പൗർണമി തിങ്കൾ: ഭാഗം 43
രചന: മിത്ര വിന്ദ
അങ്ങനെ ഒരു കോഫി ഒക്കെ കുടിച്ചു ഒന്നുടോന്നു ഫ്രഷ് ആയ ശേഷമായിരുന്നു അലോഷിയും പൗർണമിയും കൂടി നാട്ടിലേക്ക് വീണ്ടും പുറപ്പെട്ടത്.
തനിക്ക് തന്റെ വല്യച്ഛനെ കാണുവാനായി ഹോസ്പിറ്റലിൽ പോണോ പൗമി?
വേണ്ട… ഞാൻ നാട്ടിലേക്ക് വരുന്ന കാര്യം തൽക്കാലം ആരെയും അറിയിക്കുന്നില്ല.
അതെന്താ..
ഒന്നും ഉണ്ടായിട്ടല്ല, അത് ശരിയാവില്ലെന്ന് തോന്നി, അതാണ്.
ഹമ്….ആരെങ്കിലും പൗമികൊച്ചിനെപറ്റി എന്തെങ്കിലും അപവാദം പറഞ്ഞുണ്ടാകുമോ എന്നോർത്താണോ..ഇപ്പൊ പറഞ്ഞാലും എനിക്ക് പ്രശ്നമൊന്നുമില്ല കേട്ടോ,.
അവൻ സ്റ്റീയറിങ്ങിൽ താളം അടിച്ചുകൊണ്ട് അവളെ നോക്കി.
ആ മുഖത്ത് ഒടുക്കത്തെ ഗൗരവം.
എന്നായാലും ഇതൊക്കെ എല്ലാവരും അറിയേണ്ടതല്ലേ, അപ്പൊപിന്നെ ഒരു ദിവസം മുന്നേ ആയാൽ അത്രയും നന്ന്..
അവൻ അവളെ ഇളക്കുവാൻ വേണ്ടി പിന്നെയും ഓരോന്ന് പറഞ്ഞു.
പക്ഷെ പൗർണമി മൗനം പാലിച്ചു.
കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും അവളുടെ ഫോണിലേക്ക് അച്ഛന്റെ കോൾ വന്നു.
പൗർണമി വേഗം കോൾ അറ്റൻഡ് ചെയ്തു.
ഹലോ അച്ഛാ…
ആഹ് മോളെ… നീ വിളിച്ചപ്പോൾ എടുക്കാൻ പറ്റിയില്ലന്നെ. ആകെ തിരക്കായിപ്പോയ്.
ഹമ്… കാര്യങ്ങളൊക്കെ ഞാനറിഞ്ഞു അച്ഛാ. വല്യച്ഛന് ഇപ്പൊ എങ്ങനെയുണ്ട്.
ഹമ്… ഇവിടെ വന്നശേഷം മാറ്റമുണ്ട്, തീരെ വയ്യാണ്ടാണ് കൊണ്ടുവന്നത്.
ആഹ് അമ്മ പറഞ്ഞു.
വല്യച്ഛൻ ഐ സി യൂവിൽ ആണോ അച്ഛാ.
അതെ മോളെ… എന്തൊക്കെയോ പരിശോധനകൾ ഒക്കെ നടത്തുന്നുണ്ട്. ഭയക്കേണ്ടതായി ഒന്നുമില്ലന്നാണ് അവരിപ്പോൾ പറഞ്ഞത്
ഓഹ് ആശ്വാസം.. അത് കേട്ടാൽ മതിയഛ…
മ്മ്.. ചുരുങ്ങിയ നേരം കൊണ്ട് ഒരുപാട് ടെൻഷനടിച്ചു, വിളിച്ച് പ്രാർത്ഥിക്കാൻ ഇനി ഒരു ദൈവങ്ങളും ബാക്കിയില്ല..എന്തായാലും ദൈവം കേട്ടല്ലോ.
