പൗർണമി തിങ്കൾ: ഭാഗം 4
Nov 1, 2024, 22:35 IST

രചന: മിത്ര വിന്ദ
പൗർണമിയുടെ റിസൾട്ട് നോക്കിയതും കാത്തു ആയിരുന്നു. നെറ്റ്വർക്ക് ഇഷ്യൂ കാരണം അവൾക്ക് ലാപ്പിൽ എറർ കാണിക്കുകയാരുന്നു. അതുകൊണ്ട് കാത്തു നോക്കാമെന്നു പറഞ്ഞു. ഉച്ചയ്ക്ക് ശേഷം മൂന്നുമണിയായി റിസൾട്ട് പബ്ലിഷ് ചെയ്തപ്പോൾ. കാത്തുവിന്റെ കാൾ വന്നതും പൗർണമിയ്ക്ക് നെഞ്ചിടിച്ചു. എന്റെ മോളെ, നീ ടെൻഷൻ ആകാതെ ഫോൺ എടുക്കെടി എന്തായാലും നീ തോറ്റൊന്നും പോകില്ലന്നേ.. ഉമ വന്നു മകളെ സമാധാനിപ്പിച്ചു. വിറയലോടെ പൗർണമി ഫോൺ എടുത്തു. ഹലോ.... എടി, എന്താ കാത്തു.റിസൾട്ട് അറിഞ്ഞോ. ഹമ്... നീ ക്ലാസ്സ് ഗ്രൂപ്പ്‌ഒന്ന് ഓപ്പൺ ചെയ്തു നോക്കിക്കേ. പറയുകയും കാത്തുവിന്റെ കാൾ കട്ട് ആയി. പെട്ടന്ന് തന്നേ പൗർണമി വാട്ട്‌സപ്പിൽ കേറി നോക്കിയതും, അവളുടെ കണ്ണ് നിറഞ്ഞു. ഇത്തവണത്തെ യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ പൗർണമി ബാബുരാജ്.. ആശംസകളും അഭിനന്ദനങ്ങളും ണ് നിറയെ വന്നുകൊണ്ടിരിയ്ക്കുന്നത്. എന്താടി മോളെ.. ഉമ ചോദിച്ചതും അവളവരെ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് കാര്യം പറഞ്ഞു. അമ്മയും മകളും ചേർന്നായിരുന്നു പിന്നീട്അങ്ങോട്ട് കരച്ചില്. പെട്ടെന്ന് ബാബുരാജിന്റെ ഓട്ടോ വന്നു നിൽക്കുന്ന ശബ്ദം കേട്ടു. പൗർണമി ഇറങ്ങിയോടി ചെന്നു. മോളെ.... അച്ഛൻ ഇപ്പൊ അറിഞ്ഞേയൊള്ളു. കവലയിലെല്ലാരും പറയുന്നു. അയാളും മകളെ കെട്ടിപിടിച്ചു അവളുടെ കവിളിൽ മുത്തം കൊടുത്തു . അച്ഛൻ ഒന്നും വാങ്ങിയില്ലല്ലോ, പെട്ടന്ന് ഓടി പോരുവാരുന്നു. അയാളും തന്റെ മിഴികൾ തുടച്ചു കൊണ്ട് പറയുകയാണ്. അതൊന്നും സാരമില്ല, എന്റെ അച്ഛൻ എന്തോരം കഷ്ടപ്പെട്ട് എന്നേ പഠിപ്പിച്ചത്. അത് മാത്രം മതി എനിയ്ക്ക്.. മൂവരും സംസാരിച്ചു കൊണ്ട് നിന്നപ്പോൾ അടുത്ത വീട്ടിൽ നിന്നൊക്കെ ഓരോ ചേച്ചിമാര് അറിഞ്ഞു കേട്ട് വന്നു. ഇതിലിപ്പോ അത്ഭുദപ്പെടാൻ ഒന്നും ഇല്ലന്നേ.. ഈ കൊച്ചു ഒന്നാം ക്ലാസ്സ് മുതൽ ഒന്നാം സ്ഥാനം വാങ്ങി പഠിച്ച വന്നതല്ലേ.. പിന്നെങ്ങനെ മോശമാകും.