പൗർണമി തിങ്കൾ: ഭാഗം 40

രചന: മിത്ര വിന്ദ
നിറഞ്ഞ മിഴിയോടെ നിൽക്കുകയാണ് അവളെന്ന് അറിയാമെങ്കിലും അലോഷി തിരിഞ്ഞു നോക്കിയില്ല.
ഈ നെഞ്ചിലേയ്ക്ക് വീണു,തന്നേ കെട്ടിപിടിച്ചുകൊണ്ട് കാറ്റ്പോലും കേറാത്തപോലെ അത്രമേൽ ഇറുക്കി പുണർന്നുകൊണ്ട് പറയണം,എനിക്കെന്റെ അലോഷിച്ചായനെ ജീവനാണെന്ന്… എന്റിച്ചായൻ ഇല്ലാതെ എനിക്ക് ശ്വാസമെടുക്കാൻ പോലും പറ്റില്ലാന്ന്,,
ഓർത്തുകൊണ്ട് അവൻ കസേരയിൽ ഇരുന്നു.
ഭക്ഷണം കഴിക്കാൻ വേണ്ടി വെയിറ്റ് ഇട്ടു എടുത്തുകൊണ്ട് വന്നതാണ്, പക്ഷെ അവളെ കൂടാതെ ഒരിറ്റു പോലും ഇറക്കാൻ പറ്റില്ല…
ശോ… ഇതെന്തൊരു പെണ്ണാണോ.. ഇങ്ങോട്ട് ഒന്ന് വന്നിരുന്നേങ്കിൽ..
അലോഷി എത്തി വലിഞ്ഞു നോക്കുകയാണ് അടുക്കളയിലേക്ക്..
എവിടുന്നു… അവളുടെ പൊടി പോലും കാണുന്നില്ല.
പൗർണമി…..
അലോഷി ഉറക്കെ വിളിച്ചു.
പക്ഷെ അവള് വിളി കേട്ടില്ല.
പൗർണമി…….
അവൻ വീണ്ടും വിളിച്ചു നോക്കി.
അപ്പോളേക്കും അവള് വാതിൽക്കലേയ്ക്ക് വന്നു നിന്നു..
താൻ കഴിച്ചതാണോ.
ഇത്തിരി
ഗൗരവമൊക്കെ മുഖത്ത് വരുത്തി അവൻ ചോദിച്ചു.
മറുപടിയൊന്നും പറയാതെകൊണ്ട് അവൾ പുറത്തേക്ക് മിഴികൾ പായിച്ചുകൊണ്ട് നിന്നു.
വന്നിരുന്നു കഴിയ്ക്കാൻ നോക്ക്, ഓഫീസിൽ പോകേണ്ടതല്ലേ.
ഞാൻ കഴിച്ചോളാം… ഇച്ചായന് എന്തേലും വേണോ..
അവൾ സാവധാനം ചോദിച്ചു.
എനിയ്ക്ക് വേണ്ടത് ഞാൻ എടുത്തോളാം, തത്കാലം താനിങ്ങോട്ട് വരൂ… നമ്മുക്ക് ഒരുമിച്ചു കഴിയ്ക്കാം, താല്പര്യം ഉണ്ടെകിൽ മതി കെട്ടോ.. നിർബന്ധിയ്ക്കുവാണെന്ന് ഓർക്കല്ലേ..
അലോഷി പറഞ്ഞതും പൗർണമി അവനെത്തന്നെ ഉറ്റു നോക്കി.
എന്നിട്ട് ഒന്നും പറയാതെ അടുക്കളയിലേക്ക് പിൻവാങ്ങി.
അവള് വരില്ലെന്ന് അവനറിയാരുന്ന്. എങ്കിലും അലോഷി ചെന്നിട്ട് നോക്കിയപ്പോൾ അടുക്കളയുടെ ഒരു കോണിൽ കിടന്നിരുന്ന കസേരയിലിരുന്നു വിതുമ്പകയാണ് പൗമി..
തനിക്കെന്തുപറ്റി, താൻ കരയുവാണോ പൗർണമി..
അലോഷി അരികിലേക്ക് വന്നതും അവൾ ചാടിയെഴുന്നേറ്റു.
ഈശോയെ കൺട്രോൾ കളയാനായിട്ട് ഈ പെണ്ണിന്റെ നിൽപ്പ് കണ്ടില്ലേ…
അവളെ നോക്കി അലോഷി പിറുപിറുത്തു.
