പൗർണമി തിങ്കൾ: ഭാഗം 37
Dec 5, 2024, 07:18 IST
രചന: മിത്ര വിന്ദ
തിരികെ വീട്ടിലേക്ക് ഉള്ള യാത്രയിൽ അലോഷിയുടെ ഉള്ളിലാകെ പപ്പാ പറഞ്ഞ വാചകങ്ങളാണ്. പപ്പയ്ക്ക് എങ്ങനെ ഇതെല്ലാം മനസിലായി,യാതൊരു സംശയവും തോന്നാത്ത വിധത്തിൽ ആയിരുന്നു തന്റെ പെരുമാറ്റം.. പിന്നെങ്ങനെ...... ഇനി ഒരു പക്ഷേ, പൗമി എന്തേലും പറഞ്ഞൊ കർത്താവെ..... അതുകൊണ്ടാണോ പപ്പാ അങ്ങനെയൊക്കെ സംസാരിച്ചത്. എന്തേലും സുചന കിട്ടി, ഇല്ലെങ്കിൽ ഇത്ര വ്യക്തമായിട്ടൊന്നും പറയാൻ വഴിയില്ല. വീട്ടിൽ ചെന്നിട്ട് പൗമിയോട് ചോദിച്ചു നോക്കാം,,,, പപ്പാ പറഞ്ഞത് ഒക്കെ ഓർത്തുകൊണ്ട് അവൻ വണ്ടി ഓടിച്ചുപോയി. അവൻ വീട്ടിൽ എത്തിയപ്പോൾ പൗമി വന്നു വാതിൽ തുറന്നു. അവള് കുളിയൊക്കെ കഴിഞ്ഞു മുടിയഴിച്ചു വിടർത്തിഇട്ടു കൊണ്ടാണ് നിൽപ്പ്.. ആ മുഖം കണ്ടപ്പോൾ അലോഷിയ്ക്ക് ആണെങ്കിൽ അവളുടെ കവിളിൽ അമർത്തിയൊന്നു മുത്താൻ ആഗ്രഹം തോന്നി.. ചിരിയോടെയുള്ള അലോഷിയുടെ നോട്ടം കണ്ടപ്പോൾ പൗർണമിയ്ക്ക് ഒരു വല്ലായ്മ പോലെ. തിരക്കില്ലെകിൽ ഒരു ചായ എടുത്തേ കൊച്ചേ... വല്ലാത്ത ക്ഷീണം പോലെ തോന്നുന്നു. തിരിഞ്ഞു റൂമിലേക്ക് പോയവളെ നോക്കി അലോഷി വിളിച്ചു പറഞ്ഞു.. തന്റെ ഫോണ് ഒന്ന് ചാർജ് ചെയ്യുവാൻ ഇട്ട ശേഷം പൗർണമി അടുക്കളയിലേയ്ക്ക് പോയി. ഫ്രിഡ്ജിൽ നിന്നും പാല് എടുത്തു പൊട്ടിച്ച് ഒഴിച്ചു . എന്നിട്ട് അലോഷിയ്ക്ക് വേണ്ടി ഒരു സ്ട്രോങ്ങ് ചായയൊക്കെ തയ്യാറാക്കി. കുളി കഴിഞ്ഞു അലോഷിഇറങ്ങി വന്നപ്പോൾ അടുക്കളയിൽ ചെറിയ തട്ടുംമുട്ടുമൊക്കെ കേട്ടു പൗമി..... അലോഷി വിളിച്ചപ്പോൾ അവൾ അവനുള്ള ചായയുമായിട്ട് ഹോളിലേക്ക് വന്നു. പൗമിയുടെ അച്ഛൻ വിളിച്ചോ,,? ചായ വാങ്ങിക്കൊണ്ട് അലോഷി അവളെ നോക്കി. ഹ്മ്മ്... കുറച്ചു മുന്നേ വിളിച്ചു ഇവിടെന്നു മാറുന്ന കാര്യം സംസാരിച്ചോ. ആഹ്, നാളെ എവിടേക്കെങ്കിലും മാറാം, ഇന്നിപ്പോ നേരമിത്രയുമായില്ലേ. അങ്ങനെ പെട്ടന്ന്, അതും രണ്ടാഴ്ചത്തേയ്ക്ക് ഒന്നുമാരും