പൗർണമിയെ പോലെ ഒരു മോള് ജനിച്ചത് നിങ്ങളുടെ പുണ്യമാണ് ഉമേച്ചി.. ഞാൻ എന്റെ മക്കളോട് പറയുന്നേ പൗർണമിചേച്ചിയെ കണ്ടു പഠിക്കാനാണ്.. അങ്ങനെനങ്ങനെ നീണ്ടു പോകുന്നു അയൽവീട്ടുകാരുടെയൊക്കെ സംസാരം.നിറഞ്ഞ മനസോടെ, അഭിമാനത്തോടെ അതെല്ലാം കേട്ടുകൊണ്ട് നിൽക്കുകയാണ് ബാബുരാജും ഉമയും. എല്ലാവരും ഒരേ അഭിപ്രായമായിരുന്നു.. ഫോൺ നിർത്താതെ ഇരമ്പികൊണ്ടേയിരുന്നു. പൗർണമി ആണെങ്കിൽ ടെൻഷൻ കാരണം സൈലന്റ് ആക്കി വെച്ചതായിരുന്നു. ഓടി ചെന്നു നോക്കിയപ്പോൾ ഏറെ മിസ്സ്ഡ്കാൾ. കൂടുതലും കാത്തുവിന്റെയാണ്. അവൾ ആദ്യം തിരിച്ചു വിളിച്ചതും കാത്തുവിനെയാരുന്നു. ഹെലോ... എടി കാത്തു. എന്റെ പെണ്ണേ..നീ ഇത് എവിടാ ഒരു congratulations പറയാൻ വേണ്ടി , എത്ര നേരമായിട്ടു വിളിക്കുന്നു നിന്നെ... ടാ... ഞാൻ പുറത്താരുന്നു. അടുത്ത് വീട്ടിലെ കുറച്ചു ചേച്ചിമാരൊക്കെ വന്നു, പിന്നെ അച്ഛനും എത്തി. എല്ലാവരോടും സംസാരിക്കുവാരുന്നു. ഹമ്... ഓക്കേ ഓക്കേ... എന്തായാലും എന്റെ പൗർണമിപെണ്ണിന് സന്തോഷം ആയോ. ഇത്രയ്ക്കൊന്നും ഞാൻ പ്രതീക്ഷിച്ചത് അല്ലടാ.. സത്യം പറഞാൽ എനിയ്ക്കിപ്പോളും വിശ്വസിക്കാൻപോലും പറ്റുന്നില്ല. നിനക്ക് എങ്ങനെയുണ്ട്. ഓഹ്... എന്റെ കാര്യമൊക്കെ കണക്കാ പെണ്ണേ.ഞാൻ ആണെങ്കിൽ നിന്നെപ്പോലെ പഠിപ്പിയൊന്നുമല്ലല്ലോ . 78%.. അങ്ങനെയൊന്നും പറയണ്ട... നിനക്കും നല്ല മാർക്ക് ഉണ്ടല്ലോ.. നാളെ കോളേജിൽ പോകണ്ടേടാ.. മ്മ്... പോകാം. നീ ബസ് സ്റ്റോപ്പിൽ നിന്നാൽ മതി. പപ്പായെ കൂട്ടി ഞാൻ വന്നോളാം. അതൊന്നും വേണ്ടടാ... ഞാൻ ബസിൽ പൊയ്ക്കോളാംന്നേ. ദേ പെണ്ണേ.. പറയുന്നത് അങ്ങ് കേട്ടാൽ മതി, ഇങ്ങോട്ട് ഒന്നും അവതരിപ്പിയ്‌ക്കേണ്ട കെട്ടോ. ആഹ് പിന്നെ ചിലവ് ചെയ്തേക്കണം. പറഞ്ഞില്ലെന്നു വേണ്ട... ഗൗരവത്തിൽ പറയുകയാണ് കാത്തു. അത് കേട്ടതും പൗർണമിയ്ക്ക് ചിരി വന്നുപോയ്. ഓഹ് ഉത്തരവ്... നാളെ കൃത്യം 8.30നു ഞാനവിടെ കണ്ടേക്കാം പോരേ.. ഹമ്... അങ്ങനെ വഴിയ്ക്ക് വാ.. അല്ലേലും ഈ കാത്തുനോടാ നിന്റെ കളി.