Novel

പൗർണമി തിങ്കൾ: ഭാഗം 39

രചന: മിത്ര വിന്ദ

അലോഷിച്ചായന്റെ മുഖം ഒന്ന് വാടിയത് തനിയ്ക്ക് അത്രമേൽ സങ്കടം ആയിപ്പോയല്ലോന്നു ഓർത്തു കൊണ്ട് ആയിരുന്നു പൗമി അടുക്കളയിലേക്ക് പോയതും.

വിശന്നു വന്നിരുന്നതാണ്, എന്നിട്ട് ആ പാവം ഒരല്പം പോലും ഭക്ഷണം കഴിയ്ക്കാതെ എഴുന്നേറ്റു പോയതു പോലും.

ശോ….. കഷ്ടം,,,,
അവൾക്ക് വല്ലാത്ത കുറ്റബോധം പോലെ തോന്നി.

ഗോതമ്പ് പൊടി എടുത്തു പൂരി ഉണ്ടാക്കുവാൻ വേണ്ടി കുഴച്ചു വെച്ചിരിക്കുകയാണ് അവൾ. രണ്ട് ഉരുള ക്കിഴങ്ങ് എടുത്തു വെള്ളത്തിൽ ഇട്ടു. കൂടെ രണ്ട് മുട്ടയും. അതിലേക്ക് ഒരു മസാല കറി വെയ്ക്കാൻ.
ചോറ് ആയിട്ടുണ്ട്, തലേദിവസം റൈസ് കുക്കറിൽ ഇറക്കി വെച്ചത് കൊണ്ട്..
അച്ചിങ്ങ പയർ മെഴുക്കുവരട്ടി വെയ്ക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് പൗമി.

ഓരോ ജോലികൾ വേഗത്തിൽ ചെയ്യുമ്പോളും അവളുടെ നോട്ടം അടുക്കളയുടെ വാതിലും കടന്നു വെളിയിലേക്ക് നീളും.. അലോഷി ഉണർന്ന് വരുന്നുണ്ടോന്നു അറിയാനായ്.

7മണി കഴിഞ്ഞിട്ടും അവനെ കാണാഞ്ഞപ്പോൾ പൗമി അവന്റെ റൂമിന്റെ വാതിൽക്കൽ ചെന്നു നിന്നു.
അലോഷി നല്ല ഉറക്കത്തിലാണ്.

ശോ… സമയം പോകുന്നതൊന്നും ആളറിയുന്നില്ലേ കണ്ണാ…

രണ്ടും കല്പിച്ചുകൊണ്ട് അവൾ വാതിൽ തുറന്നു അകത്തേക്ക് കയറി.
ആദ്യമായിട്ടാണ് അലോഷിയുടെ റൂമിലേക്ക് അവൾ പ്രവേശിക്കുന്നത് പോലും.

മെല്ലെ അവന്റെ അടുത്തേക്ക് നടന്നപ്പോൾ പൗമിയുടെ ഹൃദയം വേഗത്തിൽ മിടിച്ചു.

അപ്പോളും കമഴ്ന്നു കിടന്നു ഉറങ്ങുകയാണ് അലോഷി.

ശ്വാസം ഒന്നെടുത്തു വലിച്ചുകൊണ്ട് പൗമി അവന്റെ അടുത്തേക്ക് അല്പം കുനിഞ്ഞു

ഇച്ചായാ….
അവൾ വിളിച്ചു.

പക്ഷെ അവൻ കേട്ടിരുന്നില്ല.

ഇച്ചായ….. അലോഷിച്ചായ… നേരം ഒരുപാടായി.

ഇത്തിരി കൂടി മുഖം താഴ്ത്തി അവൾ പറഞ്ഞപ്പോൾ അലോഷി ഒന്ന് ഞരങ്ങി.

മണി 7കഴിഞ്ഞു.. ഇച്ചായൻ എഴുന്നേൽക്കുന്നില്ലേ…

പൗർണമിയുടെ ശബ്ദം തിരിച്ചറിഞ്ഞതും അലോഷി ഒന്ന് നിവർന്നു.

എന്നിട്ട് കണ്ണ് തുറന്നു നോക്കിയപ്പോൾ അവൾ അവന്റെ മുന്നിൽ നിൽക്കുന്നു.

ഓഫീസിൽ പോകണ്ടേ… നേരം വൈകി.
അല്പം ജാള്യതയോടെ അവൾ പറഞ്ഞു.

ഹ്മ്മ്….

ഒന്ന് മൂളുക മാത്രമാണ് അവൻ ചെയ്തത്.