എടോ,തന്റെ അടുത്ത് ഞാൻ ഇത്തിരി ഓവർ സ്മാർട്ട് ആയിട്ടുണ്ട് ശരിയാണ്,, അത് എന്റെ ഭാഗത്തെ തെറ്റ് ആണെന്ന് ഞാൻ മനസ്സിലാക്കി. തന്നെ ബുദ്ധിമുട്ടിപ്പിച്ചതിൽ ഒക്കെ എനിക്ക് കുറ്റബോധം തോന്നുന്നുണ്ട് പൗമി….. റിയലി സോറി… ഇനിമേലിൽ യാതൊന്നിന്റെയും പേരിൽ തന്നെ ഞാൻ വിഷമിപ്പിക്കത്തില്ല. പിന്നെ എനിക്ക് ഇങ്ങനെ ഒറ്റയ്ക്കിരുന്ന് ഫുഡ് കഴിക്കുന്നത് ഒക്കെ വലിയ വിഷമമുള്ള കാര്യമാണ്,അതുകൊണ്ട് ഇപ്പൊ വരാൻ നോക്ക്, നേരം പോകുന്നു. നമുക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാം..
അലോഷി ഒരു പ്ലേറ്റിലേക്ക് അവൾക്ക് കഴിക്കുവാനുള്ള പൂരിയും മുട്ടക്കറിയും കൂടി എടുത്തു.
എന്നിട്ട് അതുമായി നേരെ ഡൈനിങ് റൂമിലേക്ക് പോയി.
പൗർണമി താൻ വരുന്നില്ലേ…. ഓഫീസിൽ പോകാൻ ടൈമായി കേട്ടോ.
അലോഷി വീണ്ടും വിളിച്ചതും അവൾ മിഴികൾ അമർത്തി തുടച്ചുകൊണ്ട് അവന്റെ അരികിലേക്ക് ചെന്നു.
മുഖം കുനിച്ചിരുന്നു ഫുഡ് കഴിയ്ക്കുന്നവളെ അവൻ ഒളി കണ്ണാൽ പലപ്പോഴും നോക്കുന്നുണ്ട്.. അപ്പോഴൊക്കെ അവന്റെ ചുണ്ടിൽ അവൾക്കായി ഒരു മധുരമുള്ള പുഞ്ചിരി വിരിയുന്നുണ്ട്.
പാവം പൗർണമി അതൊന്നും അറിഞ്ഞിരുന്നില്ല.
ഒരു പ്രകാരത്തിൽ ഭക്ഷണം കഴിച്ച ശേഷം അവൾ എഴുന്നേറ്റു.
കഴിച്ച പാത്രങ്ങളൊക്കെ അടുക്കളയിൽ കൊണ്ട് ചെന്ന് ക്ലീൻ ചെയ്തു വെച്ച ശേഷം,എല്ലാം ഒന്ന് ഒതുക്കി പെറുക്കി ഇട്ടിട്ട് അവൾ വേഗം റൂമിലേക്ക് പോയി.
പെട്ടന്ന്തന്നേ റെഡി ആയിറങ്ങി വരുകയും ചെയ്തു.
അലോഷിയാണെങ്കിൽ കാത്തുനെ ഫോണിൽ വിളിച്ചുകൊണ്ട് ഹോളിൽ ഇരിപ്പുണ്ട്.
അവന്റെ ദേഹത്തു പൂശിയ പെർഫ്യൂം സുഗന്ധം…. അത് അവിടമാകെ നിറഞ്ഞു നിന്നു.
വിരിയാൻ തുടങ്ങുന്ന റോസാപൂവിന്റെ മണമാണതെന്ന് അവൾ ഓർത്തു.
പൗർണമി വന്നതും അലോഷി ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു, ഫോൺ കട്ട് ചെയ്തു പോക്കറ്റിൽ ഇട്ട ശേഷം, അവൻ സിറ്റ്ഔട്ടിലേയ്ക്ക് പോയി.
വീടിന്റെ വാതിലൊക്കെ അടച്ചു പൂട്ടി. എന്നിട്ട് നേരെ കാറിലേയ്ക്ക് കയറി.
പൗർണമി വന്നിട്ട് പിന്നിലെ ഡോർ തുറന്നപ്പോൾ അത് ലോക്ക് ആണ്.
അവൾ വീണ്ടും തിരിച്ചു നോക്കുന്നുണ്ട്. എന്നിട്ടും അലോഷി അത് unlock ആക്കിയില്ല.
പൗർണമി…. ബാക്ക് ഡോറിൽ എന്തോ മിസ്സിംഗ്.വർക്ക്‌ഷോപ്പിൽ കാണിക്കണം, ഒരു കാര്യം ചെയ്യ് താനിങ്ങോട്ട് പോരേ.ഇവിടെ ഇരുന്നോളു.
അലോഷി ഗ്ലാസ് താഴ്ത്തിയിട്ട് അവളോട് പറഞ്ഞു.
പൗർണമിയ്ക്ക് അത് കേട്ടപ്പോൾ മടി ആയിരുന്നു, പിന്നെ വേറൊരു മാർഗ്ഗവുമില്ലാതേ അവൾ അവന്റെ അരികിലേക്ക് വന്നിരുന്നു.
