Novel

പൗർണമി തിങ്കൾ: ഭാഗം 36

രചന: മിത്ര വിന്ദ

പൗമി…..
കാത്തു ഉറക്കെ വിളിച്ചപ്പോൾ അവൾ തിരിഞ്ഞു നോക്കി.

ആഹ് നീ ഇവിടെ ഉണ്ടാരുന്നോ, ഞാൻ മുറിയിലൊക്കെ നോക്കില്ലോ.

ഞാനും പൗമികൊച്ചും കൂടി വെറുതെ സൊറ പറഞ്ഞു നിൽക്കുവാരുന്നു.. ഇറങ്ങാറായോടി മോളെ.

ഹ്മ്മ്.. ഇച്ചായൻ റെഡി ആയി, എന്നാപ്പിന്നെ നമ്മുക്ക് പോകാമല്ലേ പപ്പാ…..

ആഹ്
.. രണ്ടാഴ്ചത്തെ കാര്യമല്ലേയൊള്ളു, ദിവസം ഇന്നാ പിടിച്ചോന്നു പറയും പോലെ ഓടി മറയും.പൗമികൊച്ചിന് കൂട്ട് അലോഷി ഉണ്ടല്ലോന്നേ.. അതുകൊണ്ട് സാരമില്ല… ഇനി ഇവിടെ നിൽക്കാൻ ബുദ്ധിമുട്ട് ഉണ്ടെകിൽ ആന്റിടെ അടുത്തേക്ക് ആക്കാം, എന്തേ കൊച്ചേ…?

പോള് പൗമിയെ നോക്കി ചോദിച്ചു.

ഞാൻ ഹോസ്റ്റലിലേക്ക് മാറിക്കോളാം, എന്നിട്ട് കാത്തു വന്ന ശേഷം ഇവിടേക്ക്പോരാം. എന്റെ അച്ഛനും അങ്ങനെയാണ് പറഞ്ഞത്.

ആഹ്.. എന്നാൽ പിന്നെ അങ്ങനെ ആട്ടേ, കൊച്ചിന്റെ വീട്ടുകാര് പറയുമ്പോലെ നിന്നോ,,

അയാൾ പറയുന്നത് കേട്ട് കൊണ്ട് അലോഷി ഇറങ്ങി വന്നു.

ഹോ.. ഇനി എന്തിനാടാ ഹോസ്റ്റലൊക്കെ..അതും രണ്ടാഴ്ച്ചയ്ക്ക്..നീ ഇവിടെ നിന്നോ, ഇച്ചായൻ ഇല്ലെ കൂടെ, എന്നാ പേടിക്കാനാ…

കാത്തു പറയുമ്പോൾ അലോഷി പൗമിയെ ഒന്ന് ഏറുകണ്ണിട്ട് നോക്കി.

അത് ശരിയാവില്ല കാത്തു, ഞാൻ ഹോസ്റ്റലിൽ നിന്നോളം, എന്നേ അച്ഛൻ വഴക്ക് പറയും..അതാണ്.

നേരം പോകുന്നു, എന്തായാലും നമ്മക്ക് ഇറങ്ങാം, ഇപ്പൊ തന്നെ വൈകി.. പൗർണമിയേ ഞാൻ എവുടെയാണെന്ന് വെച്ചാൽ കൊണ്ടാക്കാം. ആദ്യം ഇവരെ എത്തിക്കേണ്ട സ്ഥലത്ത് എത്തിച്ചുകൊടുക്കട്ടെ, ഇല്ലെങ്കിൽ പിന്നെ അത് മതി.

അലോഷി ധൃതിയിൽ വെളിയിലേക്ക് ഇറങ്ങി.

കാത്തു, എന്റെ കാര്യമൊന്നും നീ ഓർക്കേണ്ട, നേരം കളയാണ്ട് ചെല്ലാൻ നോക്ക്. ഇനി ഫ്ലൈറ്റ് മിസ് ആവണ്ട.

പൗർണമി വിഷമത്തോടെ അവളെ നോക്കി പറഞ്ഞു.

കാത്തുനും പൗമിയേ കണ്ടപ്പോൾ സങ്കടം തോന്നി.