പിന്നെയും റൂമിൽ നിന്ന് പോകാതെ തന്റെ കൈവിരലുകളിൽ പിടിച്ചു ഞെരിച്ചുകൊണ്ട് നിൽക്കുകയാണ് അവൾ..

താൻ ചെല്ല്, ഞാൻ എഴുന്നേറ്റോളം..

അലോഷി പറഞ്ഞതും പൗർണമി പെട്ടന്ന് തിരിഞ്ഞു ഇറങ്ങിപ്പോയ്.

ഒരു നെടുവീർപ്പോടെ അലോഷി എഴുന്നേറ്റ് ബെഡിൽ ഇരുന്നു. പൗർണമി പോകുന്നതും നോക്കി.

എന്നിട്ട് പതിയെ എഴുന്നേറ്റു കിടക്കയിലിരുന്നു.

കുരിശു വരച്ച ശേഷമാണ് ഓരോ ദിനവും തുടരുന്നത്.

ചുവരിൽ വെച്ചിരിക്കുന്ന അരുവിത്തുറ വല്യച്ഛന്റെ ഫോട്ടോയിലേക്ക് ഒന്ന് നോക്കി.

പച്ചക്കൊടി കാണിക്കാനുള്ള ലക്ഷണമാണോ പുണ്യാളച്ചാ….
ഒരു ചിരിയോടെ അവൻ വാഷ് റൂമിലേക്ക് പോയി.

കുളിച്ചു ഫ്രഷ് ആയി ഇറങ്ങിവന്നപ്പോൾ വല്ലാത്തൊരു ഉന്മേഷം പോലെ.

ഹ്മ്മ്…. പെണ്ണിനപ്പോൾ തന്നോട് ഇഷ്ട്ടം ഒക്കെ ഉണ്ട്… അതിന്റെ ലക്ഷണം ആണിതൊക്കെ.
ഇത്തിരി വെയിറ്റ് ഇട്ടുനിൽക്കാമല്ലേ… ഓടിചെന്നു പിടി കൊടുത്താൽ ശരിയാവില്ല..
അവൾക്ക് ഇത്തിരി സങ്കടമൊക്കെ തോന്നണം.

അലോഷി പല കണക്കുകൂട്ടലുകൾ നടത്തി.
അടുക്കളയിലേക്ക് ചെന്നപ്പോൾ പൗർണമി പാചകത്തിലാണ്.
അവൻ അതൊന്നും മൈൻഡ് ചെയ്യാതെ ഒരു ഗ്ലാസ് എടുത്ത് കുറച്ച് വെള്ളം പകർന്നു..

അപ്പോഴാണ് അവൻ അരികിൽ നിൽക്കുന്നത് അവൾ കണ്ടത്.

ഇച്ചായ കോഫി എടുക്കാമേ.
പറയുന്നതിനൊപ്പം തന്നെ അവൾ ഫ്ലാസ്കിൽ നിന്നും കോഫി ഒഴിക്കുവാൻ തുടങ്ങിയിരുന്നു.

വേണ്ട…….
അത്രമാത്രം പറഞ്ഞുകൊണ്ട് അലോഷി വെളിയിലേക്ക് ഇറങ്ങി പോയി.

പെട്ടെന്ന് അവളുടെ മുഖം വാടി.

എനിക്ക് ആവശ്യമുള്ളപ്പോൾ ഞാൻ എടുത്തു കുടിച്ചോളാം. മറ്റൊരാളെ ബുദ്ധിമുട്ടിക്കാൻ എനിക്ക് താല്പര്യമില്ലാത്തതുകൊണ്ടാണ്.

തിരിഞ്ഞുനിന്ന് അവളെ നോക്കി അലോഷി അതും കൂടി പറഞ്ഞു.

കേട്ടപ്പോൾ പൗർണമിക്ക് സങ്കടം വന്നിട്ട് വയ്യാ…
മിഴികൾ രണ്ടും നിറയാൻ തുടങ്ങിക്കഴിഞ്ഞു.

അവളുടെ മുഖത്തേക്ക് നോക്കിയാൽ തന്റെ ഗൗരവമൊക്കെ  എവിടെയെങ്കിലും പോയി ഓടി ഒളിക്കുമെന്ന് അറിയാവുന്നതുകൊണ്ട്  അലോഷി പെട്ടെന്ന് തന്നെ സ്വീകരണ മുറിയിലേക്ക് പോയി.

അത്രനേരം ഉഷാറോടുകൂടി ഓരോന്ന് ചെയ്തുകൊണ്ടിരുന്നവളാണ്.

പിന്നീട് എല്ലാം ഇഴഞ്ഞു നീങ്ങുംപോലെയാണ് ചെയ്തത്.
അത്രമാത്രം സങ്കടം

ബ്രേക്ക്‌ഫാസ്റ്റ് ഉണ്ടാക്കി വെച്ച ശേഷം കുളിയ്ക്കുവാൻ വേണ്ടി പൗമി തന്റെ മുറിയിലേക്ക് പോയി.

അലോഷി അപ്പോൾ ന്യൂസ് പേപ്പർ വായിക്കുകയായിരുന്നു.

കാത്തുവിന്റെ ഫോൺ കോൾ വന്നിട്ടുണ്ട്.
പൗർണമി വേഗം തന്നെ അവളെ തിരിച്ചു വിളിച്ചു.

അവളുടെ രോഗവിവരങ്ങളൊക്കെ തിരക്കി.

ഇന്ന് ഉച്ചയാകുമ്പോൾ എറണാകുളത്തെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ  പോകുകയാണെന്നും, അവരുടെ റിലേറ്റീവ് ഒരു ആന്റി അവിടെ ഗൈനക്കോളജിസ്റ്റ്  ആണെന്നും, അവരെ കാണുവാൻ വേണ്ടി അപ്പോയിൻമെന്റ് എടുത്തിട്ടുണ്ട് എന്നും ഒക്കെ  കാത്തു പൗർണമിയോട് പറഞ്ഞു..

ഇത്തിരി നേരം കൂടി അവളോട് സംസാരിച്ച ശേഷം പൗർണമി  ഫോൺ കട്ട് ചെയ്തു..
സമയം അപ്പോൾ എട്ടു മണി ആവാറായിട്ടുണ്ട്..

കുളിച്ചിറങ്ങി വന്ന ശേഷം, പീകോക്ക് ബ്ലൂ നിറമുള്ള ഒരു സൽവാർ ആയിരുന്നു എടുത്തിട്ടത്. വളരെ മനോഹരമായിട്ടുണ്ട് അവൾ ആ വേഷത്തിൽ.ഇത്തിരി ഷേപ്പ് ആയിട്ടു നിൽക്കുന്ന ഒരു സൽവാർ ആയിരുന്നത്.
ബാക്ക് നെക്ക് ഒക്കെ അല്പം ഇറങ്ങി വൈഡ് ആയിട്ടുഉള്ളതാണ്..

ഉണങ്ങിയ ഒരു ടവൽ കൊണ്ട് മുടി മുഴുവനും ഉച്ചിയിൽ കെട്ടിവെച്ചു.

എന്നിട്ട് വീണ്ടും അടുക്കളയിലേക്ക് പോയി.
രണ്ട് പേരുടെയും ലഞ്ച് ബോക്സ്‌ എടുത്തു കഴുകി. എന്നിട്ട് ചോറിന്റെ മുകളിലേക്ക് അച്ചിങ്ങ മെഴുക്കുവരട്ടിയും മാങ്ങാ ചമ്മന്തിയും മീൻ വറുത്തതും കൂടി എടുത്തു വെച്ചു.

അലോഷി കയറി വന്നപ്പോൾ കണ്ടത് അവളുടെ ശംഖുതോൽക്കുന്ന മിഴിവോടെ നിൽക്കുന്ന പിൻ കഴുത്തായിരുന്നു.
അതിലേക്ക് ഒന്ന് രണ്ട് മുടി ചുരുളുകൾ വീണു കിടക്കുന്നു.
സ്വർണനിറമാർന്ന അവളുടെ രോമരാജികൾ ഇത്തിരി ഉണർന്നാണ് നിൽപ്പ്.

പെട്ടെന്ന് പൗർണമി തിരിഞ്ഞതും വീണ്ടും അവന്റെ കിളിപോയി.

കടഞ്ഞെടുത്ത അവളുടെ അംഗലാവണ്യം നോക്കി നിന്നു പോയിരുന്നു ഒരു നിമിഷത്തെയ്ക്ക്.

പെട്ടെന്ന് അവൻ മുഖം തിരിച്ചു. ഒരു പ്ലേറ്റ് എടുത്തു, ശേഷം പൂരിയും മുട്ട കറിയും എടുത്തു.

എന്നിട്ട് പൗർണമിയേ ഭക്ഷണം കഴിക്കാൻ വേണ്ടി ഒന്ന് വിളിക്കുക പോലും ചെയ്യാതെ പോയി.

നിറഞ്ഞ മിഴിയോടെ നിൽക്കുകയാണ് അവളെന്ന് അറിയാമെങ്കിലും അലോഷി തിരിഞ്ഞു നോക്കിയില്ല……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!