്?
നീ ഇത് ഇപ്പോൾ തിടുക്കപ്പെട്ടവളോട് പറഞ്ഞാൽ,ആ കൊച്ചേ കിടന്നു ബഹളം വെയ്ക്കും..
വെയ്ക്കട്ടെ
. mഅതിന് എനിക്കെന്താ….
ദേ പെണ്ണേ… പറയുന്നത് അനുസരിച്ചാൽ മതി, അല്ലെങ്കിൽ ഞാൻ തരുന്ന പണിഷ്മെന്റ്, അത് ഒരുപാട് വലുതായിരിക്കും…
ഓഹ് പിന്നെ… എന്നെ പേടിപ്പിക്കുന്നൊന്നും വേണ്ട, ഇത്രയും വലിയ കള്ളത്തരം കാണിച്ചതും പോരാ, ഞാൻ ഉറപ്പായിട്ടും കാത്തുവിനോട് പറഞ്ഞിരിക്കും. അവൾ അറിയട്ടെ ഇച്ചായന്റെ തനി സ്വഭാവം…
ആഹ്… പറഞ്ഞോളൂ പക്ഷേ നാളെ നീ ഓഫീസിലേക്ക് തന്നെയാണ് വരാൻ പോകുന്നത്.. അതോർത്താൽ നന്ന്.
അവളെ അലോഷി ഒന്ന് വിരട്ടിയശേഷം പുറത്തേക്കിറങ്ങി…..തുടരും………