ആൻ പറഞ്ഞതൊന്നും ഓർത്തു നീ വിഷമിക്കണ്ട, അവളോട് പോകാൻ പറ,,, നിനക്ക് ഞാനും എന്റെ ഫാമിലിയും നിന്റെ സ്വന്തം ഫാമിലി പോലെ തന്നെയാ കെട്ടോ.

അവളെ കെട്ടിപിടിച്ചു ആ കവിളിൽ മാറി മാറി കാത്തു ഉമ്മ കൊടുത്തപ്പോൾ പൗമിയുടെ കണ്ണ് രണ്ടും നിറഞ്ഞു ഒഴുകി.

നീ കരഞ്ഞാൽ എനിക്ക് വിഷമം ആകും കേട്ടോ, കഷ്ടമുണ്ട്..
കാത്തുനും ശബ്ദം ഇടറി.

പോയിട്ട് പെട്ടന്ന് വാടാ,,, എന്നും വിളിക്കണം കേട്ടോ.
അവളുടെ കവിളിൽ തട്ടിക്കൊണ്ട് പറഞ്ഞു പൗമി മിഴികൾ അമർത്തി തുടച്ചു.

ഇത്രമാത്രം സ്നേഹിക്കുന്ന സ്ഥിതിക്ക് ഇവളുമാര് എങ്ങനെ പിരിഞ്ഞു നിൽക്കുമെന്ന് എനിക്ക് അറിഞ്ഞു കൂടാ….
മമ്മി അവരെ നോക്കി ചിരിച്ചപ്പോൾ പോളും അത് ശരി വെച്ചു.

അലോഷി നീയിയൊരു ഹോൺ മുഴക്കിയതും അവർ മൂവരും കൂടി വീട്ടിൽ നിന്നും ഇറങ്ങി.

മോളെ.. ഇവൻ വന്നിട്ട് എന്നതാണെന്ന് വെച്ചാൽ ആലോചിച്ചു ചെയ്തോ.ഹോസ്റ്റലോ, അല്ലെങ്കിൽ ആന്റിടെ വീടോ, അതുമല്ലെങ്കിൽ ഇവിടെയൊ… എങ്ങനെ വേണേലും…..

കോ ഡ്രൈവിംഗ് സീറ്റിലേക്ക് കയറവെ പോള് പറഞ്ഞു.

അവളുടെ കാര്യം ഞാൻ നോക്കികൊള്ളാം, പപ്പാ ഇപ്പോൾ കേറാൻ നോക്കിക്കെ..
അലോഷി ഒച്ചഉയർത്തി

ആഹ് അത് മനസിലായത് കൊണ്ട് ഞാൻ അവളോട് ഒന്ന് സൂചിപ്പിച്ചതാടാ അലോഷിയേ..

തന്നേ നോക്കി തലയാട്ടുന്ന പപ്പയെ കണ്ടതും അലോഷിയ്ക്ക് ആകെ കിളി പോയ അവസ്ഥ വീണ്ടും സംജാതമായി.

വണ്ടി തിരിച്ചു അവൻ വെളിയിലേക്ക് ഇറങ്ങിയപ്പോൾ പൗമി കയറി വാതിൽ അടയ്ക്കുന്നത് അലോഷി ശ്രദ്ധിച്ചു.

പേടിക്കണ്ട… വാതിൽ അടച്ചുന്നേ.

പപ്പാടെ അർഥം വെച്ചുള്ള സംസാരം പിന്നിൽ ഇരുന്നവർക്ക് പിടികിട്ടിയില്ല. പക്ഷെ അലോഷിയുടെ നെഞ്ചിൽ ഒരു മിന്നൽ കടന്നു പോയി..

പൗമി യേ കുറിച്ചു പറഞ്ഞു കാത്തു ഏറെ സങ്കടപ്പെട്ടു.

ടെൻഷൻ അടിക്കാതെ പെണ്ണേ.. ഉത്തരവാദിത്തം ഉള്ളവന്റെ അരികിലാ അവള്.. ആ കൺവെട്ടത്ത് നിന്നും അവളെ മാറ്റാൻ അവൻ സമ്മതിച്ചിട്ട് വേണ്ടേ…..

പപ്പാ ആരുടെ കാര്യമാ പറയുന്നേ. അവളെ ആര് നോക്കുന്നത്

കാത്തു അല്പം മുന്നിലേക്ക് ആഞ്ഞു പോളിന്റെ തോളിൽ പിടിച്ചു.