അലോഷിയുടെ മുഖത്തപ്പോൾ വിരിഞ്ഞ ഒരു പുഞ്ചിരി… അതിൽ അവളോടുള്ള പ്രണയത്തിന്റെ എല്ലാ ഭാവങ്ങളും വിരിഞ്ഞു നിന്നു.
സീറ്റ് ബെൽറ്റ് ഇട്ട ശേഷം അവൾ മെല്ലെയൊന്നു മുഖം തിരിച്ചു നോക്കി.
പോയേക്കാം…?
അവൻ ചോദിച്ചപ്പോൾ പൗമി തല കുലുക്കി.
ഒരു മൂളിപ്പാട്ട് ചുണ്ടിൽ തത്തികളിയ്ക്കുന്നുണ്ട്… കുറെ നേരമായിട്ട്.
കാർ ഓഡിയോ ഓൺ ആക്കിയ ശേഷം അവൻ ആ പാട്ട് പ്ലേ ചെയ്തു.
ആരൊരാൾ പുലർമഴയിൽ ആർദ്രമാം ഹൃദയവുമായ്
ആദ്യമായ് നിൻ മനസ്സിൻ ജാലകം തിരയുകയായ്
പ്രണയമൊരു തീനാളം അലിയൂ നീ ആവോളം
പീലിവിടരും നീലമുകിലേ… ഓ ഓ
രാവേറെയായിട്ടും തീരേ ഉറങ്ങാതെ
പുലരുംവരെ വരവീണയിൽ ശ്രുതിമീട്ടി ഞാൻ
ആരോ വരുന്നെന്നീ രാപ്പാടി പാടുമ്പോൾ
അഴിവാതിലിൽ മിഴിചേർത്തു ഞാൻ തളരുന്നുവോ
കാവലായ് സ്വയം നിൽക്കും ദീപമേ എരിഞ്ഞാലും
മായുവാൻ മറന്നേപോം തിങ്കളേ തെളിഞ്ഞാലും
വിളിയ്ക്കാതെ വന്ന കൂട്ടുകാരി.
ആരോരാൾ പുലർമഴയിൽ ആർദ്രമാം ഹൃദയവുമായി…
……
ആ പാട്ട് അവരെ രണ്ടാളെയും മറ്റേതോ ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.
ഓഫീസിൽ എത്തിയത് പോലും അവർ അറിഞ്ഞിരുന്നില്ല, എന്നതാണ് സത്യം.
പാർക്കിങ്ങിൽ വണ്ടി ഒതുക്കിയ ശേഷം അലോഷി മുഖം തിരിച്ചു നോക്കിയപ്പോൾ തന്റെ അരികിൽ ചുവന്നുതുടുത്തു കാശ്മീരിആപ്പിൾ പോലെ ഒരുവൾ ഇരിപ്പുണ്ടായിരുന്നു.
ഓഹ്… ഈ കവിളിൽ എന്റെ ഇരു കൈകൾകൊണ്ടും ഒന്ന് അമർത്തി പിടിക്കാൻ ഒരുപാട് മോഹം തോന്നുന്നുണ്ട് പെണ്ണെ…എന്നിട്ട് ആ അധരമങ്ങനെ നുണഞ്ഞുകൊണ്ടേയിരിക്കണം… മതിയാവോളം…..
ഇനി എന്നാണോ അതൊക്കെ…..
കൈ മുഷ്ടി ചുരുട്ടി തന്റെ നെറ്റിമേൽ ചെറുതായൊന്നു ഇടിച്ചു കൊണ്ട് അവൻ ശബ്ദമില്ലാതെ ചിരിച്ചു.
അലോഷി…. നീ ഇത്തിരി ഓവർ ആകുന്നുണ്ട് കേട്ടോ.. വേണ്ട.. അതൊരു പാവമാ… വെറുതെ അതിന്റെ മേൽ നീയ് കുതിരകേറാൻ ചെന്നേക്കരുത്, പറഞ്ഞില്ലെന്നു വേണ്ട….
ഉള്ളിന്റെയുള്ളിൽ ഇരുന്നുകൊണ്ട് അവന്റെ മനസാക്ഷി അവനു താക്കീത് നൽകി.
അലോഷിയുടെ പിന്നാലെ ഓഫീസിലേക്ക് കയറുമ്പോൾ പൗമിയുടെ മനസ്സിൽ കുറച്ചു മുന്നേ കേട്ട പാട്ടിന്റെ വരികളായിരുന്നു.
പ്രണയമൊരു തീനാളം അലിയൂ നീ ആവോളം
പീലിവിടരും നീലമുകിലേ
അവനോടുള്ള പ്രണയം ഒരു തീനാളം പോലെ അവളുടെ ഹൃദയത്തിൽ ആളിക്കത്തുകയായിരുന്നു…..തുടരും………