ഞാൻ പറയുന്നത് കണ്ടും കേട്ടും അനുസരിച്ചു നിന്നാല് അതിന്റെ ഗുണം നിനക്ക് തന്നെയാ കേട്ടോ. ചിരിയോടെ പറഞ്ഞുകൊണ്ട് അവൾ ഫോൺ വച്ചു.. അന്നു മുഴുവനും പൗർണമിയുടെ വീട്ടിൽ ആകെ തിരക്കായിരുന്നു. ബന്ധുമിത്രാദികളും അയൽ വീട്ടുകാരും,ബാബുരാജിന്റെ ഒപ്പം ഓട്ടം ഓടിക്കുന്ന,സഹപ്രവർത്തകരും ഒക്കെ അവളോട് ആശംസകളറിയിക്കുവാനായി എത്തി. ഒരു സാധാരണ കുടുംബത്തിലെ, ഒരു പെൺകുട്ടി കഷ്ട്ടപ്പെട്ടു പഠിച്ചു ഉന്നത നിലയില് എത്തിഎന്നുള്ളത് ചെറിയ കാര്യമല്ലന്ന് ആയിരുന്നു എല്ലാവരും പറയുന്നത്. പവിത്ര സ്കൂളിൽ നിന്നു വന്നപ്പോൾ ചേച്ചിയ്ക്ക് റാങ്ക് കിട്ടിയത് അറിഞ്ഞത്. അവൾക്കും ഒരുപാട് സന്തോഷമായി. പൗർണമിയുടെ കോളേജിലെ പ്രിൻസിപ്പൽ സാർ വിളിച്ച്, പിറ്റേദിവസം ഉച്ചയ്ക്ക് ശേഷം ഒരു ആദരിക്കൽ ചടങ്ങ് നടത്തുന്നതായി അറിയിച്ചു. അതുകൊണ്ട് പൗർണമി തീർച്ചയായും നാളെ കോളേജിൽ എത്തണമെന്നും അദ്ദേഹം അവളോട് ആവശ്യപ്പെട്ടു. കാത്തുവിനോട് വിവരം പറഞ്ഞപ്പോൾ,എന്നാൽ പിന്നെ ഒരു 11 മണിയാകുമ്പോഴേക്കും നമുക്ക് കോളേജിലേക്ക് പുറപ്പെടാമെന്ന് പൗർണമിയോട് അവൾ പറഞ്ഞു. പിന്നെ അവളുടെ വീട്ടിലും ചെറിയൊരു സെലിബ്രേഷൻ ഒക്കെ ബാബുരാജ് സംഘടിപ്പിച്ചിരുന്നു. പൊറോട്ടയും ചിക്കൻ കറിയും, പിന്നെ കപ്പ വേവിച്ചുടച്ചതും മീൻ കറിയും ഒക്കെ എല്ലാവർക്കും ആയി അവർ കവലയിലെ ഒരു കടയിൽ നിന്ന് വരുത്തിച്ചു. ഒരു കേക്ക് ഒക്കെ മേടിച്ച് കട്ട് ചെയ്ത്, വന്നുചേർന്ന ആളുകൾക്കൊക്കെ ലഡു വിതരണവും ഒക്കെ നടത്തിയിരുന്നു. ചിലരൊക്കെ പൗർണമിയ്ക്കും സമ്മാനം ഒക്കെ വാങ്ങിയാണ് എത്തിയത്.. 6, 7 ചുരിദാർ മെറ്റീരിയൽസും ടോപ്പുകളും ഒക്കെ അവൾക്ക് സമ്മാനമായി കിട്ടി. ചേച്ചിയും അനുജത്തിയും കൂടി അത് പങ്കിട്ടെടുത്തു.. അങ്ങനെ വളരെ സന്തോഷത്തോടുകൂടിയാണ് ആ ദിവസം കടന്നുപോയത്. *** അടുത്തദിവസം കാലത്തെ തന്നെ പൗർണമി ഉണർന്നു. അമ്പലത്തിൽ ഒന്ന് പോകണം,മഹാദേവനെ കണ്ട് നന്ദി പറയണം. രാവിലെ കുളിയൊക്കെ കഴിഞ്ഞ് അച്ഛന്റെ ഒപ്പമായിരുന്നു അവൾ അമ്പലത്തിലേക്ക് പോയത്. മനം കുളിർക്കേ, കണ്ടു തൊഴുത് അവൾ ഭാഗവാനോട് പ്രാർത്ഥിച്ചു. ഒരു കൂവളമാലയും സമർപ്പിച്ചു... തിരുമേനി കൊടുത്ത, തീർഥവും സേവിച്ചു,ഇല ചീന്തിൽ നിന്നും ഒരല്പം ഭസ്മമെടുത്ത് നെറ്റിമേൽ വരച്ചു...ഒന്നുടോന്നു തൊഴുത ശേഷം അവൾ അച്ഛനോടൊപ്പം മടങ്ങിപോന്നു. വീട്ടിലെത്തിയപ്പോൾ നല്ല ചൂട് ദോശയും, തേങ്ങാ ചമ്മന്തിയും അമ്മ എടുത്തു വച്ചിരുന്നു. ആവി പറക്കുന്ന കട്ടൻകാപ്പി അല്പമായി ഊതി കുടിച്ചു കൊണ്ട്, അവൾ ദോശ കഴിക്കുവാനായിരുന്നു.. ഒരെണ്ണം മതിയമ്മേ.... ആഹ് ഇത് ക്ഴിയ്ക്ക് മോളെ, ചെറിയ ദോശയാന്നെ.. ഉമ നിർബന്ധിച്ചു ആണ് അവളെ അത് ക്ഴിപ്പിച്ചത്. പത്തര ആയപ്പോൾ അവൾ കോളേജിൽ പോകാനായി റെഡി ആയിറങ്ങി വന്നു. തൂവെള്ളയിൽ ചെറിയ പനിനീർറോസാപൂക്കൾ തുന്നിയ ഒരു ചുരിദാർ ആയിരുന്നു അവളുടെ വേഷം.കഴിഞ്ഞ വിഷുനു കൈനീട്ടം കിട്ടിയ പൈസ സൂക്ഷിച്ചു വച്ചു വാങ്ങിയ ചുരിദാർ ആയിരുന്നത്.. അമ്മയാണെങ്കിൽ തയ്ച്ചു തന്നിട്ട് രണ്ട് ആഴ്ചയായൊള്ളു. എന്തായാലും ഇന്ന് ഇതിടാം.. അവൾ തീരുമാനിച്ചു. കാലത്തെ കുളി കഴിഞ്ഞത് കൊണ്ട് മുടിയൊക്കെ ഉണങ്ങിയിരുന്നു. അതുകൊണ്ട് അവളതെല്ലാം എടുത്തു മെടഞ്ഞിട്ടു.അല്പം പൌഡർ എടുത്തു മുഖത്തിട്ടു,ഒരു കുഞ്ഞിപൊട്ടും തൊട്ട്, കണ്ണെഴുതാനൊന്നു കണ്മഷി തിരഞ്ഞു. പക്ഷെ കണ്ടില്ല... പവിഎടുത്തത് ആവും. അവൾ ഊഹിച്ചു. അമ്മയോട് യാത്ര പറഞ്ഞു വേഗമവൾ ഇറങ്ങി. അച്ഛനാണെങ്കിൽ ഒരു ഓട്ടത്തിലായിരുന്നു അതുകൊണ്ട് അവൾ നടന്നു പോകാം എന്ന് കരുതി. 11 മണി ആകുന്നതിനു മുന്നേ ബസ്റ്റോപ്പിൽ എത്തി കാത്തുവിനെ നോക്കി നിന്നു. കുറച്ചുകഴിഞ്ഞതും, ബ്ലാക്ക് നിറമുള്ള ഒരു ഓഡിക്കാറ് വന്ന് അവളുടെ അരികിലായ് നിന്നു. പൗർണമി നോക്കിയപ്പോൾ കാത്തു ഗ്ലാസ് താഴ്ത്തി കൈ പുറത്തേക്ക് ഇട്ടു. പുഞ്ചിരിയോടെ പൗർണമി കാറിന്റെ പിൻ സീറ്റിൽ കയറിയതും പെട്ടന്ന് അവളുടെ മുഖം മങ്ങി. അലോഷിയായിരുന്നു വണ്ടി ഓടിച്ചത്.....തുടരും.........