മുകളിലിരിയ്ക്കുന്ന തമ്പുരാൻ കർത്താവ്
. അല്ലാതെ പിന്നെയാരടി.

ഓഹ്.. അങ്ങനെ, ഞാൻ വെറുതെ എന്തൊക്കെയോ തെറ്റിദ്ധരിച്ചു.

കാത്തു പറഞ്ഞപ്പോൾ പോള് ഊറിചിരിച്ചു

നീ ഓരോന്ന് പറഞ്ഞു ബി പി കൂട്ടല്ലേ..മര്യാദയ്ക്ക് അടങ്ങി ഒതുങ്ങിയിരിയ്ക്കാൻ നോക്ക് പെണ്ണേ.

പോള് വഴക്ക് പറഞ്ഞപ്പോൾ പിന്നീട് കാത്തു ഒന്നും പറഞ്ഞില്ല.

എയർപോർട്ടിൽ അവരെ എത്തിച്ച ശേഷം അലോഷി മടങ്ങാൻ തുടങ്ങിയതും പോള് അവന്റെ അരികിലേക്ക് വന്നു.

എന്നതാ ഉദ്ദേശം.. വല്ലതും നടക്കുമോ, അതോ….?

മുഖവുര കൂടാതെ അയാൾ ചോദിച്ചു.

ങ്ങെ.. എന്ത്?
അലോഷി പപ്പയെ നോക്കി നെറ്റി ചുളിച്ചു.

അല്ല… നമ്മുടെ ആൻ ലിയ.. മിടുക്കിയല്ലേ.. കൂട്ടത്തിൽ കൊണ്ട് നടക്കാനൊക്കെ പറ്റും.
ഒന്ന് നോക്കിയാലോടാ..

മമ്മി സമ്മതിക്കുമോ.. എനിക്ക് വിരോധമൊന്നുമില്ല.. ഞാൻ നടത്തി തന്നേക്കാം.

ഗൗരവത്തോടെ മകൻ പറയുമ്പോൾ അയാൾ അവനു നേർക്ക് കൈ ഓങ്ങി.

ടാ… കൊത്തി കൊത്തി നീ മുറത്തിൽ കയറിക്കൊത്താൻ തുടങ്ങിയോ.. നിന്റെ മമ്മിയോടും പെങ്ങളോടും ഒക്കെ പറയട്ടെ ഇച്ചായന്റെ ഉള്ളിൽ ഇരിപ്പ് എന്താണെന്ന്..
അയാൾ ശബ്ദം താഴ്ത്തി മകനോട് ചോദിച്ചു.

എന്നത്…
അലോഷി പപ്പയുടെ മുഖത്തേക്ക് ഉറ്റുനോക്കി.

പപ്പയിത് എന്തു പറഞ്ഞു നിക്കുവാ ഇങ്ങോട്ട് വരുന്നുണ്ടോ.. കാത്തു വിളിച്ചതും അയാൾ  പിന്തിരിഞ്ഞ് അവരെ നോക്കി.

വരുവാടി കൊച്ചേ നിങ്ങളങ്ങു കേറിയ്ക്കോ…
അയാൾ മകൾക്ക് മറുപടിയും നൽകി.

എന്നാൽ പിന്നെ ഞങ്ങളു വിട്ടേക്കാം,,, ഈ സമയം കളയാതെ പൊയ്ക്കോ, ആ കൊച്ച് അവിടെ തനിച്ചാ..

അയാൾ മകനെ കെട്ടിപ്പിടിച്ച് അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു.
അവൻ തിരിച്ചും..

അതിനെ നിന്റെ അടുത്ത് നിന്നും മാറ്റണ്ട കേട്ടോടാ, ഒന്നാമത് അറിയുകയും കേൾക്കുകയിമില്ലാത്ത നാട്, എന്നതെങ്കിലും പറഞ്ഞ് കൂടെ നിർത്തിക്കോണം,കാത്തുനെ പെട്ടെന്ന് പറഞ്ഞു വിട്ടോളാം.

മകന്റെ കവിളിൽ ഒന്ന് തട്ടിയശേഷം അയാൾ നടന്നകന്നു.

ഡോറിന്റെ അടുത്ത് ചെന്നതും പോൾ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ,അലോഷി അപ്പോഴും പപ്പയെ നോക്കി നിൽപ്പുണ്ടായിരുന്നു……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button