പൗർണമി തിങ്കൾ: ഭാഗം 23

രചന: മിത്ര വിന്ദ
പൗർണമിയ്ക്കാണെങ്കിൽ അലോഷിയോടൊപ്പം ഓഫീസിൽ പോകാന് വല്ലാത്ത മടി തോന്നി.കാത്തു ന് പൊന്നാങ്ങളയെ കുറിച്ച് പറയുമ്പോൾ നൂറു നാവാണ്.പക്ഷെ തനിക്കൊണം അറിയില്ലലോ… അവൾ കലികയറി ഓരോന്ന് പിറു പിറുത്തു കൊണ്ട് വേഷമൊക്കെ മാറ്റി, purple നിറമുള്ള ഒരു സൽവാർ ആയിരുന്നു അവളുടെ വേഷം.
കാലത്തെ കുളിയൊക്കെ കഴിഞ്ഞത് കൊണ്ട് മുടി ഉണങ്ങിയിട്ടുണ്ട്.
ചെറുതായ് കുളിപ്പിന്നൽ പിന്നിയിട്ടുകൊണ്ട് പുറത്തേക്ക് ഇറങ്ങി വന്നപ്പോൾ അലോഷി സെറ്റിയിലിരുന്നു ഷൂസിന്റെ ലെയ്സ് കെട്ടുന്നുണ്ട്.അവനൊന്നു മുഖമുയർത്തി നോക്കി. പക്ഷെ
പൗർണമി അവനെ ശ്രദ്ധിക്കാതെകൊണ്ട് അടുക്കളയിലേക്ക് ചെന്നു.
കാത്തു ടിഫിൻബോക്സ് എടുത്തു വെച്ചു, എന്നിട്ട് ചോറും കറികളുമൊക്കെ നിറയ്ക്കുന്നുണ്ട്.
കാത്തു… ഞാൻ എടുത്തോളാം, നീ പോയ് റെഡിയാവു, നേരം വൈകും.
ദ.. കഴിഞ്ഞു ടാ.. എല്ലാമൊന്നു അറേഞ്ച് ചെയ്താൽ മതി.
സാരമില്ല, അതൊക്കെ ഞാൻ ചെയ്തോളാം. നീയിപ്പോ റൂമിലേക്ക് ചെല്ല് പെണ്ണേ.
കാത്തു പോയ ശേഷം പൗർണമി ആയിരുന്നു മൂവരുടെയും ഉച്ചഭക്ഷണമൊക്കെ എടുത്തു സെറ്റ് ആക്കി വെച്ചത്.
കുടിയ്ക്കാൻ വേണ്ടി വെള്ളവും എടുത്തു വെച്ചു.
ഹ്മ്മ്… ഈ മുടി ഇങ്ങനെ അഴിഞ്ഞു കിടക്കുന്നത് കാണാനാ നല്ല ഭംഗി, നീയിത് കെട്ടിവെയ്ക്കല്ലേ പൗമി.എനിയ്ക്ക് ഇതാ ഇഷ്ട്ടം കേട്ടോ
ഓഫീസിലേക്ക് ഇറങ്ങാൻ നേരം
അലോഷി പതിയെ ശബ്ദം താഴ്ത്തി പൗർണമിയോട് പറഞ്ഞു.
അവള് പക്ഷേ അത് കേട്ട ഭാവം പോലും നടിയ്ക്കാതെ മുറ്റത്തേക്ക് ഇറങ്ങിപ്പോയ്.
ഇതെന്താടി നിന്റെ മുടിടെ രഹസ്യം, എന്റെ കാത്തുനോട് കൂടിയൊന്നു പറഞ്ഞു കൊടുത്തേ, അവൾക്കാണെങ്കിൽ തീരെയില്ല. അല്ലേലും ഈ പെൺപിള്ളേരുടെ അഴകെന്ന് പറയുന്നത് ഈ തലമുടിയാ കേട്ടോ.
