പൗർണമി തിങ്കൾ: ഭാഗം 30
Nov 27, 2024, 21:52 IST

രചന: മിത്ര വിന്ദ
അടുത്ത രണ്ട് ദിവസങ്ങൾ അലോഷി നല്ല തിരക്കിൽ ആയിരുന്നു. അവനു അത്യാവശ്യം ആയിട്ട് മുംബൈ വരെ പോണം. അതിന്റെ ഓരോ തിരക്കും പ്രശ്നവും.. തന്നോട് ഏറെ പഞ്ചാര അടിയ്ക്കുമെങ്കിലും ഓഫീസിൽ എത്തിയാൽ ആള് പക്കാ ഡീസന്റ് ആണ്. ചെയ്യുന്ന ജോലിയോട് നൂറു ശതമാനം കൂറ് പുലർത്തുന്നവൻ തന്നെയാണ് ആള്. അതിന് ഒരു മാറ്റവും ഇല്ലന്നു പലപ്പോഴും, പൗർണമി ഓർത്തു. പൗർണമി...... ZAAQ ന്റെ മെയിൽ താൻ ചെക്ക് ചെയ്താരുന്നോ. അലോഷിയുടെ ചോദ്യം കേട്ട് കൊണ്ട് അവൾ പെട്ടെന്ന് മുഖം ഉയർത്തി. മ്മ്... നോക്കിയിരുന്നു. റിപ്ലൈ ചെയ്തതല്ലേ താന്? ഉവ്വ്...... ഹ്മ്മ് മ. ഓക്കേ. അവൻ തന്റെ തള്ള വിരൽ ഉയർത്തി കാണിച്ചു. പൗർണമി വീണ്ടും സിസ്റ്റത്തിലേക്ക് കണ്ണ് നട്ടിരുന്നു.. എടോ... രണ്ട് ദിവസത്തേക്ക് മുരളിയേട്ടൻ തന്നെ നമ്മുടെ വീട്ടിലേക്ക് കൊണ്ട് പോയി വിടും കേട്ടോ..പോകുമ്പോൾ കാത്തുനെയും കൂടെ കേറ്റിയ്ക്കോ .എന്തെങ്കിലും ആവശ്യം വന്നാൽ എന്നെ ഒന്ന് വിളിച്ചാൽ മതി, ഹ്മ്മ്.... അവൾ തല കുലുക്കി കാലത്തെ താനും കാത്തുവും കുറച്ചു നേരത്തെ റെഡി ആയി നിന്നോണം.മുരളിയേട്ടൻ 9മണിക്ക് മുന്നേ അതിലെ വരുന്നതാ.. ഹ്മ്മ്.... അപ്പോളും അവൾ തല കുലുക്കി. അലോഷി ഫോൺ എടുത്തു ആരെയോ വിളിച്ചു. ആഹ് മുരളിയേട്ട, നമ്മുടെ പിള്ളേരുടെ കാര്യം മറക്കല്ലേ ... ആഹ്, ഓക്കേ ഓക്കേ.. ഞാൻ ജസ്റ്റ് പറഞ്ഞുന്നെ ഒള്ളു...എനിയ്ക്ക് അറിയാം,,, ഇവര് ഇവിടെ വന്നിട്ട് ഒരാഴ്ച്ച ആയതേയൊള്ളു, അതാണ് ഹ്മ്മ്... ശരി ശരി. അലോഷി ചിരിയോടെ ഫോൺ കട്ട് ചെയ്തു. ചിരിക്കുമ്പോൾ മിന്നിത്തെളിയുന്ന അവന്റെ നുണ ക്കുഴിയിൽ അവളുടെ മിഴികൾ ഒരു വേള കോർത്തു. ഒരു പ്രേത്യേക ഭംഗിയാണ് അത് കാണാൻ. അലോഷി ശ്രെദ്ധിയ്ക്കുന്നു എന്ന് കണ്ടതും പൗർണമി പെട്ടന്ന് നോട്ടം മാറ്റി. ഉച്ചയ്ക്ക് ശേഷം രണ്ടു മണി ആകുമ്പോൾ അലോഷിയ്ക്ക് ഓഫീസിൽ നിന്നു ഇറങ്ങണം. അതുകൊണ്ട് അവൻ തന്റെ വർക്കുകൾ ഓരോന്നായി സ്പീഡിൽ ചെയ്യുകയാണ്. പൗർണമി, എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നേ വിളിച്ചാൽ മതി, പിന്നെ തന്നെ ഹെല്പ് ചെയ്യാൻ അവിനാഷും, ദീപ്തിയും ഒക്കെ കാണും കേട്ടോ. രണ്ട് ദിവസത്തേക്ക് ദീപ്തി ഇവിടേക്ക് വരും. അവരോട് ചോദിച്ചു കറക്റ്റ് ആക്കി വർക്ക് ചെയ്താൽ മതി. ഹ്മ്മ്... ഓക്കേ. എടോ... എന്നാൽപ്പിന്നെ നമ്മുക്ക് കഴിച്ചാലോ, ഇല്ലെങ്കിൽ എനിയ്ക്ക് സമയം പോകും.. പൗർണമി നോക്കിയപ്പോൾ സമയം 12.30കഴിഞ്ഞതേയൊള്ളു. ഇത്ര പെട്ടന്ന്...... അലോഷിച്ചായൻ കഴിച്ചോളൂ. എനിയ്ക്ക് ഇത്തിരി കഴിഞ്ഞു ആണേലു മതി. അത് സാരമില്ല... എഴുന്നേറ്റു വാ കൊച്ചേ, അഥവാ നിനക്ക് കുറച്ചു കഴിയുമ്പോൾ വിശക്കുവാണേൽ എന്തേലും ഞാൻ ഓർഡർ ചെയ്യിപ്പിച്ചു തരാം.. പോരേ. അതൊന്നും വേണ്ട.... ഈ നേരത്ത് കഴിച്ചു ശീലം ഇല്ലാത്തകൊണ്ടാണ്. ഹ്മ്മ്... ഇടയ്ക്ക് ഒക്കെ ഇങ്ങനെ ശീലിച്ചാലും അത്രയ്ക്ക് പ്രശ്നം ഒന്നുമില്ലന്നെ... നീ വാ. അലോഷി വീണ്ടും നിർബന്ധിച്ചപ്പോൾ അവൾക്ക് എഴുന്നേൽക്കാതിരിക്കാൻ ആയില്ലയിരുന്നു. കൈ കഴുകി വന്നു അവൾ ഇരുന്നപ്പോൾ അലോഷിയും പൗർണമിയുടെ അരികിലായി വന്നിരുന്നു. ആഹ്.. എന്നതായാലും പൗർണമിയ്ക്ക് ഇനി രണ്ട് ദിവസത്തേക്ക് അടിച്ചു പൊളിയ്ക്കാം ... ഇച്ചായൻ ശല്യപെടുത്താൻ കൂടെയില്ലാത്തത് കൊണ്ട് നീ ഇനി ഹാപ്പിയാവും അല്ലെടി കൊച്ചേ. പൗർണമി ഒന്നും മിണ്ടാതെയിരുന്നു തന്റെ ടിഫിൻ ബോക്സ് തുറന്നു.വൻപയർ തോരൻ വെച്ചതും ചമ്മന്തിയും മുട്ട പൊരിച്ചതും ആയിരുന്നു കറികൾ.. അതെല്ലാം കൂട്ടി അവൾ ചോറുരുള ആക്കിയപ്പോൾ അലോഷി അല്പം മുന്നോട്ട് ആഞ്ഞു വന്നു അവളുടെ നേർക്ക് വാ പൊളിച്ചു. അത് കണ്ടതും പൗർണമിയുടെ നെറ്റി ചുളിഞ്ഞു. ഓഹ്. നീയിങ്ങനെ ഉരുള ഉരുട്ടുമ്പോൾ എനിയ്ക്ക് കൊതി വരുവാ കൊച്ചേ, ഐശ്വര്യം ആയിട്ട് ഇച്ചായന് ഇങ്ങോട്ട് തന്നേ.. ഞാൻ ആസ്വദിച്ചു കഴിക്കട്ടെ. അവള്ടെ നോട്ടോo ഭാവോം ഒക്കെ കണ്ടപ്പോൾ അലോഷി വിശദീകരിച്ചു. ഇതൊക്കെ തന്നേയല്ലേ അവിടേം, കൂട്ടി കുഴച്ചു ഉരുളയാക്കിയാൽ മതി. പൗർണമി അല്പം കടുപ്പത്തിൽ പറഞ്ഞു. ഹേയ്... അത് പറ്റില്ലല്ലോ, ഈ കൈപ്പുണ്യം എന്നൊരു സാധനം കൂടിയില്ലേ കൊച്ചേ, അത് കൊണ്ട് നീ ഇങ്ങോട്ട് തന്നാൽ മതി. അവൾ നോക്കിയപ്പോൾ അവൻ വീണ്ടും വാ പൊളിച്ചു കാണിച്ചു. വേഗം കഴിച്ചിട്ട് പോകാൻ നോക്ക് ഇച്ചായ,നേരം ഇപ്പോൾ തന്നെ ഒരുപാട് ആയി. പൗർണമിക്ക്,, ഞാൻ ചോദിച്ചത് തരാൻ കഴിയില്ലല്ലേ.. ഇല്ല..... ഉറപ്പാണോ. ഹ്മ്മ്... അതേ... അവൾ ഗൗരവത്തിലാണ് മറുപടി പറയുന്നത് ശരി, എന്നാൽ പിന്നെ തന്റെ ഇഷ്ടം. അലോഷി അവന്റെ ടിഫിൻ ബോക്സ് തുറന്നു ഭക്ഷണം കഴിക്കാൻ ആരംഭിച്ചു ആ സമയത്ത് അലോഷിയെ അവന്റെ പപ്പ ഫോണിൽ വിളിച്ചു, ഹലോ പപ്പാ... ഞാൻ ഫുഡ് കഴിക്കുകയായിരുന്നു, രണ്ടു മണിയാകുമ്പോൾ ഇവിടുന്ന് ഇറങ്ങാം എന്നോർത്താണ് അവര് പറഞ്ഞത് രണ്ടുദിവസത്തെ പ്രോഗ്രാം ആണെന്ന, ഇനി ദിവസം നീട്ടി എടുക്കുമോ എന്നൊന്നും എനിക്കറിഞ്ഞുകൂടാ. പിള്ളേര് രണ്ടുംകൂടി അവിടെ കിടന്നോളൂ പപ്പാ, നമ്മുടെ നാട്ടിലെ പോലെയല്ലല്ലോ ഇവിടെ ഇപ്പോൾ പേടിക്കാൻ ഒന്നുമില്ല. ഹ്മ്മ്... അതേ അതെ, എന്തിനാ വെറുതെ ആന്റിയെ ശല്യപ്പെടുത്തുന്നത് അവരവിടെ കിടന്നോളും പപ്പാ,തൊട്ടടുത്തു മുഴുവൻ വീടുകളാണ്, പോരാത്തതിന് നമ്മുടെ കോളനിയിൽ സെക്യൂരിറ്റി നാലഞ്ചു പേരുണ്ട് . അലോഷി മുംബൈയ്ക്ക് പോകുമ്പോൾ കാത്തുവും പൗർണമിയും, മാത്രമാകു വീട്ടില്. അവരെ ഒറ്റയ്ക്ക് നിർത്തണ്ട, ആന്റിയുടെ വീട്ടിലേക്ക് രണ്ടുദിവസത്തേക്ക് പൊയ്ക്കോട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് പോള് വിളിച്ചത്. എന്നാൽ അലോഷി അത് സമ്മതിച്ചില്ല, അങ്ങനെ പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നുമില്ലാത്ത ഒരു ഏരിയ ആണ് തങ്ങളുടേതൊന്നും, അവര് രണ്ടാളും കൂടി അവിടെ താമസിച്ചോളും എന്നും പറഞ്ഞ് അവൻ പപ്പയ്ക്ക് മറുപടി നൽകി. അലോഷി ഭക്ഷണം കഴിച്ച് എഴുന്നേൽക്കും മുന്നേ പൗർണമി കഴിച്ച് തീർത്തിരുന്നു. ഫോൺ വെച്ചശേഷം അവൻ നോക്കിയപ്പോൾ പൗർണമിയുടെ പാത്രം കാലിയാണ്. അലോഷി ദേഷ്യത്തിൽ അവളെ ഒന്ന് നോക്കി ആ നോട്ടത്തിന്റെ അർത്ഥം അവൾക്ക് മനസ്സിലായി. പക്ഷേ പൗർണമി മൈൻഡ് ചെയ്തില്ല. ഇതൊക്കെ പോയിട്ട് നീ മതിയാവോളം ഈ അലോഷിച്ചായനെ ഊട്ടുന്ന ഒരു ദിവസം വരും മോളെ, അതിനുവേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. പൗർണമിയെ നോക്കി ഒന്ന് കനപ്പിച്ചു പറഞ്ഞശേഷം അലോഷി എഴുന്നേറ്റ് കൈ കഴുവാനായി പോയി......തുടരും.........