ആഹ്.. അതേന്നേ, വേറെ പ്രശ്നമൊന്നുമില്ലലോ..ഞാൻ വരണോ അച്ഛാ…
ഹേയ് വേണ്ട വേണ്ട.. നീ ദൃതി വെച്ചു വരുവൊന്നും വേണ്ട..അതും ഒറ്റയ്ക്കല്ലെയൊള്ളു..
ഹമ്
..
അലോഷി പാവമാണല്ലോ അല്ലേ മോളെ..
അതേ അച്ഛാ.. പാവമാ.
അവളത് പറഞ്ഞു കൊണ്ട് അവനെയൊന്നു പാളി നോക്കി.
ആളിതൊന്നും കേൾക്കാതെയിരുന്നു ഡ്രൈവ് ചെയ്യുകയാണ്.
അച്ഛനോട് ഇത്തിരി നേരംകൂടി സംസാരിച്ച ശേഷം പൗർണമി ഫോൺ വെച്ചു
നാട്ടിലേക്ക് വരുന്ന കാര്യം ചോദിച്ചപ്പോൾ അച്ഛൻ എന്ത് പറഞ്ഞു..പോകാൻ പ്ലാൻ വല്ലതുമുണ്ടോ കൊച്ചേ?
ഇപ്പൊ ഇല്ല…എന്നോട് തിടുക്കപ്പെട്ടു വരേണ്ടന്ന് അച്ഛൻ പറഞ്ഞത്.
ഹമ്…. എന്തായാലും നമ്മളിപ്പോൾ എറണാകുളം വരെയല്ലേ പോകുന്നുള്ളൂ, അതുകൊണ്ട് സാരമില്ല, പിന്നെ നാളെ കാലത്തെ തിരിച്ചും പോരുല്ലോ..
അവൻ പറഞ്ഞപ്പോൾ പൗർണമി തലകുലുക്കി.
അലോഷി അവന്റെ ഫോണ് പൗർണമിയുടെ നേർക്ക് നീട്ടി..
എടി കൊച്ചേ നീ പപ്പയെ ഒന്ന് വിളിച്ചെ, കാത്തുന്റെ സർജറി കഴിഞ്ഞോന്നു അറിയില്ലലോ.
പോളിന്റെ നമ്പർ ആയിരുന്നു കോൾ ലിസ്റ്റിൽ ആദ്യം കിടന്നത്. അതുകൊണ്ട് പൗർണമി പെട്ടെന്ന് അതിലേക്ക് കോൾ ചെയ്തു…
കാർ ഓഡിയോ ഓൺ ആയിട്ട് കിടക്കുന്നത് കൊണ്ട് ഫോൺ റിങ്ങ് ചെയ്യുന്നത് രണ്ടാൾക്കും കേൾക്കാം.
ഹലോ അലോഷി.
പപ്പയുടെ ശബ്ദം.
ആഹ് പപ്പാ… എന്തായി കാര്യങ്ങൾ.
നടക്കുന്നെയൊള്ളു മോനേ.. ആരേം വെളിയിലേക്ക് കണ്ടില്ല.
ഒരുപാട് നേരമായില്ലേ കൊച്ചിനെ കേറ്റിയിട്ട്,,
ഹമ്.. അത് അവര് തിയേറ്ററിലേക്ക് കൊണ്ടുപോകുന്നതിനു മുന്നേ, റിക്കവറി റൂമിൽ കിടത്തിയിരിക്കുകയായിരുന്നു.
സർജറിക്ക് കയറ്റിയിട്ട്, പത്തിരുപത് മിനിറ്റിൽ താഴെ ആയുള്ളൂ മോനെ
ഓക്കേ… കഴിഞ്ഞു കഴിയുമ്പോൾ എന്നെ വിളിക്കണം കേട്ടോ പപ്പാ.
ആഹ് വിളിയ്ക്കാം.. പൗർണമി കൂടെയില്ലേ മോനേ.
ഉണ്ട്.. അവളടുത്തുണ്ട്.