കാറിന്റെ ഡോർ തുറക്കുന്നതിനിടയിൽ അലോഷി പിന്നെയും പറഞ്ഞു.
ഒരു സ്ലീവ്ലെസ്സ് കുർത്തയും ജീൻസുമണിഞ്ഞു കാത്തു അവരുടെ അടുത്തേക്ക് ഓടി വന്നിരുന്നു അപ്പോളേക്കും.
ഇന്നാടി… ഇത്തിരി ലിപ്സ്റ്റിക് ഇട്ടോ,,
തന്റെ ബാഗ് തുറന്നു കാത്തു Mac ന്റെ ഒരു purple shade എടുത്തു അവളുടെ നേർക്ക് നീട്ടി.
അതൊന്നും വേണ്ട കാത്തു, നീയൊന്ന് ചുമ്മാതിരിയ്ക്ക്.ഓരോ കോപ്രായങ്ങള്. എന്നാത്തിനു ആണോ ഇതെല്ലാം വാരി തേച്ചു പിടിപ്പിയ്ക്കുന്നെ..
പെട്ടെന്ന് അലോഷി ഗൗരവത്തിൽ പറഞ്ഞു..
ഇച്ചായൻ പറയുന്നതൊന്നും നീ കേൾക്കണ്ട.ഇതിച്ചിരെ ഇട്ടോടി.. ഈ കളർ ആകുമ്പോൾ നിനക്ക് നന്നായി ചേരും.
കാത്തു പൗർണമിയോട് മെല്ലെ പറഞ്ഞു.
നിന്നോട് പറഞ്ഞത് അനുസരിക്കാൻ വയ്യേ കാത്തു,എന്തിനാണ് നീ മറ്റുള്ളവരെ ഇങ്ങനെ നിർബന്ധിക്കുന്നത്. പൗമിക്ക് ഇഷ്ടമുണ്ടെങ്കിൽ അവളത് ഇട്ടോളും, താല്പര്യമില്ലാത്തത് കൊണ്ടല്ലേ..
ഇച്ചായാ ഇത് അത്രയ്ക്ക് വലിയ ഡാർക്ക് കളർ ഒന്നുമല്ല,ജസ്റ്റ് ഒന്ന് ടച്ച് ചെയ്തു വിട്ടാൽ മതി. ഇത്തിരി ലിപ്സ്റ്റിക്ക് ഒക്കെ ഇന്നത്തെ കാലത്ത് എല്ലാ പെൺകുട്ടികളുംഇടും. പെൺകുട്ടികളോ തള്ളമാര് വരെ ഇതില്ലാതെ പുറത്തേക്ക് ഇറങ്ങില്ല അപ്പോഴാണ്…നീയിട്ടോടി പെണ്ണേ.
വേണ്ടന്നു പറഞ്ഞില്ലേ കാത്തു.
ശെടാ… ഈ ഇച്ചായന് ഇത് എന്നാ പ്രശ്നം. അതാണ് എനിക്കറിയാൻ മേലാത്തത്.
അപ്പോഴേക്കും പൗർണമി ഇത്തിരി ലിപ്സ്റ്റിക്ക് തന്റെ ചുണ്ടിലേക്ക് തേച്ചിരുന്നു.
അത് കണ്ടതും അലോഷിയക്ക് ദേഷ്യമായി.
കാത്തുനെ ഓഫീസിന്റെ വാതിൽക്കൽ ഇറക്കിയ ശേഷം അവൻ തന്റെ വണ്ടി മുന്നോട്ട് എടുത്തു.
പൗർണമി, ദേ അവിടെ ടിഷ്യു ഇരിപ്പുണ്ട് നീയാ ലിപ്സ്റ്റിക് തുടച്ചു കളയു..ചുമ്മാ ഓരോ കോലംകെട്ടലുകൾ.. എന്തിനാ വെറുതെ ഇതൊക്കെ പുരട്ടുന്നെ, അല്ലാണ്ട് തന്നേ നിന്റെ ലിപ്‌സിന് കളറുണ്ടല്ലോ.