ഹോസ്റ്റലിൽ താമസിക്കാൻ സൗകര്യം തരില്ല പൗമി. അല്ലെങ്കിൽ നീ അന്വേഷിച്ചു നോക്കിക്കോ, കുറഞ്ഞത് ആറു മാസമെങ്കിലും നിൽക്കണം,അല്ലെങ്കിൽപ്പിന്നെ എവിടെയെങ്കിലും പേയിങ് ഗസ്റ്റ് ആയിട്ട് നോക്കാം,അതും ഈ പറഞ്ഞപോലെ ചിലപ്പോൾ ബാച്ച്ലേർസ് ഒക്കെ കാണും,നമ്മുടെ നാട്ടിലെപ്പോലെയൊന്നുമല്ല,ഇവിടെ ആണും പെണ്ണും ഒരുമിച്ചാണ് താമസമൊക്കെ,ഈ നാട്ടില് ഇതത്ര വലിയ സംഭവമൊന്നുമല്ല.താൻ ആലോചിച്ചു തീരുമാനിച്ചാൽ മതിന്നേ,ഒന്നെങ്കിൽ ഇവിടെ നിൽക്കാം,അതല്ലെങ്കിൽ ആന്റിടേ കൂടെ നിന്നോളൂ.അതാകും നല്ലത്.. അലോഷി പറയുന്നത് കേട്ടപ്പോൾ പൗമിയ്ക്ക് ആകെ സങ്കടമായി.അവൾ വിഷമത്തോടെ അവനെ നോക്കിനിന്നു..ഒരക്ഷരം പോലും പറയാതെകൊണ്ട്. തന്റെ അച്ഛനോട് ഞാൻ സംസാരിക്കാം,ആ നമ്പർ ഇങ്ങു തന്നേ,അല്ലെങ്കിൽ ഒന്ന് ഫോൺ വിളിയ്ക്ക്. അതൊന്നും വേണ്ട, ഞാൻ സംസാരിച്ചോളാം . അവൾ പെട്ടെന്ന് അവനോട് പറഞ്ഞു.. അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം,ആന്റിയേ ഇവിടേക്ക് കൊണ്ട്വന്നു നിർത്താം,ഞാൻ പപ്പയോടു ഒന്ന് പറയട്ടെ, ആന്റി വരുവണേൽ പ്രോബ്ലം ഇല്ലാലോ അല്ലേ... ഹേയ്... അതൊന്നും വേണ്ട, വെറുതെ അവരെ ബുദ്ധിമുട്ടിയ്ക്കണ്ട.. അല്ലാ, തനിയ്ക്ക് എന്നേ പേടി ആയത്കൊണ്ട് പറഞ്ഞതാടോ, എനിക്ക് താല്പര്യം ഉണ്ടായിട്ടൊന്നുമല്ല. അലോഷി പറഞ്ഞപ്പോൾ പൗമി അവനെ തുറിച്ചുനോക്കി. എന്നിട്ട് വീണ്ടും അടുക്കളയിലേക്ക് പോയി. ചോറും കറികളും എടുത്തു ചൂടാക്കി വെച്ചു. അച്ചിങ്ങ മെഴുക്കുവരട്ടിയും മോരും പച്ചമീൻ വറുത്തതുമാണ് കറികൾ. എല്ലാമെടുത്തു ടേബിളിൽ വെച്ചു. അലോഷി കുരിശുവരച്ചുകൊണ്ട് ഇരുന്ന നേരത്ത് പൗമി റൂമിലേക്ക് പോയി. അവളുടെ അമ്മ ഫോണിൽ വിളിക്കുന്നുണ്ട്. ആഹ് ഉമയമ്മേ.... മോളെ പൗമി... കാത്തുന്റെ ചേട്ടൻ വന്നോടാ. ആഹ് എത്തി, അര മണിക്കൂറായ്ക്കാണും. ശോ, ആ ചെറുക്കനും മോളും കൂടി എങ്ങനെയാടാ... നമ്മുടെ നാട്ടിലെ ആരെങ്കിലും അറിഞ്ഞാൽ പിന്നെ അതുമതി. അലോഷി പറഞ്ഞ കാര്യങ്ങൾ എല്ലാം അവള് അച്ഛനെയും അമ്മയെയും പറഞ്ഞു കേൾപ്പിച്ചു. അവർക്കും അറിയില്ലയിരുന്നു എന്ത് ചെയ്യണമെന്ന്. പ്രായപൂർത്തിയായ മകൾ ഒറ്റയ്ക്ക്, അതും ഒരു പുരുഷന്റെ കൂടെ.. എന്താ മോളെ ഒരു വഴി,,, ഇന്നത്തെടം ഇങ്ങനെ പോകട്ടെ, നാളെ ഞാനൊന്നു തിരക്കാം. ബാക്കി കാര്യം അപ്പൊ നോക്കാം. അച്ഛൻ വിഷമിക്കേണ്ട... ആ ചെറുക്കൻ ആളെങ്ങനെയാടി മോളെ.. പാവമാണ്, വേറെ കുഴപ്പമൊന്നുമില്ല... പുള്ളി എപ്പോളും ബിസിയാണ്, ഇവിടെയാണേലും ലാപ്പിൽ എന്തെങ്കിലും ഒക്കെ ചെയ്ത്കൊണ്ട് ഇരുന്നോളും. കുറച്ചു സമയം അച്ഛനോടും അമ്മയോടും സംസാരിച്ച ശേഷം പൗർണമി പുറത്തേക്ക് ഇറങ്ങി വന്നു. അലോഷി കുരിശു വരയൊക്കെ കഴിഞ്ഞിരുന്നു. പൗമി നോക്കിയപ്പോൾ അവൻ ചോറും കറികളും എടുത്തു ഊണ്മേശയിൽ വെക്കുന്നുണ്ട്. ആഹ്.... ഇരിയ്ക്ക് കൊച്ചേ, എനിയ്ക്ക് ആണേൽ വല്ലാതെ വിശക്കുന്നുണ്ട്. ഉച്ചയ്ക്ക് മുന്നേ എന്തോഇത്തിരി വാരിക്കഴിച്ചു പോന്നതാ... അലോഷി രണ്ട് പ്ലേറ്റ്കൾ എടുത്തു വെച്ചിട്ട് അവളെ നോക്കി പറഞ്ഞു. ഇച്ചായൻ കഴിച്ചോളൂ, എനിക്കിപ്പോ വേണ്ട.... അതെന്താ.... നിനക്ക് വിശപ്പും ദാഹോമൊന്നുമില്ലേടി... ഇപ്പൊ വേണ്ടാഞ്ഞിട്ടാ,, ഞാൻ പിന്നെ ഇരുന്നോളാം. പറഞ്ഞ ശേഷം അരികിൽ നിന്നും പോകാൻ തുനിഞ്ഞവളുടെ കൈത്തണ്ടയിൽ കയറി അലോഷി പിടിച്ചതും പൗർണമി ഞെട്ടിത്തിരിഞ്ഞു നോക്കി. ആഹ്, അതെന്ന പോക്കാ പോകുന്നെ, എന്റെ കൊച്ചും കൂടിയിരിയ്ക്കുന്നേ.... നമ്മുക്ക് ഒരുമിച്ചു കഴിക്കാം. അവളുടെ അടുത്തേക്ക് അല്പം കൂടി അടുത്തു വന്നു അലോഷി പറഞ്ഞപ്പോൾ പൗർണമി ആ കൈയിലെ പിടിത്തം വിടുവിയ്ക്കുവാൻ ശ്രെമിച്ചുകൊണ്ടേയിരുന്നു. ഇരിയ്ക്ക് കൊച്ചേ.... എത്ര ദിവസമായി ഒന്നൊരുമിച്ചു ഇരുന്ന് കഴിച്ചിട്ട്..... വേറെയാരുമല്ലല്ലോ.. നിന്റെ ഇച്ചായൻ അല്ല്യോടി.. നിന്റെ മാത്രം അലോഷിച്ചായൻ. അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് അലോഷി പറഞ്ഞു നിറുത്തി.......തുടരും.........