ആഹ് ശരിമോനേ.. വെച്ചേക്കാം, നീ ഡ്രൈവ് ചെയ്യുവല്ലെ,,,സൂക്ഷിച്ചു വരണം കേട്ടോടാ
ഓക്കേ പപ്പാ..
കാൾ കട്ട് ആയി.
പൗമി… വിശക്കുന്നുണ്ടോടി കൊച്ചേ…
ഇല്ല.. ഇച്ചായന് വേണോങ്കിൽ കഴിച്ചോ, എനിയ്ക്ക് ഒന്നും വേണ്ട..
കുറെ ദൂരം പോകണ്ടേടി. ഫുഡ് കഴിച്ചില്ലെങ്കിൽ ശരിയാവില്ല കെട്ടോ.
ഒന്നും വേണ്ടാഞ്ഞിട്ടാ ഇച്ചായ… വിശപ്പ് തോന്നുന്നില്ല.
ജ്യൂസ് എന്തേലും വേണോ നിനക്ക്.
വേണ്ട… ഒന്നും വേണ്ട..
അവൾ അത് തന്നെ ആവർത്തിച്ചു.
നമ്മള് എപ്പോളേക്കും അവിടെയെത്തും ഇച്ചായാ..
വെളുപ്പിന് രണ്ടു മണിയെങ്കിലും ആവും കൊച്ചേ.
ശോ.. ബസിൽ പോന്നാൽ മതിയായിരുന്നു.
അതെന്താ..
എനിയ്ക്ക് ഈ കാറിൽ വന്നിട്ട് വോമിറ്റ് ചെയ്യാൻ തോന്നുന്നു.
ഫുഡ് കഴിക്കാഞ്ഞിട്ടാടി പെണ്ണേ
നോക്കട്ടെ നല്ലോരു റെസ്റ്ററെന്റിൽ കേറാം.. എന്നിട്ട് ലൈറ്റ് ആയിട്ടു എന്തേലും കഴിയ്ക്ക്..ക്ഷീണം ആയിപോയാൽ ഞാൻ ഒറ്റയ്ക്ക് പെട്ടുപോകും കേട്ടോടി..
അങ്ങനെ കുഴപ്പമൊന്നുമില്ല എനിക്ക് just തോന്നുന്നതാ…
ആഹ് ഈ തോന്നലാണ് കുറച്ചു കഴിഞ്ഞു പുറത്തേക്ക് വരുന്നത്, അപ്പോ പൂർത്തിയാകും.
അവൻ പറഞ്ഞു കഴിയും മുന്നേ പൗമി ഉറക്കെ ഒക്കാനിച്ചു.
ഈശോയെ.. പണി പാളി.
അവൻ ഉച്ചത്തിൽ പറഞ്ഞു കൊണ്ട് വണ്ടി ഒതുക്കി നിറുത്തി.
ഡോർ തുറന്നു പൗമി പുറത്തേക്ക് ഒരു ഓട്ടമായിരുന്നു.
ടി… സൂക്ഷിച്ചു പോടീ… ഇങ്ങനെ ഓടല്ലേ വണ്ടി വരുന്നതാ
അവനും പിന്നാലെയിറങ്ങി.
പൗർണമി…..
അവൻ മെല്ലെ അവളുടെ പുറത്തു തടവിയപ്പോൾ പൗമിയൊന്നു നിവർന്നു.
വെള്ളം വേണോടി കൊച്ചേ..
ഹമ്.. വേണം
അലോഷി ചോദിച്ചതും
അവൾ ദയനീയമായി പറഞ്ഞു
കാറിന്റെ ബാക്ക് ഡോർ തുറന്നു അലോഷി മിനറൽ വാട്ടറിന്റെ ബോട്ടിൽ എടുത്തതും പൗർണമി അവനെ കൊല്ലാനുള്ള ഭാവത്തിൽ നോക്കുകയായിരുന്നു…..തുടരും………