അലോഷി ദേഷ്യത്തിൽ പറഞ്ഞു.
അവള് പക്ഷേ അതൊന്നും കേട്ട ഭാവം പോലും നടിച്ചില്ല.
അലോഷിയൊന്നു മുഖം തിരിച്ചു നോക്കിയപ്പോൾ പുറത്തേ ക്കാഴ്ചകളിലേക്ക് കണ്ണുനട്ടിരിക്കുന്ന പൗർണമിയാണ് കണ്ടത്..
നിന്നോട് പറഞ്ഞത് കേട്ടില്ലേ കൊച്ചേ?അതങ്ങ് തുടച്ചു കളയാൻ..
അവൻ തന്റെ ശബ്ദത്തിന് അല്പം മാർദ്ദവമൊക്കെ വരുത്തുന്നുണ്ട്.
അലോഷിച്ചായൻ വെറുതെ എന്റെ കാര്യത്തിൽ ഇടപെടാൻ വരണ്ട.എനിയ്ക്കത് ഇഷ്ടവുമല്ല…
നിന്റെ ഇഷ്ട്ടോമിഷ്ട്ടക്കെടുമൊന്നും ഇപ്പൊ നോക്കേണ്ട കാര്യമില്ല.. മര്യാദക്ക് ഞാൻ പറയുന്നത് അനുസരിച്ചാൽ മതി.
ഇല്ല…..
തീർച്ചയാണോ പൗമി.
അതേ….. തീർച്ചയാണ്.
ഹ്മ്മ്.. ശരി ആയിക്കോട്ടെ.
അവൻ പിന്നീട് ഒന്നും സംസാരിച്ചില്ല.
അങ്ങനെ ലിപ്സ്റ്റിക് ഇടാറൊന്നുമില്ല,പക്ഷെ ഇപ്പൊ അലോഷിയോടുള്ള വാശിയ്ക്കാണ് കാത്തുനോട് വാങ്ങിയിട്ടത് പോലും.ഇപ്പൊ തുടച്ചു കളയുന്നില്ല, അങ്ങനെ ചെയ്താൽ ഇങ്ങേരുടെ മുന്നിൽ തന്റെ തല കുനിയും.പറഞ്ഞത് അപ്പാടെ താൻ അനുസരിച്ചത് പോലെയാണ്.അതിപ്പോ വേണ്ട..
അവൾ കണക്കുകൂട്ടി..
അലോഷിയെ ഒന്ന് നോക്കിയപ്പോൾ അവന്റെ മുഖത്ത് തീർത്തും ഗൗരവം മാത്രം.
പാർക്കിങ്ങിൽ എത്തിയ ശേഷമാണ് അവനന്നു വണ്ടി നിറുത്തിയത്..
പൗർണമി വേഗമിറങ്ങി.
ദേ അവിടെ ലിഫ്റ്റ് ഉണ്ട്.അവിടേക്ക് പൊയ്ക്കോളൂ.
അവൻ പറഞ്ഞതും പൗർണമി തലയാട്ടി.
അലോഷി തന്റെ ബാഗും എടുത്തു തോളത്തു തൂക്കിയിട്ടുകൊണ്ട് ചെന്നപ്പോൾ പൗർണമി ലിഫ്റ്റിന്റെ അടുത്തുണ്ട്. അവിനാശ് അവളോട് എന്തൊക്കെയോ പറഞ്ഞു അടുത്തു നിൽക്കുന്നത് കണ്ടപ്പോൾ അലോഷിയുടെ നെറ്റി ചുളിഞ്ഞു.
മാം.. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ, ഈ ലിപ്സ്റ്റിക് മനോഹരമായിട്ടുണ്ട്. മാമിന് നന്നായി ചേരുന്നുണ്ട്.പറയാതെ വയ്യാ കെട്ടോ..
അത് കേട്ട് കൊണ്ടവരുടെ അടുത്തേയ്ക്ക് വന്ന അലോഷി അവളെ കൊല്ലാൻ ഉള്ള ഭാവത്തിൽ നോക്കി നിന്നു.
പൗർണമിയാണെങ്കിൽ അവിനാശിനോട് താങ്ക്സ് ഒക്കെ പറഞ്ഞു.
അപ്പോളാണ് അലോഷി മറ്റൊരു കാര്യം ശ്രെദ്ധിച്ചത്, മുടി മുഴുവൻ പിന്നി, അറ്റത്തു ഒരു ക്ലിപ്പ് ഒക്കെ ഇട്ടു വെച്ചിരിക്കുന്നു പൗർണമി.
ഹ്മ്മ്… താൻ പറയുന്നതൊന്നും അനുസരിക്കാൻ വയ്യല്ലേ നിനക്ക്.. വെച്ചിട്ടുണ്ട്, റൂമിലേക്കല്ലേ വരുന്നേ.
പൗർണമിയോട് സംസാരിച്ചു നിന്ന അവിനാശ് പിന്നിൽ നിന്ന അലോഷിയെ കണ്ടിരുന്നില്ല.
ലിഫ്റ്റ് വന്നപ്പോൾ അകത്തേക്ക് കയറിയപ്പോൾ അവനൊന്നു ഞെട്ടിയത് പൗർണമിയും അലോഷിയും ഒരുപോലെ കണ്ടു
സർ… ഗുഡ്മോർണിംഗ്..
ഒരു വിളറിയ ചിരിയോടെ അവൻ പറഞ്ഞു
ഹ്മ്മ്… മോണിംഗ് അവിനാശ്… താനിന്നു ലേറ്റ് ആയോ…
തന്റെ വാച്ചിലേക്ക് നോക്കിക്കൊണ്ട് അലോഷി ചോദിച്ചു.
ലേശം….വീട്ടിൽ നിന്നിറങ്ങാൻ നേരം വണ്ടിയ്ക്ക് എന്തോഒരു ട്രബിൾ.. പിന്നെ ബ്രദറിന്റെ ബൈക്ക് എടുത്തു പോന്നു.
ഹ്മ്മ്….. ഓക്കേ..
ഒന്നിരുത്തി മൂളിക്കൊണ്ട് അലോഷി പുറത്തേക്ക് കണ്ണു കാണിച്ചു.
അവിനാശിന്റെ ഫ്ലോർ എത്തിയിരുന്നു.
മുടിയഴിച്ചിടാൻ പറഞ്ഞപ്പോൾ അത് കേൾക്കാതെ ഇങ്ങനെയിട്ടതും നിനക്ക് സൗകര്യമില്ലാഞ്ഞിട്ടാവും അല്ലെ പൗർണമി..
അലോഷിയുടെ ചോദ്യത്തിന് മറുപടി പറയാതെ പൗർണമി നിന്നു.
അലോഷി ആയിരുന്നു ആദ്യം ലിഫ്റ്റിൽ നിന്നുമിറങ്ങിയത്.
റൂമിൽ കയറിയപാടെ അവനൊന്നു തിരിഞ്ഞു നോക്കി.
പൗർണമി അകത്തേക്ക് വരികയായിരുന്നു.
അവളുടെ വലതുകൈത്തണ്ടയിൽ പിടിച്ചു അവൻ ശക്തമായി വലിച്ചു.
ഓർക്കാപ്പുറത്തായതിനാൽ പൗർണമി അവന്റെ ദേഹത്തേക്ക് വന്നു ഇടിച്ചു നിന്നതും അലോഷി റിമോട്ട് എടുത്തു ഓൾ ലോക്ക് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തതും ഒരുമിച്ചു ആയിരുന്നു…..തുടരും………